കുടുക്കയിലെ അത്ഭുത തന്ത്രികൾ

എറിഞ്ഞുതളളുന്ന ചിരട്ടകൾ കൈവേലകളിലൂടെ മനോഹരമാക്കുമ്പോൾ ചിരട്ടയെ ആരാധിക്കുന്നവരാണ്‌ വളരെയധികം പേരും. മോതിരം മുതൽ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പാകത്തിന്‌ മെനഞ്ഞെടുക്കുന്ന കൗതുകവസ്‌തുക്കൾ ഒരു സംഗീതോപകരണത്തിൽ എത്തി നിൽക്കുന്നത്‌ വളരെ കുറച്ചു ജനങ്ങൾ മാത്രമേ ശ്രദ്ധിച്ചിരിക്കാൻ വഴിയുളളൂ. ഇങ്ങനെ ചിരട്ടകൊണ്ടു നിർമ്മിച്ച ഒരു സംഗീതോപകരണത്തെ ഞാൻ നിങ്ങൾക്ക്‌ പരിചയപ്പെടുത്താം.

ചെണ്ട, തിമില, മൃദംഗം, ഓടക്കുഴൽ, ഘടം മുതലായ ഉപകരണങ്ങൾ നിർമ്മിക്കുന്നതും അല്ലെങ്കിൽ ഉപകരണങ്ങൾ കണ്ടിട്ടുളളവരുമാണ്‌ അധികം പേരും. എന്നാൽ കുടുക്കയും കുടുക്കയിൽനിന്നു നീളുന്ന അത്ഭുതതന്ത്രിയും കൂടിച്ചേർന്ന കുടുക്കവീണ കണ്ടിട്ടുളളവർ അപൂർവ്വമായിരിക്കും. ആ കുടുക്കവീണയുടെ ഒരു ലഘുവിവരണം. കേരളത്തിൽ ശതാബ്‌ദങ്ങൾക്ക്‌ മുൻപ്‌ നിലവിലിരുന്നതും എന്നാൽ ഇടക്കാലത്തിൽ മൺമറഞ്ഞുപോയതുമായ ഒരു സംഗീതോപകരണമാണ്‌ ‘കുടുക്കവീണ’. ഷട്‌കാലഗോവിന്ദമാരാർ മുതലായ അപൂർവ്വപ്രതിഭകളുടെ സംഗമസ്ഥാനമായ രാമമംഗലത്ത്‌ അവരുടെ കാലം മുതൽ ഉപയോഗിച്ചിരുന്നതുമായ ഒരു സംഗീതോപകരണമാണ്‌ ‘കുടുക്കവീണ’. ഏകദേശം 15 വർഷം മുൻപാണ്‌ ഈ ഉപകരണത്തിന്‌ പുനർജൻമമുണ്ടായത്‌. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിൽ ജോലിനോക്കുന്ന ‘ഊരമന രാജേന്ദ്രൻ’ കീഴില്ലം മഹാദേവക്ഷേത്രത്തിൽവച്ച്‌ ഈ ഉപകരണം പണിയുന്നത്‌ ഞാൻ കാണുകയുണ്ടായി. ഊരമന രാജേന്ദ്രന്റെ ക്ഷേത്രവാദ്യകലാരംഗത്തെ പാടവം അസാദ്ധ്യം തന്നെ. കൂടാതെ കഥകളിയിലെ ചെണ്ടകൊട്ടും ഇദ്ദേഹം വശമാക്കിയിട്ടുണ്ട്‌. കരകൗശലവസ്‌തുക്കളിൽ ഊരമന രാജേന്ദ്രന്റെ കഴിവിനെ വാക്കുകൊണ്ട്‌ പ്രശംസിച്ച്‌ ഒതുക്കേണ്ടതില്ല.

കുടുക്കവീണ പുനർജനിക്കാനുണ്ടായ സാഹചര്യവും കുടുക്കവീണയുടെ നിർമ്മാണരീതികളും ഈ ഉപകരണം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും ചെറിയ ഒരു വിശദീകരണം തരാം. ശ്രീ രാജേന്ദ്രൻ വടക്കേടത്ത്‌ അപ്പുമാരാരുടെ അടുത്ത്‌ സോപാനസംഗീതത്തെക്കുറിച്ച്‌ പറഞ്ഞുകൊടുത്ത കൂട്ടത്തിൽ ഈ ഉപകരണത്തെക്കുറിച്ച്‌ പറയുകയുണ്ടായി. ഉപകരണത്തിന്റെ പേരു മനസ്സിലാക്കിയ രാജേന്ദ്രൻ തൃക്കാമ്പുറം കൃഷ്‌ണൻകുട്ടിമാരാരുടെ അടുത്തുചെന്ന്‌ ഇതിനെക്കുറിച്ച്‌ ചോദിക്കുകയും തുടർന്ന്‌ പണിയുകയുമാണുണ്ടായത്‌.

കുടുക്കവീണയുടെ നിർമ്മാണംഃ ഒരു തേങ്ങയുടെ കണ്ണുതുളച്ച്‌ തേങ്ങ മുഴുവനും കുത്തിക്കളയുക. കുടുക്ക വൃത്തിയായികഴുകിയെടുക്കുക. കണ്ണിന്റെ നേരെ എതിർവശത്തായി ഒരു തുളകൂടി തുളയ്‌ക്കുക. തേങ്ങയുടെ കണ്ണിന്റെ ഭാഗത്തുകൂടി കടത്തി എതിർവശത്തെ തുളയുടെ പുറത്ത്‌ തളളിനിൽക്കാൻ പാകത്തിന്‌ ഒരു ‘കൊരട്‌’ (കോലിൽ പണിതെടുക്കുന്നത്‌)ഇടുക. കുടുക്കയുടെ മദ്ധ്യത്തിലായി ഒരു ചെറിയ സുഷിരം ഇടുക. ഈ സുഷിരത്തിൽകൂടി ഒരുകമ്പി (വീണ, വയലിൻ, തംബുരു മുതലായ ഏതിന്റെയെങ്കിലും കമ്പി) കടത്തി ആ കമ്പി കൊരടിൽ കെട്ടിയുറപ്പിച്ച്‌ വയ്‌ക്കുക. ഒരു ചിരട്ടയെടുത്ത്‌ അതിന്റെ വായ്‌ഭാഗം തോലുകൊണ്ട്‌ പൊതിയുക. തോലിന്റെ മദ്ധ്യത്തിലായി ഒരു ചെറിയ സുഷിരം ഇടുക. അതിലൂടെ കമ്പിയുടെ മറ്റേഅറ്റം കടത്തി ഉറപ്പിക്കുക. ചിരട്ടയുടെ പുറകുവശത്ത്‌ നാട പിടിപ്പിക്കുക. ഇത്രയുമാണ്‌ കുടുക്കവീണയുടെ നിർമ്മാണം.

കുടുക്കവീണയുടെ കൈകാര്യരീതിഃ നാട ഇടത്തുതോളത്ത്‌ ഇടുക. കുടുക്കയിലെ കൊരടിൽ പിടിച്ച്‌ കമ്പിയുടെ വലിവ്‌ ശരിയാക്കുക. ഒരു കമ്പി മാത്രമുളളതുകൊണ്ട്‌ സ്വരസ്ഥാനങ്ങൾ നിർണ്ണയിക്കുന്നത്‌ ഏറെ ബുദ്ധിമുട്ടുളള ഒരു ഉപകരണമാണ്‌. സാധാരണയായി വീണയുടെ കമ്പിയാണ്‌ ഉപയോഗിക്കാറ്‌. ഈ കമ്പിയിൽ ഈർക്കിലികൊണ്ടാണ്‌ കെട്ടുന്നത്‌. ഇടയ്‌ക്കയിൽ സ്വരസ്ഥാനങ്ങൾ വരുത്തുന്നതുപോലെ ഇടത്തുകൈയിൽ ആണ്‌ (കൈ പൊക്കുകയും താഴ്‌ത്തുകയും) ഇതിന്റെയും സംഗീതവായന ക്രമീകരണം.

Generated from archived content: kaivela_apr10.html Author: keezhillam_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here