ഭദ്രകാളിക്കളം

ഗ്രാമങ്ങുടെയും തറവാടുകളുടെയും ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി ഭദ്രകാളിയെ കുടിയിരുത്തിയ ക്ഷേത്രങ്ങളിലും കാവുകളിലും പരദേവതയെവച്ച്‌ പൂജിക്കുന്ന തറവാടുകളിലും നാഗക്കളം, ഭദ്രകാളിക്കളം, ഭൂതത്താൻകളം, കളംപാട്ട്‌, കലശം മുതലായവ നടത്തുന്നു. കാളീക്ഷേത്രങ്ങളിൽ മുടിയേറ്റിനോടനുബന്ധിച്ചും കളമെഴുത്തും പാട്ടും നടത്തുന്നു. ചിലർ വഴിപാടായി കളമെഴുത്തും പാട്ടും നടത്താറുണ്ട്‌.

ഭദ്രകാളിക്ഷേത്രങ്ങളിൽ മാരാൻമാരും കുറുപ്പൻമാരുമാണ്‌ കളം കുറിക്കുന്നത്‌. എന്നാൽ പരദേവതയെ വച്ചുപൂജിക്കുന്ന തറവാടുകളിലും കൊട്ടിലുകളിലും കാവുകളിലും കുറവൻ, വേലൻ, പുളളുവൻ എന്നിവർ കളമെഴുത്തും പാട്ടും നടത്തിവരുന്നു. ചില ദേശങ്ങളിൽ ഏഴുദിവസംവരെ നീണ്ടുനിൽക്കുന്ന കളമെഴുത്തും പാട്ടും നടത്താറുണ്ട്‌. ചില പ്രത്യേകമാസങ്ങളിലാണ്‌ പല കാവുകളിലും കളമെഴുത്ത്‌ നടക്കുന്നത്‌. വൃശ്ചികമാസത്തിലാണ്‌ മാള മേക്കാട്‌ സർപ്പം അണിയൽ. എറണാകുളം ജില്ലയിലെ അമ്മണം തറവാട്ടിൽ ധനുമാസത്തിൽ കളമെഴുത്തും പാട്ടും നടത്തിവരുന്നു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം ശങ്കുളങ്ങരക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന കളവും തീയാട്ടും നടത്തുന്നു. കുഴൂർ ദേശത്തെ തലയാക്കുളം ഭഗവതിക്കാവിലെ മുടിയേറ്റും കളമെഴുത്തുംപാട്ടും കുംഭമാസത്തിലാണ്‌ നടക്കുന്നത്‌. കൊരട്ടിദേശത്തെ വാരണാട്ടു കുറുപ്പൻമാർക്കാണ്‌ ഇവിടെ കളമെഴുത്തിനവകാശം. മീനമാസത്തിൽ വേലൂർ കുട്ടംകുളംകോട്ടയിൽ നാഗക്കാവിൽ പതിന്നാല്‌ ദിവസം നീണ്ടുനിൽക്കുന്ന ഭഗവതിപ്പാട്ടും നാഗക്കളവും നടത്താറുണ്ട്‌. 121 നാഗങ്ങളുടെ കളമെഴുതി നടത്തുന്നതാണ്‌ നാഗക്കളം. ഭൂതത്താൻകളവും തേരേറ്റി കൊട്ടിയിരുത്തുക എന്ന ചടങ്ങും അവിടെ നടത്തുന്നു.

കളമെഴുത്ത്‌ എന്ന്‌ എങ്ങനെ തുടങ്ങി എന്നതിന്‌ വ്യക്തമായ രേഖകളില്ല. കളമെഴുത്തിനെ സംബന്ധിച്ച ഒരു ഐതിഹ്യം ഇങ്ങനെയാണ്‌. ദാരികന്റെ സംഹാരത്തിനായി ശിവന്റെ തൃക്കണ്ണിൽനിന്ന്‌ കാളി രൂപമെടുത്തു. സർവ്വകഴിവുകളുമുളള ദാരികനെ വധിക്കണമെങ്കിൽ ദാരികന്റെ ചോരകുടിക്കണം. അതിനായി രൂപമെടുത്ത ശ്യാമവർണ്ണരൂപിണി ദാരികന്റെ തലയറുത്ത്‌ നിണംനുകർന്ന്‌ സംഹാരനൃത്തമാടുന്നു. ഇതുകണ്ട ത്രിമൂർത്തികളും ദേവൻമാരും ഭയന്നു വിറയ്‌ക്കുന്നു. കാളിയുടെ കോപം ശമിപ്പിക്കാൻ ശിവൻ തന്റെ ആശ്രിതനോട്‌ രൂപം കണ്ടെത്താൻ ആവശ്യപ്പെട്ടതനുസരിച്ച്‌ ആശ്രിതൻ പഞ്ചവർണ്ണപ്പൊടികളാൽ സർവ്വായുധഭൂഷണയായി താണ്‌ഡവമാടുന്ന കാളിയുടെ രൂപം കുറിക്കുന്നു. ഈ കളം ദേവകൾ കാളിയുടെ ശ്രദ്ധയിൽ പെടുത്തുന്നു. സംഹാരരൂപിണിയായ തന്റെ പ്രതിച്ഛായ കണ്ട്‌ കാളി അത്ഭുതപ്പെടുകയും കോപം അടക്കുകയും ചെയ്യുന്നു. എല്ലാ ദോഷങ്ങളും തീർന്ന സർവ്വൈശ്വര്യവും ഉണ്ടാകുന്നതിന്‌ ഇത്‌ ഒരു ചടങ്ങായി കാളിപ്രീതിയ്‌ക്കായി തുടർന്നുപോരുന്നു. കളം കുറിച്ചതുകൊണ്ടാണ്‌ കുറുപ്പൻമാർ എന്നു പേരുകിട്ടിയതെന്നും വിശ്വാസമുണ്ട്‌.

ഭഗവതിക്കാവിലെ കളമെഴുത്ത്‌ രീതികൾ ഃ പന്തലലങ്കാരത്തോടെ കളമെഴുത്തിനുളള ചടങ്ങുകൾ ആരംഭിക്കുന്നു. കുരുത്തോല, ആലില, മാവില, കവുങ്ങിൻപൂക്കുല എന്നിവകൊണ്ട്‌ പാട്ടമ്പലം അലങ്കരിക്കുന്നു. ഗണം തിരിച്ച്‌ കയറുപാവി അതിൽ പതിനെട്ടുമുഴം നീളമുളള പട്ട്‌ കൂറയായി അതിനുമുകളിൽ വിരിക്കുന്നു. അലക്കിയ വെളളമുണ്ടും കൂറയായി ഉപയോഗിക്കുന്നുണ്ട്‌. അതിനുശേഷം ഗണപതിക്ക്‌ വിളക്കുകത്തിച്ച്‌ അതിനടുത്ത്‌ നിറയും വയ്‌ക്കുന്നു. ഇടങ്ങഴി നെല്ല്‌, നാഴിയരി, നാളികേരം, ശർക്കര, അവിൽ, മലർ, കദളിപ്പഴം, നിലവിളക്ക്‌, വെറ്റില, അടയ്‌ക്ക, പണം എന്നിവ അടങ്ങിയതാണ്‌ നിറ. ഇതിനടുത്തായി ഷഡ്‌കോണപദ്‌മമിടുന്നു. ഇതിൽ സർവ്വദേവീദേവൻമാരുടേയും സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ്‌ പറയുന്നത്‌. പിന്നെ ശംഖുവിളിച്ച്‌ വലംതലകൊട്ടി കൊട്ടിയറിയിപ്പാണ്‌. ഇതോടെ കളമെഴുത്ത്‌ തുടങ്ങുന്നു.

കുറുപ്പിന്റെ ഭാവനയ്‌ക്കനുസരിച്ച്‌ രൗദ്രരൂപിണിയായ കാളിയുടെ രൂപം വരച്ചു തുടങ്ങുന്നു. കളത്തിനു കുറുകെ അരിപ്പൊടികൊണ്ട്‌ ഒരു വര വരയ്‌ക്കുന്നു. കറുത്തപൊടി കൊണ്ട്‌ കളത്തറ വരച്ചതിനുശേഷം മുകളിൽ മറ്റു വർണ്ണങ്ങളുപയോഗിച്ച്‌ കാല്‌, മെയ്യ്‌, മാറ്‌, കൈയ്‌ എന്നിവ വരയ്‌ക്കുന്നു. കൈകൾ വരയ്‌ക്കുന്നതിന്‌ പ്രത്യേകതകൾ ഏറെയാണ്‌. 4,8,16,32,64,128 എന്നീ ക്രമത്തിലാണ്‌ കൈകൾ വരയ്‌ക്കുന്നത്‌. ഇരുവശത്തെ കൈകളിലെ ആയുധങ്ങൾക്കുമുണ്ട്‌ പ്രത്യേകത. ഒരു വശത്തെ കൈകളിൽ ദാരികന്റെ തല, വട്ടക, പാമ്പ്‌, കയറ്‌, താമര, ഗ്രന്ഥക്കെട്ട്‌ തുടങ്ങിയ മൂർച്ചയില്ലാത്ത വസ്തുക്കൾ പിടിക്കുമ്പോൾ മറുവശത്ത്‌ വാൾ, ശൂലം, തുടങ്ങിയ മൂർച്ചയുളള ആയുധങ്ങളാണ്‌ പിടിക്കുന്നത്‌. കളമെഴുത്തിൽ അവസാനമാണ്‌ മുഖത്തിന്റെ രൂപം പൂർത്തിയാക്കുക. ഏറ്റവും ഒടുവിലത്തെ ചടങ്ങാണ്‌ ‘മിഴിയിടൽ’.

പച്ചപ്പൊടി, കരിപ്പൊടി, അരിപ്പൊടി, മഞ്ഞപ്പൊടി, ചുവന്നപ്പൊടി എന്നീ വർണ്ണങ്ങളാണ്‌ കളമെഴുത്തിന്‌ ഉപയോഗിക്കുന്നത്‌. കുന്നിവാകയുടെ ഇലപൊടിച്ച്‌ പച്ചയ്‌ക്കും ഉമികരിച്ച്‌ കറുപ്പിനും ഉണക്കലരിപൊടിച്ച്‌ വെളുപ്പിനും ഉപയോഗിക്കുന്നു. മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്താണ്‌ ചുവപ്പ്‌ ഉണ്ടാക്കുന്നത്‌. മഞ്ഞപ്പൊടി സ്വർണ്ണത്തേയും ചുവപ്പുപൊടി ചെമ്പിനെയും അരിപ്പൊടി വെളളിയേയും ഉമിക്കരിപ്പൊടി ഇരുമ്പിനെയും സൂചിപ്പിക്കുന്നു. പിന്നെ ഒരുക്കുപണികൾ തുടങ്ങുന്നു. കളത്തിന്‌ ചുറ്റുമായി നിറ വയ്‌ക്കുന്നു. വലതുഭാഗത്തെ ഒരു നിറ മാറ്റുപീഠമാണ്‌. ഇവിടെ ഇരുന്നാണ്‌ തന്ത്രി പൂജകൾ ചെയ്യുന്നത്‌. ആവണപ്പലകയിൽ അലക്കിയ മുണ്ട്‌ നിറയോടൊപ്പം വച്ചതാണ്‌ മാറ്റുപീഠം. ചിലദേശങ്ങളിൽ മാറ്റുപീഠം തലവശത്തുവയ്‌ക്കുന്ന പതിവുണ്ട്‌. ചിലയിടത്ത്‌ പീഠത്തിൽവാൾ വയ്‌ക്കും. പിന്നീട്‌ തന്ത്രി പൂജ ചെയ്യുന്നു. പൂജയ്‌ക്കുശേഷം തിരിയുഴിച്ചിലാണ്‌. കളമെഴുതിയ കുറുപ്പാണ്‌ ഇതുചെയ്യുന്നത്‌. താലത്തിൽ ദീപംതെളിച്ച്‌ കാൽ, തല, സോപാനം എന്നിവിടങ്ങളിൽ മൂന്നു പ്രാവശ്യം ഉഴിയുന്നു. പിന്നെ ഉടമസ്ഥൻ വന്ന്‌ ദക്ഷിണവച്ച്‌ കളം കൈയ്യേൽക്കുന്നു. കളം കൈയ്യേറ്റു കഴിഞ്ഞാൽ കളംപാട്ട്‌ തുടങ്ങുന്നു. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ സഹായത്തോടെ ത്രിപുടതാളത്തിൽ പാടുന്നു. പന്തലലങ്കാരത്തിൽ തുടങ്ങുന്ന പാട്ട്‌ ഭഗവതിയുടെ കേശാദിപാദവും പാദാദികേശവും വർണ്ണിക്കുന്നു.

ഭദ്രകാളി, അയ്യപ്പൻ, വേട്ടയ്‌ക്കൊരുമകൻ, അന്തിമഹാകാളൻ, ത്രിപുരാന്തകൻ, ആരിയനമ്പി, അസുര മഹാകാളൻ, ബ്രഹ്‌മരക്ഷസ്‌, തിരുവളയനാട്ട്‌ ഭഗവതി, കുറ്റിപ്പുറത്ത്‌ ഭഗവതി, ക്ഷേത്രപാലകൻ, വീരഭദ്രൻ, കുരുമകൻ, അന്തിമലയാരൻ, കുരുതിരാമൻ, എരിഞ്ഞിപുരാന്തകൻ, നീലവട്ടാരി, ഭ്രാന്തമഹാകാളൻ എന്നീ പതിനെട്ട്‌ ശൈവമൂർത്തികൾക്ക്‌ പ്രത്യേകം പാട്ടുകളുണ്ട്‌. പാട്ടിനുശേഷം കളംമായ്‌ക്കലാണ്‌. പന്തലിന്റെ ഇരുവശത്തെയും കുരുത്തോല കളത്തിലേയ്‌ക്ക്‌ വലിച്ചിടുന്നു. ഒരു കൈയിൽ താലവുമേന്തി കുരുത്തോല മടക്കി കളംമായ്‌ക്കുന്നു. തിരുമുഖം ഒടുവിലേ മായ്‌ക്കൂ. ഒന്നുകൂടി തിരുമുഖം ഉഴിഞ്ഞതിനുശേഷം മുഖം മായ്‌ക്കുന്നു. താളവുംപാട്ടും ഉച്ചസ്ഥായിയിലെത്തുമ്പോൾ ഉറഞ്ഞുതുളളുന്ന പിണിയാൾ കളം മായ്‌ക്കുന്ന രീതിയാണ്‌ സർപ്പക്കളങ്ങളിലും മറ്റുമുളളത്‌. ഈ തൊഴിൽകൊണ്ട്‌ ജീവിക്കാനാവില്ലെന്ന്‌ മനസ്സിലാക്കായതുകൊണ്ട്‌ പല കളമെഴുത്തുകാരും മറ്റ്‌ തൊഴിലുകളിലേയ്‌ക്ക്‌ മാറിയപ്പോഴും അഭിമാനത്തോടെ ഇത്‌ കൊണ്ടുനടക്കുന്ന ചില കുടുംബങ്ങളെങ്കിലുമുണ്ട്‌.

പറഞ്ഞുതന്നത്‌ഃ- ലക്ഷ്മിക്കുട്ടിയമ്മ, മാങ്ങാക്കുഴിവീട്‌, എരവത്തൂർ, കുഴൂർ, സുധാകരമാരാർ, നെടുപറമ്പത്ത്‌ വീട്‌, കുഴൂർ.

Generated from archived content: kalam_oct27_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here