തെക്കൻപാട്ടുകളിലെ പ്രധാനവിഭാഗമായ വാതപ്പാട്ടുകളിൽ ഉൾപ്പെടുന്നു. തെക്കൻപാട്ടുകളുടെ ഭാഷ,സ്വരൂപം, ഉളളടക്കം ഇവയുടെ സാമാന്യമായ സവിശേഷതകൾ ഈ ചെറിയ പാട്ടിലും കാണാം. മന്ത്രമൂർത്തിവാത പൂന്താഴതോപ്പു നശിപ്പിച്ചതും അവിടെ പൂജാകർമ്മങ്ങൾ മുടങ്ങിയതും വർണ്ണിച്ചിട്ട്, ശിവനും വിഷ്‌ണുവും കൂടെ യോജിച്ച് പരിഹാരം കാണാനെത്തിയപ്പോൾ മന്ത്രമൂർത്തി കാണിക്കുന്ന വിശേഷങ്ങളാണു വർണ്ണിക്കുന്നത്. 173 വരികൾ. ഭാഷാസ്വരൂപത്തിലും രചനാരീതിയിലും തെക്കൻപാട്ടിനുമാതൃകയായ ഈ ചെറിയപാട്ട് കേരളസർവ്വകലാശാല മലയാളവിഭാഗത്തിൽ ഡോ.പി.കെ.നാരായണപിളളയുടെ മാർഗ്ഗനിർദ്ദേശത്തിൽ തെക്കൻപാട്ടുകളെക്കുറിച്ച് ഗവേഷണം നടത്തിയ പ്രൊഫസർ.ജെ.പദ്‌മകുമാരി കണ്ടെടുത്തുപകർത്തിയതാണ്.
വരമരുളുംമകതേവൊപൊന്നരനെവരമരുളും
ആലിലമേൽ പളളികൊണ്ടു അരനാരെവരമരുളും
പെച്ചിമുലയിപാലതുണ്ട-മകതേവോ വരമരുളും
ഇന്തപുറവികൊണ്ടു ഇങ്കേവന്താൽ
ഇലെപോട തേവതെ വരമുനക്ക്
അന്തമൊഴി വാർത്ത കേട്ടപോത്
മന്തിരമൂർത്തി വാതയുമൊ
കോപത്തോടെ ചിനത്തോടെ
കയിലെ വിട്ടും പോയിനടന്താർ
നിത്തം ആയിരക്കോടിപൂചൊരിയും 10
പൂന്താഴതോപ്പും ചെന്നുകണ്ടാരെ
പൂജകളെ മുടക്കുവത്‌ക്ക്
മന്തിരമൂർത്തിമനം തുണിന്താരല്ലൊ
പൂന്താഴതോപ്പും അഴിത്തല്ലവൊ
അവിടത്തിലെ പളളികൊണ്ടാരെ
പൂജകരമ്മങ്കളും മുടക്കമാച്ചെ
കൈലെയിലെ ഭുജ ഇല്ലെ
ബ്രഹ്‌മലോകത്തിനും ഭുജ ഇല്ലെ
അരനാരും മലങ്കിടാവെ 20
അരനാരും അന്തനേരം-കൈലാശം ചുറ്റിനോക്കുന്നേരം
പൂന്താഴതോപ്പിതിലെ
മന്തിരമൂർത്തിവാതയുമൊ
തോപ്പടിത്തുടനെ കിടക്കകണ്ടാരെ
അരനാരും തിരുവുളളമാം
ഇന്തനല്ലതേവതയും
ആരുചൊല്ലി കേൾക്കുമെന്ന്
ശീതങ്കത്തിൽ പളളികൊളളും
തിരുമാലെ എളക്കിവര
ആരെ ആരെ ഏകുവെനോ 30
മതി നിരന്താരെ അരനാരും
ഗരുഡഭഗവാനെ വരവഴത്താരെ
അഴത്തപൊഴുതിലെ ഗരുഡാദേവൻ
വേകം വിരവാലെ വന്തുകൊണ്ടാർ
അരനാരെ അടിതൊഴുതാരെ
അമ്മ പാർവ്വതിയെ അടിതൊഴുതാർ
അടിതൊഴുത്ത് അകലെ നിന്റാരെ
ആചാരത്തുടൻ നിന്നുകൊണ്ടാൻ
ഏനോ എന്നൻ മകതേവൊ
എന്നെ വരവഴക്ക കരുമമെന്നാ 40
അരനാരും തിതുവിളളമാം
മന്തിരമൂർത്തി വാതയുമാം
വരത്ത്‌ക്കാക വന്തതുണ്ട്
ഇന്തവാതയുടെ അനുകൂരത്താൽ
പൂന്താഴതോപ്പു അഴിന്തതാച്ചെ
പൂജകർമ്മങ്ങൾ മുടക്കമാച്ചെ
തിരുമാലുടയ ചെല്ലല്ലാമൽ
ആരുചൊല്ലും കേൾപിതില്ലെ
കേളുമെന്തൻ ഗരുഢാദേവ
തിരുമാലെ കൂട്ടി വരികവേണം 50
അടിതൊഴുത് വിടയുവാങ്കി
ഗരുഢാദേവൻ പോയി നടന്താൻ
ചുറ്റിപറന്തങ്കെ ചെല്ലുന്നെരം
ആയിരം പടത്തുടയവൻ മേലെ
തിരുമാലും ശയനം ചെയ്യ
ഗരുഢാദേവനന്തനേരം
കാലരുകിലെ പോയിരുന്താൻ
ചിറകോടെ ചിറക് തട്ടിയല്ലൊ
തിരുമാലെ ഇളക്കിയല്ലൊ
വാർത്തകളെ ചൊല്ലുതാനാം 60
അങ്കെകയിലയിലെ വാർത്ത എല്ലാം
തിരുമാലോടെ ചെല്ലലുറ്റാൻ
അങ്കെപൂളുഇല്ലെ നിക്ക്യകർമ്മമില്ലെ
പൂന്താഴതോപ്പു അഴിന്തതാലെ
നിത്യകർമ്മങ്ങൾ മുടക്കമാച്ചെ
ആരുചൊല്ലും കേളാമൽ
പൂന്താഴതോപ്പതിലെ പളളികൊണ്ടിത
അരനാരുടയ അരുൾ പടിയെ
തിരുമാലെ കൂട്ടി വാറത്‌ക്ക്
അനുപ്പിവിട്ടാരെ അരനാരും 70
നാനെപ്പടിയൊ വരുവനങ്കെ
അന്തനേരം ഗരുഢാദേവൻ
ചിറകോടെ ചിറക്‌തട്ടി
കേളുമെന്തൻ തിരുമാലെ
എന്തൻ ചിറകതിലെ ഏറികൊണ്ടാൽ
വേകം വിരവാലെ പോയിനടന്താൻ
അരനാരുടയ തിരുമുമ്പതിലെ
ഗരുഡാദേവൻ കൊണ്ടുതാഴ്‌ത്തിവിട്ടാൻ
അരനാരും തിരുവുളളമാം
കേളുമെന്തൻ തിരുമാലെ 80
വല്ലാതെയൊരു തേവതയും
വരത്ത്‌ക്കാകവന്തതുണ്ട്
കേട്ടവരങ്കളെ കൊട്ടുക്കായി വിട്ടേൻ
പൂന്താഴതോപ്പും അഴിത്തല്ലവൊ
തോപ്പതിലെ പളളികൊണ്ടല്ലവൊ
പൂജകർമ്മങ്കളും മുടക്കമാച്ചെ
ആവനെകൂട്ടി വരികവേണം
അന്തപൊഴുതിലെ തിരുമാലും
കൂട്ടിവാറനെന്റെ പോയി നടന്താർ
പൂന്താഴതോപ്പിൽ ചെന്റെല്ലവെ 90
മന്തിരമൂർത്തി വാതയും എളക്കിയല്ലൊ
കയിലയിലെ കൂട്ടിവന്താർ
അരനാരെ അടിതൊഴുതാർ
അമ്മപാർവതിയെ അടിതൊഴുതാർ
അടിതൊഴുത് അകലെനിന്റാർ
അരനാരും തിരുവുളളമാം
കേളുമെന്തൻ തേവതയെ
ഉനക്കെന്നവരും (രം) വേണമോതാൻ
കൊല്ലവരം വെല്ലമരം
കുടിമുടിയ മുടിക്കവരം 100
ആട്‌മാട് കന്റ് കാലി
അടങ്കലമാകകൊല്ലവരം
നിത്യപൂജകാണവരം
നിലവിളക്കും കാണവരം
കരും കിടയെതനപുളർന്ന്
കരും കുരുശി പറ്റവരം
പൂവൻകോഴി കുരലരിഞ്ഞ്
കുരുശിപുനലാടവരമരുളും
ഓട്ടുബലികളുമോ പറ്റവരമരുളും 110
പാട്ടുപടപക്കകളും പറ്റവരമരുളും
നന്മെഎന്റ് നിനന്ത പേരെ
നനക്കാത്ത് നിപ്പത്‌ക്കും
തിന്വഎന്റ് നിനന്ത പേരെ
പിടലിയിലെ അടിപ്പതുക്കും
വരമരുളുമകതേവോ
പുത്തിചൊല്ലിയെ വരം കൊടുക്ക
ആദരവായി വരം കൊടുക്ക
വരമാന വരങ്കൾ വാങ്കിയല്ലൊ 120
അരനാരെ അടിതൊഴുതാരെ
അമ്മ പാർവതിയെ അടിതൊഴുതാർ
തിരുമാലെ അടിതൊഴുതാർ
ഇന്തിരരെ അടിതൊഴുതാരെ
അടിതൊഴുത് വിടയും വാങ്കിയെല്ലൊ
മന്തിരമുർത്തി വാതയല്ലൊ
മറ്റും കൂട്ടതേവതന്മാർ
ഭൂവുലകിൽ എഴുന്തരുള
മന്തിരമൂർത്തി വാതയുമൊ
കാവി ഉറുമാലുംകെട്ടി 130
കഴുത്തിലുദ്രാക്ഷമാലയുമാം
തിരുനെറ്റീകോയിതലോടെ
പൊന്നും കിരിയിടവും തലയിൽവന്ന്
ശൂരൽപുരച്ചും ശുരക്കുടുകയുമാം
പാരുഉടവാളും കയിലെടുത്തല്ലവൊ
പരപരനെ വഴിനടക്ക
തേവതൻന്മാർ വാറവഴ
തീവെട്ടിയും കാളഞ്ചിയും
ഇടിപോലെ വെടിമുഴങ്ക
വെളളവട്ടക്കുടപിടിക്ക 140
കണ്ടുപേർകൾ കൊണ്ടാട
ഒറ്റപന്തം മുൻനടത്തി
കൂട്ടപന്തം പിൻപുമാക
കൂക്കുവിളിത്താരവാരത്തോടെ
പൂവുലകിൽ താനെറങ്കി
വില്ലാം കോട്ടശാനുട
ഇലങ്കപുരതന്നതിലെ
മന്തിരമൂർത്തിവാതയുമൊ
നിത്യപൂജകാണുതാരാം
അന്റുരാക് ശാമത്തിലെ 150
വില്ലാകേട്ടശനും
കിനാഫലങ്കൾ കണ്ടാരല്ലൊ
കാലത്താലെ എഴുന്നിരുന്നല്ലവൊ
ആച്ചിരിയപെട്ടതോർതേവതയും
ഇലങ്കപുരതനിലെ നിപ്പതുണ്ട്
അനുക്കൂരമുളള തേവതക്ക്
പൂജകളും ഇടവേണമെന്റാർ
വേണ്ടും വക ഒരുക്കുതാരാം
പച്ചരിയോടെ പഴക്കുലയും
പൂവോടെ പുഷ്പങ്കളും 160
ശകലരിയും ചന്ദനവും
കളബമോടെ കൈതിരിയും
വിളക്കോടെ വെത്തിലയും
വിരവിനുടൻ പൂജഇട്ടാരെ
വില്ലാം കോട്ടാശനും അന്തനേരം
മന്തികത്താലെ പൂജചെയ്യുതാരാം
മന്തിരമൂർത്തി വാതയുമാം
വില്ലാകൊട്ടാശനുടമെയ്യതിലെ
വെളിച്ചപട്ടുതുളുതാരാം
ആച്ചിരിയാം അനുകുരവും 170
കാട്ടും നല്ല തേവതയും
ആശാനുട ഇലങ്കപുരതന്നതി
ആണ്ട് പൂണ്ട് നിക്കുതാരാം 173
————————————————–
കുറിപ്പുകൾഃ മകതേവൊഃ മഹാദേവാ. പൊന്നരനെ…..പ്രിയപ്പെട്ട ഹരനേ. ആലിലമേൽ പളളികൊണ്ടത് ഹരനാരല്ല വിഷ്‌ണുവെന്നാണ് പ്രസിദ്ധി. അതുപോലെ ‘പെച്ചിമുയലിപാലതുണ്ടു’ എന്ന പരാമർശം പൂതനയുടെ പാലുകുടിച്ച കഥ സൂചിപ്പിക്കുന്നു. ഹരനും വിഷ്‌ണുവും വ്യത്യസ്‌തരല്ലെന്നാകാം. പുറവി-ജന്മം. ഇലെപോല-ഇലയിടുന്നതിന്. കയിലെ-കൈലാസം, നിത്തം-നിത്യം. തുണിന്താർ-തീരുമാനിച്ചു. അഴിത്തല്ലവോ-നശിപ്പിച്ചല്ലോ. “മൊഴിവാർത്ത, വേകംവിരവാലെ, ശൂരൽപുരച്ചും” തുടങ്ങിയ പ്രയോഗങ്ങൾ നാടൻ പാട്ടിന്റെ മുദ്രയാണ്. ഓരേ അർത്ഥത്തിലെ പദങ്ങൾ ഒന്നിച്ചാവർത്തിക്കുന്നു. സമാനസന്ദർഭങ്ങളിൽ ഒരേവരികൾ ആവർത്തിക്കുന്നതും കാണാം. മന്തിരമൂർത്തി-മന്ത്രമൂർത്തി. ഭുജ-പൂജ (അജ്ഞാനം കൊണ്ടുണ്ടാകുന്നതാണിത്തരം വർണ്ണവികാരങ്ങൾ). മലങ്കിടാവെ-അമ്പരന്നപ്പോൾ. വരി 24,25 പൂന്താഴതോപ്പ് അടിച്ചു തകർത്ത് ഇട്ടിരിക്കുന്നത് ശിവൻ അറിഞ്ഞു. ശീതങ്കത്തിൽ-?ശീതകൻ-അലസതയുളളവൻ എന്നു തമിഴിൽ അർത്ഥമുണ്ട്. തിരുമാലെ-വിഷ്‌ണുവിനെ. എളക്കിവര-ഇളക്കിക്കൊണ്ടുവരുന്നതിന്. ഏകവെനോ-അയയ്‌ക്കുമെന്ന്. വരി 32. ഗരുഡഭഗവാനെ വിളിക്കാൻ പറഞ്ഞു. എന്തൻ-എൻ+തൻ=എന്റെ (തൻ സംബന്ധികാർത്ഥത്തിൽ). കരുമം-കർമ്മം. തിരുവിളളമാം-തിരുവുളളമായി (ആചാരഭാഷ). വരത്ത്‌ക്കാക-വരത്തിനായി. അനുക്കൂരത്താൽ-അനുഗൃഹത്താൽ. അഴിന്തതാച്ചെ-നശിച്ചതായി. ചൊല്ലല്ലാമൽ-ചൊല്ലല്ലാതെ. വാങ്കി-വാങ്ങി. അനുനാസികാദേശം വരാത്തരൂപങ്ങളും പുരുഷപ്രത്യയം ചേർന്ന രൂപങ്ങളുമാണേറെ കാണുന്നത്. ആയിരം പടത്തുടയവൻ-ആയിരം പത്തിയുളളവൻ (അനന്തൻ) പടം-പത്തി. അങ്കെ-അവിടെ. ചൊല്ലലുറ്റാൻ-പറഞ്ഞു. കേളാമൽ-കേൾക്കാതെ. അരനാരുടയ-അരനാരുടെ. അരുൾപടിയെ-ആജ്ഞയനുസരിച്ച്. വാറത്‌ക്ക്-വരുന്നതിന്. അനുപ്പിവിട്ടാരെ-പറഞ്ഞയച്ചു. നാൻ-ഞ്ഞാൻ. വേകം-വേഗം. വിരവാലെ-വേഗത്തിൽ. കേളും-കേട്ടാലും. വരത്ത്‌ക്കാക-വരത്തിനായി. കേട്ട-ചോദിച്ച. കൊടുക്കായി-കൊടുക്കാതെ. അഴിത്തല്ലവൊ-നശിപ്പിച്ചാണല്ലോ. മുടക്കമാച്ചെ-മുടങ്ങി. ആവനെ-അവനെ. കൂട്ടിവാറൻ-ഞ്ഞാൻകൂട്ടിക്കൊണ്ടുവരാം. വാതയും-വാതയെ. അടിതൊഴുതാർ-പാദങ്ങളിൽ വണങ്ങി. കന്റ്-കന്ന്. അടങ്കലം-അടങ്ങൽ, ആകെ. തനപുളർന്ത്-തന്നെ പിളർന്ന്. കുരുശി-കുരുതി. പറ്റ-സ്വീകരിക്കുന്നത്. കുരലരിഞ്ഞ്-കുരൽ അരിഞ്ഞ്. കുരൽ-കഴുത്ത്. കുരുശി=പുനൽ=രക്‌തം. പുനലാട-രക്‌തത്തിൽ മുഴുകുന്നതിന് (പുനലിൽ ആടുന്നതിന്). പടുക്ക-ദേവപ്രീതിയ്‌ക്കായുളള ഒരു വഴിപാട്. ‘നന്മ എന്റ നിനന്തപേരെ’-നന്മ എന്നു ചിന്തിക്കുന്നവരെ. നനക്കാത്ത്-നന്നായി കാത്ത്. നിപ്പത്‌ക്കും-നില്‌ക്കുന്നതിനും. “തിന്മ എന്റ് നിനന്ത പേരെ”-തിന്മ എന്നത് ചിന്തിക്കുന്നവരെ. പുത്തി-ബുദ്ധി. ഇന്തിരരെ-ഇന്ദ്രനെ. “മറ്റും കൂട്ടതേവതൻന്മാർ”-കൂട്ടത്തിലുളള മറ്റുദേവതകൾ. ഭൂവുലകിൽ-ഭൂമിയിൽ. ഉറുമാൽ കഴുത്തിൽ കെട്ടിയ വാത വളരെ പ്രാചീനമല്ല. ലുദ്രാക്ഷമാല-രുദ്രാക്ഷമാല. കിരിയിടം-കിരീടം. വത്ത്-വച്ച്. ശൂരൽ-ചൂരൽ. പുരച്ച്-പിരച്ച്, ചൂരൽ. ശുരക്കുടുക്ക-ചുരക്കുടുക്ക. വാറവഴി-വരുന്നവഴി. കാളഞ്ചി-കാളാഞ്ചി, കാഹളം. മുഴങ്ക-മുഴങ്ങവേ. കണ്ടപേർകൾ-കണ്ടവർ. കൂക്കുവിളിത്ത്-കൂകിവിളിച്ച്. ആരവാരത്തോടെ-ബഹളത്തോടെ. ഇലങ്കപുര-ഇലങ്കമായപുര. ഇലങ്കം-പരദേവതാഗൃഹം. പുരതന്നതിലെ-പുരയിൽ. കാണുതാരാം-കാണുന്നു(ബഹുവചനപ്രത്യയം ശ്രദ്ധിക്കുക). ആന്റു-അന്ന്. രാക്-രാവ്. ശാമത്തിലെ-യാമത്തിൽ. കിനാഫലങ്കൾ-കിനാവുകൾ. കാലത്താലെ-നേരത്തെ. എഴുന്തിരുന്തല്ലവൊ-എഴുനേറ്റിരുന്ന്. ആച്ചിരിയപെട്ടതോർ-ആശ്ചര്യപ്പെട്ടതായ ഒരു. അത്ഭുതങ്ങൾ കാണിക്കുന്ന. തനിലെ -തന്നിൽ. അനുക്കൂരം-അനുഗ്രഹം. ശകലരി(?) കളബം-കളഭം. കൈതിരി-കൈത്തിരി. വെന്നില-വെറ്റില. വെളിച്ചപട്ടു-വെളിച്ചപ്പെട്ട്.
Generated from archived content: nadan_july2.html Author: j_padmakumari