പടയണിയിലെ കോലമെഴുത്ത്‌

അനുഷ്‌ഠാനകലകളിൽ പാരമ്പര്യവും വേഷസൗന്ദര്യവും തികഞ്ഞ ഒന്നാണ്‌ പടയണി. കാവുകളിൽ നിശ്ചിതകാലത്തിൽ നിശ്ചിതസമുദായത്തിൽപ്പെട്ട അടിയാൻമാരുടെ ആത്‌മാർത്ഥമായ പങ്കാളിത്തത്തോടുകൂടി ചിട്ടപ്പെടുത്തിയെടുത്ത ഒരനുഷ്‌ഠാനം. പരിഷ്‌കാരം കത്തിനിൽക്കുന്ന ഇക്കാലത്തുപോലും കാവിലും അമ്പലമുറ്റങ്ങളിലും കെട്ടിയാടി ഉറഞ്ഞുതുളളുന്ന രൂക്ഷമൂർത്തിയായ കോലത്തിനുമുന്നിൽ ഭയഭക്തിയോടെ തങ്ങളുടെ വരുംകാലസൗഭാഗ്യത്തിന്‌ കൈനീട്ടിതൊഴുതുനിൽക്കുന്ന പച്ചപ്പരിഷ്‌കാരികളെ നാട്ടിൻപുറത്ത്‌ കാണാൻകഴിയും. ദേവതാരൂപം ധരിച്ച്‌ നടത്തുന്ന നൃത്തവും വായ്‌ത്താരിയും മേളങ്ങളും കൂടിച്ചേർന്ന ഒരാരാധനയാണ്‌ നാടോടിക്കലയിലെ ഊർജ്ജപ്രവാഹമായ പടയണി.

ദാരികവധാനന്തരം കലിതുളളിക്കൊണ്ട്‌ കൈലാസത്തിലെത്തിയ കാളിയെ സാന്ത്വനിപ്പിക്കാൻ ശിവനും തന്റെ ഭൂതഗണങ്ങളും ദേവൻമാരും കിണഞ്ഞ്‌ ശ്രമിച്ചിട്ടും കഴിയുന്നില്ല. ഇതിന്‌ പരിഹാരമുണ്ടാക്കാൻ ശിവൻ സുബ്രഹ്‌മണ്യനോട്‌ ആവശ്യപ്പെട്ടു. തന്റെ ഭീകരരൂപം കാണുമ്പോൾ കാളിയുടെ കോപം അടങ്ങുമെന്ന്‌ ജ്യോതിഷപണ്‌ഡിതനായ സുബ്രഹ്‌മണ്യൻ മനസ്സിലാക്കുന്നു. അങ്ങനെ സുബ്രഹ്‌മണ്യൻ പച്ചപ്പാളകളിൽ കോലമെഴുതി. ഭൂതഗണങ്ങൾ കോലങ്ങൾ മുഖത്തുവച്ച്‌ കെട്ടിയും തലയിലെടുത്തും ഉറഞ്ഞു തുളളി. ഇതുകണ്ട്‌ ഭദ്രകാളി പൊട്ടിച്ചിരിച്ചുപോയി. അങ്ങനെ കാളിയുടെ കോപം ശമിച്ചു.

കണിയാൻമാരാണ്‌ പടയണിക്കോലങ്ങൾ വരയ്‌ക്കുകയും തുളളുകയും ചെയ്യുന്നത്‌. ഇതു ചെയ്യുമ്പോൾ സുബ്രഹ്‌മണ്യന്റെ പരിവേഷമാണ്‌ തങ്ങൾക്കുളളത്‌ എന്നാണവരുടെ വിശ്വാസം. പ്രകൃതിയിൽനിന്നു കിട്ടുന്ന വസ്‌തുക്കളിലാണ്‌ പടയണിക്കോലങ്ങൾ വരച്ചുണ്ടാക്കുക. പച്ചപ്പാളയിലാണ്‌ വരയ്‌ക്കുക. വിലസാത്ത പച്ചപ്പാള കവുങ്ങിൻനിന്നും ശേഖരിച്ച്‌ കൊണ്ടുവന്നതിനുശേഷം പാളയുടെ രണ്ടറ്റവും ചെത്തിവൃത്തിയാക്കുന്നു. പിന്നീട്‌ പച്ചനിറമുളള അതിന്റെ പുറംതൊലി ചെത്തിക്കളയുമ്പോൾ പാളയിൽ വെളളനിറം ദൃശ്യമാകുന്നു. ആ വെളുത്ത പ്രതലത്തിലാണ്‌ കോലം വരയ്‌ക്കുക. കുരുത്തോലയുടെ മടൽ ചതച്ചുണ്ടാക്കുന്ന ബ്രഷ്‌ ഉപയോഗിച്ചാണ്‌ കോലങ്ങൾ വരയ്‌ക്കുക.

കറുപ്പ്‌, ചുവപ്പ്‌, മഞ്ഞ നിറങ്ങളാണ്‌ കോലം എഴുതാനായി ഉപയോഗിക്കുന്നത്‌. മാവിന്റെ ഇല ഉണക്കി കരിച്ച്‌ പൊടിച്ചതിനുശേഷം അരച്ചുണ്ടാക്കുന്നതാണ്‌ കറുപ്പ്‌നിറം. തോടുകളിലും മറ്റുംകാണുന്ന ചുവന്നകല്ല്‌ ഇടിച്ചുപൊടിച്ചുണ്ടാക്കുന്നതാണ്‌ ചുവപ്പുനിറം. ഇവയെല്ലാം പച്ചവെളളത്തിൽ കുഴച്ചാണ്‌ കോലം വരയ്‌ക്കുക. ചുവന്ന ചണ്ണയ്‌ക്ക ഇടിച്ചു പിഴിഞ്ഞുണ്ടാക്കുന്ന നീരാണ്‌ മഞ്ഞനിറം. അതുകിട്ടാത്തപ്പോ മഞ്ഞൾ പൊടിയും ഉപയോഗിക്കുന്നു. കൂടുതൽ ഉപയോഗിക്കുന്ന നിറം കറുപ്പാണ്‌. രൗദ്രഭാവം കൂടുതൽ തോന്നാൻവേണ്ടിയാണീനിറം ഉപയോഗിക്കുന്നത്‌. പിന്നീട്‌ കൂടുതലായി ഉപയോഗിക്കുക ചുവന്നനിറമാണ്‌. കണിയാൻമാരാണ്‌ കോലം വരയ്‌ക്കാറുളളത്‌. പാരമ്പര്യമായി ഇത്‌ അഭ്യസിക്കുന്നു. താല്‌പര്യമുളളവരെ പഠിപ്പിക്കാറുമുണ്ട്‌. ഇതു പഠിക്കുന്നതിന്‌ വ്രതാനുഷ്‌ഠാനങ്ങൾ ആവശ്യമാണ്‌. വരയ്‌ക്കുന്നത്‌ കണ്ടുപഠിക്കുകയാണ്‌ ചെയ്യുക. കുറഞ്ഞത്‌ ഒരു വർഷത്തെ പരിചയമുണ്ടെങ്കിൽ മാത്രമേ കോലം വരയ്‌ക്കാൻകഴിയൂ. കോലമെഴുത്ത്‌ സ്ര്തീകളെ പഠിപ്പിക്കാറില്ല. വ്രതശുദ്ധി ഇതിൽ പ്രധാനഘടകമായതുകൊണ്ടാണത്‌. നിറങ്ങൾ അരച്ചുണ്ടാക്കുന്നതിന്‌ സ്‌ത്രീകളെ അനുവദിക്കാറുണ്ട്‌. എന്നാൽ സ്‌ത്രീകൾ ഋതുമതിയായിരിക്കുന്ന സന്ദർഭത്തിൽ പടയണിയുമായി ബന്ധമുളള ഒരു കർമ്മത്തിലും പങ്കെടുപ്പിക്കാറില്ല.

ദേവിയെ സ്‌തുതിച്ചുകൊണ്ടാണ്‌ കോലമെഴുത്താരംഭിക്കുക. കോലമെഴുത്തിനും അവതരണത്തിനും പ്രാദേശികഭേദങ്ങളുണ്ട്‌. ഒരു കോലം വരയ്‌ക്കുന്നതിന്‌ ഇത്രസമയം എടുക്കും എന്ന്‌ പറയാൻ സാധിക്കില്ല. ഭൈരവിക്കോലമാണ്‌ ഏറ്റവും കൂടുതൽ വരയ്‌ക്കേണ്ടിവരിക. ഏറ്റവും വലിയകോലവും ഭൈരവിയാണ്‌. ആദ്യം വരയ്‌ക്കുന്ന കോലം ഗണപതിക്കോലമാണ്‌. കോലം വരയ്‌ക്കുന്നതിന്‌ എത്രപേർക്കുവേണമെങ്കിലും പങ്കെടുക്കാം. നടൻമാർ സ്വന്തമായും കോലം വരയ്‌ക്കാറുണ്ട്‌. കോലമെഴുത്തല്ലാതെ ഉപജീവനത്തിനായി കൂലിപ്പണിയും ഇവർ ചെയ്‌തുവരുന്നു. മുഴുവൻ കോലവും എഴുതികഴിഞ്ഞാണ്‌ പാളകൾ നെയ്‌ത്‌ ചേർക്കുക. വേഷക്കാർക്കുളള മറ്റ്‌ വേഷവിധാനങ്ങൾ സ്വന്തമായി ചെയ്യുന്നു.

രാഹുകാലം കഴിഞ്ഞ്‌ സന്ധ്യാസമയത്താണ്‌ കോലമെഴുത്താരംഭിക്കുന്നത്‌. തപ്പുകൊട്ടിയതിനുശേഷം കോലങ്ങൾ എടുക്കാൻ ആളുകൾ എത്തുമ്പോൾ എഴുത്ത്‌ പൂർത്തിയായിരിക്കണം. എഴുത്താരംഭിക്കുന്നതിന്‌ മുന്നോടിയായി ദേവീസ്‌തുതിയോടുകൂടി നിലവിളക്കുകൊളുത്തി വയ്‌ക്കുന്നു. ശേഷം ശേഖരിച്ചുകൊണ്ടുവന്നിട്ടുളളതിൽനിന്നും ഒരു പാളയെടുത്ത്‌ കഴുകി വൃത്തിയാക്കി നിലവിളക്കിനു സമീപം വയ്‌ക്കുന്നു. പിന്നീട്‌ ജ്യോൽസ്യൻ ‘ജലഗന്ധപുഷ്പധൂപദീപം’ ഇവ ഉപയോഗിച്ച്‌ പഞ്ചാലങ്കാരപൂജ നടത്തുന്നു.

അതിനുശേഷം നിലവിളക്കിന്റെ സമീപമിരിക്കുന്ന പാളയുടെ ഇരുവശവും മുറിക്കുന്നു. പാളമുറിക്കുന്ന സന്ദർഭത്തിൽ പാളയുടെ മുറി ഏതുരാശിയിൽ വീഴുന്നു എന്നത്‌ പ്രധാനമാണ്‌. മേടം രാശിയിൽ വീണാൽ ശുഭം. ഇടവം രാശിയിലായാൽ കടകം. മിഥുനം രാശിയിൽ നീണ്ടുനിൽക്കും. കർക്കടകം കലങ്ങിനിൽക്കും. ചിങ്ങത്തിൽ ഗൗരവം. കന്നിയിലായാൽ മരണം. മീനം രാശി മുതലാണ്‌ രാശി തുടങ്ങുക. ശേഷം ജ്യോൽസ്യന്‌ ദക്ഷിണ നൽകുന്നു. പിന്നീട്‌ കോലമെഴുത്താരംഭിക്കുന്നു. കോലത്തിന്റെ ദൃഷ്‌ടിയാണ്‌ ആദ്യം വരയ്‌ക്കുക. ശേഷം ബാക്കി ഭാഗങ്ങൾ വരച്ച്‌ കോലം പൂർത്തിയാക്കുന്നു. രൗദ്രഭാവമാണ്‌ കോലത്തിന്റെ മുഖത്ത്‌ ആവിഷ്‌കരിക്കുക. മുഖംമൂടിയില്ലാത്ത കോലങ്ങളാണ്‌ കൂടുതൽ മുഖംമൂടിയില്ലാത്ത കോലങ്ങൾക്ക്‌ മുഖത്ത്‌ ചായംപൂശാറുണ്ട്‌. ചിത്രങ്ങൾ വരച്ച പാളയാണ്‌ കണ്‌ഠത്തിലും മാറത്തും അണിയുക. ഭൈരവിക്കോലത്തിലും കാഞ്ഞിരമാലക്കോലത്തിനും ചിത്രപ്പണികൾ കൂടാതെ മാറിൽ സ്തനങ്ങളുംഉണ്ടാകും. ഈ കോലങ്ങൾ തന്നെയാണ്‌ പന്തവുമായി രംഗത്തുവരിക. പടയണി കഴിഞ്ഞാൽ കോലങ്ങൾ അമ്പലമുറ്റത്തും വൃക്ഷങ്ങളിലും മറ്റും കെട്ടിത്തൂക്കുന്നു. ഉപയോഗിച്ച കോലങ്ങൾ വീണ്ടും ഉപയോഗിക്കാറില്ല. പടയണിയുമായി ബന്ധപ്പെട്ട്‌ കളങ്ങൾ വരയ്‌ക്കാറില്ല. 64 കലകളെ അടിസ്‌ഥാനമാക്കിയാണ്‌ കോലങ്ങൾ വരയ്‌ക്കുക. ഇപ്പോൾ 32 കളകളെ അടിസ്‌ഥാനമാക്കിയാണ്‌ വരയ്‌ക്കാറുളളത്‌. ഇതിനനുസരിച്ച്‌ കോലങ്ങൾക്ക്‌ വലിപ്പവ്യത്യാസങ്ങൾ കാണാം. കവുങ്ങിന്റെ അലവെടുത്ത്‌ കീറി നിശ്ചിത അകലത്തിൽ കെട്ടിവച്ച്‌ വരച്ച പാളക്കോലങ്ങൾ കുരുത്തോലയുടെ പച്ച ഈർക്കിൽ കൊണ്ട്‌ യഥാസ്‌ഥാനത്ത്‌ തുന്നിച്ചേർക്കുകയാണ്‌ ചെയ്യുന്നത്‌.

പിശാച്‌ (ഗണപതിക്കോലം), മറുത, മാടൻ, യക്ഷി, കാലൻ, പക്ഷി, ഭൈരവി, കാഞ്ഞിരമാല ഇവയാണ്‌ ഇവിടെ തുളളാറുളള കോലങ്ങൾ. യക്ഷിക്കോലങ്ങളിൽ സുന്ദരയക്ഷിമാത്രമാണിവിടെ തുളളുക.

പിശാച്‌ കോലംഃ-

ശിവന്റെ ഭൂതഗണങ്ങളെക്കണ്ട്‌ പാർവ്വതി അതിയായി ഭയക്കുന്നു. പാർവ്വതിയുടെ മുന്നിൽ തുളളിക്കളിച്ച്‌ പേടിമാറ്റാൻ ശിവൻ ഭൂതഗണങ്ങളോടാവശ്യപ്പെടുന്നു. അതനുസരിച്ച്‌ പേടിമാറ്റാൻ കളിക്കുന്ന കോലമാണ്‌ പിശാചുകോലം. ശരിയായ പേര്‌ പിശാച്‌ കോലം എന്നാണ്‌. എന്നാൽ വിഘ്നേശ്വരനായ ഗണപതിക്കുവേണ്ടി കളിക്കുന്നതുകൊണ്ടിതിനെ ഗണപതിക്കോലം എന്ന്‌ വിളിക്കുന്നു.

മറുതഃ-

ദാരികനെ കൊല്ലാതിരിക്കുവാൻവേണ്ടി, ഭാര്യ പൗർണ്ണമിവ്രതം നോക്കി, അപ്പോൾ ഭദ്രകാളിക്ക്‌ വസൂരിരോഗം പിടിപെട്ടു. ഇതെല്ലാം ശിവൻ കാണുന്നുണ്ടായിരുന്നു. ശിവൻ മറുത തുടങ്ങിയ തന്റെ 16008 ഭൂതഗണങ്ങളെയും വിളിച്ച്‌ ഭദ്രകാളിയുടെ സമീപത്തു ചെന്ന്‌ വസൂരിമാറ്റാൻ ആവശ്യപ്പെട്ടു. ഭദ്രകാളിയുടെ അരികിലെത്തിയ ഭൂതഗണങ്ങൾ ഭയന്ന്‌ പുറകോട്ടുമാറി. ആ സമയത്ത്‌ ശിവൻ ഘണ്‌ഠാകർണ്ണൻ എന്ന ഒരു പുത്രനെ ജനിപ്പിച്ചു. എന്തുചെയ്യണം എന്ന ഘണ്‌ഠാകർണ്ണന്റെ ചോദ്യത്തിന്‌ ഭദ്രകാളിയുടെ ശരീരത്തിലുളള വസൂരി നക്കിത്തോർത്താൻ ശിവൻ ആവശ്യപ്പെട്ടു. ഘണ്‌ഠാകർണ്ണൻ ഭദ്രകാളിയുടെ ശരീരം മുഴുവൻ നക്കിത്തോർത്തുന്നു. മുഖത്തു നക്കാൻ തുടങ്ങിയപ്പോൾ അരുത്‌ എന്നു പറഞ്ഞ്‌ ഭദ്രകാളി ഘണ്‌ഠാകർണ്ണനെ വിലക്കി. അങ്ങനെ ഭദ്രകാളിയുടെ ശരീരത്തിലുളള വസൂരിക്കല മുഴുവൻ മാറുകയും മുഖത്തേത്‌ അവശേഷിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ ഇന്നും വസൂരി പിടിപെട്ടാൽ മുഖത്തെ വസൂരിക്കല അവശേഷിക്കുന്നത്‌ എന്നാണ്‌ വിശ്വാസം. ഘണ്‌ഠാകർണ്ണനെ അനുസ്മരിച്ചാണ്‌ മറുതക്കോലം തുളളുന്നത്‌. അതുകൊണ്ടാണ്‌ മറുതക്കോലത്തിന്‌ വസൂരിക്കല അടയാളമായി വന്നിട്ടുളളത്‌.

മാടൻഃ-

ശിവന്റെ ഭൂതഗണത്തിൽപെട്ട കോലമാണിത്‌. കാലമാടൻ, നെരിപ്പോടുമാടൻ എന്നിങ്ങനെ പേരുകൾക്ക്‌ പ്രാദേശികഭേദമുണ്ട്‌.

യക്ഷിക്കോലംഃ- ദേവിയുടെ ഉപദേവതയാണിത്‌. തോഴിക്കു തുല്യം. സുന്ദരയക്ഷി, അന്തരയക്ഷി, മായയക്ഷി, നാഗയക്ഷി, കാലയക്ഷി, അരക്കിയക്ഷി, കർണ്ണയക്ഷി ഇങ്ങനെ വിവിധതരം യക്ഷിക്കോലങ്ങളുണ്ട്‌. ഓരോ യക്ഷിക്കോലത്തിന്റെയും രൂപഭാവങ്ങൾക്ക്‌ വ്യത്യാസമുണ്ട്‌. ഇവിടെ സുന്ദരയക്ഷിക്കോലം മാത്രമേ തുളളാറുളളു.

കാലൻ കോലംഃ-

പടയണിയിലെ കൂട്ടക്കോലസങ്കല്പത്തിനു പുറത്താണ്‌ ഇന്നും കാലൻകോലവും മാടൻകോലവും. ഇതിന്‌ ഒൻപത്‌ പാളകൾ ഉപയോഗിക്കുന്നു. അഞ്ച്‌ മുഖമായിരിക്കും ഉണ്ടാവുക. ഏറ്റവും മുകളിൽ കിമ്പിരി മുഖമാണ്‌. ഭൈരവിക്കോലത്തിലുളള മുഖങ്ങൾ തന്നെയാണ്‌ ഇതിലും ഉണ്ടാവുക. കിമ്പിരി മുഖത്തിനും മുകളിലായി കോലത്തിനു ചുറ്റുമായി കുരുത്തോല അല്ലി നിവർത്തി വച്ചിരിക്കും. കറുപ്പ്‌, ചുവപ്പ്‌, വെളുപ്പ്‌ എന്നീ നിറങ്ങൾ ഈ കോലത്തിൽ കാണുന്നു. പ്രഭാപരിവേഷം മുഖങ്ങൾക്കു ചുറ്റുമായി വച്ചിരിക്കും. പരിവേഷത്തിൽ ചുവപ്പ്‌, കറുപ്പ്‌, വെളള, മഞ്ഞ എന്നീ നിറങ്ങൾ കാണുന്നു. പീലിമുഖത്തെ പ്രതിനിധാനം ചെയ്‌ത്‌ രണ്ടു പീലിക്കണ്ണുകൾ വരയ്‌ക്കുന്നു. ഇതിന്‌ കറുപ്പുനിറം ഉപയോഗിക്കുന്നു. പിന്നീട്‌ പച്ചമുഖം. പാളയുടെ പുറംതൊലി ചെത്തിക്കളയാതെ വരച്ചുണ്ടാക്കുന്നതാണ്‌ പച്ചമുഖം. കറുത്തക്കണ്ണും പൊട്ടും ദംഷ്‌ട്രകളും ഈ മുഖത്തിനുണ്ടാവും. താമര, മന്ദാരം തുടങ്ങിയ പുഷ്‌പങ്ങൾ വരച്ചിട്ടുളള കാതലങ്കാരം ഉണ്ടാകും. കറുപ്പുനിറമാണ്‌ ഇതിനുപയോഗിക്കുക. കണ്‌ഠാഭരണവും നെഞ്ചാഭരണവും ചുവപ്പ്‌, കറുപ്പ്‌ എന്നീ നിറങ്ങൾ ഉപയോഗിച്ച്‌ വരയ്‌ക്കുന്നു.

ഭൈരവിക്കോലംഃ-

ഏറ്റവും വലുതും കൂടുതൽ വരയ്‌ക്കുന്നതുമായ കോലമാണ്‌ ഭൈരവിക്കോലം. ദേവിയുടെ തനിരൂപമാണിത്‌. 1001 പാളകൾ വരെ ഇതിനുവേണം. ഇവിടെ 51 മുതൽ 101 പാളകൾവരെ ഉപയോഗിക്കുന്നുണ്ട്‌. 1001 പാളകൾ ഉപയോഗിക്കുന്ന കോലത്തിന്‌ 101 മുഖമുണ്ടാകും. 101 പാളകൾ ഉപയോഗിക്കുന്ന കോലത്തിന്‌ 5 മുഖമാവും ഉണ്ടാവുക. ഏറ്റവും മുകളിലായി കിമ്പിരിമുഖം പിന്നീട്‌ താഴെത്താഴെയായി യഥാക്രമം ചുണ്ടാൻ, പച്ച, കൃഷ്‌ണമുടി, മുഖമറ എന്നീമുഖങ്ങൾ കോലത്തിന്റെ നടുക്കായി വച്ചു പിടിപ്പിക്കുന്നു. അതിനു ചുറ്റുമായി മന്ദാരം, താമര എന്നീ പൂക്കളും നാഗപ്പത്തികളും വരച്ചുവയ്‌ക്കുന്നു. അതിനു ചുറ്റുമായി പുറവട എന്നു പറയുന്ന പാളയിൽ വരച്ചുണ്ടാക്കിയ പ്രഭവയ്‌ക്കുന്നു. അലങ്കാരത്തിനുവേണ്ടി അതിനുപുറമെ കുരുത്തോല അല്ലി നിവർത്തി വയ്‌ക്കുന്നു. ഇതാണ്‌ ഭൈരവിക്കോലം.

കാഞ്ഞിരമാലക്കോലംഃ-

101 പാളകളാണ്‌ ഇതിനുപയോഗിക്കുക. 9 മുഖമാണ്‌ ഈ കോലത്തിനുളളത്‌. ഭൈരവിക്കോലത്തിനുളള മുഖങ്ങൾതന്നെയായിരിക്കും ഇതിനും ഉണ്ടാവുക. മുഖങ്ങൾക്കു ചുറ്റുമായി മന്ദാരം, താമര തുടങ്ങിയ പൂക്കളും നാഗപ്പത്തികളും വരച്ചുവച്ചിരിക്കും. ഭൈരവിക്കോലം ജ്യേഷ്‌ഠത്തിയും കാഞ്ഞിരമാല അനുജത്തിയുമാണ്‌. പരസ്പരസഹായത്തിനുവേണ്ടിയാണ്‌ ഈ രണ്ടുകോലങ്ങൾ ഉളളത്‌.

പക്ഷിക്കോലംഃ- കുഞ്ഞുങ്ങൾക്കുണ്ടാകുന്ന പക്കിബാധ (പക്ഷിബാധ) തടയുവാൻ വേണ്ടി തുളളുന്നതാണ്‌ ഈ കോലം. ഈ കോലത്തിന്റെ മുഖത്ത്‌ പക്ഷിച്ചുണ്ടുപോലെ പാളകൊണ്ട്‌ ഉണ്ടാക്കിവച്ചിരിക്കുന്നു.

കുതിരക്കോലംഃ- കുരുത്തോലയോടുകൂടിയ മടൽ നെടുകെ ഛേദിക്കുന്നു. ആ ഓല അതിന്‌ ഇരുവശത്തുമായി കെട്ടിവയ്‌ക്കുന്നു. ഓലയുടെ മുൻഭാഗത്ത്‌ പാളകൊണ്ട്‌ കുതിരയുടെ മുഖാകൃതി ഉണ്ടാക്കി വയ്‌ക്കുന്നു. ഇതാണ്‌ കുതിരക്കോലം.

കോലങ്ങളുടെ എതിരേല്പ്‌ഃ-

ആചാരപ്രകാരം കോലങ്ങൾ ഗണകരുടെ ഗൃഹത്തിൽ ഇരുന്ന്‌ എഴുതുകയും പതിയാൻമാർ ചൂട്ടുംകത്തിച്ച്‌ ഗണകരുടെ വീട്ടിൽ എത്തി വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ എതിരേറ്റുകൊണ്ടു വരണം. ഇന്ന്‌ ക്ഷേത്രപരിസരത്തുവച്ചാണ്‌ കോലം വരയ്‌ക്കുക. ചൂട്ടുമായി ജനങ്ങൾ കോലത്തെ എതിരേല്‌ക്കാൻ എത്തുന്നു. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ കൊണ്ടുവരുന്ന കോലങ്ങൾ ദേവിക്കഭിമുഖമായി നിൽക്കുന്നു. ആ സമയത്ത്‌ ‘കാപ്പൊലി’ എന്ന ചടങ്ങുണ്ട്‌. കോലങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചതിന്റെ ആനന്ദത്തിൽ കയ്യിലുളള തോർത്തും മറ്റും മുകളിലേയ്‌ക്കെറിഞ്ഞ്‌ സന്തോഷം പ്രകടിപ്പിക്കുന്നു. ഇതാണ്‌ കാപ്പൊലി. അപ്പോൾ തപ്പും ചെണ്ടയും ദ്രുതതാളത്തിൽ കൊട്ടുന്നു. പിന്നീട്‌ ദേവിയ്‌ക്കഭിമുഖമായി തുളളുന്നു. ഇതിനെ ‘നിരത്തി തുളളൽ’ എന്നു പറയുന്നു. അതിനുശേഷം കോലങ്ങൾ അണിയറയിൽ വയ്‌ക്കുന്നു. പിന്നീട്‌ ആദ്യം ഗണപതിക്കോലം (പിശാച്‌) വരുന്നു. തുടർന്ന്‌ യഥാക്രമം മറുത, മാടൻ, യക്ഷി, പക്ഷി, കാലൻ, ഭൈരവി, കാഞ്ഞിരമാല ഇടയ്‌ക്ക്‌ കുതിര, പരദേശി എന്നീ കോലങ്ങൾ തുളളുന്നു. പടയണയിൽ കത്തിയ പന്തം ഒരു പ്രധാനഘടകമാണ്‌. ഈ പ്രഭയിൽ കോലംകാണാൻ അതീവ മനോഹരവുമാണ്‌. പത്തനംതിട്ടയിലെ കോഴഞ്ചേരി നാരങ്ങാനം എന്ന സ്ഥലത്തുളള ദേവീക്ഷേത്രത്തിൽ നടത്തിയ പടയണികോലം തുളളലിൽനിന്നും കിട്ടിയ വിവരങ്ങളാണീ വിവരണത്തിനടിസ്ഥാനം. കടമ്മനിട്ടയിലെ പടയണിയേക്കാൾ പഴക്കമുളളതാണ്‌ നാരങ്ങാനത്തെ പടയണി.

പറഞ്ഞുതന്നത്‌ഃ കെ.കെ. രാഘവഗണകൻ. കണിപറമ്പിൽ വീട്‌. നാരങ്ങാനം, പത്തനംതിട്ട, ശ്രീനിവാസൻ കെ.ജി., കെ.കെ.സോമൻ, കാട്ടിപറമ്പിൽ, വളഞ്ഞവട്ടം, തിരുവല്ല, രാധാകൃഷ്‌ണൻനായർ.ടി.എസ്‌, നെടുവേലിൽ, നാരങ്ങാനം.

Generated from archived content: kalam1_mar27_08.html Author: harikumar_n

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here