മദ്ധ്യകേരളത്തിൽ മംഗളാവസരങ്ങളിൽ വേദിയിൽ അരിമാവുപയോഗിച്ച് ചിത്രങ്ങൾ വരയ്‌ക്കാറുണ്ട്. ഇതിനെ പൊതുവെ അണിച്ചൽ എന്നു പറയുന്നു. ഓണത്തിന് തൃക്കാക്കരയപ്പനെ പൂജിക്കാനുളള കളത്തിൽ മനോഹരവും വിസ്തൃതവുമായ അണിച്ചൽ നടത്തുന്നു. വിവാഹം, ഗണപതിക്കിടൽ, ഇല്ലംനിറ മുതലായ ചടങ്ങുകളിൽ അരിമാവുകൊണ്ട് അണിയാറുണ്ട്. കൃഷിയേയും ഊർവ്വരതയേയും സംബന്ധിച്ച ചടങ്ങുകളിൽ പ്രധാനധാന്യമായ അരി അണിയാനുപയോഗിക്കുന്നത് ശ്രദ്ധേയമാണ്. പുഴുങ്ങാതെ ഉണക്കിയ അരി നേർമയിൽ പൊടിച്ചെടുത്ത് വെളളം ചേർത്ത് അണിയാൻ ഉപയോഗിക്കുന്നു. ചിലയിടങ്ങളിൽ കൊഴുപ്പ് കിട്ടുന്നതിനായി നനക്കിഴങ്ങും മൂപ്പെത്താത്ത വെണ്ടക്കായും ചേർത്ത് കാണാറുണ്ട്. മുൻപറഞ്ഞപോലെ വിശേഷാവസരങ്ങളിൽ അരിയുടെ ഉപയോഗം പലവിധത്തിലും കാണുന്നുണ്ട്. ഉണക്കലരിയും പൂവ്വും ചേർത്ത് അക്ഷതം ഉണ്ടാക്കി പൂജയ്‌ക്കും ആശീർവാദത്തിനും ഉപയോഗിച്ചുവരുന്നു. എന്തിനേറെ യുവരാജാക്കൻമാരെ വാഴിക്കുമ്പോഴും അരിയിട്ടുവാഴ്‌ച എന്ന ചടങ്ങുണ്ട്. കോലങ്ങളും കളങ്ങളും വരയ്‌ക്കുന്നതിൽ വെളുത്തപൊടിക്ക് ഉണക്കലരിപ്പൊടിയാണ് ഉപയോഗിക്കാറ്. അണിയുന്നതിനുമുമ്പായി നിലം ചാണകം മെഴുകി ശുദ്ധമാക്കുന്നു. മെഴുകിയ തറയിലാണ് അരിമാവുകൊണ്ടുളള അണിച്ചിലിന് ഭംഗിയേറുക. ആധുനികമായ സിമന്റ്‌തറകളിലും മറ്റും അണിച്ചൽ അരോചകമായിരിക്കും. ഇതുംഅരിയും മണ്ണും വളവുമായുളള ബന്ധത്തെ സൂചിപ്പിക്കുന്നു. തറയിൽ നിലവിളക്ക് കൊളുത്തിവച്ചശേഷമാണ് കുളിച്ച് ശുദ്ധമായിവന്ന് അണിച്ചൽ ആരംഭിക്കുന്നത്. തറയ്‌ക്കുപുറമേ വാതിൽപടികൾ, അറ, പത്തായം മുതലായ ഇടങ്ങളിലും അരിമാവുകൊണ്ട് ചിത്രങ്ങൾ വരയ്‌ക്കാറുണ്ട്. മണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്റെ ബിംബങ്ങളിലും വ്യത്യസ്തരീതിയിൽ അണിച്ചൽ നടത്തിവരുന്നു. ചിലർ കേവലം മേൽക്കീഴ് രേഖകൾ മാത്രം വരയ്‌ക്കുമ്പോൾ മറ്റു ചിലർ കളളികളായും മറ്റും അലങ്കരിക്കുന്നു.
കളങ്ങളിൽ സാധാരണ പൂക്കളുടെ രൂപമാണ് അണിയാറുളളത്. ചതുരത്തിലും വൃത്താകൃതിയിലും ആറോ എട്ടോ കോണുകളായും സ്‌ഥലസൗകര്യവും മറ്റും അനുസരിച്ച് അണിയാറുണ്ട്. അരിമാവുകൊണ്ടുളള അണിച്ചൽ പൂജാനുഷ്‌ഠാനത്തിന്റെ ഭാഗമാകയാൽ ആദ്യം ഗണപതിയുടെ സ്‌ഥാനമാണ് അണിയുക. തുടർന്ന് പൂക്കളോ മറ്റോ അണിഞ്ഞശേഷം കിഴക്കുവശത്തേയ്‌ക്ക് മകുടവും താഴെ പീഠവും വരയ്‌ക്കുന്നു. ഇപ്രകാരംഅണിഞ്ഞ കളത്തിൽ നാക്കിലവച്ച് ഇഷ്‌ടദേവതയേയും ഇഷ്‌ടദ്രവ്യങ്ങളേയും പൂജിക്കുന്നു. ഇത്തരം ചടങ്ങുകളെല്ലാം പ്രായേണ നാമാവശേഷമായിരിക്കുന്നു. മനോഹരമായ രീതിയിൽ അണിച്ചൽ അറിയുന്നവരും കുറവാണ്. കേരളത്തനിമയുടെ ചിഹ്‌നങ്ങളായ കുരുത്തോലയും തുമ്പപ്പൂവും ആധുനിക തലമുറയ്‌ക്ക് അന്യമായതുപോലെ അരിമാവുകൊണ്ടുളള അണിച്ചലും നഷ്‌ടപ്രായമായിരിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരംശം നിവേദ്യമായും ദിവ്യമായും സങ്കൽപ്പിച്ച് അവയ്‌ക്ക് പൂജാവേലകളിൽ സ്‌ഥാനം നൽകുന്ന ഗ്രാമീണസൗകുമാര്യം സാധാരണക്കാരന്റെ നാട്ടറിവുകളുടെ വെളിച്ചത്തിൽ കണ്ടെടുക്കുമ്പോൾ അവയ്‌ക്ക് പ്രസക്തി നഷ്‌ടപ്പെട്ടിട്ടില്ലെന്ന് കാണാം.
Generated from archived content: kalam-june11.html Author: dr-vr-muralidharan