സാംബവരുടെ കളമെഴുത്ത്‌ രീതി

പറയ സമുദായങ്ങൾക്കിടയിൽ ഏതൊരു ചടങ്ങിനും ‘കളമെഴുത്ത്‌’ ഒഴിച്ചുകൂടാനാവാത്തതാണ്‌. അത്‌ അവരുടെ അനുഷ്‌ഠാനകലകൾ മുതൽ ‘പേരിടൽച്ചടങ്ങ്‌’ തുടങ്ങിയ കുടുംബപരമായ ആചാരങ്ങൾവരെ ഈ കളമെഴുത്തുമായി ബന്ധപ്പെട്ടുകിടക്കുന്നു. കളങ്ങളെ പ്രാധാന്യമനുസരിച്ച്‌ 5,9,12,16,64 എന്നിങ്ങനെ തരം തിരിക്കുന്നു. അമ്മദൈവസങ്കല്പങ്ങളായ കാളിരൂപങ്ങൾക്കു മാത്രമാണ്‌ 64 കളം എഴുതുക. ബാക്കിയുളളവ പൂജാകർമ്മങ്ങളുടെയും ആട്ടങ്ങളുടെയും പ്രാധാന്യമനുസരിച്ചായിരിക്കും. കളങ്ങൾ കൂടുതലും ചതുരത്തിൽ ആണ്‌. ‘മലവാഴി’ എന്ന അനുഷ്‌ഠാനമൂർത്തിക്കാണ്‌ വട്ടനെ കളമെഴുതുന്നത്‌. ഓരോരുത്തരും ദേവിയെ നമസ്‌കരിച്ച്‌ ഒരു നുളള്‌ അരിപ്പൊടി കളത്തിന്റെ മദ്ധ്യത്തിൽ ഇടും. അതിനുശേഷമാണ്‌ മലവാഴിക്കുളള കളമെഴുത്ത്‌. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണിത്‌. ഇതിൽ സ്‌ത്രീകളുടെ പ്രാതിനിധ്യവും ശ്രദ്ധേയമാണ്‌.

കൃഷ്‌ണപ്പൊടി, അരിപ്പൊടി, മഞ്ഞൾപ്പൊടി, തവിട്‌ എന്നിവയാണ്‌ കളത്തിനുളള കൂട്ടുകൾ. തെങ്ങിൻ മടലിന്റെ പുറംഭാഗത്തുനിന്നും ഒരു കൈനീളത്തിൽ ചീകിയെടുത്ത്‌ മിനുസപ്പെടുത്തിയ ചെറിയ വടിയാണ്‌ കളത്തിന്‌ മാനദണ്‌ഡമായി ഉപയോഗിക്കുക. ഇതിനെ ‘പദ്‌മക്കോൽ’ എന്ന്‌ പറയും (പദ്‌മം = കളം). ആദ്യം കളത്തിന്റെ മൊത്തം അളവ്‌ ഏകദേശം കണക്കാക്കി ഉമിക്കരി വിതറും. ഇതാണ്‌ കളത്തിന്റെ പ്രതലം. ‘പദ്‌മക്കോലി’നു മീതെ അരിപ്പൊടിയിട്ട്‌ പതുക്കെ കളത്തിൽവച്ച്‌ കോലിനുമീതെ ചൂണ്ടുവിരൽകൊണ്ട്‌ വരയ്‌ക്കും. അപ്പോൾ ഓരോ വരയും ഇരട്ടവര പോലിരിക്കും. കളത്തിന്റെ ആദ്യരൂപം കഴിഞ്ഞാൽ കുത്തനെയുളള ഇരട്ടവരകൾക്കിടയിൽ മഞ്ഞൾപ്പൊടിയും വിലങ്ങനെയുളളവയിൽ തവിടും വിതറും.

കളത്തിലെ ഓരോ ചെറിയ ചതുരത്തിലും വാഴയിലയിൽനിന്ന്‌ ചെറിയ ചതുരങ്ങൾ വെട്ടിവയ്‌ക്കും. ഇതിനെ ‘നറുക്ക്‌’ എന്നു പറയും. ഈ നറുക്കുകളിൽ രണ്ടോ മൂന്നോ മണി അരിവിതറും. കളത്തിനു സമീപം കളള്‌, കോഴി, കണ്ണിയപ്പം (അരിപ്പൊടിയിൽ ഒരു കൂട്ടുമില്ലാതെ ഉണ്ടാക്കുന്നത്‌) തുടങ്ങിയ നിവേദ്യങ്ങളും ‘കുരുതി’യും വയ്‌ക്കും. (ചുണ്ണാമ്പും മഞ്ഞൾപ്പൊടിയും കലക്കിയ വെളളമാണ്‌ ‘കുരുതി’. ഇത്‌ കോഴിച്ചോരയ്‌ക്ക്‌ പകരമായി ഉപയോഗിക്കുന്നു.) ചടങ്ങുകൾ കഴിഞ്ഞാൽ ഈ കുരുതി ചെരിച്ചുകളഞ്ഞാണ്‌ കളം മായ്‌ക്കുക. 64 കളമാണെങ്കിൽ ആടുന്ന ദേവീരൂപം കളത്തിൽ ഉറഞ്ഞുതുളളിയാണ്‌ കളംമായ്‌ക്കൽ. സാംബവർക്കിടയിൽ ഉമിക്കരിയുടെ പ്രതലത്തിലല്ലാതെ ‘നാക്കില’യിലും കളമെഴുതുന്ന സമ്പ്രദായമുണ്ട്‌. കുട്ടികളുടെ പേരിടലിനും, രോഗം പിടിപെട്ടാലും നാക്കിലവാട്ടി (തീടിൽ ചൂടാക്കുക) അതിൽ നക്ഷത്ര രൂപത്തിലോ വട്ടനെയോ കളമെഴുതാറുണ്ട്‌. ‘നാക്കിലക്കള’ത്തിൽ തിരി കത്തിച്ച്‌ കർമ്മി ‘കാള്യേക്ക്‌’ (മന്ത്രം) ചൊല്ലി ഉഴിയും. അതുകഴിഞ്ഞ്‌ കത്തുന്ന തിരിയോടെ നാക്കില ചുരുട്ടി മടക്കി വീടിന്റെ വടക്കുവശത്ത്‌ നീക്കം ചെയ്യും. എല്ലാ ദുർഘടങ്ങളും ഈ ഉഴിച്ചിലിലൂടെ ആവാഹിച്ചെടുത്തുവെന്നാണ്‌ വിശ്വാസം. ഇതിനെ ‘ഉഴിഞ്ഞുമടക്കൽ’ എന്നാണ്‌ പറയുക. പണ്ടുകാലങ്ങളിൽ ചെറിയ പനിയോ മറ്റോ പിടിപെട്ടാൽപ്പോലും നാടൻ മന്ത്രവാദികളെ വിളിച്ചുവരുത്തി നാക്കിലയിൽ കളമെഴുതി ഇങ്ങനെയുളള ‘ഉഴിഞ്ഞു മടക്കൽ’ നടത്താറുണ്ടത്രേ. ഇന്നും അത്‌ തുടർന്നുപോരുന്ന പ്രദേശങ്ങളുണ്ട്‌.

പറഞ്ഞുതന്നത്‌ ഃ അയ്യപ്പുണ്ണി വെളിച്ചപ്പാട്‌, പുന്നൂക്കാവ്‌.

Generated from archived content: kalam1_jan23_07.html Author: kallur_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here