മൊഴിരചനാ സിദ്ധാന്തം

നാവിൻ തുമ്പിൽ നിന്ന്‌ നാവിൻ തുമ്പിലേക്കു പ്രവഹിക്കുന്ന നാടോടിപ്പാട്ടുകൾ ഒരു കൂട്ടായ്‌മ എങ്ങിനെയാണ്‌ രചിക്കുന്നതെന്ന്‌ ഈ നൂറ്റാണ്ടിലെ പല നാടോടിഗവേഷകരും അന്വേഷിക്കുകയുണ്ടായി. നാടോടിത്തസംസ്‌കാരപ്രക്രിയയുടെ സർഗ്ഗാത്മകതയാണ്‌ ‘ചൊൽക്കെട്ടു’കളിൽ കാണുന്നത്‌. കലയിലും കരകൗശലത്തിലും നാട്ടുവഴക്കങ്ങൾ എങ്ങനെ പിന്തുടരുന്നുവെന്ന്‌ കലാചരിത്രകാരൻമാർ അന്വേഷിച്ചിട്ടുണ്ട്‌. ആ ഗ്രാമീണനൈപുണ്യത്തിന്റെ ഭാഗമാണ്‌ വാങ്ങ്‌മയകലയും. ഒരു റെഡ്‌ഡിന്ത്യൻ തോറ്റം പാട്ടുകാരൻ നാലായിരം വരികൾ ചൊല്ലുന്നതെങ്ങനെ, ഞാറു നടുന്ന കർഷകത്തൊഴിലാളി പുത്തൂരം പാട്ട്‌ ഓർത്ത്‌ ചൊല്ലുന്നതെങ്ങനെ എന്നന്വേഷിക്കുമ്പോഴാണ്‌ വാങ്ങ്‌മയകലയുടെ സൗന്ദര്യശാസ്‌ത്രം മനസ്സിലാക്കുന്നത്‌.

ഗ്രീക്ക്‌ ഇതിഹാസങ്ങളുടെ വാങ്ങ്‌മയകലാതന്ത്രത്തിന്റെ പഠനങ്ങളാണ്‌ ഈ അന്വേഷണത്തിന്‌ പ്രേരകമായത്‌. ഇലിയഡും ഒഡീസിയും വാമൊഴികാവ്യരചനാപ്രക്രിയവഴി ഉണ്ടായതാണെന്ന്‌ ഹോമർ കൃതികൾ പഠിച്ച ആദ്യകാലപണ്ഡിതൻമാർ പറഞ്ഞിരുന്നു. ഇതിൽനിന്ന്‌ പ്രചോദനംനേടിയവരാണ്‌ ഇതൊരു സിദ്ധാന്തമായി വളർത്തിയെടുത്തത്‌. ഇതിഹാസപാഠത്തിന്റെ രൂപപരവും ഘടനാപരവുമായ അന്വേഷണങ്ങൾക്ക്‌ ഇത്‌ പ്രേരകമായി. ഫോക്‌ലോർ രൂപങ്ങളുടെ ഘടനാപരമായ ഏകകങ്ങളെതന്നെയാണ്‌ ഈ സിദ്ധാന്തമന്വേഷിക്കുന്നത്‌. വാമൊഴിപാഠങ്ങളുടെ സന്ദർഭത്തേയും രംഗാവതരണത്തെയും അടിസ്ഥാനമാക്കിയാണ്‌ ഈ നൂറ്റാണ്ടിലെ ഫോക്‌ലോർ പഠനങ്ങളുണ്ടായത്‌. ഇതിഹാസം മനഃപാഠമാക്കിവയ്‌ക്കുന്ന ഒന്നാണോ? ഇതിഹാസഗായകൻ ഓരോ തവണപാടുമ്പോഴും വാമൊഴിപാഠം പുതുതായി രചിക്കുന്നതാണോ? ഈ അടിസ്ഥാനചോദ്യങ്ങളാണ്‌ രചനാമൂലകസിദ്ധാന്തത്തിൽ പ്രാരംഭമായി ഉന്നയിക്കുന്നത്‌. മിൽമാൻപാരിയും അദ്ദേഹത്തിന്റെ ശിഷ്യൻ ആർബർട്ട്‌ ലോഡും യുഗോസ്ലോവിയയിൽ നടത്തിയ ഫീൽഡുവർക്കിനെത്തുടർന്നാണ്‌ വാമൊഴിസൃഷ്‌ടിക്രിയയുടെ സ്വഭാവങ്ങൾ കണ്ടെത്തിയത്‌. പാരി-ലോഡ്‌ സിദ്ധാന്തം എന്നിത്‌ അറിയപ്പെടുന്നു. ഇതിഹാസഗായകർ പാടുന്ന ഓരോ സന്ദർഭത്തിലും പ്രമേയത്തിന്റെ ഓരോ ഘട്ടങ്ങളിലും ചില പാരമ്പര്യരചനാമൂലകങ്ങൾ ഉപയോഗിച്ച്‌ പുതുതായി രചിക്കപ്പെടുകയാണെന്ന്‌ അവർ കണ്ടെത്തി. ഇത്തരം ഗായകരിലൂടെ ഇതിഹാസശില്പം പുറത്തേയ്‌ക്കുകൊണ്ടുവരികയാണ്‌ അവർ ചെയ്‌തത്‌.

ഈ രചനാമൂലകസിദ്ധാന്തവും പ്രോപ്പിന്റെ നാടോടിക്കഥകളുടെ രൂപിമശാസ്‌ത്രവും തമ്മിൽ അടുപ്പമുണ്ടെന്ന്‌ അലൻഡന്റ്‌സ്‌ പറയുന്നു. ആഖ്യാനത്തിന്റെ ഗതിയിലെ ഒരു പ്രത്യേകഭാഗം പൂരിപ്പിക്കുവാൻ സഹരചനാസങ്കേതങ്ങൾ പാട്ടുകാരൻ ഉപയോഗിക്കുന്നു. റഷ്യൻ ബിലിനി കഥകളിലെ 31 ക്രിയാവ്യാപാരങ്ങളെ പ്രതിനിധീകരിക്കുന്ന മോട്ടിഫുകൾ സ്വീകരിക്കുന്നതുപോലെ ഇതിഹാസങ്ങളിൽ മനോധർമ്മങ്ങൾ ഉപയോഗിക്കാനുളള അവസരങ്ങളുണ്ട്‌. ഇതിഹാസഗാനാലാപനത്തിൽ അനുഷ്‌ഠാനത്തിന്റെ അംശങ്ങളുണ്ടെന്നും ഈ ഗവേഷകർ കണ്ടെത്തി. ഇതിഹാസത്തിലെ മടക്കഗാനരീതിപരിശോധിച്ചാൽ സസ്യസമൃദ്ധിക്കായുളള അനുഷ്‌ഠാനങ്ങളുടെ സ്വാധീനമുണ്ടെന്നു ലോഡ്‌ പറയുന്നു. ഫോക്‌ലോർ പഠനരംഗത്തെ ആധുനികസിദ്ധാന്തമായ രംഗാവതരണസിദ്ധാന്തത്തിന്റെ ആരംഭം ഇതിൽ കാണാം. പാഠത്തിന്റെ ആവിഷ്‌കരണ സന്ദർഭത്തിന്‌ പ്രാധാന്യം കൊടുക്കുന്നതാണിത്‌. അനുഷ്‌ഠാനസന്ദർഭത്തിൽ അവതരിപ്പിക്കപ്പെടുന്ന അവതാരകനും പ്രേക്ഷകനും കൂടിയുളള പ്രതിപ്രവർത്തനത്തിൽ നിന്നാണ്‌ ഈ പാഠം രചിക്കപ്പെടുന്നത്‌.

ഹോമറിന്റെ പാഠത്തിൽ നിന്ന്‌ ഹോമറിന്റെ വാമൊഴിപാഠത്തിലേക്കുപോകുന്ന രീതിശാസ്‌ത്രമാണ്‌ പാരി ആവിഷ്‌കരിച്ചത്‌. 1923 ൽ പാരിസമർപ്പിച്ച ആദ്യതീസിസിൽ തന്നെ ഹോമറിന്റെ കൃതികളിലെ രചനാപ്രക്രിയയെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഫോർമുല എന്നു പറഞ്ഞാൽ എന്താണെന്ന്‌ അതിൽ നിർവ്വചിക്കുന്നുഃ ‘a group of words which is regularly used, under the same metrical conditions, to express an essential idea’ (ഒരടിസ്ഥാനാശയാവിഷ്‌കരണത്തിന്‌ ഒരു വൃത്ത സന്ദർഭത്തിൽ ആവർത്തിച്ചുപയോഗിക്കുന്ന ഒരു കൂട്ടം വാക്കുകൾ) വീരനായകൻമാരുടേയും ദൈവങ്ങളുടെയും വർണ്ണനകൾക്ക്‌ ഒരു ഫോർമുലയുണ്ടെന്ന്‌ മനസ്സിലായി. വൃത്തം മാത്രം നോക്കി അതിനിടയ്‌ക്ക്‌ ഇവ ഉപയോഗിക്കുന്നു. ‘ഹോമറിന്റെ ഫോർമുലകളും വൃത്തങ്ങളും’ എന്നതായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ തീസിസ്‌. ഇതിഹാസകവിയുടെ രചനാസങ്കേതങ്ങളിൽനിന്ന്‌ വാമൊഴി പാരമ്പര്യത്തിലേക്ക്‌ എത്തിച്ചേരുക എന്നതാണ്‌ ഇതിൽ സ്വീകരിച്ചത്‌.

നാടോടിഗായകർ പാടുമ്പോൾ ഈരടികളിൽ ഒരു കൂട്ടം ശൈലികൾ ആവർത്തിച്ചുപയോഗിക്കുന്നതുകാണാം. പ്രത്യേകരീതിയിലുളള രചനാമൂലകങ്ങൾ ഇടയ്‌ക്കു ചേർക്കുന്നതുകാണാം. ‘എന്നാൽ’, ‘എപ്പോൾ’, ‘തോഷിച്ച്‌’, ‘പ്രാർത്ഥിച്ച്‌’ എത്തിച്ചേർന്ന്‌ എന്നിങ്ങനെയുളള ലഘുവായ പദങ്ങൾ ആവർത്തിക്കുന്നതുകാണാം. 1933 ലാണ്‌ പാരിയുടെ യുഗോസ്ലോവിയ പര്യടനമാരംഭിക്കുന്നത്‌. ഇത്‌ 35വരെ നീണ്ടുനിന്നു. അവസാനകാലത്ത്‌ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ ആൽബർട്ട്‌ ലോഡും ഉണ്ടായിരുന്നു. പാടുന്ന ഗായകരിൽ നിന്നാണ്‌ വാമൊഴിപാഠം സ്വീകരിച്ചത്‌. മാസിഡോണിയ, നോവിപസാർ തുടങ്ങിയ ഏഴുകേന്ദ്രങ്ങളിലാണ്‌ മുഖ്യമായും അന്വേഷിച്ചത്‌. ആകെ ആയിരത്തിഅഞ്ചൂറുവാമൊഴി പാഠങ്ങൾ അവിടെനിന്നായി ശേഖരിച്ചു. ഈ ഫീൽഡുവർക്കിലെ അനുഭവത്തിൽ നിന്നാണ്‌ വാമൊഴിരചനാമൂലകമ്പിസിദ്ധാന്തം രൂപപ്പെടുത്തിയത്‌. തെക്കൻ സ്ലാവിക്‌ വീരഗാനങ്ങളുടെ രചനാസങ്കേതങ്ങൾതന്നെയാണ്‌ ഹോമറിന്റെ കൃതികളിലും അവർ കണ്ടെത്തിയത്‌. മുഴുവൻ പഠനവും പൂർത്തിയാക്കുന്നതിനുമുൻപ്‌ 1935ൽ മിൽമാൻപാരി മരിച്ചു. അദ്ദേഹത്തിന്റെ ആശയാഭിലാഷങ്ങൾ പൂർത്തികരിച്ചത്‌ ആൽബർട്ട്‌ലോഡ്‌ ആണ്‌. ‘The Singer of Tales’ (1960) എന്ന കൃതിയിലൂടെ വാമൊഴിരചനാസിദ്ധാന്തം രൂപീകരിക്കുകയും ചെയ്‌തു. ലോഡും ഡേവിഡ്‌ബൈനും കൂടി പിന്നീട്‌ ചില ഫീൽഡുവർക്കുകൾ നടത്തി. വാമൊഴിപാരമ്പര്യ ഗാനങ്ങളുടെ ഏകകങ്ങളും ഹോമറിന്റെ കൃതികളും തമ്മിൽ താരതമ്യപഠനം നടത്തിയാണ്‌ ഇത്‌ ചെയ്‌തത്‌. ആവശ്യപ്രമേയവും ആലങ്കാരിക പ്രമേയവും അദ്ദേഹം അതിൽ കണ്ടെത്തി. പാരമ്പര്യമായ ശൈലിക്കു യോജിച്ച വിധത്തിൽ പ്രമേയത്തെ ഹോമർ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഹോമറിന്റെ കൃതി വാമൊഴി നിർമ്മിതമാണെന്ന ഈ വാദം വിവാദങ്ങളുയർത്തി. ഓരോ പാട്ടുകാരുടേയും അവതരണത്തിലൂടെ വാമൊഴി ഇതിഹാസ പാരമ്പര്യം അന്വേഷിക്കുകയാണ്‌ ലോഡ്‌ ചെയ്‌തത്‌. വാക്യഘടനയിലെ സമാന്തരത്വം, അനുപ്രാസം, ശ്രുതിസാമ്യം ഇതെല്ലാം പാട്ടുകാരൻ ഉപയോഗിക്കുന്ന ഫോർമുലകൾ മനസ്സിലാക്കാൻ സഹായിക്കുന്നു. പാട്ടുകളുടെ ശബ്‌ദാവിഷ്‌ക്കാരവുമായി ബന്ധപ്പെട്ടതാണിത്‌. ഗാനങ്ങളുടെ വാങ്ങ്‌മയ&ശ്രോത്വപരമായ പ്രത്യേകതകൾ ഇതിൽനിന്നു മനസ്സിലാക്കാം. ലോഡിന്റെ ‘വാമൊഴി സർഗ്ഗക്രിയയുടെ കാവ്യശാസ്‌ത്രം’ എന്ന കൃതിയിൽ ചിന്തയുടേയും ഗാനഗീതിയുടെയും മേളനമാണ്‌ ഫോർമുല എന്ന്‌ വ്യക്തമാക്കുന്നു. വാമൊഴികാവ്യശാസ്‌ത്രം രചിക്കുകയാണിവിടെ ചെയ്യുന്നത്‌. ഈ തത്വങ്ങളിലൂടെ ആഖ്യാനത്തിന്റെ കാവ്യവ്യാകരണം രചിച്ചു. ഓരോസംസ്‌കാരത്തിനും ഇത്തരം വാമൊഴി രചനാതന്ത്രങ്ങളുണ്ട്‌. ഇതിന്‌ ഏകമായ നിയമങ്ങൾ കല്പിക്കാനാകില്ല. ഗായകർ സൗകര്യത്തിനുവേണ്ടി പാട്ടിനെ കുറുക്കുകയും കൂട്ടുകയും ചെയ്യുന്ന രീതിയ്‌ക്കു പുറമെ പാട്ട്‌ അവതരിപ്പിക്കുന്ന സന്ദർഭത്തിനും പ്രാധാന്യമുണ്ട്‌. മറ്റുളളവർ കേൾക്കുന്നതിനുവേണ്ടിയാണ്‌ പാടുന്നത്‌. കേൾവിയുടെ ഇമ്പം ശ്രോതാക്കൾ ആസ്വദിക്കുന്നു. പാട്ടുകാരും ശ്രോതാക്കളും കൂടിയുളള പങ്കാളിത്തമാണ്‌ രംഗാവതരണത്തിൽ പ്രധാനം. വടക്കൻപാട്ടിന്റെ ആരംഭം നോക്കുകഃ

“നാരായണായെന്നെടുത്തനാമം നാവിനുംനന്നു തനിക്കും നന്നു

നാമം സരസ്വതിക്കേറ്റംനന്നു കേൾക്കും ജനങ്ങൾക്കൊരിമ്പം തോന്നും”

എന്നാണ്‌ പാട്ടിന്റെ ആരംഭത്തിലുളളത്‌. അവതരണസന്ദർഭത്തിൽ പാട്ട്‌ പുതുതായി രചിക്കപ്പെടുകയാണ്‌. ഈണവും നാട്ടുവാക്കുകളും ശൈലിയും അവതരണകാലത്തിന്റെ ഭാഷയിലേക്ക്‌ വാർന്നുവീഴുന്ന രീതിയുണ്ട്‌. നിയമസാധുത്വമുളള ഏകപാഠത്തിന്റെ ആധികാരികത ഇവിടെ തിരസ്‌കരിക്കുന്നുണ്ട്‌. മൊഴി ഒരു പാഠമാകാൻ ഗ്രാമീണർ ഇഷ്‌ടപ്പെട്ടിട്ടില്ല. മൊഴിയൊരിക്കലും അധികാരത്തിന്റെ ഭാഗമായിരുന്നിട്ടില്ല. പാട്ടുവായിക്കുമ്പോഴല്ല പാട്ടുകേൾക്കുമ്പോഴാണ്‌ അതിന്റെ രചനാതന്ത്രങ്ങൾ കൂടുതൽ വ്യക്തമാകുന്നത്‌. ഏകസ്വരാത്മകത നിറഞ്ഞ ഈണത്തിന്‌ വളരെപ്രാധാന്യമുണ്ട്‌. ഈ ഈണത്തിനനുസരിച്ച്‌ പാട്ടുകാരൻ മൊഴികളെ തിരിച്ചും മറിച്ചും ഉപയോഗിക്കുന്നു. കഥയുടെ ചരട്‌ മുറിയുന്നുമില്ല. നാടൻ ശൈലി വിടുന്നുമില്ല. കേൾവിക്കാരെ വായനയുടെ സഹയാത്രികരാക്കുന്ന രചനാരീതി പാട്ടുകൾക്കുണ്ട്‌ഃ അപ്പോൾ പറയുന്നു കുഞ്ഞിഒതേനൻ, അന്നേരം ചെട്ടി പറയുന്നല്ലോ, ആ വാക്കു കേട്ടുളള മാതുമമ്മ, അന്നേരം ചാപ്പൻ പറയുന്നല്ലോ, ഉടനെ പകരം പറഞ്ഞോളന്നു എന്നീ പ്രയോഗങ്ങൾ ശ്രദ്ധിക്കുക. പാട്ടിന്റെ സജീവസാന്നിദ്ധ്യത്തെ മാത്രമല്ല ഇത്‌ ഓർമ്മിപ്പിക്കുന്നത്‌. പാട്ടുകാരൻ കഥസന്ദർഭത്തെ കേൾവിക്കാരന്‌ അനുഭവപ്പെടുത്തിക്കൊടുക്കുകയാണ്‌. വാക്‌ ചിത്രങ്ങളിലൂടെ ശ്രോതാക്കളെ കൂട്ടിക്കൊണ്ടുപോകുന്നു. എല്ലാ സന്ദർഭങ്ങളും ഒപ്പിയെടുക്കുന്നുണ്ട്‌. വീരരസപ്രധാനമായ ഈരടികൾ പല്ലവിപോലെ ആവർത്തിക്കുന്നുണ്ട്‌. ഇവ കഥയുടെ കയറ്റത്തെ സഹായിക്കുന്നു.

പരമ്പരാഗതമായ വാമൊഴി രചനാസിദ്ധാന്തത്തെ തിരസ്‌കരിച്ചുകൊണ്ടുളള പഠനങ്ങൾ പിന്നീട്‌ ഉണ്ടായിട്ടുണ്ട്‌. ആഫ്രിക്കയിലേയും മറ്റ്‌ വീരകഥാഗാനങ്ങളുടെ പഠനത്തോടെയാണ്‌ ഇത്‌ നടന്നത്‌. റൂത്ത്‌ഫിനെഗൻ ആഫ്രിക്കൻ കഥാഗാനങ്ങളുടെ ‘കവിക്കെട്ടിൽ’ തദ്ദേശീയ രചനാരീതികൾ കണ്ടെത്തുന്നു. സാഹിത്യപരമായ സൗന്ദര്യശാസ്‌ത്രവീക്ഷണത്തിലൂടെയാണ്‌ വാമൊഴി രചനാസിദ്ധാന്തം ഉണ്ടായത്‌. സാഹിത്യപരവും ഭാഷാശാസ്‌ത്രപരവുമായ നിരീക്ഷണങ്ങളേക്കാൾ നരവംശശാസ്‌ത്രപരമായ വീക്ഷണമാണ്‌ ഇതിനുപ്രയോജനപ്പെടുക എന്നവർ പറയുന്നു.

Generated from archived content: pattu_july30.html Author: crrajagopalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English