കളരിപ്പയറ്റ്, മർമ്മചികിൽസ, ജ്യോതിഷം, ചിത്രകല തുടങ്ങി നിരവധി വിഷയങ്ങൾ അഭ്യസിക്കുകയും പഠിപ്പിക്കുകയും ചെയ്‌തിരുന്ന പ്രശസ്‌തമായ മമ്മിയൂർകളരി കുടുംബാംഗത്തിലെ അംഗമായിരുന്ന ആർട്ടിസ്‌റ്റ് എം.കെ.ശ്രീനിവാസൻ ചുമർചിത്രകലയിൽ കുടുംബപാരമ്പര്യമായിത്തന്നെ പ്രാവീണ്യം നേടിയ വ്യക്തിയാണ്. ഗുരുവായൂർ ക്ഷേത്രത്തിലെ ചുമർചിത്രങ്ങളുടേതുൾപ്പെടെ നിരവധി ചിത്രങ്ങളുടെ രചയിതാവായ ഇദ്ദേഹം ഗുരുവായൂർ ചുമർചിത്രപഠനകേന്ദ്രത്തിന്റെ പ്രിൻസിപ്പലായി ജോലി നോക്കവേ 1999 ജനുവരി 20-ാം തീയതി ഹൃദയാഘാതം മൂലം പെട്ടെന്ന് അന്തരിച്ചു. എം.കെ.ശ്രീനിവാസനും വിജയകുമാർ മേനോനും ചേർന്നെഴുതിയ ഈ ലേഖനം പാരമ്പര്യ ചുമർചിത്രത്തിനുവേണ്ടി ഭിത്തിസംസ്‌കരണം, ചായങ്ങളുടെ നിർമ്മാണം, തൂലികാ നിർമ്മാണം, വർണ്ണപ്രയോഗം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു. ആർട്ടിസ്‌റ്റ് ശ്രീനിവാസൻ മരിക്കുന്നതിനു മൂന്നുദിവസം മുൻപാണ് ഇരുവരും ചേർന്ന് ഈ ലേഖനം പൂർത്തിയാക്കിയത്.
വെട്ടുകല്ലോ ഇഷ്‌ടികയോ (പണ്ടുകാലത്ത് വെട്ടുകല്ല്) വെച്ചുകെട്ടിയ ഭിത്തി പ്രതലത്തിൽ ഒരു വിരൽ (വിശ്വകർമ്മാവിന്റെ ഒരു വിരൽ) കനത്തിൽ (3. സെ.മീ) കുമ്മായമിശ്രിതം തേയ്‌ക്കണം. കുമ്മായംഃ മണൽ 1ഃ3 എന്ന ക്രമത്തിലാണ് മിശ്രിതം തയ്യാറാക്കേണ്ടത്. അടുക്കളയിൽ ഉപയോഗിക്കുന്ന അരിപ്പകൊണ്ട് മണൽ അരിച്ച് ഏറ്റവും ചെറിയ തരികൾ വേണം ഉപയോഗിക്കാൻ. ഒരു വിരൽ കനത്തിന്റെ പകുതിഭാഗം (11&2 സെ.മീ.) ഈ മിശ്രിതം കുമ്മായച്ചട്ടുകംകൊണ്ട് ‘പരിക്ക’നായി തേയ്‌ക്കുന്നു. കുമ്മായം-മണൽ മിശ്രിതം ഉണ്ടാക്കുന്നതിന് വേണ്ട വെളളത്തിൽ ആദ്യം ചുണ്ണാമ്പുവളളി (ഊഞ്ഞാലുവളളി) ചതച്ചിടുക. അങ്ങനെ ഒരു ദിവസം ചുണ്ണാമ്പുവളളി കിടന്ന വെളളത്തിൽ വേണം കുമ്മായ-മണൽ മിശ്രിതം. കുമ്മായച്ചട്ടുകം കൊണ്ടു ‘പരിക്ക’നായി തേച്ച ഈ പ്രതലം ഒരാഴ്‌ചകൊണ്ട് ഉണങ്ങിക്കിട്ടും.
പിന്നീട് കുമ്മായവും മണലും 1ഃ2 എന്ന ക്രമത്തിലെടുത്ത് അരച്ച് വെണ്ണപ്രായത്തിലാക്കുക. ഈ കുമ്മായമണൽ മിശ്രിതത്തിൽ കടുക്ക ചതച്ചിട്ടവെളളം, കറുത്ത ഉണ്ട ശർക്കരവെളളം (പണ്ടുകാലത്ത് ശർക്കരയ്‌ക്കുപകരം കരിമ്പുനീരുപയോഗിച്ചിരുന്നു) എന്നിവ ചേർത്ത് ‘പഴുക്കാൻ’ ഇടുക. ആദ്യം തേച്ച 11&2 സെ.മീ. കനമുളള പരിക്കൻ പ്രതലം ഒരാഴ്‌ചകൊണ്ട് ഉണങ്ങിക്കിട്ടിയതിനു മുകളിൽ ഒരു സെ.മീ. കനത്തിൽ ഈ മിശ്രിതം (രണ്ടുമൂന്നു ദിവസംകൊണ്ടു പഴുത്തത്) കുമ്മായച്ചട്ടുകം കൊണ്ട് തേച്ചുപിടിപ്പിക്കുക. അത് തേപ്പു പലകകൊണ്ട് നിരപ്പാക്കുക. തേപ്പുപലകകൊണ്ടു നിരപ്പാക്കിയ പ്രതലത്തിൽ കുമ്മായച്ചട്ടുകംകൊണ്ടു മിനുക്കരുത്. ഈ പ്രതലം ഉണങ്ങിക്കിട്ടാൻ മൂന്നുദിവസം വേണ്ടിവരും. ഇനി അര സെ.മീറ്റർ കനം ബാക്കിയുണ്ട്. കക്ക നീറ്റിയെടുത്ത ചുണ്ണാമ്പുകുഴമ്പ് വെളളത്തിൽ കലക്കുക. മുകളിലത്തെ കരട് മാറ്റിക്കളഞ്ഞ്, ഈ വെളളം വേറൊരു പാത്രത്തിലേക്ക് പകരുക. അടിയിലെ കരടും കക്കയുടെ ഭാഗവും കളഞ്ഞ് കിട്ടുന്ന ചുണ്ണാമ്പുവെളളം ഒരു മണിക്കൂർ ഊറാൻ വെച്ചാൽ മുകളിൽ വെളളം തെളിഞ്ഞുനിൽക്കും. ഈ വെളളം കളഞ്ഞാൽ അടിയിൽ വെണ്ണ പോലുളള ശുദ്ധ ചുണ്ണാമ്പുകുഴമ്പ് ഊറിക്കിട്ടും. വെളളമില്ലാത്ത ഈ ചുണ്ണാമ്പിൽ പൂളപ്പഞ്ഞി കുരുവും കരടും കളഞ്ഞ് ചേർക്കുക. ഇതിന്റെ അനുപാതം ചുണ്ണാമ്പ്‌ഃ പഞ്ഞി 3ഃ1 എന്നാണ്. ഈ മിശ്രിതം അമ്മിയിൽ വച്ചരച്ച് ഈരിഴത്തോർത്തിൽ അരിച്ചെടുക്കുക. ബാക്കിയുളള 1&2 സെ.മീ. കനത്തിന്റെ മുക്കാൽ ഭാഗം (രണ്ടു പപ്പടക്കനം) ഈ മിശ്രിതം തേച്ചുപിടിപ്പിക്കുക. ഇത് വീതിയുളള സാധാരണ ബ്രഷുകൊണ്ട് തേയ്‌ക്കാം. പഞ്ഞിയുളളതിനാൽ ഈ പ്രതലം ഏകദേശം ക്യാൻവാസിനു തുല്യമായി ലഭിക്കും. ഇത് ഒരാഴ്‌ചകൊണ്ട് ഉണങ്ങിക്കിട്ടും. കക്ക നീറ്റിയെടുത്ത് വെണ്ണ പോലെയാക്കിയ ശുദ്ധചുണ്ണാമ്പുകുഴമ്പിൽ ഇളനീർവെളളം ചേർത്ത് ഒരു ലായനി ഉണ്ടാക്കുക. ഇതിന്റെ സാന്ദ്രത പശുവിൻ പാലിന്റേതായിരിക്കണം. ഈ ലായനി ലംബവും തിരശ്ചീനവുമായി മാറിമാറി 30 പ്രാവശ്യം ഭിത്തിയിൽ വീതികൂടിയ ബ്രഷുപയോഗിച്ച് തേച്ചുപിടിപ്പിക്കണം. ഒരുതവണ തിരശ്ചീനമായി ചെയ്‌തത് ഉണങ്ങിയാൽ മാത്രമേ അടുത്ത തവണ ലംബമായി ചെയ്യാവൂ. ഇങ്ങനെ മാറിമാറിയാണ് ഈ മിശ്രിതം ചുമരിൽ തേച്ചുപിടിപ്പിക്കേണ്ടത്. ഇതോടെ ഒരു വിരൽ കനത്തിലെ ഭിത്തിസംസ്‌കരണം പൂർത്തിയായി. ചുമരിൽ മിശ്രിതം തേയ്‌ക്കുവാൻ പൊട്ടക്കാളം എന്ന മരത്തിന്റെ തോല് നീളത്തിൽ ചീന്തി, തലഭാഗം ചതച്ച് ബ്രഷാക്കിയാണ് പണ്ടുപയോഗിച്ചിരുന്നത്. കുറച്ചുപയോഗിച്ച ബ്രഷിന്റെ ഭാഗം മോശമായാൽ ആ ഭാഗം മുറിച്ചുകളഞ്ഞ് വീണ്ടും ചതച്ച് ബ്രഷാക്കി ഉപയോഗിക്കും. ബ്രഷിന്റെ കൈപ്പിടിയും അതുതന്നെയായിരിക്കും. മുറിച്ചുകളഞ്ഞ് ബ്രഷ് തീരെ ചെറുതായാൽ വേറെ തോലെടുത്ത് ചതച്ച് പുതിയ ബ്രഷുണ്ടാക്കും.
ചായം ഉണ്ടാക്കുന്ന വിധംഃ ചുമപ്പ്, മഞ്ഞ, പച്ച, കറുപ്പ്, വെളള എന്നിവയാണ് ചുമർചിത്രത്തിലുപയോഗിക്കുന്ന അഞ്ചുനിറങ്ങൾ. ഇവയിൽ ചുമപ്പും മഞ്ഞയും കല്ലിൽ നിന്നെടുക്കുന്നവയാണ്. കല്ലുവെട്ടുമടകളിലും കുന്നുകളിലും ചുമപ്പ്, മഞ്ഞ, എന്നീ കല്ലുകൾ കാണാം. നല്ല മൂപ്പെത്തിയ കല്ലാണെങ്കിൽ നല്ലനിറം കിട്ടും. ഇപ്പോൾ കിട്ടുന്ന ചെമ്മണ്ണിലും നല്ല കല്ലുകൾ കാണാറുണ്ട്. മഞ്ഞക്കാവി, ചുമപ്പുകാവി എന്നിവയും ഈ വിധം കല്ലിൽ നിന്നെടുക്കുന്നവയാണ്. മൂകാംബി(കുടജാദ്രി)യിൽ നല്ല ചുമപ്പു-മഞ്ഞ കല്ലുകൾ ലഭിക്കും. സൗപർണ്ണികയിൽ ചെളിയെല്ലാം പോയി തിളങ്ങുന്ന കല്ലുകൾ കാണാം. ചുമപ്പുകല്ലിൽ പലപ്പോഴും മഞ്ഞയുടെ അംശമുണ്ടാകും. അതുപോലെ മഞ്ഞക്കല്ലിൽ ചുമപ്പിന്റെ അംശവും ഉണ്ടാകും. ചുമപ്പിലെ മഞ്ഞഭാഗം ചെത്തിക്കളഞ്ഞ് മഞ്ഞ മാത്രമാക്കിയും കല്ലുകൾ ആദ്യം ശരിയാക്കിയെടുക്കണം. പിന്നീടതു നന്നായി കഴുകി ഒരാഴ്‌ചയോളം വെളളത്തിലിട്ടുവയ്‌ക്കുക. വെളളത്തിൽ കുതിർന്ന കല്ല് ചതച്ച് നന്നായി അരച്ച് വെണ്ണപ്പരുവമാക്കുക. അത് വെളളത്തിൽ കലക്കുക. രണ്ടുമൂന്നു മണിക്കൂർ അനക്കാതെ വച്ചാൽ മുകളിലത്തെ വെളളം ഊറ്റിക്കളഞ്ഞ് ബാക്കി ലഭിക്കുന്ന നല്ല ചായത്തിൽ വീണ്ടും വെളളമൊഴിച്ച് ഊറാൻ വയ്‌ക്കുക. ഒരു പാത്രം അരച്ചതുണ്ടെങ്കിൽ അഞ്ചുപാത്രം വെളളമൊഴിച്ചാണ് ഊറാൻ വയ്‌ക്കേണ്ടത്.
പല തവണ ചെളികളഞ്ഞ് ഊറികിട്ടുന്ന കുഴമ്പുപരുവത്തിലുളള ചായം പരന്ന പാത്രത്തിൽ ചെറിയകട്ടിയിൽ പരത്തി അഴുക്കൊന്നും വീഴാതെ ഒരു തുണി ചായത്തിൽ തൊടാത്ത വിധത്തിൽ പാത്രത്തിന്റെ മുകളിൽ വിരിച്ച് നിഴലത്തുവെച്ച് (വെയിലിലല്ല) കാറ്റിലുണക്കുക. മൂന്നുനാലു ദിവസംകൊണ്ട് ഉണങ്ങിക്കിട്ടും. പിന്നീട് ചെറിയ കഷണങ്ങളായി കത്തികൊണ്ടു മുറിച്ചെടുക്കാം. ഇവ തിരിച്ചും മറിച്ചും നിഴലത്തുവച്ച് ഉണക്കിയെടുക്കണം. ചുമപ്പും മഞ്ഞയും വെവ്വേറെ ഉണ്ടാക്കി ചെറിയ ചെറിയ കഷണങ്ങളാക്കി പ്രത്യേകം പാത്രങ്ങളിൽ സൂക്ഷിച്ചുവച്ച് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.
പച്ചഃ നീലയമരിയുടെ ഇലകൾ പറിച്ച് ഒരു പാത്രത്തിലിടുക. അതു മുങ്ങത്തക്ക അളവിൽ വെളളമൊഴിക്കുക. മൂന്നുനാലു ദിവസം അത് അങ്ങനെ വെളളത്തിൽ കിടക്കാൻ അനുവദിക്കുക. അപ്പോഴേയ്‌ക്കും ഇലകൾ ചീഞ്ഞ് ശരിയാകും. ഇലകൾ തിരുമ്മിപ്പിഴിഞ്ഞ് അതിന്റെ ചണ്ടി കളയുക. ഈ വെളളം അരിച്ചെടുത്ത് മൺപാത്രത്തിലൊഴിച്ച് മുകൾഭാഗം തുണികെട്ടി നിഴലത്തുണക്കുക. പാത്രത്തിൽ മിക്കവാറും കുഴമ്പു പാകത്തിലായിക്കിട്ടിയ ചായം വാഴയിലയിൽ അട പോലെ പരത്തി പൊടിവീഴാതെ തുണി മുകളിലൊരുക്കി (തുണി ചായത്തിൽ തൊടരുത്. തൊട്ടാൽ ചായം തുണിയിൽ പിടിക്കും) നിഴലിൽ കാറ്റത്തുണക്കുക. ഉണങ്ങിക്കഴിഞ്ഞാൽ ചെറിയ പാളികളായി ഇതു കിട്ടും. ഇവ സൂക്ഷിച്ചു വയ്‌ക്കുക. ഇതിന് നീലയമരിയുടെ നിറമായിരിക്കും. ഇതു പച്ചച്ചായമാക്കാൻ ആവശ്യമുളളപ്പോൾ എരുവിക്കറ ചേർക്കുക. കടും പച്ചയ്‌ക്ക് നീലമരി കൂടുതലും ഇളം പച്ചയ്‌ക്ക് എരുവിക്കറ കൂടുതലും ഉപയോഗിക്കണം. ഇത് പരിചയം കൊണ്ടു മനസ്സിലാക്കേണ്ടതാണ്. നീലയമരിയില ചതച്ച് ചാറെടുത്തുണക്കി എപ്പോൾ വേണമെങ്കിലും ഉപയോഗിക്കത്തക്ക വിധത്തിൽ സൂക്ഷിക്കുന്ന പതിവുമുണ്ട്.
കറുപ്പ്‌ഃ എളെളണ്ണയൊഴിച്ച് തിരി കത്തിച്ച് നാളത്തിനു മുകളിൽ ഒരു മൺപാത്രം കമിഴ്‌ത്തി വയ്‌ക്കുക. നാളത്തിന്റെ കരി മൺപാത്രത്തിന്റെ അകത്ത് പറ്റിപ്പിടിച്ചുകിട്ടും. അതു ചുരണ്ടിയെടുത്താൽ കറുത്തചായം ലഭിക്കും. വെളുപ്പ്‌ഃ വെളുപ്പ് വെളുത്ത ഭിത്തി പ്രതലം തന്നെയാണ്. എന്നാൽ വെളളയ്‌ക്ക് ഷെയിഡ് കൊടുക്കാൻ വേണ്ടി ഒരു പ്രയോഗമുണ്ട്. മേഞ്ഞുനടക്കുന്ന കറുത്ത പശുവിന്റെ (കെട്ടിത്തീറ്റുന്ന പശുവല്ല) ഉണങ്ങാത്ത ചാണകം വെളളത്തിൽ കലക്കി ഈരിഴ തുണിയിൽ അരിച്ചെടുക്കുക. ഇതു നിഴലിൽ ഉണക്കി പൊടിയായി സൂക്ഷിക്കുക. ഇത് വെളളയ്‌ക്ക് ഷെയിഡ് കൊടുക്കാൻ ഉപയോഗിക്കുന്നു.
തൂലിക (ബ്രഷ്) ഉണ്ടാക്കുന്ന രീതിഃ തൂലിക മൂന്നുതരമുണ്ട്. സൂക്ഷ്മം, മദ്ധ്യം, സ്‌ഥൂലം. തൂലികയുടെ അറ്റം വെളളം നനച്ചാൽ വണ്ണം കൂടിയ ഒരു സൂചിയുടെ കൂർത്തയറ്റത്തിന്റെ കനം വരുന്നതാണ് സൂക്ഷ്മം. സൂക്ഷ്മത്തിന്റെ മൂന്നിരട്ടി കനം വരുന്നതു മദ്ധ്യം. സൂക്ഷ്മത്തിന്റെ അഞ്ച്&എട്ട് ഇരട്ടി കനംവരുന്നത് സ്‌ഥൂലം. വൃശ്ചികം ധനു മാസങ്ങളിൽ മൂപ്പെത്തി നിൽക്കുന്ന ഒന്നാണ് ഇയ്യാംപുല്ല്. അതിന്റെ കതിരു മുറിച്ചെടുത്തു ശേഖരിച്ച് പാലിലിട്ടു തിളപ്പിക്കുക. ഇതു വാഴയിലയിൽ ഒരാഴ്‌ച പൊതിഞ്ഞുവച്ചാൽ ഉണങ്ങിക്കിട്ടും. ഇവയിൽ ഓരോ പുല്ലായി വേർതിരിച്ചെടുത്ത് പുല്ലിലെ അസ്‌ത്രം പോലുളള ഭാഗം മുറിച്ചുകളയുക. അതിന്റെ പിന്നിലുളള ഭാഗം (ചിറക് എന്നു പറയുന്ന ഭാഗം) ഒരേ നിരപ്പാക്കി, വണ്ണംകുറഞ്ഞതും ഉറപ്പുളളതുമായ നൂലുകൊണ്ട് കുടുക്കിട്ടു കെട്ടിവയ്‌ക്കുക. കവുങ്ങിന്റെ മൂപ്പുളള തടി പെൻസിലിന്റെ നീളത്തിൽ ചെത്തി മിനുസപ്പെടുത്തി അതിന്റെ തലപ്പത്തു മദ്ധ്യത്തിൽ 1&2 സെ.മീ. നീളത്തിൽ നാരായംപോലെ രൂപപ്പെടുത്തിയെടുക്കുക. നേരത്തെ കുടുക്കിട്ടുവച്ച പുല്ല് നാരായത്തിൽ കയറ്റുക. കനംകുറഞ്ഞ ഉറപ്പുളള നൂലുകൊണ്ട് വളരെ മുറുക്കി ചുറ്റിച്ചുറ്റി കെട്ടിവയ്‌ക്കുക. ഏകദേശം 30 ചുറ്റെങ്കിലും കെട്ടേണ്ടിവരും.
രോമം കൊണ്ടുണ്ടാക്കുന്ന തൂലികഃ പശുക്കുട്ടിയുടെ ചെവിയുടെ ഉളളിലെ രോമം മുറിച്ചെടുത്ത് നേരത്തേ പറഞ്ഞപോലെ കുടുക്കിട്ട് നാരായത്തിൽ ഉറപ്പിച്ച് സൂക്ഷ്മ, മദ്ധ്യ, സ്‌ഥൂല തൂലികകൾ ഉണ്ടാക്കാം. പുല്ലിനേക്കാൾ മിനുസവും വഴക്കവും ഇതിനുകൂടും.
വൽസകർണ്ണ സമുദ്‌ഭുതം രോമാണ്യാദായ യത്നത
തൂലികാഗ്രേ, ന്യസേൽ താനിലാക്ഷാബന്ധന യോഗ്യതഃ“ (ചിത്രസൂത്രം)
കിട്ടലേഖിനിഃ പഴക്കംചെന്ന കറുത്തകല്ല് (പുരാണകിട്ടം) കുന്നിൻ പ്രദേശങ്ങളിൽ കാണാം. ആട്ടിൻ കാഷ്‌ഠത്തിന്റെ ആകൃതിയിലാണ് ഇതു പൊതുവെ കാണപ്പെടുന്നത്. അതു നന്നായി പൊടിച്ച്, ചാണകപ്പൊടി സമംചേർത്ത് വെളളത്തിൽ കുഴയ്‌ക്കുക. അല്‌പം വേപ്പിൻ പശ ചേർത്തതായിരിക്കണം വെളളം. ഈ മിശ്രിതം നല്ല മിനുസമുളള പ്രതലത്തിൽ വെച്ച് ചന്ദനത്തിരിപോലെ നീളത്തിൽ ഉരുട്ടിയെടുക്കുക. ഇതിന് നടുവിരലിന്റെ നീളവും ഒരുവിധം കനമുളള ചന്ദനത്തിരിയുടെ വണ്ണവും ആകാം. ഇതു വെയിലത്തു വെച്ച് ഉണക്കിയെടുക്കാം. കിട്ടലേഖിനി കൊണ്ടാണ് സംസ്‌കരിച്ച ഭിത്തിയിൽ പ്രാഥമികരേഖകൾ വരയ്‌ക്കുന്നത്. കിട്ടലേഖിനി കൊണ്ടു വരച്ചത് മാച്ചുകളയാൻ ശക്തിയിൽ ഊതുകയോ തുണികൊണ്ടു മെല്ലെ തട്ടുകയോ ചെയ്‌താൽ മതി എന്നതിനാൽ പ്രാഥമികരേഖയെഴുതാൻ ഇത് അത്യുത്തമമാണ്. വരയ്‌ക്കാനുളള ഭിത്തിപ്രതലത്തിൽ ലംബവും (ബ്രഹ്‌മസൂത്രം) തിരശ്ചീനവും (യമസൂത്രം) ആയി രണ്ടുരേഖകൾ കിട്ടലേഖിനികൊണ്ട് അടയാളപ്പെടുത്തുന്നു. ധ്യാനശ്ലോകത്തിലെ ദേവതയുടെ ”വരവ്“ (നില്പ്, ഇരിപ്പ്, കിടപ്പ് എന്നീ നിലകൾ) അനുസരിച്ചാണ് താലപ്രമാണങ്ങൾ കണക്കാക്കേണ്ടത്.
താലപ്രമാണങ്ങൾഃ വരയ്‌ക്കാനുളള ഭിത്തിപ്രതലത്തിൽ ലംബമായി നില്‌ക്കുന്ന രൂപത്തെ-ബ്രഹ്‌മസൂത്രത്തെ-സമമായി 108 ഭാഗങ്ങളാക്കാം. ഈ 108 ഭാഗത്തെയും അംഗുലം എന്നു പറയുന്നു. ഒരംഗുലത്തെ 8 ആയി ഭാഗിച്ചതിൽ ഒന്നിനെ യവം എന്നുപറയുന്നു. 12 അംഗുലം ഒരു താലം. ധ്യാനശ്ലോകം മനനം ചെയ്‌ത് അതിൽ വിവരിക്കുന്ന ദേവതാരൂപത്തെ മനഃപ്രതലത്തിൽ തൃപ്തിയാകുംവിധം കണ്ടുകഴിഞ്ഞാൽ അത് ഭിത്തിപ്രതലത്തിലേയ്‌ക്കു പകർത്താം. ആദ്യം കിട്ടലേഖിനികൊണ്ടു പരിധിരേഖ വരയ്‌ക്കുകയും അതിൽ വേണ്ടമാറ്റങ്ങൾ വരുത്തി കൃത്യമാക്കിയതിനുശേഷം ആ രേഖയ്‌ക്കു മുകളിലൂടെ വളരെ നേരിയ മഞ്ഞച്ചായംകൊണ്ട് എഴുതുകയും ചെയ്യാം.
ചായങ്ങൾ കൂട്ടുന്നവിധംഃ മഞ്ഞ&ചുമപ്പു ചായങ്ങൾഃ ഉണ്ടാക്കിവച്ച ചായപ്പരലുകളുടെ കൂടെ ആര്യവേപ്പിൻപശ 4ഃ1 അനുപാതത്തിൽ ചേർക്കണം. (വേപ്പിന്റെ മരത്തിൽ കത്തികൊണ്ടുവെട്ടിവച്ച് ഒരാഴ്‌ചകഴിഞ്ഞു നോക്കുമ്പോൾ അതിൽ ഊറിനിൽക്കുന്ന കറയാണ് വേപ്പിൻപശ. പശയിലെ കരടുകൾ കളഞ്ഞുവേണം ഉപയോഗിക്കുവാൻ). 4ഃ1 എന്ന അനുപാതത്തിൽ ചായപ്പരലും വേപ്പിൻപശയും കണ്ണില്ലാത്ത ചിരട്ടയിലെടുത്ത്, അല്‌പം വെളളമൊഴിച്ച് വിരൽകൊണ്ടു ചാലിച്ച് മഷിരൂപത്തിലാക്കണം. (കണ്ണില്ലാത്ത ചിരട്ടയായാൽ കണ്ണിൽക്കൂടി വെളളം പുറത്തുവരാതിരിക്കും. മൂട് എന്നു പറയുന്ന മറ്റേപകുതി ചിരട്ട എപ്പോഴും ഒന്നു ചെരിഞ്ഞേ ഇരിക്കൂ. ചെരിഞ്ഞ ചിരട്ടയിൽ താഴെ ചെളിയുണ്ടെങ്കിൽ അത് ഊറിക്കൊളളും. കൊപ്ര അടർത്തിയെടുത്ത ചിരട്ടയാണ് ഉത്തമം. നാളികേരത്തിന്റെ അംശം അശേഷമുണ്ടാകില്ല. ഉൾഭാഗം വൃത്തിയാക്കാനും എളുപ്പമാണ്). ഈ വിധം മഷിപ്രായത്തിലാക്കിയെടുത്ത ചായത്തിൽ നിറത്തിന്റെ തിക്ഷ്‌ണത എത്ര കിട്ടണമെന്നതനുസരിച്ച് മനോധർമ്മവും പരിശീലനവും പ്രകാരം വേണ്ട അളവിൽ വെളളചേർക്കണം. വീണ്ടും വിരൽകൊണ്ട് ചായം ചിരട്ടയുടെ ഉളളിലെവശത്തു ചേർത്തരച്ച് കുറച്ചുനേരം അനക്കാതെവയ്‌ക്കുക. ഇങ്ങനെ അനക്കാതെ വയ്‌ക്കേണ്ട സമയത്ത് ചിരട്ടയ്‌ക്കു ചെരിവുവരാതിരിക്കാൻ തടവെച്ച് ചിരട്ട നേരെയിരുത്തണം. വരയ്‌ക്കാൻ സമയത്ത് തടമാറ്റി ചിരട്ടയെ ചെരിഞ്ഞിരിക്കുവാൻ അനുവദിക്കുക. ചെരിഞ്ഞിരിക്കുന്ന ചിരട്ടയിലെ ചായത്തിന്റെ മുകളിൽ നിൽക്കുന്ന തെളിഞ്ഞ ഭാഗത്തുമാത്രം തൂലിക സ്പർശിച്ചുവേണം ചായം ഉപയോഗിക്കുവാൻ. അടിയിലൂറിയ ‘മട്ടിൽ’ തൂലിക സ്പർശിക്കാതെ ശ്രദ്ധിക്കണം.
പച്ചച്ചായം കൂട്ടുന്ന വിധംഃ നീലയമരി പരലുകൾ പതം വരുത്തുവാനായി വരയ്‌ക്കുന്നതിന് ഒരുദിവസം മുൻപുതന്നെ വെളളത്തിൽ മുങ്ങിക്കിടക്കത്തക്കവണ്ണം ഇട്ടുവയ്‌ക്കുക. നന്നായി പൊടിച്ചെടുത്ത എരുവിക്കറ നീലയമരി പരലുകളുമായി ചേർത്ത് ചിരട്ടയിൽ വിരൽകൊണ്ടു ചാലിച്ച് മഷിപ്രായമാക്കുക. പിന്നീട് വേണ്ടനിറത്തിന്റെ കടുപ്പത്തിനുതകുംവിധം ഔചിത്യപൂർവ്വം മനോധർമ്മമനുസരിച്ച് വെളളംചേർക്കാം. എരുവിക്കറയും നീലയമരിയും സമമായാൽ ‘ശരിയായ’ പച്ച കിട്ടും. കടുംപച്ച വേണമെങ്കിൽ നീലയമരിയുടെ അംശം കൂട്ടുക. ഇളം പച്ചയാണ് വേണ്ടതെങ്കിൽ നീലയമരിയുടെ അംശം കുറയ്‌ക്കണം.
കറുപ്പുനിറം കൂട്ടുന്ന വിധംഃ നേരത്തേ ഉണ്ടാക്കിവച്ചിട്ടുളള കറുത്ത മഷിപ്പൊടി ഒരു കണിക വേപ്പിൻപശയും ചേർത്ത്, അല്‌പം വെളളമൊഴിച്ച് ചിരട്ടയിൽ വിരൽകൊണ്ടു ചാലിച്ച് മഷിപ്രായത്തിലാക്കുക. പശയിലെ തരിയൊന്നും വിരലിൽ തടയാത്ത പരുവംവരെ ചാലിക്കണം. മനോധർമ്മം അനുസരിച്ച് കുറച്ചുവെളളവും കൂടിചേർത്ത് കറുപ്പുനിറം കൂട്ടിവയ്‌ക്കുക.
നിറങ്ങൾ ഉപയോഗിക്കുന്നതിന്റെ ക്രമംഃ മഞ്ഞ, ചുമപ്പ്, പച്ച, കറുപ്പ് എന്നാണ് നിറമുപയോഗിക്കുന്ന ക്രമം. വെളുപ്പ് പ്രതലംതന്നെയാണല്ലോ. രൂപത്തിന്റെ പരിധിരേഖകൾ മഞ്ഞകൊണ്ട് ചെയ്‌തുവച്ചിട്ടുണ്ടല്ലോ. രൂപത്തിൽ എവിടെയെല്ലാം മഞ്ഞ വേണമോ അവിടെയെല്ലാം നാലോ അഞ്ചോ പ്രാവശ്യം മഞ്ഞതേച്ച് നിറം പിടിപ്പിക്കുക. ചുമപ്പുവേണ്ടിടത്തെല്ലാം ചുമപ്പും ഉപയോഗിക്കുക. മഞ്ഞയ്‌ക്ക് ഷെയിഡ് ചെയ്യേണ്ടയിടത്ത് ചുമപ്പുപയോഗിച്ചാണ് അതു നിർവ്വഹിക്കേണ്ടത്. മഞ്ഞരൂപങ്ങളുടെ എല്ലാത്തിന്റെയും പരിധിരേഖയും ചുമപ്പുനിറം കൊണ്ടാണ് ചെയ്യേണ്ടത്. കിരീടം, ആഭരണം തുടങ്ങി എവിടെവരുന്ന മഞ്ഞഭാഗത്തും ഷെയിഡിങ്ങ് ചുമപ്പുകൊണ്ടുതന്നെയാണ് ചെയ്യേണ്ടത്. ചുമപ്പിനു ഷേഡിങ്ങ് വേണ്ടയിടത്ത് ചുമപ്പുചായത്തിൽ അല്‌പം കറുത്ത ചായം ചേർത്ത് ഉപയോഗിക്കാം.
പച്ചനിറം ഉപയോഗിക്കുന്ന വിധംഃ മഞ്ഞയും ചുമപ്പും ഉപയോഗിച്ചു കഴിയുമ്പോഴും പച്ചനിറം കൊടുക്കേണ്ടയിടം വെളുത്ത ഭിത്തിപ്രതലമായിത്തന്നെ നിലകൊളളുകയാണല്ലോ. ആ സ്ഥലം മുഴുവനും ആദ്യം ഒരേ കനത്തിൽ ഒരുതവണ മഞ്ഞകൊണ്ടു നിറയ്‌ക്കുക. ഇതു ചെയ്‌ത് അഞ്ചുമിനിറ്റ് കഴിഞ്ഞ്, ചെമ്പുപാത്രത്തിൽനേരത്തേ തയ്യാറാക്കിവച്ചിട്ടുളള തുരിശുലായനി ഈ മഞ്ഞ കൊടുത്ത സ്‌ഥലത്ത് നാലോഅഞ്ചോ തവണ ഉപയോഗിക്കുക. അപ്പോൾ അവിടെ നല്ല നീലനിറമായിത്തീരും. അതുണങ്ങിയശേഷം ‘നീലയമരിഎരുവിക്കറ’ച്ചായം ഇതിനുമുകളിൽ നന്നായി നിറയ്‌ക്കുക. ഇത് നാലഞ്ചുതവണ ചെയ്യുമ്പോൾ തുരിശിന്റെ നീലനിറം മാറി നല്ല പച്ചനിറംകിട്ടും. കടുംപച്ച കിട്ടേണ്ടയിടത്ത് ‘നീലയമരിഎരുവിക്കറ’ച്ചായത്തിൽ നീലയമരി കൂടുതലുളള മിശ്രിതം ബിന്ദുബിന്ദുക്കളായി ഷെയിഡുകൊടുത്ത് രൂപത്തെ വേണ്ടവിധത്തിൽ ‘ഉരുട്ടി’യെടുക്കണം. ഇതിലും വളരെക്കൂടുതൽ തീക്ഷ്‌ണതയും സാന്ദ്രതയും പച്ചനിറത്തിനു വേണമെന്നുണ്ടെങ്കിൽ ഒരു കണിക കറുപ്പുനിറം ചേർക്കാവുന്നതാണ്. വളരെയധികം സാന്ദ്രമായ കടുംപച്ച വേണ്ടപ്പോൾ ഒരു കണിക കട്ടനീലവും ഉപയോഗിച്ചിരുന്നു. അന്തരീക്ഷത്തിൽ എത്ര ഈർപ്പമുണ്ടെങ്കിലും പച്ചയുടെ നിറം മങ്ങാതിരിക്കാൻ സഹായകമാണ്.
വെളളനിറഞ്ഞ ഷെയിഡ് നൽകുന്നവിധംഃ ശിവൻ, നരസിംഹം, സരസ്വതി, ലക്ഷ്മണൻ, ഹനുമാൻ തുടങ്ങിയ രൂപങ്ങൾക്ക് വെളളനിറമാണ് പതിവ്. വെളളനിറം ഭിത്തിപ്രതലം തന്നെയാണ്. എന്നാൽ അതിനു ഷെയിഡുകൊടുത്ത് ‘ഉരുട്ടി’യെടുക്കാൻ നേരത്തേ ഉണ്ടാക്കിവച്ചിട്ടുളള ‘ചാണകവെളളം’ ഉപയോഗിക്കുന്നു. അതോടെ വെളുപ്പിന് നല്ലതിളക്കം കിട്ടും.
മഷിയെഴുത്ത്-കറുപ്പ്‌ഃ ആദ്യം ചുമപ്പുനിറം കൊടുത്തുനിർത്തിയിട്ടുളള എല്ലാ പരിധിരേഖകൾക്കും മുകളിലൂടെ മഷികൊണ്ടുവരയ്‌ക്കുന്നു. രേഖയ്‌ക്കു പ്രാധാന്യമുളള കേരള ചുമർച്ചിത്രത്തിൽ മഷിയെഴുത്തോടെ വർണ്ണങ്ങളും രേഖകളും തിളക്കമാർന്നതാവും. ഉൻമീലനംഃ കണ്ണിലെ കൃഷ്‌ണമണി കറുപ്പുമഷികൊണ്ടു നിറച്ച് ചൈതന്യവത്താക്കുന്നതാണ് ഉൻമീലനം. ചിത്രരചനയിലെ അവസാനത്തെ ഇനമാണ് ഉൻമീലനം എന്ന ക്രിയ. ഇത് ചില അനുഷ്‌ഠാനചടങ്ങുകളോടെയാണ് ചെയ്യുക പതിവ്.
Generated from archived content: kalam_feb19_07.html