കണ്ണിമാങ്ങ മുതൽ പഴുത്തമാങ്ങവരെയുളള ഓരോ ഘട്ടത്തിലും മാങ്ങയെ നമ്മൾ ഉപയോഗപ്പെടുത്തുന്നു. പാൽപ്പല്ലുപോലും വരാത്ത കുട്ടികൾക്കുകൂടി മാങ്ങാച്ചാറ് കൊടുക്കാമെന്നുളളപ്പോൾ, പല്ലുകൊഴിഞ്ഞ് ഇഹലോകവാസമവസാനിപ്പിക്കുന്നവർ മാവിൻ വിറകെരിഞ്ഞതിന്റെ ജ്വാലയിലും പുകയിലും ചൂടിലുമലിഞ്ഞാണ് പരലോകത്തേയ്‌ക്കുയരുന്നത്. ‘അണ്ട്യോളമെത്ത്യാലേ മാങ്ങേടെ പുളിയറിയൂ’, ‘മക്കളെക്കണ്ടും മാമ്പൂവു കണ്ടും കൊതിക്കരുത് ’ തുടങ്ങിയ പഴഞ്ചൊല്ലുകളിലെ സത്യസ്‌പർശമേറ്റ തനിമ അവയെ ജീവിതഗന്ധികളാക്കുന്നു. മാമരവും മാന്തളിരും മാന്തണലും തേൻമാവും അതുകൊണ്ടാണ് മലയാളത്തിലിന്നും അന്വർത്‌ഥമായി വിരാജിക്കുന്നത്.
മാവ് ഇന്ത്യാക്കാരനാണ്. മാവിന്റെ ശാസ്‌ത്രീയനാമം മാൻജിഫെറ ഇൻഡിക്ക എന്നാണ്. ദക്ഷിണേന്ത്യൻകാടുകളിൽ കാട്ടുമാവുകളുടെ സുലഭമായ സാന്നിദ്ധ്യമുണ്ട്. ചുണയും പുളിയുമേറിയ ഇവ നല്ലവണ്ണം പഴുത്താലേ ഒന്നു കഴിക്കാറാവൂ. മാങ്ങപൊഴിയും കാലമായാൽ ചോലവക്കുകളിലെ സ്വാഭാവിക മാവിൻനിരകൾക്കു ചുവട്ടിൽ കാട്ടാനക്കൂട്ടങ്ങൾ തമ്പടിക്കാറുണ്ട്. കണ്ണിമാങ്ങയ്‌ക്കായി കൊമ്പുവെട്ടി മൊട്ടയടിക്കപ്പെട്ട കാട്ടുമാവുകളാണ് മനുഷ്യസാമീപ്യമുളള വനമേഖലയിലെല്ലാം കാണാനാവുക. ശബ്‌ദസൗകുമാര്യത്തിനായി മാന്തളിരുണ്ണും കുയിലുകൾ ഭാവനയാണെങ്കിലും തളിരുംപൂവും ചൂടിയ മാമരങ്ങൾ കിളികൾക്ക് കീടങ്ങളുടേയും ഷഡ്‌പദങ്ങളുടേയും സദ്യയൊാരുക്കുന്നതിനാൽ അത്യന്തം പ്രിയങ്കരമാണ്. ഇത് ഇലച്ചാർത്തുകളെ ശബ്‌ദായമാനമാക്കുന്നു. ‘തുലാപ്പത്തിനു പൂപ്പത്ത് ’ എന്ന ചൊല്ല് കൃത്യമായി പിൻതുടരുന്ന മാമരങ്ങൾ വൃശ്ചികം ധനുമാസങ്ങളിൽ കണ്ണിമാങ്ങകളണിയുന്നു. കരിയിലകൾക്കിടയിലേയ്‌ക്ക് വീഴുന്ന ഇത്തിരിമാങ്ങകൾ ചുനയുരച്ചുകളഞ്ഞ് കടിച്ചുതിന്നുകൊണ്ട് കുട്ടികൾ ഊഞ്ഞാലാടിത്തിമിർക്കുന്ന തിരുവാതിരക്കാലം മാഞ്ചോടുകളെ ശബ്‌ദമുഖരിതമാക്കുന്നു.
ആമ്രം, ചൂതം എന്നെല്ലാമുളള വിവക്ഷകളാൽ ആയുർവേദശാസ്‌ത്ര ഗ്രന്ഥങ്ങളിലും നിഘണ്ടുക്കളിലും മാവിനെ വിസ്‌തരിക്കുന്നത് ഇതിന്റെ ഉപയോഗത്തിന്റെ പൗരാണികത്വം വെളിവാക്കുന്നുണ്ട്. മാവിന്റെ വേരും തൊലിയും കഷായമാക്കിക്കഴിക്കുന്നത് ഛർദ്ദിയും ചോരതുപ്പലും ഇല്ലതാക്കാനും ആർത്തവം ക്രമമാക്കുന്നതിനും നല്ലതാണ്. പൊളളിയ ഭാഗങ്ങളിൽ മാവില കത്തിച്ച ചാരം പുരട്ടുന്ന പതിവുണ്ട്.
‘പഴുത്ത മാവിന്നിലകൊണ്ടുതേച്ചാൽ
പുഴുത്ത പല്ലും കവിടിക്കു തുല്യം’
എന്ന സൂചന ശുദ്ധമായ ഒരു കേരളീയ ചികിൽസകൂടിയാണ്. മോണരോഗങ്ങളിലും പഴുത്തമാവില ചതച്ച് നിത്യേന പല്ലുതേയ്‌ക്കുന്നത് ഗുണം ചെയ്യും. പച്ചമാങ്ങ കഴിക്കുന്നത് ദഹനം വർദ്ധിപ്പിക്കുന്നു. വയർസ്‌തംഭനമില്ലാതാക്കുന്നു, കുടൽ വ്രണങ്ങൾ കരിക്കുന്നു. യോനീ രോഗങ്ങളിലും മൂത്രനാളത്തിൽനിന്നും രക്തം വരുന്ന അവസ്‌ഥയിലും ഗുണം ചെയ്യുന്നു. പഴുത്തമാങ്ങ മലബന്ധം നീക്കുന്നു, ലൈംഗികോത്തേജകമായും ടോണിക്കായും പ്രവർത്തിക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കുമിളുകൾക്കെതിരെ പ്രവർത്തിക്കുന്ന നിരവധി സൂക്ഷ്‌മാണുക്കൾ മാമ്പഴത്തിലുളളതായും മാവിലയും തൊലിയിലും പച്ചമാങ്ങയിലും ബാക്‌ടീരിയകളെ നശിപ്പിക്കുന്ന ഘടകങ്ങളായും പറയുന്നുണ്ട്. മച്ചിലും നിലവറയിലും അടുക്കളയിലും നാക്കിലയിലും എല്ലാക്കാലത്തും ഒരുപോലെ സ്‌ഥാനം പിടിക്കുന്നതിന് മാങ്ങപോലെ മറ്റൊന്നില്ല. ആ കാലത്തേയ്‌ക്ക് സൂക്ഷിച്ചുവയ്‌ക്കാൻ നാനാതരം പ്രയോഗങ്ങൾ തലമുറ കൈമാറുന്നു.
മാമ്പൂ വിരിഞ്ഞ് പഴമാങ്ങകളായി ഉതിരുന്നിടം വരെയുളള പല ഘട്ടങ്ങളിലും വ്യത്യസ്‌തതരം വിഭവങ്ങൾക്കായി മാങ്ങ ഉപയോഗപ്പെടുത്തുന്നു. പുളിമാവുകളിലെ കണ്ണിമാങ്ങകളിറുത്ത് കടുമാങ്ങയുണ്ടാക്കുന്നു. കടുകുപൊടിയും മുളകുപൊടിയും 1ഃ4 എന്ന അനുപാതത്തിലെടുത്ത് മാങ്ങയുടെ ചുണയും പുളിയും വലിപ്പവുമനുസരിച്ച് ചേർത്തിളക്കി ഉപ്പിട്ട് ഭരണിയിലാക്കി വായ ഭദ്രമായി മുളഞ്ഞിട്ടടച്ച് വർഷങ്ങളോളം സൂക്ഷിക്കാം. കേരളീയസദ്യയ്‌ക്ക് കടുമാങ്ങ അനുപേക്ഷണീയമാണ്. വൃശ്‌ചികം ധനു മാസങ്ങളിലായി വീഴുന്ന കണ്ണിമാങ്ങകൾ പെറുക്കിയെടുത്ത് കഴുകി നാലാക്കികീറി ഉപ്പുവെളളത്തിലിട്ടതാണ് കണ്ണിമാങ്ങാക്കീറ്. മൂവാണ്ടൻമാവുകളുടെ കണ്ണിമാങ്ങാക്കീറ് വിശേഷമാണ്. കണ്ണിമാങ്ങ പൊട്ടിച്ച് ഭരണിയിൽ ഉപ്പുചേർത്തിട്ട് സൂക്ഷിച്ചതും ഉപയോഗിക്കാറുണ്ട്. മാങ്ങ ഇത്തിരി വലുതായിക്കഴിഞ്ഞാൽ കൂട്ടാനുണ്ടാക്കിത്തുടങ്ങാം. ഈ സമയത്തേയ്‌ക്ക് മുരിങ്ങക്കായ സുലഭമായിരിക്കും. മുരിങ്ങാക്കായും മാങ്ങയും, വെളളരിക്കയും മാങ്ങയും ചക്കക്കുരുവും മാങ്ങയും ഒക്കെ മടുക്കാത്ത കൂട്ടാൻ ചേരുവകളാണ്. മകരം കുംഭമാസങ്ങൾ അങ്ങനെ കഴിയുമ്പോഴേയ്‌ക്കും മാങ്ങകൾ ചിനച്ചുതടങ്ങുകയായി.
പുളിമാവുകളിലെ അണ്ടിയുറച്ച മാങ്ങകളുപയോഗിച്ചാണ് ഉപ്പുമാങ്ങയുണ്ടാക്കുക. മാങ്ങകൾ കഴുകി ഉപ്പുവെളളത്തിലിട്ടുവച്ച് ഭരണിവായ മുളഞ്ഞിട്ടടച്ച് വർഷങ്ങളോളം സൂക്ഷിക്കാം. പനി വന്ന് രുചിയറ്റിരിക്കുമ്പോൾ ഉപ്പുമാങ്ങയും ചുട്ട പപ്പടവും രക്ഷയ്‌ക്കെത്തുന്നു. മാങ്ങകൾ ഒന്നുകൂടി മൂത്താൽ ഉലുവാമാങ്ങയുണ്ടാക്കാം. ഉലുവപ്പൊടിയും മുളകുപൊടിയും 1ഃ8 എന്ന അനുപാതത്തിൽ ചേർത്ത് വേണ്ടത്ര ഉപ്പിട്ട് ഭരണിയിലാക്കി മുളഞ്ഞിട്ടു സൂക്ഷിക്കുന്നതാണിതിന്റെ രീതി. പച്ചമാങ്ങ പൂളി ചെറുതായി അരിഞ്ഞ് അച്ചാറിടാം. തൊലിയും ഇത്തരി കഴമ്പും കൂട്ടിച്ചെത്തി അച്ചാറിടാനെടുത്ത് ബാക്കിവന്ന മാങ്ങ അണ്ടിയോടെ പുളിശ്ശേരിയുണ്ടാക്കാം. തികച്ചും ഒരു കേരളീയ വിഭവമായ മാങ്ങാപ്പുളിശ്ശേരി, മാങ്ങ വേവിച്ചതിൽ ഉപ്പും കുരുമുളകുപൊടിയുമിട്ട് നാളികേരമരച്ചു ചേർത്താണുണ്ടാക്കുക. പച്ചമാങ്ങ ചെറുതായി അരിഞ്ഞതിൽ കടുകും നാളികേരവും അരച്ചുചേർത്ത് ഉപ്പിട്ടുപയോഗിച്ചാൽ മാങ്ങാപ്പച്ചടിയായി.
ചിനച്ച മാങ്ങകൾ പൂളിത്തിന്നാം. വലിയ രണ്ട് അപ്പപ്പൂളുകളും, വണ്ണംകുറഞ്ഞ രണ്ട് വാരിപ്പൂളുകളും മാങ്ങാണ്ടിയിൽ ബാക്കിനിൽക്കുന്ന കഴമ്പും കുട്ടികൾക്ക് പ്രിയങ്കരമാണ്. മാങ്ങാച്ചമ്മന്തിയും കേരളീയ വിഭവങ്ങളിൽ വരുന്നുണ്ട്. ചിനച്ച മാങ്ങകൾ പൂളി ഉപ്പും മുളകും ചേർത്ത് ഉണക്കിയെടുത്താൽ എരിമാങ്ങയായി. ഝടുതിയിൽ ഒരു ഉപ്പിലിട്ടതും ചട്‌ണിയും തയ്യാറാക്കണമെങ്കിൽ എരിമാങ്ങ മതി. ചിനച്ച മാങ്ങ (ഗോമാങ്ങയെങ്കിൽ വിശേഷം) ഒരുപോലെയുളള കഷണങ്ങളാക്കി പൂളി ഉപ്പുചേർത്ത് വാട്ടിയെടുത്ത് വെയിലിലുണക്കി എണ്ണയിൽ വഴറ്റിയെടുത്ത് സൂക്ഷിക്കുന്നതാണ് ‘എണ്ണമാങ്ങ.’ കൊടുംവേനലിൽ, മീന മേടമാസങ്ങളിലെ തണുപ്പായി മാമ്പഴങ്ങളുതിരുകയായി. നാട്ടുമാമ്പഴങ്ങൾ ചുണയുരച്ചുകളഞ്ഞ് ഞെക്കിയമർത്തി നീരാക്കി മുത്തിക്കുടിക്കാം. അല്ലെങ്കിൽ ഊണിനുശേഷം കിണ്ണത്തിൽ മാങ്ങ പിഴിഞ്ഞ് ഒരുനുളള് ഉപ്പും ഒരു കഷണം മുളകും ഞവിടിപ്പിഴിഞ്ഞുചേർത്ത് കഴിക്കാം. സുഖമായ ദീർഘനിദ്രയും സുഗമമായ മലശോധനയും ഉറപ്പ്. വലിയ നാട്ടുമാവുകളുളളിടത്ത് ഓരോ കാറ്റിലും കൊട്ടക്കണക്കിന് മാങ്ങയാണ് വീണുകിടക്കുക. കുറേ മാങ്ങ കഴുകിത്തുടച്ച് ഭരണിയിലിട്ട് ഉപ്പിട്ട്‌മുളഞ്ഞിട്ടടച്ചുവയ്‌ക്കാം. ഇതാണ് നീർമാമ്പഴം. കൂട്ടാനുകൾക്കുപകരം നീർമാമ്പഴം ചേർത്തും പഴമാങ്ങ വെറുതേ പിഴിഞ്ഞ് ഉപ്പുചേർത്തും ഊണുകഴിക്കാം. പഴുത്തമാങ്ങയുടെ ‘തല്ല് ’ ആവുമ്പോൾ മണ്ണാവാതെ പായവിരിച്ച് അതിൽ മാങ്ങ പിഴിഞ്ഞൊഴിക്കുന്നു. ഇത് ഉണക്കിയെടുത്തുവച്ച് കൂട്ടാനുണ്ടാക്കാം. ഇതാണ് ‘മാങ്ങാത്തെര’. മാങ്ങയണ്ടിപ്പരിപ്പെടുത്ത് കുതിർത്ത് കട്ടുകളഞ്ഞ് മാവും മധുരവും ചേർത്തരച്ച് മിഠായികളുണ്ടാക്കിയിരുന്നു, മുമ്പ് നാട്ടിൻപുറങ്ങളിൽ. കട്ടുകളഞ്ഞ മാങ്ങയണ്ടിപ്പരിപ്പ് അപ്പമുണ്ടാക്കാനും അടചുടാനും ഉപയോഗിച്ചിരുന്നു. മുളയരിപോലെ, ക്ഷാമകാലത്ത് ഉണ്ണാനില്ലാത്തവർക്ക് അങ്ങനെ മാങ്ങയണ്ടിയും അഷ്‌ടിക്കുതകുമായിരുന്നു, പണ്ട്.
വേനലറുതിയിൽ മാങ്ങാക്കാലം കഴിയുന്നതോടെ അണ്ണാറക്കണ്ണൻമാർ തൊടിയിൽ ചിതറിക്കിടക്കുന്ന മാങ്ങയണ്ടികളിൽ കണ്ണുവയ്‌ക്കുകയായി. അതോടെ വൃശ്ചികം മുതൽ ഇടവംവരെ നീളുന്ന മാങ്ങാക്കാലത്തിന് തിരശ്ശീല വീഴുകയായി. വീട്ടുവളപ്പുകളിൽ തൊടിക്കനുസരിച്ചുളള പേരുളള നാട്ടുമാവുകൾ ധാരാളമുണ്ടായിരുന്നു. കൂട്ടുകുടുംബങ്ങൾ പിരിഞ്ഞപ്പോൾ ഇവയിൽ ഭൂരിഭാഗവും തടിയുരുപ്പടികളായി പടിയിറങ്ങിപ്പോയി. മൂന്നുംനാലും മാങ്ങകൾ ഒന്നിച്ചുവായിലാക്കാൻ പറ്റുന്നവ, ആരുളളവ, തുടതുട നിറമുളളവ, ചോപ്പുംമഞ്ഞയും കഴമ്പുളളവ, കൽക്കണ്ടം തോല്‌ക്കുന്ന മധുരമുളള ശർക്കരയ്‌ക്കടേൻ, പഞ്ചാരയ്‌ക്കടേൻ … മാവിന്റെ വ്വിദ്ധ്യം നീളുകയാണ്.
മുത്തശ്ശിമാർ സ്വാദുപറഞ്ഞുകൊടുത്ത് അമ്മ രുചിച്ച മാങ്ങാസ്വാദുകൾ ഞാനും പഠിച്ചിരുന്നു. ഇന്നും മറക്കാത്ത കൊളേൻ, പുഴേൻ, ഉറിഞ്ചിലേട്ട്യേൻ, വളുമ്പ്യേൻ, വേപ്പൻ, പത്തിയപ്പുരേൻ ……. പലപല സ്വാദും രൂപവുമാർന്ന മാങ്ങകളുടെ വൈവിദ്ധ്യം ഇന്ന് ഒട്ടുമാവുകളാൽ പുനസ്‌ഥാപിക്കപ്പെടുന്നു. കേരളത്തിലെ ഒട്ടുമിക്കതൊടികളിലേയും മാനംമുട്ടുന്ന മാമരങ്ങൾ മില്ലിലെത്തിയത് തൊടിക്കിണങ്ങാത്ത നാടൻമാവുകളെന്ന ‘ചീത്തപ്പേര് ’ ചാർത്തിക്കിട്ടിയിട്ടായിരുന്നു. നാടൻമാവുകളിൽ ഒരു ‘ചന്ദ്രക്കാരൻ’ മാത്രം രാജാവിന് നന്നേ രുചിച്ചതിനാൽ ഒട്ടുമാവിനത്തിൽ പെട്ടിരിക്കുന്നു. കൊടും വെയിലുവേണ്ട, അവിടവിടെ മാത്രംപൂക്കുന്ന, കുലയിൽ കുറവുമാങ്ങകൾമാത്രംതൂങ്ങുന്ന കേട് കൂടിയ, കൊല്ലംതോറും കൊമ്പുകളുണങ്ങുന്ന മലയാളത്തിൽ പേരേഇല്ലാത്ത മറുനാടൻ മാവിനങ്ങൾ നാട്ടിൻപുറങ്ങളിൽകൂടി ചേക്കേറിയിരിക്കുന്നു. തമിഴന്റെ ‘മാങ്‌കാ’യെ ആംഗലീകരിച്ച് ‘മാംഗോ’ ആക്കിയപ്പോൾ തമിഴുംമലയാളവും മറന്ന നമ്മൾ മാങ്ങപൂണ്ടു തിന്നേണ്ടതാണെന്നും ഈമ്പിക്കുടിക്കാൻ പാടില്ലാത്തതാണെന്നും ധരിച്ചുവശരായിരിക്കുന്നു. മാങ്ങാച്ചിത്രം പേറിയ പ്ലാസ്‌റ്റിക് കൂടുകളിലും ടിന്നുകളിലും വരുന്ന, മാങ്ങയേ ചേരാത്ത വെളളം നാലാളുകാൺകെ കുടിക്കുന്ന നാഗരികൾക്കിടയിൽനിന്ന് നാട്ടുമാവുകൾക്കു പുറമേ മലയാളിത്തവും അസ്‌തമിക്കുമോ?
Generated from archived content: annam_mar10_06.html Author: harinarayan_mullamangalam