ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ സി. ഇ. ഇന്നസ്, ഐ. സി. എസ്സ് തയ്യാറാക്കി 1908-ൽ പ്രസിദ്ധപ്പെടുത്തിയ ‘മലബാർ ഗസറ്റിയറി’ൽ കാണുന്ന മലബാറിലെ കൃഷിയെക്കുറിച്ചുളള പ്രസ്‌താവന താഴേ ചേർക്കുന്നു. “(മലബാറിൽ) പിഴയ്‌ക്കാത്ത മഴയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന കാര്യക്ഷമമല്ലാത്ത കൃഷിയോട് പ്രകൃതി എളുപ്പം പ്രതികരിക്കുന്നതുകൊണ്ട് മിതമായ തോതിൽ വിളവുകളുണ്ടാവുന്നു. ഇതിനാൽ പ്രകൃതിയുമായുളള നിരന്തരമായ പോരാട്ടം കർഷകന്റെ ധിഷണയെ മൂർച്ചയുളളതാക്കുന്നില്ല. ഭൂമിയെ ഇടവിടാതെ ഉപയോഗിക്കുന്നു; അതിന് വിശ്രമം നൽകുന്നില്ല. വിളവെടുക്കുമ്പോൾ മണ്ണിന് നഷ്‌ടപ്പെടുന്നത് വളം ചേർത്ത് പരിഹരിക്കപ്പെടുന്നില്ല. മാത്രമല്ല, ധാന്യങ്ങൾ കൃഷി ചെയ്യുന്നവൻ മൂലധനമില്ലാത്ത പാപ്പരായ കുടിയാനാണ്; അയാൾ പല തട്ടുകളിലായി പാട്ടം നൽകുന്ന വ്യവസ്‌ഥയ്‌ക്കു വിധേയനാണ്. അയാളെ കടുംകൃഷി ചെയ്യാൻ യാതൊന്നും പ്രേരിപ്പിക്കുന്നില്ല”
നിരീക്ഷണവിവരണ വിദഗ്‌ദ്ധനായ സായ്‌പ് വടക്കൻ കേരളത്തിലെ കൃഷിയേയും കൃഷിക്കാരനേയും കുറിച്ച് താഴെ ചേർക്കുന്ന കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
1. കൃഷിചെയ്യുന്നത് കാര്യക്ഷമമല്ലാത്ത വിധത്തിലാണ് 2. മിതമായ തോതിൽ മാത്രം വിളവുകളുണ്ടാവുന്നു. 3. പ്രകൃതിയുമായി നിരന്തരമായ പോരാട്ടം ഇവിടെ നടക്കുന്നില്ല. 4. കർഷകന്റെ ബുദ്ധി വികസിക്കുന്നില്ല. 5. ഭൂമിയെ ഇടവിടാതെ ഉപയോഗിക്കുന്നു. 6. ഭൂമിയിൽ വളം ചേർക്കുന്നില്ല. 7. ധാന്യ കൃഷിയിലേർപ്പെടുന്നവർ മൂലധനമില്ലാത്ത ദരിദ്രനാണ്. 8. കർഷകൻ കടുംകൃഷിയിൽ തല്പരനാവുന്നില്ല.
ഇത് ഇന്ന് വായിക്കുന്ന ആർക്കും ഇക്കാര്യങ്ങളെല്ലാം തികച്ചും ശരിയായിരുന്നിരിക്കാം എന്ന തോന്നലാണുണ്ടാവുക. സായ്‌പ് നേരിട്ടുകണ്ട കാര്യങ്ങളെക്കുറിച്ചാണല്ലോ എഴുതുന്നത്. നിരീക്ഷണ പടുക്കളായ സായ്‌പൻമാർ എത്ര കണിശമായി വസ്‌തുതകൾ രേഖപ്പെടുത്തിയിരിക്കുന്നു എന്നു തോന്നിപ്പോവും. അതോടുകൂടി കേരളത്തിലെ പഴയ കൃഷിയെക്കുറിച്ചുളള ആധികാരിക പ്രസ്‌താവനയായി ഇതിനെ കണക്കാക്കുകയും ചെയ്യാം.
അങ്ങനെ ചെയ്യുമ്പോൾ, പക്ഷേ, ‘ഭൂത’ത്തിന്റെ ഒരു തരം കെണിയിലാണ് നാം പെടുന്നത്. ഒരു നൂറ്റാണ്ടിലേറേക്കാലം സായ്‌പിന്റെ നേരിട്ടുളള ഭരണത്തിൽ കഴിഞ്ഞ പ്രദേശത്തെ കൃഷിയെയാണ് ഇവിടെ വിവരിക്കുന്നത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കാതെ രൂപീകരിക്കുന്ന ഏതു ധാരണയും വികലമായിരിക്കും. ബ്രിട്ടീഷ് ഭരണത്തിന് മുമ്പുളള കേരളത്തിലെ കൃഷിരീതികളെന്തായിരുന്നു? ഈ ചോദ്യത്തിനുത്തരം നൽകാൻ ശ്രമിക്കുമ്പോൾ പരിശോധിക്കേണ്ട അതിപ്രധാനമായൊരു കൃതിയാണ് ‘കൃഷി ഗീത’.
‘കൃഷിഗീത’യെക്കുറിച്ച് കെ. പി. പത്‌മനാഭമേനോൻ ‘കൊച്ചി രാജ്യ ചരിത്ര’ത്തിൽ ഇങ്ങിനെ എഴുതുന്നു. “കേരളത്തിൽ പുരാതനകാലം മുതൽ നടത്തിപോന്ന കൃഷി സമ്പ്രദായത്തെ വിവരിക്കുന്നതായി ‘കൃഷിഗീത’ എന്ന ഒരു പാട്ടു കാണുന്നുണ്ട്. പരശുരാമമഹർഷി കേരളബ്രാഹ്‌മണർക്കു പറഞ്ഞുകൊടുത്ത ഉപദേശമായിട്ടാണ് കാണുന്നത്. എന്നാൽ വിത്തുകളുടെ പേരുകൾ പറയുന്ന കൂട്ടത്തിൽ ‘ചീനി’ മുളക് എന്നും ‘പറങ്കി’ മുളക് എന്നും പറഞ്ഞു കാണുന്നതു കാണുമ്പോൾ ഈ ‘ഗീത’ പോർട്ടുഗീസുകാർ മലയാളത്തിൽ വന്നതിന്റെ ശേഷം ഉണ്ടായി എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഈ കൃഷിപ്പാട്ടിൽനിന്നു മലയാളരാജ്യത്ത് പഴമയിൽ നടന്നുപോന്ന കൃഷിസമ്പ്രദായം അറിവാൻ വഴിയുണ്ട്. ഗ്രന്ഥകർത്താവിന്റെ വിവരണടിസ്‌ഥാനം കീഴ്‌നടപ്പായിരിക്കണമെന്നുളളത് സംശയരഹിതമാണ്”- (കൊ. രാ.ച., ഒന്നാം പുസ്‌തകം, ആദ്യം പ്രസിദ്ധപ്പെടുത്തിയത് 1912, മാതൃഭൂമി പതിപ്പ് 1989, പു. 269-70).
‘ഗീത’യ്‌ക്ക് ഒന്നിലധികം പാഠങ്ങൾ കാണുന്നതായി പത്‌മനാഭമേനോൻ തന്നെ മറ്റൊരിടത്തു പറയുന്നുണ്ട് (പു. 289). എന്റെ പക്കലുളള ‘കൃഷി ഗീത’യുടെ കോപ്പിയിൽ ‘ചീനി’ മുളകിനെക്കുറിച്ചോ ‘പറങ്കി’ മുളകിനെക്കുറിച്ചോ പ്രസ്‌താവമില്ല.
തിരുവാതിര ഞാറ്റു നില തന്നിൽ
ഒരുമ്പെട്ടു നടേണം മുളകുകൾ
എന്നു മാത്രമാണ് മുളക് കൃഷിയെപ്പറ്റി ഇതിൽ പറയുന്നത്. ഇത് കുരുമുളക് കൃഷിയെക്കുറിച്ചാവാം.
കുറേക്കാലം വാമൊഴിയായി നിലനിന്ന കൃഷിയെക്കുറിച്ചുളള അറിവ് പിന്നീട് പല ഘട്ടങ്ങളിലായി ഓലയിൽ എഴുതപ്പെട്ടിരിക്കാം. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ അച്ചടിക്കപ്പെട്ടപ്പോൾ ഇത് പല പാഠങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും. ഏതായാലും ബ്രിട്ടീഷ് ഭരണം കേരളത്തിലുറയ്‌ക്കുന്നതിനു വളരെ മുമ്പുതന്നെ ‘കൃഷിഗീത’ (‘കൃഷിപ്പാട്ട്’ എന്നും അറിയപ്പെടുന്നത്) എഴുതപ്പെട്ടതായി കരുതാമെന്ന് തോന്നുന്നു. വാമൊഴിയിൽ രൂപപ്പെട്ടത് അതിന്നൊക്കെ എത്രയോ മുമ്പായികൂടെന്നില്ല.
കേരളം സൃഷ്‌ടിച്ച് തങ്ങൾക്ക് നൽകിയ പരശുരാമനോട് ഭൂസുരൻമാർ “കൃഷിചെയ്യും പ്രകാരങ്ങളൊക്കെയും” കല്പിച്ചരുളണമെന്ന് അഭ്യർത്ഥിച്ചതനുസരിച്ച് ഭാർഗ്ഗവരാമൻ കൃഷിയെക്കുറിച്ച് പറയുന്നതു പോലെയാണ് ‘ഗീത’ ചമച്ചിട്ടുളളത്.
എങ്കിലോ നിങ്ങൾ കേട്ടാലുമേവരും
ശങ്ക കൂടാതെയുളള കൃഷിവിധം
എന്നിങ്ങിനെ പരശുരാമൻ തുടങ്ങുന്നു.
കൃഷിചെയ്‌തു കഴിയാത്തവർക്കൊരു
വഴിയില്ലയിഴപ്പിനു ഭൂതലേ
ദാരിദ്ര്യങ്ങൾ കളയേണമെങ്കിലോ
നേരത്തേ കൃഷി ചെയ്യേയമേവരും
ഈ വിവരണം ഒട്ടും തന്നെ അലസമായ കൃഷിയെയല്ല സൂചിപ്പിക്കുന്നത്.
വരും കാലത്തേയ്‌ക്കുളെളാരു കോപ്പു-
ളൊരുമ്പെട്ടു കരുതണം മുമ്പിലേ
എന്നു തുടങ്ങി മുൻകൂട്ടി ആവശ്യമായ ഒരുക്കങ്ങളെക്കുറിച്ച് കണിശമായി വിവരിക്കുന്നു. ആദ്യം തൊഴുത്തുണ്ടാക്കേണ്ടതിനെപ്പറ്റി പറയുന്നു. അതിനടത്തുതന്നെ വളക്കുഴിയുണ്ടാക്കുന്നതിനെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ട്. കന്നുകളെ-
രാത്രിനേരം പിരിയാതെ തീരിന്നിട്ടു
നേത്രങ്ങൾകൊണ്ട് താൻ തന്നെ നോക്കണം
പിന്നെ പണിയായുധങ്ങളെല്ലാം ഒരുക്കിവയ്‌ക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. കൊഴു, കൊടുവാൾ, മഴു, കയ്‌ക്കോട്ട്, കുഴികുത്തി, അരിവാള്, കോടാലി, കുട്ട, വട്ടി- ഇതെല്ലാം തയ്യാറാക്കി വെക്കണമെന്ന് നിർദ്ദേശിക്കുന്നു. പണിക്കാരുടെ പ്രാധാന്യവും എടുത്തു പറയുന്നുണ്ട്.
പണിയാളർ മികവായിട്ടില്ലാഞ്ഞാൽ
പിന്നെയും കടമേവനും നിർണ്ണയം
നശിച്ചു കൃഷിചെയ്യുന്ന കാലത്തു
പണക്കാരനും വിഴും കടത്തിന്‌മേൽ
പണിയിച്ചവൻ തന്നെ പണിയാളർക്ക് ‘വല്ലി’ (ഉല്പന്നത്തിൽ പങ്ക് -കൂലി) വഴിപോലെ കൊടുക്കണമെന്നാണ് നിർദ്ദേശം. തുടർന്നുളളത് കൃഷിക്കാർക്കുണ്ടായിരിക്കേണ്ട ചില മര്യാദകളേയും നിഷ്‌ഠകളേയും കുറിച്ചുളള വിവരണമാണ്. ഇവ അക്കമിട്ട് താഴേ ചേർക്കുന്നു.
1. വഴികെട്ടി അടയ്‌ക്കാൻ പാടില്ല.
2. ഭൂമിയുടെ അതിരിനപ്പുറത്തേയ്്ക്ക് (അന്യന്റെ സ്‌ഥലത്തേയ്‌ക്ക്) ‘നീക്കി’ കൃഷി ചെയ്യരുത്.
3. ഗുരുഭക്‌തിയും ഈശ്വര ഭക്‌തിയുമുണ്ടാവണം.
4. ഉറക്കത്തിൽ ഏറെ താല്പര്യമുളളവരാവരുത് (അലസരാവരുത്).
5. “ചിത്തത്തിൽ കരുണയില്ലാതീടുന്ന മത്തൻമാരാരും വേണ്ട കൃഷിയിങ്കൽ”
6. വിഷയത്തിൽ ആസക്തി പെരുത്തവരും വേണ്ട.
7. കളവുളളവരാരും കൃഷിക്കാരായി നടക്കേണ്ട.
8. “മദ്ധ്യേ മദ്ധ്യേ മധുപാനം ചെയ്യുന്ന ബുദ്ധികെട്ടവർ വേണ്ടാ കൃഷികരേ”
9. ശരിക്ക് കണക്ക് ബോധിപ്പിക്കാൻ കഴിയാത്തവരും കൃഷിക്ക് കൊളളില്ല.
ഇതിനുശേഷം ‘വെളളം തന്നെ കൃഷിക്കു പ്രമാണ’മെന്നു പറഞ്ഞുകൊണ്ട് വളം ചെയ്യുന്നതിന്റെ പ്രാധാന്യത്തിലേയ്‌ക്ക് കടക്കുന്നു.
വളം പാടത്തിടാഞ്ഞാലൊരിക്കലും
തെളിവില്ല വിതച്ചാലും നട്ടാലും
അതുതന്നെയുമല്ല വിളവിങ്കൽ
അതികഷ്‌ടം കുറച്ചിതുമായ് വരും.
കൃഷിഭൂമിക്കിടയിലെ വരമ്പുകൾ വെട്ടിക്കുറയ്‌ക്കുന്നവരെ “പെരുമ്പോണ്ടടിക്കേണം നുറുങ്ങവേ” എന്ന നിർദ്ദേശമുണ്ട്. വരമ്പിന്‌മേലുളള പുല്ലെല്ലാം കളയണമെന്ന് പ്രത്യേകം പറയുന്നു. വിറക് നല്ലപോലെ കരുതണം. വെലിയൊക്കെ കെട്ടി ‘അഴകു പടുക്കേണം’ പടി (കടമ്പ) ഉറപ്പിക്കണംഃ പുളി, ഉപ്പ്, ചേർത്ത് വെയ്‌ക്കണം നല്ലെണ്ണ, വെളിച്ചെണ്ണ, പൂവ്വത്തെണ്ണ, കൊട്ടയെണ്ണ എന്നിവയൊക്കെ ഭരണിയിൽ സംഭരിക്കേണം. വാകത്താളിപ്പൊടി, ഉപ്പ്, മാങ്ങ, നാരങ്ങ, നെല്ലിക്ക എന്നിവ സംഭരിക്കണം. പുര കെട്ടിമേയണം. നെല്ല് പുഴുങ്ങിയുണക്കി വെക്കണം. എല്ലാം സൂക്ഷിച്ച് ശ്രദ്ധിച്ച് മുൻകരുതലോടെ ചെയ്യുന്നതിലാണ് ഊന്നൽ-
സംഗ്രഹിക്കണം സൂക്ഷിച്ചവയെല്ലാം
സംഗ്രഹ ചിത്തന്‌മാരെന്നറിഞ്ഞാലും
മണ്ണൊരുക്കുന്നതിനെക്കുറിച്ചും വിശദമായി പറയുന്നുണ്ട്. പാഴ്‌ക്കാടുകളൊക്കെ വെട്ടിച്ചുടണം, കട്ടയൊക്കെ തകർത്ത് പൊടിക്കണം, ചാരം വരെ കോരി മണ്ണിലിടണം- എന്നിങ്ങനെ. വേനൽക്കാലത്ത് നനച്ചുണ്ടാക്കേണ്ട സസ്യങ്ങളെക്കുറിച്ചും പറയുന്നു.
നനച്ചുണ്ടാക്കീട്ടുളെളാരു സസ്യാദി
മനസ്സിന്നേറെ സൗഖ്യമഹോ! നൃണാം
നനച്ചേമ്പ്, കയ്‌പ, പടവലം, വഴുതന, അറച്ചീര, ചെറുചീര, തണ്ടൻചീര, വെളളരി, കുമ്പളം, വെളളിത്തണ്ടൻ പയറ് എന്നിവയൊക്കെ നട്ടുനനച്ചുണ്ടാക്കാനാണ് ആഹ്വാനം. ഓരോന്നിനും പറ്റിയ വളങ്ങളെക്കുറിച്ചും മറ്റും നിർദ്ദേശങ്ങളുണ്ട്.
ചിതലേറുന്ന ദിക്കിലിവയൊന്നും
മുതിർന്നുണ്ടാക്കരുതു വൃഥാവേല
തുടങ്ങിയുളള താക്കീതുകളുമുണ്ട്. ‘ഗീത’യുടെ രണ്ടാംപാദത്തിൽ മഴയുടെ ആരംഭം തൊട്ട് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പറയുന്നു. ഇടിമഴയുണ്ടാവുമ്പോൾ തന്നെ നിലം വെടിപ്പായി ഉഴണം (ഒട്ടും നനവില്ലാത്തപ്പോൾ ഉഴുത് കന്നിനെ ‘കൊല്ലരുത്’ എന്ന് പ്രത്യേകം പറയുന്നുണ്ട്) പത്തു ചാലിൽ കുറയാതെ പൂട്ടണം. കഴായുകിളച്ച് വരമ്പ് പൊതിയണം. ഓരോ ഞാറ്റുവേലയിൽ ചെയ്യേണ്ട പണി പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. ഇവിടെ ആറു തരം കൃഷി ശത്രുക്കളുണ്ടെന്നു പറയുന്നുവെങ്കിലും അതിൽ നാലെണ്ണം മാത്രമേ തിരിഞ്ഞു കിട്ടുന്നുളളു. 1. തൂമ്പ് കരിയുന്ന രോഗം (കാരോലത്തൂമ്പ്), 2. കാനൽ (തണൽ), 3. കരിഞ്ചാഴികൾ (കൃഷി നശിപ്പിക്കുന്ന പ്രാണികൾ), 4. കളകൾ. ഏതെല്ലാം ഭൂമിയിലാണ് നല്ല വിളവുണ്ടാവുക എന്ന് തിരിച്ചറിയുന്നുണ്ട്.
കൊളനീരും വനനീരും കൽനീരും
വളനീരും മലനീരു മൂർനീരും
ആറു നീരൊഴുകീടുന്ന ഭൂമിയിൽ
ഏറെയുണ്ട് വിളവെന്നു നിർണ്ണയം.
എല്ലായ്‌പോഴും വെളളം കെട്ടിനിൽക്കുന്നതും കാട്ടുചേമ്പ് വളർന്നു നിൽക്കുന്നതുമായ സ്‌ഥലത്തും വേലിയേറ്റമുളള (‘ആറ്റുവേലിയുളള’) ഭൂമിയിലും വെളളം ഒലിച്ചുകൊണ്ടിരിക്കുന്ന (അഴികണ്ണികളായുളള) പാടത്തും “വഴിപോലെ വിളവില്ല നിർണ്ണയം”.
മണലും മണ്ണും കൂടിയ ഭൂമിയിൽ
പണിയേണം വളമിട്ടിട്ടേവരും
മൂന്നാം പാദത്തിൽ പലതരം കൃഷികളെക്കുറിച്ച് പറയുന്നു. താണനിലത്തെ കോൾകൃഷിയെപ്പറ്റി പ്രത്യേകം പറയുന്നുണ്ട്. ജലം വാർത്ത് നടത്തേണ്ട കോൾകൃഷിയുടെ വിഷമതകൾ പ്രത്യേകം സൂചിപ്പിക്കുന്നുമുണ്ട്.
കോളു മുങ്ങിപ്പോകാതെയിരിക്കണം
കോളുളേളാർക്കാളങ്ങേറെയുണ്ടാക്കണം
പുഞ്ചകൃഷിയെക്കുറിച്ചും പറയുന്നു. പറ്റിയ വിത്തുകൾ നിർദ്ദേശിക്കുന്നു. പുഞ്ചപ്പറമ്പുകളിൽ പയറും ഉഴുന്നും ചാമയും തിനയും വിതയ്‌ക്കണം. എവിടെയെല്ലാം വിതയ്‌ക്കരുത് എന്നും പറയുന്നുണ്ട്.
കേട്ടാലും നിങ്ങൾ തുമ്പയേറീടുന്ന
കാട്ടിലെങ്ങും വിതച്ചാലുണ്ടായിടാ
ചെങ്ങണയെന്ന പുല്ലുമിരുവൂളു
മുളള കാടതിലൊന്നും വിതയ്‌ക്കേണ്ട.
ഞാറുണ്ടാക്കുന്നത് ഒരു പ്രധാന കാര്യമായി കാണുന്നുണ്ട്.
ഞാറുണ്ടാക്കപ്പോകാത്തവർക്കാകുന്നു
പോറയെന്നുളള നാമമറിഞ്ഞാലും
എട്ടുചാലിൽ കുറഞ്ഞിട്ടൊരുത്തരും
നട്ടീടും ഞാറുപാകരുതാരുമേ
ഞാറ്റിനു മൂപ്പുമുപ്പതു നാളല്ലോ
ചേറ്റിലും പൊടിയിൽത്തന്നെയെങ്കിലും
നല്ലപോലെ നിലം ഉഴുന്നതെങ്ങിനെയെന്ന് വിവരിക്കുന്നു.
കരിനന്നായി താത്തിക്കെട്ടീട്ടുട-
നൊരുമ്പെട്ടങ്ങുഴേണം പ്രതി പ്രതി
മുമ്പിൽ പൂട്ടുന്ന കന്നിനെ വേറിട്ട-
ങ്ങമ്പോടെ ഭരിക്കേണം വിശേഷിച്ചും
തെളിച്ചിട്ടങ്ങു തന്നെയുഴേണമേ
കളിച്ചിട്ടും തയ്‌ക്കരുതു കന്നിനെ……
ഇതിന്നുശേഷം തെങ്ങു കൃഷിയെക്കുറിച്ചാണ് പറയുന്നത്.
പന്തീരാണ്ടങ്ങൊരുപോലെ കാച്ചുളള
പന്തൽ തെങ്ങിന് മേൽ മൂപ്പിച്ചു നിർത്തണം
വിത്തു തേങ്ങയിറക്കീട്ടുമെല്ലവേ
പത്തനങ്ങളരികേ മുളപ്പിക്ക……
തുടർന്ന് കവുങ്ങ്, പിലാവ്, വാഴ, പന, മുളക് എന്നിവയെല്ലാം കൃഷി ചെയ്യാനുളള നിർദ്ദേശങ്ങൾ തരുന്നു. ഇതിൽ ചിലതിന്റെ ഗുണസിദ്ധികളെക്കുറിച്ച് രസകരമായ ചില സൂചനകളുണ്ട്.
തെങ്ങു വയ്‌ക്കുന്ന മാനുഷരെല്ലാരും
പൊങ്ങിടാതെയിരിക്കുന്നു സ്വർഗ്ഗത്തിൽ
നല്ല നല്ല പനസങ്ങളുണ്ടാക്കി-
ക്കൊളളുന്ന നരന്‌മാർക്കു സുഖമിഹ
യമകിങ്കരന്‌മാരാരുമവരുടെ
സമീപത്തുവരാ യമശാസനാൽ
(ഇന്ന് മലയാളികൾ ചക്ക തിന്നുന്നത് ഏതാണ്ട് നിർത്തിയിരിക്കുന്നു എന്നു തന്നെ പറയാം. പിലാവിനെ മരപ്പണിക്ക് പറ്റിയ മരമായി മാത്രം കരുതുന്നു. പക്ഷെ മുമ്പ് ചക്ക വിശേഷഭക്ഷണമായി കണക്കാക്കിയിരുന്നു. സാമൂതിരിപ്പാട് ആദ്യഘട്ടത്തിൽ വിശിഷ്‌ടാതിഥികളായി കരുതിയ വാസ്‌കോഡിഗാമയ്‌ക്കും കൂട്ടുകാർക്കും ചക്കയാണ് കൊടുത്തത്. “മന്ത്രികൾ എഴുന്നേറ്റു വായ്‌പൊത്തി നില്‌ക്കുമ്പോൾ, കപ്പിത്താൻ (ഗാമ) തിരുമുമ്പിൽ ചെന്നു മൂന്നുവട്ടം തൊഴുതു. രാജാവ് ആയാസം നിമിത്തം അവരെ ഇരുത്തി ചില സൗജന്യ വാക്കുകൾ കല്പിച്ചശേഷം, പനസവും വരുത്തി കൊടുത്താറെ, അവർ ഭക്ഷിക്കുന്നതു കണ്ടപ്പോൾ ചിരിച്ചു”- ഹെർമ്മൻ ഗുണ്ടർട്ട്, കേരളപ്പഴമ, ഒന്നാം പതിപ്പ് 1868, തിരുവനന്തപുരം 1961, പു.5) ഇവിടെ നടക്കാവുവെയ്‌ക്കുന്നതിനെക്കുറിച്ചും പൂന്തോട്ടമുണ്ടാക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട്.
ഇങ്ങിനെ “മലയാളത്തിലുളളവ മങ്ങിടാതെ” പറഞ്ഞതിനുശേഷം “പരദേശത്തു വാഴുന്ന മാർഗ്ഗവും” പറയുന്നുണ്ട്. അന്ന് മലയാളനാട് പരദേശം എന്ന വേർതിരിവുമുണ്ടായിരുന്നു എന്നു മാത്രമല്ല പരദേശത്തെക്കുറിച്ചുളള അറിവ് അനാവശ്യമെന്ന ബോധമുണ്ടായിരുന്നില്ല എന്നും ഇതു സൂചിപ്പിക്കുന്നു.
നാലാം പാദത്തിലുളളത് പ്രധാനമായും കൃഷിക്കു പറ്റിയ കാലത്തെക്കുറിച്ചുളള വിവരങ്ങളാണ്. ഏതു ദിവസം, ഏതു സമയത്ത് പലതരം കൃഷി പ്രവർത്തികൾചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. പിന്നെ ഓരോ വർഷത്തേയും മഴയുടെ അളവ് (എത്ര ‘പറ’ മഴ എന്നത്) എങ്ങിനെ വിഷു സംക്രമത്തിന്റെ ആഴ്‌ചനോക്കി ഗണിക്കണമെന്ന് വിവരിക്കുന്നു. തുടർന്ന് കാലികളുടെ ലക്ഷണത്തെക്കുറിച്ചാണ് പറയുന്നത്. പ്രധാനമായും കൃഷിപ്പണിക്കു പറ്റുന്ന മൂരികളെ (കാളകളെ) കുറിച്ച് പറയുന്നു. പോത്തുകളെക്കുറിച്ചും പറയുന്നുണ്ട്.
‘കൃഷിഗീത’യിൽ പറയുന്ന നെൽവിത്തുകളുടെ കാര്യം ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധേയമാണ്. എന്റെ കൈവശമുളള കോപ്പിയിൽ കാണുന്നതിലധികം വിത്തുകളെക്കുറിച്ച് പത്‌മനാഭമേനോൻ ‘കൊച്ചി രാജ്യ ചരിത്ര’ത്തിൽ പ്രസ്‌താവിക്കുന്ന ‘ഗീത’യിൽ പറയുന്നതായി കാണുന്നു. അതുകൂടി ചേർത്തി തയ്യാറാക്കിയ വിത്തുകളുടെ വിവരമാണ് താഴെ ചേർക്കുന്നത്. വടക്ക് തുളുനാടു മുതൽ തെക്ക് വേണാട്-പാണ്ടി വരെ നടപ്പുളള വിത്തുകൾ ഇക്കൂട്ടത്തിൽപെടുന്നു.
ചെന്നെല്ല്, കരിഞ്ചെന്നെല്ല്, കുട്ടിവിത്ത്, കുറുഞ്ഞി, കോഴിവാലൻ, വെളള കോഴിവാലൻ, പൊന്നാരിയൻ, കഴമ, പറമ്പൻ കഴമ, മുണ്ടകൻ, അരിക്കിരാലി, പയ്യനാടൻ, ഒന്നിടിയൻ, മൂവാലി, പുത്തനാടൻ, മോടൻ, ചെറുമോടൻ, മലയുടുമ്പൻ, കരിമ്പാല, ആരിയൻ, കാളി, വട്ടൻ, മുണ്ടപ്പളളി, നവര, കോഴിവാള, കുട്ടനാടൻ, ചെപ്പിലക്കാടൻ, കൂവളക്കാടൻ, കുമ്പളവൻ, ചെന്താർമണിയൻ, വെളളത്തായൻ, കരിങ്കാളി, അരിക്കുറുമ, ആരിയങ്കാളി, തനിക്കാളി, ചേരണാലി, സ്വർണ്ണാലി, കറുത്ത എരുമക്കാലി, ചിറ്റേണി, കാടക്കഴുത്തൻ, വെളളക്കുറുഞ്ഞി, കരിങ്കുറുഞ്ഞി, അന്നചെമ്പാൻ, കല്ലുണ്ടച്ചെമ്പാൻ, ചെഞ്ചമ്പാൻ, ഈർക്കിലിച്ചെമ്പാൻ, കോതമ്പുചെമ്പാൻ, വെട്ടികുട്ടാടൻ, പാണ്ടി, ചെറുപാണ്ടി, ആനക്കൊമ്പൻ, തുളുനാടൻ, ചെറ്റാരിയൻ, മണലാരിയൻ, കറുത്ത കുറുവ, കുറുവ, പറമ്പൻ, ചെറിയ പറമ്പൻ, അയനി, ചെറിയാരിയൻ, പൊക്കാളി, ചെറുപൊക്കാളി, കൂര, കാടക്കഴുത്തൻ, കൊളവാഴ, വെളളകുട്ടാടൻ സീതഭോഗം, ഉഴതുവിരട്ടി, എടക്കുറുമ, കാര, വശനം, ചെമ്പാവ്, മുളകുചെമ്പാവ്, ചീരകച്ചെമ്പാവ്, കൽക്കുമ്മായൻ, പൂങ്കാര, തിരുപ്പുകിൽ, കുങ്കുമച്ചെമ്പാവ്, വെളളക്കാരു, എളക്കാരു, പുഴുകുചെമ്പാവ്, ചെമ്പളം, പൂമ്പോള, മട്ടക്കാരു- ആകെ 87 തരം. ഒരേതരം വിത്ത്, പല പ്രദേശത്ത് പല പേരിലറിയപ്പെടുന്നതിനാൽ ഇതിൽ എണ്ണം പെരുകിയിട്ടുണ്ടാവാം. എന്നാലും ഏതാണ്ട് അമ്പതിലധികം തരത്തിലുളള നെൽവിത്ത് ഇവിടെ ഉണ്ടായിരുന്നു എന്നുതന്നെ കരുതണം.
അടുത്ത കാലത്ത് അത്യുല്പാദനശേഷിയുളളത് എന്നൊക്കെ വിശേഷിപ്പിക്കുന്നതരം വിത്തുകൾ-വളരെയധികം രാസവളം ചേർത്ത് കീടനാശിനികളെക്കൊണ്ട് സംരക്ഷിച്ചാൽ മാത്രം വിളയുന്നതരമായി രൂപപ്പെടുത്തിയ വിത്തുകൾ-വന്നതോടെ പഴയ നെൽവിത്തുകൾ ഏറെയും മലയാള നാട്ടിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. നമുക്ക് നഷ്‌ടപ്പെട്ട അവയെല്ലാം അമേരിക്കൻ ലാബൊറട്ടറികളിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കേൾക്കുന്നത്. ഇനി അവ നമുക്ക് ഉപയോഗിക്കാൻ കിട്ടണമെങ്കിൽ അമേരിക്കൻ ‘പേറ്റന്റ്’ നിയമമനുസരിച്ച് വലിയ അവകാശത്തുക നൽകേണ്ടി വരും. ഇക്കാര്യം പരശുരാമനറിഞ്ഞാൽ ആ സമ്പത്തെല്ലാം നശിപ്പിച്ച നമുക്കാണ്. “പോറയെന്നുളള നാമമറിഞ്ഞാലും” എന്ന് പറയുമായിരിക്കും!
ഇത്രയൊക്കെ വിശദമായ കൃഷിബോധമുണ്ടായിരുന്നവരെക്കുറിച്ചാണ് ഇന്നസ് സായ്‌പ് കാര്യക്ഷമമല്ലാത്ത കൃഷി ചെയ്യുന്നവരെന്നും, മിതമായ തോതിൽ മാത്രം വിളവുണ്ടാക്കുന്നവരെന്നും, പ്രകൃതിയുമായി നിരന്തരം പോരാട്ടം നടത്താത്തവരെന്നും, വളം ചേർക്കാത്തവരെന്നും, കടുംകൃഷിയിൽ താല്പര്യമില്ലാത്തവരെന്നും മറ്റും എഴുതിയത്. സായ്‌പന്‌മാരുടെ ആധിപത്യം നിലനിന്ന നൂറിലേറെ വർഷക്കാലത്ത് മറ്റു പലതിലുമെന്നപോലെ കൃഷിക്കാര്യത്തിലും മലയാളി പാപ്പരായി എന്നതാണ് സത്യം. ഈ മാറ്റം എങ്ങിനെ, ഏതെല്ലാം കൊളോണിയൽ നയങ്ങളുടെ ഫലമായി സംഭവിച്ചു എന്നതിനെക്കുറിച്ചുളള അന്വേഷണ ഗവേഷണങ്ങളാണ് ഇന്നാവശ്യം. അങ്ങിനെ കണ്ടെത്തുന്ന കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാവണം നമ്മുടെ കൃഷി മെച്ചപ്പെടുത്താനുളള ശ്രമങ്ങൾ നടത്തുന്നത്. അല്ലാതെ നമ്മുടെ നാടൻ കൃഷി പിന്നോക്കാവസ്‌ഥയിലായിരുന്നു എന്ന് ധരിച്ചുകൊണ്ട് അതിൽ മെച്ചമുണ്ടാവാൻ സായ്‌പിന്റെ കൃഷിപാഠങ്ങൾ പഠിക്കാനൊരുങ്ങുന്ന രീതി കീടങ്ങളെക്കാളേറെ ഇന്നാട്ടിലെ കൃഷിക്കു നാശം ചെയ്‌തേക്കും.
Generated from archived content: krishi1_may5_07.html Author: dr_m_gangadharan