ജാതി സമൂഹത്തിലെ അരുതായ്‌മകളെ വിമർശിക്കുകയെന്നത് പൊറാട്ടുനാടകങ്ങളുടെ മുഖ്യസ്വഭാവമാണ്. എണ്ണവില്‌പനക്കാരൻ വാണിയൻ, വെറ്റിലവില്‌പനക്കാരൻ പൊതുവാൾ, തെങ്ങുക്കയറ്റക്കാരൻ തീയൻ, മീൻവിൽപ്പനക്കാരി, പരദേശി ബ്രാഹ്‌മണൻ, കൊപ്രാക്കച്ചവടക്കാരൻ മാപ്പിള തുടങ്ങി വിവിധ ജാതികളുടെ പ്രതിനിധികൾ ചാലിയപ്പൊറാട്ടിലൂടെ രംഗത്തെത്തുന്നു. ജാതീയവും തൊഴിൽപരവുമായ പ്രത്യേകതകളും സ്വഭാവങ്ങളും ഈ കഥാപാത്രങ്ങളിലൂടെ വരച്ചുകാട്ടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നു. തെരുവിന്റെ വിവിധഭാഗങ്ങളിൽനിന്നും കെട്ടിപ്പുറപ്പെടുന്ന പൊറാട്ടുവേഷങ്ങളുടെ നേരരങ്ങ് ഭഗവതിക്ഷേത്രത്തിന്റെ നടുമുറ്റമായിരിക്കും. പൊറാട്ടുഭാഷണങ്ങളിൽ ദ്വയാർത്ഥപ്രയോഗങ്ങളും തെറിവാക്കുകളും സമൃദ്ധമാണ്. സംസ്‌കൃതന്റെ ലോകവീക്ഷണത്തിൽ ആഭാസകരമായി തോന്നാവുന്ന ചേഷ്‌ടകളും ഇവർ കാണിക്കും. കൊടുങ്ങല്ലൂർ ഭരണിയിൽ തെറിപ്പാട്ടുകൾ ചെയ്യുന്ന സാമൂഹ്യദൗത്യം-സമൂഹമനസ്സിലെ ദമനകാമത്തിന്റെ സുരക്ഷാപ്രവാഹം തന്നെയാണ് പൊറാട്ടു പറയുന്നതിലൂടെയും സംഭവിക്കുന്നത്. ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്ന ഒരു കാലത്ത് വിവിധജാതിമതക്കാർ ഒത്തുകൂടുകയും ചാലിയർ അവതരിപ്പിച്ചിരുന്ന പൊറാട്ടിൽ രസിക്കുകയും ചെയ്‌തിരുന്നു. ബ്രാഹ്‌മണരടക്കമുളള സവർണ്ണജാതിക്കാരെ അക്കാലത്ത് പൊറാട്ടിലൂടെ പരിഹസിച്ചിരുന്നു. എന്നാൽ അന്നൊന്നുമില്ലാത്ത അസഹിഷ്‌ണുത ഈയടുത്തകാലത്ത് ഇതരസമുദായങ്ങളിൽ ഉടലെടുത്തിട്ടുണ്ട്. തങ്ങളുടെ സമുദായത്തെ പരിഹസിച്ച പൊറാട്ടുവേഷക്കാരെ ശാരീരികമായി കൈകാര്യം ചെയ്‌ത സംഭവങ്ങൾവരെ കഴിഞ്ഞ ഒന്നുരണ്ടു പതിറ്റാണ്ടുകൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ജാതീയമായ അനാചാരങ്ങളെ ചൂണ്ടിക്കാണിച്ച് തിരുത്താൻ പ്രേരിപ്പിച്ചിരുന്ന ഈ സോദ്ദേശനാടകവേദി ഇന്ന് കേവലം ഒരു ഫാൻസീ ഡ്രസ് മൽസരം മാത്രമായി ചുരുങ്ങിയിരിക്കുന്നു. തലയ്‌ക്കുമീതെ ശൂന്യാകാശമെന്നു പാടി അരങ്ങിലെത്തുന്ന കുഷ്‌ഠരോഗി മുതൽ കാൽവരിയിലേയ്‌ക്കുളള ക്രിസ്‌തുവിന്റെ അന്ത്യയാത്രവരെ ഇന്ന് പൊറാട്ടിലവതരിപ്പിക്കപ്പെടുന്നുണ്ട്. ഇടയ്‌ക്ക് ഒരു പപ്പടക്കാരനോ, മീൻകാരിയോ, പരദേശ ബ്രാഹ്‌മണനോ പ്രത്യക്ഷപ്പെട്ടാലായി.
പക്ഷെ പൊറാട്ടുകളിൽ അന്നും ഇന്നും അരങ്ങിലെത്തുന്ന ചില സ്‌ഥിരം വേഷങ്ങളുണ്ട്. അട്ടക്കുടപ്പോതി, വായച്ചാൻപോതി, അയ്യക്കാൽപോതി എന്നീ ‘പൊറാട്ടു ദേവത’കളാണിവർ. കാലിൽ ചിലങ്കയ്‌ക്കു പകരം അട്ടക്കുട്ട (നത്തക്ക) കോർത്തുകെട്ടി ചെവിയിൽ പരിസേവകർ പറയുന്ന മുഴുത്ത തെറി കേൾക്കെ ഉറങ്ങുന്ന വീര്യം വെക്കുന്ന അട്ടക്കുട്ടപ്പോതിയിലൂടെ വെളിച്ചപ്പാടൻമാരെ പ്രതിപുരുഷൻമാരാക്കി ഉറഞ്ഞുതുളളുന്ന തങ്ങളുടെ തന്നെ ഉപാസനമൂർത്തികളെ തമാശയ്‌ക്കാണെങ്കിലും അനുകരിക്കുകയാണ് ചെയ്യുന്നത്. തെയ്യാട്ടത്തിൽ ദേവതമാർ കെട്ടിയാടപ്പെടുന്നതുപോലെ ഈ പൊറാട്ടുദേവതകളെ കെട്ടിയാടലും ഒരനുഷ്‌ഠാനത്തിന്റെ സ്വാഭാവികതയിലെത്തിയിരിക്കുന്നു ഇന്ന്.
ചുവന്ന പട്ടുടുത്ത് നെറ്റിയിൽ പൊന്നിൻ പാളികെട്ടി (പലപ്പോഴും ഇത് തിളങ്ങുന്ന കടലാസുകൊണ്ടുണ്ടാക്കുന്നതാണ്) വാളുമേന്തിയെത്തുന്ന ‘അട്ടക്കുട്ടപ്പോതിയുടെ വേഷം ഭഗവതിക്കാവിലെ കോമരത്തിന്റെതുതന്നെ. പൊറാട്ടിനു സമാപനം കുറിച്ചുകൊണ്ടാണ് അട്ടക്കുട്ടപ്പോതിയുടെ പുറപ്പാട്. എന്നാൽ പൊറാട്ടിന്റെ ആരംഭത്തിലാണ് വായച്ചാൽപോതി പുറപ്പെടുന്നത്. അടിതൊട്ടുമുടിവരെ ഉണക്കവാഴയില മൂടിയിരിക്കുന്നതു കൊണ്ടാണ് വായച്ചാൽപോതിക്ക് ഈ പേരുകിട്ടിയത്. രണ്ടു വായച്ചാൽ വേഷങ്ങളാണ് ഉണ്ടാവുക. പൊറാട്ടിന്റെ ഔപചാരികമായ ഉദ്‌ഘാടനം നടക്കുക വായച്ചാൽപോതികളെ അന്യോന്യം ബന്ധിപ്പിച്ച് നീട്ടിക്കെട്ടിയ ചരട് ഉദ്‌ഘാടകൻ മുറിക്കുന്നതോടെയായിരിക്കും. വാഴയിലമൂടിയ ഇത്തരം പൊറാട്ടുവേഷങ്ങൾ മറ്റുനാടോടിനാടകങ്ങളിലും ഉണ്ടെന്നത് ശ്രദ്ധേയമാണ്. കുമ്മാട്ടിയിലെ പന്നിവേഷത്തിനും കാസർഗോട്ടെ ഗോത്രവർഗ്ഗക്കാരായ മറാഠികൾ വിവാഹച്ചടങ്ങിന്റെ ഭാഗമായി നടത്തുന്ന ’സൽക്രി‘യോടും ഈ വേഷത്തിന് സാമ്യമുണ്ട്.
ഈ രണ്ടുദേവതകളും എല്ലാതെരുവുകളിലും പൊറാട്ടിന്റെ ഭാഗമായി കെട്ടിയാടപ്പെടുന്നു. എന്നാൽ അയ്യക്കപ്പോതി പയ്യന്നൂർ തെരുവിൽ മാത്രമേ നടപ്പുളളു. മീനപ്പൂരത്തിന്റെ തൊട്ടടുത്ത ദിവസമാണ് പയ്യന്നൂർ തെരുവിൽ പൊറാട്ട് നടക്കുന്നത്. പൊറാട്ടുദിവസം രാത്രിയിലാണ് അയ്യക്കപ്പോതിയുടെ എഴുന്നളളത്ത്. പൂരക്കാലത്ത് മുച്ചിലോട്ടുക്കാവിലെയും മറ്റും കോമരങ്ങൾ വീടുകൾ സന്ദർശിക്കുന്ന പതിവുണ്ട്. ’ഏളത്ത്‘ എന്നാണിത് അറിയപ്പെടുന്നത്. കാൽച്ചിലമ്പിന്റെ ശബ്‌ദവും വാലിയക്കാരുടെ കൂക്കിവിളിയുമാണ് ഏളത്തിന്റെ അകമ്പടി. ഏളത്തിന്റെ ’ആരംഭം‘ തന്നെ അയ്യക്കപ്പോതിക്കും. എന്നാൽ അയ്യപ്പപ്പോതിയുടെ കൂടെ ഒരു ചെണ്ടക്കാരൻ ഉണ്ടായിരിക്കും. ഇദ്ദേഹമാണ് ചെണ്ടകൊട്ടികൊണ്ട് പോതിയുടെ ആഗമകഥ പാടുന്നത്. അഴികടന്നുവന്ന മരക്കലദേവതയാണ് അയ്യക്കപ്പോതിയെന്ന് പാട്ടിൽനിന്നും വ്യക്‌തമാവുന്നു. എല്ലാവീടുകളിലും അയ്യക്കപ്പോതി സന്ദർശിക്കാറില്ല. പയ്യന്നൂർ ഗ്രാമത്തിലെ ചില പുരാതന പൊതുവാൾ ഗൃഹങ്ങളിൽ മാത്രം. മുറ്റത്ത് നിലവിളക്കും നിറനാഴിയും വെച്ച് വീട്ടുകാർ പോതിയെ സ്വീകരിക്കുന്നു. വെല്ലം (ശർക്കരയാണ് അയ്യക്കപ്പോതിക്ക് ഏറ്റവും പ്രിയംകരം) ഒരു പാത്രത്തിൽ ശർക്കരയും വച്ചിരിക്കും. ഇതിനുമുമ്പിൽ ഒറ്റക്കാലിൽ പോതി നൃത്തം ചെയ്യുന്നു.
“അയ്യക്കപ്പോതീ പൊന്നമ്മേ വെല്ലം വേണങ്കിച്ചൊല്ലമ്മേ
അരക്കാവതിലുവെല്ലം വാങ്ങി-ട്ടയ്യക്കപ്പോതിക്കെത്തീല്ല…”
എന്ന ചെണ്ടക്കാരന്റെ പാട്ടിനൊപ്പമാണ് നൃത്തം. പാട്ടുമുറുകുന്നതോടൊപ്പം നൃത്തച്ചുവടും മുറുകുന്നു. അയ്യക്കപ്പോതിയുടെ വേഷവിധാനത്തിനുമുണ്ട് പ്രത്യേകത. ലോകധർമിയായ സ്‌ത്രീവേഷമാണിത്. താലപ്പൊലിയേന്തിയ മലയാളിപ്പെൺകൊടിയുടെ വേഷമാണ് അയ്യക്കപ്പോതിക്ക്. കയ്യിൽ ഒരു തളികയിൽ മുണ്ടും നിലവിളക്കും പിടിച്ചിരിക്കും.
ഉത്തരകേരളത്തിലെ കാവുകളിൽ ആരാധിക്കപ്പെടുന്ന ദേവതകളിൽ ചിലർ മരക്കലത്തിൽ അഴികടന്നെത്തിയ പരദേശികളാണ്. ഇവരിൽ പൂരവുമായി പ്രത്യക്ഷബന്ധമുളള ഒരു ദേവതയാണ് പൂമാല. പൂമാലയ്‌ക്ക് കാവുകളിൽ കെട്ടിക്കോലമില്ല. ഉത്ഭവകഥയിലെ സാമ്യതകളിൽനിന്ന് അയ്യക്കപ്പോതിയും പൂമാലയും ഒന്നാണെന്ന് സംശയിക്കാം.
Generated from archived content: purattu_mar5.html Author: e-unnikrishnan
Click this button or press Ctrl+G to toggle between Malayalam and English