തൊപ്പിപ്പാളയും മറ്റും…..

മഴയിൽനിന്നും വെയിലിൽനിന്നും രക്ഷനേടുന്നതിന്‌ പണ്ടു മുതൽക്ക്‌ ഉപയോഗിച്ചുവരുന്നതാണ്‌ തൊപ്പിപ്പാള. പഴയകാലത്ത്‌ ഓലക്കുടകൾ പ്രചാരത്തിലുണ്ടെങ്കിലും ജോലി ചെയ്യുന്നതിനുളള സൗകര്യം കണക്കിലെടുത്ത്‌ തൊപ്പിപ്പാളയാണ്‌ കൂടുതലായി ഉപയോഗിച്ചിരുന്നത്‌. മാത്രവുമല്ല ജാതിവ്യവസ്ഥിതിയുടെ ചിട്ടപ്രകാരം സാധാരണക്കാർക്ക്‌ അന്ന്‌ കുട ഉപയോഗിക്കാനുളള സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. അതിനാൽ തൊപ്പിപ്പാള ഇടുന്നത്‌ കീഴാളത്തത്തിന്റെ ഒരു ലക്ഷണം കൂടിയാണ്‌. ഏറ്റവും ചെലവുകുറഞ്ഞ ഒരു പദ്ധതി എന്ന പ്രത്യേകത കൂടിയുണ്ടിതിന്‌.

നാട്ടിൻപുറങ്ങളിൽ സമൃദ്ധമായി കിട്ടുന്ന കവുങ്ങിൻ പാളയാണ്‌ ഇതിന്റെ അവശ്യവസ്‌തു. മൂത്ത കവുങ്ങിന്റെ വീതിയുളള ഒരു പാളയെടുത്ത്‌ എല്ലാ വശവും ചെത്തി അരികൊപ്പിക്കണം. തെങ്ങിന്റെ മട്ടലിന്റെ അടിഭാഗത്തുനിന്ന്‌ വലിച്ചെടുത്ത നാര്‌ കൊണ്ടാണിത്‌ കെട്ടുന്നത്‌. ഇതിനെ മട്ടലിന്റെ ‘പാന്തം’ എന്നാണു പറയുന്നത്‌. മട്ടല്‌ അധികം ഉണങ്ങാത്തതായിരിക്കണം എന്നാൽ മാത്രമേ നാര്‌ വലിച്ചാൽ കിട്ടുകയുളളൂ. പച്ചയായാൽ ഉത്തമം. തയ്യാറാക്കിവച്ച പാളയുടെ മുൻഭാഗം ഒരുപോലെ ഞൊറിഞ്ഞു പിടിച്ച്‌ നടുക്ക്‌ നാരായം കൊണ്ട്‌ ദ്വാരമുണ്ടാക്കി ദ്വാരത്തിൽകൂടി പാന്തം കോർത്തു കെട്ടുന്നു. പിൻഭാഗവും അതുപോലെ ചെയ്‌താൽ തൊപ്പിപ്പാളയായി. പാള അല്‌പം ഉണങ്ങിയതാണെങ്കിൽ മഞ്ഞുകൊളളിച്ച്‌ ചെറുതായി പൊതിർത്തിട്ടുവേണം തുന്നുവാൻ. തൊപ്പിപ്പാളയുടെ ഉൾവശത്തായി കീശതുന്നുന്ന പതിവുണ്ട്‌. പൈസയോ മറ്റോ സൂക്ഷിച്ചു വയ്‌ക്കണമെങ്കിൽ ഇത്‌ ഉപകരിക്കും. പാളയുടെ ഒരു കഷണം മുറിച്ചെടുത്ത്‌ ഉൾവശത്ത്‌ വച്ച്‌ തുന്നിയാൽ കീശയുമായി.

തൊപ്പിപ്പാളഃ രണ്ടുവിധത്തിൽ ഉണ്ടാക്കാറുണ്ട്‌. തുടക്കത്തിൽ പറഞ്ഞതുപോലെ മുൻവശവും പിൻവശവും തുന്നിക്കെട്ടിയും മുൻഭാഗത്ത്‌ മാത്രം തുന്നിയും ഉണ്ടാക്കാവുന്നതാണ്‌. മുൻവശത്ത്‌ പാളയുടെ അറ്റം ഞൊറിഞ്ഞു പിടിച്ച്‌ പൂവിന്റെ ആകൃതിയിൽ തുന്നിക്കെട്ടി മനോഹരമായി ഇത്‌ നിർമ്മിക്കാൻ കഴിയും. പിൻഭാഗത്ത്‌ അരികൊപ്പിച്ച്‌ മുറിച്ചാൽ മതി. നാട്ടിൻപുറങ്ങളിൽ ഇതാണ്‌ കൂടുതലായി ഉപയോഗിച്ചുകാണുന്നത്‌. ആധുനികയുഗത്തിലെ പ്ലാസ്‌റ്റിക്‌ തൊപ്പികളേക്കാളേറെ ഗുണമുണ്ട്‌ ഇത്തരം തൊപ്പികൾക്ക്‌. പ്രകൃതിയിൽനിന്ന്‌ ലഭിക്കുന്ന വസ്‌തുക്കൾ ഉപയോഗിച്ച്‌ നിർമ്മിക്കുന്നതിനാൽ അവയ്‌ക്ക്‌ യാതൊരു വിധത്തിലുളള ദോഷഫലങ്ങളുമില്ല. ജോലി ചെയ്യുന്ന സമയത്ത്‌ തല വിയർക്കാതെ സൂക്ഷിക്കുന്നു. കൂടുതൽ തണുപ്പ്‌ അനുഭവപ്പെടുന്നില്ല. തലയിൽ എത്രസമയം വച്ചാലും അസ്വസ്ഥത അനുഭവിക്കേണ്ടിവരുന്നില്ല.

തൊപ്പിപ്പാളകൾ യഥേഷ്‌ടം ഉണ്ടാക്കി സ്വയം ഉപയോഗിക്കുകയും ഉണ്ടാക്കി വിൽക്കുകയും ചെയ്യാറുണ്ട്‌. കുശവർ, മലയർ, തീയർ, വണ്ണാൻ, പുലയർ തുടങ്ങിയ സമുദായക്കാരെല്ലാം തൊപ്പിപ്പാള ഉണ്ടാക്കാനറിയുന്നവരാണ്‌. ഇന്നും ഇവരെല്ലാം പണിയെടുക്കുന്ന സന്ദർഭങ്ങളിലും മറ്റും ഇവ ഉപയോഗിക്കുന്നു. ഒരുവർഷംവരെ ഇവ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. മഴക്കാലത്ത്‌ തണുപ്പിന്‌ കേടുവരുന്നുണ്ടെങ്കിൽ പുകയത്തുവച്ച്‌ സംരക്ഷിക്കാവുന്നതാണ്‌.

കൊട്ടാംപാളഃ പാളകൊണ്ട്‌ ഉണ്ടാക്കുന്ന മറ്റൊരു ഉപയോഗവസ്‌തുവാണ്‌ കൊട്ടാംപാള. വീതിയുളള പാള കുറച്ച്‌ ഉണങ്ങിയശേഷം മഞ്ഞിനിട്ടോ അല്‌പം വെളളം നനച്ചോ പൊതിർക്കണം. ആവശ്യത്തിനുവേണ്ട നീളത്തിൽ പാള മുറിച്ചെടുക്കാം. പാളയുടെ രണ്ടുവശവും മടക്കി പാന്തം കൊണ്ട്‌ കെട്ടിയാൽ പരന്ന പാത്രത്തിന്റെ രൂപത്തിലാവുന്നു. പോളിത്തിൻ ബാഗുകളൊന്നും പ്രചാരത്തിലില്ലായിരുന്ന പണ്ടുകാലത്ത്‌ സാധനങ്ങൾ ശേഖരിക്കാനും സൂക്ഷിച്ചുവയ്‌ക്കാനും മറ്റും കൊട്ടാംപാളകൾ ഉപയോഗിച്ചിരുന്നു.

വീശുപാളഃ ചൂടുകാലങ്ങളിൽ ഉഷ്‌ണത്തിന്‌ നിവാരണം നൽകിയത്‌ പാളകൊണ്ടുളള വിശറികളാണ്‌. തണുപ്പ്‌ പ്രദാനംചെയ്യുന്ന പാളവിശറികൾ പഴയകാലത്തെ ജനതയ്‌ക്ക്‌ വളരെ ഉപയോഗപ്രദമായ ഒന്നായിരുന്നു.

പാളച്ചെരുപ്പ്‌ഃ പാള മുറിച്ച്‌ ചെരുപ്പുണ്ടാക്കുന്ന പതിവുണ്ട്‌. പാള ചെറുതായി കീറിയെടുത്ത്‌ അതുകൊണ്ടുതന്നെ ചെരുപ്പിന്റെ പട്ടയുമുണ്ടാക്കാം. നമ്പൂതിരിമാരുടെ ഉപനയനകർമ്മത്തിന്‌ പാളച്ചെരുപ്പ്‌ ഒഴിച്ചുകൂടാൻപറ്റാത്ത ഒന്നാണ്‌. ഉപനയനത്തിനിടയിൽ പാളച്ചെരുപ്പിട്ട്‌ വടക്കോട്ട്‌ നടക്കുന്ന ഒരു ചടങ്ങുണ്ട്‌. കാശിക്കുപോകുന്നു എന്ന സങ്കല്പമാണിതിനുപിന്നിൽ. ഇത്‌ പാളയുടെ ഉപയോഗത്തിന്റെ പഴക്കം വ്യക്തമാക്കുന്നു.

പാളയ്‌ക്ക്‌ നാടോടിക്കലകളിലുളള ഉപയോഗംഃ ചില തെയ്യത്തിനുവേണ്ട മുഖാവരണങ്ങൾ പാളകൊണ്ടാണ്‌ ഉണ്ടാക്കുന്നത്‌. മലയർ കെട്ടിയാടാറുളള കോതാമൂരിപ്പാട്ടിൽ ഗോദാവരിയുടെ കൂടെ പോകുന്ന പനിയൻമാർക്കും ഗുളികൻ തെയ്യത്തിനും പൊട്ടൻതെയ്യത്തിനും മറ്റും മുഖപ്പാള കെട്ടാറുണ്ട്‌. വിവിധഭാവങ്ങൾ വ്യക്തമാക്കുന്ന രൂപങ്ങൾ ഇതിൽ വരയ്‌ക്കാൻ കഴിയും. ചില തെയ്യങ്ങളുടെ കിരീടങ്ങളും പാളകൊണ്ട്‌ നിർമ്മിക്കാറുണ്ട്‌. പടയണിക്കോലങ്ങളുടെ മുടി പാളകൊണ്ടാണ്‌ ഉണ്ടാക്കുന്നത്‌. പാളയുടെ മാർദ്ദവമുളള വശങ്ങളിൽ എഴുതാനും വരയ്‌ക്കാനും എളുപ്പമാണ്‌. കലാരൂപങ്ങൾ ഉണ്ടാക്കുമ്പോഴും ഇഷ്‌ടാനുസരണം മുറിക്കാനും രൂപപ്പെടുത്താനും കഴിയുന്നവയാണിവ.

ചെറിയ കുട്ടികളെ പാളയിലാണ്‌ പഴയകാലത്ത്‌ കിടത്തി കുളിപ്പിച്ചിരുന്നത്‌. ഇങ്ങിനെ പാഴ്‌വസ്‌തുവായി മണ്ണിലടിഞ്ഞുപോകുന്ന പാള ഉപയോഗിച്ച്‌ പലവസ്‌തുക്കളും കലാരൂപങ്ങളും ഉണ്ടാക്കാറുണ്ട്‌.

പറഞ്ഞുതന്നത്‌ഃ മൂലത്തോട്ടിൽ കുഞ്ഞമ്പു, ചെറുവാച്ചേരി, കണ്ണപ്പണിക്കർ, ചെറുകുന്ന്‌.

Generated from archived content: kaivela_mar5.html Author: geetha_p_koramangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here