അന്നവഴക്കവും സംസ്‌കൃതികളും

അന്നവഴക്കത്തിന്റെ രീതിശാസ്‌ത്രം മനുഷ്യസമ്പർക്കത്തിന്റെ ജ്ഞാനസിദ്ധാന്തത്തെ രൂപപ്പെടുത്തുന്നുവെന്നത്‌ ചരിത്രസത്യമാണ്‌. ഗോത്രസംസ്‌കൃതിയിലെ പ്രകൃതി ഭക്ഷണം, ഗ്രാമസംസ്‌കൃതിയിലെ അടുക്കളഭക്ഷണം, നാഗരികതകളിലെ ചന്തഭക്ഷണം, ഉത്തരനാഗരികതയിലെ ടിൻ ഭക്ഷണം എന്നിങ്ങനെ അന്നവഴക്കത്തിന്റെ ചരിത്രത്തിൽ വ്യത്യസ്‌തവിതാനങ്ങൾകണ്ടെത്താം. ഇതിൽ ഒടുവിലത്തേതിലെത്തുമ്പോൾ ജ്ഞാനസിദ്ധാന്തം ബോധപൂർവ്വം ഉപയോഗിക്കപ്പെടുകയും ഒരു അന്നവഴക്കം നിർമ്മിക്കപ്പെടുകയും ചെയ്യുന്നു. അവിടെ മനുഷ്യസമ്പർക്കത്തിന്റെ സാത്വികതയും നൻമയും കൂട്ടമനശ്ശാസ്‌ത്രവും ചോർന്നുതീരുന്ന അവസ്‌ഥയാണ്‌ ഉണ്ടാക്കുന്നത്‌. ‘ഏകലോകം’ എന്ന സങ്കല്പത്തിന്റെ പുത്തൻ അധിനിവേശവിവക്ഷയായി ഇത്‌ കൊണ്ടാടപ്പെടുന്നു. ഏകവിള, നാണ്യവിള എന്നിവ മാത്രം നിലനിറുത്തപ്പെടുകയും ജൈവവൈവിദ്ധ്യം തകർക്കുകയും ചെയ്യുക എന്നതാണ്‌ നിയുക്ത അന്നവഴക്കത്തിന്റെ ലക്ഷ്യവും ഫലവും. പ്രാചീനമായ അന്നപാരമ്പര്യങ്ങളിൽനിന്ന്‌ ഊർജ്ജമുൾക്കൊണ്ട്‌ തുടർന്നുവന്നിരുന്ന അന്നമാതൃകകൾ എന്നെന്നേക്കുമായി ഇല്ലാതാകുന്ന പ്രതിഭാസം മനുഷ്യരാശി ഇന്നേവരെയാർജ്ജിച്ച സംസ്‌ക്കാരത്തിന്റെ തകർച്ചയ്‌ക്കു തുല്യവും അതിന്റെ മുഖ്യഘട്ടവുമാണ്‌. കാരണം ഈ അന്നവഴക്കങ്ങൾ ഓരോ സംസ്‌കൃതിയുടെ മൂലസ്രോതകേന്ദ്രങ്ങളായി വർത്തിക്കുന്നു. പാരമ്പര്യസംസ്‌കൃതികളെ നിരാകരിക്കുന്ന പുത്തൻ അന്ന മാതൃകകൾ പൊങ്ങച്ചം, പ്രലോഭനം, പുതുമ, അസൂയ തുടങ്ങിയ അടിസ്‌ഥാനരഹിതമായ മനോഭാവങ്ങളിൽ അധിഷ്‌ഠിതമായിരിക്കുന്നു. അതെല്ലാം ബോധപൂർവ്വം സൃഷ്‌ടിച്ചെടുക്കുന്ന മനോഭാവങ്ങളാവുന്നു. സാംസ്‌കാരികമായ പാരമ്പര്യവും ചരിത്രത്തിന്റെ ഈടുവെയ്‌പുകളും നഷ്‌ടപ്പെടുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നായിത്തീരുന്നു അന്നവഴക്കത്തിലെ നാട്ടറിവിന്റെ നാശം. അന്ന വൈവിധ്യത്തിൽ വികേന്ദ്രീകരിച്ചുകൊണ്ട്‌ മാത്രമേ സംസ്‌കൃതി വൈവിധ്യവും അതിനനുസരിച്ച്‌ ആവാസവ്യവസ്‌ഥയിലെ പരസ്പരപൂരകങ്ങളായ വൈവിധ്യങ്ങളും നിലനിൽക്കുകയുളളൂ. ലോകം ഇന്നു പിന്തുടരുന്ന യൂറോകേന്ദ്രീകൃതമായ ശാസ്‌ത്രവീക്ഷണവും നാഗരികസങ്കല്പവും ഒരിക്കലും ജൈവവൈവിധ്യത്തെ അനുകൂലിക്കുന്നില്ല. പൂർവ്വകാലത്തെ അന്ന മാതൃകകളെ തകർക്കേണ്ടത്‌ അധിനിവേശത്തിന്റെ ആവശ്യമാണ്‌. അടുക്കള കേന്ദ്രീകൃതമായ നാട്ടറിവുകളിൽ നാട്ടുപകരണങ്ങളും നാട്ടുവിഭവങ്ങളും പ്രകൃതിഭക്ഷണങ്ങളുമാണ്‌ അടങ്ങിയിട്ടുളളത്‌. പുത്തൻ ഗൃഹോപകരണങ്ങളെ പരിചയപ്പെടുത്തുന്ന കമ്പനികൾ യഥാർത്‌ഥത്തിൽ ചെയ്യുന്നത്‌ സ്‌ഥിരവും പരമ്പരാഗതവുമായ അന്നവഴക്കത്തിന്റെ നിരാകരണമാണ്‌. ഇവിടെയാണ്‌ നാട്ടുഭക്ഷണത്തിന്റെ, അന്നവഴക്കത്തിന്റെ നാട്ടറിവുകൾ വീണ്ടെടുക്കുവാനുളള യത്നം സാംസ്‌കാരികമായ ഗറില്ലായുദ്ധതന്ത്രത്തിന്റെ നിർണ്ണായകമായ ചുവടുവയ്‌പാകുന്നത്‌.

ഉപഭോഗകേന്ദ്രീകൃതമായ നാഗരികജ്ഞാനസിദ്ധാന്തത്തിനു ബദലായി, പ്രകൃതി കേന്ദ്രീകൃതമായ ജ്ഞാനസിദ്ധാന്തത്തിന്റെ രൂപീകരണമാണ്‌ ഇന്ന്‌ ചരിത്രം ആവശ്യപ്പെടുന്നത്‌. ഇവിടെ അന്നവഴക്കത്തിന്റെ പൂർവ്വ മാതൃകകൾ കണ്ടെടുക്കപ്പെടുമ്പോൾ അതിലേയ്‌ക്കുളള ഒരു കുതിപ്പ്‌ രൂപപ്പെടുമെന്ന്‌ കരുതാം. തറ, കാവ്‌, പളളി, ഗൃഹം എന്നീ സാമൂഹ്യസ്‌ഥാപനങ്ങളെ ആശ്രയിച്ചുളള ഉൽസവങ്ങൾ, അനുഷ്‌ഠാനങ്ങൾ, ശീലങ്ങൾ എന്നും ഗോത്രഗ്രാമസംസ്‌കൃതികളുടെ അന്നവഴക്കത്തിന്റെ സാരാംശത്തെ നിലനിർത്തിപ്പോന്നു. മുത്തപ്പനും ഗണപതിക്കും മാവേലിക്കും മറ്റും നിവേദിക്കുന്ന അന്നം നേർച്ചകളിൽ സമർപ്പിക്കുന്നതും പങ്കിട്ടുഭക്ഷിക്കുന്നതുമായ അന്നം ഗാർഹിക ചടങ്ങുകളിൽ വിളമ്പുന്ന അന്നം ഇവയിലെല്ലാം ഒരോ വിഭാഗത്തിന്റെയും ദേശീയവും ഗോത്രപരവും കുലപരവുമായ സവിശേഷതകൾ അന്നവഴക്കത്തിന്റെ ചിഹ്‌നങ്ങൾ കൂടിയാവുന്നു. സസ്യവിഭവങ്ങൾ, പാചകംചെയ്യാത്ത മാംസം തുടങ്ങിയ പ്രകൃതിഭക്ഷണം സമ്പ്രദായമാക്കിയിരുന്ന ആദിവാസികളെ ഉൾക്കൊളളാൻ ‘പരിഷ്‌കാരിക’ളുടെ സാമൂഹികവിജ്ഞാനത്തിന്‌ കഴിഞ്ഞില്ല. ദൈവികമായതെന്നപോലെ നാം ചോദ്യംചേയ്യാൻ ധൈര്യപ്പെടാത്ത നാഗരികപുരോഗതിയും വികസനവും ചേർന്ന്‌ പൂർവ്വമാതൃകകളെ വിഴുങ്ങിയെന്നു സാരം. കിഴങ്ങുകളും കായ്‌ഫലങ്ങളും പ്രധാന അന്നമാതൃകകളായിരുന്ന കേരളം ഇന്നത്‌ ഏകദേശം പൂർണ്ണമായും കൈവിട്ടു. മാങ്ങയും ചക്കയും ഈന്തയും വിഴാലരിയും ചാമയുമെല്ലാം പുതിയ കേരളീയ നാഗരികന്‌ അപരിചിതമായിത്തീർന്നു.

മലബാർ ദേശത്തെ അന്നവഴക്കത്തിലെ ചില നാട്ടറിവുകൾ

1. ഈന്തുമ്പുടി – ഈന്തിക്കായുണക്കി പരിപ്പെടുത്ത്‌ വീണ്ടുമുണക്കി ഒരു മാസത്തോളം സൂക്ഷിക്കുന്നു. കട്ടുകളയുന്നതിനാണിങ്ങനെ സൂക്ഷിക്കുന്നത്‌. പിന്നെ വെളളത്തിൽ കുതിർത്ത്‌ പൊടിച്ച്‌ ചൂടുവെളളത്തിൽ കുഴച്ച്‌ കൈപ്പിടികളാക്കി തിളപ്പിക്കുന്നു. എത്രവേവിച്ചാലും ഒരു പരിധിക്കപ്പുറം അത്‌ വെന്തുപോകുന്നില്ല. ‘ഈന്തുപ്പുടീന്റെ വേവ്‌ ’ എന്നൊരു ചൊല്ലുതന്നെ മലബാർ പ്രദേശത്തുണ്ട്‌. പോത്തിറച്ചി കുഴമ്പുപരുവത്തിൽ പാകപ്പെടുത്തി ഈന്തുപ്പുടികൾ അതിൽ ഇടകലർത്തുന്നു. ഇത്ര രുചിയും ഗുണവുമുളള മറ്റൊരു അന്നം ഇല്ലെന്നുതന്നെപറയാം. മലബാർപ്രദേശത്ത്‌ ഇന്നും ഈ ആഹാരം അപൂർവ്വമായെങ്കിലും പ്രചാരത്തിലുണ്ട്‌.

2. പനവെരകിയത്‌ – പന മുറിച്ചു കിട്ടുന്ന ചോറ്‌ ഇടിച്ച്‌ തുണിയിൽ പൊതിഞ്ഞ്‌ വെളളത്തിൽ മുക്കി മാവൂറ്റിയെടുക്കുന്നു. ആ മാവ്‌ പത്തിരിയാക്കി അവിലും ശർക്കരയും തേങ്ങയും ചേർത്ത്‌ മടക്കിപൊരിക്കുന്നു. പുഴുങ്ങുകയും ആവാം. പൂവാട എന്നും പൂകാട എന്നും ഇത്‌ അറിയപ്പെടുന്നുണ്ട്‌. പഞ്ഞകാലങ്ങളിൽ ഗ്രാമീണരുടെ ആശ്രയമാകുന്ന അന്നങ്ങളിൽ ഒന്നാണിത്‌.

3. ഓട്ടട കറികൂട്ടി കഴിക്കാവുന്നതാണ്‌.

4. പൂളപ്പത്തിരി – തകരത്തിൽ ആണികൊണ്ട്‌ തുളകളുണ്ടാക്കി പൂള അതിലുരച്ചു വീഴുന്ന മാവ്‌ അതേ രൂപത്തിൽത്തന്നെ വട്ടയിലയിൽ പരത്തിയെടുത്ത്‌ കനലിൽചുട്ടെടുക്കുന്നു. പഞ്ഞകാലങ്ങളിലെ വിശേഷാഹാരം.

5. കൂവത്തെളി മൂത്രസംബന്ധമായ രോഗങ്ങൾക്കുമറ്റും ഉപയോഗിക്കാറുളള ഈ പാനീയം മലബാറിലേതാണ്‌. കൂവക്കിഴങ്ങ്‌ ഇടിച്ചുപിഴിഞ്ഞ്‌ ഉണക്കിയെടുക്കുന്ന മാവ്‌ കലക്കി കട്ടുകളഞ്ഞ്‌ പഞ്ചസാരയും തേങ്ങാപ്പാലും ചേർത്ത്‌ കാച്ചിയെടുക്കുന്നു.

6. അണ്ടിക്കഞ്ഞി ഃ മാമ്പഴത്തിന്റെ അണ്ടിപിളർന്ന്‌ പരിപ്പെടുത്ത്‌ ഉണക്കി ഉണ്ടാക്കുന്ന മാവ്‌ കാച്ചിയുണ്ടാക്കുന്നതാണ്‌ അണ്ടിക്കഞ്ഞി.

7. പൂളപ്പുട്ട്‌ ഃ പൂളമാവിലുണ്ടാക്കുന്ന പുട്ട്‌. തേങ്ങയും ആവശ്യത്തിന്‌ ചേർക്കുന്നു.

8. പുളിയരി വറുത്തിടിച്ചത്‌ – പുളിയരി വറുത്ത്‌ കുതിർത്ത്‌ ശർക്കരയുംതേങ്ങയും ചേർത്തിടിച്ചുണ്ടാക്കുന്ന കൂട്ട്‌.

9. അലീസ – രാത്രിയത്താഴത്തിനുമുമ്പും സൽക്കാരത്തിനും മാപ്പിളവീടുകളിൽ സാധാരണയായികാണുന്ന ഒരു അന്നമാണ്‌ അലീസ. ഗോതമ്പുകുത്തിയത്‌ നെയ്യും എല്ലുകളഞ്ഞ കോഴിയിറച്ചിയും ചേർത്ത്‌ നന്നായി പാകംചെയ്യുന്നു.

ചില നാടൻകറിയിനങ്ങൾ ഃ ഉളളി മുളക്‌ എന്നിവ അരിഞ്ഞ്‌ വെളിച്ചെണ്ണയിൽ വറുവലിട്ട്‌ കഞ്ഞിവെളളം പകർന്ന്‌ സൗകര്യപൂർവ്വം പപ്പടമോ, മുരിങ്ങയിലയോ, ചീരയിലയോ, തക്കാളിയോ ചേർത്ത്‌ കറിയുണ്ടാക്കുന്നു. താളിപ്പ്‌ എന്നറിയപ്പെടുന്ന ഈ കറി ഗ്രാമീണഗൃഹങ്ങളിൽ ഏറ്റവുംസാധാരണമാണ്‌. പെട്ടെന്നുണ്ടാക്കിയെടുക്കാൻ കഴിയുന്ന ഈ നാടൻകറി എപ്പോഴും ദരിദ്രരുടെ ആശ്രയമാണ്‌. മാപ്പിളക്കലാപത്തിന്റെകാലത്ത്‌ ഉപരോധവുംമറ്റും വന്നപ്പോൾ ജനങ്ങൾ ഇത്തരം നാട്ടറിവുകളുപയോഗിച്ചാണതിനെ ചെറുത്തത്‌.

താൾ – രദിദ്രരുടെ മറ്റൊരാശ്രയമാണ്‌ ‘താൾ’. ചേമ്പിന്റെ കുടുംബത്തിൽപെടുന്ന ഒരു നാട്ടുചെടിയുടെ ഇല അരിഞ്ഞ്‌ പച്ചുമളകുചേർത്ത്‌ എണ്ണയിൽ വറുത്തിടുന്നു. ചേമ്പിലയും ലഭ്യതയനുസരിച്ച്‌ ഈ കറിക്കുപയോഗിക്കാറുണ്ട്‌.

ചമ്മണ്ടികൾ – പുളിങ്ങാച്ചമ്മണ്ടി, മാങ്ങാച്ചമ്മണ്ടി, മുളകുചമ്മണ്ടി, തേങ്ങാച്ചമ്മണ്ടി, മുളുച്ചമ്മണ്ടി (മുളകു ചുട്ടുണ്ടാക്കുന്നത്‌), ഇഞ്ചിച്ചമ്മണ്ടി, മല്ലിയിലച്ചമ്മണ്ടി, പൊതിനയിലച്ചമ്മണ്ടി എന്നിങ്ങനെ അനേകയിനം ചമ്മണ്ടികൾ ഇന്നും മറക്കാതെ സൂക്ഷിക്കുന്നത്‌ അവശേഷിക്കുന്ന ഗ്രാമസംസ്‌കൃതികളാണ്‌.

പാലായിക്ക – ഉളളി (വലുതും ചെറുതും ആകാം) നെയ്യിൽ വറുവിട്ട്‌ വെളളമൊഴിച്ച്‌ വട്ടത്തിൽ നുറിക്കിയ പഴമിട്ട്‌ കുതിർത്ത സാബൂനരി ചേർത്ത്‌ വേവിക്കുന്നു. ഏലം, പഞ്ചാര, തേങ്ങാപ്പാൽ ഇവ ചേർത്ത്‌ വാങ്ങുന്നു. നൂൽപ്പിട്ടിനും പത്തിരിക്കും മറ്റും ഇത്‌ കൂട്ടാനാണ്‌.

ചില പലഹാരങ്ങൾ (മലബാർ മാപ്പിള)

1. മുട്ടമാല ഃ മുട്ടയുടെ മഞ്ഞക്കരു എടുത്ത്‌ പഞ്ചസാരയുടെ സീറയിൽ ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം

2. മുട്ടസുറുക്ക ഃ സീറ ചേർത്ത്‌ വെളളക്കരു ആവിയിൽ പുഴുങ്ങി ഉണ്ടാക്കുന്ന ഒരുതരംകേക്ക്‌.

3. കോഴിയട ഃ കോഴിയിറച്ചി ചെറുകഷ്‌ണങ്ങളാക്കി മസാല ചേർത്ത്‌ വറുത്ത്‌ മാവിൽപൊതിഞ്ഞ്‌ പൊരിച്ചെടുക്കുന്നു.

4. മണ്ട ഃ റവ, പഞ്ചസാര, എസൻസ്‌. അണ്ടിപ്പരിപ്പ്‌, മുന്തിരി, കടല ഇവ ചേർത്ത മിശ്രിതം നേർത്ത പത്തിരിയിൽ ത്രികോണാകൃതിയിൽ ഉണ്ടാക്കി പൊരിക്കുന്നത്‌.

5. അമ്പായത്തിൻ അട ഃ അരിമാവിൽ മുട്ടചേർത്ത്‌ നല്ല ജീരകവും എളളും കലർത്തി നൂൽപ്പട്ടുപോലെ നാരാക്കി വാട്ടിയ വാഴയിലയിൽ ത്രികോണാകൃതിയിൽ പൊതിഞ്ഞ്‌ എണ്ണയിൽപൊരിക്കുന്നു.

6. ചുക്കപ്പം ഃ അമ്പായത്തിനടയുടെ കൂട്ട്‌ ഗോട്ടിവലുപ്പത്തിൽ ഉരുട്ടിയെടുത്ത്‌ പൊരിക്കുന്നു.

7. അല്ലാഹു അഅല (പൊന്നാനിയിൽ പ്രസിദ്ധം) മൈദമാവിൽ മുട്ടചേർത്ത്‌ ഒന്നിനൊന്ന്‌ വലിയവട്ടത്തിൽ പത്തിരി ഉണ്ടാക്കുന്നു. ഏറ്റവും ചെറുതിൽ അണ്ടിപ്പരിപ്പ്‌ മുന്തിരി ഇവ ചേർത്തമധുരക്കൂട്ട്‌ നിരത്തുന്നു. പിന്നെ രണ്ടാമത്തേതിൽ തേങ്ങയും അവലും ശർക്കരയും നിരത്തുന്നു. മൂന്നാമത്തേതിൽ പയറിനങ്ങൾ. ഇങ്ങനെ അനേകം എണ്ണം വിവിധയിനം കൂട്ടുകൾ നിരത്തിയത്‌ ഒന്നിനുമേൽ ഒന്നുവെച്ച്‌ അടുക്കി പഞ്ചസാര ഉരുക്കി ഒഴിക്കുന്നു. പിന്നെ ഇവ മുകളിൽനിന്ന്‌ താഴേക്ക്‌ മുറിച്ച്‌ എടുക്കുന്നു. ‘പെട്ടിപ്പത്തിരി’ എന്നും ഇതിന്‌ പേരുണ്ട്‌.

8. അവലോസുണ്ട ഃ അരിമാവിൽ തേങ്ങ ചേർത്ത്‌ വറുത്ത്‌ പഞ്ചസാരയുരുക്കിയത്‌ ചേർത്ത്‌ ഉണ്ടാക്കുന്ന കൂട്ട്‌ ഉണ്ടകളാക്കിയെടുക്കുന്നത്‌.

9. അരീരപ്പം ഃ അരിപ്പൊടിയിൽ ശർക്കരയും തേങ്ങയും ചേർത്ത്‌ ഇടിച്ചെടുത്ത്‌ പന്ത്രണ്ട്‌ നാഴികയോളം വയ്‌ക്കുന്നു. പിന്നെ വാട്ടിയ ഇലയിൽ എണ്ണ പുരട്ടി അടയുടെ ആകൃതിയിലാക്കി വറുത്തെടുക്കുന്നു. കറുമുറെത്തിന്നാൻ ഇത്‌ രസകരമാണ്‌.

10. തരിപ്പോളഃ റവ, പഞ്ചസാരകളുടെ കൂട്ട്‌ വലിയൊരു കിണ്ണത്തിൽ അടിയിലും മുകളിലും തീയിട്ട്‌ വേവിക്കുന്നു. മുകളിൽ അണ്ടിപ്പരിപ്പും മുന്തിരിയും വിതറുന്നു.

11. മുട്ടക്കേക്ക്‌ ഃ മുട്ടയും പഞ്ചസാരയും ചേർത്ത മിശ്രിതം മൈദ ചേർത്ത്‌ പാത്രത്തിലാക്കി അടിയിലും മുകളിലും തീയിട്ട്‌ പാകപ്പെടുത്തുന്നു.

12. മുട്ടപ്പാലട ഃ മുട്ട അടിച്ചുപതപ്പിച്ച്‌ ദോശയുടെ ആകൃതിയിൽ ചുട്ടെടുത്ത്‌ അതിൽതേങ്ങയും പഞ്ചസാരയും ചേർത്ത്‌ ചുരുട്ടി വയ്‌ക്കുന്നു.

13. ചിരട്ടമാല ഃ കേക്കിന്റെ മാവുകൂട്ട്‌ ചിരട്ടക്കണ്ണിലൂടെ ജിലേബിയെന്നപോലെ പൊരിച്ചെടുക്കുന്നു. ചിരട്ടയ്‌ക്കുപകരം പ്ലാവില കോട്ടിയത്‌ ഉപയോഗിക്കാറുണ്ട്‌.

14. പഴം നൊച്ചുപൊരി ഃ ഉരുക്കിയ പഞ്ചസാരയിൽ വേവിച്ച പരിപ്പും തേങ്ങയും ചേർത്ത്‌ (ഏലക്കയും ചേർക്കും) നേന്ത്രപ്പഴത്തിന്റെ നാലുവശത്തു കൂടിയും അടിച്ചുനിറച്ച്‌ അരിപ്പൊടി മുട്ടി പൊരിച്ചെടുക്കുന്നു.

15. ഉന്നക്കായ ഃ നന്നായി പഴുക്കാത്ത നേന്ത്രപ്പഴം പുഴുങ്ങി അരച്ച്‌ അടയുണ്ടാക്കി ഉന്നക്കാപോലെ ഉരുട്ടി നെയ്യിൽപൊരിക്കുന്നു. ഇതിൽ തേങ്ങ, പഞ്ചസാര, അണ്ടിപ്പരിപ്പ്‌ ഇവയുടെ കൂട്ട്‌ നിറച്ചിരിക്കും.

16. പഴംവെട്ടി ഃ പഴം നുറുക്കി നെയ്യിൽ പൊരിച്ചെടുക്കുന്നതുതന്നെയാണ്‌.

17. പഴക്കേക്ക്‌ ഃ പഴം അരച്ചതിൽ മുട്ടചേർത്ത്‌ പാത്രത്തിലാക്കി അടിയിലും മുകളിലും തീയിട്ട്‌ പാകപ്പെടുത്തുന്നു.

Generated from archived content: annam_may24_06.html Author: dr_a_noojum

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here