ആദ്യകാല ലിഖിത പരാമർശങ്ങൾ

ഉപയോഗമൂല്യമുളള നാട്ടറിവുകൾ കവികെട്ടി സൂക്ഷിക്കുകയും തലമുറകളിലേക്ക്‌ കൈമാറുകയും ചെയ്യുകയെന്നത്‌ സ്വാഭാവികമായ വിനിമയരീതിയാണ്‌. പഴമൊഴികളും വിഷവൈദ്യവിധികളും കാലാതീതമായി നിലനിന്നതും ഇതുകൊണ്ടുതന്നെ. കർഷകന്റെ അറിവും അനുഭവവും വിശ്വാസവും ചേർന്നതാണ്‌ കൃഷിപ്പാട്ട്‌. കർഷകജനതയുടെ അനുഭവസാക്ഷ്യമാണിത്‌. ഏതൊരു നാടോടി വാങ്ങ്‌മയത്തെയും പോലെ കൃഷിഗീതയും ഒരു കൂട്ടായ്‌മയുടെ സൃഷ്‌ടിയാണ്‌. കെട്ടുമുറയനുസരിച്ച്‌ ഭേദപാഠങ്ങളുണ്ടാകുന്ന ഞാറ്റുപാട്ടുകളെപ്പോലെ തന്നെയാണ്‌ കൃഷിഗീതയുടെയും രൂപപരിണാമം. പഴഞ്ചൊല്ലുകൾപോലെ സമസ്‌ടിയുടെ അറിവിന്റെ വൈയക്തികമായ ആവിഷ്‌ക്കാരമാണിത്‌. കൃഷിഗീതയെക്കുറിച്ചുളള ലിഖിതരൂപത്തിലുളള ആദ്യത്തെ മലയാളപരാമർശം പി. ഗോവിന്ദപ്പിളളയുടെ മലയാള ഭാഷാസാഹിത്യചരിത്രത്തിലേതായിരിക്കണം. 18-​‍ാം നൂറ്റാണ്ടിൽത്തന്നെ മക്കൻസിയുടെ കുറിപ്പുകളിൽ കൃഷിഗീതയുടെ പരാമർശമുണ്ട്‌. 1881ൽ പ്രസിദ്ധീകരിച്ച ഭാഷാചരിത്രത്തിന്റെ അഞ്ചാമധ്യായത്തിൽ ബ്രാഹ്‌മണിപ്പാട്ട്‌, ഭദ്രകാളിപ്പാട്ട്‌, തോറ്റംപാട്ട്‌, സർപ്പപ്പാട്ട്‌, ശാസ്‌താൻപാട്ട്‌, നിഴൽക്കുത്ത്‌പാട്ട്‌ എന്നിവയ്‌ക്കൊപ്പം കൃഷിപ്പാട്ടും ഉൾപ്പെടുത്തിയിരിക്കുന്നു. കൊല്ലവർഷം ഒന്നുമുതൽ മൂന്നാം ശതവർഷത്തിനകം മദ്ധ്യകേരളത്തിൽ മലയാളഭാഷയിലുണ്ടായിട്ടുളള അനേകം പാട്ടുകളിൽ ഒന്നാണ്‌ കൃഷിപ്പാട്ടെന്ന്‌ സാഹിത്യചരിത്രകാരൻ പറയുന്നു.

പരശുരാമൻ പലവിധ ധാന്യങ്ങൾ, നാൽക്കാലികൾ, സസ്യങ്ങൾ, വൃക്ഷങ്ങൾ ഇവയെ കേരളത്തിൽ കൊണ്ടുവന്നു നടപ്പാക്കിയശേഷം ഈ വൃക്ഷാദികൾ നട്ടുവളർത്തുന്നതിനും ധാന്യങ്ങൾ കൃഷിചെയ്യുന്നതിനുമുളള സമ്പ്രദായം വിസ്‌തരിച്ചു പ്രതിപാദിക്കുന്ന ‘കേരളകല്പം’ പോലുളള സംസ്‌കൃതഗ്രന്ഥങ്ങൾ ആര്യബ്രാഹ്‌മണരുടെ ഉപയോഗത്തിനുണ്ടെന്നും കൃഷിക്കാരായ കൊഴുവൻമാർ ശൂദ്രരാകയാലും അവർക്ക്‌ ആദ്യകാലത്ത്‌ സംസ്‌കൃതജ്‌ഞ്ഞാനമില്ലാതിരുന്നതിനാലും ധാന്യഭേദങ്ങളെയും കൃഷികാര്യങ്ങളെയും കുറിച്ച്‌ പരശുരാമൻ ബ്രാഹ്‌മണർക്കു ചെയ്‌ത ഉപദേശങ്ങളെ ഏതോ ഒരു നമ്പൂരി നാലുപാദമായിട്ട്‌ ഒരു ഭാഷാഗ്രന്ഥം ചമച്ചെന്നും അതാണ്‌ കൃഷിപ്പാട്ടെന്നും ഗോവിന്ദപ്പിളള അഭിപ്രായപ്പെടുന്നു. കാട്ടുകൃഷിയെക്കുറിച്ചും ഞാറ്റടി ഒരുക്കുന്നതിനെക്കുറിച്ചും ഉളള എട്ടുവരികൾ മാതൃകയായി കൊടുക്കുന്നുമുണ്ട്‌.

ആറുചാലിൽ കുറഞ്ഞിട്ടൊരുത്തരും

ഞാറുപാകരുതെന്നു ധരിക്കണം

ഞാറ്റിനു മൂപ്പറുപതു നാളുണ്ടു

ചേറ്റിലും പൊടിയിൽ തന്നെ പാകിലും

നമ്പുഞ്ഞാറു നുരി പിരിയുന്നെങ്കിൽ

അമ്പൊടേ വിളവേറ്റ മറിഞ്ഞാലും

പിൻവരിഷമേറീടുന്ന കാലത്തു

നമ്പുകൊയ്യാമരിവിരി നിർണ്ണയം

ഭാഷാചരിത്രത്തിൽ ഉദ്ധരിച്ചിട്ടുളള ഈ വരികളിൽനിന്നും ഏറെക്കുറെ വ്യത്യസ്‌തമാണ്‌ മദ്രാസ്‌ ഓറിയന്റൽ മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറിയുടെ മൂന്ന്‌-നാല്‌ വാള്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട കൃഷിഗീതയിലേത്‌.

ആറുചാലിൽ കുറഞ്ഞിട്ടൊരുത്തരും

ഞാറുപാകരുതെന്നു ധരിക്കണം

തൊറ്റിൾ മൂപ്പിരുപതു നാളുണ്ട്‌

ചേറ്റിലും പൊടിയിൽ തന്നെയെങ്കിലും

നമ്പുഞ്ഞാറങ്ങരിവിരിക്കുണ്ടെങ്കിൽ

അമ്പോടേ വിളവേറ്റമറിഞ്ഞാലും

പിമ്പുവർഷമങ്ങേറിയ കാലത്ത്‌

നമ്പുകൊയ്യാമരിവിരി നിർണ്ണയം

“എട്ടുചാലിൽ കുറഞ്ഞിട്ടൊരുത്തരും

തട്ടിടും ഞാറു പാകരുതാരുമേ”

എന്ന ഈരടികൾ ഉൾക്കൊളളുന്ന ഖണ്‌ഡമാണ്‌ ചില പാഠങ്ങളിൽ കാണുന്നത്‌.

മലയാളക്കരയിലെ കർഷകസമൂഹമാകെ കൈപ്പുസ്‌തകമാക്കിയ കൃഷിഗീത ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയോളമെങ്കിലും പഴന്തലമുറ ചുണ്ടിലേറ്റി നടന്നിരുന്നുവെന്നതിന്‌ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ലേഖനങ്ങളും സാക്ഷിയാണ്‌. ഏതാണ്ട്‌ ഭാഷാചരിത്രം എഴുതപ്പ്ന്ന കാലത്തുതന്നെയാണ്‌ വിദ്യാവിനോദിനിയിൽ കേസരി ‘കൃഷിക്കാരൻ’ എന്ന ലേഖനം എഴുതുന്നത്‌ (1070-ൽ). ‘കൃഷിപരിഷ്‌ക്കാരം’ എന്ന പേരിൽ പുനഃപ്രസിദ്ധീകരച്ച കേളരിയുടെ ലേഖനത്തിൽ കൃഷിപ്പാട്ടിലെ വരികൾ ഉദ്ധരിക്കുന്നുണ്ട്‌.

“പണ്ടുപണ്ടുളള വിത്തുകളെല്ലാം

കണ്ടാലുമറിയാതെ മറഞ്ഞുപോയ്‌

നിഷ്‌ഠുരങ്ങളാമിന്നുളള വിത്തുകൾ

കുഷ്‌ഠരോഗാദി വർദ്ധിപ്പിക്കും ദൃഢം”.

എന്ന്‌ നമ്മുടെ കൃഷിപ്പാട്ടിൽ പറഞ്ഞത്‌ ദ്വിതീയാക്ഷര പ്രാസത്തിനുവേണ്ടി മാത്രമല്ലെന്നും പഴക്കവും പരിചയവുമുളള ഏത്‌ കൃഷിക്കാരനും ഇക്കാര്യം സമ്മതിക്കുമെന്നും കേസരി പറയുന്നു. ശാസ്‌ത്രീയമായി കൃഷിചെയ്യുന്നത്‌ മാന്യമായ ഏർപ്പാടുതന്നെയാണെന്നും വല്ലവിധേനയും അതിനു സാധിക്കാതെ വന്നാൽ അത്തരക്കാർ പൂന്തോട്ടമെങ്കിലും നട്ടുണ്ടാക്കണമെന്നും അദ്ദേഹം അഭിപ്രായപെടുന്നു. പണ്ടത്തെക്കാലം ഇങ്ങനെയുളള ഉദ്യാനങ്ങൾ സർവസാധാരണമായിരുന്നുവെന്നു സമർത്ഥിക്കാൻ കൃഷിഗീതയിലെ “പൂന്തോട്ടം നട്ടുണ്ടാക്കുന്നവരിഹ നീന്തിടുന്നീല സംസാര സാഗരേ” എന്ന വരി ഉദ്ധരിക്കുന്നുണ്ട്‌. എ.ആർ. രാജരാജവർമ്മ “വൃത്തമഞ്ഞ്‌ജരി”യിൽ ഊനകാകളിയ്‌ക്ക്‌ ലക്ഷ്യമായി കൊടുക്കുന്ന വരികളും കൃഷിഗീതയിലേതുതന്നെ. 1912ൽ പ്രസിദ്ധീകരിക്കപ്പെട്ട കെ.പി. പത്‌മനാഭമേനോന്റെ കൊച്ചിരാജ്യചരിത്രത്തിലും കൃഷിഗീതയെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്‌. ഗ്രന്ഥകർത്താവിന്റെ വിവരണത്തിനടിസ്‌ഥാനം കീഴ്‌നടപ്പാണെന്നും ചീനമുളക്‌, പറങ്കിമുളക്‌ എന്നീ സൂചനകളിൽനിന്നും കൃതിയുടെ കാലം പോർട്ടുഗീസുകാർ മലയാളത്തിൽ വന്നതിനുശേഷമാണെന്നും അദ്ദേഹം ഉറപ്പിച്ചുപറയുന്നു. ഈ വാദം പൂർണ്ണമായും ശരിയല്ല.

പണ്ടുപണ്ടുളള വിത്തുകളെല്ലാം കണ്ടാലറിയാത്തവിധം മാഞ്ഞുപോയതിൽ സങ്കടപ്പെട്ടുകൊണ്ടാണ്‌ തുളുനാട്ടിലെയും കോലനാട്ടിലെയും ഇടനാട്ടിലെയും വിത്തിനങ്ങളെ പേരുചൊല്ലി വിവരിക്കുന്നത്‌. കേരളമെന്നും പരദേശമെന്നുമുളള ഭേദം എല്ലാറ്റിനുമുണ്ടത്രെ. നിഷ്‌ഠൂരങ്ങളായ ഇന്നുളള വിത്തുകൾ മിക്കവയും പരദേശികളാണ്‌ എന്ന കൃഷിപ്പാട്ടുകാരന്റെ സൂചനയനുസരിച്ച്‌ നാമിന്ന്‌ നാടൻ വിത്തുകൾ എന്നു വിളിക്കുന്ന പലതും പരദേശികളായിരിക്കണം. ഇടനാട്ടിലെ വിത്തുകളുടെ കൂട്ടത്തിൽ രോഗബാധകളെ ചെറുക്കാൻ കഴിയുന്ന ‘ചിറ്റരി’യെപ്പറ്റിയും മുണ്ടകൻ വയലിനു പറ്റുന്ന ‘ആയനി’യെപ്പറ്റിയും പരാമർശിക്കുന്നുണ്ട്‌. ഈ വിത്തുകൾ നമ്മുടെ പാടങ്ങളിൽനിന്നും അപ്രത്യക്ഷമായിരിക്കുന്നു. എന്നാൽ ഈ പേരുകളുമായി സാമ്യമുളള മറ്റൊരു വിത്ത്‌, ചിറ്റേനി-ഹരിതവിപ്ലവം ഉഴുതുമറിച്ചിട്ട ഉത്തരകേരളത്തിലെ പാടശേഖരങ്ങളിൽ അതിജീവിക്കുന്നുണ്ട്‌. ചിറ്റേനി ചൈനയിൽ നിന്നും വന്നതാണെന്നാണ്‌ ഗുണ്ടർട്ട്‌ നിഘണ്ടു നല്‌കുന്ന സൂചന. ആയനിയെന്ന വിത്ത്‌ നടപ്പുണ്ടായിരുന്ന ഒരു പ്രദേശത്ത്‌ പുതുതായെത്തപ്പെട്ട ഒരു പരദേശി വിത്ത്‌. വിത്തിലോ ചെടിയിലോ ഉളള സാദൃശ്യം മൂലം ചിറ്റായനി – ചിറ്റേനി- എന്നറിയപ്പെട്ടതാകാം.

സംസ്‌ക്കാര സമന്വയത്തിന്റെ സൂചകവും അധിനിവേശത്തിന്റെ കൊടിയടയാളവുമാണ്‌ വിത്തുകൾ. വിത്തുകളുടെ വിതരണ ചരിത്രം ആഗമനത്തിന്റെയും അധിനിവേശത്തിന്റെയും സമാന്തരചരിത്രം കൂടിയാണ്‌. ഒരു പരദേശി വിത്ത്‌ ജനതയുടെ സംസ്‌ക്കാരത്തിലിടപെട്ട്‌ അതിന്റെ തന്നെ ഭാഗമായി മാറുക; വിത്തിനനുസരിച്ച്‌ സംസ്‌ക്കാരം മാറുക… ഇതു രണ്ടും സംഭവിച്ചിട്ടുണ്ട്‌. കേരവൃക്ഷം കേരളത്തിന്റെ പ്രതീകമായത്‌ ആദ്യത്തേതിന്‌ ഉദാഹരണം. റബ്ബർ തൊട്ട്‌ ആന്തൂറിയം വരെയുളള നാണയ വിളവുകൾ കേരളത്തിന്റെ സംസ്‌ക്കാരത്തെ ചിട്ടപ്പെടുത്താൻ തുടങ്ങിയത്‌ രണ്ടാമത്തേതിനും. അഗ്രിക്കൾച്ചറിന്റെയും അഗ്രോ ബിസിനസ്സിന്റെയും വിരുദ്ധഭൂമികളിലാണ്‌ തെങ്ങിനും റബ്ബറിനും ഇടപെടേണ്ടി വന്നിട്ടുളളത്‌. ലാഭാധിഷ്‌ഠിതമായ ഒരു കാർഷികപര്യാവരണത്തിലാണ്‌ റബ്ബർ ഒരു സംസ്‌ക്കാരമായത്‌. റബ്ബറിൽ നിന്നും മൾബെറിയിലേക്കോ അവിടെനിന്നും ഓർക്കിഡിലേക്കോ ചുവടുമാറ്റാൻ പുത്തൻ കർഷകന്‌ പ്രയാസമേതുമില്ല.

കൃഷിയെ സംസ്‌ക്കാരവും ജീവിതചര്യയുമാക്കിയിരുന്ന ഒരു കൂട്ടായ്‌മയിലേക്കാണ്‌ തെങ്ങ്‌ കടന്നുവന്നത്‌. ദേശസംസ്‌ക്കാരത്തിന്റെ ഹൃദയവേഗമുൾക്കൊണ്ടുകൊണ്ടാണ്‌ തെങ്ങിന്റെ നാരുവേരുകൾ ശതാവരികളായി പടർന്നത്‌. പ്രകൃത്യുർവ്വരതയെ തോറ്റിയുണർത്തുന്ന ആചാരാനുഷ്‌ഠാനങ്ങൾക്കും ഭേദകല്‌പനയില്ലാത്ത മനുഷ്യോർവ്വരതയുമായി ബന്ധപ്പെട്ട അരങ്ങേറ്റച്ചടങ്ങുകൾക്കും തേങ്ങ സംഘാതദ്രവ്യങ്ങളിലൊന്നായി; തെങ്ങ്‌ കല്പവൃക്ഷമായി. കേരളത്തിന്റെ സ്വാഭാവികപരിസ്‌ഥിതി തകർത്തതിൽ റബ്ബറിനോളം, ഒരുവേള അതിലുമേറെ ഉത്തരവാദിത്വം തെങ്ങിനുണ്ടെങ്കിലും അതിനെ തളളിപ്പറയുമ്പോൾ മലയാളമനസ്സിന്റെ ആത്‌മാവുനോവുന്നതിന്‌ കാരണവും വേറൊന്നുമല്ല.

Generated from archived content: krishi1_june16_07.html Author: e-unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here