ഒരു ബഹുവര്‍ഷ ഔഷധിയാണ് കച്ചോലം. ഇതിന്റെ ഇലകളും പൂക്കളും തറനിരപ്പില്‍ നിറഞ്ഞു കാണുന്നു ഇതിനു മുകളില്‍ നിവര്‍ന്നു വളരുന്ന കാണ്ഡമില്ല. ഇഞ്ചി മഞ്ഞള്‍ എന്ന പോലെ ഇതും റൈസോം വിഭാഗത്തില്‍ പെടുന്ന ഒരു ഭൂകാണ്ഡമാണ്. അല്ലാതെ കിഴങ്ങല്ല. കച്ചോലക്കിഴങ്ങ് എന്ന് പറഞ്ഞു ശീലിച്ചതാണ്. ഭൂകാണ്ഡത്തില്‍ നിന്നാണ് ഇലയും പൂക്കളുമുണ്ടാകുന്നത്. ഒരു ഏക ബീജ പത്രസസ്യമാണ് കച്ചോലം കേം ഫെറിയ ഗാലങ എന്നാണ് ശാസ്ത്രനാമം . ആരോമാറ്റിക് ജിഞ്ചര്‍ സാന്റ് ജിഞ്ചര്‍ എന്നൊക്കെ ഇംഗ്ലീഷില്‍ പേരുകളുണ്ട്. സിഞ്ചിബറേസിയാണ് കുടുംബം ഇഞ്ചി കുടുംബം എന്നും പറയാം. ചെടിയുടെ മധ്യത്തിലായി പൂക്കള്‍ കാണുന്നു. വെള്ള നിറമാണ് ഫലം. കാപ്‌സൂള്‍ കച്ചോലം ഏതു കാലാവസ്ഥയിലും വളരുന്നു. അതിനാല്‍ ലോകമെങ്ങും കൃഷി ചെയ്യുന്നു. കേരളത്തില്‍ എല്ലായിടത്തും കാണുന്നു. ഇന്ത്യ, തായ്‌വാന്‍, കംബോഡിയ എന്നിവിടങ്ങളിലാണ് പ്രധാനമായും കണ്ടുവരുന്നത്. ചൈനയാണ് ജന്മദേശം.
ഔഷധമായും സുഹന്ധവ്യജ്ഞനമായും കച്ചോലക്കിഴങ്ങ് ഉപയോഗിക്കുന്നു. അതിലുപരി ഇതിനെ കീടനാശിനിയായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കച്ചോലക്കിഴങ്ങ് ഉത്തേജകവും വേദനസംഹാരിയും മൂത്രവര്‍ധകവുമാണ്‍. ഭൂകാണ്ഡം മാത്രമല്ല ഇലയും വേരും ഔഷധമായി ഉപയോഗിക്കുന്നു. ഇളം തവിട്ടു നിറമുള്ള വേരിന് എരിവും സുഗന്ധവുമുണ്ട് ആയൂര്‍വേദം, യുനാനി, നാട്ടു ചികിത്സ തുടങ്ങിയ ചികിത്സാസമ്പ്രദായങ്ങളില്‍ കച്ചോലക്കിഴങ്ങു ഉപയോഗിക്കുന്നു.
ഇതൊരു നാട്ടുമരുന്നാണ് ചുമ, ശ്വസന വൈഷമ്യം, ജലദോഷം, വായ്‌നാറ്റം ദഹനക്കുറവ് ഛര്‍ദ്ദി, തലവേദന പല്ലുവേദന അമിതവണ്ണം പ്രമേഹം നീര്‍ വാതരോഗങ്ങള്‍ ഇത്യാദി രോഗാവസ്ഥകളില്‍ കച്ചോലം നാട്ടുചികിത്സയില്‍ ഉപയോഗിക്കുന്നു ചുമ, ശ്വസന വൈഷമ്യം, വായ്‌നാറ്റം എന്നിവയുള്ളവര്‍ കച്ചോലം ചേര്‍ത്ത് വെറ്റില മുറുക്കാറുണ്ട്. വെറ്റില മാത്രമെടുത്ത് കച്ചോലം ചേര്‍ത്ത് മുറുക്കുകയാണെങ്കില്‍ വെറ്റില മുറുക്കിന്റെ ദോഷഗുണങ്ങള്‍ ഉണ്ടാവുകയില്ല എന്നു മാത്രമല്ല കച്ചോലത്തിന്റെ ഗുണത്തിനൊപ്പം വെറ്റിലയുടെ ഗുണം കൂടി ലഭിക്കുന്നു ചൈനീസ് മെഡിനിസിലെ ഒരു പ്രധാന അംഗമാണ് കച്ചോലം. ചൈനാക്കാരുടെ അടുക്കള വൈദ്യത്തില്‍ ഗണനീയമായ സ്ഥാനമാണ് ഇതിനുള്ളത്. തന്മൂലം അവരുടെ അടുക്കളയില്‍ ഇത് എപ്പോഴുമുണ്ടാകും. ചൈനക്കാര്‍ സുഗന്ധവ്യജ്ഞനമായും കച്ചോലക്കിഴങ്ങിനെ ഉപയോഗപ്പെടുത്തുന്നു. തന്മൂലം ഭക്ഷണത്തിന്റെ രുചിയും ഗുണമേന്മയും വര്‍ദ്ധിക്കുക മാത്രമല്ല സാമാന്യ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാനാവുകയും ചെയ്യുന്നു. നമ്മുടെ കേരളത്തിലും കച്ചോലം അപൂര്‍ വമായെങ്കിലും ഭക്ഷണങ്ങളില്‍ ചേര്‍ക്കാനുപയോഗിക്കുന്നു. തലമുടിക്ക് സുഗന്ധം കിട്ടാനായി കച്ചോലത്തിന്റെ ഇല താളിയായി ഉപയോഗിക്കാറുണ്ട് ചെറുപ്രാണികളില്‍ നിന്നും വസ്ത്രങ്ങളെ സംരക്ഷിക്കാനും കച്ചോലമുപയോഗിക്കുന്നു കച്ചോലത്തിന്റെ രൂക്ഷമായ ഗന്ധം ചെറു കീടങ്ങളെ അകറ്റുന്നു.
മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ക്കുപരി മറ്റനേകം ഗുണങ്ങളും ജൈവരാസസ്വഭാവങ്ങളും കച്ചോലത്തിനുണ്ടെന്ന് ആധുനിക ശാസ്ത്രത്തിന് മനസിലാക്കാനായിട്ടുണ്ട്. കച്ചോലക്കിഴങ്ങിലെ ചില രാസസംയുക്തങ്ങള്‍ ശക്തമായ കീടനാശിനികളാണ്‍ എന്ന് മനസിലാക്കാനായിട്ടുണ്ട്. മെഥനോളി വേര്‍തിരിച്ചെടുക്കുന്ന കച്ചോലക്കിഴങ്ങിലെ ചില ജൈവരാസഘടനകള്‍ക്ക് നായ്ക്കളെ ബാധിക്കുന്ന ടോക്‌സോകാര കാനിസ് എന്നയിനം വിരകളുടെ ലാര്‍വകളെയും മൂന്നിനം അമീബകളെയും നശിപ്പിക്കാനാവുമെന്ന് കണ്ടെത്തിയിരിക്കുന്നു.
കച്ചോലക്കിഴങ്ങിന്റെ ഈ ജൈവരാസഘടകങ്ങള്‍ക്ക് വൈറസിനെ നശിപ്പിക്കാനുള്ള കഴിവ് മാത്രമല്ല ക്യൂലക്‌സ് ക്വിന്‍ ക്വിഫേഷ്യാറ്റസ് എന്നയിനം കൊതുകിന്റെ ലാര്‍വകളെയും നശിപ്പിക്കാനാവുന്നു. ഈ കൊതുക് ആരാണെന്നറിയുമ്പോള്‍ മാത്രമേ ഇവയുടെ ലാര്‍വകളെ നശിപ്പിക്കുന്നതിന്റെ പ്രസക്തി മനസ്സിലാവുകയുള്ളു. ഈ കൊതുക് ഒരു വെക്ടര്‍ ആണ് രോഗാണുക്കളെ വഹിക്കുകയും അതേസമയം ആ അണുക്കള്‍ മൂലം സ്വയം, രോഗബാധയേല്‍ക്കാതിരിക്കുകയും രോഗാണുക്കളെ ഇതരജീവികളിലേക്ക് സംക്രമിപ്പിക്കുകയും ചെയ്യുന്ന ജീവികളെയാണ് വെക്ടര്‍ എന്നു വിളിക്കുന്നത്. ക്യൂലക്‌സ് ക്വിങ്ക്വിഫേഷ്യാറ്റസ് എന്നയിനം പെണ്‍ കൊതുകള്‍ക്ക് മനുഷ്യരക്തത്തോടാണ് ആര്‍ത്തി ഇരയുടെ കാലില്‍ വിശേഷിച്ച് മുട്ടിനു താഴെയാണ് മുഖ്യമായും കടിക്കുന്നത് കടിച്ച ഭാഗത്ത് നല്ല ചൊറിച്ചിലുണ്ടാകും . രാത്രി കാലത്താവും ഇവയുടെ ശല്യം ഉണ്ടാവുന്നത് അര്‍ദ്ധരാത്രിയോടെ ഈ ക്യൂലക്‌സ് പെണ്‍കൊതുകുകളുടെ ശല്യം വലിയ തോതിലാകുന്നു. പകല്‍ നേരം ആരും കാണാതെ എവിടെയെങ്കിലും വിശ്രമിക്കും. കൊതുകിന്റെ ഈ പതിവ് എപ്പോഴും അങ്ങനെയാകണമെന്നില്ല വൃത്തിഹീനമായ മലിനജലത്തിലാണ് ഈ കൊതുകുകള്‍ പൊതുവെ മുട്ടയിടുന്നത്. മുട്ട, പുഴു, ലാര്‍വ, കൊതുക് എന്നിങ്ങനെയുള്ള നാല്‍ ജീവിതഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വെറും ഏഴു ദിവസങ്ങള്‍ എടുക്കുന്നു. നല്ല അന്തരീക്ഷ ഊഷ്മാവും ഈര്‍പ്പവും വേണം ഇവയ്ക്ക് വളരാന്‍. അതിനാലാണ് ഈയിന കൊതുകുകള്‍ ഉഷ്ണകാലത്ത് വംശവര്‍ദ്ധനവ് നടത്തുന്നത്
ഈയിനം കൊതുകുകളെ കൊല്ലാനായി നാം അനവധി മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ അവയുടെ വളര്‍ച്ച് ഉത്തരോത്തരം വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്. ഈ സാഹചര്യത്തിലാണ്‍ കച്ചോലത്തിലെ ചില ജൈവ രാസഘടകങ്ങള്‍ക്ക് ഇവയെ അകറ്റാനും നശിപ്പിക്കാനാവുമെന്ന കണ്ടെത്തല്‍ നമുക്കേറെ പ്രതീക്ഷ നല്‍കുന്നത്. ഇവിടെ അതൊരു തരം റിപ്പല്ലന്റായി പ്രവര്‍ത്തിക്കുന്നു. കീടങ്ങളെ അകറ്റാനുള്ള റിപ്പല്ലന്റ് കച്ചോലത്തില്‍ നിന്നും വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഗവേഷണത്തിലാണ് ശാസ്ത്രജ്ഞര്‍. ഈ ഗവേഷണം വിജയപ്രദമാവുകയാണെങ്കില്‍ അപകടകാരികളായ കീടനാശിനികളോട് നമുക്ക് വിടപറയാനാകും, അങ്ങനെ ജൈവകീട റിപ്പന്റ് കൂടി നമുക്ക് സ്വന്തമാകുന്നു എന്നാല്‍ ഇത് നമ്മുടെ ചര്‍മ്മത്തിലോ ശ്വാസകോശങ്ങളിലോ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുമോ എന്നറിയേണ്ടതുണ്ട് എലികളുടെ ചര്‍മത്തില്‍ യാതൊരു പ്രശനവുമുണ്ടാക്കില്ലെന്ന് അവയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും മനസ്സിലാക്കാനായി.
Generated from archived content: kattarivu1_july8_13.html Author: dr_venu_thonnaykkal