കമ്പളം ഃ നെൽകൃഷിയുമായി ബന്ധപ്പെട്ട പണിയരുടെ ആഘോഷമാണ് കമ്പളം. കൃഷിപ്പണി വേഗത്തിൽ തീർക്കുക എന്ന ഉദ്ദേശ്വത്തോടെയാണ് കമ്പളം നടത്തുന്നത്. ഭൂവുടമ പണിയരുടെ മൂപ്പനെ വരുത്തി നമ്മക്ക് ഇന്ന ദിവസം കമ്പളം നടത്തണം ‘നീ… എനത്തെ പറയിഞ്ചൊ’ എന്ന് അഭിപ്രായമാരായുന്നു. ‘ആയ്‌ക്കോട്ടെളാമ്പിരാ……..’ എന്ന് മൂപ്പൻ നീട്ടി മറുപടി പറയുന്നു. ‘ശരി നീ വേച ആളുകളെ വിളിച്ചോളൂ’ എന്നു പറഞ്ഞു മുറുക്കാനും പണവും മൂപ്പനു നൽകുന്നതോടെ കമ്പളത്തിനുളള ഒരുക്കമായി. മൂപ്പനും 60 ഓളം വരുന്ന പണിയരും പണിച്ചികളും ഉൾപ്പെട്ട സംഘം കമ്പളത്തിന് തയ്യാറെടുപ്പായി. കമ്പളദിവസം പുരയ്‌ക്കൽ നിന്നും തുടിയും കുഴലും ആർപ്പുവിളിയുമായി പണിയർ പുറപ്പെടുന്നു.
കമ്പളത്തിന് പണിയരും പണിച്ചികളും പാട്ടും ‘പണിച്ചിക്കളി’യും (നൃത്തം) ആയി എരുകെട്ടലും, ഞാറുപറിയ്‌ക്കലും നടലും ഒന്നിച്ചു തീർക്കുന്നു. 60 ഓളം വരുന്ന സംഘം തുടികൊട്ടിയും കുഴൽ വിളിച്ചും കമ്പളപ്പാട്ടുപാടിയും വായ്‌ക്കുരവയിട്ടും കൂക്കിവിളിച്ചും താളത്തിൽ നൃത്തം ചെയ്‌തും പണിയെടുക്കുന്നു. ഒരു സംഘം മേളത്തോടെ വയലിലും വരമ്പത്തും നിന്ന് തുടികൊട്ടുന്നുണ്ടാവും. അതിനനുസരിച്ച് കൂക്കിവിളിച്ച് പണിയർ കാലി തെളിക്കുന്നു. പണിച്ചികൾ ഞാറു പറിക്കുന്നതു നിർത്തി ഇടയ്‌ക്കിടെ വായ്‌ക്കുരവയിട്ടു നൃത്തം ചെയ്യാറുണ്ട്. ഞാറും കൈയിൽ പിടിച്ച് കൈ തലയ്‌ക്കു മുകളിൽ വളച്ചുയർത്തിപ്പിടിച്ച്, നിവർന്നും കുനിഞ്ഞും ആണ് ഈ നൃത്തം. പണിച്ചികളും പണിയരും ചേർന്ന് ആഘോഷമായി നടുന്ന ‘നാട്ടിക്കബളം’ ധ്രുതഗതിയിലും താളനിബന്ധവുമാണ്. പണിയർ വയലിൽ പണിച്ചിക്ക് പിന്നിൽ കുനിഞ്ഞ് നിന്ന് ഓരോ ഞാറ് നുരിയായി താളത്തോടെ വേർതിരിച്ച് കൊടുക്കുന്നുഃ
‘കമ്പളച്ചോറുക്കും കുബളക്കറീം… ഓയ്യ്
കത്തലു കൂലിക്കും താളിനതടൈ… ഓയ്യ്
കമ്പളച്ചോറുക്കും കുംബളക്കറീക്കും താളിനതടൈ
കുത്തലു കൂലിക്കും താളിനതടൈ
നമ്മെ പാപ്പാൻ തരാൻ തോഞ്ചീ……
അട്ടൈ മാപ്പിളയും വാളെരീ വാളെരീ വഞ്ചൊ,
ഒളൈപ്പാമ്പും വാളെരീ വാളെരീ വഞ്ചൊ
കമ്പളച്ചോറുക്കും കുബളക്കറീക്കും
കുത്തലുകൂലിക്കും താളിനതടൈ
അമ്മന കഴുത്തില് പാമ്പാൻ വളളി
അപ്പന കഴുത്തില് കണ്ണാൻ താളി
കൈത്തുടിക്കാരന് അരക്കല്ല് അറ്റുപോയാച്ച്…..
വെച്ചിറ്റെ കെട്ടിറ്റെ അറഞ്ചതാ… അറെഞ്ചു
കുണ്ടില് വീഴ്‌ന്തെ കുളത്തില് വീഴ്‌ന്തെ
കുംബളച്ചോറുക്കും കുമ്പളക്കറീക്കും വീഴ്‌ന്തെ…
പതുക്കളെ ചോറുട്ടു കൊടുത്തെ,
കൊഞ്ചുക്കറി കൊയിക്കു കൊടുത്തെ,
കൈത്തുടിക്കാരനു പുളൈക്കു……
വേക്കറ, പോക്കറ, കെട്ടിച്ചു കൊടുത്തെ,
പുളൈളക്കും പോക കുറുക്കെക്കും പോകെ,
കൈത്തുടിക്കാരനു അരക്കല്ല് അറ്റുപോ…. യാ.. ച്ചു
വെച്ചിറ്റെ കെട്ടിറ്റെ അറെഞ്ച്‌താ അറൈ.. ഞ്ചൂ………..
ഈറ്റിലെ വേരിക്കു കോട്ടല് പോണം
കാലിന നോക്കെഞ്ചെ കറുപ്പന തന്തെ…….’
കമ്പളത്തിന് ഒറ്റ ദിവസംകൊണ്ട് 2 ഏക്രയിൽ കൂടുതൽ സ്ഥലത്തെ കൃഷിപ്പണി തീരും. കമ്പളം ഒന്നും രണ്ടും ദിവസം നീളുമ്പോൾ രാത്രി ഞാറുപറിക്കുകയും പകല് നടുകയുമാണ് ചെയ്യാറ്. കമ്പളത്തിന് കൂലിയായി സാധാരണ കൂലിയായ ‘വല്ലി’ കൂടാതെ ഒ.‘കുളകം’ നെല്ലുകൂടി കൊടുത്തിരുന്നു. മൂപ്പൻമാർക്ക് കുറച്ചു പണവും കിട്ടുമായിരുന്നു. കമ്പളത്തിനുശേഷം പണിയർ കുലദേവതയായ ‘കുളിക്കു കൊടുക്കുക’ എന്ന ചടങ്ങ് നടത്താറുണ്ട്.
പണിയർ നെല്ലുംവിത്തും മറ്റും സൂക്ഷിക്കുന്നവിധം ഃ കൊയ്‌ത്തു കഴിയുമ്പോഴും, ഓണം, വിഷു, ഉച്ചാറല്, വളളിയൂർക്കാവ് ഉത്‌സവം എന്നീ ദിവസങ്ങളിൽ പണിയർക്ക് കൂലി ‘വല്ലി’യായും, ‘വെതയടി’യായും ‘ഒക്കിപ്പൊലി’യായും ‘കുണ്ടർ’ ആയും കിട്ടിയിരുന്നു. കൂലിയായി ഒരു കണ്ടം നെല്ല് പണിച്ചിക്കും ഒരു കണ്ടം നെല്ല് പണിയനും (ആകെ 2.5 പൊതി നെല്ല്) കൊടുക്കുന്നതാണ് കുണ്ടൽ. വെത കൂട്ടുമ്പോൾ വെതക്കിടയിൽ പൊഴിയുന്ന നെല്ലിനുളള അവകാശമാണ് വെതയടി. ഒക്കിപ്പൊലി ഒക്കലും പാറ്റലും കഴിഞ്ഞ് കൊടുക്കുന്ന വല്ലിയൊടൊപ്പമുളള സൗജന്യം. ഇങ്ങനെ കിട്ടുന്ന നെല്ലും മറ്റു വിത്തുകളും സൂക്ഷിക്കുന്നതിന് അനവധി മാർഗ്ഗങ്ങളുണ്ടായിരുന്നു. നെല്ല് കരുതിവെക്കുന്നതിനു ഒരു മാർഗ്ഗം ‘മൂടം’ കെട്ടുകയാണ്. വാഴപ്പോള തലങ്ങനെയും വിലങ്ങനെയും നിരത്തി അതിൽ വൈക്കോൽ വിരിച്ച ശേഷം അത് കൈകൊണ്ട് കോരിപ്പിടിക്കുന്നു. അതിലേക്ക് നിശ്ചിതഅളവിൽ നെല്ല് ചൊരിഞ്ഞശേഷം ഭദ്രമായി വാഴനാരുകൊണ്ടു കെട്ടുന്നു. ഇങ്ങനെ രണ്ടുമൂന്നു കെട്ടു കഴിയുമ്പോഴേക്കും ഒരു മൂടം തയ്യാറായി. ഈ മൂടം ഗൃഹത്തിനു സമിപമുളള മരത്തിൽ സാമാന്യം ഉയരത്തിൽ തൂക്കിയിടുന്നു. ‘പുരയ്‌ക്കൽ’ (പണിയരുടെ വീട്) ഓട വളച്ചുകൂട്ടി ‘അടുക്ക ചെറ്റ’യുണ്ടാക്കി നെല്ലു സൂക്ഷിച്ചിരുന്നു. ചെറിയയിനം തുമ്പ, കൂരകളും ഇതിനുപയോഗിച്ചിരുന്നു. മുളകൊണ്ടാണിവ മെടയുന്നത്.
നെല്ലും അരിയും വിത്തുകളും പണിയർ ചൊരങ്ങ(ചുരയ്‌ക്ക)യിലാണ് സൂക്ഷിക്കാറ്. ഇതിന്റെ പുറംതോട് കട്ടിയുളളതാണ്. അതുകൊണ്ടുതന്നെ ചൊരങ്ങപാത്രം നൂറ്റാണ്ടുകളോളം കേടുകൂടാതെയിരിക്കും. ഉണക്കിയെടുത്തുണ്ടാക്കിയ ചൊരങ്ങയിൽ ചൂടും തണുപ്പും വായുസഞ്ചാരവുമെല്ലാം ക്രമീകരിക്കപ്പെടുന്നു.
പണിയർ നെല്ലിടിച്ച് അവിലുണ്ടാക്കി സൂക്ഷിച്ചുവെക്കുന്നു. പണിയർ ഭക്ഷണത്തിന് കൂടുതലായി കിഴങ്ങുകളെയാണ് ആശ്രയിച്ചിരുന്നത്. കാടുകളിൽ പലയിനം കിഴങ്ങുകൾ ഉണ്ട്. ഇവ ഉണ്ടാകാവുന്ന സ്ഥലം വ്യക്തമായറിയുന്നതുകൊണ്ട് കുഴിച്ചെടുക്കാൻ എളുപ്പമാവുന്നു. നൂറുക്കിഴങ്ങും നാറക്കിഴങ്ങുമാണ് ഇവയിൽ പ്രധാനം. നാരുളള നാറക്കിഴങ്ങ് വളരെ നീളമുളളതാണ്. മണ്ണിനടിയിൽ ആഴത്തിൽ ചെന്നിരിക്കും. നാറക്കിഴങ്ങ് ഉണക്കി പൊടിച്ച് മുളങ്കുഴലിൽ സൂക്ഷിച്ചു വയ്‌ക്കും. നീണ്ടിക്കിഴങ്ങ്, നാറക്കിഴങ്ങ്, അവത്ത്‌ചേന, കണ്ണൻ ചേമ്പ്, മക്കളെത്തൊക്കി ചേമ്പ്, പാൽച്ചേമ്പ് എന്നീ കാട്ടു ചേമ്പുകിഴങ്ങുകൾ ഭക്ഷണത്തിനുപയോഗിച്ചിരുന്നു. കരിന്താൾ എന്നയിനം ചേമ്പിന്റെ തണ്ടുകൊണ്ടു കറിവയ്‌ക്കാറുണ്ട്. കൂടാതെ, മത്തച്ചപ്പ്, താള്, വെളി (കാട്ടുചേമ്പ്), കായൽക്കളളി എന്നിവയും കറിവെക്കും.
മൂപ്പെത്തിയ പൂതനും (കുമ്പളങ്ങ) മത്തനും പറിച്ച് മൂന്ന് നാല് ദിവസം വെയിലും മഞ്ഞും കൊളളിച്ചാൽ ‘പാട്ടി’യിൽ എത്രകാലവും കേടുകൂടാതെയിരിക്കും. ഇവയുടെ ‘മൊത്തി’ പൊട്ടാൻ പാടില്ല. മത്തൻ, വെളളരി, പൂതൻ എന്നിവയുടെ വിത്ത് വെയിലത്തുണക്കി ചാണകത്തിൽ കുഴച്ച് ഒഴിഞ്ഞ ചുവരിൽ എറിഞ്ഞ് പറ്റിക്കയാണ് പതിവ്. നടേണ്ട കാലത്ത് ഇത് ചുവരിൽ നിന്നും ഇളക്കിയെടുക്കുന്നു. ചുവരിൽ തന്നെ വക്കുകയാണെങ്കിൽ കാലങ്ങളോളം വിത്തു കേടുകൂടാതെയിരിക്കും.
വായവട്ടം കുറഞ്ഞതും വലിയതുമായ മൺകലം വായമാത്രം വെളിയിൽ കാണത്തക്കവിധം പുരക്കൽ ഒരു മൂലയ്‌ക്ക് കുഴിച്ചിടുന്നു. ഇതിൽ അരിയും മഞ്ഞളും നൂറ, കൂവ, ചേമ്പ് എന്നിവയും കുറച്ചുകാലം കേടുകൂടാതെ വക്കാം. ഈ കുടത്തിന്റെ വായ അനുയോജ്യമായ ചിരട്ടകൊണ്ട് മൂടിവെക്കുന്നു. വെളളക്കൂവയും ചക്കരക്കൂവയും മണ്ണിൽ കുഴിച്ചിടുന്ന പാനിയിൽ മാസങ്ങൾ സുക്ഷിച്ചു വയ്‌ക്കാം. വെളളക്കൂവ മരുന്നിനും (മൂത്രക്കടച്ചിൽ) ചക്കരക്കൂവ പുഴുങ്ങി കഴിക്കുകയും ചെയ്യുന്നു. ചക്ക ഉണക്കി സുക്ഷിക്കുന്നു. ഇത് കഞ്ഞിക്ക്, മുളകിട്ട് ചമ്മന്തിയാക്കിയും അല്ലാതെയും ഭക്ഷിക്കുന്നു. കൂടുതലാവുന്ന ചോറ് ഉരുട്ടി വടയുണ്ടാക്കി, വെയിലത്തുണക്കി സൂക്ഷിക്കുന്നു. പണിയർക്ക് ഓണത്തിനും വിഷുവിനും ഉത്‌സവങ്ങൾക്കും ചോറുകൊടുക്കുമ്പോൾ ഒരാൾ തന്നെ രണ്ടും മൂന്നും ഇലയിൽ ചോറു വാങ്ങുന്നു. പുരക്കൽ കൊണ്ടുവരുന്ന ചോറ് വെയിലു കൊളളിച്ച് ഉണക്കി അരി പോലെയാക്കി (തണുപ്പു തട്ടാതെയിരുന്നാൽ ഇതും എത്രകാലവും കേടുവരാതെയിരിക്കും) പഞ്ഞക്കാലത്ത് ചൂടുവെളളത്തിലിട്ട് വേവിച്ച് ഭക്ഷിക്കുന്നു. ആദിവാസികൾ ഒന്നും കളയാറില്ല. കാട്ടിൽ ധാരാളമായുണ്ടാകുന്ന ചക്ക ഭക്ഷിക്കുമ്പോൾ ചക്കക്കുരു ശേഖരിക്കുകയും ഇവ വെയിലത്തിട്ട് ഉണക്കി കരുതിവെക്കുകയും ചെയ്യും. ഇവർ ചക്കക്കുരു വളരെയധികം ശേഖരിക്കും. ക്ഷാമകാലത്ത് കാപ്പിയുടെ ഇല ചൂടുവെളളത്തിൽ പറിച്ചിട്ട് കാപ്പിയുണ്ടാക്കുന്നു.
വണ്ണമുളള ഉണക്കിയ ‘കായൽ’ (മുള) മുറിച്ച് വായ്‌മൂടിയുണ്ടാക്കി പുരയ്‌ക്കൽ മൂലക്ക് തൂക്കിയിടുന്നു. ഇതിലാണ് ചെറുവിത്തുകളും മുളകും ചുണ്ടക്കയും തണുത്തുപോകാതെ സൂക്ഷിക്കുക. വെളളരി, മത്തൻ, പൂതൻ ഇവയുടെ വിത്തുകൾ വെണ്ണീരിൽ കുഴച്ചുണക്കിയും സൂക്ഷിക്കാറുണ്ട്. പച്ചച്ചക്ക വെട്ടിപ്പൊളിച്ച് ‘ചുള’ വെയിലത്തുണക്കി, പുരയത്ത് തണുത്തു പോകാതെ സൂക്ഷിക്കുന്നു. ഇത് മഴക്കാലത്ത് പുഴുങ്ങിക്കഴിക്കുന്നു. ഇതുപോലെ കാട്ടുമാങ്ങയും വെട്ടിയുണക്കി പുക കൊളളിച്ച് വെക്കുന്നു. പൂളയും ഇതേ രീതിയിൽ സൂക്ഷിക്കുന്നു.
ഉച്ചാറല് ഃ ഉച്ചാലിൽ പണിയെടുക്കുന്നവരായ പണിയരും തമ്പുരാക്കന്മാരും ഒരുപോലെ പങ്കാളികളാകുന്നു. ഉച്ചാൽ അനുഷ്‌ഠാനങ്ങൾ ജന്മി ഗൃഹത്തിലും ഒക്കൽ കളത്തിലുമാണ്. പണിയരുടെ മൂപ്പനാണ് ഉച്ചാലിന്റെ കർമ്മങ്ങൾ അനുഷ്‌ഠിക്കാനുളള അവകാശം. ചിലയിടത്ത് ഉച്ചാലിന്റെ കാർമ്മികത്വത്തിനുളള അവകാശം കുറിച്യർക്കായിരുന്നു.
കുറിച്യർ സ്വന്തമായി ഭൂമിയുളളവരായതുകൊണ്ട് സ്വന്തം കൃഷിഭൂമികളിലെ ഉച്ചാറലിന്റെ കർമ്മങ്ങൾ അവരുടെ മൂപ്പൻ ചെയ്‌തുവന്നു. നായർ ജന്മികളുടെതിൽനിന്ന് വ്യത്യസ്‌തമായി ആചാരാനുഷ്‌ഠാനങ്ങളെക്കൊണ്ടും മറ്റും സമ്പന്നമാണ് കുറിച്യരുടെ ഉച്ചാറല്. കുറുമരം ഉച്ചാറല് ആഘോഷിക്കുന്നു. ഉച്ചാറലിന് പഴയകാലത്ത് ദേശക്ഷേത്രങ്ങളിൽ പ്രത്യേകക്രിയകളും പൂജകളും നടന്നിരുന്നു. ക്ഷേത്രങ്ങൾ നവീകരിക്കപ്പെട്ടപ്പോൾ ഇങ്ങനെയുളള വിശേഷാനുഷ്‌ഠാനങ്ങൾ പലതും ഉപേക്ഷിക്കപ്പെട്ടു.
മകരം 25 മുതൽ കുംഭം 2 വരെയുളള കാലയളവിൽ ഉച്ചാലിന്റെ അനുഷ്‌ഠാനങ്ങൾ നടക്കുന്നു. ‘മുളളുവെയ്‌ക്കുക’ എന്ന ചടങ്ങ് ചിലയിടത്ത് മകരം 25 ന് ചെയ്യുന്നു. കളവും, വീടും, പരിസരവും അടിച്ചുവാരി, മെഴുകി, ചാണകം തളിച്ച് വൃത്തിയാക്കുന്നു. പണിയരുടെ മൂപ്പൻ കളത്തിൽ നാട്ടിയിരിക്കുന്ന ‘മേട്ടി’യിൽ കൊക്ക, ചൂല്, ഇല്ലിമുളള് എന്നിവ വെക്കുന്നതോടെ ഉച്ചാലിന്റെ കർമ്മങ്ങൾ തുടങ്ങുകയായി. ഇവ വെച്ചാൽ 7 ദിവസം കളത്തിൽ ചവിട്ടാൻ പാടില്ല. ദൂരത്തായ സ്‌ത്രീകളും മറ്റ് അശുദ്ധിയുളളവരും കളത്തിന് സമീപത്ത് പോകാറില്ല. മകരം 25 മുതൽ കുംഭം 2 വരെ ഭൂമിദേവി ഊർവ്വരയാകുന്ന ദിവസങ്ങളായി കണക്കാക്കിയിരുന്നു. ഉച്ചാൽ ദിവസങ്ങളിൽ പത്തായം, അറ എന്നിവയിൽ നെല്ലെടുക്കുക, നെല്ലൊണക്കുക, നെല്ലു കുത്തുക ഇതൊന്നും പാടില്ല. മിറ്റത്തും കുളത്തിലും അടിക്കാനും വാരാനും പാടില്ല. അലട്ട, ചൂല് എന്നിവ ഉപയോഗിക്കരുത്. മകരം 30 നോ കുഭം ഒന്നിനോ പണിയരുടെ മൂപ്പൻ വക്ക് ചടങ്ങിന് വിത്തിടുന്നു. വിത്തിടുന്നതിന് ‘വെളിയൻ’ വേണമെന്നാണ് കണക്ക്. ഉച്ചാൽ ദിവസങ്ങളിൽ പണിയെടുക്കാറില്ല. ഉച്ചാലിന് വീടും കുളവും വൃത്തിയാക്കുന്നതിന്റെ ഉദ്ദേശ്യം മൂശേട്ടയെ (മൂധേവി) പുറത്താക്കി മഹാലക്ഷ്‌മിയെ ആനയിക്കുക എന്നതും തിരളുന്ന പെണ്ണിന്റെ കുളിയായും പറയുന്നു. മകരം 30 (കുംഭം 1)ന് ഉച്ചാറൽ പരിസമാപ്‌തി. അന്ന് മഹാലക്ഷ്‌മിക്ക് ഉച്ചക്ക് ചോറും പായസവും വിളമ്പുന്നു. പത്തായത്തിനോ നെല്ലറക്കോ സമീപത്തായി കൊണ്ടുവച്ച് വിളക്ക് കത്തിക്കും. ഭൂമിദേവിക്കും നെല്ലിനും ഉർവ്വരത്വം കൽപ്പിക്കുന്നു. നെല്ലിന്റെ ‘തിരണ്ടുകല്യാണം’ ആണ് ‘ഉച്ചാൽ’. അതുകൊണ്ടാണ് 7 ദിവസം നെല്ലും തൊടാതിരിക്കുന്നത്. മധുരം ഉണ്ടാക്കി നെല്ലറക്കരുകിൽ കൊണ്ടുവക്കുന്നത് വയസ്സറിയിച്ച പെണ്ണിന് മധുരം കൊടുക്കണം എന്ന അനുഷ്‌ഠാനത്തിന്റെ ഭാഗമായാണ്. പഴയ തറവാടുകളിൽ ഉച്ചാലിന് പണിയർക്ക് തങ്ങളുടെ പണിക്കൂലി കൊടുക്കുന്ന ചടങ്ങുണ്ടായിരുന്നു. ഉച്ചാറലിന് പ്രത്യേകം സദ്യ പണിയർക്കു നൽകിയിരുന്നു. ഉച്ചാറൽ പരിസമാപ്‌തി ദിവസം വെളളരി നടുകയും പതിവുണ്ട്.
ഉച്ചാറലും കുറിച്യരുംഃ വയനാട്ടിൽ ഉച്ചാറല് കുറിച്യർക്ക് പ്രധനപ്പെട്ടതാണ്. ഉച്ചാറലിന് കളത്തിലെ ‘മേട്ടി’യിൽ മുളളുവെക്കുന്നതിന് ഇല്ലിമുളള് (കായൽമുളള്) കൂടാതെ, ചിരിമുളളും ഉപയോഗിക്കുന്നു. മുളളു തറയ്‌ക്കുന്നത് സൃഷ്‌ടിപ്രക്രിയയുടെ സങ്കല്‌പമാണ്. ഇതോടൊപ്പം മരോല് (കൊക്ക), അലട്ട, കല്ല് എന്നിവയും മേട്ടിക്ക് ചുറ്റുമായി വച്ചിരിക്കും. മുളള് കളത്തിൽ മാത്രമല്ല വീടിന്റെ മേൽക്കൂരയിലും ‘തുമ്പ’യിലും (നെല്ലിട്ടു വക്കാൻ കായൽകൊണ്ടു മെടയുന്ന സിലിണ്ടർ ആകൃതിയിലുളളത്. ഇതിന്റെ ഒരുവശം മാത്രം തുറന്നിരിക്കും) വിതയിലും തറച്ചു വെക്കാറുണ്ട്. ഇവർ ഭൂമിയുടെ ഉർവ്വരത്വത്തെക്കാൾ നെല്ലിനാണ് ഉച്ചാറലിൽ പ്രാധാന്യം നൽകുന്നത്. നെല്ലിന്റെ തിരണ്ടു കല്യാണമാണ് ഉച്ചാറല്. കൂട്ടത്തിൽ ഭൂമിക്കും (വയലിന്) ഉർവ്വരതാ പൂജ നടത്തുന്നു. പഴയ കണക്കുപ്രകാരം മേട്ടിയിൽ വെച്ച മുളളും മരോലും 15 ദിവസം കഴിഞ്ഞേ മേട്ടിയിൽ നിന്നെടുക്കുകയുളളൂ. ഈ ദിവസങ്ങളിൽ വീട്ടിൽ തുമ്പയിൽ നിന്നു നെല്ലെടുക്കുകയോ പുഴുങ്ങുകയോ കുത്തുകയോ ഒന്നും ചെയ്യാറില്ല. മകരം 30 നാണ് ഉച്ചാറല് സംക്രമം. തറവാട്ടുകാരണവർ കുളിച്ചു വരുമ്പോഴേക്കും കാരണവത്തി വിളക്കു കത്തിച്ചു വച്ചിരിക്കും. വയലിൽ പൂജ ചെയ്യുന്നു. ഭൂമിദേവിക്കാണ് പൂജ. ഭൂമിദേവിയും ഗംഗയും ശിവന്റെ ഭാര്യമാരാണ്. ഭൂമിദേവിക്ക് അസൂയ കൂടുതലായതുകൊണ്ട് ശിവൻ ശപിച്ചു. ശാപം കാരണമാണ് മനുഷ്യർ ഭൂമിയെ കിളച്ചും മറ്റും ഉപദ്രവിക്കുന്നത് എന്നാണ് ഐതിഹ്യകഥ. ഉച്ചാറലിന് രാവിലെ പൂജയ്‌ക്കു ശേഷം വിത്തിടലുണ്ട്. വെളിയൻ, പോമാല എന്നീ വിത്തുകളാണ് വിത്തിടലിനെടുക്കുക. ഈ വിത്തുകൾ പുലയും വാലായ്‌മയും(ബാലായ്‌മ) ഇല്ലാത്തവയായതുകൊണ്ട് ഇവ മാത്രം എടുക്കുന്നു. ഉച്ചാറല് സംക്രമംവരെ കളം അടിച്ചുവാരാതിരിക്കുക, ചൂല്, അലട്ട എന്നിവ തൊടാതിരിക്കുക എന്നീ ആചാരങ്ങളും ഇവർ കർശനമായി പാലിക്കുന്നു. ഐശ്വര്യദേവത ഇവർക്ക് ചീവോച്ചിയമ്മയാണ്.
ഉച്ചാറലിന് വയലിലെ പൂജ കഴിഞ്ഞാൽ പിന്നെ കുറിച്യരുടെ വീട്ടിലാണ് ആഘോഷം. അന്ന് പാട്ടും കോൽക്കളിയും ഉണ്ടാകും. കോൽക്കളിയില്ലെങ്കിൽ കുറിച്യരുടേതായ പാട്ടുകൾ മൂളുന്നു. കൃഷിയുടെ ഉത്‌ഭവത്തെപ്പറ്റിയുളള കുംഭംപ്പാട്ടും വടക്കൻ പാട്ടുരീതിയിലുളള പൊയ്‌ത്ത് പാട്ടുകളും പാടുന്നു. അന്ന് രാവിലെ കുറിച്യത്തികൾ ചേർന്ന് കുത്തിയുണ്ടാക്കുന്ന അവിൽ ആണ് ഭക്ഷണം. ‘അവിൽ കുത്തി’യുണ്ടാക്കുക എന്നത് ഉച്ചാറലിന്റെ പ്രധാന ചടങ്ങാണ്. ഉച്ചവരെയുളള വിശ്രമസമയത്ത് ചീവോച്ചിയമ്മയുടെ പാട്ടു പാടുന്നു. “ചീവോച്ചി കടവിൽ പോയതും പയറ്റു നടത്തിയതും” മാകയിലം കോട്ടയിൽ സ്ഥിരതാമസമായ ചീവോച്ചി കീഴേരം കോട്ടയിൽ ഏഴ് ദേവതകളോടൊപ്പം പുലരിക്ക് വരുന്നു എന്ന് സങ്കല്‌പം. കുറിച്യർ ചീവോച്ചിയമ്മയെ പ്രീതിപ്പെടുത്താൻ പാടുന്ന ഒരു വലിയ വീരഗാഥഃ
‘ചന്ദന മലയിലെ കിഞ്ഞിക്കണ്ണൻ
എഴ്‌ത്തിനും… പൊയ്‌ത്തിനും…. പോനുളേളാന്
ചൂലം… കളരീക്ക് പോന്നുണ്ടല്ലോ
ആ നാടു ദേശം കടന്നും പോയി
നടന്നുപോയി… ചന്ദനമലയില് പോന്നുണ്ടോനാ
പോന്നുംണ്ടല്ലോ.. ആ നാടും ദേശം കടന്നു പോന്ന്
മലനാട് ദേശം കടക്കുന്നോന്
കടന്ന് പോന്ന് ഇങ്ങനെ പോയിട്ട് പേനാകുന്ന്
സൂര്യാം കളരീല് ചെന്നെത്തൂന്ന്
ആ നാട്ടിൽ നായന്‌മാർ ഓരെല്ലാറ്
നായന്‌മാര് കളരീപ്പോയ് പൊയ്‌ത്തല്ലോല്
അന്നേരം കാണുന്ന നായന്‌മാര്
ഏതോറ് നാട്ടിലെ നായരിത്
ഇപ്പോഴും വന്ന പുതുനായര്
പുതുനായര് കളരീലിറങ്ങീട്ടോ പിന്ന
കളരീലിറങ്ങീ പെയ്യോ പിന്ന
പറഞ്ഞ് അരിയം പൊടിച്ച് കണ്ണൻ
കണ്ണൻ എലിപോലെ തന്നെ വിറക്കുന്നോനാ
കളരീപ്പറന്നോരു ചാടിയോന
തെക്കും വടക്കായി വച്ചിരുത്തി
കിഴക്കും പടിഞ്ഞാറും വച്ചിരുത്തി
സൂര്യഭഗവാനെ കൈവണങ്ങീ
അങ്ങനെ കളരീപ്പോയ്‌തോനം ഇരുന്നുണ്ട്
പൊയ്‌ത്തോടെ വിദ്യ പഠിച്ചീയോന
അങ്ങനെ വിദ്യകൾ പഠിച്ചീയോന
കളരീപ്പടിക്കുന്ന് ഓനാകുന്ന് ’
എന്ന പാട്ട് പാടാറുണ്ട്. ഈ പാട്ട് വയനാട് തോണിച്ചാൽ മലക്കാരിയമ്മയുടെ തിറയ്‌ക്ക് പാടുന്നതാണ്. കുറിച്യരുടെ അധിഷ്‌ഠാനദേവതയാണ് മലക്കാരിയമ്മ. ദുർമൂർത്തികളിൽനിന്ന് രക്ഷിക്കുന്നതും കൃഷിക്കുവേണ്ട നിർദ്ദേശങ്ങൾ നൽകിയതും മലക്കാരിയമ്മയാണ്. കുറിച്യർക്ക് വയനാട്ടിൽ പനമരം മാനന്തവാടി റൂട്ടിലെ തോണിച്ചാലിൽ മലക്കാരിക്കാവുണ്ട്. ഉച്ചാറലിനാണ് അവിടുത്തെ തിറ.
ഉച്ചാറല് കാലത്ത് സ്‌ത്രീ തീണ്ടാരിയായാൽ നല്ലതാണെന്നും ഓണക്കാലത്ത് ആണെങ്കിൽ ദാരിദ്രമാണെന്നും കരുതുന്നു. നെല്ല് ഒക്കാനുണ്ടെങ്കിൽ ഉച്ചാറലിന് ആഘോഷത്തോടെ ഒക്കാറുണ്ട്. ഒക്കുമ്പോൾ പൊലിയെ ‘കൊളളിവയ്‌ക്കുക’ എന്ന ചടങ്ങു്. മരോട്ടികൊണ്ട് (കൊക്ക) പൊലിക്കു ചുറ്റും വരയ്‌ക്കുക എന്നതാണീ ചടങ്ങ്. ഒക്കലാട്ടുന്നത് പ്രദക്ഷിണദശയിലാണ്.
കുറിച്യരുടെ കാർഷികാനുഷ്‌ഠാനങ്ങൾ ഃ ഉച്ചാറല് കൂടാതെ കുറിച്യർക്ക് നെൽകൃഷിയുമായി ബന്ധപ്പെട്ട് പല ആഘോഷങ്ങളുമുണ്ട്. കൊയ്‌ത്തിന് ‘നാളെ എനക്കു കൊയ്യണം’ എന്നറിയിക്കുന്നു. വയലിൽ ഇറങ്ങി ആദ്യനുരി കൊയ്യുക കൊയ്യിപ്പിടിക്കുക എന്ന ചടങ്ങാണ്.
നെല്ല് കൊയ്‌തു വാരിയാൽ ‘കുളിയനു’ കൊടുക്കുക എന്ന ചടങ്ങുണ്ട്. ഇതിനായി ‘കുളിയൻ കറ്റ’ കെട്ടിവച്ചിരിക്കും. രാത്രി കുളിയന് പൂജ നടത്തി കുളിയൻ കറ്റു വയലിൽനിന്ന് കളത്തിൽ കുടിയിരിക്കുന്നു. കളത്തിന്റെ മേൽനോട്ടത്തിന് എന്നു സങ്കല്‌പം. കുളിയനെ കളത്തിൽ കുടിയിരുത്തിയ ശേഷമാണ് കളത്തിലുളള ഒക്കലും പാറ്റലും നടക്കുന്നത്. ഒക്കൽ കഴിഞ്ഞ് കളം വൃത്തിയാക്കി കുളിയന് കൊടുത്തശേഷം കുളിയനെ തിരിയെ വയലിലേക്ക് ആനയിക്കുന്നു.
കന്നിമകം ഃ കന്നിമാസത്തിലെ മകം പ്രധാനം അന്ന് കുറിച്യകാരണവർ പുലർച്ചെ പുതിയ വസ്‌ത്രമുടുത്ത് വയർ നിറയെ ഭക്ഷണവും കഴിച്ച് നിറഞ്ഞ വയറോടെ വയലിലെത്തി കതിരു കുളിപ്പിക്കൽ ചടങ്ങു നടത്തുന്നു. വിളക്ക്, തുളസീ, അരി, പൂവ്, ചന്ദനത്തിരി മറ്റുമായി ചെറിയ പൂജയുണ്ടാകും. കതിരു കുളിപ്പിച്ച് വീട്ടിൽ വന്നാൽ വീട്ടിൽ നിന്നിറങ്ങിപ്പോകരുത്, പ്രത്യേകിച്ചും തോട്, പുഴ എന്നിവ മറികടന്നു പോകരുത് എന്നാണ് വിധി.
വെളളനാട്ടി ഃ ആദ്യത്തെ നാട്ടിയാണ് വെളളനാട്ടി. വെളളനാട്ടിയുടെ തലേന്ന് പഴം കൂട്ടി മധുരമുളള അപ്പം ഉണ്ടാക്കുന്നു. മണ്ണൻ വാഴക്കുല മലക്കാരിക്കു നേദിക്കുന്നു. അനുഷ്‌ഠാനങ്ങൾക്ക് മണ്ണൻ വാഴക്കുലയും ഇലയുമേ ഇവർ എടുക്കുകയുളളൂ. നാട്ടിതീർക്കുന്ന അന്ന് പ്രത്യേക ആഘോഷമുണ്ട്. പാട്ടു പാടിയാണ് കൊയ്‌ത്തും വിരലും (ഇന്നില്ല). നാട്ടി നട്ടുതീർക്കുന്ന അന്ന് പ്രത്യേക സദ്യ ഉണ്ടായിരിക്കും.
തുലാം 10 നായാട്ട് ഃ തുലാം 10ന് മൂത്ത കതിര് വീട്ടിൽ കയറ്റുന്നത് അനുഷ്‌ഠാനത്തോടെയാണ്. അന്ന് ആഘോഷമായി വേട്ടയാടി മൃഗത്തെ കൊന്ന് അതിന്റെ ഇറച്ചിയും പുത്തരിച്ചോറും ഭക്ഷിക്കുന്നു. ആദ്യത്തെ ഒക്കൽ ‘വെളളാക്കലെന്നു’ പറയുന്നു. ഒക്കലിന് ഒക്കൽ പാട്ടുണ്ട്.
വിഷുപ്പിറ്റേന്ന് ആദിവാസി മൂപ്പൻ വന്ന് വിത്തിടും. കന്നിമാസത്തിലെ ആയില്യത്തിന് പൊടരുണ്ടായ നെല്ലിന് (നെല്ലിന് ഗർഭമായതായി കണക്കാക്കുന്നു). ഗർഭക്കാരത്തിക്കു നൽകുന്ന ‘പുളികുടി’ എന്ന ചടങ്ങാണ് കന്നിമാസത്തിലെ ആയില്യം. കിണ്ടിയിൽ വെളളം തൂക്കുവിളക്ക്, തേങ്ങ, അരി, ചന്ദനം, തുളസീ എന്നിവ വയലിലേക്ക് കൊണ്ടുപോയി പൊടരായ നെല്ലിന് പൂജ കഴിക്കും. ഓല കൂട്ടിക്കെട്ടി പൂജ ചെയ്‌തശേഷം ഓലയഴിച്ച് നമസ്‌കരിക്കുന്നു. അന്ന് അടപ്പായസവും കിഴങ്ങുപ്പുഴുക്കും ഉണ്ടാക്കുന്നു. തുലാം 10ന് നെല്ല് പ്രസവിക്കുന്നു. ഉണ്ണിയെ കുളിപ്പിക്കുന്നതുപോലെ കതിര് കുളിപ്പിച്ച് വീട്ടിൽ കൊണ്ടുവരുന്നു. പെറ്റ പെണ്ണിനെയും കുഞ്ഞിനെയും വീട്ടിൽ കൊണ്ടുവരുന്ന ചടങ്ങ് പോലെത്തന്നെയാണിത്.
നാട്ടി നട്ടുകൂട്ടുന്ന ചടങ്ങുമുണ്ട്. അന്ന് ചോറും പായസവും ഉണ്ടാക്കും. അവസാനം നട്ടുതീർക്കുന്ന വയലിലെ ഭാഗ (നടുഭാഗത്താണ് നട്ടുതീർക്കാറ്)ത്തിൽ ചെമ്പരത്തി, തുളസി തുടങ്ങിയ പൂവുകൾ ഉപയോഗിച്ച് ‘ബൊക്ക’ പോലെയുണ്ടാക്കി കുത്തി നിർത്തുന്നു. കൊയ്‌ത്തുകാലത്തും ഒക്കലിന്റെ സമയത്തും നാട്ടിതുടങ്ങുമ്പോഴും വിത്തെറിയുമ്പോഴും ദിവസവും നക്ഷത്രവും സമയവും നോക്കുക പ്രധാനമാണ്. ഞാറ്റുവേല കണക്കാക്കി, ആ സമയത്തെ കാലാവസ്ഥയും ഗ്രഹസഞ്ചാരവും നിരീക്ഷിച്ച് മഴ പെയ്യുമോ, വെളളപ്പൊക്കം ഉണ്ടാവുമോ എന്നെല്ലാം കണക്കാക്കിയാണ് നാട്ടിയും കൊയ്‌ത്തും വിത്തിടലും എല്ലാം നടത്തിയിരുന്നത്. ഞാറ്റുവേല പകർച്ചക്ക് വിത്തെറിയരുത്, ദീർഘദിവസങ്ങളിൽ പണി ആരംഭിക്കരുത്, നിലാവു മൂക്കുന്നതിന്റെ മുമ്പെ കൊയ്യണം, വിത്ത് മുക്കി വെളളിയാഴ്‌ച മറ്റികടന്നാൽ വിത്ത് വെളളത്തിൽ മുങ്ങും, വെളളപ്പൊക്കമുണ്ടായി വിത്തു നശിക്കും അല്ലെങ്കിൽ വിത്തു കെട്ടുപോകും എന്നൊക്കെയാണ് വിശ്വാസം. ഇളംനിലാവിൽ ചൊവ്വ, വെളളി ദിവസങ്ങളിൽ ഹ്രസ്വനാളിൽ കൊയ്യുന്നു. നിലാവുമൂക്കുന്ന സമയത്ത് കൊയ്യണം. ഇങ്ങനെ കൊയ്‌തെടുത്താൽ നെല്ല് പതിരാവില്ല. ഉളളം കുത്താതിരിക്കും മേനിയുണ്ടാകും എന്നെല്ലാമാണ് വിശ്വാസം. മൂഴി (വെളളപ്പൊക്കം) കുറഞ്ഞദിവസം നിന്നാൽ നല്ലത്; രണ്ടാഴ്‌ചയിൽ അധികം നിന്നാൽ ദോഷം; ഭൂമിയിൽനിന്ന് കറുത്ത പാറ്റകൾ കൂട്ടത്തോടെ പറന്നാൽ മഴയുണ്ടാവും. വെളുത്ത പാറ്റയാണെങ്കിൽ മഴ പോകും.
ഒക്കലിനു മുമ്പ് കളനാഥനായ കളഗുളികന് കൊടുക്കുക എന്ന ആദികാലചടങ്ങിനെക്കുറിച്ച് മാണിക്കോത്തെ പത്‌മനാഭൻനായർ പറയുന്നു. ഗുളികന് കൊടുക്കാനുളള നെല്ല് വീട്ടിൽ കയറ്റാതെ പണിയരെക്കൊണ്ട് ‘മൂടം’ കെട്ടി ഗൃഹത്തിനു സമീപമുളള മരത്തിൽ തൂക്കിയിടുന്നു. കളഗുളികന് കൊടുക്കുന്ന അവസരത്തിൽ മൂടത്തിലെ നെല്ല് കുത്തിയുണ്ടാക്കുന്ന അവിലാണെടുക്കുക. അവിൽ, നല്ല പഴം, തേങ്ങ, പച്ചവാഴപ്പോള തുടങ്ങിയ പൂജാ സാധനങ്ങൾ ക്രമീകരിച്ച് സമചതുരത്തിൽ ഇലയിട്ട് ആ ഇലയിൽ അവിൽ, തേങ്ങ, പഴം എന്നിവ വയ്‌ക്കും. 4 മൂലയിലും പന്തം നാട്ടുന്നു. വാഴയിലകൊണ്ട് കുമ്പിൾ കുത്തുന്നു. ഒരു കുമ്പിളിൽ ചുകന്ന ഗുരുസിയും മറ്റെ കുമ്പിളിൽ ത്രികോണാകൃതിയിൽ വാഴപ്പോള നിറുത്തി അതിൽ കുമ്പിൾ നിറുത്തി കറുത്ത ഗുരുസിസയും തയ്യാറാക്കുന്നു. ഗുരുസികൾ ഗുളികനേയും ഭഗവതിയേയും സങ്കല്‌പിച്ചാണ്. ഗുളികനെ സങ്കല്‌പിച്ച് കത്തുന്ന മൂന്നു കണ്ണുളള പന്തം കത്തി തീരുന്നതിനുമുമ്പ് പോരുന്നു. കളഗുളികന് കൊടുക്കുന്നത് ഒക്കലിനും പൂട്ടലിനും കന്നുകാലികൾക്ക് ദോഷമുണ്ടാകാതിരിക്കാനും കൃഷിയിലെ തടസ്സങ്ങൾ നീക്കാനുമാണ്.
പുനംകൃഷി ഃ വയനാട്ടിലെ ആദിവാസികളിൽ കാടുകരിച്ച് കൃഷിചെയ്‌തിരുന്നവരിൽ പ്രധാനികൾ കുറിച്യരും, കുറുമരും ആണ്. പണിക്കാർ മാത്രമായിരുന്ന അവർ പുനംകൃഷി അടുത്ത കാലത്തു മാത്രമേ നടത്തിയിട്ടുളളൂ. പുനംകൃഷി ആദ്യകാലത്ത് ഉപജീവനത്തിന്റെ മാർഗ്ഗമായിരുന്നു. പിൽക്കാലത്ത് കാട് നാടാക്കുന്നതിന്റെ ഭാഗമായും കാടുപിടിച്ചു കിടക്കുന്ന ഭൂപ്രദേശം കൃഷിക്കുപയുക്‌തമാക്കുന്നതിന്റെ ഭാഗമായും പുനംകൃഷി നടത്തി. വയനാട്ടിലെ ആദ്യകാല വാസികളായ നായന്മാരും ജൈനന്മാരും കൗണ്ടന്മാരും പുനംകൃഷി നടത്തിയിരുന്നു. കുറ്റിക്കാടുകളും പുല്ലും പടർന്നു പിടിച്ച പ്രദേശങ്ങളും കരിച്ച് ആദ്യകാല പുനംകൃഷിക്ക് തിന, ചാമ എന്നിവ ഉപയോഗിച്ചു. പിന്നെ തിന, ചാമ, മുത്താറി, വെളളരി, എളള് എന്നിവ ഒന്നിച്ചുണ്ടാക്കാൻ തുടങ്ങി.
പ്രധാന കൃഷിക്കാരായ കുറിച്യർ അമ്പും വില്ലും ഉപയോഗിക്കുന്നതിൽ പ്രഗത്‌ഭരായിരുന്നു. അതുകൊണ്ട് ദൂരെനിന്നുകൊണ്ടുതന്നെ വന്യമൃഗങ്ങളെ ഓടിക്കാൻ കഴിഞ്ഞിരുന്നു. ഇക്കാരണത്താൽ ഇവർക്കും സഞ്ചാരികളായ മുളളക്കുറുമർക്കും ഉൾക്കാട്ടിൽ കൃഷിയിറക്കുക വിഷമമായില്ല. വയനാട്ടിൽ കൊടും കാടുകൾ ഭൂരിഭാഗവും മുളങ്കാടുകളാണ്. മുളങ്കാടുകൾ കത്തിയ സ്ഥലത്തുളള കൃഷിക്ക് കൂടുതൽ വിളവു ലഭിച്ചിരുന്നു.
ജന്‌മിമാരിൽനിന്ന് കാടു പാട്ടത്തിന് വാങ്ങിയാണ് കുറുമരും കുറിച്യരും കൃഷിയിറക്കിയത്. ജന്‌മിമാർക്ക് കാട് നശിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടായിരുന്നതിനാൽ വനഭൂമി സൗജന്യമായി കൃഷിക്കു വിട്ടുകൊടുത്തിരുന്നു. പാട്ടമില്ലാതെ, മാത്താറി, ചാമ, കടുക് എന്നിവ ഒന്നിച്ച് കൃഷിചെയ്യുമ്പോൾ സ്ഥലമുടമകളായ ജന്‌മികൾ കൊണ്ടുപോകുമായിരുന്നു. കടുകിന് അവർക്കാണ് അവകാശം. വിത്തിടുന്നോൾ മുത്താറി, തിന, ചാമ, കടുക് ഇവനാലും വിതച്ചാലും ഉയരത്തിലുളള വ്യത്യാസംകൊണ്ട് ഇവ വേർതിരിച്ചെടുക്കാൻ എളുപ്പമായിരുന്നു. തിന നന്നായി ഉണക്കി കൃഷിയിടത്തിൽ ചാലിട്ടോ, ഒറ്റൊറ്റ മണിയായോ വിതയ്‌ക്കുന്നു. തിനയ്‌ക്ക് ഉയരം കുടുതലുളളതുകൊണ്ട് അറുത്തെടുക്കാൻ എളുപ്പമാണ്. തിനയുടെയും മുത്താറിയുടെയും കതിർ മാത്രമാണറുത്തെടുക്കുക. മുത്തുറി കതിർ മാത്രം അറുത്തെടുത്ത് മെതിക്കുകയോ തല്ലിക്കൊഴിക്കുകയോ ചെയ്യും. തിന ചവുട്ടി മെതിച്ച് കൊഴിച്ചെടുക്കുന്നു. ചാമ കൂട്ടിക്കെട്ടി തല്ലിക്കൊഴിക്കും. പുനംകൃഷിക്കുപയോഗിച്ചിരുന്ന വിത്തിനങ്ങൾ കറുത്തനെല്ല് (പൂതകാളി), പെരുവാഴ എന്നിവയാണ്.
വയനാട്ടിൽ ഇന്ന് നഞ്ച, പുഞ്ച എന്നിങ്ങനെ രണ്ടു ഋതുഭേദങ്ങളിൽ പ്രധാനമായും നെൽകൃഷി നടത്തുന്നു. തെളിവിതയ്‌ക്കൽ, വാളിച്ച എന്നിവ കാലഗണനയില്ലാതെ നടത്തുന്ന നെൽകൃഷി രീതിയാണ്. വയനാട്ടിൽ നഞ്ചയ്‌ക്ക് വിത്തിടുന്നത് മേടം, എടവം മാസങ്ങളിൽ തുടങ്ങും. മൂപ്പു കുറഞ്ഞ നെൽവിത്തുകൾ മിഥുനത്തിലെ വിതക്കാറുളളൂ. തുലാം, വൃശ്ചികം മാസത്തോടെ കൊയ്‌ത്തും കഴിയുന്നു. പുഞ്ചയ്‌ക്ക് വൃശ്ചികം പകുതിയോടെ വിത്തു വിതക്കുന്നു. മീനം, മേടം അവസാനത്തിൽ കൊയ്‌ത്തു കഴിയുന്നു.
തെളിവിതക്കൽ ഃ പണ്ടേ തുടരുന്ന നെൽകൃഷിരീതി. ഏതു സമയത്തും വിത്തുവിതക്കാം. വെളളം കണ്ടത്തിൽ നിറച്ച് കലക്കി, മുളപ്പിച്ച് വിത്തുപയോഗിച്ചും മുളപ്പിക്കാതെയും വിത്തെറിയാം. സാധാരണ പഴയ വിത്തുകളാണ് തെളിവിതയ്‌ക്കാനെടുക്കുക. പഴയ വിത്തുകളായ വെളിയൻ, ചോമാല, തൊണ്ടി, ചെന്താടി തുടങ്ങിയവ തെളിവിതക്കാനെടുക്കാറുണ്ട്. മൂഴി ഉണ്ടാവുന്ന സ്ഥലങ്ങളിൽ തെളിവിതക്കാൻ വെളളപ്പൂഞ്ച, കല്ലടിയാരൻ, എടവക എന്നിവ തിരഞ്ഞെടുക്കുന്നു.
വാളിച്ച ഃ വയൽ നല്ലവണ്ണം പൂട്ടിയശേഷം വിത്തുവിതക്കുന്ന രീതി. ജലശേചനം വേണ്ട. വെളിയൻ, ചെന്താടി, കല്ലടിയാരൻ എന്നിവ വാളിച്ചക്കും ഉതകുന്നവതന്നെ.
വയനാടൻ വിത്തിനങ്ങൾ ഃ കറുത്തനെല്ല്, പെരുവാഴ, ചെന്താടി, ചെമ്പത്തി, മുണ്ടകൻ, കയ്‌മ, ഇറിണികയ്‌മ, ഓംപുഞ്ചഅടുക്കൻ, ചോമാല, ചെന്നെല്ല്, ഗന്ധകശാല, ജീരകശാല, തൊണ്ടി, മരത്തൊണ്ടി, പാൽത്തൊണ്ടി, ഞവരപ്പുഞ്ച, തൊണ്ണൂറ്റാംതൊണ്ടി. വയനാട്ടിൽ എല്ലായിടത്തും പ്രചാരമുളള വിത്തിനമാണ് വെളിയൻ. ഇന്നും വെളിയൻ കൃഷിയുണ്ട്. ഗന്ധകശാലയും ഇതുപോലെത്തന്നെ.
വിത്തൊരുക്കൽ ഃ കൊയ്‌ത്തുകഴിഞ്ഞ ഉടനെ നല്ല നെല്ല് വിത്തിനു തെരഞ്ഞെടുക്കുന്നു. ഈ നെല്ല് മുറ്റത്ത് ഉണങ്ങാനിടുന്നു. തുടർച്ചയായി 14 ദിവസം വെയിലും മഞ്ഞും കൊളളിക്കുന്നു. എന്നിട്ട് പാറ്റി കെട്ടിവെക്കുകയാണ് പതിവ്.
വിത്ത് മുളപ്പിക്കുന്നവിധം ഃ വയനാട്ടിൽ മുളപ്പിച്ചെടുത്ത വിത്താണ് സാധാരണ വിതയ്‌ക്കാറ്, വിത്തു മുളപ്പിക്കുന്നതിന് രണ്ട് രീതികളുണ്ട്. മുളപ്പിക്കേണ്ട വിത്ത് വലിയ പാത്രത്തിൽ ഇട്ടശേഷം വിത്ത് മൂടത്തക്കവിധം വെളളമൊഴിക്കുന്നു. 12 മണിക്കൂർ വെച്ചശേഷം വെളളത്തിൽ നിന്നൂറ്റിയെടുക്കുന്നു. അധികം കട്ടിയില്ലാതെ ചാണകവെളളം കലക്കി അതിൽ ഒരുപോലെ കുഴച്ച്, വാഴയിലവെട്ടി നിർത്തിയതിനും മുകളിൽ വട്ടത്തിൽ പരത്തിയശേഷം വാഴയിലകൊണ്ടുമൂടി അതിനു മുകളിൽ പുല്ലിട്ടു മൂടുന്നു. അതിനുമുകളിൽ ഭാരം വെക്കുന്നു. നാലാം ദിവസത്തേക്ക് വിത്ത് നന്നായി മുളക്കും.
രണ്ടാമത്തെ രീതി ഃ വിത്ത് ചാക്കിൽ കെട്ടി ഒരു ദിവസം മുഴുവൻ വെളളത്തിലിടുന്നു. പിറ്റേന്ന് പുറമെയെടുത്തു വിതക്കും. അങ്ങനെ കിടന്ന് രണ്ടുദിവസം കഴിയുമ്പോൾ നന്നായി പൂട്ടിയൊരുക്കുന്നു. വയലിൽ ചപ്പും, ചാണകവും വെണ്ണീറുചെല്ലാം ഇട്ടശേഷം കണ്ടം നന്നായി പൂട്ടിക്കലക്കുന്നു. പൂട്ടാൻ സാധാരണയായി കാളകളെ ഉപയോഗിക്കുന്നു. അതിന് കാളകൾക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ശബ്‌ദങ്ങളുണ്ട്. അവ ഈണത്തിൽ മൂളുന്നു.
ഇ… രേ… രേ… എന്നീ മൂളലുകൾ കാലികൾ നേരെ നടക്കുന്നതിനും ഓഹ.. കാലികളെ തിരിക്കുന്നതിനും, ഓവ്വ… കാലികളെ നിർത്തുന്നതിനും, അഡുക്ക… വരമ്പു മറികടക്കുന്നതിനും മൂളുന്നു. പണിയെടുക്കുന്നവരായ പണിയരെ വയനാട്ടിലെ വളളിയൂർക്കാവ് ഉത്‌സവസമയത്ത് (മകരം 14) ഓരോ ജന്‌മിയുടെ വീട്ടിലും നില്‌പണം കൊടുത്ത് ഒരു കൊല്ലത്തേക്ക് നിശ്ചയിക്കുന്നു. ചിലയിടങ്ങളിൽ വിഷുവിനാണ് ഈ പതിവ്. ഇങ്ങനെ നിശ്ചയിക്കപ്പെടുന്ന പണിയർ അടുത്ത വളളിയൂർക്കാവുവരെ അതേ ജന്‌മിക്ക് പണിയെടുക്കണം എന്നാണ്. ജന്‌മിമാരുടെ നെൽകൃഷിയും മറ്റും പണികളും വേണ്ടുംവിധം നടത്തുന്നത് പണിയരാണ്.
Generated from archived content: aug28_vithu.html Author: k_sudheer