തെയ്യക്കോലങ്ങളുടെ മുഖത്തെഴുത്ത്‌

ഉത്തരകേരളത്തിലെ അനുഷ്‌ഠാനകലകളിൽ അഗ്രഗണ്യമായ സ്‌ഥാനം അലങ്കരിക്കുന്ന തെയ്യം കലാരൂപങ്ങൾ മാത്രമാണ്‌ വ്യാപകമായ മുഖത്തെഴുത്തുകൊണ്ട്‌ ഭാവാഭിനയങ്ങളെ പൂർണ്ണതയിലെത്തിക്കുന്നത്‌. അനുഷ്‌ഠാനപരമായ തെയ്യക്കോലങ്ങൾ കാസർഗോഡിന്റെയും കണ്ണൂരിന്റെയും ഇടയിലുളള കാവുകളേയും ക്ഷേത്രങ്ങളേയും പളളിയറകളേയും കോട്ടങ്ങളേയും ഉൽസവത്തിമർപ്പിൽ ആറാടിക്കുകയാണ്‌ പതിവ്‌. തെയ്യം (കോലം) കലാകാരനെ ഏൽപ്പിക്കുന്ന ‘തെയ്യംകൊടുക്കൽ’ ചടങ്ങുമുതൽ അവസാനിക്കുന്നതുവരെയും മുഖത്തെഴുത്തിന്‌ വളരെ പ്രാധാന്യം കല്പിക്കുന്നു. സ്ര്തീതെയ്യക്കോലങ്ങൾക്കും പുരുഷതെയ്യക്കോലങ്ങൾക്കും ഇതുമൂലം പ്രതീകാത്‌മകമായ വ്യത്യാസം കാണുന്നു.

വണ്ണാൻ, മലയൻ, മാവിലാൻ, വേലൻ, കോപ്പാളൻ തുടങ്ങിയ സമുദായങ്ങളിലെ ‘ആചാരക്കാരൻ’ എന്ന അവകാശം നേടിയിട്ടുളള വ്യക്തി ഉൽസവത്തിന്‌ തുടക്കം കുറിക്കുന്ന ദിവസം സന്ധ്യയ്‌ക്ക്‌ കൊടിയില വാങ്ങുന്നു. അടയ്‌ക്ക, വെറ്റില, മഞ്ഞൾ, അരി, കത്തിച്ചുവച്ച തിരി എന്നിവ അടക്കം ചെയ്‌ത ഈ അനുഷ്‌ഠാനകർമ്മം അലിഖിത നിയമങ്ങളായി ഇന്നും നിലനിൽക്കുന്നു. തോറ്റംപാട്ടുകൾക്ക്‌ ശേഷം മുഖത്തെഴുത്ത്‌ നടക്കുന്നു. ശരീരത്തിലുടനീളം ആടയാഭരണങ്ങൾ ധരിച്ച്‌ പൂർണ്ണതയിലെത്താത്ത ഈ കലാരൂപം മുഖത്തെഴുത്ത്‌ നടക്കുമ്പോൾ തന്നെ ശക്‌തമായ വ്യതിയാനവും ക്രമാനുക്രമമായി നടക്കുന്നത്‌ നമുക്ക്‌ ദർശിക്കാൻ കഴിയും. ക്രൂരതയാർന്ന തെയ്യക്കോലങ്ങളുടെ ബീഭൽസത മുഖത്തെഴുത്തിലൂടെ തിരിച്ചറിയാൻ കഴിയും.

മുഖത്തെഴുത്തിന്‌ ഉപയോഗിക്കുന്നത്‌ പ്രധാനമായും ചായില്യം, മണേല, കരിപ്പൊടി മുതലായവയാണ്‌. ഇവയെല്ലാം എണ്ണയിൽ ചാലിച്ച്‌, ചതച്ച്‌ ഈർക്കിൽകൊണ്ടുണ്ടാക്കിയ നേർത്ത ബ്രഷ്‌ ഉപയോഗിച്ചാണ്‌ മുഖത്തെഴുതുന്നത്‌. ഇവയിൽ മണേലയും ചായില്യവും ഏതുനിറത്തിലും ലഭ്യമാണ്‌. പല തെയ്യക്കോലങ്ങൾക്കും വേണ്ടിയുളള പലതരത്തിലുളള മുഖത്തെഴുത്ത്‌ അണിയറയിൽ കലാകാരൻമാർ ഒരുക്കുകയാണ്‌ പതിവ്‌. തെയ്യങ്ങളുടെ വ്യത്യാസത്തിനനുസരിച്ച്‌ മുഖത്തെഴുത്ത്‌ പല പേരുകളിലും അറിയപ്പെടുന്നു. ഉദാഹരണമായി പഞ്ചുരുളി തെയ്യങ്ങൾക്കുളള പ്രാകെഴുത്ത്‌, മോനാച്ച ഭഗവതിക്കുളള വൈരച്ചുരുള്‌, ചാമുണ്‌ഡിത്തെയ്യങ്ങൾക്കുളള ശംഖവാള്‌, നരിക്കുച്ച്‌ എഴുത്ത്‌, തേപ്പുംകുറി, ഓലദ്ദൂരി ഇങ്ങനെയുളളവ. എന്നാൽ മുഖത്ത്‌ എഴുതാതെ കേവലം പാള(കഴുങ്ങോല)യിൽ ചിത്രം വരച്ച്‌ മുഖാവരണമാക്കി മാറ്റുന്ന തെയ്യക്കോലങ്ങളെയും മലബാറിലെ പലഭാഗങ്ങളിലും കാണാൻ കഴയും. ഗുളികൻ, പൊട്ടൻ എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു.

Generated from archived content: kalam_feb10_06.html Author: k.suresan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here