ഉമ്മൂമ്മ വൈദ്യം

ചെറിയ ജലദോഷത്തിൽ തുടങ്ങി ബുദ്ധിമാന്ദ്യത്തിനുവരെ പ്രതിവിധിയുണ്ട്‌ ഉമ്മൂമ്മയുടെ പക്കൽ. കുറുങ്കൗശലം, ചൊട്ടുവിദ്യ എന്നീ ചെല്ലപ്പേരുകളിലാണിതറിയപ്പെടുന്നത്‌. ഇവയിൽ പലതും തികച്ചും അശാസ്‌ത്രീയവും യുക്തിക്ക്‌ നിരക്കാത്തതുമായി തോന്നാവുന്നതാണ്‌. എന്നാൽ ശരീരത്തെ അവയവങ്ങളായി കാണാതെ സ്വയം സമ്പൂർണ്ണമായ ജൈവഘടകമായി കണ്ടുകൊണ്ടുളള ചികിത്‌സാരീതിക്ക്‌ പ്രചാരമേറിവരുന്ന ഇക്കാലത്ത്‌ ഇവയ്‌ക്കും ഉചിതമായ വ്യാഖ്യാനം നല്‌കാനാകും.

രോഗലക്ഷണങ്ങളിലല്ല രോഗകാരണങ്ങളിലാണവർ ഊന്നുന്നതെന്ന കാര്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. ജലദോഷം പോലുളള അസുഖങ്ങളുടെ ചികിത്‌സയിൽ ഇത്‌ പ്രകടമാണ്‌. പച്ചമഞ്ഞളിന്റെ അറ്റത്ത്‌ ക്ഷീരബലം തേച്ച്‌ ആ അഗ്രം കത്തിച്ചശേഷം പ്ലാവില കുമ്പിളാക്കിപ്പിടിച്ച്‌ അതിൽവെച്ച്‌ ഊക്കോടെ മൂക്കിൽ വലിക്കണം. അതോടെ തലയിൽ കെട്ടിനില്‌ക്കുന്ന നീരെല്ലാമിറങ്ങും. തലവേദന ഃ പച്ചകർപ്പൂരം മുലപ്പാലിൽ ചാലിച്ച്‌ നെറ്റിയിൽ പുരട്ടണം. കുറെകൂടി കഠിനമാണെങ്കിൽ ഒന്നോ രണ്ടോ വർഷം പഴകിയ പുളിയാണ്‌ പുരട്ടേണ്ടത്‌. ചൂടിന്‌ പുളി ഉത്തമമാണെന്നാണവരുടെ കണ്ടെത്തൽ. ഉഷ്‌ണത്തിന്റെ കാഠിന്യം കുറക്കാനായി പുളിവെളളത്തിൽ കുളിയും പതിവുണ്ട്‌. പല്ലുവേദന ഃ കുരുമുളകു വളളിയോ ഗ്രാംപൂവോ അരച്ച്‌ തേക്കണം. ചെവിക്കുത്ത്‌ (ചെവിടു വേദന) ഃ മുതിര വറുത്ത്‌ തേനിലിട്ട്‌ ചെറുപക്ക ചൂടോടെ മുതിര പെടാതെ ചെവിയിൽ ഒഴിക്കുക. പനി ഃ ചുക്ക്‌, കുരുമുളക്‌, തുളസിവേര്‌ ഇവ ചതച്ച്‌ കഷായമാക്കി ഉപയോഗിക്കണം. കുര (ചുമ) ഃ ഇതിനുത്തമം ആടലോടകമാണ്‌. അത്‌ തനിയെ കഷായമാക്കിയും, നെല്ല്‌ വറുത്ത്‌ പാകമാകുമ്പോൾ ആടലോടകം ചേർത്ത്‌ ഇടിച്ച്‌ തവിടാക്കിയും ഉപയോഗിക്കാറുണ്ട്‌. കോഴിമുട്ട പുഴുങ്ങി തൊലി അടർത്തിവെച്ച്‌ ഉപ്പിൽ പൂഴ്‌ത്തി കഴിക്കുന്നതും കുരക്ക്‌ നല്ലതാണ്‌.

വയറുസംബന്ധമായ എല്ലാ അസുഖത്തിനും പ്രതിവിധിയുണ്ട്‌. ഇതിൽ കുട്ടികൾക്കായി പ്രത്യേകം ചികിത്‌സയുമുണ്ട്‌. മഴക്കാലത്ത്‌ കുട്ടികൾക്കുണ്ടാകുന്ന ചർദ്ദി, വയറിളക്കം തുടങ്ങിയ അസുഖത്തിനുളള മരുന്ന്‌ കൗതുകമുളവാക്കുന്നതുമാണ്‌. പച്ച ഈർക്കിൾ ചെറുതായി മുറിച്ചത്‌, വേട്ടാളൻകൂട്‌, അയമോദകം, നെല്ലിൻ പൊളളൻ, അരി ഇവ കൂട്ടി വറുത്ത്‌ ചുവന്ന്‌ പാകമായി വരുമ്പോൾ വെളളമൊഴിച്ച്‌ ആ വെളളം കുടിപ്പിക്കലാണ്‌ ചികിത്‌സ. വലിയവർക്ക്‌ ഇതിന്‌ വെളളാരം കല്ലാണ്‌ ഉപയോഗിക്കുന്നത്‌. കല്ല്‌ ചൂടാക്കി മൺചട്ടിയിൽ വെളളം തിളപ്പിച്ച്‌ അതിലിടണം. ആ വെളളം സേവിക്കുന്നത്‌ വയറുവേദന, വയറിളക്കം, ചർദ്ദി ഇവക്കെല്ലാം ആശ്വാസം നല്‌കുമത്രേ.

അജീർണ്ണമാണ്‌ അസുഖമെങ്കിൽ കറളകത്തിന്റെ ഇലയാണ്‌ വേണ്ടത്‌. കുട്ടികളുടെ വയറ്‌ വീർക്കലിന്‌ കറളകത്തിന്റെ വേര്‌ അരയിൽ കെട്ടിയിടുന്ന പതിവുമുണ്ട്‌. വയറിളക്കി ശുചിയാക്കുന്നതിനും മാർഗ്ഗമുണ്ട്‌. സുന്നാമക്കി, കട്‌ക്ക ഇവ ചേർത്ത്‌ കഷായം വെച്ച്‌ ശർക്കര ചേർത്ത്‌ രാത്രി കിടക്കുന്നതിനുമുമ്പ്‌ സേവിച്ചാൽ വെളുക്കുമ്പോഴേക്കും ശരിപ്പെടും. വയറ്റിൽ പുണ്ണിന്‌ കരിനൊച്ചിന്റെ ഇല ചതച്ചനീര്‌ ഉത്തമമാണ്‌. പ്രസവശേഷം ഗർഭപാത്രം ഇറങ്ങുന്ന അസുഖത്തിന്‌ ചതകുപ്പ അരച്ചതാണ്‌ കൊടുക്കുന്നത്‌.

നീരുളു(നീരുകെട്ടിയുളള വേദന)ക്കിന്‌ ഉമ്മത്തിന്റെ ഇലയാണാവശ്യം. ഇതു പിഴിഞ്ഞെടുത്ത നീര്‌, ചാണകം തേച്ച്‌ ചകിരിചുട്ട നിലത്ത്‌ ഒഴിക്കുന്നു. പതഞ്ഞുവരുന്ന ആ ഔഷധം തറയിൽ നിന്നുതന്നെ വടിച്ചെടുത്ത്‌ നീരുവീക്കമുളളിടത്ത്‌ പുരട്ടണം. ഇനിയുമുണ്ട്‌ ചെറുതും വലുതുമായ ഏതസുഖത്തിനും എളുപ്പമുളള ചികിത്‌സകൾ. നെഞ്ച്‌ നീറ്റലിന്‌ 7 മണി പച്ചമല്ലി തിന്നാൽ മതി. ചോരക്കുരു ഃ എളെളണ്ണയിൽ തവിട്‌ ചാലിച്ച്‌ ഇടുക. കുരുപൊട്ടി പെട്ടെന്ന്‌ ശമിക്കും. മച്ചിങ്ങ കല്ലിലരച്ചിടുന്നതും ഇതിനുത്തമമാണ്‌. മൂത്രതടസ്സം എല്ലുരുക്കം എന്നിവയ്‌ക്ക്‌ കൂവപ്പൊടിയാണ്‌ നല്ലത്‌. പ്രമേഹം ഃ ഞാവൽക്കായ. ചൊറി ഃ പേട്ടുതേങ്ങയുടെ വെളിച്ചെണ്ണ പുരട്ടിയാൽ ശമിക്കും. ഊന്‌ വീക്കം ഃ മുളളില മുളള്‌ തട്ടി പൊടിച്ച്‌ ഉപ്പിട്ട വെളളത്തിൽ തിളപ്പിച്ച്‌ അതുപയോഗിച്ച്‌ വായ കഴുകണം. ഗ്യാസ്‌ട്രബിൾ ഃ ആരിവേപ്പില അരച്ചുരുളയാക്കി കനലിൽ ഉണക്കി രാവിലെ കഴിക്കുക. ചേറ്റുപുണ്ണ്‌ ഃ കളളാഞ്ഞ്‌ കുരുവിന്റെ പരിപ്പ്‌ വെളിച്ചെണ്ണയിൽ മൂപ്പിച്ച്‌ അരച്ച്‌, കോഴിത്തൂവൽ കൊണ്ട്‌ പുരട്ടുക. ഇതിന്റെ ചൊറിച്ചിലിന്‌ വെളിച്ചേമ്പ്‌ നന്നായി കഴുകി അല്പം വെളളം നിറച്ച പാത്രത്തിൽ വെച്ച്‌ വാടാതെ തിളപ്പിക്കുക. ഉപ്പുചേർത്ത്‌ ആ വെളളം കൊണ്ട്‌ കാലു കഴുകുകയാണ്‌ ചെയ്യേണ്ടത്‌. ചെങ്കണ്ണ്‌ ഃ കണ്ണിവെറ്റില, മുരിങ്ങാത്തൂമ്പ്‌, ചീരുളളി ഇവ മുലപ്പാലിൽ ചാലിച്ച്‌ കിഴികെട്ടി ഉപയോഗിക്കാം. ഇതിലെ ചോരകെട്ടലിന്‌ മുരിങ്ങാത്തോൽ കല്ലുകൊണ്ടടർത്തിയെടുത്ത്‌ കല്ലുകൊണ്ടുതന്നെ ചതച്ച്‌ തളളവിരലിൽ കെട്ടിവെക്കുക. ഇതിൽ മുരിങ്ങാത്തോലടർത്താനും ചതക്കാനും കല്ലു തന്നെ ഉപയോഗിക്കണമെന്നത്‌ നിർബന്ധമത്രേ.

എല്ലിന്റെ മുറിവ്‌ കൂടുന്നതിനുവരെ ചികിത്‌സയുണ്ട്‌. ഇവിടെ മഞ്ഞളും ഇടിഞ്ഞിലിന്റെ തോലും അരച്ച്‌ മുറിഞ്ഞ ഭാഗത്ത്‌ കെട്ടിയാൽ എല്ല്‌ കൂടും. മുറിവ്‌, ചതവ്‌, ഒടിവ്‌ എല്ലാറ്റിനും പ്രതിവിധി ഇതുതന്നെ. ഇരുമ്പായുധങ്ങൾ തട്ടിയുളള മുറിവിൽ കമ്മ്യൂണിസ്‌റ്റപ്പ ചതച്ച നീരോ നൂറോ ആണ്‌ പുരട്ടുന്നത്‌. ടെറ്റ്‌നസ്‌ ഇൻജക്ഷന്‌ പകരമത്രേ ഇത്‌. ബുദ്ധി വർദ്ധിക്കുന്നതിനും ഓർമ്മശക്തിക്കും കണ്ണിവെറ്റില ഇടിച്ചു പിഴിഞ്ഞ നീര്‌ വളരെ നല്ലതാണ്‌. രാവിലെ തേൻകഴിക്കുന്നതും ബുദ്ധി വർദ്ധിക്കാൻ സഹായകമത്രേ. നാഡിപ്പിഴ (മെലിച്ചിൽ) ക്ക്‌ നല്ലജീരകം, പുത്തിരിചുണ്ടിന്റെ വേര്‌ ചീരുളളി ഇവ കൂട്ടിയരച്ച്‌ കഞ്ഞിയിൽ ചേർത്ത്‌ പശുവിൻ നെയ്യുകൊണ്ട്‌ വറവിട്ടു നല്‌കുന്നു. മേദസ്സ്‌ വല്ലാതെ വർദ്ധിച്ചാൽ ഉണ്ടാകുന്ന അസുഖമാണ്‌ ശീതപിത്തം. അതിന്‌ പാലക്കാടൻ ആരിവേപ്പിന്റെ തോലുകൊണ്ടുളള കഷായമാണുത്തമം. പണ്ടുകാലത്ത്‌ ദുർമേദസ്സില്ലാതാക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. എളളാണ്‌ ഇതിനുപയോഗിക്കുന്നത്‌. എളള്‌ കഴുകിയുണക്കി രാവിലെ തറയിൽ ചവിട്ടുന്നതിനുമുമ്പ്‌ എടുത്ത്‌ കഴിക്കണം. മേലെ പച്ചവെളളവും കുടിക്കുക. തലമുടിക്ക്‌ കറുപ്പും ആരോഗ്യവും ഉണ്ടാകാൻ കറ്റുവാഴത്തട്ട ഇടിച്ചു പിഴിഞ്ഞ്‌ എണ്ണയിൽ മൂപ്പിച്ച്‌ തേച്ചാൽ മതി. ഇത്‌ തലയ്‌ക്ക്‌ തണുപ്പിനും നല്ലതാണ്‌.

പാരമ്പര്യത്തിലുളള ഉറച്ച വിശ്വാസവും പ്രകൃതിയോടിണങ്ങി ചേർന്നുളള ജീവിത രീതിയുമാണ്‌ ഈ ചികിത്‌സാവിധികൾക്ക്‌ നിദാനമെന്നു കാണാം. കുട്ടികളുടെ വിരശല്യത്തിനുളള ചികിത്‌സയെക്കുറിച്ച്‌ പറയവെ ഇത്തിക്കുട്ടിമ്മ തന്നെ ഇതെടുത്തു പറയുകയും ചെയ്‌തു. മണ്ണാങ്കട്ടയിൽ വെളളമൊഴിച്ച്‌ അത്‌ മണപ്പിക്കുന്നത്‌ വിരശല്യത്തിനുത്തമമത്രേ. മണ്ണുകൊണ്ട്‌ പടച്ച മനുഷ്യന്റെ അസുഖത്തിന്‌ മണ്ണുതന്നെയല്ലോ വേണ്ടത്‌ എന്നാണവരുടെ യുക്തി. ഇതിലെ അധിക ചികിത്‌സയ്‌ക്കും മണ്ണും കല്ലുമായുളള ബന്ധം അഭേദ്യവുമാണ്‌. ഇതിലെല്ലാമുപരി ‘വേദമറിഞ്ഞാലും അവർ വിടുകയില്ല’ എന്നു പറഞ്ഞപോലെ ആഹാരത്തിന്റെ ക്രമീകരണത്തിലും അവർ ശ്രദ്ധിച്ചിരുന്നു. വസൂരി തുടങ്ങി അസുഖങ്ങൾക്കെല്ലാം വിശേഷിച്ച്‌ ചികിത്‌സ നല്‌കാതെ ആഹാരത്തിൽ ചിട്ട വെക്കുകയാണ്‌ ചെയ്യുന്നത്‌. ആരിവേപ്പില മാത്രമാണിവിടെ ഉപയോഗിക്കുന്നത്‌. ആഹാരാചാരങ്ങളിലുളള ചിട്ട, ഉറച്ച വിശ്വാസം, ഇവയുടെയെല്ലാം പരിണിതഫലം മാത്രമാണ്‌ ഇത്തരം ചികിത്‌സകളുടെ ഫലസിദ്ധി.

Generated from archived content: nadan_june19.html Author: ithikuttimma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English