മുടിയാടുന്ന സ്‌ത്രീത്വം

കല്ലുവിളക്കിന്റെ ചുവട്ടിൽ ചെറിയ പാതിരാക്കളം. അടയ്‌ക്കയും വെറ്റിലയും ഉണക്കലരിയും ഉളള നറുക്കിലകൾ നാലുവശവും വച്ച്‌ കളം അലങ്കരിച്ചിരിക്കുന്നു. കളം എഴുതിയ കുട്ടൻ എന്ന നാട്ടാശാൻ നീളത്തിൽ മുടി വളർത്തിയിട്ടുണ്ട്‌. തെങ്ങിൻകളളിന്റെ മണമാണ്‌ വിയർപ്പിനുപോലും. കളത്തിൽ ചമ്രം പടിഞ്ഞിരിക്കുന്ന ആശാനിൽ കളളിന്റെ ലഹരിയേക്കാൾ പതഞ്ഞുപൊന്തുന്നത്‌ വന്യമായ ഭക്തിയാണ്‌. രാത്രി പതിനൊന്നുമണികഴിഞ്ഞിട്ടും വെറ്റിലയിൽ നോക്കി ഭാവിയും ഭൂതവും പറയുന്ന ആശാന്റെ ചുറ്റും വിശ്വാസികളാണ്‌. വരാനിരിക്കുന്ന കഷ്‌ടപ്പാടുകൾക്ക്‌ പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നുണ്ട്‌ അദ്ദേഹം. ഉണ്ടായിരുന്ന സ്വത്ത്‌ മുഴുവനും കളഞ്ഞുകുളിച്ച ഒരു തറവാടിയാണ്‌ വെറ്റിലയിലേയ്‌ക്ക്‌ ഉറ്റുനോക്കിയിരിക്കുന്ന ആശാനുമുന്നിലിരിക്കുന്നത്‌. പോയത്‌ പോയി ഇനിയെന്താണ്‌ വഴി എന്നാണയാൾക്ക്‌ അറിയേണ്ടത്‌. കൈയിലിരുപ്പിന്റെ കുഴപ്പം കൊണ്ടല്ലേ ഉളളതെല്ലാം പോയത്‌ എന്ന ആശാന്റെ മറുചോദ്യത്തിനുമുന്നിൽ കുറ്റസമ്മതത്തോടെയുളള തലകുലുക്കൽ. സാരല്യ., അച്ഛൻ തല്ല്യാലും ആരെവിളിച്ചാ കരയണത്‌? മറുപടി താമസിച്ചില്ല. അമ്മയെ “മ്പ്‌ക്കെട വിളി അമ്മ കേൾക്ക്‌ണ്‌ണ്ട്‌. ഊക്കില്‌ ഉറക്കെ വിളിച്ചോളോ……” ആശാന്റെ പ്രതിവിധി ഇതാണ്‌. ഇവിടെ ‘അമ്മ’യുടെ അർത്ഥം മാറി. പരിഹാരം കേട്ട്‌ മനഃസ്സമാധാനത്തോടെ അയാൾ എഴുന്നേറ്റു. ഇനി അടുത്തയാളുടെ ഊഴം.

ദേവിമാരുടെ ദേവിയായ കൊടുങ്ങല്ലൂരമ്മയുടെ മുറ്റമാണിത്‌. കാവുതീണ്ടി തല വെട്ടിപ്പൊളിച്ച്‌ സ്‌ത്രീശക്തി ഉറഞ്ഞാടിയ തിരുമുറ്റം. എവിടുന്നൊക്കെയോ അമ്മയെ തോറ്റിപ്പാടി എത്തിയതാണവർ; അമ്മയെ സന്തോഷിപ്പിക്കാൻ. അഴിച്ചിട്ട മുടിയോടെ ചുവന്നപട്ടോടെ കിലുങ്ങുന്ന അരമണിയും ചിലമ്പും വാളുമണിഞ്ഞ്‌ അട്ടഹസിച്ച്‌ കാവിനുചുറ്റും ഓടുന്നവരുടെ ശക്തിയുടെ കുത്തൊഴുക്കിൽ ആലിലകളും മണൽത്തരികളും കോരിത്തരിക്കുന്നുണ്ടാവും. ദാരികനെ കൊന്നപ്പോൾ കൊണ്ടാടിയ സുഖവും രസവും വീണ്ടും അതേ ശക്തിയോടെ ഇപ്പോൾ ദേവി അനുഭവിക്കുന്നുണ്ടാവും..

ഇത്‌ ദ്രാവിഡസ്‌ത്രീകളുടെ രംഗവേദിയാണ്‌. ഒരുകാലത്ത്‌ കേരളത്തിലെ എല്ലാ അടുക്കളകളും ഇവരുടേതായിരുന്നു. അവരുടെ അടിച്ചമർത്തപ്പെടലിന്റെ വെളിച്ചപ്പെടലാണിവിടെ നടക്കുന്നത്‌. കൈയിൽ വാളും പിടിച്ച്‌ മറുകൈ ശക്തിയോടെ വീശി തല ഊക്കിൽ കുടഞ്ഞ്‌ കാവുതീണ്ടലിനുശേഷം ആരേയും കൂസാതെയുളള സ്‌ത്രീയുടെ നടത്തമുണ്ടല്ലോ. അത്‌ അവളുടെ സ്വാതന്ത്ര്യബോധത്തിന്റെ വെളിപ്പെടുത്തലാണ്‌. ചുവന്ന പട്ടുടുത്ത അവൾ അമ്മയുടെ പ്രതിരൂപമാണ്‌. അവളെ ആർക്കും തടുത്തുനിർത്താനാവില്ലതന്നെ.

അശ്വതിക്കാവുതീണ്ടൽ കഴിഞ്ഞ രാത്രി, കൊടുങ്ങല്ലൂരമ്മയ്‌ക്ക്‌ ഉറക്കമുണ്ടാവില്ല. തന്റെ ചുറ്റും ആടിപ്പാടുന്നവരുടെ ഇടയിലാവും അമ്മ. പുരുഷന്റെ തുടിയുടെയും മരത്തിന്റെയും താളത്തിൽ അതിശക്തിയോടെ പാദങ്ങൾ മുന്നോട്ടും പിന്നോട്ടും ചവിട്ടി തലമുടി അഴിച്ചിട്ട്‌ മുടിയാട്ടം നടത്തുന്ന സ്‌ത്രീകൾ. പകൽ മുഴുവൻ അദ്ധ്വാനിക്കുന്ന ഇവരുടെ ഈ ശക്തി എവിടെ നിന്ന്‌ ഉറവയെടുക്കുന്നു എന്നത്‌ ആശ്ചര്യകരം തന്നെ.

അവർണ്ണരെന്ന്‌ പിന്നോക്കം തളളിയിരുത്തിയിരിക്കുന്നവരുടെ ആട്ടപ്രകാരങ്ങൾ കണ്ടെടുക്കേണ്ടത്‌ ഈ മഞ്ഞളും പാലപ്പൂവും മണക്കുന്ന രാത്രികളിൽ നിന്നാണ്‌. ഇവിടെ പുരുഷൻ സ്‌ത്രീശക്തിക്കുമുന്നിൽ അടിയറവു പറഞ്ഞുനിൽക്കുകയാണ്‌. ഒന്നരയും മുണ്ടുമുടുത്ത്‌ തിരുവാതിരകളിക്കുന്ന സ്‌ത്രീയുടെ നിതംബഭംഗി കണ്ടാസ്വദിക്കുന്ന പച്ചശൃംഗാരവുമായല്ല ഇവിടെ ഒരു പുരുഷനും വരുന്നത്‌. അടിമപ്പെട്ടുപോകുന്ന സ്‌ത്രീത്വത്തെക്കുറിച്ച്‌ വിലപിക്കുന്ന ഒരു സ്‌ത്രീപ്രതിനിധിയെപ്പോലും ഇവിടെ കാണാറുമില്ല. സ്‌ത്രീകളോടുളള വൃത്തികെട്ടവീക്ഷണവും, സ്‌ത്രീയുടെ സ്വത്വവിലാപവും, സവർണ്ണരുടെ ഇടയിലെ വിദ്യാസമ്പന്നരെന്നു നടിക്കുന്നവരുടെ ഇടയിലെ ഒരു മനോരോഗം മാത്രമാണെന്നു ബോധ്യപ്പെടണമെങ്കിൽ ഈ രംഗവേദികളിൽ എല്ലാം മറന്ന്‌ വിലയിച്ചാൽ മതി.

കേരളത്തിലങ്ങോളമുളള കാവുകളിലെ അമ്മമാരെല്ലാം കൊടുങ്ങല്ലൂരമ്മയുടെ അംശബലമുളളവരാണ്‌. ഈ ദ്രാവിഡത്തനിമയിലേയ്‌ക്കിറങ്ങിച്ചെന്ന്‌ അത്‌ സ്വാംശീകരിച്ച്‌ കൊണ്ടാടുന്നവരാകട്ടെ, വെയിലത്തും മഴയത്തും പാടത്തും പറമ്പിലും മണ്ണുമായി മല്ലിടുന്നവരും. സ്വന്തം മണ്ണിൽ തൊട്ടുകൂടായ്‌മയെന്ന പേരിൽ​‍്‌ മാറ്റിനിർത്തപ്പെട്ട നിഷ്‌കളങ്കരാണിവർ. അവകാശങ്ങളെ വെട്ടിപ്പിടിക്കുന്നതിന്റെ ശക്തിയാണിവരുടെ രംഗകലകളിലെല്ലാം കാണുന്നത്‌. അമ്മയുടെ മുന്നിലാണ്‌ ഇവരുടെ പ്രകടനങ്ങൾ ഏറിയ പങ്കും നടക്കുന്നത്‌. പണ്ടുമുതലേ നിലനിന്നിരുന്ന സ്‌ത്രീപ്രധാനസമൂഹത്തിന്റെ ഉത്തമദൃഷ്‌ടാന്തമാണിത്‌. ഇന്നും പറയന്റെയും പുലയന്റേയും മാടത്തിൽ സ്‌ത്രീശക്തി സ്വതന്ത്രം തന്നെയാണ്‌.

പുരുഷനൊപ്പം പാടത്തും പറമ്പിലും അദ്ധ്വാനിക്കുന്ന അവൾക്ക്‌ അവനൊപ്പം ആടാനും പാടാനും അവകാശമുണ്ട്‌. പാട്ട്‌ പൂർണ്ണമാകണമെങ്കിൽ തന്റെ പെണ്ണ്‌ കൂടെ ആടണമെന്ന്‌ ആണിനും നിർബന്ധമുണ്ടായിരുന്നു. കൃഷിപ്പണികളിൽനിന്ന്‌ ഉറങ്ങുകയും അതിലേയ്‌ക്ക്‌ ഉണരുകയും ചെയ്‌തിരുന്ന ഈ ജനതയ്‌ക്ക്‌ ജനനവും വിവാഹവും ഉത്സവങ്ങളും എന്തിന്‌ മരണംപോലും കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇന്ന്‌ ‘കൃഷി’ എന്നതിന്റെ വിശാലമായ കാഴ്‌ചപ്പാട്‌ ചുരുങ്ങിപ്പോയെങ്കിലും അവരുടെ സംസ്‌കാരം ഇന്നും കാർഷികപ്രധാനമാണ്‌.

വിളവെടുപ്പുകഴിഞ്ഞ്‌ ‘അമ്മ’യെ കാണാനെത്തുന്ന നാട്ടിലെ അമ്മദൈവത്തിനുമുന്നിൽ നേർച്ചയുമായി കൊട്ടിക്കളിക്കുമ്പോഴും കുടുംബത്തറകളിൽ ‘അമ്മ’യുടേയും കാരണവന്മാരുടേയും മുമ്പിൽ കൂട്ടമായി എത്തുമ്പോഴും മലയിറങ്ങിവന്ന മലവായിക്കുവേണ്ടി മലവാഴ്യാട്ടം നടത്തുമ്പോഴും എല്ലാം അവർ അവരെ തന്നെ മറന്ന്‌ ആടുകയും പാടുകയും ചെയ്യുന്നു. മരംകൊട്ടി, കുഴലൂതി പുരുഷന്മാർ പാടിത്തുടങ്ങുമ്പോൾ അറിയാതെതന്നെ സ്‌ത്രീകളും ചുവടുവെച്ചുതുടങ്ങുന്നു. മുടിയാടാനായി അവർ മുന്നേ ഒരുങ്ങിനിൽക്കുകയല്ല ചെയ്യുന്നത്‌. പാട്ടുതുടങ്ങിയതിനുശേഷമാണ്‌ സ്‌ത്രീകൾ ഓരോരുത്തരായി ആട്ടക്കളത്തിലേയ്‌ക്കിറങ്ങുന്നത്‌. മുത്തശ്ശിമാരും പേരമക്കളും മക്കളും ഒക്കെ ഒരുമിച്ചാടുന്ന അരങ്ങ്‌. ഇത്‌ ഒരു വംശീയകല കൈമാറുന്ന അരങ്ങുകൂടിയാണ്‌. അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നതാണ്‌ ഈ താളം. സ്‌ത്രീകൾ കെട്ടിവെച്ചിരിക്കുന്ന മുടി ഇടതുകൈകൊണ്ട്‌ അഴിച്ചിട്ട്‌ ആടാനിറങ്ങുന്നത്‌ ഒരു നിയോഗംപോലെയാണ്‌. തലമുടി എന്നും അവർക്ക്‌ അമ്മയാണ്‌. വേലവരവിൽ കൊണ്ടുവരുന്ന ഓലക്കുടയിൽ ദേവിയുടെ ശക്തിയുണ്ടെന്നാണ്‌ വിശ്വാസം. ആ ഓലക്കുടയിൽ നിറയെ കുരുത്തോലകൊണ്ട്‌ അലങ്കരിക്കാറുണ്ട്‌. അത്‌ ഭഗവതിയുടെ അഴിച്ചിട്ടിരിക്കുന്ന മുടിയാണത്രേ.

അഴിച്ചിട്ട മുടി സ്‌ത്രീ ശക്തിയുടെ അടയാളമാണ്‌. അഴിഞ്ഞ മുടിയോടെയാണ്‌ കണ്ണകിയും പാഞ്ചാലിയും ഭദ്രകാളിയും ഒക്കെ കേരളീയന്റെ മനസ്സിലുളളത്‌. മുടികെട്ടിവെച്ചിരിക്കുന്ന സ്‌ത്രീ ശാന്തയാണ്‌. അടിമയാണ്‌. പടം ഒതുക്കിവെച്ചിരിക്കുന്ന സർപ്പമാണവൾ. വിടർന്ന ഫലത്തോടെ ചീറ്റിക്കൊണ്ട്‌ മുന്നോട്ടായുന്ന ഒരു പാമ്പിന്റെ പ്രതീതിയാണ്‌ അഴിച്ചിട്ട മുടിയോടെ ഉറയുന്ന ഒരു സ്‌ത്രീയിൽ കാണുന്നത്‌.

ചേറിൽ പുതയുന്ന കാലുകൾക്ക്‌ നൃത്തം ചെയ്യാനുമറിയാം. ഞാറുനടുമ്പോഴും കള പറിക്കുമ്പോഴും കൊയ്യുമ്പോഴും മെതിക്കുമ്പോഴും സംഘം ചേർന്നുളള ചുവടുവയ്‌പുണ്ട്‌. പുല്ലുപറിക്കുമ്പോഴും പുല്ലരിയുമ്പോഴും കൈയിന്റെ താളമുണ്ട്‌. ഈ അദ്ധ്വാനതാളത്തെ ആഘോഷതാളമാക്കി മാറ്റുമ്പോഴാണ്‌ നൃത്തച്ചുവടുകളും കൈത്താളവും ഉണ്ടാകുന്നത്‌. താളം ചവിട്ടലിലൂടെ അവർ ജീവിതതാളം തന്നെയാണ്‌ ചിത്രീകരിക്കുന്നത്‌. ഇവരുടെ പാട്ടുകളെ വിശകലനം ചെയ്യുമ്പോൾ അവരുടെ സാമൂഹ്യജീവിതത്തിന്റെ ചൂരും ചൂടുമാണ്‌ നമുക്ക്‌ ലഭിക്കുന്നത്‌.

അടിച്ചമർത്തപ്പെടുന്നവരുടെ രോഷവും പ്രതികരണവും പാട്ടുകളിലൂടെ അലയടിക്കുന്നു. മണ്ണിൽനിന്നു ശക്തി ആവാഹിച്ചാണ്‌ എണ്ണമയമുളള വെയിലുകൊണ്ട്‌ കറുത്ത തലമുടിയിലൂടെ ആ രോഷം മേലാളരുടെ മുഖത്തേയ്‌ക്കുളള ചോദ്യചിഹ്നങ്ങളായി അവർ എറിയുന്നത്‌. ഏകതാളത്തിലുളള മണ്ണിലെ ഈ ചുവടുവെയ്‌പുകൾ അവരുടെ ഐക്യബോധത്തെയാണ്‌ കാണിക്കുന്നത്‌.

“കിഴക്കുദിക്കുന്ന സൂര്യനെപ്പോലെ

എനിക്കുണ്ടോരു കുഞ്ഞാങ്ങള

കന്നാലിനോക്കുന്ന കണ്ണപ്പനാങ്ങളേ

ഇന്നെന്താ നേരത്തേ വന്നിടാത്തേ

കാളേനെ നോക്കുന്ന കാളക്കോലെന്ത്യേടാ

ഉണ്ണ്യപ്പച്ചങ്കരാ വാല്യക്കാരാ

എന്റെ കലത്തിലെ പഴങ്കഞ്ഞിപോലെ

എനിക്കുണ്ടോരു കുഞ്ഞാങ്ങള”

എന്നു പാടുമ്പോൾ അവൾക്ക്‌ കുഞ്ഞാങ്ങളയോടുളള സ്‌നേഹം മാത്രമല്ല വെളിപ്പെടുത്തുന്നത്‌. അവളുടെ സ്വന്തമായ വസ്‌തുക്കളോടുളള ആത്മബന്ധം കൂടിയാണ്‌. പ്രകൃതിപ്രതിഭാസങ്ങളും പ്രകൃതി പരിസരങ്ങളും പണിയാളരുടെ ഭാവനയുടെ ഭൂമികയാണ്‌. വളർത്തുമൃഗങ്ങളോടുളള സ്‌നേഹവും ഗോത്രാംഗങ്ങൾ തമ്മിലുളള സുദൃഢമായ ബന്ധവും ഈ വരികളിൽ വ്യക്തമാണ്‌. ഗോത്രജീവിതത്തിന്റെ കെട്ടുറപ്പാണ്‌ മുടിയാട്ടപ്പാട്ടുകളിൽ അധികവും. ഈ പാട്ടുകൾ കഴിവുളള നാടൻകലാകാരന്മാർ അപ്പപ്പോൾ കെട്ടിയുണ്ടാക്കുന്നതാണ്‌. പുരുഷൻമാർ തുടിയോ മരമോ കൊട്ടി മുടിയാട്ടവൃത്തത്തിന്‌ അപ്പുറത്ത്‌ നിൽക്കുന്നു. അവർ നിൽക്കുന്നത്‌ അർദ്ധവൃത്താകൃതിയിലാണ്‌. പതികാലത്തിൽനിന്ന്‌ ദ്രുതതാളത്തിലേയ്‌ക്ക്‌ മുടിയാട്ടം ആടിക്കയറുന്നത്‌. മറ്റൊരു പാട്ട്‌.

“കേറിരിക്കാങ്ങളേ കേറിരിക്കാങ്ങളേ

ഞാനിട്ട പായേല്‌ കേറിരിക്ക്‌

ഇന്നുപോണ്ടാങ്ങളേ നാളെപ്പോവാങ്ങളേ

കുട്ടിക്കറമ്പനാം കുഞ്ഞാങ്ങളേ

കുത്തി നെടിയരി ചേറ്റിപ്പൊടിയാക്കി

തുമ്പപ്പൂ പോലുളള ചോറുതരാം

അയലത്തല ചുട്ട്‌ ചമ്മന്ത്യരച്ച്‌

ആങ്ങ്‌ളയ്‌ക്ക്‌ ഞാനിപ്പച്ചോറുതരാം

കുട്ടാടൻ നെല്ലിന്റെ ചോറും തരാങ്ങളേ

കുട്ടിക്കണമ്പിന്റെ ചാറും തരാം

മന്നത്തും പോകണ്ട ഷാപ്പിലും പോകണ്ട

കുപ്പീലു കളളു ഞാൻ കൊണ്ടത്തരാം

കൂട്ടീക്കിടക്കുന്ന പൂങ്കോഴ്യെക്കൊന്ന്‌

പച്ചോലപ്പൊതികെട്ടി തന്നുവിടാം

കേറിരിക്കാങ്ങളേ കേറിരിക്കാങ്ങളേ

ഞാനിട്ട പായേല്‌ കേറിരിക്ക്‌”

ഒരു പെങ്ങൾക്ക്‌ ആങ്ങളയെ സൽക്കരിയ്‌ക്കാനുളള ത്വരയാണ്‌ ഇതിൽ കാണുന്നത്‌. അവളെകൊണ്ട്‌ ആവുന്നതൊക്കെ കൊടുത്ത്‌ കൂടപ്പിറപ്പിനെ തൃപ്‌തനാക്കാനുളള തിടുക്കമാണിതിൽ. ഒരു ദിവസത്തെ വിരുന്നിനുശേഷം തിരികെ പോകുമ്പോൾ കൊടുത്തുവിടാനുളള സമ്മാനം കൂടി അവൾ ഒരുക്കിവെച്ചിട്ടുണ്ട്‌. ഇന്ന്‌ ഏതാങ്ങളയ്‌ക്കും പെങ്ങൾക്കും ഇടയിലുണ്ട്‌ ഈ ബന്ധം? അയലത്തല ചുട്ട്‌ അരയ്‌ക്കുന്ന. ചമ്മന്തിയും കുട്ടിക്കണമ്പുകൊണ്ടുവയ്‌ക്കുന്ന ചാറുകൂട്ടാനും ഇന്ന്‌ എത്രപേർക്കറിയാം? കുട്ടാടൻനെല്ലിന്റെ സ്വാദറിയാവുന്നത്‌ ഇന്ന്‌ എൺപതോ എൺപത്തഞ്ചോ കഴിഞ്ഞ നാവുകൾക്കുമാത്രമായിരിക്കും. നാടോടി ഭക്ഷണക്രമത്തേയും നാട്ടറിവുകളെയും ചുറ്റുപാടുമുളള ജൈവവൈവിദ്ധ്യത്തെയും രേഖപ്പെടുത്തിയതാണ്‌ മുടിയാട്ടപ്പാട്ടുകൾ. മുടിയാട്ടം നടത്തുന്ന സ്‌ത്രീകൾ ഈ പാട്ടിന്റെ ഗൃഹാതുരത്വത്തിലേക്കും ആത്മൈക്യത്തിലേയ്‌ക്കും എളുപ്പത്തിൽ കാലെടുത്തുവയ്‌ക്കുന്നു. കൂട്ടായ്‌മയുടെ താളക്രമത്തിൽ ശരീരം കൊണ്ടാണ്‌ അവർ പങ്കാളികളാകുന്നത്‌. ചമയങ്ങളില്ലാത്ത കരിന്തലക്കൂട്ടം.

തനിക്കുചുറ്റുമുളള എന്തിനെക്കുറിച്ചും ഈണത്തിൽ പാടാനും താളത്തിൽ ആടാനും അറിയാമായിരുന്നു ഇവർക്ക്‌. ഇവിടെ പാട്ടുകൾ താളമ നിലനിർത്തി കൂട്ടായ്‌മയുടെ പാട്ടുകൾ രചിക്കുകയാണ്‌. നാടോടി ജീവിതത്തിന്റെ രുചികൾ കണ്ടെത്തുകയാണ്‌. ഇത്തരം മുടിയാട്ടപ്പാട്ടുകൾ ഒരു ചെറിയ പ്രദേശത്തുതന്നെ എത്രയോ ഉണ്ടായിരിക്കും. മുടിയാട്ടത്തിലെ പ്രമാണക്കാരികൾ തങ്ങൾക്ക്‌ കുറേ പാട്ടറിയാം എന്നു പറയുന്നതിന്റെ അർത്ഥം എണ്ണമില്ലാത്തത്ര അറിയാം എന്നുതന്നെയാണ്‌. ഭഗവതിയുടെ നടയിൽ അല്ലെങ്കിൽ ‘പതി’കളിലെ കൂട്ടായ്‌മകളിൽ പുലരുംവരെയാണ്‌ ഇവർ പാടിയും ആടിയും തിമിർക്കുന്നത്‌.

“വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യൻ പകവാനും

ഇന്നെന്താ പകവാനേ വന്നുദിക്കാൻ താമസിച്ചേ”

എന്ന്‌ പാടി അവസാനിപ്പിക്കുമ്പോൾ പുരാതനമായ കാർഷികപ്പെരുമാളിനെ ആരാധിക്കുന്ന ഗ്രാമീണരെയാണ്‌ കാണുന്നത്‌. സൂര്യഗായത്രികൾ ഉണ്ടായതുപോലും ഈ കറുത്തപെരുമയിൽനിന്നാവണം. അമ്മയുടെ കൂട്ടമാണ്‌ അവർ. കരിന്തലക്കൂട്ടമെന്നാണ്‌ അവർ സ്വയം നൽകിയിരിക്കുന്ന പേരുതന്നെ. ഉറഞ്ഞുതുളളുന്നതുപോലെയാണ്‌ അവർ മുടിയാടിക്കളിക്കുന്നത്‌. ഒരു ആവേശവും തിമർക്കലും ഈ ആട്ടത്തിലുണ്ട്‌. ചിലർ അമ്മയുടെ മുമ്പിൽ ആവേശിതർ (കലികൊളളുന്നവർ) ആകുന്നു.

അനുഷ്‌ഠാനവേദിയില്ലെങ്കിൽപോലും ഈ പാട്ടുകൾ കേട്ടാൽ അവർ ഉറഞ്ഞുപോകുന്നു. മാളയ്‌ക്കടുത്ത്‌ തിരുത്തിക്കുളങ്ങരയിൽ നാട്ടറിവുപഠനകേന്ദ്രം നടത്തിയണ ‘മുത്തപ്പനാന’ എന്ന നാട്ടുസംഗീതശില്‌പശാലയിൽ നാടൻപാട്ടുസംഘക്കാർ നേർച്ചകൊട്ടുപാട്ടുകൾ പാടുകയായിരുന്നു. കൂട്ടംചേർന്ന്‌ മരംകൊട്ടിപ്പാടിയപ്പോൾ കേൾക്കാൻ ആ ചുറ്റുവട്ടത്തുനിന്നും വന്ന സ്‌ത്രീകളും ഉണ്ടായിരുന്നു. പാട്ട്‌ മുറുകിയപ്പോൾ കേൾവിക്കാരായിരുന്ന അവർ സ്വത്വം മറന്ന്‌ മുടിയാടിയത്‌ വല്ലാത്തൊരനുഭവമായിരുന്നു. ഈ കൊട്ടും പാട്ടും അവരുടെ രക്തത്തിലുളളതാണെന്നതിന്‌ മറ്റൊരുതെളിവും ആവശ്യമില്ല. കാലിൽ പരിക്കുപറ്റി ഒമ്പത്‌ തുന്നലിട്ടിരിക്കുന്ന ഒരു സ്‌ത്രീയും മുടിയാടിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ശരീരത്തിന്റെ വേദന മനസ്സു മറന്നുകളയുന്ന ഒരപൂർവ്വ നിമിഷം.

‘താതെയ്യേ തെയ്യം തെയ്യേ തെയ്യപ്പം താരോ

താതെയ്യേ തെയ്യം തെയ്യേ തെയ്യപ്പം താരോ

വന്നല്ലോ വരുന്നുണ്ടമ്മേ കരിന്തലക്കൂട്ടം

എവിടുന്നു വരുന്നതാണീ കരിന്തലക്കൂട്ടം

ആലമിറ്റം പൊന്നമ്മേടെ കിഴക്കനാം നടയ്‌ക്കൽ

അവിടുന്നു വരുന്നതാണീ കരിന്തലക്കൂട്ടം

അരിയില്ല തിരിയുമില്ല തിരുവരമില്ലെനിക്ക്‌

വന്നല്ലോ വരുന്നുണ്ടമ്മേ കരിന്തലക്കൂട്ടം

എവിടുന്നു വരുന്നുണ്ടമ്മേ കരിന്തലക്കൂട്ടം

മുത്തുക്കുളങ്ങര നല്ലമ്മേടെ കിഴക്കനാം നടയ്‌ക്കൽ

അവിടുന്നു വരുന്നതാണീ കരിന്തലക്കൂട്ടം

നാലുമുന്നേഴു വിളി വിളിപ്പാടിന്നകലെ

അവിടുന്നു വരുന്നതാണീ കരിന്തലക്കൂട്ടം

വന്നല്ലോ വരുന്നുണ്ടമ്മേ കരിന്തലക്കൂട്ടം

അവിടുന്നും പോന്നല്ലമ്മേ കരിന്തലക്കൂട്ടം“

എന്ന്‌ അവരുടെ വംശഗാഥ പാടിക്കൊട്ടുമ്പോൾ ആരാണ്‌ ഉറഞ്ഞു പോവാതിരിക്കുക?

പുല്ലരിയാൻ പോയ സ്‌ത്രീകളാണ്‌ ഭഗവതിയെ കണ്ടെടുത്തത്‌ എന്ന നാടോടി പുരാവൃത്തം മിക്ക കാവുകളോടനുബന്ധിച്ചും ഉണ്ട്‌. വനദുർഗ്ഗയും നനദുർഗ്ഗയും ആയിരുന്ന, കാറ്റും മഴയും വെയിലും കൊണ്ടിരുന്ന ഈ അമ്മദൈവം പ്രകൃതിയോടിണങ്ങി ജീവിക്കുന്ന അപരിഷ്‌കൃത ജീവിതകാലഘട്ടം തന്നെയാണ്‌. സ്‌ത്രീയ്‌ക്കകത്തെ ’സ്‌ത്രീത്വ‘ത്തെ കണ്ടെടുത്തതിന്റെ ഓർമ്മയാണ്‌ ഈ കഥകൾ എന്നു പറയാം. ഓലക്കുടയിൽ ഭഗവതിയുടെ സാന്നിദ്ധ്യം ഉണ്ടായതിനെപ്പറ്റിയും നാടോടികഥകളുണ്ട്‌. ഇതിന്റെ ഓർമ്മയ്‌ക്കായിട്ടും പുനരാവിഷ്‌ക്കരണത്തിനായിട്ടും ആണ്‌ വേലവരവിൽ ഭഗവതിക്കാവുകളിൽ ഓലക്കുട എഴുന്നെളളിയ്‌ക്കുന്നത്‌. ഓലക്കുല കെട്ടുന്നതും കുടതുളളിവരുന്നതും കാർഷികതൊഴിൽക്കൂട്ടായ്‌മതന്നെ. താഴെ മക്കൾ മുടിയാടുമ്പോൾ മുകളിൽ അമ്മയുടെ മുടിയാട്ടം. സർപ്പംതുളളലിലും കന്യകമാരുടെ മുടിയാട്ടമുണ്ട്‌. പുളളുവനും പുളളുവത്തിയും കരിനാഗത്തേയും മണിനാഗത്തേയും അഞ്ജനമണിനാഗത്തേയും നാഗയക്ഷിയേയുമൊക്കെവിളിച്ച്‌ പാടുമ്പോൾ കവുങ്ങിൻ പൂക്കുല കൈയിൽ പിടിച്ച കന്യകമാർ പൂക്കുലയും അഴിച്ചിട്ട മുടിയും ഉപയോഗിച്ചാണ്‌ കളം മായ്‌ക്കുന്നത്‌. ആടുന്ന കന്യകമാർ നാഗങ്ങളുടെ പ്രതിരൂപങ്ങളാണ്‌. നാഗത്തിന്റെ ആട്ടം നാം കാണുന്നത്‌ അഴിഞ്ഞുകിടന്നാടുന്ന മുടിയിലാണ്‌. കുന്നംകുളം ഭാഗത്ത്‌ സർപ്പം തുളളലിനോടനുബന്ധിച്ച്‌ സ്‌ത്രീ വെളിച്ചപ്പാടുമാരുമുണ്ട്‌. കൊടുങ്ങല്ലൂരിലെ സ്‌ത്രീവെളിച്ചപ്പാടുമാരെ ഓർമ്മിപ്പിക്കുന്ന ഇവർ ഉറയുമ്പോഴും കല്‌പനപറയുമ്പോഴും നടത്തുന്ന മുടിയാട്ടം വിശേഷമാണ്‌. കൊടുവായൂർ ഭഗവതിക്കാവിൽ തോല്‌പാവക്കൂത്തിന്‌ കുറയിടുമ്പോഴും വിളക്കുകൊളുത്തുമ്പോഴും അകമ്പടി സേവിക്കുന്നത്‌ സ്‌ത്രീവെളിച്ചപ്പാടുകളാണ്‌. മലബാറിലെ ഗ്രാമങ്ങളിൽനിന്ന്‌ വ്രതാനുഷ്‌ഠാനങ്ങളോടുകൂടി കൊടുങ്ങല്ലൂരിലെത്തുന്ന സ്‌ത്രീത്വം ’വെട്ടിത്തെളിയിച്ച്‌‘ മുടിയാടുന്നു. ആയിരക്കണക്കിന്‌ സ്‌ത്രീകൾ ചുവന്ന പട്ടുകെട്ടി മുടിയഴിച്ചിട്ട്‌ കാരിരുമ്പിന്റെ വാളുയർത്തി അമ്മയാകുന്നു. വെളിച്ചപ്പെടുന്ന പുരുഷനും തലമുടി നീട്ടിവളർത്തി സ്‌ത്രീത്വം ആവാഹിക്കുന്നുണ്ട്‌. വളളുവനാട്ടിലെ അയ്യപ്പൻപാട്ടിൽ നൃത്തത്തിന്റെ ചാരുതയോടെ ചുവടുകൾ വയ്‌ക്കുന്ന കോമരങ്ങളുടെ ശക്തി നിറഞ്ഞുനിൽക്കുന്നത്‌ അഴിച്ചിട്ടിരിക്കുന്ന മുടിയിലാണ്‌. സ്‌ത്രീകളുടെ മുടിയാട്ടത്തിന്റെ ഛായ ഇതിലും കാണാം എന്നത്‌ ഒരു വസ്‌തുതയാണ്‌. ചിലപ്പതികാരത്തിലെ കുമരിക്കോലം മുതലുളള ഈ സ്‌ത്രീത്വരംഗാവതരണം ചരിത്രത്തിലെവിടെയോ പിന്നാമ്പുറങ്ങളിലായി.

എന്നിട്ടും ’പതി‘കളിൽ, തറകളിൽ, കാവുകളിൽ, അരിക്കണ്ടങ്ങളിൽ ഇപ്പോഴും അവർ ആണ്ടിലൊരിക്കൽ പതിവായി രാത്രിയാമങ്ങളിൽ ലോകം ഉറങ്ങുമ്പോൾ, മരത്തിന്റെയും തുടിയുടെയും താളത്തിനൊപ്പം, തന്റെ പുരുഷന്റെ പാട്ടിനൊപ്പം, മുടിയഴിച്ചിട്ട്‌ മുന്നോട്ടും പിന്നോട്ടും താളം ചവിട്ടുകയാണ്‌. സ്‌ത്രീസ്വാതന്ത്ര്യം വിളംബരപ്പെടുത്തുന്ന ഈ മുടിയാട്ടക്കളങ്ങളിൽനിന്നും എത്രയോ അകലെയാണ്‌ മുടിമുറിച്ച നാഗരിക ഫെമിനിസം.

Generated from archived content: mudiyadunna.html Author: jayasree_c

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൊതയ ഃ അരങ്ങേറ്റം
Next articleമുളയിലെ നിറപ്പണികൾ
മലയാളം എം.എ.ബി.എഡ്‌. സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ ‘മുടിയേറ്റ്‌’ വിഷയമെടുത്ത്‌ ഗവേഷണം നടത്തുന്നു. സ്ര്തീരംഗകലയായ മുടിയാട്ടത്തെക്കുറിച്ച്‌ പഠനം നടത്താൻ കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. പഴുവിൽ ഓറിയന്റൽ ഇംഗ്ലീഷ്‌ മീഡിയം സ്‌ക്കൂളിന്റെ പ്രിൻസിപ്പലായി ജോലിനോക്കുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here