‘മണ്ണുക്കുളള ഉടമ മണ്ണുക്കാരൻ’
മണ്ണുക്കാരൻ സംസാരിക്കുന്നു.
ഇരുളരുടെ കാർഷികവൃത്തികൾക്കധികാരമുളളയാളാണ് ‘മണ്ണുക്കാരൻ’. അട്ടപ്പാടി ഷോളയൂരിനടുത്തുളള വയലൂരിലെ നൂറ്റൊന്നു വയസ്സുളള അന്ധനായ മണ്ണുക്കാരന്റെ കുടിപ്പേച്ചുകൾ വയലൂരിന്റെ സമ്പന്നമായ കാലത്തെ അയവിറക്കുന്നതാണ്. ഭൂമി നഷ്‌ടപ്പെട്ടതിനെപ്പറ്റി അവസാനം പറയുന്നു.
‘ഊരുക്കുളളത് മൂപ്പൻ, പൂജക്കു പൂജാരി, മണ്ണുക്കുളള ഉടമ മണ്ണുക്കാരൻ. എനിക്കുളളതു സ്വാമി. മണ്ണുക്കാരൻ ഇവൻ താൻ. മണ്ണുക്കുളള ഉടമ. ഈ കൈകൊണ്ട് വിത്തു വിളയും. നാലു തൈവങ്ങള് എങ്ങളെ കാക്കും. കാവ്യത്താൾ, വീരകമ്മ,പദ്രകാളി പിന്നെ മാരിയമ്മ. വയലൂര് വിതയ്‌ക്കുന്ന ആൾ മണ്ണുക്കാരൻ. ഞാൻ വന്ന് പൂജ ചെയ്ത് വിത്തിടണം. വിത്തുതന്നെ വിളയും. ചോദിക്കാതെ വിത്തിട്ടാൽ പിഴ കെട്ടണം. വയലൂര് അട്ടപ്പാടിയിലെ വയലുകളുളള ഊര്. ഞങ്ങൾ റാകി, ചോളം, ചാമ, തുവര, തിന, മക്കച്ചോളം, പെരിയചോളം, നെല്ല് വിതച്ചിരുന്നു. വെളളപ്പെരുവാളയും പുളുതിനെല്ലും മേട് നെല്ല് (കരനെല്ല്). മലയിൽ വിളയുന്നത് കരിമോടോനും ചമ്പാവും തണ്ണിനെല്ല്. കണ്ടത്തിൽ വിളയുന്നത്. കരിമോടോൻ കറുത്തനെല്ല്. ചമ്പാവ് മുളയ്‌ക്കാതെ വിതയ്‌ക്കുന്നത്. വൈകാശിആനിമാതത്തിൽ (എടവം, മിഥുനം) നെല്ലുവിത്തു പോടണം. കരുചാമ മൂന്നുമാസത്തെ വിളവ്. ചിത്തിരമാസം കോറവിത്ത് പോടണം. വിതയ്‌ക്കുന്നതിനു മുമ്പ് മണ്ണുക്കാരൻ വിത്തു കയ്യിലെടുത്ത് മന്ത്രിച്ച് എറിയണം.
മുന്നാലാവത് പങ്കുനിമാസത്തിൽ (കുംഭം) കാട്‌വെട്ടിത്തെളിച്ച് ശുത്തപ്പെടണം. ചിത്തിര (മേടം) മാസത്തിൽ വിത്തു പോട കൂടാത്. തൊവര പങ്കുനിയിൽ. രാകി ഇടവത്തിൽ. കാട് വെട്ടിത്തെളിച്ച ശേഷം പൂജ ചെയ്ത് മുന്നാലെ കൊത്ത്, പിന്നാലെ പീക്കി മത്തളം കൊട്ടി വിതയ്‌ക്കും. കമ്പളം വിതയ്‌ക്കും ഇങ്ങനെതന്നെ. പിന്നെ കൊത്തുകൊണ്ട് കൊത്തി മുന്നേറും. കൂന്താലിയും ഉണ്ടാകും. കമ്പളം വിത ചടങ്ങാണ്. പൂമി മൊത്തം വെട്ടി വിതച്ച് വിളയെത്തിയ്‌ക്കാം എന്ന് ചട്ടംകെട്ടും. മൂപ്പൻ വന്ന് എല്ലാവരോടും ചട്ടംകെട്ടും. നാളെ കാട്ടില് പണി. ഇത്ര ചലക ഉണ്ട് (ഒരു ചലക 10 പറ). എല്ലാ വീട്ടുകാരും നേരം വെളുക്കുമ്പോൾ എത്തണം. ഒരാളു പൊളുതുക്ക് വരുണം (സൂര്യൻ ഒരാളുടെ ഉയരത്തിൽ ഉദിച്ചാൽ). നിഴലു നോക്കി സമയം അറിയാം. എല്ലാവരും വരും. മൂപ്പൻ, വണ്ടാരി, കുറുതല. മണ്ണുക്കാരൻ പ്രാർത്ഥിക്കും. കാവേരിയെ വിളിക്കും. ഈ കാവേരിയെ പണ്ട് കൊളളക്കാര് കൊണ്ടുപോയി. കാവേരിയെ തിരിച്ചുകൊണ്ടുവന്നു. പിന്നെ ആട്ടും പാട്ടുമായി കൊത്തിക്കൊത്തി മുന്നേറും. കാട് കൊത്തി പോകുമ്പോൾ കൊട്ടുകാരും ഊത്തുകാരും പുറകിലുണ്ടാകും. കൊയ്‌ത്തുകഴിഞ്ഞ് ഒരേ മാതിരി വീതിക്കും.’
കാട്ടിൽ പോയി നിന്ന് മണ്ണുക്കാരൻ വിത്തിടുമ്പോഴുളള മന്ത്രംഃ
‘അടി തരെ മുടി തരെയ്
ഇടപാടു തൊടു ശിങ്ക പാരൈയ്
കല്ലുവെട്ടി കാങ്കും വരെ
കല്ലു പുരണ്ടതാ-കാവേരി
ഉളളു പുറന്തതോ – പൂലോകാ
കിളക്കേള് ഒരു സ്വാമ്യേയ് കാവിലമ്മേ
ഏഴിമല എല്ലി, ഗുണം വരുത്തമ്മേ
പുത്തി കൊടാ, കോരത്തു രേശി
വാനത്തു നങ്കേ
ശെവീറു, മലീറു, കൽവരുറു
കർത്ത്യമ്മേ, ശാത്തിരു
ശാത്ത്യമ്മേ, പദ്രകാളി
വീരത്തമ്മാ, വെങ്കമ്മ
നെഞ്ചമ്മാ, കോയമുത്തിരു
കൊഴിത്തമ്മേ, കോഴിക്കുടുരായ്
ശീരങ്കരായ് വെണ്ടികൊത്തി
വീശപ്പരായര്, രായര് തേവര്
പളളിയമ്പാണ്ടവാ
ആര്യമൂരിയ, കോഴിങ്കുലുങ്ക്
കണ്ടുവച്ച് കാപ്പാത്ത് വച്ചുകൊളളുമേ’
“പൂമി അളക്കാൻ കെർമണ്ട് സർവ്വേക്കാര് വന്ത്. ഞാന് പേടിച്ച് കേട്ടുകൊണ്ട് ഇരിക്ക്. ചങ്കില് പിടിച്ചിട്ട് ഞാൻ വന്താച്ച്. പൂമി അളന്ത്. കാട് അളന്ത്, കോവില് അളന്ത്. ഇന്ത പൂമി ആരുടെ എന്നവർ ചോദിച്ചു. ഞാൻ പറഞ്ഞു. എനക്കു സ്വന്തമല്ല. വയലൂരു സ്വന്തം. സ്വാമി. തൈവം. പൊതുവ്. പൊതുവുളള സ്ഥലം. എല്ലാർക്കും പൊതുവ്. ഇന്ത കോവില് എല്ലാർക്കും പൊത്‌വ്. എന്നാൽ സർവ്വേക്കാര് ചുരറ്റി കൽപോട്ടത്.”
Generated from archived content: mannukkaran.html Author: crrajagopalan
Click this button or press Ctrl+G to toggle between Malayalam and English