“പെറ്റ അന്ന് കുമ്മൻ അടങ്ങ്വാൻ കുരുമുളക് വെളളാണ് കുടിക്കാൻ കൊടുക്കുക. പിറ്റേന്ന് മുതൽ ചോന്നുളളീം *1, ചിറ്റുളളീം *2, പാൽക്കായോം, നല്ലേരോം *3, കുരുമൊളകും ചതച്ച് വേവിച്ച് ചക്കരയിട്ട് ഉരുക്കിയെടുത്ത് മൂന്ന് ദെവസം മൂന്നു നേരമാക്കി തിന്നണം. പതിനഞ്ചാംകുളി വരെ അയമോദകം വടിച്ചതാണ് കൊട്‌ക്കേണ്ടത് – അയമോദകം, കാട്ടുജീരകം, നല്ലജീരകം, ആയാളി, ശതകുപ്പ (ചതുപ്പ), വെളുത്തുളളി, ചെറിയുളളി – ചേരുവകൾ – ഇരുപത്തെട്ടിന്റെ കുളിവരെ നാഡികഷായം *4 വൈദ്യരെക്കൊണ്ട് തറിപ്പിച്ച് കുറുക്കിക്കൊടുക്കണം. ഏഴ്‌കെട്ട് വാങ്ങിയാൽ പതിന്നാലുനേരം കഷായമായി കുടിക്കാം. പിന്നെ ഓരോ കുപ്പി ജീരകാരിഷ്‌ടോം ദശമൂലാരിഷ്‌ടോം തീര്‌ന്നത് വരെ കുടിക്കും. പലതരം പരിപ്പുകളും പച്ചമരുന്നും തേങ്ങാപ്പാലും നാട്ടുനെയ്യും ചേർത്ത് മരുന്ന് (ലേഹ്യം *5) ഉണ്ടാക്കുന്നത് പിന്നത്തെ പണിയാണ്. ലേഹ്യത്തിന്റെ കൂടെ പാലും കുടിക്കണം. ഇതെല്ലാം തീർന്നാല് സൗകര്യം പോലെ ഒരു പൊടി *6 തിന്നലുണ്ട്. ഇപ്പറഞ്ഞമാതിരിതന്നെ എല്ലാം നടന്നാൽ ആരോഗ്യത്തിന് ഒരു കൊറവും പറ്റൂല.
ചെലര് മുപ്പത്തിരണ്ടിന്റെ കുളിയോടെ പെറ്റേണീക്കും. പൊതുവില് മുപ്പത്തേഴിന്റെ കുളിയോടെയാണ് എണീക്കുക. പേറിന് പ്രയാസമൊന്നൂല്ലെങ്കി കുരുമൊളകും, ചിറ്റുളളീം ഉപ്പും കൂട്ടിപ്പൊടിച്ച ചമ്മന്തീം നെല്ലൂത്തരിച്ചോറും മാത്രേ ഏഴാം ദെവസം വാര തിന്നാമ്പാടൊളളൂ. പ്രയാസമുണ്ടായാൽ നാല് ദെവസംവാര നെല്ലൂത്തരിക്കഞ്ഞിയാണ്. ചോറും ചമ്മന്തീം നാലുനേരമെന്നത് കുറക്കുമ്പോ (ഏഴിനുശേഷം) നല്ല ഭക്ഷണം കൊടുക്കണം. ഞാള് ആട്ടിന്റെ കക്കും കരളും സൂപ്പും ഒക്കെ തിന്നീറ്റുണ്ട്, കൊടുത്തീറ്റുണ്ട്.”
*1. ചെറിയുളളി.
*2. വെളുത്തുളളി.
*3. നല്ല ജീരകം
*4. നാഡീകഷായം ചേരുവകൾ ഃ കുമിഴ്, കൂവളം, പാതിരി, പയ്യാന, തഴുതാമ, മുഞ്ഞ, ഓരില, മൂവില, കാട്ടുപയറ്, ചെറുവഴുതിന, കാട്ടുഴുന്ന്, വെളേളാട്ടിച്ചുണ്ട, തകരം. വേരുകൾ – ഞെരിഞ്ഞിൽ, യവം, ലന്തക്കുരു, മുതിര, കാകോളി, ക്ഷീരക്കാകോളി, ദേവദാരം, പൂവത്തം, മേദം, മഹാമേദം, ചന്ദനം, നന്നാറി, വെളുത്തകൊട്ടം, ജീവകം, ഇടവകം, ഉലുവ, വയമ്പ്, അകിൽ, അമുക്കുരം, ശതാവരി, പാൽമുതുക്. കിഴങ്ങുകൾ – ഇരട്ടിമധുരം, കടുക്ക, താന്നിക്ക, നെല്ലിക്കത്തോടുകൾ, നറുംപശ, ചതുകുപ്പ, ഏലത്തരി, ഇലവംഗത്തോല്, പച്ചില – കൂടെക്കഴിക്കുന്നത് ധന്വന്തരം ഗുളികയും നല്ലജീരകം വറുത്ത പൊടിയും.
*5. മരുന്ന്‌ലേഹ്യം ചേരുവകൾ ഃ അരി, ജീരകം, കാട്ടുജീരകം, കരിംജീരകം, ഉലുവ, ജാതിമരുന്ന്, ചിറ്റുളി, ചുവന്നുളളി, മഞ്ഞൾ, കടുക്, അയമോദകം, കായം, ഗോതമ്പ്, തേറ്റാമ്പരൽ, എളള്, യോഗമരുന്ന് (മരുന്നുകൂട്ട്), ഉഴുന്ന്, ചെറുപയർ, കടല, ചക്കര, പച്ചയെണ്ണ, പശുവിൻനെയ്യ്, കാലിനെയ്യ് (എരുമ), വെന്ത വെളിച്ചെണ്ണ, ആട്ടിയ വെളിച്ചെണ്ണ, തേങ്ങാപ്പാൽ, കൂടെ കരിങ്ങാലി, വേപ്പിൻതോൽ, ഇരട്ടിമധുരം കഷായവും ചേർക്കണം.
*6. പൊടിക്ക് ചേരുവകൾ ഃ തേറ്റാമ്പരൽ, ഉലുവ, മല്ലി, ഞെരിഞ്ഞിൽ, ജീരകം, കരിഞ്ചീരകം, കാട്ടുജീരകം, കടല, ഉഴുന്ന്, മുതിര, ഗോതമ്പം, ചെറുപയർ, എളള്, മുത്താറി, മഞ്ഞൾ, അയമോദകം, അവിൽ.
Generated from archived content: natt_may1.html Author: hamza_mp
Click this button or press Ctrl+G to toggle between Malayalam and English