ആചാരനുഷ്‌ഠാനങ്ങളോടെ ദേവിയുടെ കഥ പാട്ടുരൂപത്തിൽ അവതരിപ്പിക്കുന്നതാണ് തോറ്റംപാട്ട്. കഥതന്നെ മൂന്നു ഘട്ടമായാണ് പറയുന്നത്. പണ്ടുപണ്ട് തെക്കേകൊല്ലം, വടക്കേകൊല്ലം എന്നീ രണ്ടിടത്തും ഓരോ രാജാവും രാജ്ഞിയും താമസിച്ചിരുന്നു. വടക്കെകൊല്ലത്തെ രാജാവിനും രാജ്ഞിക്കും കുട്ടികളുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ അവർക്ക് ഒരു പൂത്തിലഞ്ഞിക്കുരു കിട്ടി. അവരത് കുഴിച്ചിട്ട് നനച്ച് വളർത്തി. അത് വലിയ മരമായി. ഒരിക്കൽ രാജാവും രാജ്ഞിയും ആ മരത്തിന്റെ ചുവട്ടിൽ ഒന്നുംരണ്ടും പറഞ്ഞിരിക്കുകയായിരുന്നു. അപ്പോൾ മരത്തിന്റെ തെക്കേകൊമ്പിൽ ഒരു പെൺകുയിലും വടക്കേകൊമ്പിൽ ഒരു ആൺകുയിലും വന്നിരുന്നു. അന്ന് മനുഷ്യർക്ക് പക്ഷികളുടെ ഭാഷ അറിയാമായിരുന്നു. അവർ തമ്മിൽ ആദ്യമൊന്ന് നോക്കി. ആൺകിളി പെൺകിളിയോട് ചോദിച്ചു, നിന്റെ നാടെവിടെ? വീടെവിടെ?ഉറ്റവരുണ്ടോ?ഉടയവരുണ്ടോ? പെൺകിളി പറഞ്ഞു എനിക്ക് ഉറ്റവരില്ല, ഉടയവരുമില്ല. ഞാനേകയാണ്. പെൺകിളി ആൺകിളിയോട് ചോദിച്ചു. ആൺകിളിയും പറഞ്ഞു. എനിക്കും ഉറ്റവരുമില്ല, ഉടയവരുമില്ല. അല്പസമയം കഴിഞ്ഞ് അവൻ പറഞ്ഞു. അല്ലാ, ഞാനും ഏകൻ നീയും ഏക. നമുക്ക് ഒന്നിച്ചങ്ങ് ജീവിക്കാം. പെൺകിളി സമ്മതിച്ചു. കൂടുവച്ചു. പെൺകിളി രണ്ടുമുട്ടകളിട്ടു. അടയിരുന്നു. കുഞ്ഞുങ്ങളായി. അച്ഛൻ കിളി ഇരതേടാൻ പോയാൽ അമ്മക്കിളി മക്കളെനോക്കിയിരിക്കും. തിരിച്ചും അങ്ങനെതന്നെ. എന്നാൽ ഒരു ദിവസം രണ്ടുപേരും കൂടി ഇരതേടാൻ പോയി. ഒരു കഴുകൻ കുട്ടികളെ കൊത്തിതാഴെയിട്ടു. രണ്ടും ചത്തുപോയി.
ഇതെല്ലാം കണ്ടുംകേട്ടും രാജാവും രാജ്ഞിയും താഴെയിരുപ്പുണ്ട്. അവർക്ക് കുഞ്ഞുങ്ങളില്ലാത്തതിന്റെ ദുഃഖം ഏറി. വഴിപാടുകൾ നേർന്നു. എണ്ണതേയ്‌ക്കാത്തവർക്ക് തലനിറച്ച് എണ്ണ, ആഹാരമില്ലാത്തവർക്ക് ആഹാരം, ചുമടുതാങ്ങികൾക്ക് അത്താണി. ഇങ്ങനെപോയി അവരുടെ നേർച്ച. അങ്ങനെ എല്ലാവരുടെ സന്തോഷത്താലും അനുഗ്രഹത്താലും അവർക്ക് ഉണ്ണിപിറന്നു. കൊഞ്ചിച്ചുംലാളിച്ചും അവനെ വളർത്തി. വലുതായപ്പോൾ അവന് ഒരു പീടിക ഇട്ടുകൊടുത്തു. ഒരു മനുഷ്യന് ജീവിക്കാനാവശ്യമായ എല്ലാ സാധനങ്ങളും ആ കടയിലുണ്ട്. ഉച്ചവരെ കച്ചവടം ചെയ്‌താൽ നാഴി പൊന്നിനുളള പണം കിട്ടും. പണം ഇങ്ങനെ കുമിഞ്ഞുകൂടി. അപ്പോഴാണ് ഈ വിവരങ്ങൾ കേട്ടറിഞ്ഞ് വേശ്യസ്‌ത്രീകൾ അവനെ വളച്ചെടുക്കാൻ പുറപ്പെട്ടത്. അവർ ഏഴുപേരുണ്ടായിരുന്നു. സാധനങ്ങൾ വാങ്ങും പണം കൊടുക്കില്ല. ചെക്കനാണെങ്കിലോ ഓരോ ദിവസവും ഓരോവീട്ടിൽ എന്നതായി നില. കടതുറക്കില്ല. വരുമാനംനിന്നു. സംഗതികൾ കേട്ടറിഞ്ഞ് അവന്റെ അമ്മ കടയിൽ ചെന്നു. കട പൂട്ടിക്കിടക്കുന്നു. അമ്മ വേശ്യമാരുടെ വീടുകൾ തേടിയിറങ്ങി. ഒന്നാമത്തെ വേശ്യയുടെ വീട്ടിൽ വച്ചുതന്നെ അവനെ കണ്ടെത്തി. വിവരങ്ങൾ അറിഞ്ഞ് അമ്മ വീട്ടിലെത്തി കാര്യങ്ങൾ അച്ഛനെ ധരിപ്പിച്ചു. അവർ അവനെ കല്ല്യാണം കഴിപ്പിക്കാമെന്ന തീരുമാനത്തിലെത്തി. അവർ കടലോടിയെ (ദല്ലാൾ) വിളിച്ചുവരുത്തി. എല്ലാവരും വെച്ചുണ്ണാനുളളതൊക്കെ കെട്ടിപ്പെറുക്കി നാടുമുഴുവൻ പെണ്ണിനെത്തേടിനടന്നു. മുടിയഴകുളള പെണ്ണിനെ കാണുമ്പോൾ കണ്ണഴകുണ്ടാവില്ല. കണ്ണഴകുളേളാൾക്ക് മൂക്കഴകുണ്ടാവില്ല. ഇങ്ങനെ വെച്ചുണ്ട് പെണ്ണിനെത്തേടി അവസാനം രണ്ടരനാഴി അരി അവശേഷിച്ചു. ചിറ്റുരുളി ഓട്ടയായി. അവരെത്തിപ്പെട്ടതോ ഒരു കാട്ടിന്റെ നടുവിലും. അവർ കടലോടിയെ കാട്ടിലെ വലിയ മരമായ പീച്ചിങ്ങത്തിന്റെ മുകളിൽ കയറ്റി കാക്കയാട്ടമോ തീപ്പുകയാട്ടമോ കാണാനുണ്ടോന്ന് നോക്കാൻപറഞ്ഞു. കടലോടികണ്ടു എന്ത്? ഒരു പാഴമ്പലം. കാക്കയാട്ടം. തീയാട്ടം.
ഹാവൂ! മനുഷ്യവാസം അടുത്തുണ്ടല്ലോ എന്നാശ്വസിച്ച് വഴിയിലെ വിശേഷമൊക്കെ പറഞ്ഞിരിക്കുമ്പോൾ അപ്പുറത്തെ മുറീല് നമ്മുടെ തെക്കേകൊല്ലത്തെ കൂട്ടരുണ്ടല്ലോ അവരുടെ മോൾക്ക് ചെക്കനെ തേടി ഇറങ്ങിയിരിക്കുകയാണ്. അവള് കൈത ഓലയുടെ കൂട്ടാണ്. മേപ്പോട്ടെയ്‌ക്കും കീപ്പോട്ടെയ്‌ക്കും ഉഴിയാൻ പാടില്ല. പറഞ്ഞാൽ അനുസരിക്കുമോ? അതുമില്ല. അങ്ങനെയാണെങ്കിൽ ഇവരെ രണ്ടുപേരെയും കൊണ്ട് കല്യാണം കഴിപ്പിച്ചാലോ? അവർക്ക് പെൺകുട്ടി കയ്യീന്ന് പോയാമതീന്നും ഇവർക്ക് ചെക്കനെ കെട്ടിച്ചാമതീന്നും. നിറത്തോടുനിറം ചേരും. കുലത്തോട് കുലവും. കല്യാണം തീരുമാനിച്ചു. കണിയാനെ വിളിച്ച് മുഹൂർത്തം നോക്കിച്ചു. മുഹൂർത്തം ഇല്ല. സംഗതി കിടക്കുന്നത് രണ്ടുപേരും ശിവന്റെ അംശങ്ങളാണ് എന്നാണ്. ഒടുവിൽ മുഹൂർത്തം ഏതാണ്ടൊപ്പിച്ചു. ചെറുക്കൻവീട്ടുകാർ തിരിച്ചുപോരുംവഴി എല്ലാവരേയും ക്ഷണിച്ചു. വീട്ടിലെത്തി. വിവാഹത്തിനുളള ഒരുക്കങ്ങളായി. ഏഴ് വലിയ പന്തൽ പണിതു. മാല വയ്‌ക്കാനുളള തയ്യാറെടുപ്പായി. കപ്പലിലാണ് പെണ്ണുവീട്ടിലേയ്‌ക്ക് പോയത്. നാലാമത്തെ കടവിൽ കടക്കൊറ്റിയമ്മ ചുങ്കം ചോദിച്ചു. പണം കരുതിയിട്ടില്ലെന്നും തിരികെ വരുമ്പോൾ തരാമെന്നും പറഞ്ഞു. ഈഴുവത്തമ്മാന്റെ കടവിലെത്തി. നൂലും താലിയും ഏറം കുഴലും അമ്മാവൻ നൽകി. അമ്മാവനെ കല്യാണത്തിനു ക്ഷണിച്ചു. “നീ വരുമ്മുമ്പ് ഞാനവിടെ എത്താമെന്ന്” അമ്മാവൻ പറഞ്ഞു. നടുക്കടലിൽ എത്തിയപ്പോൾ ഏറംകുഴല് വിളിച്ചു. തെക്കംകൊല്ലത്ത് ഈ സ്വരം കേട്ടു. അവിടത്തെ പെണ്ണിന് അതായത് വധുവിന് അപ്പോ കിട്ടണം ആ കുഴല്. കിട്ടിയില്ലെങ്കിലോ കല്യാണം വേണ്ടതന്നെ. ഒടുവിൽ അമ്മാവൻ ഇടപ്പെട്ടു. ഒരു പാവപൈങ്കിളിയെപ്പോലെ അമ്മാവൻ നടുക്കടലിലേയ്‌ക്ക് പറന്നു. കപ്പലിന്റെ മുകളിലെ കപ്പതണ്ടിലിരുന്ന തത്ത അമ്മാവന്റെ വരവിനെക്കുറിച്ച് വരെന്റെ കൂട്ടർക്ക് വിവരം കൊടുത്തു. അമ്മാവന്റെ ചിറകടിയാൽ കപ്പലിലെ എല്ലാവരും ഉറങ്ങിപ്പോയി. തക്കംനോക്കി അമ്മാവൻ കുഴലെടുത്ത് തെക്കൻകൊല്ലത്തേയ്‌ക്ക് പറന്നു. അവരാ കുഴലവിടെ വച്ചൂതി. ആ സ്വരം കപ്പലിലുളളവർ കേട്ടുണർന്നു. കുഴലില്ലാതെ അങ്ങോട്ട് പോകേണ്ടെന്ന് അവരും തീരുമാനിച്ചു. അവരവിടെനിന്നും തിരിച്ചുപോരാനാഞ്ഞ ഉടനേ അവന്റെ അമ്മാവനവിടെ നിന്ന് പറന്നുയർന്നു. പെൺവീട്ടിലെത്തി. ഒരിക്കലും ഊതില്ലെന്ന വാഗ്‌ദാനം നൽകി കുഴലുമെടുത്ത് തിരിച്ച് കപ്പലിലെത്തി. അവരുണ്ടോ വിടുന്നു. അവർ ഉടൻ കുഴൽ വിളിച്ചു. ഇതുകേട്ട തെക്കൻകൊല്ലക്കാർ മഴ പെയ്യിച്ച് യാത്ര തടസ്സപ്പെടുത്തി. അവർ തിരിച്ച് പോകാനൊരുങ്ങിയപ്പോൾ മഴ നിർത്തി. അങ്ങനെ അവർ കീഴ്‌ക്കടവിലെത്തി. വെടി പൊട്ടിച്ചു.
പന്തലിൽ എത്തി. മൂഹൂർത്തമായി. വധുവിന് പകരം കാർവണ്ടിന്റെ കഴുത്തിൽ മാലയിട്ടാലും മതി എന്നായി പെൺവീട്ടുകാർ. ചെക്കന്റെ കൂട്ടർക്ക് നാണക്കേടായി. അവർ പെണ്ണിന്റെ കഴുത്തിലേ മാലയിടൂ എന്നായി. തൊട്ടുതീണ്ടി മാലയിടരുതെന്നായി അമ്മാവൻ. മാലയിട്ടു, തൊട്ടുതീണ്ടിയാണിട്ടും. അഭിപ്രായം ആരുടേതെന്നായി അമ്മാവനോട് ചോദ്യം. തന്റെതന്നെയാണന്നു പറഞ്ഞ അമ്മാവന്റെ കൈയ് വെട്ടി കടലിലെറിഞ്ഞു. അത് പങ്കായമായി. കാലു രണ്ടും കപ്പക്കുറ്റിയായി. തല ഇടങ്ങഴിയായി. കണ്ണ് എട്ടുകാലിപ്പൊട്ടനായി. മാലവെയ്‌പ് കഴിഞ്ഞു. സ്‌ത്രീധനമൊക്കെയായി തിരികെ പോകാനുറച്ചു. അപ്പോഴാണവർക്ക് അവിടെ ചെന്നാൽ ചന്ദനം കിട്ടിയില്ലെങ്കിലോ എന്നു തോന്നിയത്. ഇവിടെ നിൽക്കുന്ന ചന്ദനമരം വേണമെന്നായി.
ഉറക്കമുണർന്നാൽകാണാനും ഉറക്കത്തിൽ സ്വപ്‌നം കാണാനും അത് വേണമെന്നായി അച്ഛൻ. ഒടുവിൽ മരത്തിന്റെ നടുഭാഗം മുറിച്ചെടുത്തു കൊണ്ടുപോകാനൊരുങ്ങി. ഇതൊക്കെ താങ്ങിനടക്കാൻ ഒരാൾ വേണമല്ലോ. ആറുമാസം ഉറക്കവും ആറുമാസം ഉണർച്ചയുമുളളവനും മുളക്കുറ്റികൊണ്ട് പല്ലുതേയ്‌ക്കുന്നവനും മുളചീന്തി നാവുവടിക്കുന്നവനുമായ വേതാളനേയും കൂട്ടാമെന്നു കരുതി. പോകാനൊരുങ്ങിയ മകളോട് ഇനി എന്നാണ് വരികയെന്നായി മാതാപിതാക്കൾ. കോഴീം കുറുക്കനും ഒരു കൂട്ടിൽ മുളയുന്ന അന്ന്, കാഞ്ഞിരത്തിന്റെ കയ്‌പ് മാറുന്ന അന്ന്, കീരീം പാമ്പും ഒന്നിക്കുന്ന അന്ന് എന്നിങ്ങനെയായി തിരിച്ചുവരുന്ന കാലത്തിന്റെ വർണ്ണന. എന്തായാലും ഭർത്തൃഗൃഹത്തിലേയ്‌ക്കു പോകാനുറച്ചു. അപ്പോഴുണ്ടൊന്നു പ്രശ്‌നം. പണ്ട് അയ്യപ്പൻ ദേവിയെ ഒന്നു കാംക്ഷിച്ചതാണ്. അതിനാൽ മലവഴിക്ക് പോയാൽ അയ്യപ്പൻ അവളെ തടഞ്ഞാലോ? അപ്പോ ആ വഴി പറ്റില്ല. കടലീക്കൂടി പോകാമെന്നുവച്ചാലോ? ചുങ്കം കൊടുക്കാനുണ്ടല്ലോ. ചെക്കനതുപറ്റില്ല. രണ്ടുപേരും വിപരീതദിശയിലൂടെ പോകാമെന്നായി. കൊല്ലത്താടി പേരാറ്റിൽ ആരാദ്യമെത്തുന്നുവോ അവർ വെടിപൊട്ടിക്കണം. രണ്ടുകൂട്ടരും വടക്കുംകൊല്ലത്ത് എത്തി. പണ്ട് അവളെ കാണാൻ അവന്റെ കൂട്ടുകാര് ചെന്നപ്പോൾ ഇവർ കാണുന്നതിനുമുമ്പ് ഞാൻ കണ്ടിരുന്നെങ്കിൽ ഞാൻ കെട്ട്യേനെ എന്ന് ഓരോരുത്തരും പറയുകയുണ്ടായതിനാൽ വിരുന്നുപോക്കു ചടങ്ങൊക്കെ പെട്ടെന്നവസാനിപ്പിച്ചു.
ഇവിടെ തോറ്റംപാട്ടിന്റെ ഒന്നാംഭാഗം കഥ അവസാനിക്കുകയാണ്. തോറ്റംപാട്ട് മൂന്ന് ഭാഗങ്ങളായി മൂന്ന് വർഷങ്ങളിലായാണ് അവസാനിക്കുക. വർഷത്തിലൊരിക്കലാണല്ലോ തോറ്റംപാട്ട് നടത്തുന്നത്. അങ്ങനെ മൂന്നാംവർഷത്തിലാണ് തോറ്റംപാട്ടിന്റെ അവസാനചടങ്ങായ കുരുതി കഴിക്കുക. ചിലപ്പോൾ നാല്പത്തിയൊന്ന് ദിവസത്തെ തുടർപരിപാടിയായും നടത്താറുണ്ട്. അങ്ങനെയെങ്കിൽ നാൽപത്തിയൊന്നാംദിവസമാണ് കുരുതി.
രണ്ടാംഘട്ടത്തിലെ കഥ ഇപ്രകാരമാണ്. വടക്കുംകൊല്ലത്തെത്തി ജീവിതം സുഖമായിരിക്കുന്നതിനിടയിൽ പരസ്‌ത്രീയുമായി ബന്ധം വരാനിടയാകുകയും ദേവിക്ക് വേദനയുണ്ടാക്കുകയും ചെയ്‌തു. സ്വത്ത് മുഴുവൻ നശിച്ചു തുടങ്ങി. ഒടുവിൽ ഭാര്യയ്‌ക്ക് ഭർത്താവിനെ വീണ്ടുകിട്ടി. ഇനി അവശേഷിക്കുന്ന കാൽച്ചിലമ്പിലൊന്ന് വിലക്കാനായി ഭർത്താവിനെ പാണ്ടിരാജ്യത്തിലേയ്‌ക്കയച്ചു. അവിടെയാണെങ്കിൽ ചിലമ്പ് മോഷണം പോയിരിക്കയായിരുന്നു. തട്ടാൻ തൊട്ടാൽ എട്ടിലൊന്നാണെന്നാണല്ലോ. തട്ടാൻമാരായിരുന്നു അതൊളിച്ചുവച്ചിരുന്നത്. ഇക്കഥയറിയാതെ ചിലമ്പുവിൽക്കാൻവന്ന അദ്ദേഹത്തെ കഴുവിലേറ്റിക്കൊന്നു. ഭർത്താവിനെ കാണാതെ അവർ അന്വേഷിച്ച് പാണ്ടിരാജ്യത്തിലെത്തി. വിവരമറിഞ്ഞ അവൾ കലിതുളളി കൊട്ടാരത്തിലെത്തി. ഒടുവിൽ സംശയനിവാരണത്തിനായി ചിലമ്പ് എറിഞ്ഞുടച്ചു. ഉളളിൽനിന്നും വന്ന മുത്തുകളുടെ വ്യത്യാസം മനസ്സിലായ രാജാവിന് തെറ്റ് ബോദ്ധ്യപ്പെട്ടു. രാജ്യം മുഴുവനും ദേവി മുച്ചൂടും മുടിച്ചു. ഇതോടെ രണ്ടാം ഭാഗം അവസാനിക്കുന്നു. ഇതിനിടയിൽ ഒരുപാട് രസകരങ്ങളായ വർണ്ണനകളുണ്ട്.
മൂന്നാംഭാഗത്തിൽ ദേവി അവിടെനിന്നും തിരിച്ച് കൊടുങ്ങല്ലൂരിലേയ്‌ക്ക് വരുന്ന രംഗമാണ്. ഓരോ ജാതിക്കും ഓരോ തൊഴിലുകളും വരവും നൽകി അനുഗ്രഹിച്ച് വരും. അതിനിടയിൽ ഭർത്താവിന് തപഃശക്‌തിയിൽ ജീവൻ നൽകുന്ന ഭാഗമൊക്കെയുണ്ട്. അങ്ങനെ കൊടുങ്ങല്ലൂര് ചെന്നിരിക്കും. ഇതോടെ ദേവീകഥയിലെ മൂന്നാംഭാഗവും അവസാനിക്കുകയാണ്. ഈ കഥ വെറുതെ പാട്ടുരൂപത്തിൽ ചൊല്ലുക മാത്രമല്ല ചെയ്യുന്നത്. ചില ചടങ്ങൾ ഇതിനുണ്ട്. ഏറ്റവും പ്രധാനം കളം വരയാണ്. നാലുതരം തോറ്റക്കളങ്ങളാണുളളത്. 1. ദേവിയുടെ രൂപം. 2. പതിനാറ് കണ്ണത്തിൽ പദ്‌മം. 3. ചെത്തിപ്പൂവ്. 4. തിരുടാടകെട്ട്. ഇവ എഴുതുന്നതിനുളള പൊടികൾ അഞ്ചുതരമാണ്. അരിപ്പൊടി, പച്ചപ്പൊടി (വാകയില പൊടിച്ചെടുക്കുന്നത്), മഞ്ഞപ്പൊടി, കൃഷ്‌ണപ്പൊടി (ഉമിക്കരി), സുന്ദരം (മഞ്ഞളും ചുണ്ണാമ്പും ചേർത്തത്). ഇപ്പോൾ വർണ്ണപ്പൊടികളും ചേർക്കുന്നുണ്ട്. നീലം, കുങ്കുമം, ഗിൽട്ട് ഇവ അരിപ്പൊടിയിൽ ചേർത്താണ് ഇവ ഉണ്ടാക്കുന്നത്.
ദേവീകളത്തിനുവേണ്ട ഒരുക്കുകൾഃ പന്തൽ വേണം, മേലാപ്പ്, വിളക്ക്, നിറപറ, അവില്, മലര്, ശർക്കര, പഴം, അഷ്‌ടഗന്ധം, ചന്ദനത്തിരി, കളഭം, നെല്ല്, അരി, കരിക്ക്, നാളികേരം, എണ്ണ, വെളിച്ചെണ്ണ, പീഠം, അടയ്‌ക്ക, വെറ്റില, ചുണ്ണാമ്പ്, ദക്ഷിണ, മുണ്ട്, രാമായണം, പാൽ, തിരുടാട, വാൽക്കണ്ണാടി, താലം, കിണ്ടി, ആലില, മാവില, അടയ്‌ക്കാമരപൂക്കുല, തെങ്ങുപൂക്കുല, പോള, കുരുത്തോല, ഇഴക്കയർ, കുലവാഴ, വട്ടി, വിത്ത്, എതിരത്തേങ്ങ, മുക്കോണ്, പതിര് ഇടിച്ചപൊടി, തെളളി, ചെറുതിരി, കോൽത്തിരി, പന്തം, അഴൽ, ഗുരുസി മൂന്നുതരം, ആട്, കോഴി, കോടിമുണ്ട്, വാള്, ചിലമ്പ്, അരമണി, കച്ച, കുത്തുവിളക്ക്, വെട്ടല, നറുക്കില, കുമ്പിൾ, കളള്, ചാരായം, പൂവ്വ് ഇവ വേണ്ടവിധം കളത്തിൽ ഒരുക്കി വയ്‌ക്കണം. വെടിമുഴക്കി ചെണ്ടമേളം തുടങ്ങി പഞ്ചാലങ്കാരം പൂജകഴിച്ച് പാലുംനൂറും കൊടുത്ത് തിരികൊളുത്തി നാളികേരം ഉടച്ച് പുഷ്‌പം ചാർത്തി അഴൽ കൊളുത്തണം. ഏതൊരു കർമ്മവും തുടങ്ങുന്നതിനുമുൻപ് വിഘ്നേശ്വരസ്തുതിയുണ്ടല്ലോ.
അരിവിളക്ക് നറപറപൊന്നുനിൻ പാദം വാഴ്‌ക
അരിയൊന്നെട്‌ക്ക ആദി നല്ലക്ഷരം വാഴ്‌ക
പിന്നീട് തോറ്റംപാട്ട് തുടങ്ങുകയായി. നന്തുണികൊട്ടിയാണ് പാടുന്നത്. താളംകൊട്ടിപ്പാടും. പറയെടുക്കാനുണ്ടെങ്കിൽ പോയി പറയെടുക്കും. ഉച്ചയ്‌ക്ക് ഉച്ചപ്പൂജ നടത്തും. രാത്രിയാകുമ്പോൾ എഴുന്നളളിപ്പായി. താലം പിടിച്ച് യുവതികൾ ഇരുവശത്തും നിൽക്കും. മേളംകൊട്ടിതുളളലാണ്. തുളളുമ്പോൾ ഇടതുകൈയിൽ ചിലമ്പും വലതുകൈയിൽവാളും ഉണ്ടായിരിക്കും. ചുവന്ന പട്ടുടുക്കും. കുരുതിയാണ് അവസാന ചടങ്ങ്. പന്തലിന്റെ കവാടത്തിൽ കുലവാഴ കുഴിച്ചിടും. ചുറ്റും ചതുരത്തിൽ ചാണകം മെഴുകും. വാഴപ്പോളകളാൽ 64 കളളികളാക്കി ഓരോന്നിലും കദളി (കുരുത്തോല കൂർപ്പിച്ചത്) കുത്തും. അസുരകദളി, സൂര്യകദളി എന്ന് രണ്ടുതരത്തിൽ കദളിയുണ്ട്. തോറ്റംപാട്ടിന് അസുരകദളിയാണ് വേണ്ടത്. സൂര്യകദളി ശുദ്ധകർമ്മത്തിനാണ്. അരിപ്പൊടികൊണ്ട് കര കൊടുക്കും. കോഴിയോ ആടോ വെട്ടും. കുരുതി പാത്രത്തിൽ നിറച്ചത് തടത്തിലിടും. തെളളിപ്പൊടി വാരിയെറിയും വാഴവെട്ടി തടത്തിലിടും. ഇതോടെ തോറ്റംപാട്ട് അവസാനിക്കുന്നു.
തോറ്റംപാട്ട് എന്നു കേൾക്കുമ്പോൾ കളംപാട്ടായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇവ തമ്മിൽ വ്യത്യാസമുണ്ട്. തോറ്റംപാട്ടിൽ ദേവീകഥയാണ്. കളംപാട്ട് അഥവാ മുണ്ട്യേൻപാട്ടിന്റെ കഥകളും കളങ്ങളും വേറെയാണ്. അതിൽ വരുന്നവർ വീരഭദ്രൻ, മുത്തപ്പൻ, കരിങ്കുട്ടി, ചാത്തൻ തുടങ്ങിയവരാണ്. ഇതിലോരോരുത്തർക്കും പ്രത്യോകം കഥകളുണ്ട്.
വീരഭദ്രന്റെ കാര്യത്തിൽ ഏഴാങ്ങളമാർക്കുളള പുന്നാരപെങ്ങളുടെ കല്യാണവുമായി ബന്ധമുളള വർണ്ണനകളും കഥകളുമാണ്. ഏകമകൻ മന്ത്രവാദം പഠിക്കാൻ പോകുന്നതും സേവയാൽ ഓരോരോ ദേവകളെ കുടിയിരുത്തുന്നതുമായ കഥയാണ് മുത്തപ്പന്റേത്. ഇരുപത്തിയോരായിരം ദേവമൂർത്തികളെ കുടിവച്ചു. ഇത്തരം പാട്ടുകളുടെയൊക്കെ പിന്നിൽ ഒരു ലക്ഷ്യമുണ്ടത്രേ. അതായത് തോറ്റംപാട്ടിലെ കഥകളൊക്കെ കലിയുഗത്തിൽ ഓരോ കുടുംബത്തിലും നിത്യേന കാണുന്ന സംഭവങ്ങളാണ്. കുടുംബകലഹം, നാശം ഒക്കെ. ഇതിനൊക്കെ ഒരടക്കംവരാൻ ഒരുപരിധിവരെ തോറ്റംപാട്ടിനാൽ സാധിക്കുമത്രേ.
പറഞ്ഞുതന്നത് ഃ കെ.വി.നാരായണൻ
Generated from archived content: kalam_jan13_06.html Author: jisha_menothuparambil
Click this button or press Ctrl+G to toggle between Malayalam and English