വാഴക്കുടപ്പൻ കൊണ്ടൊരു ചമ്മന്തി

കുടപ്പൻ മൂന്നുനാലെണ്ണം. പുറത്തെ അഞ്ചാറുപോളകൾമാറ്റി ബാക്കി മാത്രമേ ഉപയോഗിക്കൂ. അവ ചെറുതായി അരിഞ്ഞു വയ്‌ക്കണം. അയമോദകം രണ്ട്‌ സ്പൂൺ, കുരുമുളക്‌ രണ്ട്‌ സ്പൂൺ, ജീരകം രണ്ട്‌ സ്പൂൺ, മല്ലി നാല്‌ സ്പൂൺ, ഉണക്കമുളക്‌ മൂന്നുനാലെണ്ണം, ഉപ്പ്‌ പാകത്തിന്‌, പുളി ഒരു ചെറിയ ചെറുനാരങ്ങയുടെ വലിപ്പത്തിൽ, മഞ്ഞൾപ്പൊടി, കിളുന്ത്‌ കറിവേപ്പില എവയെല്ലാം ചേർത്ത്‌ വേവിച്ച്‌ (വെളളം മിക്കവാറും വറ്റിപ്പോകാൻ പാകത്തിൽ വേവിക്കണം) അതിനെ അരച്ചെടുക്കണം. തുടർന്ന്‌ ചീനച്ചട്ടിയിലോ ചെറിയ ഉരുളിയിലോ വെളിച്ചെണ്ണയും നെയ്യും ചേർത്ത്‌ അടുപ്പത്തുവച്ച്‌ കടുകുവറുത്തശേഷം അരച്ച്‌ ചമ്മന്തി ചെറുതീയീൽ ഏകദേശം അരമണിക്കൂർ തുടരെ ഇളക്കണം. തുടർച്ചയായി ഇളക്കിയില്ലെങ്കിൽ അടിയിൽപ്പിടിക്കും. മെഴുക്കുമയവും സാമാന്യം നന്നായിത്തന്നെ ചേർക്കേണ്ടിവരും. മെഴുക്കുവിട്ടുവന്നുതുടങ്ങുന്നതോടെ പാകമായെന്നു തീരുമാനിക്കാം. വെളുത്തുളളി വറുത്ത്‌ ഇതിൽ ചേർത്താൽ സ്വാദ്‌ കൂടും. ഊണിന്‌ വളരെ രുചികരമായൊരു വിഭവമാണിത്‌. ചോറിന്റെ കൂടെയോ തനിച്ചോ (കുറച്ച്‌ പച്ചവെളിച്ചെണ്ണകൂടി ചേർത്താൽ സ്വാദ്‌ കൂടും) മോരു കൂട്ടുമ്പോഴോ ഉപയോഗിക്കാം. ഒന്നിടവിട്ട ദിവസങ്ങളിൽ ചീനച്ചട്ടിയിൽ ചൂടാക്കിക്കൊണ്ടിരുന്നാൽ ഒരാഴ്‌ചകേടുകൂടാതെയിരിക്കും. മംഗലാപുരം ഭാഗങ്ങളിൽ പ്രസവരക്ഷയ്‌ക്കായി ഇതുകൊടുക്കാറുണ്ട്‌.

ചമ്മന്തികൾ –ചേമ്പിന്റെ ഇല ഃ കിളിന്തു ചേമ്പില ഒരുപിടി നുറുക്കി വേവിക്കുകയോ എണ്ണയിൽ വഴറ്റി എടുക്കുകയോ ചെയ്യണം. 3 സ്പൂൺ ഉഴുന്നുപരിപ്പ്‌ ഒരു ചെറിയ കഷണം കായം 4 ഉണക്കമുളക്‌, കറിവേപ്പില എന്നിവ ചെറുതീയിൽ വെളിച്ചെണ്ണയൊഴിച്ച്‌ വറുത്തെടുക്കണം. വേവിച്ച ഇലയും ചേർത്ത്‌ അരച്ചെടുത്താൽ ചമ്മന്തി തയ്യാർ. വറുത്തിടാം. കുറച്ച്‌ പച്ചവെളിച്ചെണ്ണയും മേമ്പൊടിയായി ചേർക്കാം. അധികംമൂക്കാത്ത വെളളരിയുടെ തൊലി കട്ടിയിലെടുത്തതും അതിന്റെ അരിയുമെല്ലാം ചേർത്ത്‌ ചേമ്പിലയ്‌ക്ക്‌ പകരം ഉപയോഗിക്കാം. പടവലത്തിന്റെ ഉളള്‌ കുരുവടക്കം ചുരണ്ടിയെടുത്ത്‌ ഉപയോഗിക്കാം. ഇവയെല്ലാം വേവിക്കുമ്പോൾത്തന്നെ പുളി, മഞ്ഞൾപ്പൊടി തുടങ്ങിയവ ചേർക്കാവുന്നതാണ്‌. തക്കാളി എണ്ണയിൽ വഴറ്റിയെടുത്ത്‌ മറ്റു ചേരുവകൾ ചേർത്ത്‌ ചമ്മന്തിയരക്കാം. ചേരുവകൾ ഇതുതന്നെ. മറ്റുപലതുംകൊണ്ടും ഈ ചമ്മന്തി ഉണ്ടാക്കാവുന്നതാണ്‌. (ഉണക്കമുളക്‌ ഉപയോഗിക്കാത്തവർക്ക്‌ പച്ചമുളക്‌ ചേർക്കാവുന്നതാണ്‌ എണ്ണയിൽ വഴറ്റിയെടുക്കണമെന്നു മാത്രം).

ഇലകൾകൊണ്ടൊരു അരച്ചുകലക്കി ഃ പനിക്കൂർക്കയില, കിളുന്ത്‌ കറിവേപ്പില, തകരയില, തിമിരയില, മണിത്തക്കാളിയില തുടങ്ങിയവയിലേതെങ്കിലും ഒരു പിടി, ഒരു ടീസ്പൂൺ കുരുമുളക്‌, ഒരു സ്പൂൺ ജീരകം ഇവയെല്ലാം വെളിച്ചെണ്ണയിൽ വഴറ്റിയെടുത്തശേഷം ഒരു മുറിനാളികേരം ചേർത്തരയ്‌ക്കണം. അരച്ചചേരുവയിൽ ആവശ്യത്തിന്‌ ഉപ്പുംമോരും ചേർത്തിളക്കി കടുക്‌ വറുത്തിട്ട്‌ ഉപയോഗിക്കാം.

ചെമ്പരത്തിപ്പൂവുകൊണ്ടൊരു വിഭവംഃ വെളളയോ ചുവന്നതോ ആയ ചെമ്പരത്തിപ്പൂവ്‌ ചെറുതായരിഞ്ഞ്‌ വയ്‌ക്കുന്നു. തൈരിൽ ഒരു പച്ചമുളക്‌ ഞരടിച്ചേർത്തശേഷം അരിഞ്ഞുവച്ച പൂവും ആവശ്യത്തിന്‌ ഉപ്പുമിട്ടിളക്കി യോജിപ്പിച്ച്‌ കടുക്‌ വറുത്തിട്ട്‌ ഉപയോഗിക്കാം. ചുവന്നചെമ്പരത്തി രക്തശുദ്ധിക്കും ബുദ്ധിവളർച്ചയ്‌ക്കും ഉത്തമമെന്നുപറയുന്നു. വെളളച്ചെമ്പരത്തിപ്പൂവ്‌ നടുവേദനയ്‌ക്ക്‌ ഉത്തമമത്രേ. ചെമ്പരത്തിപ്പൂവ്‌ തുടർച്ചയായുപയോഗിക്കുന്നത്‌ ഗർഭനിരോധനത്തിനുതകുമത്രെ.

മാമ്പഴംകൊണ്ടൊരു പായസം ഃ വിളഞ്ഞുപഴുത്ത നാട്ടുമാമ്പഴം (ചന്ത്രക്കാരൻ അത്യുത്തമം) ഒരു കിലോ പിഴിഞ്ഞെടുക്കണം (ഒരുവട്ടം പിഴിഞ്ഞെടുത്തശേഷം കുറച്ചുവെളളം ചേർത്ത്‌ രണ്ടാമതും പിഴിയാം). ഇതിൽ ഒരു നാളികേരത്തിന്റെ പാൽ (ഒന്നും രണ്ടും പാൽ അധികം വെളളം ചേർക്കാതെ) ചേർത്ത്‌ മാങ്ങയുടെ മധുരത്തിനനുസരിച്ച്‌ ആവശ്യമായത്ര ശർക്കര ചുരണ്ടിച്ചേർക്കണം. ഒരു ഏലക്കായകൂടി പൊടിച്ചിട്ടാൽ പായസം തയ്യാർ. രസായനമെന്നാണ്‌ മംഗലാപുരംഭാഗത്ത്‌ ഇതിന്‌ പറയാറ്‌. മാമ്പഴക്കാലത്ത്‌ മിക്ക സദ്യയിലുമീവിഭവമുണ്ടാകും. പായസത്തിനുശേഷം മോരിനു മുൻപായാണ്‌ വിളമ്പാറ്‌. ദഹനത്തിനും ശോധനയ്‌ക്കും ഇത്‌ വളരെ നല്ലതാണ്‌.

Generated from archived content: annam1_june16_07.html Author: jayalakshmi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here