തിരുവാതിര നോൻപ്‌

“ധനുമാസം തിങ്കളിൽ തിരുവാതിര

മംഗല്യസ്‌ത്രീകളാം ഞങ്ങൾ നോറ്റൂ”

ഒരായിരം മൃത്യൂഞ്ഞ്‌ജയഹോമം കഴിച്ചതിലേറെ ഫലം സിദ്ധിക്കുമെന്ന്‌ ഫലശ്രുതിയുളളതാണ്‌ തിരുവാതിരനോമ്പ്‌. സ്‌ത്രീകൾക്കുമാത്രം പങ്കുളളതാണ്‌ ആർദ്രദർശനം. ധനുമാസത്തിലെ അശ്വതിനാളിലാണ്‌ തിരുവാതിര ആഘോഷത്തിന്റെ തുടക്കം. അശ്വതി പുലരുന്നതിനുമുമ്പായി സ്‌ത്രീകൾ കൂട്ടത്തോടെ കുളക്കടവിലേയ്‌ക്കുനടക്കും. കുളക്കടവിൽ അരയ്‌ക്കൊപ്പം വെളളത്തിൽ തുടിച്ചും, തൈരുകടഞ്ഞും ആണ്‌ കുളി. ‘ധനുമാസത്തിൽ തിരുവാതിര’ എന്നുതുടങ്ങുന്ന പഴയപാട്ടാണ്‌ പ്രധാനം. തിരുവാതിരനാൾ വരെ ഇതുതുടരും. ത്രേതായുഗത്തിൽ തന്റെ ഭക്തയായ ബ്രാഹ്‌മണബാലികയുടെ മരിച്ചുപോയ ഭർത്താവിന്റെ ജീവൻ പാർവ്വതി സ്വന്തം പതിയിൽനിന്ന്‌ നേടിയെടുത്തതുമായി ബന്ധപ്പെട്ടാണ്‌ ആർദ്രാദർശനം. അത്‌ തിരുവാതിരനാളിൽ ആയിരുന്നു എന്നൊരു പക്ഷമുണ്ട്‌. മകയിരം നാളിൽ കുളികഴിഞ്ഞ്‌ ഭക്ഷണശേഷം മംഗല്യവനിതകളും അല്ലാത്തവരും 108 വെറ്റില മുറുക്കേണ്ടതിനുളള ഒരുക്കങ്ങൾ തുടങ്ങും. നെടുമംഗല്യത്തിനായി ഒരു സ്‌ത്രീക്ക്‌ അനുഷ്‌ഠിക്കാവുന്ന പ്രധാനക്രിയകളിൽ ഒന്നാണ്‌ 108 വെറ്റിലമുറുക്കൽ. തിരുവാതിരനാൾ രാവിലെ മുതൽ രാത്രിവരെയുളള സമയത്തിനകത്ത്‌ ഈ വെറ്റിലയത്രയും മുറുക്കിത്തീർക്കണം. ദശപുഷ്‌പങ്ങൾ, അഷ്‌ടമംഗല്യം എന്നിവക്കുമുന്നിലിരുന്നുവേണം വെറ്റില തെരഞ്ഞെടുക്കേണ്ടത്‌. മക്കളുടെ ഉന്നതിക്കുവേണ്ടി മകയിരംനാളിലും നോമ്പുനോൽക്കുന്നവരുണ്ട്‌. മകയിരം നാളിൽ രാത്രി ഉറങ്ങാൻ പാടില്ല. ഭർത്തൃസുഖത്തിനും ആയുരാരോഗ്യത്തിനും വേണ്ടി സ്‌ത്രീകൾ ഉറക്കമൊഴിക്കുന്നു. അർദ്ധരാത്രിയിൽ നടുമുറ്റത്ത്‌ ഒത്തുകൂടി പാതിരാപ്പൂ ചൂടുന്നു (കൊടുവേലിപ്പൂവ്‌). നിലവിളക്ക്‌ കൊളുത്തിവച്ച്‌ ദശപുഷ്‌പവും അടയ്‌ക്കാമണിയനുംകൊടുവേലിയും തലയിൽചൂടി വിളക്കിനുചുറ്റും ‘മംഗലയാതിരനൽപുരാന്‌’ എന്ന പാട്ടുപാടിക്കളിക്കുന്നു. അതിനുശേഷം ഊഞ്ഞാലാടണം. തിരുവാതിരനാളിൽ സരസ്വതീയാമത്തിൽ സ്‌ത്രീകൾ കുളത്തിലെത്തണം. വെളളത്തിൽ തുടിക്കലും പാടലും കഴിഞ്ഞ്‌ കുളിച്ചുകയറി അവിടെത്തന്നെ വിളക്കുവച്ച്‌ ഈറൻമാറി കണ്ണെഴുതിപൊട്ടുതൊട്ട്‌ കൈകൊട്ടിക്കളിക്കണം. ഭഗവാന്റെ തുടികൊട്ടിന്റെ ശബ്‌ദത്തെ അനുകരിച്ചാണ്‌ തുടിച്ചുകുളിക്കുന്നത്‌.

തിരുവാതിരനാൾ നോമ്പാണ്‌. തുളസിപ്പൂവും കരിക്കിൻവെളളവും മൂന്നുപ്രാവശ്യം കുടിച്ചാണ്‌ തുടക്കം. അരിഭക്ഷണം പാടില്ല. തണുപ്പുകാലമാണെങ്കിലും തണുപ്പിന്റെ ശക്തി കൂട്ടുന്നവയാണ്‌ തിരുവാതിര നാളിലെ ഭക്ഷണങ്ങൾ. ചെറുപഴവും ഇളനീരും കൂവപ്പൊടി ശർക്കരയിട്ടു വിരകിയതുമാണ്‌ പ്രധാനം. സതീദേവി പാർവ്വതിയായി ജൻമമെടുത്തു ശിവനെ ലഭിക്കാൻ തപസ്സുചെയ്‌തുകൊണ്ടിരുന്നു. പ്രത്യക്ഷപ്പെടാതായപ്പോൾ ആഹാരം കഴിക്കാതെ കഠിനതപസ്സുതുടങ്ങി. കാട്ടിലായിരുന്നു തപസ്സ്‌. പാർവ്വതിയുടെ അവസ്‌ഥ കണ്ടപ്പാൾ കാട്ടിൽ വസിക്കുന്നവരായ എട്ടുസ്‌ത്രീകൾ അവർ കഴിക്കുന്ന ആഹാരപദാർത്‌ഥങ്ങൾ കിഴങ്ങുവർഗ്ഗങ്ങൾ പാർവ്വതിക്കു കാഴ്‌ചവെച്ചു. ഒരു സ്‌ത്രീ കൂവനീരാണ്‌ കഴിക്കാറ്‌ എന്നുപറഞ്ഞ്‌ അതും നൽകി. ആരെയും പിണക്കേണ്ട എന്നുകരുതി പാർവ്വതി അതെല്ലാം സ്വീകരിച്ചു. വേവിച്ചെടുക്കാൻ പാത്രമില്ലാത്തതിനാൽ ചുട്ടെടുത്ത്‌, കൂട്ടിയിളക്കി ഭഗവാനുനിവേദിച്ചശേഷം കഴിച്ചു. കൂവനീരും കുറുക്കി കഴിക്കുന്നു. ഈ എട്ടുസ്‌ത്രീകൾ നൽകിയ ഭക്ഷണപദാർത്‌ഥങ്ങളാണ്‌ ‘എട്ടങ്ങാടി’ എന്നറിയപ്പെടുന്നത്‌. പാതിരാപ്പൂ ചൂടിക്കഴിഞ്ഞശേഷം എട്ടങ്ങാടി നിവേദിച്ചുകഴിക്കേണ്ടതാണ്‌. കാച്ചിൽ, ചേമ്പ്‌, ചെറുകിഴങ്ങ്‌, ചേന, മുതിര, കായ, കരിമ്പ്‌, കൂർക്ക എന്നിവ ചേർത്താണ്‌ എട്ടങ്ങാടി തയ്യാറാക്കുന്നത്‌. ദേശഭേദങ്ങൾക്കനുസരിച്ച്‌ എട്ടങ്ങാടി തയ്യാറാക്കുന്നതിലും വ്യത്യാസമുണ്ട്‌. കാച്ചിൽ, ചേമ്പ്‌, ചെറുകിഴങ്ങ്‌, ചേന, മുതിര, കായ, കരിമ്പ്‌, കൂർക്ക എന്നിവയുടെ ഒരുഭാഗം കനലിൽ ചുട്ടെടുത്തും ബാക്കിവേവിച്ചും കൂട്ടിയിളക്കുന്നു. അതിലേയ്‌ക്ക്‌ എളളും മുതിരയും വറുത്ത്‌ ചേർത്തിളക്കുന്നു. ചിലർ ഇളനീരും ശർക്കരപാനിയും ചേർക്കുന്നു. ഇത്‌ കുറെസമയം കേടുകൂടാതിരിക്കും. കേരളത്തിന്റെ വടക്കേഅറ്റത്തുനിന്നു തെക്കോട്ടുപോകുന്തോറും തിരുവാതിര ആഘോഷങ്ങൾക്ക്‌ വളരെയേറെവ്യത്യാസമുണ്ട്‌. തെക്കൻജില്ലകളിലാണ്‌ ആഘോഷംകൂടുതൽ. കായ ചുട്ടുതിന്നണം എന്നതു നിർബന്ധമാണ്‌. ഇതേ കിഴങ്ങുവർഗ്ഗങ്ങൾ ഉപയോഗിച്ച്‌ പുഴുക്കും തയ്യാറാക്കും. ഉപ്പുംമുളകും ചേർത്തുതയ്യാറാക്കുന്നു. അരിഭക്ഷണത്തിനുപകരം ഗോതമ്പ്‌, ചാമ ഇവകൊണ്ടുണ്ടാക്കുന്ന കഞ്ഞിയോ ചോറോ കഴിക്കുന്നു. നേന്ത്രക്കായ്‌ നാലുകീറി വറുത്ത ഉപ്പേരിയുംപപ്പടവും പ്രധാനമാണ്‌.

“പന്തലടിച്ചു തളിച്ചു മെഴുകി

പന്തലിൽ പട്ടുവിതാനിച്ചിട്ട്‌

വാഴയ്‌ക്ക, ചേന, ചെറുകിഴങ്ങ്‌

ഗോതമ്പും നല്ല വരിതിനയും

നോമ്പിനു വേണ്ടുന്ന കോപ്പുകൂട്ടി

പാർവ്വതി പാടി ഗണപതിയെ

രുഗ്‌മിണി പാടി സരസവതിയെ

തോഴിമാർ എല്ലാരും ഏറ്റുപാടി

എക്കങ്ങാടി വക നേദിച്ചിട്ട്‌

പാതിരാപൂവു പറിച്ചു ചൂടി

സന്താനഗോപാലം ചൊല്ലുന്നോർക്ക്‌

സന്തതിക്കേറ്റം പ്രധാനമല്ലോം”

തുടിച്ചുകുളി, പാതിരാപ്പൂചൂടൽ, മലർവറുക്കൽ, തിരുവാതിരക്കളി എട്ടങ്ങാടി നിവേദിക്കൽ തുടങ്ങിയവ സൗഭാഗ്യകരമായ ദാമ്പത്യജീവിതംനയിക്കാൻ സഹായിക്കുന്നു. ഊഞ്ഞാലിട്ട്‌ അതിൽകയറി ആടിയും പാടിയും പരമശിവനേയും ശ്രീകൃഷ്‌ണനേയും പ്രാർത്‌ഥിക്കണം. അത്താഴം സന്ധ്യയ്‌ക്കുമുമ്പേ കഴിക്കണം. കാലത്തും വൈകീട്ടും ശിവ ക്ഷേത്രദർശനം നിർബന്ധമാണ്‌. മലയാളമനസ്സിൽ മംഗല്യമഹത്വത്തിന്റെ നെയ്‌വിളക്കു തെളിയിച്ച തിരുവാതിരയുടെ ചടങ്ങുകൾ പലതും കൈമോശംവന്നുവെങ്കിലും പ്രിയതനമനുവേണ്ടി പ്രാർത്‌ഥനയോടെ നിൽക്കുന്ന അംഗനമാരെ ഇന്നും ഗ്രാമന്തരങ്ങളിൽ കാണാം.

Generated from archived content: annam_jan13_06.html Author: jothy_m

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here