വൃക്ഷങ്ങളുടെ വകഭേദങ്ങൾ ഃ പ്ലാവ് മുതലായ വൃക്ഷങ്ങൾ ഉളളിൽ ജലംഗ്നകാതൽ ഉളളവയാകുന്നു. പുളി, തേക്ക് മുതലായവക്കു എല്ലാടവും (അകത്തും പുറത്തും) ഒരുപോലെ ജലമുണ്ട്. കരിമ്പന, തെങ്ങ്, കവുങ്ങ് മുതലായവക്കു പുറത്തുമാത്രമേ ജലമുളളു. മുരിങ്ങ, ഏഴിലം പാല, പൂള. മുരിക്ക് മുതലായ മരങ്ങൾ ഒരു ദിക്കിലും ജലമില്ലാത്തതാകുന്നു. ഇവയിൽ ആദ്യം പറഞ്ഞ വൃക്ഷങ്ങളെ മദ്ധ്യഭാഗത്തും (ഗൃഹത്തിൽനിന്ന് അതാതു വൃക്ഷങ്ങൾക്കുളള നീളത്തിന്റെ ഇരട്ടി ദൂരത്തിലെന്നർത്ഥം) രണ്ടാമതു പറഞ്ഞവയെ അതിനുപുറമെയും മുള മുതലായവയേയും മുരിങ്ങ മുതലായ ദുർബലവൃക്ഷങ്ങളേയും അതിനും പുറമേയും വെച്ചു പിടിപ്പിക്കേണ്ടതാകുന്നു. അന്തസ്സാരവൃക്ഷം, ബഹിസ്സാരവൃക്ഷം, സർവ്വസ്സാരവൃക്ഷം, നിസ്സാരവൃക്ഷം ഇങ്ങിനെ വൃക്ഷങ്ങളെ നാലായി തരം തിരിച്ചിരിക്കുന്നു. പറമ്പിൽ നിർത്തുവാൻ പാടില്ലാത്ത വൃക്ഷങ്ങൾ കാഞ്ഞിരം, ചേര,് വയ്യങ്കതവ്്, നറുവരി, താന്നി, പീലുവേപ്പ്, കളളി, പിശാച്‌വൃക്ഷം (ഭൂതാധിവാസമുളള വൃക്ഷം) എരുമക്കളളി മുരിങ്ങൾ എന്നീ മരങ്ങൾ കുടിയിരിപ്പുപറമ്പിൽ എവിടേയും നിർത്തരുതാത്തതാണ്.
വൃക്ഷങ്ങളുടെ നിൽപ് ഏതുദിക്കിൽ സ്ഥിതിചെയ്യണം
പറമ്പിൽ ഗൃഹത്തിന്റെ കിഴക്കുവശത്ത് പൂവെരിഞ്ഞിയും (ഇലഞ്ഞി) പേരാലും തെക്ക് അത്തിയും പുളിയും പടിഞ്ഞാറ് അരയാലും ഏഴിലം പാലയും വടക്ക് പുന്നയും ഇത്തിയും നിൽക്കുന്നത് ശുഭകരമാണ്. കിഴക്ക് പ്ലാവും തെക്ക് കവുങ്ങും പടിഞ്ഞാറ് തെങ്ങും വടക്ക് മാവും ഉണ്ടായിരിക്കുന്നത് നല്ലതാകുന്നു.
വൃക്ഷങ്ങൾ വിപരീതസ്ഥാനങ്ങളിൽ നിന്നാൽ ഉളളഫലം
അരയാൽ മുൻപറഞ്ഞ സ്ഥലത്തല്ലാതെ വിപരീതസ്ഥലത്തുനിന്നാൽ അഗ്‌നിഭയത്തേയും ഇത്തിചിത്തഭ്രമത്തേയും പേരാൽ ശത്രുക്കളിൽനിന്നുളള ശാസ്‌ത്രപാദത്തേയും അത്തി ഉദരവ്യധിയേയും ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് അങ്ങിനെ വിപരീതസ്‌ഥലങ്ങളിൽ നിൽക്കുന്ന വൃക്ഷങ്ങളെ മുറിച്ചു നീക്കേണ്ടതാകുന്നു. അതുതന്നേയുമല്ല മറ്റേതുവൃക്ഷങ്ങളായാലും സ്വർണമയമാണെന്നിരുന്നാൽ കൂടിയും അയയുടെ നീളത്തിൽ ഇരട്ടിയിലധികം പുരക്കടുത്താണ് നിൽക്കുന്നതെങ്കിൽ വെട്ടികളയേണ്ടതാകുന്നു.
വീടിന്റെ എല്ലാ സ്ഥലത്തും നിർത്തേണ്ട വൃക്ഷങ്ങൾ
കുമിഴ്, കൂവളം, കടുക്ക, കൊന്ന, നെല്ലി, ദേവതാരം, പ്ലാശ്, അശോകം, ചന്ദനം, പുന്ന, വേങ്ങ, ചെമ്പകം, കരിഞ്ഞാലി ഇവ ഗ്രഹങ്ങളുടെ രണ്ടുപാർശ്വങ്ങളിലും പിന്നിലും നിൽക്കുന്നത് ശുഭകരമാകുന്നു. അപ്രകാരം തന്നെ വാഴ, പിച്ചകം, വെറ്റിലക്കൊടി ഇവ എല്ലാദിക്കിലും ശുഭപ്രദമാകുന്നു.
വൃക്ഷങ്ങളിലെ സ്‌ത്രീപുരുഷ നപുംസകത്വം
ബിംബത്തിനുളള മരം സ്‌ത്രീലക്ഷണത്തോടു കൂടിയതോ അല്ലെങ്കിൽ പുരുഷലക്ഷണത്തോടുകൂടിയതോ ആയിരിക്കണം ചുവടും തലയും ഒരുപോലെ തടിച്ചിരിക്കുന്ന വൃക്ഷം പുരുഷൻ. അഗ്രം വളരെ മെലിഞ്ഞിരിക്കുന്നത് സ്‌ത്രീ. നടുഭാഗം വണ്ണിച്ചിരിക്കുന്നത് നപുംസകം. ഇങ്ങിനെ വൃക്ഷങ്ങളുടെ ജാതിഭേദം.
ബിംബത്തിനുളള വൃക്ഷം നിൽക്കേണ്ട സ്ഥാനവും വർജ്ജിക്കേണ്ട സ്ഥാനവും
ശ്‌മശാനം, വഴി, ദേവാലയം, പുറ്റ്, കാവ്, പൂന്തോട്ടം, തപസ്വികളുടെ ആശ്രമം എന്നീ സ്ഥലങ്ങളിലുളള വൃക്ഷങ്ങൾ ചൈത്യം നദീ സംഗമസ്ഥാനം. ഈ സ്ഥാനങ്ങളിലുണ്ടായ നട്ടുവളർത്തിയ, വളവുളളവ, വേറൊരു വൃക്ഷത്തിന്റെ സഹായം കൊണ്ട് ഉണ്ടായവ, വളളി കെട്ടുളളവ, ഇടിയേറ്റവ, കാറ്റുകൊണ്ടു വീണവ, താനെ താഴെ വീണവ, ആന തളളി വീഴ്‌ത്തിയവ, ഉണങ്ങിയവ, തീപിടിച്ചവ, തേൻകൂടുകെട്ടിയവ എന്നീ വൃക്ഷങ്ങളൊന്നും ഒരു ഗ്രഹത്തിനും ശുഭങ്ങളല്ല. ദേവപ്രതിമാനിർമ്മാണത്തിനും ഇതുകൾ വർജ്ജ്യങ്ങളാകുന്നു. ഇലകളും പൂക്കളും സ്‌നിഗ്‌ദ്ധങ്ങളാണെങ്കിൽ അങ്ങിനെയുളള വൃക്ഷങ്ങൾ ശുഭങ്ങളായിരിക്കും ഇപ്രകാരം പരിശോധിച്ച് നിർദോഷമായും ശുഭമായും നിശ്ചയിച്ചിട്ടുളള അഭീഷ്‌ടവൃക്ഷത്തിന്റെ അടുക്കലെത്തി വിധിപ്രകാരം പൂജാവിധിയെ ചെയ്യണം.
പ്രതിമാനിർമ്മാണത്തിനു എടുക്കേണ്ട വൃക്ഷങ്ങൾ
പ്ലാവ്, തേക്ക്, ദേവതാരു, ചന്ദനം, ശമി (വഹ്‌നി) ഇരിപ്പ എന്നീ വൃക്ഷങ്ങൾ ബ്രഹ്‌മണർക്കും വേപ്പ്, അരയാൽ, കരിഞ്ഞാലി, കൂവളം ഈ വൃക്ഷങ്ങൾ ക്ഷത്രിയർക്കും വേങ്ങ, കരിഞ്ഞാലി, സിന്ധുകം, തൊടുകാര ഈ മരങ്ങൾ വൈശ്യർക്കും തിന്ദുകം (പനച്ചി) ഇലഞ്ഞി, മരുത്, (വേങ്ങ) പുല്ലുമരുത് (നീർമരുത്) എന്നീ വൃക്ഷങ്ങൾ ശൂദ്രർക്കും പ്രതിമാനിർമ്മാണത്തിനും ശുഭങ്ങളാകുന്നു.
വൃക്ഷം മുറിക്കുവാൻ പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ശുഭങ്ങളായ കരണം ആഴ്‌ച നക്ഷത്രം തിഥി യോഗം ഇതുകളെ കൊണ്ടു യാത്ര വിധിക്കപ്പെട്ട മംഗലമായ മുഹൂർത്തസമയം നോക്കി വനത്തിലേക്കു പുറപ്പെടണം. ഈ സമയത്ത് ശകുനത്തേയും നോക്കണം. ശുഭമായിരിക്കുന്ന ശകുനം ഉണ്ടായിരിക്കണം.
വൃക്ഷപൂജ പറയുന്നു.
പാൽ, പായസം, മോദകം, അന്നം, തയിർ, മാംസം, ഉല്ലോവിക (ഒരു വക പലഹാരം) മുതലായ ഭക്ഷ്യപദാർത്ഥങ്ങൾ, മദ്യം, പുഷ്പം, ധൂപം, ചന്ദനം എന്നീത്യാദി ദ്രവ്യങ്ങളെകൊണ്ട് വൃക്ഷത്തെ പൂജിക്കുകയും ദേവന്മാർ, പിതൃക്കൾ, പിശാചന്മാർ, രാക്ഷസർ, നാഗർ, അസുരൻ, ഭൂതങ്ങൾ, വിനായകർ മുതലായ ദേവന്‌മാരേയും തൽഗണങ്ങളേയും രാത്രികാലം പൂജിക്കുകയും ചെയ്‌തിട്ടുളള ഈ വൃക്ഷത്തെ തൊട്ടുകൊണ്ട് മന്ത്രം ചൊല്ലി (പ്രാർത്ഥനാമന്ത്രം) പ്രാർത്ഥിക്കുന്നു.
വൃക്ഷം മുറിക്കുന്നതിന്റെ തലേദിവസം രാത്രി വൃക്ഷങ്ങളിൽ അധിവസിക്കുന്നതായ എല്ലാ ഭൂതഗണങ്ങൾക്കും പക്ഷിമൃഗാദികൾക്കും ദേവന്മാർക്കും സ്ഥലദേവതകൾക്കും ഗ്രാമദേവതകൾക്കും അഷ്‌ടദിക് പാലകന്മാർക്കും ബലി കൊടുത്ത് അന്നേദിവസം ഈ വൃക്ഷം ഒടിംകുടത്തി സൂചികൊണ്ട് ഞാൻ ഈ വൃക്ഷത്തെ എടുക്കുകയാണ് അതുകൊണ്ട് ഈ ബലി സ്വീകരിച്ച് നിങ്ങൾ ഈ വൃക്ഷത്തിൽനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി തരുക എന്ന് പ്രാർത്ഥിക്കണം. ഇതിനെല്ലാം മന്ത്രങ്ങളുണ്ട്. അതിനുശേഷം പരശുതലയ്‌ക്ക് വെച്ച് പാൽമാത്രം കുടിച്ച് വൃക്ഷത്തിനു ചുവട്ടിൽ കിടന്നുറങ്ങുക. അതിനുശേഷം പ്രഭാതത്തിലാണ് വൃക്ഷം മുറിക്കേണ്ടത്. മുറിക്കുന്നതിനുമുമ്പ് പ്രാർത്ഥന മന്ത്രങ്ങൾ ചൊല്ലി പ്രഭാതത്തിൽ വൃക്ഷത്തെ വെളളംകൊണ്ട് നനച്ച് തേനും നെയ്യും പുരട്ടിയ മഴുകൊണ്ട് ആദ്യം ഈശകോണിൽ മുറിച്ചു തുടങ്ങണം. പ്രദക്ഷിണമായി മുറിക്കണം. വൃക്ഷം വടക്കോട്ടേ ഈശകോണിലേക്കോ കിഴക്കോട്ടോ വീഴുവാൻ പാടുകയുളളു. മറ്റു അഞ്ചു ദിക്കുകളിലേക്കു വീണാലും അശുഭങ്ങളാകുന്നു. വൃക്ഷത്തിന്റെ മുറിവായിൽനിന്നും വരുന്ന ആ ദ്രാവകത്തിന്റെ നിറമനുസരിച്ച് പ്രത്യേകം പ്രത്യേകം ഫലങ്ങളുണ്ട്.
Generated from archived content: natt_april17.html Author: elavalli_nandananachari