തെക്കൻപാട്ടുകളുടെ പ്രസിദ്ധീകരണരംഗത്ത് പ്രാതഃസ്‌മരണീയനായ വ്യക്തിയാണ് ശ്രീ. കാഞ്ഞിരംകുളം കൊച്ചുകൃഷ്‌ണൻനാടാർ. നാടൻ സാഹിത്യത്തിനും നാടൻകലകൾക്കും ഏതാണ്ടൊരു പാതിത്യം കല്പിച്ചിരുന്ന കാലഘട്ടത്തിലാണ് ശ്രീ. നാടാർ ഈ രംഗത്തു പ്രവർത്തിച്ചത്. തെക്കൻപാട്ടുകൾ മൂന്നെണ്ണം അദ്ദേഹം പ്രസിദ്ധീകരിച്ചതിൽ മൂന്നാമത്തേനായ ഇരിവിക്കുട്ടിപ്പിളളപ്പോരിന്റെ ഒന്നാം പതിപ്പ് 1945 ൽ പ്രസിദ്ധപ്പെടുത്തി. തെക്കൻപാട്ടുകളുടെ ഈറ്റില്ലത്തിനുപുറത്തു പ്രചരിച്ചതും ഇതുമാത്രം. ഇൻഡ്യ സ്വതന്ത്രയാകുന്നതിനു തൊട്ടുമുമ്പുളള ഏകദേശം ഒരു നൂറ്റാണ്ടോളം കാലം ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിക്കുകയും പാശ്ചാത്യസാഹിത്യവും അതിന്റെ അനുകരണവും മാത്രമേ കൊളളാവുന്നതായി കണക്കാക്കേണ്ടതുളളൂ എന്ന മനോഭാവം വളരുകയും ചെയ്‌തു. ഇംഗ്ലീഷ് സാഹിത്യവും യൂറോപ്പിന്റെ ദേശചരിത്രവും പഠിച്ചവരാണ് ഇൻഡ്യയിൽ സ്വാതന്ത്രബോധത്തിനു തിരികൊളുത്തിയതെന്ന വസ്‌തുത മറക്കുന്നില്ല. എന്നാൽ പുതുമാതിരി അറിവിന്റെ സാമീപ്യത്തിൽ പുതുമാതിരി കഥകൾക്കാണ് ‘മാർക്കറ്റ്’ ലഭിച്ചത്.
ആ സാഹചര്യത്തിൽ നാടൻസാഹിത്യത്തിന്റെ, അതിലൂടെ അനാവൃതമാകുന്ന ദേശസംസ്‌കാരത്തിന്റെ പ്രചാരം അത്യാവശ്യമെന്നു മനസ്സിലാക്കിയത് ശ്രീ നാടാരുടെ പ്രവർത്തനത്തിനു മഹത്വം വർദ്ധിപ്പിക്കുന്നു.
തലമുറകളിലൂടെ പാടിപ്പകർന്നുവന്ന പാട്ടുകൾക്ക് ഒന്നുരണ്ടു ശതകങ്ങൾക്കുളളിൽ പാഠഭേദങ്ങൾ കണക്കില്ലാതെ ഉണ്ടായിട്ടുണ്ട്. ഈ പാട്ടുകൾ ഗ്രാമങ്ങളിൽ നിന്നു ഗ്രാമങ്ങളിലേക്കു കടന്നത്, വാക്കുകളിൽ മാത്രമല്ല അപൂർവ്വമായെങ്കിലും ആശയങ്ങളിലും മാറ്റത്തോടുകൂടിയാണ്. ഇത്തരം പാഠങ്ങൾ താളിയോലകളിൽ എഴുതി സൂക്ഷിച്ചതു കണ്ടെത്തി അവയിൽ സമീചീനമായ പാഠം സ്വീകരിക്കുന്ന ശ്രമകരമായ കാര്യത്തിൽ പരമാവധി വിജയമാണു ശ്രീ നാടാർ നേടിയതെന്നു തീർത്തു പറയാം. പില്‌കാലത്തു പ്രസിദ്ധീകൃതമായ “ഇരവിക്കുട്ടിപിളളപോരു”കൾ തന്നെ, തെക്കൻപാട്ടുകൾ മനസ്സിലാക്കാൻ കൊച്ചുകൃഷ്‌ണൻനാടാർക്കുണ്ടായിരുന്ന കഴിവ് പില്‌കാല ഗവേഷകർക്കു ലഭിച്ചില്ല എന്നാണു തെളിയിക്കുന്നത്. ഗവേഷണവും പഠനവും നടത്തിയ പലരും തെരഞ്ഞെടുത്ത പാഠങ്ങൾ പാട്ടിനു ജീവൻ കൊടുത്ത സമൂഹത്തോടു നീതിപുലർത്തുന്നതല്ല. ആ കാലഘട്ടത്തെ മനസ്സിൽ കണ്ടുകൊണ്ട് ഉചിതമായ പാഠങ്ങൾ മാത്രം സ്വീകരിക്കുകയാണ് കൊച്ചുകൃഷ്‌ണൻ നാടാർ ചെയ്‌തത്.
ചാമുണ്ഡികഥയും മതിലകത്തുകഥയും ഇരവിക്കുട്ടിപ്പിളളപ്പോരു പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ശ്രീ. നാടാർ തന്നെ പ്രസിദ്ധപ്പെടുത്തി.
ചണ്ഡമുണ്ഡൻമാരെ നശിപ്പിച്ച ചാമുണ്ഡിയുടെ കഥയും ശ്രീ പത്മനാഭപ്പെരുമാളിന്റെ ഉത്ഭവവും അപദാനങ്ങളും പാടുന്ന മതിലകത്തു കഥയും, ദേവകഥകളാണ്. ഇരിവിക്കുട്ടിപ്പിളളപ്പോര് ചരിത്രകഥാഗാനവും.
ഇരവിക്കുട്ടിപ്പിളളപ്പോരിന്റെ മുഖവുരയിൽ നാടാർ തന്നെ പറയുന്നുണ്ട്. “വടക്കൻ പാട്ടുകളെക്കാൾ തെക്കൻ പാട്ടുകൾക്കുളള പ്രാധാന്യം മർമ്മശാസ്‌ത്രം, വൈദ്യശാസ്‌ത്രം, രേഖാശാസ്‌ത്രം മുതലായ ശാസ്‌ത്രഗ്രന്ഥങ്ങൾ ഗാനരൂപത്തിൽ രചിച്ചിട്ടുണ്ടെന്നുളളതാണ്” എന്ന്. പക്ഷെ ശാസ്‌ത്രശാഖയിലെ കൃതികൾ ഇനിയും വെളിച്ചം കണ്ടിട്ടില്ല. കാരണം അവയുടെ താളിയോലഗ്രന്ഥങ്ങൾ കൈവശമുളളവർ അതുപുറത്തു കാണിക്കില്ല. മതപരമായ ഗാനങ്ങളുടെയും ഗതി ഇതുതന്നെയായിരുന്നു. അത്തരം കടും പിടുത്തക്കാരെ, കൃതികൾ പ്രസിദ്ധീകരിക്കേണ്ട ആവശ്യം പറഞ്ഞു മനസ്സിലാക്കി വിലപ്പെട്ട താളിയോലകൾ സർവ്വകലാശാലയിൽ എത്തിച്ചതും കൊച്ചുകൃഷ്‌ണൻനാടാരാണ്. നീലികഥ, ശാസ്‌താംകഥ, മൂവോട്ടുമല്ലൻ, കേരളവർമ്മരുടെ കഥ, തുടങ്ങി ഇരുപതോളം പാട്ടുകളുടെ താളിയോലകൾ അദ്ദേഹം സമാഹരിച്ച് സർവ്വകലാശാലയെ ഏല്പിച്ചിട്ടുണ്ട്. ഡോക്‌ടർ പി.കെ. നാരായണപിളള, കേരളസർവ്വകലാശാല മലയാളവിഭാഗം അധ്യക്ഷനായിരുന്നപ്പോൾ തെക്കൻ പാട്ടുകൾ പ്രസിദ്ധീകരിക്കുന്നതിനു തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് ഈ ഓലകൾ വാങ്ങിയത്. അന്നു കൊച്ചുകൃഷ്‌ണൻ നാടാരുടെ ഉത്സാഹത്താൽ പത്മനാഭൻനാടാരെന്ന പാട്ടുകാരൻ സർവകലാശാലാ മലയാളവിഭാഗത്തിൽ വന്ന് തെക്കൻ പാട്ടുകളിൽ പലതും പാടിക്കേൾപ്പിച്ചതും ഇത്തരുണത്തിൽ സ്‌മരണീയമാണ്.
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തിലും പൂവാറിനും ഇടയ്‌ക്കുളള കാഞ്ഞിരംകുളത്തു നെല്ലിക്കാക്കുഴിയിലുണ്ടായിരുന്ന ദേശാഭിവർദ്ധിനി പബ്ലിഷിംഗ് ഹൗസിലൂടെയാണ് നാടാർ പാട്ടുകൾ പ്രസിദ്ധപ്പെടുത്തിയത്. പ്രസിദ്ധീകരണാലയവും കൊച്ചുകൃഷ്‌ണൻ നാടാരും കാലയവനികയിൽ മറഞ്ഞെങ്കിലും പാട്ടുകൾ സ്‌മാരകങ്ങളായി തീർന്നിരിക്കുന്നു.
Generated from archived content: nadan_may28.html Author: kbm_hussain