കാവേരി നദിക്കിപ്പുറം മാത്രമേ പൊനംകൃഷി പാടുളളൂവെന്നാണ് കാസർഗോഡുജില്ലയുടെ കിഴക്കൻ മേഖലയിലെ വിശ്വാസം. ‘കാവേരിയമ്മയുടെ മണ്ണിൽ കരിച്ചു വാളിക്കൂട, കലക്കി വെതച്ചൂട’ എന്നാണ് നാട്ടുമൊഴി. തലക്കാവേരിയിലും ഭാഗമണ്‌ഡലത്തും പിടിക്കാനെത്തും മടിക്കേരിയിലും പൊനംകൃഷിയില്ലത്രേ. മകരം പത്തിനാണ് പൊനംപണിയുടെ ആരംഭം. വെട്ടിക്കൂട്ടിയ കാടിന് തീയിട്ട് കിളച്ചു വൃത്തിയാക്കി കുംഭമാസത്തോടെ നിലമൊരുക്കുന്നു. പൊനമണ്ണ് നിരപ്പാക്കാനും വൃത്തിയാക്കാനും ഉപയോഗിക്കുന്നത് ‘പരുവ’യെന്ന പണിയായുധമാണ്. ചിലപ്പോൾ കാളയെ പൂട്ടും. എങ്കിലും മണ്ണ് നന്നായിളകുംവിധം ഉഴാറില്ല.
മീനം പത്തിനാണ് വിത്തിടൽ. ചാമ, തിന, റാഗി, മുത്താറി, എളള്, ആവണക്ക്, പരുത്തി തുടങ്ങിയവയുടെ സമ്മിശ്രകൃഷിയാണ് പതിവ്. പരുത്തിയിൽനിന്നുളള നൂല് പ്രാദേശികമായിത്തന്നെ വസ്‌ത്രനിർമ്മാണത്തിനുപയോഗിക്കാം. അതിരുവഴിയിലാണ് ചാമ, തിന തുടങ്ങിയവ വിതക്കുന്നത്. വളർന്നുമുറ്റിയ ഇവ പൊനത്തിന് അതിർത്തിയായി നിലകൊളളുന്നു. പൊനനിലത്തെ മരങ്ങളിൽ ചെരങ്ങയും നരമ്പനും പടർത്തും. പൊനവെളളരിയും നടും. കന്നിമാസംതുടക്കത്തിലാണ് ‘കത്തിരിപ്പായതാക്കുന്നത്.’ വിളകൾക്കിടയിൽ വളർന്നുവരുന്ന കാട്ടു പടർപ്പുകൾ പറിച്ചെടുത്ത് കൃഷിയിടത്തിൽ തന്നെ പൂഴ്‌ത്തുന്ന ഏർപ്പാടാണിത്. ജൈവകൃഷിയുടെ അടിസ്ഥാന തത്വമാണിവിടെ പാലിക്കപ്പെടുന്നത്.
പൊനംവിത്തുകളിൽ പ്രധാനം ‘ചെന്നെല്ലി’നാണ്. മേടത്തിലാണ് ചെന്നെല്ല് ‘വാളു’ന്നത്. മൂപ്പെത്താൻ നാലുമാസം വേണം. മീനത്തിൽ വിതയ്‌ക്കുന്ന വിത്തുകളെ ഇളവിത്തുകൾ എന്നു വിളിക്കുന്നു. ഇവയ്‌ക്ക് മൂപ്പ് കുറവാണ്. ‘തവ്വൻ’ ആണ് ഇളവിത്തുകളിൽ പ്രധാനം. ചോന്നതടിച്ചിൽ, വെളുത്ത തടിച്ചിൽ, ചെമ്മേള് എന്നീ ഇളവിത്തുകൾ ചെന്നെല്ല് വിതച്ച ശേഷവും വിതക്കാം. വീട്ടുപറമ്പുകളിലും വിശാലമായ അടുക്കങ്ങളിലും വിതക്കാൻ മുണ്ടോളൻ, തൗവ്വൻ, വെളളച്ചോമൻ മുതലായ വിത്തുകൾ ഉപയോഗിക്കുന്നു. പൊനം കാക്കൽ വളരെ പ്രധാനമാണ്. കൃഷിയിടത്തിനു നടുവിൽ കാവൽമാടം കെട്ടിയുണ്ടാക്കും. കാവൽമാടം ഉണ്ടാക്കുന്നതിനും മുഹൂർത്തം നോക്കണം. വിള നശിപ്പിക്കുന്ന പന്നികളെ ഓടിക്കുന്നത് കവണ ഉപയോഗിച്ചാണ്. കവണയിൽനിന്നും പറക്കുന്ന കല്ലുകളുടെ മൂളൽ കേട്ടാൽ പന്നികൾ അടുക്കില്ല. മൃഗങ്ങളെ അകറ്റാൻ വയൽ നടുവിൽ ഒരു മണൽത്തിട്ടുണ്ടാക്കി അവിടെ തീയെരിക്കുകയും പതിവുണ്ട്. മലംകൃഷിയിടങ്ങളിൽ കീടനിയന്ത്രണത്തിനായി വിലക്കും മന്ത്രവാദവും പതിവുണ്ടായിരുന്നു. ഒപ്പം കൃഷിവൈദ്യവും. നെല്ല് ചൂടുമൂലം കരിയുന്ന “വെമ്പടിക്കൽ” രോഗത്തിന് ചില പച്ചമരുന്നുകൾ ഇടിച്ച് പൊടിച്ച് കുരുത്തോലകൊണ്ട് വാഴപ്പോളയിൽ കെട്ടി ചെടികൾക്കിടയിൽ ഒരു കമ്പിൽ കെട്ടി വയ്‌ക്കും. ‘വെമ്പുംകണ്ട’ എന്ന മഞ്ഞൾ വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണീ മരുന്നുകളിൽ പ്രധാനം. ‘വെമ്പുപൊളിക്കൽ’ എന്നാണ് ഈ കൃഷിചികിത്‌സയ്‌ക്ക് പേര്. നെൽച്ചെടിയുടെ വേരുകൾ ചിതലരിച്ചു നശിക്കുന്ന ‘നിലഭീതി’ എന്ന രോഗത്തിനുമുണ്ട് മരുന്നുകൾ.. ചെറവൻ, പുലയൻ തുടങ്ങിയ സമുദായത്തിൽപ്പെട്ട നാട്ടുവൈദ്യന്മാരാണ് വെമ്പു പൊളിക്കൽ നടത്തിയിരുന്നത്.
Generated from archived content: oct7_vithu.html Author: k_rajashree