വേട്ടയ്‌ക്കൊരുമകനും കരുമകനും

അതിപ്രാചീനമായൊരു അനുഷ്‌ഠാനകലാരൂപമാണ്‌ കളംപാട്ട്‌ അഥവാ കളമെഴുതിപ്പാട്ട്‌. കേരളത്തിലെ വിവിധസമുദായക്കാർ നടത്തിവരുന്ന ഒരാരാധനാ രീതിയാണിത്‌. ഭദ്രകാളി, അയ്യപ്പൻ, അന്തിമഹാകാളൻ, കരുമകൻ, വേട്ടയ്‌ക്കൊരുമകൻ എന്നീ ശൈവാംശദേവതകളുടെ കളമാണ്‌ പൊതുവേ വരയ്‌ക്കുന്നത്‌. ഇവയ്‌ക്കുപുറമെ നാഗക്കളവും പതിവുണ്ട്‌. കളംപാട്ടിൽ പ്രകീർത്തിക്കപ്പെടുന്ന ദേവതകളുടെയെല്ലാം കാവുകളാണ്‌. മനകളിലും അമ്പലവാസി ഗൃഹങ്ങളിലും സാമന്തരാജാക്കൻമാരുടെ കോവിലകങ്ങളിലും ഈ ദേവതകളെ പരദേവതകളായി കണക്കാക്കി ആരാധിച്ചുപോരുന്നു. ഉത്തരമലബാറിൽ എല്ലാ സമുദായക്കാർക്കും കാവുകളുണ്ട്‌. കാവുകളിൽ കുടികൊളളുന്നത്‌ കാളിയാണ്‌. ഭദ്രകാളി, ചുടലകാളി, കുറുമ്പ, ചീർമ്മ, പോതി, രക്തേശ്വരി, ചാമുണ്‌ഡേശ്വരി എന്നിങ്ങനെയുളള സങ്കല്പഭേദങ്ങളുണ്ടെങ്കിലും ദാരികാന്തകിയായ ഭദ്രകാളിയുടെ കളമാണ്‌ പൊതുവെ പ്രചരിച്ചിട്ടുളളത്‌. പകർച്ചവ്യാധികൾ തടയുവാനും ഗ്രാമവാസികൾക്കെല്ലാം നൻമ ഉണ്ടാകാനും വേണ്ടിയാണ്‌ കളംപാട്ട്‌ നടത്തുന്നത്‌. കണിയാൻ, പെരുവണ്ണാൻ സമുദായക്കാർ ബാധോച്ചാടനപരമായ അനുഷ്‌ഠാനമെന്ന നിലയിലും കളമെഴുതാറുണ്ട്‌. മദ്ധ്യകേരളത്തിൽ ഭദ്രകാളി അയ്യപ്പൻ എന്നിവരുടെ കളങ്ങൾ ഏറെ പ്രചാരത്തിലുണ്ട്‌. ഇവിടെയുളള കാവുകളിൽ കുറുപ്പ്‌, മാരാർ സമുദായക്കാർ ഭദ്രകാളിക്കളംവച്ച്‌ മുടിയേറ്റ്‌ നടത്തിവരുന്നു. അതുപോലെ അയ്യപ്പൻ കാവുകളിലും അമ്പലവാസിഗൃഹങ്ങളിലും കോവിലകങ്ങളിലും അയ്യപ്പന്റെ കളം വരച്ച്‌ തീയാട്ട്‌ നടത്തുന്ന പതിവുണ്ട്‌. തീയാടിനമ്പ്യാൻമാരാണ്‌ ഇത്‌ ചെയ്യുന്നത്‌. തിരുവിതാംകൂറിലാകട്ടെ ഭദ്രകാളിക്കളം വരച്ച്‌ തീയാട്ടുനടത്തുന്നത്‌ തീയാട്ടുണ്ണികളുടെ അനുഷ്‌ഠാനമാണ്‌.

ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്‌ പൊന്നാനി, വളളുവനാട്‌ താലൂക്കുകളിലെ കല്ലാറ്റു കുറുപ്പൻമാരുടെ കളമെഴുത്തും പാട്ടും. ഭദ്രകാളി, അയ്യപ്പൻ, കരുമകൻ, വേട്ടയ്‌ക്കൊരുമകൻ എന്നീ മൂർത്തികളുടെ കളമാണ്‌ വരയ്‌ക്കുന്നത്‌. ഇവയിൽ മരുമകൻ, വേട്ടയ്‌ക്കൊരുമകൻ സങ്കല്പങ്ങളും കളമെഴുത്തും ഈ പ്രദേശത്ത്‌ മാത്രമായി ഒതുങ്ങിനിൽക്കുന്നു. കരുമകൻ യഥാർത്ഥത്തിൽ കിരാതമൂർത്തിയാണ്‌. പാണ്‌ഡവരുടെ വനവാസകാലത്ത്‌, ഒരിക്കൽ അർജ്ജുനൻ, ശിവനെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി കഠിനതപസ്സാരംഭിക്കുന്നു. അർജ്ജുനന്റെ ശക്തി പരീക്ഷിക്കുന്നതിനുവേണ്ടി ശിവൻ കാട്ടാളനായും പാർവ്വതി കാട്ടാളത്തിയായും വരുന്നു. കിരാതമൂർത്തിയും അർജ്ജുനനും തമ്മിൽ യുദ്ധമുണ്ടാകുകയും, ഒടുവിൽ അർജ്ജുനൻ പരാജയപ്പെടുകയും ചെയ്യുന്നു. സത്യം ബോദ്ധ്യപ്പെടുത്തി കിരാതമൂർത്തി അർജ്ജുനന്‌ പാശുപതാസ്‌ത്രം നൽകുന്നു. ഈ കാട്ടാള സങ്കൽപമാണ്‌ കുറുപ്പൻമാർ കളമെഴുത്തിൽ കാണിക്കുന്നത്‌. പെരിന്തൽമണ്ണയ്‌ക്കു സമീപം മേലാറ്റൂരിൽ കരുമകൻ കാവുണ്ട്‌. അവിടെ വരയ്‌ക്കുന്ന കളം കരുമകൻ നിൽക്കുന്ന രീതിയിലുളളതാണ്‌. തലയിൽ കിരീടാകൃതി, മുഖത്ത്‌ പച്ച, കരിമഷിയെഴുതിയ കണ്ണുകൾ. ഒരു വരി പല്ല്‌, പുറത്തേയ്‌ക്കു കാണും വിധമുളള ദംഷ്‌ട്രം, തൃക്കണ്ണ്‌, കെട്ടുതാടി, മീശ, കൈയിൽ അമ്പും വില്ലും ഇത്രയുമാണ്‌ കരുമകന്റെ രൂപം. രൗദ്രഭാവമാണ്‌ മുഖത്ത്‌ സ്‌ഫുരിക്കുന്നത്‌.

വേട്ടയ്‌ക്കൊരു മകൻ കിരാതവേഷധാരികളായ ഉമാമഹേശ്വരൻമാർക്കുണ്ടായ പുത്രനാണ്‌. ഈ മൂർത്തി മലബാറിൽ കുടിയിരുന്നതിനെ കുറിച്ച്‌ ഒരു ഐതിഹ്യം പ്രചരിച്ചുവരുന്നുണ്ട്‌. ഗൂഡല്ലൂർ രാജാവിന്റെ പരദേവതയായിരുന്നു വേട്ടയ്‌ക്കൊരുമകൻ. അടിയ്‌ക്കടിയുണ്ടാകുന്ന യുദ്ധവിജയങ്ങൾക്കും നാടിന്റെ നൻമയ്‌ക്കും കാരണക്കാരൻ “വേട്ടേക്കരൻ” ആണെന്ന്‌ ഗൂഡല്ലൂർ രാജാവ്‌ കണക്കാക്കിയിരുന്നു. എങ്ങനെയെങ്കിലും വേട്ടേക്കരനെ തന്റെ നാട്ടിലേയ്‌ക്ക്‌ കൊണ്ടുവരണമെന്ന്‌ കുറുമ്പ്രനാട്‌ രാജാവ്‌ ആഗ്രഹിച്ചു. അതുപ്രകാരം ഒരിക്കൽ പാണ്ടിമലയിലെത്തി വേട്ടയ്‌ക്കൊരുമകനെ പൂജിച്ച്‌ പ്രീതിപ്പെടുത്തി. വേട്ടയ്‌ക്കൊരുമകൻ പ്രത്യക്ഷപ്പെട്ടപ്പോൾ ‘തന്റെ നാട്ടിൽവന്ന്‌ രാജസ്വരൂപത്തിന്റെ പരദേവതയായി സദാ അനുഗ്രഹിക്കണം’ എന്ന്‌ അപേക്ഷിക്കുകയും ചെയ്‌തു. അതിൻപ്രകാരം വേട്ടയ്‌ക്കൊരുമകൻ ബാലുശ്ശേരിക്കോട്ടയിൽ എത്തിയെന്നാണ്‌ വിശ്വാസം. എന്തായാലും കുറുമ്പ്രനാട്‌ രാജാവ്‌ പരദേവതയായി കണക്കാക്കി വേട്ടേയ്‌ക്കരന്റെ കളമെഴുത്തുംപാട്ടും നടത്തിവരുന്നു. ബാലുശ്ശേരിക്കോവിലകവുമായുളള ബന്ധം കൊണ്ടായിരിക്കണം നിലമ്പൂർ കോവിലകത്തിന്റെയും സ്വരൂപദേവതയായി വേട്ടേയ്‌ക്കരൻ മാറിയത്‌. ഇന്നും നിലമ്പൂർ കോവിലകത്ത്‌ വേട്ടേയ്‌ക്കരൻപാട്ടുണ്ട്‌.

നിൽക്കുന്ന രൂപത്തിൽ പച്ചനിറത്തോടു കൂടിയതാണ്‌ പ്രകൃതം. ശിരസ്സിൽ കിരീടാകൃതി. ജ്വലിക്കുന്ന കണ്ണുകൾ, കെട്ടുതാടി, മീശ, ഇടതുകൈയിൽ അമ്പും വില്ലും, വലതുകൈയിൽ ചുരിക ഇത്രയും കളത്തിലുളളതാണ്‌. വേട്ടയ്‌ക്കൊരുമകൻ ചുരിക കൈയിലെടുത്ത്‌ നിൽക്കുന്നതുമായി ബന്ധപ്പെട്ട്‌ ഒരു പുരാണകഥ പറഞ്ഞുകേൾക്കാം. വേട്ടയ്‌ക്കൊരുമകന്റെ തേജസ്സ്‌ സഹിക്കാതായപ്പോൾ ദേവൻമാരെല്ലാരും ഇന്ദ്രന്റെ നേതൃത്വത്തിൽ കൈലാസത്തിൽ എത്തി ശിവനോട്‌ പരാതിപ്പെടുന്നു. ശിവൻ ഒരു ചുരികയുമായി വേട്ടേയ്‌ക്കരന്റെ അടുത്തെത്തി. ആ ചുരിക തനിക്കുവേണമെന്നായി വേട്ടേക്കരൻ. ചുരിക തരാമെന്നും എന്നാൽ അതൊരിക്കലും താഴെ വയ്‌ക്കരുതെന്നും ശിവൻ കൽപിച്ചു. വേട്ടയ്‌ക്കൊരുമകൻ അത്‌ സമ്മതിക്കുകയും വലതുകൈയിൽ ചുരിക വാങ്ങുകയും ചെയ്‌തു. അതോടെ അമ്പും വില്ലും സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയാതെയായി.

ചതുരാകൃതിയിൽ കെട്ടിപ്പൊക്കിയ പന്തലിൽ ചാണകമെഴുതിയ നിലത്താണ്‌ കളമെഴുതുന്നത്‌. കുരുത്തോല, തെച്ചിപ്പൂവ്‌, എന്നിവകൊണ്ട്‌ പന്തൽ അലങ്കരിക്കും. നാലുമൂലയിലും തൂക്കിയിടുന്ന തിരിയിട്ടു കത്തിച്ച തൂക്കുവിളക്കുണ്ടാവും. കളത്തിനുമുന്നിൽ കത്തിച്ച നിലവിളക്കുകൾ വേണം. കളമെഴുതിക്കഴിഞ്ഞാൽ കളംപൂജ നിർബന്ധമാണ്‌. ഉച്ചപ്പാട്ട്‌ കളമെഴുത്ത്‌, സന്ധ്യാവേല, പൂജ, പാട്ട്‌, വെളിച്ചപ്പാട്‌ എന്നിങ്ങനെയാണ്‌ കളംപാട്ടിന്റെ അവതരണക്രമം. ചെണ്ട, മദ്ദളം കുഴിത്താളം എന്നിവ സന്ധ്യാവേലയ്‌ക്കുപയോഗിക്കുന്ന വാദ്യങ്ങളാണ്‌. അതത്‌ ദേവൻമാരെ സ്‌തുതിക്കുന്ന പാട്ടുകളാണ്‌ പാടുന്നത്‌. കുറുപ്പൻമാർ പാടുമ്പോൾ നന്തുണി ഉപയോഗിക്കും. ഉറയുന്നതും വെളിച്ചപ്പെടുന്നതുമൊക്കെ കുറുപ്പൻമാർ തന്നെയാണ്‌ പതിവ്‌. ചിത്രകലയുടെ പൂർണ്ണത തെളിഞ്ഞു നിൽക്കുന്ന ഈ കളങ്ങൾ അനുഷ്‌ഠാനത്തിന്റെ പേരിൽ ഇന്നും നിലനിൽക്കുന്നു.

Generated from archived content: kalam_nov25_05.html Author: dr_sasidharan_clari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here