കൃഷിഗീതയുടെ സംസ്‌കാരസന്ദർഭങ്ങൾ

ശിലായുഗത്തിന്റെ ആദ്യഘട്ടത്തിൽ ആഹാരസമ്പാദനവും നായാട്ടും നടത്തിയിരുന്നെങ്കിലും ഭാവിയുപയോഗത്തിനു സൂക്ഷിച്ചുവെക്കുന്ന പതിവ്‌ ഉണ്ടായിരുന്നില്ല. സൂക്ഷിച്ചുവെക്കണമെന്ന ആസൂത്രണബോധവും കേടുവരാത്ത ഭക്ഷ്യയിനങ്ങളും ഇതിനാവശ്യമാണ്‌. എന്നാൽ സിന്ധുസംസ്‌കാരത്തിന്റെ അവശിഷ്‌ടങ്ങളിൽ സ്‌ഥിരവാസികളായ അവിടത്തെ ജനങ്ങൾ ധാന്യങ്ങൾ സൂക്ഷിക്കുവാനായി പത്തായപ്പുരകൾ നിർമ്മിച്ചതിനു തെളിവുകളുണ്ട്‌. കൃഷിയും ആസൂത്രണവുമായി ബന്ധപ്പെട്ട തെളിവായി ഈ കലവറകളെ ഇന്നു നോക്കിക്കാണുന്നു. കലവറകളുടെ ആവശ്യം, ഉപയോഗിതയ്‌ക്കുചേർന്ന അതിന്റെ വാസ്‌തുരൂപം എന്നിങ്ങനെ നിരവധി തലങ്ങളിൽ ഇവ ഇന്നു പഠനമർഹിക്കുന്നു. മഴ കൂടുതലുളളയിടങ്ങളിൽ നായാട്ടിനേക്കാൾ ഫലമൂലാദികളുടെ സംഭരണസാധ്യത കൂടിയുമിരുന്നിട്ടുണ്ടാകാം. വളരെ വിദൂരദേശങ്ങളിലുളള നായാട്ടുസംഘങ്ങൾ തമ്മിൽ പല വസ്‌തുക്കളുടെയും കൊടുക്കൽ വാങ്ങൽ നടത്തിയിരുന്നത്‌ ആസ്ര്തേലിയയിലും ആഫ്രിക്കയിലും കാണുന്നപോലെ ഭാരതത്തിലുമുണ്ടായിരുന്നു. സ്‌ഥിരവാസ സമൂഹങ്ങൾ ഇക്കൂട്ടരിലൂടെ പലതരത്തിലും ബന്ധപ്പെട്ടിരുന്നു. ഉത്തരസമൂഹം മൈസൂരിന്റെ വടക്കുഭാഗത്തുളള ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു എന്നു പറയപ്പെടുന്നു.

കല്പണിയായുധങ്ങളും ഭക്ഷ്യവസ്‌തുക്കളും കൈമാറുന്ന സമ്പ്രദായം പുരാണസാമ്പത്തിക രീതിയെന്തെന്നറിയാൻ പര്യാപ്‌തമാണ്‌. സാമ്പത്തിക ഘടന, കൃഷി, കൈമാറ്റസമ്പ്രദായം എന്നിവ നേർരേഖാസ്വഭാവം കാണിക്കണമെന്നില്ല. സിന്ധുസംസ്‌കാരത്തിൽ ബാർളിയും ഗോതമ്പും കൃഷിചെയ്‌തിരുന്നതായി പല പഠനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്‌. നദിയിൽ വെളളപ്പൊക്കമുണ്ടായശേഷം ആ പ്രദേശത്ത്‌ നട്ടത്‌ വേനൽക്കാലത്ത്‌ കൊയ്യുന്ന പതിവ്‌ (റാബി വിളവെടുപ്പ്‌) പണ്ടുമുതലേ ഉണ്ടായിരുന്നു. ഈ വിധത്തിലുളള കൃഷിക്ക്‌ ഉഴുകയോ വളംചേർക്കുകയോ വേണ്ട. ഏറ്റവും കുറവു സാങ്കേതികവിദ്യയും ഉപകരണവും മതിയാകുംവിധം സ്വാഭാവിക വളർച്ചയും വിളവുമാണ്‌ ഇതിന്റെ സവിശേഷത. ഭൂമി കനിഞ്ഞു തരുന്ന വിളവാണിത്‌. ഹാരപ്പൻ സംസ്‌കാരത്തിൽ കലപ്പയുടെ ഉപയോഗം ഉണ്ടായിരുന്നില്ല എന്നും പകരം ഒരുതരം പല്ലുതടി ഉപയോഗിച്ചിരുന്നു എന്നും ഡി.ഡി. കൊസാമ്പി അഭിപ്രായപ്പെടുന്നു. ഹാരപ്പയിൽ നിന്നു ലഭിച്ച ഒരു ലിഖിത രൂപത്തെ ആസ്പദമാക്കിയുളള പഠനങ്ങളിലും ഈ നിഗമനം കാണാം. നവീനശിലായുഗ ഭാരതത്തിൽ പലയിടത്തും മലകളിൽ തട്ടുകളുണ്ടാക്കി അവിടെ കൃഷിചെയ്യുന്ന രീതിയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ തട്ടുകൾ മലക്കാലത്തിനുശേഷം വെളളവും മണ്ണും സംരക്ഷിച്ചുനിർത്തുവാൻ പര്യാപ്തമായിരുന്നു. ഈ വിധത്തിലുളള ഭൂമി സംവിധാനം കൂടുതൽ യുക്തിപരമായി ചെയ്യുന്നതാണ്‌ പിൽകാലചരിത്രം. മൈസൂരിന്റെ വടക്ക്‌ വളരെ കുറച്ചുമാത്രം മഴ ലഭിക്കുന്നയിടങ്ങളിൽ വിളയിനങ്ങൾ വളരെ കുറവും മഴയേറെ ലഭിക്കുന്നയിടങ്ങളിൽ വളരെ കൂടുതലും കൃഷിചെയ്യുന്നത്‌ പണ്ടുമുതലേ കാണുന്ന ഒരു പ്രവണതയാണെന്നും പ്രാചീനകാലത്തിന്റെ സ്വഭാവമാണിതു കാണിക്കുന്നതെന്നും അഭിപ്രായമുണ്ട്‌. കൃഷിയുടെ ഭാഗമായി മനുഷ്യനു വന്നുചേർന്ന ഒഴിവുസമയമാണ്‌ സംസ്‌കൃതിയുടെ വളർച്ചക്കുളള മറ്റൊരു കാരണം. നീലഗിരിയിലെ ബടകർ മലയിൽ തട്ടുകളുണ്ടാക്കി കൃഷിചെയ്യുന്നവരാണ്‌. ഇവിടങ്ങളിൽ കലപ്പയുടെ ഉപയോഗം വളരെ കുറവാണ്‌.

മൈസൂരിനും മഹാരാഷ്‌ട്രക്കും ഇടക്കുളള സ്ഥലങ്ങളിൽ ഹാരപ്പൻ കാലത്തിനുശേഷമുളള പ്രവണതകൾ ദൃശ്യമാണ്‌. ലോതലിൽനിന്ന്‌ അരിയുടെ ഉമി ലഭിച്ചിട്ടുണ്ട്‌. മറ്റു പല ധാന്യങ്ങളുടെയും പരുത്തിയുടെയും കൃഷി തലമുറകളായി ഈ പ്രദേശങ്ങളിൽ തുടർന്നുപോരുന്നു. ബി.സി.1000-​‍ാമാണ്ടോടെ ഗംഗാതടത്തിൽ നെല്ലും ഗോതമ്പും പ്രചാരം നേടി. വേദസാഹിത്യത്തിൽ കാണുന്ന കാടു കത്തിക്കുന്നതിനെക്കുറിച്ചുളള പരാമർശവും തൈത്തീരിയ സംഹിത, യജുർവ്വേദം എന്നിവയിൽ കലപ്പയുപയോഗിച്ചുളള കൃഷി പരാമർശവും ഉണ്ടെങ്കിലും പുരാവസ്‌തു തെളിവുകളില്ല. ഭാരത ഉപഭൂഖണ്‌ഡം കൃഷിയുടെ അടിസ്‌ഥാനത്തിൽ പലഭാഗങ്ങളായി തിരിക്കാമെന്ന്‌ കാർബൺഡേറ്റിങ്ങ്‌ അടിസ്‌ഥാനമാക്കിയ പഠനങ്ങൾ കാണിക്കുന്നു. ആദ്യകാലഘട്ടത്തിൽ ബാലൂചിസ്‌ഥാനും പാകിസ്‌ഥാനും അടങ്ങുന്ന സിന്ധുനദീതടത്തിലും തുടർന്ന്‌ തെക്കോട്ടും നെല്ലിന്റെയും മറ്റുധാന്യങ്ങളുടെയും കൃഷി വ്യാപിച്ചു എന്നാണനുമാനം. പരുത്തിയും നെല്ലും തദ്ദേശീയകൃഷികൾ തന്നെയായിരുന്നു. മറ്റു കൃഷിയിനങ്ങളുടെ കാര്യത്തിൽ അവയുടെ ആരംഭകാലം ഇന്നും ചർച്ചാവിഷയമാണ്‌. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കാണുന്ന വിവിധ കല്ലുപകരണങ്ങളിൽനിന്ന്‌ ഈ ദേശങ്ങൾ തമ്മിലുളള പ്രാചീന കച്ചവടബന്ധം ഊഹിക്കാമെന്നു പലരും കരുതുന്നു. ദക്ഷിണ ഭാരതമുൾപ്പെടെയുളള ഇടങ്ങളിൽ പ്രാദേശിക സ്ഥലങ്ങളിലെ വിഭവങ്ങൾ കൈമാറ്റം ചെയ്യുന്ന സമ്പ്രദായം ഒരുതരം കച്ചവടമേളകൾ പോലെ നടക്കാറുണ്ടായിരുന്നു.

ലോതലിലെ ധാന്യപ്പുരകളുടെ അവശിഷ്‌ടങ്ങളിൽനിന്ന്‌ സിന്ധുമുദ്രകൾ ലഭിച്ചത്‌ കച്ചവടത്തിന്റെയും കൈമാറ്റത്തിന്റെയും അടയാളമായി കരുതുന്നു. ഹാരപ്പൻ സംസ്‌ക്കാരത്തിന്റെ പല ഭാഗങ്ങളിൽനിന്നു കിട്ടിയ വിവിധയിനം വസ്‌തുക്കളിൽ അവയുടെ ഏകമാനതയും ദൃശ്യമാണ്‌. സിന്ധുവിലൂടെ വന്ന്‌ കപ്പൽ യാത്രയായി സൗരാഷ്‌ട്രത്തിലും ലോതലിലും കച്ചവടം നടത്തിയിരുന്നതായും അനുമാനിക്കുന്നുണ്ട്‌. മൈസൂരിന്റെ വടക്കൻ ഭാഗത്തുനിന്നുളള സ്വർണ്ണം മോഹൻജോദാരോവിലും കച്ചവടയിനമായി എത്തിയിരുന്നത്രെ. പടിഞ്ഞാറൻ കടൽത്തീരവുമായി സിന്ധുകേന്ദ്രങ്ങൾക്ക്‌ ബന്ധമുണ്ടായിരുന്നപോലെ മൈസൂർ ഭാഗവുമായും ബന്ധമുണ്ടായിരുന്നു. ഇത്‌ സാർത്ഥവാഹകസംഘങ്ങളിലൂടെയാകണം.

ബി.സി. 3-​‍ാം നൂറ്റാണ്ടിൽ മൗര്യൻ സാമ്രാജ്യം വടക്കുനിന്ന്‌ മൈസൂർ അതിർത്തിവരെ എത്തുന്നുണ്ട്‌. അതുവരെയുളള കാലഘട്ടങ്ങളിൽ ദക്ഷിണഭാരതം സ്വതന്ത്രമായ സാമൂഹ്യപരിവർത്തനങ്ങളിലൂടെയും പരിണാമപ്രക്രിയയിലൂടെയും മുന്നേറിയിട്ടുണ്ടാകണം. ബി.സി.2000 ത്തിൽത്തന്നെ കലപ്പയുടെ ഉപയോഗം ദക്ഷിണഭാരതത്തിലുണ്ടായിരുന്നതായി കരുതപ്പെടുന്നു. മിക്കവാറും നവീനശിലായുഗത്തിലായിരുന്ന ആ കാലഘട്ടത്തിൽ വലിയ മേച്ചിൽപ്പുറങ്ങളും ഇടയസമൂഹവും ഉണ്ടായിരുന്നു. അശോകന്റെ രണ്ടും പതിമൂന്നും ശിലാലിഖിതങ്ങളിൽ ആന്ധ്രരുടെയും ചോളരുടെയും പാണ്‌ഡ്യരുടെയും ജന്‌മപ്രദേശമായ പൂർവ്വതീരസമതലങ്ങൾ അത്രയധികം വെട്ടിത്തെളിക്കപ്പെട്ടിരുന്നില്ല എന്ന സൂചന ലഭിക്കുന്നു. ഈ ഘട്ടത്തിൽ മൗര്യൻ ആയുധശക്‌തിയുടെ സഹായത്തോടെ ദക്ഷിണഭാരതത്തിലേക്ക്‌ മറ്റൊരു സംസ്‌ക്കാരം എത്താൻ തുടങ്ങിയതായി ഇർഫാൻ ഹബീബ്‌ പറയുന്നു.

ഉന്നത ശ്രേണിയിൽ പെട്ടവർക്കുമാത്രമേ ഗ്രാമകാര്യങ്ങൾ ചർച്ചചെയ്യാൻ അധികാരമുണ്ടായിരുന്നുളളു. ഇത്തരം ഗ്രാമസഭകളിൽ പങ്കെടുക്കുന്നവർ ഉത്തരപ്രദേശത്ത്‌ ‘മഹത്തൻമാർ’ എന്നും മഹാരാഷ്‌ട്രത്ത്‌ ‘മഹത്തരൻമാർ’ എന്നും കർണാടകത്തിൽ ‘മഹാജനൻമാർ’എന്നും തമിഴകത്ത്‌ ‘പെരുമാക്കൾ’ എന്നും അറിയപ്പെട്ടിരുന്നു. ഗ്രാമങ്ങൾക്ക്‌ സാമ്പത്തിക സ്വയംഭരണം ലഭിക്കത്തക്കവിധത്തിൽ കൃഷി ജനാധിപത്യവല്‌ക്കരിക്കപ്പെട്ടു. ഇരുമ്പുകലപ്പയുടെ ഉപയോഗം കൃഷി സാങ്കേതികത്വത്തിൽ ഒരു പ്രധാന ഘടകമായിത്തീരുന്നുമുണ്ട്‌. ജനാധിപത്യവത്‌കൃത കൃഷി സമുദായമായതിനാൽ ഗ്രാമത്തിലെ ഉന്നതസ്ഥാനീയർ മിക്കവാറും ഐക്യത്തിലാണ്‌ വർത്തിച്ചിരുന്നത്‌. ഗ്രാമങ്ങളിൽ കർഷകരും കൈവേലക്കാരും തമ്മിലുളള ബന്ധത്തിന്റെ അടിസ്‌ഥാനം ആചാരമായിരുന്നിരിക്കണം. എന്നാൽ ചട്ടങ്ങൾ നടപ്പാക്കാൻ ഒരധികാരകേന്ദ്രവും ആവശ്യമായിവന്നു. അതോടെ ഗ്രാമം സാമ്പത്തിക ഫെഡറൽ ഏകകം മാത്രമല്ല സാമൂഹിക ഫെഡറൽ ഏകകം കൂടിയായിത്തീർന്നു. അതോടെ ഗ്രാമപ്രമാണിമാർ അധികാരികളാവുകയും ചെയ്‌തു. ഗ്രാമത്തിന്‌ അതോടെ ആചാരങ്ങളിലധിഷ്‌ഠിതമായ ഉറച്ച അടിത്തറയും ആഢ്യഭരണാധിപത്യസ്വഭാവവും ലഭിച്ചു. എ.ഡി.14-​‍ാം നൂറ്റാണ്ടോടെ ഇത്തരം ഒരു പരിണാമത്തിലേക്ക്‌ ദക്ഷിണഭാരതം എത്തുന്നതായിട്ടാണ്‌ പലരുടെയും നിഗമനം. വരാഹമിഹിരന്റെതെന്ന്‌ കരുതപ്പെടുന്ന ഒരു ലിഖിതത്തിൽ നികുതിഭാരവും ദുരിതവും നിമിത്തം 6-​‍ാം നൂറ്റാണ്ടിൽ കൃഷിക്കാർ ഉപേക്ഷിച്ചുപോയ ഗ്രാമങ്ങൾ കണ്ടതായി കൊസാമ്പിയും ആർ.എസ്‌.ശർമ്മയും രേഖപ്പെടുത്തിയിട്ടുണ്ട്‌.

സഹ്യനുപടിഞ്ഞാറുനിന്ന്‌ റോമാസാമ്രാജ്യത്തിന്റെ ആദ്യകാലഘട്ടത്തിൽത്തന്നെ അരിയും കുരുമുളകും കപ്പൽമാർഗ്ഗം കച്ചവടം ചെയ്‌തിരുന്നതായി തെളിവുകളുണ്ട്‌. ഗ്രീക്കുകാർക്ക്‌ അരി നല്ല പരിചയമുളള ധാന്യമായിരുന്നു. അരി ഭാരതീയർക്ക്‌ പ്രധാന ആഹാരധാന്യമാണെന്നും അതുപയോഗിച്ച്‌ ഒരുതരം വീഞ്ഞുണ്ടാക്കിയിരുന്നു എന്നും മെഗസ്‌തനീസ്‌ (ബി.സി.3) പറയുന്നുണ്ട്‌. ഗ്രീസിലേക്ക്‌ അരി കയറ്റുമതി ചെയ്‌തിരുന്നു. ഗ്രീക്കുഭാഷയിൽ ഈ ധാന്യത്തിനുളള പേരായ ഒറിസ തമിഴുവാക്കായ ‘അരിശി’ യിൽ നിന്നുണ്ടായതാണെന്ന്‌ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. കാൾഡ്‌വെല്ലിന്റെ അഭിപ്രായത്തിൽ ഗ്രീക്കുഭാഷയിലുളള ഈ പദം പാശ്ചാത്യലോകത്ത്‌ അരി ഇറക്കുമതി ചെയ്‌തകാലത്തുതന്നെ ലഭിച്ചിട്ടുണ്ട്‌. ഉമികളഞ്ഞ ‘അരിശി’തന്നെയാണ്‌ ‘ഒറിസ’. ഡോ.ഓപർട്ട്‌ ഒന്നുകൂടി പറയുന്നു. ഈ പദം ആര്യനോ സംസ്‌കൃതമോ അല്ല. തികച്ചും ദ്രാവിഡവും അനാര്യവുമാണ്‌. കിഴക്കും പടിഞ്ഞാറും തമ്മിലുളള ആദ്യകാലബന്ധത്തിന്‌ ദ്രാവിഡഛായയുളളതായി മറ്റുപലരും രേഖപ്പെടുത്തിയിട്ടുണ്ട്‌. വർത്തീമയും (എ.ഡി. 1500) അബ്‌ദുൽ റസാക്കും (എ.ഡി. 1442 ൽ സാമൂതിരിയുടെ നാട്ടിലേക്കുളള ഷാറോക്ക്‌ അംബാസിഡർ) മലബാറിലെ കൃഷിയോടനുബന്ധമായി നടക്കാറുളള ചില ആചാരങ്ങളെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുളളതു ശ്രദ്ധേയവും രസകരവുമാണ്‌. പിശാചുക്കളെപ്പോലെ വേഷംകെട്ടിയ ചില രൂപങ്ങളുടെ നൃത്തം എന്നെല്ലാം അവർക്കു തോന്നിയത്‌ അവർ രേഖപ്പെടുത്തിയിട്ടുണ്ട്‌. അക്കാലത്തുതന്നെ പല വിദേശീയരും മലയാളക്കരയിലെ നെൽക്കൃഷിയെക്കുറിച്ച്‌ അത്‌ഭുതം കലർന്ന ഭാഷയിൽ എഴുതുന്നുണ്ട്‌. വെളളത്തിൽ വളരുന്ന നെൽച്ചെടിതന്നെ അവർക്ക്‌ അത്ഭുതമായിരുന്നു.

ഡോ. കേണൽ അലക്‌സാണ്ടർ വാക്കർ 1820ൽ ഭാരതീയ കൃഷിയെക്കുറിച്ച്‌ എഴുതിയ കൂട്ടത്തിൽ ഉദാഹരണമായി എടുത്തത്‌ മലബാറായിരുന്നു. അദ്ദേഹം ഇങ്ങനെയെഴുതി; “മലബാറിലെ കൃഷിക്ക്‌ അവരുടെ പുരാതനചരിത്രത്തോളം പഴക്കമുണ്ട്‌. അത്‌ അവരുടെ പ്രിയപ്പെട്ട ജോലിയാണ്‌. അവരുടെ ജീവിതരീതിയോടുളള ആസക്തിതന്നെയാണ്‌ കൃഷിയോടും സ്‌ഥലത്തോടും അവർക്കുളളത്‌…..കൃഷിയെക്കുറിച്ചുളള സംഭാഷണമാണിവർക്കേറ്റവും ഇഷ്‌ടം. മാത്രമല്ല, ഇവർ കൃഷികാര്യങ്ങളിൽ നല്ലനൈപുണ്യമുളളവരുമാണ്‌”. എന്നാൽ ബ്രിട്ടീഷുകാരുമുണ്ടായ പ്ലാസിയുദ്ധം (1787) മറ്റെല്ലാ കാര്യത്തിലുമെന്നപോലെ ഭാരതത്തിലെ കൃഷിയുടെ പാരമ്പര്യത്തെയും നശിപ്പിച്ചു ബംഗാളിലെ 24 പർഗാന ജില്ലകളുടെ റവന്യൂ വരുമാനം ഈസ്‌റ്റിൻഡ്യ കമ്പനി നേടിയെടുക്കുന്നത്‌ പ്ലാസിയുദ്ധഫലമായിട്ടാണ്‌. തുടർന്ന്‌ ബ്രിട്ടീഷുകാരുടെ “ആധുനികവത്‌ക്കരണം” കൃഷി സമ്പ്രദായത്തിലും അവർ ഏർപ്പെടുത്തി. അത്‌ ക്രമേണ ഭാരതത്തിന്റെ ഇതരഭാഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്‌തു.

രാഷ്‌ട്രീയ-സാമ്പത്തികമായ ബാഹ്യയിടപെടലുകളൊന്നുമില്ലാതെ നൂറ്റാണ്ടുകളായി തുടർന്ന നാട്ടറിവുകളും ആചാരങ്ങളും ഗ്രാമങ്ങളുടെ സജീവ വൈവിദ്ധ്യം നിലനിർത്തിയിരുന്ന ചരിത്രമാണ്‌ ബ്രിട്ടീഷാധിപത്യത്തിനു മുൻപുളള ഭാരതത്തിനുളളത്‌. വടക്കെ ഇൻഡ്യയിൽ ജഹാംഗീറിന്റെ കാലത്ത്‌ 5% നികുതി നല്‌കിക്കഴിഞ്ഞാൽ ബാക്കിയുളള വിളവുമുഴുവൻ സ്വതന്ത്രമായ ഗ്രാമവിപണിയിലാണ്‌ എത്തിയിരുന്നത്‌. സീസറിനുളളതു സീസറിനു നല്‌കിക്കഴിഞ്ഞാൽ സ്വയം പര്യാപ്‌തമായ സാമ്പത്തിക-രാഷ്‌ട്രീയ ഭരണം ഓരോ ഗ്രാമവും നിർവ്വഹിച്ചിരുന്നു. ഗ്രാമത്തിലെ തന്നെ മത, സാംസ്‌ക്കാരിക, വിദ്യാഭ്യാസ, ആരോഗ്യ കേന്ദ്രങ്ങൾക്ക്‌ 25% അവർ നീക്കിവെക്കുന്നു. ഗ്രാമത്തിന്റെ സാമ്പത്തികമൊത്തനിലവാരം ഉയർത്താൻ ഗ്രാമീണർ ഏറെ ശ്രദ്ധിച്ചിരുന്നു. രാഷ്‌ട്രീയാധികാരമുളള പ്രഭുകുടുംബങ്ങളും അവരുടെ വരുതിയിലുളള സേനകളും മൊത്തവരുമാനത്തിന്റെ 1.51 മുതൽ 6% വരെ അർഹിക്കുന്നവരാണ്‌. അതുലഭിച്ചുകഴിഞ്ഞാൽ പ്രഭുകുലീനർക്ക്‌ പാടത്തും പറമ്പിലും യാതൊരവകാശവുമില്ല. സ്ഥലം പ്രഭുക്കൻമാരുടെ സ്വകാര്യസ്വത്തല്ല. ഇൻഡ്യയിൽ ഇന്ന്‌ സാധിച്ചെടുക്കേണ്ട ഒരു കാര്യമാണിത്‌.

ബാഹ്യവ്യവസായങ്ങളിൽ നിന്നും മാർക്കറ്റുകളിൽനിന്നും ഉളള സുരക്ഷ ഓരോ ഗ്രാമസാമ്പത്തിക മേഖലക്കും ഉണ്ടായിരുന്നു. ഭാരതത്തിലെ വ്യവസായം എന്നത്‌ ഇന്നത്തെ കൂറ്റൻ വ്യവസായവുമായി സാമ്യപ്പെടുത്താവുന്ന ഒന്നല്ല. അതിന്റെ സവിശേഷത ശ്രദ്ധേയമാണ്‌. കുടിൽ വ്യവസായമായി ഉല്പാദിപ്പിക്കപ്പെടാത്ത ഒന്നും ഇവിടെയുണ്ടായിരുന്നില്ല. കൃഷിക്കാർതന്നെ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ ഏർപ്പെട്ടിരുന്നു. കൃഷിയും വ്യവസായവും പരസ്പരം ബന്ധപ്പെട്ടാണിരുന്നത്‌. വസ്‌ത്രം, ഗൃഹനിർമ്മാണസാമഗ്രികൾ, ഉരുനിർമ്മാണം, മരപ്പണികൾ, ഇരുമ്പൂത്താലകൾ, മൺ-ഓട്ടുപാത്രങ്ങൾ, ആഡംബര-സൗന്ദര്യവർദ്ധകസാധനങ്ങൾ എന്നിങ്ങനെ ഒരു ജനവിഭാഗത്തിനുവേണ്ട എല്ലാം ഇവിടെ വ്യവസായമായിത്തന്നെ നിലനിന്നിരുന്നു. ഓരോ ഗ്രാമത്തിലും അതാതു പ്രദേശത്തെ സാങ്കേതിക വിജ്‌ഞ്ഞാനത്തിലൂടെ ആവശ്യമുളളതെല്ലാം നിർമ്മിച്ചിരുന്നു. പലയിനങ്ങളും കരമാർഗ്ഗമായും ജലമാർഗ്ഗമായും ഉപഭൂഖണ്‌ഡത്തിലെ പല ഭാഗത്തും കൈമാറ്റം ചെയ്‌തിരുന്നു. അതിനാലാണ്‌ 1840-ൽ അന്നത്തെ പ്രധാന ചരിത്രകാരൻ മോണ്ട്‌ഗോമറി മാർട്ടിൻ ബ്രിട്ടീഷ്‌ പാർലമെന്റ്‌ അന്വേഷണക്കമ്മറ്റിക്കുമുന്നിൽ ഭാരതം ഒരു കാർഷികരാജ്യം മാത്രമല്ല, അവർക്കുവേണ്ട എല്ലാം വ്യാവസായികമായി ഉല്പാദിപ്പിക്കുന്ന ഒരു സ്വയംപര്യാപ്‌തരാജ്യം കൂടിയാണ്‌ എന്നു മൊഴി നല്‌കിയത്‌. ഗാന്ധിജി ചർക്ക ഒരു ദേശീയ സാമ്പത്തിക-സാംസ്‌കാരിക-സ്വാതന്ത്ര്യ ചിഹ്‌നമായി സ്വീകരിച്ചതിനു കാരണവും ഇതുതന്നെയാണ്‌. ഗാന്ധിജിയും മാർക്‌സും ബ്രിട്ടീഷ്‌ പൂർവ്വഭാരതത്തെ സ്വതന്ത്ര, സ്വയംപര്യാപ്‌തഗ്രാമസമുച്ചയം എന്നു വിശേഷിപ്പിച്ചതും ഇതിനാലാണ്‌. ഭാരതം ഒരു കാർഷിക രാജ്യവും കാർഷികാനുബന്ധവ്യവസായരാഷ്‌ട്രവും ആയിരുന്നു. പാശ്ചാത്യർ പറയുന്നതും മാർക്‌സും മറ്റുതത്വചിന്തകരും വിഭാവനം ചെയ്‌തതുമായ “ഓരോ ജനതക്കും അവരുടെ ആവശ്യത്തിനുതകുന്നതെല്ലാം ഉല്പാദിപ്പിക്കുകയും ചൂഷണമില്ലാതെ ഉപയോഗിക്കുകയും ചെയ്യുന്ന ആദർശസുന്ദര സാമ്പത്തിക വ്യവസ്‌ഥ” ഒട്ടൊക്കെ ബ്രിട്ടീഷ്‌ പൂർവ്വഭാരതത്തിൽ ഉണ്ടായിരുന്നു. അലക്‌സാണ്ടർ വാക്കർ, ക്ലോഡ്‌ അൽവരിസ്‌, ആർ.സി. ദത്ത്‌ എന്നിവരുടെ നിരവധി പഠനങ്ങളിൽ ഇക്കാര്യം ഉദാഹരണസഹിതം പറയുന്നുണ്ട്‌. 1821 ൽ ബോംബെയിലെ ഗവർണരുടെ കൗൺസിൽ അംഗം ജി.എൽ.പ്രെന്റർഗാസ്‌റ്റ്‌ നല്‌കിയ റിപ്പോർട്ടിൽ ഇതു വ്യക്തമായും എടുത്തുപറയുന്നു.

ഭാരതീയ സമ്പദ്‌വ്യവസ്ഥയുടെയും ഗ്രാമഘടനയുടെയും ഈ സ്വയംപര്യാപ്‌തത ബ്രിട്ടീഷുകാർക്ക്‌ ആവശ്യമില്ലാത്ത, അവരുടെ ഭരണത്തിനു വിഘാതമായ ഒന്നായിത്തോന്നിയത്‌. അത്ഭുതമല്ല. കൃഷിയോടവർക്കുളള താത്‌പര്യം അതിൽ നികുതി ചുകത്താം എന്നതുമാത്രമായിരുന്നു. 1771ലുണ്ടായ കഠിനമായ ബംഗാൾ ക്ഷാമത്തിന്റെ ഫലമായി 10 ലക്ഷം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ്‌ കണക്ക്‌. ആ വർഷവും നിഷ്‌ഠൂര നികുതി ഈടാക്കിയ ബ്രിട്ടീഷ്‌ സർക്കാരിന്‌ വാറൻ ഹേസ്‌റ്റിംഗ്‌സ്‌ 1772 നവംബർ 3-​‍ാം തീയതി നല്‌കിയ റിപ്പോർട്ടിൽ ആ വർഷമാണ്‌ ഏറ്റവും കൂടുതൽ നികുതിപിരിച്ചത്‌ എന്നെഴുതിയത്‌ ആർ.സി.ദത്ത്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഇക്കാലമാകുമ്പോഴേക്കും കൃഷിക്കാരൻ ബ്രിട്ടീഷുകാർക്ക്‌ നികുതി നല്‌കുന്നതിനുമാത്രം കൃഷി ചെയ്യേണ്ടവനായിത്തീർന്നു. ഇംഗ്ലണ്ടിലെ വ്യവസായവിപ്ലവത്തിനുളള ധനം പ്ലാസിയുദ്ധത്തിനുശേഷം ബ്രിട്ടീഷുകാർ ഭാരതീയകർഷകരെ പിഴിഞ്ഞെടുത്തുണ്ടാക്കിയതാണ്‌. ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും നടത്തിയ ചൂഷണത്തിന്റെ ഒരു ഭാരതീയപ്പതിപ്പാണിത്‌. കൃഷി എന്നത്‌ ഒരു ജീവിതചര്യയിൽനിന്ന്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ ‘പുരോഗതി’യുടെ ഉപകരണമാക്കി മാറ്റി. അതോടെ പാരമ്പര്യകൃഷി, ജലസേചനം, അനുബന്ധവ്യവസായം, വിദ്യാഭ്യാസം, വൈദ്യം, കല തുടങ്ങിയ എല്ലാ മേഖലയും ജീർണിക്കുകയും നശിക്കുകയും ചെയ്‌തു. പല വിദേശീയാക്രമണങ്ങളിലും ധാരാളം കൊളള നടന്നിട്ടുണ്ടെങ്കിലും അടിസ്ഥാനഘടനയെത്തന്നെ നശിപ്പിച്ചത്‌ വാറൻഹേസ്‌റ്റിങ്ങ്‌സിനെപ്പോലുളളവരുടെ നേതൃത്വത്തിൽ നടന്ന ബ്രിട്ടീഷ്‌ സാമ്രാജ്യഭരണത്തിലാണ്‌. പൊന്‌മുട്ടയിടുന്ന താറാവിനെത്തന്നെ കൊല്ലുന്ന വിധത്തിലാണ്‌ ഈ കൊളള അന്നു മനസ്സിലാക്കിയ ബ്രിട്ടീഷുകാർ നശിക്കാറായ കൃഷിയെ ചില സഹായങ്ങൾ ചെയ്‌തു പരിരക്ഷിക്കുവാൻ ശ്രമിച്ചു. ഭാരതീയ ഗ്രാമങ്ങളിലെ അസംസ്‌കൃത ഇനങ്ങൾ ലങ്കാഷെയറിലും മാഞ്ചെസ്‌റ്ററിലും വൻവ്യവസായശാലകൾക്ക്‌ അത്യാവശ്യവസ്‌തുക്കളായിരുന്നു. അവിടെനിന്ന്‌ ചിലതെല്ലാം അവർ ഭാരതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. കൽക്കത്തപോലുളള ‘ആധുനിക’ വ്യവസായനഗരങ്ങൾ ഭാരതത്തിലും ഉയരാൻ തുടങ്ങി. മെക്കാളെ സായ്‌പിന്റെ നവീന വിദ്യാഭ്യാസം പുതിയ തവിട്ട്‌ സായ്‌പൻമാരെയും സൃഷ്‌ടിച്ചു. പ്രാദേശിക സ്വയം പര്യാപ്‌തത എന്നതിനുപകരം ആരെയും മോഹിപ്പിക്കുന്ന വിശാലമായ സാർവ്വഭാരതീയതയ്‌ക്കുവേണ്ടി കൃഷിക്കാരൻ പ്രവർത്തിക്കണം എന്ന്‌ വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ മനസ്സിലാക്കി. വിപണിയും വ്യവസായവും കൃഷിയിൽ നിന്നു വേർപെടുത്തി. കൃഷി ഒരിക്കലും ഒരു ജീവിതരീതിയാകാതെ നവീനവിദ്യാഭ്യാസം മറ്റുപലതും പഠിപ്പിച്ചു. കൃഷി ഒരു സാമ്പത്തിക ലാഭപ്രവൃത്തി മാത്രമാക്കിയതോടെ കൃഷിയും ‘ആധുനികവൽക്കരിക്കപ്പെട്ടു’. തങ്ങൾക്കു ലഭിച്ചപോലുളള നപുംസകവിദ്യാഭ്യാസം ലഭിക്കാത്ത കുറച്ചുപേരുളളതിനാൽ ഭാരതീയർ ഭക്ഷണം കഴിക്കുന്നു എന്ന്‌ ഗാന്ധിജി പറഞ്ഞത്‌ ഈ അവസ്‌ഥയെ ലക്ഷ്യമാക്കിയാണ്‌.

ബ്രിട്ടീഷുകാരുടെ ഈ പ്രവൃത്തിയോടെ അധികാരശക്തിയുളള ഭൂവുടമകൾ ഭാരതത്തിലുണ്ടായി. ‘തങ്ങൾക്കും തങ്ങളുടെ പ്രദേശത്തിനും’ എന്ന്‌ അതുവരെയുണ്ടായിരുന്ന സാമ്പത്തികഘടന മാറി. വ്യവസായത്തിനും ‘രാജ്യ’ത്തിനും വേണ്ടി വാങ്ങുവാനും വില്‌ക്കുവാനും കഴിവുളള ഭൂവുടമ വർഗ്ഗം ഉടലെടുത്തു. ഭൂവുടമക്കു തോന്നിയാൽ നെല്ലും ഗോതമ്പും മാറ്റി കഞ്ചാവും കൊക്കെയ്‌നും കൃഷിചെയ്‌ത്‌ ലാഭമുണ്ടാക്കാമെന്ന കമ്പോളാധിപത്യവും വന്നു. ഫലം, അടിക്കടിയുണ്ടായ ക്ഷാമായിരുന്നു. ഈ ഭൂവുടമവർഗ്ഗമായിരുന്നു ‘ആധുനികവത്‌ക്കരണ’ത്തിന്റെ ഒരു കണ്ണി. മാർക്‌സ്‌ പരാമർശിക്കുന്നവിധത്തിലുളള ഭൂപ്രഭുത്വം ഭാരതത്തിലും ഉടലെടുത്തു. പുരോഗതി എന്നതിന്റെ പര്യായമായി ജമീന്ദാരി സമ്പ്രദായം ബ്രിട്ടീഷുകാർ പ്രോത്‌സാഹിപ്പിച്ചു. 19-​‍ാം നൂറ്റാണ്ടുമുതലുളള ധാന്യമുല്പാദനത്തിന്റെ കണക്കുകൾ ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിട്ടുണ്ട്‌. ലോകകമ്പോളത്തിൽ ഏറ്റവുംകൂടുതൽ ധാന്യം ആവശ്യമായിവന്ന ആദ്യസന്ദർഭം ഒന്നാം ലോകയുദ്ധകാലമാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്തെ ഏറ്റവും കൂടുതൽ ഉല്പാദനവും അക്കാലത്തായിരുന്നു. കനത്തതോതിൽ കയറ്റുമതി ചെയ്‌തിട്ടും അന്ന്‌ ഭാരതത്തിലെ ആളോഹരി ധാന്യവിഹിതം 540 ഗ്രാം ആയിരുന്നു. ഒന്നാംലോകയുദ്ധം കഴിഞ്ഞു. ലോകം മുഴുവനും സാമ്പത്തിക മാന്ദ്യം ബാധിച്ചു. തുടർന്ന്‌ രണ്ടാം ലോകയുദ്ധവുമുണ്ടായി. ഒന്നാംലോകയുദ്ധത്തിനുമുൻപ്‌ ജനവർദ്ധനാനിരക്കിനേക്കാൾ മുന്നിൽ കാർഷികോത്‌പാദനം നിലനിന്നു. രണ്ടാം ലോകയുദ്ധത്തോടെ അതുനേരെ തിരിച്ചായി. ഭക്ഷ്യക്ഷാമമായിരുന്നു ഫലം. അക്കാലത്ത്‌ കരിമ്പിനാണ്‌ ലോകകമ്പോളത്തിൽ വില കിട്ടിയത്‌. ഭക്ഷ്യക്ഷാമം രൂക്ഷമായ 1930-31കളിലും 38-39 കളിലും കമ്പോളത്തിൽ പ്രിയമുളള വിളകൾ 40% വളർച്ച കാണിച്ചു. ലോകകമ്പോളം നമ്മുടെ ഭക്ഷ്യോത്‌പാദനത്തെ നിയന്ത്രിക്കുന്നത്‌ വളരെ വ്യക്തമായി അനുഭവപ്പെട്ടു. നമ്മുടെ ആഭ്യന്തരാവശ്യമല്ല, ലോകകമ്പോളത്തിന്റെ ആവശ്യമാണ്‌ എന്തുകൃഷി ചെയ്യണമെന്നത്‌ അദൃശ്യമായി ജമീന്ദാർമാരോടു ചൊല്ലിക്കൊടുത്തത്‌.

സ്വാതന്ത്ര്യം ലഭിക്കുമ്പോൾ രണ്ടാംലോകയുദ്ധം കഴിഞ്ഞ്‌ അധികം വർഷമായിരുന്നില്ല. രാജ്യവിഭജനവും ഉല്പാദനക്കമ്മിയും രാഷ്‌ട്രസമ്പത്തിനെ ബാധിച്ചു. പല കർഷകരും നിർദ്ധനരായി. കടം വീട്ടാൻ സ്ഥലംവീട്‌ പലരും ഭൂരഹിതരുമായി. 1950കളോടെ മിക്ക സംസ്‌ഥാനങ്ങളും ഭൂപരിഷ്‌കരണനിയമങ്ങൾ കൊണ്ടുവന്നു. ജനസേചനപദ്ധതികൾ തുടങ്ങി. സ്വതന്ത്രഭാരതത്തിലും ‘വിപണിനോക്കിക്കൃഷി’ക്കുതന്നെ പ്രാധാന്യം കൊടുത്ത്‌ കൃഷിയിലെ ‘ആധുനികത’ നിലനിർത്തി. രണ്ടാം പഞ്ചവത്‌സരപദ്ധതിക്കാലത്ത്‌ ദേശീയക്കമ്മീഷൻ ഒരുകാര്യം കണ്ടെത്തി. ധാന്യത്തിന്റെ ഉല്പാദനത്തിൽ കുറവില്ലെങ്കിലും വിപണിയിലെത്തുന്നത്‌ വളരെ കുറവാണെന്നും കമ്പോളത്തിലെ ഊഹക്കച്ചവടവുമായി ബന്ധപ്പെട്ട്‌ ധാന്യം പൂഴ്‌ത്തിവെച്ച്‌ കൃത്രിമക്ഷാമമുണ്ടാക്കി കരിഞ്ചന്ത പ്രോത്‌സാഹിപ്പിക്കുകയുമാണെന്ന്‌ സർക്കാർതന്നെ സമ്മതിച്ചു. മാത്രമല്ല ദാരിദ്ര്യമുണ്ടായിരുന്ന പലയിടങ്ങളിലും ജീവിതനിലവാരം ഉയർന്നതോടെ ജനങ്ങൾ ‘ആഹാരം കഴിക്കാൻ തുടങ്ങി’യതും ഒരു കാരണമായിരുന്നത്രെ! ഭാരതീയഗ്രാമങ്ങൾ നേരിയതോതിലാണെങ്കിലും ഭക്ഷണകാര്യത്തിൽ വീണ്ടും സ്വയം പര്യാപ്‌തതയിലേക്കു നീങ്ങാനുളള പ്രവണതയുടെ ആദ്യദശയായിട്ടാണ്‌ ചില സാമ്പിക വിദഗ്‌ദ്ധർ ഈ ലക്ഷണത്തെ കണക്കാക്കിയത്‌.

ഭാരതത്തിൽ ഹരിതവിപ്ലവം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. അതിന്റെ ഭാഗമായി കൂടുതൽ വിളവുലഭിക്കുന്ന ‘പുതിയ’ വിത്തുകൾ ആവിർഭവിച്ചു. നവീന സാങ്കേതികവിദ്യയും ജനിതകവിപ്ലവവും ഭക്ഷ്യോത്‌പാദനം വർദ്ധിപ്പിച്ചു. ഭൂമിയുടെ അടിസ്‌ഥാനമായ മണ്ണ്‌ ഗുണം നഷ്‌ടപ്പെട്ട്‌ മിക്കവാറും മൃതമായി. നവീനരീതിക്കുളള ചിലവും വളരെ കൂടുതലായി. കൂടുതൽ ചുലവുചെയ്‌ത്‌ കുറച്ചുകാലം കൂടുതൽ വിളവെടുത്ത്‌ മണ്ണ്‌ ശാശ്വതമായി നശിപ്പിക്കുന്ന രീതിയാണിതെന്ന സത്യം ഇന്ന്‌ എല്ലാ മാദ്ധ്യമങ്ങളിലൂടെയും ചർച്ച ചെയ്യപ്പെടുകയാണ്‌.

ഹരിതവിപ്ലവം എന്ന ആശയം ആധുനിക ശാസ്‌ത്രഗവേഷണത്തിന്റെ ഫലമാണ്‌. സാങ്കേതികവിദ്യ പ്രകൃതിയേക്കാൾ മികച്ചതും പ്രകൃതിക്കുപകരവുമാണ്‌ എന്ന ധാരണ അതിന്റെ അടിസ്ഥാനപ്രമാണമാണ്‌. ശാസ്‌ത്രം ഇന്ന്‌ ദൈവത്തെപ്പോലെയോ, അതിനേക്കാളുപരി, ചോദ്യംചെയ്യപ്പെടാൻ സാദ്ധ്യമല്ലാത്ത ആത്യന്തികസത്യമാണെന്ന ധാരണയുണ്ട്‌. ശുദ്ധശാസ്‌ത്രം എന്ന നാമകരണംതന്നെ ഇതു ദ്യോതിപ്പിക്കുന്നു. വിജ്‌ഞ്ഞാനസമ്പത്ത്‌ എന്നും സമൂഹവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. അതിലെ രാഷ്‌ട്രീയവും സാമ്പത്തികഘടകവും മറനീക്കി ഓരോ കാലത്ത്‌ ഓരോ രൂപത്തിൽ പുറത്തുവന്നിട്ടുണ്ട്‌. ദൈവത്തിന്റെ പേരിലുളള ചൂഷണം തന്നെയാണ്‌ ശാസ്‌ത്രദൈവത്തിന്റെ പേരിലും നടക്കുന്നത്‌. ആൽഫ്രഡ്‌ ഹോവാർഡിനെപ്പോലുളളവർ ഏഷ്യൻഭൂഖണ്‌ഡത്തിലെ കൃഷിയെക്കുറിച്ചു പറഞ്ഞത്‌ വളരെ ശ്രദ്ധേയമാണ്‌. ഭാരതത്തിലും ചീനയിലും കാണുന്ന കൃഷിസമ്പ്രദായം നൂറ്റാണ്ടുകളുടെ പഴക്കമുളളതാണ്‌. വിവിധപരീക്ഷണങ്ങളിലൂടെയാണ്‌ ഇത്‌ ഉരുത്തിരിഞ്ഞിട്ടുളളത്‌. ആദിവനങ്ങൾ പോലെ, അല്ലെങ്കിൽ ആദിസമുദ്രം പോലെ അത്ര ശാശ്വതമൂല്യം ഈ സമ്പ്രദായത്തിനു നല്‌കേണ്ടതാണ്‌. 1989ൽ ഡോ.ജോൺ അഗസ്‌റ്റസ്‌ വോൾക്കർ ഇംഗ്ലണ്ടിലെ റോയൽ അഗ്രിക്കൾച്ചറൽ സൊസൈറ്റിക്കുവേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിൽ ഇങ്ങനെയെഴുതി “ഭാരതത്തിലെ കൃഷി സമ്പ്രദായം മഹത്തരമാണ്‌. അതിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ അത്‌ അനുയോജ്യ ഉപകരണങ്ങളുടെയും ഭൗതിക ഘടകങ്ങളുടെയും കുറവുകൊണ്ടുമാത്രം സംഭവിക്കുന്നതാണ്‌. ഇൻഡ്യയിലെ കൃഷി സമ്പ്രദായം പരിഷ്‌ക്കരിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണ്‌ ഇംഗ്ലണ്ടിലെ കൃഷി പരിഷ്‌ക്കരിക്കുന്നത്‌. ഓരോയിനവും കൃഷിചെയ്യേണ്ടതിനെക്കുറിച്ചും വിളവെടുക്കേണ്ട രീതികളെക്കുറിച്ചും ജലസേചനത്തെക്കുറിച്ചും മണ്ണിന്റെ സ്വഭാവത്തെക്കുറിച്ചും കാലാവസ്‌ഥയെക്കുറിച്ചും ഭാരതീയർക്ക്‌ ആദ്യവസാനം അറിയാം. ഇടവിളകളെക്കുറിച്ചും ആവർത്തന കൃഷിയെക്കുറിച്ചും ഇവരുടെ അറിവ്‌ അത്‌ഭുതാവഹമാണ്‌.” ഇത്ര കുറ്റമറ്റ ഒരു കൃഷിരീതിയും അതിലൂടെ നിലനിർത്തുന്ന മണ്ണിന്റെ ഉർവ്വരതയും താൻ മറ്റൊരിടത്തും കണ്ടിട്ടില്ല എന്നുകൂടി അദ്ദേഹം റിപ്പോർട്ടിലെഴുതി.

മഹാത്‌മാഗാന്ധി ഹരിജൻ പത്രത്തിൽ ഭാരതീയകൃഷിയെക്കുറിച്ചും അതിന്റെ സവിശേഷതയെക്കുറിച്ചും എഴുതിയിട്ടുണ്ട്‌. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ കൃഷിമന്ത്രിയായിരുന്ന കെ.എം.മുൻഷി 1951ലെ ഒരു കാർഷിക സെമിനാറിൽ ഭാരതീയ ഗ്രാമീണരുടെ മികച്ച കഴിവ്‌ എങ്ങനെ വേണ്ടവിധത്തിലുപയോഗപ്പെടുത്തണമെന്ന്‌ ആഹ്വാനം ചെയ്യുന്നുണ്ട്‌. പ്രകൃതിയോടു ചേർന്നുളളതാണ്‌ ഭാരതീയകൃഷിപാരമ്പര്യം. എന്നാൽ പ്രകൃതിയെ കീഴടക്കി അതിനെ പരമാവധി ചൂഷണം ചെയ്യുകയാണ്‌ പാശ്ചാത്യരീതി. അമേരിക്കയിലെ റോക്ക്‌ഫെല്ലർ ഫൗണ്ടേഷൻ ഉൾപ്പെടെ പല സംഘടനകളും ലോകബാങ്കും അമേരിക്കൻ സർക്കാരും ഭാരതത്തിലെ കൃഷിപരിഷ്‌കരണത്തിന്‌ വലിയ താത്‌പര്യം കാണിക്കുന്നുണ്ട്‌. 1960 കളിൽ ചീനയും പാകിസ്‌ഥാനുമായുണ്ടായ യുദ്ധങ്ങളും ആ ദശകത്തിന്റെ രണ്ടാം പകുതിയിലുണ്ടായ ഭക്ഷ്യക്കമ്മിയും ഭാരതത്തിൽ ശാസ്‌ത്രീയകൃഷി ഇറക്കുമതി ചെയ്യാൻ പറ്റിയ കാലാവസ്‌ഥ അമേരിക്കക്കു നല്‌കി. ആർ.എഫ്‌.എഫ്‌ ഭാരതീയ കൃഷിശാസ്‌ത്രകാരൻമാർക്ക്‌ അമേരിക്കയിൽ പഠനസൗകര്യം നല്‌കി. 1965ൽ ഇൻഡ്യൻ അഗ്രിക്കൾച്ചറൽ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ തലവനായി എം.എസ്‌.സ്വാമിനാഥൻ നിയമിതനായി. 1964ൽ ഭാരതത്തിന്റെ കൃഷിമന്ത്രിയായി സി.സുബ്രഹ്‌മണ്യം അധികാരത്തിൽ വന്നു. സുബ്രഹ്‌മണ്യത്തിന്റെയും എം.എസ്‌.സ്വാമിനാഥന്റെയും നേതൃത്വത്തിൽ ഹരിതവിപ്ലവം ഭാരതത്തിൽ അരങ്ങേറി. പുതിയ വിത്തിനങ്ങൾ ഭാരതത്തിലേക്കിറക്കുമതി ചെയ്‌തു. ഹരിതവിപ്ലവ ഫോർമുല അംഗീകരിച്ചാലേ ഭക്ഷ്യസഹായം ദീർഘകാലാടിസ്‌ഥാനത്തിൽ തരാൻതയ്യാറുളളു എന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ലിന്റൻ ജോൺസൺ നിർബന്ധം പിടിച്ചപ്പോൾ കൃഷിമന്ത്രി യു.എസ്‌.കൃഷി സെക്രട്ടറി ഓർവിൽ ഫ്രീമാനുമായി കരാറിലൊപ്പിട്ടു. പി.എൽ. 480 എന്ന പേരിലുളള അമേരിക്കൻ നയം അക്കാലത്തെ പത്രങ്ങളിൽ വലിയ ചർച്ചക്കു വിധേയമായതാണല്ലൊ.

കുറച്ചുകാലം മാത്രം പ്രധാനമന്ത്രിയായിരുന്ന ലാൽബഹദൂർശാസ്‌ത്രിയുൾപ്പെട്ട ഒരു ന്യൂനപക്ഷം സർക്കാർ ഭാഗത്തുതന്നെ ഈ വിധത്തിലുളള അടിമത്തം കലർന്ന അന്ധമായ ‘സാങ്കേതിക ഇറക്കുമതി’ക്കെതിരായിരുന്നു. പഞ്ചാബ്‌ പ്രദേശത്ത്‌ ഈ വിധത്തിലുളള ശാസ്‌ത്രീയകൃഷിയിലൂടെ കുറച്ചുകാലം നല്ല വിളവുകൊയ്‌തു. ജൈവവൈവിദ്ധ്യം, മണ്ണിന്റെ സ്വാഭാവികമായ ഉർവ്വരത, കാർഷികചക്രം എന്നിവയെല്ലാം പരിപൂർണ്ണമായി നശിപ്പിച്ച നവീന ശാസ്‌ത്രീയ ഹരിതവിപ്ലവകൃഷി നാണ്യവിളകൾക്കു പ്രാധാന്യം നല്‌കി. പഞ്ചാബിന്റെയും ഹരിയാനയുടെയും മണ്ണിന്റെ വീര്യം വീണ്ടെടുക്കാനും സമൂഹം പുനരുദ്ധരിക്കാനും ജനങ്ങളും കർഷകരും ഇന്ന്‌ എന്തുചെയ്യണമെന്ന നിലയിലായി. പഞ്ചാബിന്റെ സാമൂഹ്യസാമ്പത്തികാന്തരീക്ഷം തന്നെ മാറിപ്പോയി. പ്രകൃതി നശിപ്പിക്കപ്പെട്ടപ്പോൾ സമൂഹത്തിൽ കലാപവും ആരംഭിച്ചു.

2

വർത്തമാനത്തിന്റെ വ്യാകുലതകളിൽനിന്നും പ്രത്യാശകളിൽനിന്നും നിർമുക്തമായി ഭൂതകാലത്തെ വ്യാഖ്യാനിക്കുവാൻ കഴിയുന്ന ചരിത്രരചനയുടെ ശുദ്ധരീതിവിദ്യ ഇനിയും കണ്ടുപിടിച്ചിട്ടില്ല. ഇന്നിന്റെ രാഷ്‌ട്രീയത്തിലൂടെയാണ്‌ നാം ഇന്നലെയുടെ പൊരുൾ കണ്ടെത്താൻ ശ്രമിക്കുന്നതും ശ്രമിക്കേണ്ടതും. ഇന്നിന്റെ രാഷ്‌ട്രീയത്തെ രൂപപ്പെടുത്തുന്ന സാമൂഹിക-സാങ്കേതിക സന്ദർഭത്തിന്റെ ചരിത്രപരമായ സാംഗത്യം വിസ്‌മരിച്ചുകൊണ്ട്‌ ഇന്നലെകളെക്കുറിച്ചുളള പുനർവിചാരണകൾക്ക്‌ മുതിരാനാവില്ല. സാമൂഹികപരിണാമത്തിന്റെ കാര്യത്തിൽ വിവിധ ഭൂമിശാസ്‌ത്രമേഖലകൾക്കുളള വൈജാത്യത്തേയും വൈവിധ്യത്തേയും അതിനിർണ്ണയിച്ച ഒരു ഭൗമരാഷ്‌ട്രീയം ചരിത്രപ്രക്രിയകളുടെ അടിസ്‌ഥാനമായി നിലകൊണ്ടിട്ടുണ്ട്‌. ഈ ഭൗമരാഷ്‌ട്രീയം വികസിച്ചത്‌ കൊടുത്തും എടുത്തും കീഴടക്കിയും കീഴടങ്ങിയും ആക്രമിച്ചും ചെറുത്തും തിടംവച്ച പാരസ്പര്യങ്ങളിലൂടെയായിരുന്നു.

ഇത്തരം പാരസ്പര്യങ്ങൾ ചരിത്രപ്രഗതിയെ നിർണ്ണയിക്കുന്നതിൽ ചെറുതല്ലാത്ത പങ്കാണ്‌ വഹിച്ചിട്ടുളളത്‌. ഓരോ സമൂഹത്തിന്റേയും പരിണാമത്തിന്റെ പടവുകളിൽ അപരിചിതരുമായി സന്ധിച്ച സന്ദർഭങ്ങൾ വരുത്തിയ സംഘർഷത്തിന്റേയും സൗഹാർദ്ദത്തിന്റേയും ചരിത്രമുദ്രകൾ പതിഞ്ഞുകിടക്കുന്നുണ്ടാവും. കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം അറിയപ്പെടു​‍ുന്ന ചരിത്രകാലഘട്ടത്തിൽ, ഇന്നിന്റെ രാഷ്‌ട്രീയത്തെ രൂപപ്പെടുത്താൻ പോന്ന അക്ഷയശക്‌തിയോടെ നിലനിന്ന രണ്ടുചരിത്ര പ്രക്രിയകളായിരുന്നു ആര്യാധിനിവേശവും പാശ്ചാത്യാധിനിവേശവും.

‘കൃഷിഗീത’ എന്ന പഴയ മലയാള ഗീതത്തെക്കുറിച്ചുളള ചിന്തകളെ സംബന്ധിച്ചെടത്തോളവും ഈ രണ്ടുപ്രക്രിയകളുടേയും സന്ദിഗ്‌ദ്ധതകൾ പ്രസക്തമാവുന്നുണ്ട്‌. വളരെ താമസിച്ചു മാത്രം കാർഷികവൃത്തിയിലേയ്‌ക്കുവന്ന പ്രദേശമായി കൊസാംബി കേരളത്തെ വിശേഷിപ്പിക്കുന്നുണ്ട്‌. ആര്യാധിനിവേശത്തിന്റെ കാലവും കാർഷികവൃത്തിയിലധിഷ്‌ഠിതമായ സാമൂഹിക ജീവിതത്തിലേയ്‌ക്കുളള കേരളീയ ഗോത്രങ്ങളിൽ ചിലതിന്റെ പരിണാമവും ഏതാണ്ട്‌ ഏകകാലത്തിൽ സംഭവിച്ച പ്രക്രിയകളായിരുന്നു. അതിനാൽ കേരളത്തിലെ കാർഷികവിജ്‌ഞ്ഞാനം അധിനിവേശകരുടെ സംഭാവനയാണെന്നൊരു ധാരണ ചരിത്രകാരൻമാർ പരത്തിയിട്ടുണ്ട്‌. ആര്യാധിനിവേശത്തിനുമുമ്പ്‌ വ്യാപകമായി ആസൂത്രിത കാർഷികവൃത്തി നിലവിലുണ്ടായിരുന്നില്ലെങ്കിൽപോലും ഭൂമിശാസ്‌ത്രപരമായ സവിശേഷതകളുടെ അടിസ്‌ഥാനത്തിൽ കാടെരിച്ചുളള കൃഷിയും മലങ്കൃഷിയുമൊക്കെ സാധാരണമായിരുന്നിരിയ്‌ക്കാനാണ്‌ സാദ്ധ്യത. ആര്യാധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ രചിയ്‌ക്കപ്പെട്ടതെന്ന്‌ വിശ്വസിക്കാൻ കഴിയുന്ന കൃഷിഗീതയിൽതന്നെ ഈ യാഥാർത്ഥ്യത്തിന്റെ സൂചനകളുണ്ട്‌.

കൃഷിഗീതയുടെ ആര്യാധിനിവേശപശ്ചാത്തലം സുവ്യക്തമാണ്‌. കേരളത്തിന്റെ ഉല്പത്തി പുരാണവുമായി ബന്ധപ്പെട്ട പുരാവൃത്ത സൂചനയോടെ ഈ പാട്ട്‌ ആരംഭിക്കുന്നു. തങ്ങൾക്ക്‌ ദാനം തന്ന ഭൂമിയിൽ എങ്ങനെയാണ്‌ കൃഷി ചെയ്യേണ്ടതെന്ന്‌ കൂടി പറഞ്ഞുതരണമെന്ന്‌ ബ്രാഹ്‌മണർ പരശുരാമനോടഭ്യർത്ഥിക്കുന്നതാണ്‌ കൃഷിഗീതയുടെ തുടക്കം.

“ധാന്യങ്ങളുടെ നാമഭേദങ്ങളും

ധന്യൻമാർക്കുളള മൂലഫലങ്ങളും

കാലവും വിതപ്പാനും നടുവാനും

ചാലവേ കൃഷിചെയ്യും പ്രകാരവും

നിന്തിരുവടി കല്പിച്ചരുളേണം”

തുടർന്ന്‌ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിലനിന്ന കാർഷിക വിളകളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചുമുളള വിശദമായ പ്രസ്‌താവം പരശുരാമന്റെ മറുപടിയായി അവതരിപ്പിച്ചിരിക്കുന്നു. ആര്യാധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ്‌ കേരളീയമായ കാർഷികവിജ്‌ഞ്ഞാനം ഉല്പത്തിപുരാവൃത്തത്തിന്റെ മദ്ധ്യസ്‌ഥതയിൽ ബ്രാഹ്‌മണർക്ക്‌ പകർന്നുകിട്ടിയതായി അവതരിപ്പിക്കുന്നത്‌. എന്നാൽ കൃഷിഗീതയുടെ ഒന്നാം ഖണ്‌ഡത്തിൽ തന്നെയുളള ജൈവവൈവിദ്ധ്യത്തിന്റെ സൂചനകൾ കാട്ടിത്തരുന്നത്‌ പരമ്പരാഗതമായി നിലവിലുണ്ടായിരുന്ന നാട്ടറിവുകളെ ക്രോഡീകരിയ്‌ക്കുകയും പുനരവതരിപ്പിക്കുകയും മാത്രമേ കൃഷിഗീതാകാരൻ ചെയ്യുന്നുളളു എന്നതാണ്‌. കേരളത്തിന്റെ പ്രാദേശിക വൈവിദ്ധ്യങ്ങൾക്കനുസരിച്ചുളള വിത്തുകളുടെയും കൃഷിരീതികളുടെയും സൂക്ഷ്‌മതലത്തിലുളള വിവരങ്ങൾ അധിനിവേശകർ കൊണ്ടുവന്നതാകാനിടയില്ലല്ലോ. അറിവിൻമേൽ അവകാശമുന്നയിച്ചുകൊണ്ടാണ്‌ സൂക്ഷ്‌മാധികാരത്തിന്റെ നീരാളി അടിയാളരുടെ നിത്യജീവിത വ്യവഹാരങ്ങളെ ഗ്രസിക്കുകയും കീഴടക്കുകയും ചെയ്യുന്നത്‌. ഇത്തരമൊരു പിടിച്ചടക്കലിന്റെ ദുരന്തപശ്ചാത്തലം മാറ്റിനിർത്തിയാൽ കൃഷിഗീതയിൽ കാണുന്നത്‌ തെളിഞ്ഞ നാട്ടറിവുകളുടെ നിർമ്മലതയും സമൃദ്ധിയുമാണ്‌.

നാട്ടറിവുകളുടെ ഈ ദേശിവൈവിദ്ധ്യത്തെ തമസ്‌കരിക്കുന്ന രണ്ട്‌ വ്യത്യസ്‌ത വ്യവഹാരധാരകൾ കൃഷിഗീതയിൽ ദർശിയ്‌ക്കുവാൻ കഴിയും. ഒന്നാമതായി കീഴാളജ്‌ഞ്ഞാനവ്യവസ്‌ഥയെ മിത്തുകളുടെ മാദ്ധ്യസ്‌ഥതയിലും സ്വാധികാരപ്രമത്തതയിലും കൂടി സ്വകീയമാക്കുന്ന രാഷ്‌ട്രീയ പ്രക്രിയയാണ്‌. ഇതിലൂടെ ഒരു പ്രത്യേക വിഭാഗത്തിന്റെ സ്വകാര്യസ്വത്തായി നാട്ടറിവുകൾ വ്യാഖ്യാനിക്കുന്നു. കേരളഭൂമി പരശുരാമനിൽനിന്നു ബ്രാഹ്‌മണർക്കു ദാനം കിട്ടിയതുപോലെ അവിടെ കൃഷിചെയ്‌തു പുലരാനുളള സാമ്പത്തിക-സാങ്കേതികവിജ്‌ഞ്ഞാനം ടിയാനിൽനിന്ന്‌ വരമായി ലഭിച്ചതാകുന്നു. ദേശിവൈവിദ്ധ്യങ്ങൾകൂടി ക്രോഡീകരിച്ചവതരിപ്പിക്കുന്നതിലൂടെ എല്ലാപരമ്പരാഗതവിജ്‌ഞ്ഞാനവും ഈ അധി-വ്യവഹാരത്തിനു സമ്പൂർണ്ണമായും കീഴ്‌പ്പെടുന്നു. രണ്ടാമതായി, ഭൂമിശാസ്‌ത്രപരമായി നിർണ്ണയിയ്‌ക്കപ്പെടുന്നതാണ്‌ അധികാരശക്തി എന്നതിനാൽ ഇതിന്റെ പ്രയോഗം സാദ്ധ്യമാകുന്ന ഭൂപ്രദേശത്തിന്റെ അതിർത്തി ക്ലിപ്‌തപ്പെടുത്തേണ്ടതായി വരുന്നു. ഇങ്ങനെയാണ്‌ ‘കേരളം’ എന്ന അധി-വ്യവഹാരത്തിന്‌ ദേശിവൈവിദ്ധ്യങ്ങളെ കീഴ്‌പ്പെടുത്തുന്നത്‌. അങ്ങനെ

“കേരളം പരദേശമെന്നിങ്ങനെ

പാരംഭേദമെല്ലാറ്റിനും നിർണ്ണയം

ആതുരങ്ങളാം വിത്തുകളേറെയും

ഭൂസുരരേ പരദേശത്തുളളവ.”

എന്ന പ്രഖ്യാപനം പ്രകൃതത്തിലെ ജ്‌ഞ്ഞാനാധികാര ദ്വന്ദ്വങ്ങളുടെ പരമവിധിയും പരമാവധിയുമാകുന്നു. ഈ രണ്ട്‌ വ്യവഹാരതന്ത്രങ്ങളും പ്രയോഗിച്ചശേഷം പരമ്പരാഗതമായ കാർഷികവിജ്‌ഞ്ഞാനത്തെ വിശദീകരിയ്‌ക്കുന്നു.

ഒന്നാംപാദത്തിൽ ഒട്ടനവധി സസ്യങ്ങളുടെ ബീജഭേദങ്ങൾ ദേശം തിരിച്ചുതന്നെ വിശദീകരിക്കുന്നു. സ്വന്തം സ്വാഭിമകൾ തീറാക്കാൻ കൂട്ടാക്കാത്ത ഒരു സമൂഹത്തിന്റെ സൂക്ഷ്‌മസംവേദിയും സചേതനവുമായ ജീവിതസമീപനത്തിന്റെ ഉത്തമനിദർശനമാണ്‌ ദേശിവൈജാത്യങ്ങൾക്ക്‌ ഊന്നൽ നല്‌കിക്കൊണ്ട്‌ ബീജഭേദങ്ങളെ എണ്ണിപ്പറയാനുളള നിഷ്‌കർഷ. കൃഷിരീതികളെക്കുറിച്ചുളള ഒരു ലഘുവിവരണത്തോടെ ആരംഭിക്കുന്ന രണ്ടാംപാദത്തിൽ സമ്പദ്‌വ്യവസ്ഥയിൽ കൃഷിയ്‌ക്കുളള പ്രാധാന്യത്തെപ്പറ്റി പറയുന്നുണ്ട്‌.

“കൃഷിചെയ്‌തു കഴിയാത്തവർക്കൊരു

വഴിയില്ല പിഴപ്പിനു ഭൂതലേ

ദാരദ്ര്യങ്ങൾ കളയേണമെങ്കിലോ

നേരത്തേകൃഷി ചെയ്യേണമേവരും”

ഇതിനു കരുതിവയ്‌ക്കേണ്ട കോപ്പുകളെക്കുറിച്ചാണ്‌ തുടർന്നുളള പരാമർശങ്ങൾ. കാലിത്തൊഴുത്തിന്റെ നിർമ്മിതിയെ സൂചിപ്പിച്ചുകൊണ്ടാണ്‌ കൃഷിരീതികളെക്കുറിച്ചുളള ഖണ്‌ഡം തുടങ്ങുന്നത്‌. കന്നുകാലികൾ കുറവും ശേഷികുറഞ്ഞതും അവയുടെ ഉപയോഗം പരിമിതവുമായിരുന്ന ഒരു സമ്പദ്‌വ്യവസ്‌ഥയായിരുന്നു മദ്ധ്യകാലങ്ങളിലേതെന്നതിന്‌ ചരിത്രപരമായ തെളിവുകളുണ്ട്‌. അതിനാൽ ഉളളവയെ ശരിയായി പരിപാലിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരു ബോധവൽക്കരണം കൂടിയാവുന്നു ഇത്‌.

തൊഴുത്തുകൾ ഉയർത്തിക്കെട്ടണമെന്നും അകത്തോട്ടടുത്ത രീതിയിൽ പുല്ലുവട്ടികൾ വേണമെന്നും നിഷ്‌കർഷിയ്‌ക്കുന്നു. കൂടാതെ വെളളപ്പാത്തിയുമുണ്ടാവണം, ചാണകക്കുഴി ഇടയിട്ടിട്ടുവേണം കുഴിച്ചുണ്ടാക്കാൻ. കാള, മൂരി, എരുമ തുടങ്ങിയവയെ തൊഴുത്തിൽ വെവ്വേറെയാണ്‌ കെട്ടേണ്ടത്‌. ആടിപ്പോകാതിരിയ്‌ക്കാൻ തടക്കോലിട്ട്‌ വേണം തൊഴുത്ത്‌ കെട്ടാൻ. രാത്രിയിലും ഭക്ഷണം നല്‌കണം. ദിവസവും കുളിപ്പിക്കണം. തുടർന്ന്‌ നുകം, കലപ്പ, പാത്തി, ചവിട്ടി, കൊഴു, കൊടുവാൾ, മഴു, കയ്യോട്ട്‌, കുഴുകുത്തി, അരിവാൾ, കോടാലി തുടങ്ങിയ ഉപകരണങ്ങൾ സ്വന്തമായില്ലെങ്കിൽ കൃഷിക്കാരൻ കടത്തിൽ വീഴുമെന്നു മുന്നറിയിപ്പു നല്‌കുന്നു. ഉല്പാദന ഉപകരണങ്ങളുടെ ഉടമസ്‌ഥതയ്‌ക്കുളള പ്രാധാന്യത്തെയാണ്‌ ഈ പ്രസ്‌താവംകൊണ്ട്‌ സൂചിപ്പിക്കുന്നത്‌. വിള സൂക്ഷിക്കാനുളള കളം വേണമെന്നതും വിപണിയുമായി ബന്ധപ്പെട്ട നിർദ്ദേശമാണ്‌. വിളവെടുപ്പിന്റെ സമയത്ത്‌ വിലകുറവായിരിക്കും. സൂക്ഷിച്ചുവച്ചാൽ മാത്രമേ വിലകയറുമ്പോൾ വിൽക്കാൻ കഴിയുകയുളളു. കാർഷികോല്പന്നങ്ങൾക്ക്‌ വില കയറാത്തതുകൊണ്ടുണ്ടാകുന്ന കർഷകന്റെ ഖിന്നതയെക്കുറിച്ച്‌ രണ്ടാംപാദത്തിൽ പരാമർശമുണ്ട്‌. പണിയാളർക്കു കൂലികൊടുക്കണമെന്നും വഴികൊട്ടിയടയ്‌ക്കുക, അതിർമാന്തുക തുടങ്ങിയവയ്‌ക്കൊന്നും മുതിരരുതെന്നും നിർദ്ദേശിയ്‌ക്കുന്നു. കൂടാതെ കർഷകർ ഗുരുഭക്തി, ഈശ്വരഭക്‌തി തുടങ്ങിയവയുളളവരും വിഷയാസക്‌തിയില്ലാത്തവരും സത്യസന്ധരും മദ്യപാനം ഒഴിവാക്കുന്നവരും ആവണമെന്ന സാരോപദേശവുമുണ്ട്‌.

ഉല്പത്തി പുരാവൃത്തത്തിന്റെ പൊതുഘടനയ്‌ക്കുളളിൽ അടക്കം ചെയ്‌ത മറ്റൊരു മിത്തിന്റെ സഹായത്തോടെയാണ്‌ കാലാവസ്‌ഥയുടെ സവിശേഷതകൾ വിവരിക്കുന്നത്‌. തമിഴ്‌നാടിൽനിന്നു വ്യത്യസ്‌തമായി കേരളത്തിൽ കാണുന്ന മഴയുടേയും അതിന്റെ സ്വഭാവത്തിന്റേയും സവിശേഷതകളാണ്‌ വിശദീകരിക്കുന്നത്‌. ചേര ചോള പാണ്‌ഡ്യ രാജാക്കൻമാർ തങ്ങളുടെ പ്രദേശങ്ങളിൽ വൃഷ്‌ടിയുടെ വ്യവസ്‌ഥയില്ലായ്‌മ കൊണ്ടുണ്ടാകുന്ന പ്രളയവറുതികൾ ഇല്ലാതാക്കുന്നതിന്‌ ശിവനെ ധ്യാനിച്ച്‌ വരംനേടുന്നു. ചോളരാജ്യത്ത്‌ കാവേരിയും പാണ്‌ഡ്യദേശത്ത്‌ താമ്രപർണ്ണിയും ജലം നല്‌കുന്നുണ്ടെങ്കിലും ചേരന്‌ ധർമ്മവൃഷ്‌ടി മാത്രമാണാശ്രയം. നാലുമാസങ്ങൾ വീതമാണ്‌ ശിവൻ രാജാക്കൻമാർക്ക്‌ മഴക്കാലമായി വരം നല്‌കിയത്‌. മിഥുനം, കർക്കടകം, കന്നി, ചിങ്ങം മാസങ്ങൾ ചേരനും തുലാം, മകരം, വൃശ്‌ചികം, ധനു എന്നിവ ചോളനും മേടം, ഇടവം, കുംഭം, മീനം മാസങ്ങൾ പാണ്‌ഡ്യനും നല്‌കുന്നു. വൃശ്ചികവും തുലാമാസവും ചോളനും മേടവും ഇടവവും പാണ്‌ഡ്യനും ചേരനു നല്‌കി. ചോളന്റെ മഴയ്‌ക്ക്‌ കിഴക്കൻമഴയെന്നു പേർ നല്‌കണമെന്നും അത്‌ ഇടിവെട്ടോടുകൂടി പെയ്യുമെന്നും ചോളൻ അറിയിക്കുന്നു. പാണ്‌ഡ്യനും തന്റെ മഴ ദിക്കാലഭേദമുണ്ടെങ്കിലും ആലിപ്പഴം സഹിതം കിഴക്കൻ മഴപോലെ ആർത്തുപെയ്യുമെന്ന്‌ ചെരനെ അറിയിക്കുന്നു. ചോളന്റെ നക്ഷത്രമായ ചോതി ഞായറിൽ നില്‌ക്കുന്ന കാലത്ത്‌ കിഴക്കൻമഴയുടെ സമയത്തും ചേരന്റെ നാളായ തിരുവാതിര ഞാറ്റുനിലയിൽ വരുന്ന കാലത്തും അഹോരാത്രം മഴയുണ്ടാകുമെന്നും ഇരുവരും കൂട്ടിചേർക്കുന്നു.

മൂന്നാം പാദത്തിലുളളത്‌ ഏതേതു നാളുകളിൽ ഏതൊക്കെ രീതിയിൽ വിത്തുകൾ കൃഷിചെയ്യണമെന്ന ചർച്ചയാണ്‌. ഓരോ വിളയ്‌ക്കും അനുയോജ്യമായ മണ്ണിനെക്കുറിച്ചും പൊതുസവിശേഷതകളെക്കുറിച്ചും കൃഷിശത്രുക്കളായ കളകളെയും വരികളെയും കുറിച്ചുമെല്ലാം പ്രതിപാദിക്കുന്നുണ്ട്‌. കാടെരിച്ചുളള കൃഷിയെക്കുറിച്ചും വിശദമായ ചർച്ച കാണാം. സ്‌ഥിരകൃഷിയോടൊപ്പം സാധാരണ കൃഷിക്കാർ പല കാരണങ്ങൾകൊണ്ടും കാടെരിച്ചുളള കൃഷികൂടി പിന്തുടർന്നിരുന്നു എന്നതിന്‌ ചരിത്രപരമായ തെളിവുകളുണ്ട്‌. ഇതിന്‌ കരം കുറവായിരുന്നതും ചെലവ്‌ താരതമ്യേന കുറഞ്ഞിരുന്നതും ഒക്കെ കാരണമായിട്ടുണ്ടാവാം. കൃഷിഗീതയിൽ പ്രാധാന്യത്തോടെതന്നെ ഈ കൃഷിരീതിയെക്കുറിച്ച്‌ പരാമർശിച്ചിട്ടുളളത്‌ ഇതുകൊണ്ടാണ്‌. കൃഷിക്കാരന്‌ സംശയമുണ്ടാവുന്ന അഞ്ചുകാര്യങ്ങൾക്കുളള സംശയനിവൃത്തിയും ഈ ഖണ്‌ഡത്തിലുണ്ട്‌. വിത്തിന്റെ ഉണക്ക്‌, വെളളത്തിന്റെ അളവ്‌, വിത്തിന്റെ അളവ്‌, ഞാറിന്റെ വളർച്ച, കൊയ്‌ത്തിന്റെ പാകം എന്നിവ കൃഷിഗീത ചർച്ചചെയ്യുന്നു.

നാലാം പാദത്തിൽ ജ്യോതിഷവിജ്‌ഞ്ഞാനത്തെ കൃഷിയുമായി ബന്ധിപ്പിക്കുന്ന ഒരു ആദിപാദവും കന്നുകാലികളെക്കുറിച്ചുളള ഗുണദോഷവിചാരണയും ചേർത്തിരിക്കുന്നു. തിങ്കൾ തുടങ്ങിയുളള നാളുകളിലും പ്രത്യേക രാശികളിലും തിഥികളിലുമൊക്കെ വിത്തെറിഞ്ഞാലുണ്ടാവുന്ന നല്പും തല്പും വിവരിച്ചതിനുശേഷം നാൽക്കാലി വിചാരത്തിലേയ്‌ക്കു കടക്കുന്നു. കന്നിന്റെ പല്ലും ശരീരവടിവും ആരോഗ്യലക്ഷണങ്ങളുമെല്ലാം സ്പർശിച്ചുപോകുന്ന ഈ ഖണ്‌ഡം ഇക്കാര്യത്തിൽ സാമാന്യവികാസം പ്രാപിച്ചിരുന്ന നാട്ടറിവുകളുടെ സമ്പന്നതയെ സൂചിപ്പിക്കുന്നു.

കൃഷിയെന്ന ജീവിതവൃത്തിയെ ആത്‌മീയവും സാങ്കേതികവുമായ നിദർശനങ്ങൾ ഉൾക്കൊളളിച്ചുകൊണ്ട്‌ സമഗ്രമായൊരു കാഴ്‌ചപ്പാടിൽ വീക്ഷിക്കുകയാണ്‌ കൃഷിഗീതാകാരൻ ചെയ്യുന്നത്‌. ഇതിന്റെ സാങ്കേതികവശം നാട്ടറിവുകളുടെ സമുച്ചയത്തിൽനിന്നു എടുത്തതാണെങ്കിലും ആര്യാധികാരത്തിന്റേയും പ്രത്യയശാസ്‌ത്രത്തിന്റേയും പുരാവൃത്തപരമായ ചട്ടക്കൂടിലാണ്‌ അവതരിപ്പിച്ചിട്ടുളളത്‌. ആര്യാധിനിവേശം നാട്ടറിവുകളുടേയും ജീവിതവൃത്തിയുടേയും നിത്യവ്യവഹാരങ്ങളുടേയും മേൽ ആധിപത്യം ചെലുത്തിയെങ്കിലും നാട്ടറിവുകളെ സ്വാംശീകരിക്കാനല്ലാതെ പൂർണ്ണമായും നശിപ്പിക്കാൻ ശ്രമിച്ചിച്ച എന്നതു ശ്രദ്ധേയമാണ്‌. പാശ്ചാത്യാധിനിവേശത്തെ ആര്യാധിനിവേശത്തിൽനിന്ന്‌ വേർതിരിച്ചുനിർത്തുന്ന ഒരു സുപ്രധാന സ്വഭാവവിശേഷമാണത്‌.

പാശ്ചാത്യാധിനിവേശത്തിന്റെ രാഷ്‌ട്രീയം സാമൂഹികവും പ്രത്യയശാസ്‌ത്രപരവുമായ നിലപാടുകളിൽ കുറേക്കൂടി കർക്കശവും ഹിംസാത്‌മകവുമായിരുന്നു. നാട്ടറിവുകളിൽനിന്ന്‌ തങ്ങൾക്ക്‌ വേണ്ടത്‌ ചോർത്തുകയും ശേഷമുളളവയെ പുച്ഛിക്കുകയും നശിപ്പിയ്‌ക്കുകയും ചെയ്യുന്ന പ്രക്രിയയാണ്‌ കോളനികളിലെമ്പാടും നടപ്പിലാക്കിയത്‌. കാടുംനാടുംകടലും വാണിജ്യത്തിന്റെ പേരിലുളള പകൽകൊളളക്കിരയാവുകയായിരുന്നു. മതവും രാഷ്‌ട്രതന്ത്രവും ആയുധപ്പുരയുടെ ആഴവും പരപ്പും പ്രത്യയശാസ്‌ത്രപരമായ വ്യവഹാരതന്ത്രങ്ങളും ഉപയോഗിച്ച്‌ സാമൂഹിക സാമ്പത്തിക പരിസ്‌ഥിതവ്യവസ്‌ഥകളുടെ നൈസർഗ്ഗികത ഇല്ലായ്‌മ ചെയ്യുന്ന നിഗ്രഹോത്‌സുകതയായിരുന്നു ഇതിന്റെ മുഖമുദ്ര.

കൃഷിഗീതയിൽ കാണുന്ന കാലാവസ്‌ഥയ്‌ക്കിണങ്ങുന്ന കാർഷിക സമ്പ്രദായങ്ങളും ജൈവവൈദ്ധ്യവുമെല്ലാം പടിപടിയായി നശിപ്പിക്കപ്പെട്ടതിന്റെ ചരിത്രമാണ്‌ അധിനിവേശത്തിന്റെ ചരിത്രം. കേരളത്തിലെ പരമ്പരാഗത വിദ്യാലയങ്ങളിൽ പാഠപുസ്‌തകമായിരുന്ന കൃഷിഗീതയെ പിന്തളളി വ്യാവസായിക വിപ്ലവത്തിന്റെ പുത്തനറിവുകൾ മണ്ണിന്റേയും മനുഷ്യരുടേയും കാലാവസ്‌ഥയുടേയും സവിശേഷതകളെ അവഗണിച്ചുകൊണ്ട്‌ അടിച്ചേൽപ്പിക്കുകയായിരുന്നു. 1950കളിൽ നിർകോളനീകരണത്തിനുശേഷവും മൂന്നാംലോകരാജ്യങ്ങൾ നാട്ടറിവുകളിലേക്ക്‌ മടങ്ങുന്നതിനുപകരം വ്യാവസായിക മുന്നേറ്റത്തിൽ അധിഷ്‌ഠിതമായ വികസനമാതൃകകൾ പിന്തുടരുകയാണ്‌ ചെയ്‌തത്‌. നവകൊളൊണിയൽ ലോകക്രമമെന്ന്‌ അറിയപ്പെടുന്ന, അന്താരാഷ്‌ട്ര ധനകാര്യ-വാണിജ്യ-വ്യവസായ സ്‌ഥാപനങ്ങളുടെ കാർമ്മികത്വത്തിലുളള ആഗോള തൊഴിൽ വിഭജനത്തിന്റെ ഇരകളായി മൂന്നാംലോകരാജ്യങ്ങൾ മാറുകയായിരുന്നു.

ഉല്പാദനം വർദ്ധിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ്‌ പുത്തനറിവുകൾ അവതരിപ്പിക്കപ്പെട്ടത്‌. അതിന്‌ പുതിയ സാങ്കേതികവിദ്യ ആവശ്യമാണല്ലോ. പുത്തനറിവുകളോടൊപ്പം അതു പ്രായോഗികവൽക്കരിക്കുന്നതിനുളള സാങ്കേതികവിദ്യയുടേയും യന്ത്രസാമഗ്രികളുടേയും വിപണിയും വികസിപ്പിക്കണം. ഇതിനായി സാമ്പത്തികമേഖലയിൽ ആസൂത്രിതമായി അവതരിപ്പിക്കപ്പെട്ട പദ്ധതികളിൽ മൂന്നാം ലോകരാജ്യങ്ങളുടെ കാർഷികമേഖലയിലെ അരങ്ങേറ്റം ദുരന്തപൂർണ്ണമായിത്തീർന്നത്‌ ‘ഹരിതവിപ്ലവം’ എന്ന ചെല്ലപ്പേരിൽ അറിയപ്പെട്ട കാർഷികസാങ്കേതികവിദ്യയായിരുന്നു. കാർഷികോല്പാദന വർദ്ധനവ്‌ ലക്ഷ്യമാക്കികൊണ്ട്‌, ഉയർന്ന ഉല്പാദനക്ഷമതയുളള സങ്കരവിത്തുകളും രാസവളങ്ങളും കീടനാശിനികളും യന്ത്രസാമഗ്രികളും ഉപയോഗിച്ചുളള കൃഷിസമ്പ്രദായമാണ്‌ ഹരിതവിപ്ലവത്തിന്റെ അടിസ്‌ഥാനം. കാർഷികമേഖലയിൽ ഈട്ടമായിട്ടുളള ഉല്പാദന സമ്പ്രദായങ്ങളെ പുറകോട്ടുതളളിമാറ്റിക്കൊണ്ടാണ്‌ ഈ പരീക്ഷണം അരങ്ങേറിയത്‌. എന്നാൽ വന്ദനശിവ സൂചിപ്പിച്ചതുപോലെ, ഹരിത വിപ്ലവത്തിനുപിന്നിലെ സാമൂഹികവും രാഷ്‌ട്രീയവുമായ ആസൂത്രിതലക്ഷ്യം വിപണിയുമായി ബന്ധപ്പെട്ട സാങ്കേതികതമാത്രമായിരുന്നില്ല. സാമൂഹികബന്ധങ്ങൾ പൊളിച്ചെഴുതിക്കൊണ്ട്‌ അധിനിവേശരാഷ്‌ട്രീയത്തിന്റെ ഉത്തരപർവ്വം ആടാനുളള പരിതോവസ്‌ഥ സൃഷ്‌ടിക്കുകയായിരുന്നു ഇതിന്റെ യഥാർത്ഥലക്ഷ്യമെന്ന്‌ പഞ്ചാബിന്റെ പശ്ചാത്തലത്തിൽ വന്ദനശിവ വിശദീകരിക്കുന്നു.

ഹരിതവിപ്ലവത്തിന്റെ താൽക്കാലികനേട്ടങ്ങളേക്കാൾ എത്രയോ മടങ്ങായിരുന്നു അതിന്റെ ദൂഷ്യഫലങ്ങൾ. ഉല്പാദനത്തിലുണ്ടായ ഹ്രസ്വകാലവർദ്ധനയും കാർഷികാധിഷ്‌ഠിത വ്യവസായങ്ങളിലുണ്ടായ വളർച്ചയും വിഭവചൂഷണത്തിലുണ്ടായ ഗതിവേഗവും മൂല്യാധികത്തിന്റെ വളർച്ചാനിരക്കുകൂടിയതുമൊക്കെ ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളായിക്കണക്കാമെങ്കിലും അതുണ്ടാക്കിയ സാമൂഹികവും പരിസ്‌ഥിതിപരവുമായ ദുരന്തങ്ങൾ വർണ്ണനാതീതമാണ്‌. 1970ൽ നോർമൽ ബോർലോഗിന്‌ നോബൽ സമ്മാനം ലഭിക്കുന്നതിന്‌ കാരണമായ പുതിയ വിത്തിനങ്ങളുടെ കണ്ടുപിടുത്തത്തെക്കുറിച്ച്‌ ആദ്യകാലത്ത്‌ പ്രചരിപ്പിച്ചിരുന്നത്‌ സമൃദ്ധിയുടേയും സമാധാനത്തിന്റേയും പുതുയുഗപ്പിറവിയാണ്‌ ഈ കണ്ടുപിടുത്തം എന്നായിരുന്നുവെന്ന്‌ ഓർമ്മിച്ചുകൊണ്ടാണ്‌ വന്ദനശിവ തന്റെ ഗ്രന്‌ഥം ആരംഭിക്കുന്നത്‌. എന്നാൽ ഹരിതവിപ്ലവം അതിന്റെ എല്ലാ രാഷ്‌ട്രീയ സാങ്കേതികസംവിധാനത്തിന്റേയും സഹായത്തോടെ നടപ്പിലാക്കിയ പഞ്ചാബിൽ രണ്ടുദശാബ്‌ദങ്ങൾ കഴിഞ്ഞപ്പോഴേയ്‌ക്ക്‌ സമൃദ്ധിയും സമാധാനവും ആകാശപുഷ്‌പങ്ങളായി മാറി. മണ്ണും വിളകളും നശിക്കുകയും കൃഷിക്കാർ അസംതൃപ്‌തരാവുകയും ചെയ്‌തു. സിഖ്‌ ദേശീയ സമരമായ പഞ്ചാബിലെ ഗ്രാമങ്ങളിലെങ്ങും കത്തിപ്പടർന്ന സായുധസമരത്തിന്റെ മൂലകാരണം തന്നെ ഹരിതവിപ്ലവമായിരുന്നു എന്ന്‌ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌.

ഹരിതവിപ്ലവത്തിന്റെ ഫലമായി പുതിയ ഒരു കൂട്ടം കാർഷികമുതലാളിമാർ രംഗപ്രവേശംചെയ്‌തു. കാർഷികോല്പാദനത്തിലുണ്ടായ ഹ്രസ്വകാലവർദ്ധനവായിരുന്നു ഈ പുത്തൻവർഗ്ഗത്തിന്റെ പിറവിക്ക്‌ കാരണമായത്‌. എന്നാൽ എഴുപതുകളുടെ മദ്ധ്യമായപ്പോഴേയ്‌ക്ക്‌ കൃഷിയിൽനിന്നുളള ലാഭനിരക്ക്‌ കുറയുവാൻ തുടങ്ങി. തുടർന്ന്‌ ഈ കാർഷികമുതലാളിമാർ ധാന്യവ്യാപാരത്തിലും കൃഷിയെ അടിസ്‌ഥാനപ്പെടുത്തിയുളള വ്യവസായങ്ങളിലും മുതലിറക്കുവാൻ തുടങ്ങി. ഈ മേഖലകളിൽ നിലയുറപ്പിച്ചിരുന്ന വ്യാപാരി വ്യവസായികളുമായി കാർഷികമുതലാളിത്തം സംഘർഷത്തിലായിരുന്നു.

പഞ്ചാബിൽ മാത്രമല്ല ഹരിതവിപ്ലവം അരങ്ങേറിയേടത്തൊക്കെ വിനാശങ്ങളുടെ വേലിയേറ്റമുണ്ടായിട്ടുണ്ട്‌. മണ്ണിന്റെ നൈസർഗ്ഗിക ഫലഭൂയിഷ്‌ടത നശിപ്പിക്കുന്നതിനും മണ്ണിന്റെ ഘടനയിൽ ദോഷകരമായ പരിവർത്തനങ്ങൾ ഉണ്ടാവുന്നതിനും ഹരിതവിപ്ലവം കാരണമായി. മണ്ണിന്റെ ജലസംഭരണശേഷി കുറയുക, മണ്ണൊലിപ്പ്‌ വർദ്ധിക്കുക തുടങ്ങിയവയും ഈ കാർഷികപരിപാടിയുടെ അനന്തരഫലങ്ങളായിരുന്നു. കുട്ടനാടിന്റെ ഉദാഹരണം ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്‌. രാസവളങ്ങൾ ഇവിടെ മണ്ണിന്റെ അമിതപോഷണത്തിന്‌ വഴിയൊരുക്കി. കീടനാശിനികളുടെ ഉപയോഗവും വളരെ കൂടുതലാണ്‌. ഓരോ വർഷവും 1000-ത്തോളം ടൺ വിവിധ കീടനാശിനികൾ കുട്ടനാട്ടിൽ ഉപയോഗിക്കപ്പെടുന്നു. കൊടുംവിഷമെന്ന്‌ കരുതപ്പെടുന്ന ഓർഗാനോ ക്ലോറിൻപോലും ഇവിടെ ആവശ്യത്തിലധികം ഉപയോഗിക്കുന്നതായാണ്‌ പഠനങ്ങൾ വെളിപ്പെടുത്തുന്നത്‌. ഹരിതവിപ്ലവത്തോടുചേർന്നുളള യന്ത്രവൽക്കരണം തൊഴിലാളികളെ, വിശേഷിച്ച്‌ സ്‌ത്രീത്തൊഴിലാളികളെ കാർഷികമേഖലയിൽനിന്ന്‌ പിന്തളളുകയുണ്ടായി. ഇതുളവാക്കിയ സാമൂഹികസാമ്പത്തിക പ്രശ്‌നങ്ങൾക്ക്‌ കണക്കില്ല. കൂടാതെ ബഹുവിളകൃഷിയിൽനിന്ന്‌ ഏകവിളക്കൃഷിയിലേക്കുളള മാറ്റം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്‌ സൃഷ്‌ടിച്ചത്‌. സാധാരണ ഗ്രാമീണരുടേയും കർഷകരുടേയും ഉപജീവനവ്യവസ്‌ഥകളെ തകിടം മറിച്ച ഈ പ്രക്രിയ അവരെ സമ്പൂർണ്ണമായും വിപണിയുടെ അടിമകളാക്കിമാറ്റി.

ഹരിതവിപ്ലവത്തെതുടർന്നുളള വർഷങ്ങളിൽ ഇൻഡ്യയടക്കമുളള പല മൂന്നാം ലോകരാജ്യങ്ങളിലും യന്ത്രസാമഗ്രികളുടെ ഇറക്കുമതി വർദ്ധിക്കുകയും രാസവളങ്ങളുടേയും കീടനാശിനികളുടേയും ഉപഭോഗം ഇരട്ടിയിലധികമാവുകയും ചെയ്‌തു. നവകൊളോണിയലിസമെന്ന്‌ അറിയപ്പെടുന്ന ചൂഷണസംവിധാനത്തിന്റെ പ്രധാനപ്രവർത്തനമേഖല കാർഷികരംഗം തന്നെയായിരുന്നു. ഇൻഡ്യയെപ്പോലുളള രാജ്യങ്ങൾ ഇംപോർട്ട്‌ സബ്‌സ്‌റ്റിറ്റ്യൂഷൻ എന്ന ഇറക്കുമതി വിരുദ്ധനയം വ്യാവസായികമേഖലയിൽ പിന്തുടർന്നിരുന്ന കാലഘട്ടത്തിൽപോലും ചൂഷണത്തിന്റെ അർത്ഥശാസ്‌ത്രം കാർഷികമേഖലയിൽ സജീവമായിരുന്നു എന്നതാണ്‌ യാഥാർത്ഥ്യം.

എൺപതുകളുടെ മദ്ധ്യത്തിൽ ഉറുഗ്വേ ചർച്ചകളുടെ സമയമായപ്പോഴേയ്‌ക്ക്‌ അന്താരാഷ്‌ട്രവ്യാപാരക്കരാറിന്റെ പരിവൃത്തത്തിലേയ്‌ക്ക്‌ കാർഷികോല്പന്നങ്ങളെക്കൂടി കൊണ്ടുവരുവാനും കാർഷികരംഗത്തെ കണ്ടുപിടുത്തങ്ങളെ പേറ്റന്റ്‌ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുവാനും ശ്രമങ്ങളാരംഭിച്ചു. ഒടുവിൽ ഗാട്ടുകരാർ ഒപ്പിട്ടതോടെ അന്തകവിത്തുകൾ വിദേശക്കമ്പനികളിൽനിന്ന്‌ വാങ്ങി വിതയ്‌ക്കേണ്ട ഗതികേടിലായി.

പാശ്ചാത്യാധിനിവേശത്തിന്റെ തുടക്കം മുതൽ ശക്തിപ്രാപിച്ച നാണ്യവിളക്കൃഷികളിലുളള ഊന്നൽ ഇപ്പോഴും ശക്തിയായി തുടരുകയാണ്‌. വൈവിദ്ധ്യമാർന്ന കാർഷികവിളകൾകൊണ്ട്‌ സമൃദ്ധമായിരുന്ന പല പ്രദേശങ്ങളും ഏകവിളക്കൃഷിയിലേയ്‌ക്ക്‌ മാറിപ്പോയിരിക്കുന്നു. ലോകവിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച്‌, സാധാരണകർഷകന്റെ ഭാഗ്യദൗർഭാഗ്യങ്ങൾ നിശ്ചയിക്കപ്പെടുകയാണിന്ന്‌. അസ്‌ഥിരതയുടേയും അനിശ്ചിതത്വത്തിന്റേയും ചതിച്ചതുപ്പിൽ കർഷകർ താഴ്‌ന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഇനിയൊരുതിരിച്ചുപോക്കു സാദ്ധ്യമല്ലാത്തവിധത്തിൽ നിലംകൃഷിയുടെ പരിസ്‌ഥിതി വ്യവസ്‌ഥ ഇന്‌മൂലനം ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലവും ഇതുതന്നെയാണ്‌. കാർഷികരംഗത്തുണ്ടായ അപചയപ്രവണതകളുടെ ഫലമായി വിപുലമായ തോതിലുളള നിലംനികത്തൽ സംഭവിച്ചിട്ടുണ്ട്‌. അധിനിവേശത്തിന്റെ ആദ്യനാളുകളിൽ തന്നെ നാണ്യവിളകളോടുളള പാശ്ചാത്യഭ്രമം കർഷകരെ കൂടുതൽ നാണ്യവിളക്കൃഷിയിലേയ്‌ക്ക്‌ തിരിച്ചുവിട്ടു. ഹരിതവിപ്ലവത്തിന്റെ കാലമായപ്പോഴേയ്‌ക്ക്‌ ഈ പ്രവണത പൂർവ്വാധികം ശക്‌തിപ്പെട്ടു. കണക്കുകളനുസരിച്ച്‌ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിനിടയ്‌ക്ക്‌ മൊത്തം നെൽപ്പാടങ്ങളുടെ നാല്പതുശതമാനത്തിലധികം നാണ്യവിളക്കൃഷിയും കാർഷികേതര ആവശ്യങ്ങൾക്കുമായി കേരളത്തിൽ നികത്തപ്പെട്ടിട്ടുണ്ട്‌. ഇത്തരം നിലം നികത്തപ്പെട്ടതിന്റെ ജില്ല തിരിച്ച്‌ ശരാശരി കണക്കുകൾ കേരളാസ്‌റ്റാറ്റിസ്‌റ്റിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പഠനത്തിൽ ലഭ്യമായിട്ടുണ്ട്‌. ഗുരുതരമായ പരിസ്‌ഥിതി പ്രത്യാഘാതങ്ങൾക്ക്‌ ഇത്‌ കാരണമായേക്കും. നെല്ല്‌ കേരളത്തിൽ ലാഭകരമായി ഉല്പാദിപ്പിക്കാൻ കഴിയാത്തതിനാൽ അത്‌ പൂർണ്ണമായി ഉപേക്ഷിയ്‌ക്കണമെന്ന ഒരു വാദം ആസൂത്രണവകുപ്പിന്റെ തലപ്പത്തുളളവർ തന്നെ ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്‌. ഭക്ഷ്യമേഖലയിൽ ഇപ്പോഴുളള ആശ്രിതത്വം സമ്പൂർണ്ണമാക്കുവാൻ ഉപകരിയ്‌ക്കുന്ന വിപൽക്കരമായ ഒരു നിർദ്ദേശമാണിത്‌.

ആഗോള സമ്പദ്‌ശാസ്‌ത്രത്തിന്റെ പുതിയ രാഷ്‌ട്രീയ പശ്ചാത്തലത്തിൽ മൂന്നാംലോകജനതയ്‌ക്ക്‌ എല്ലാ പ്രതിരോധങ്ങളും നഷ്‌ടമായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ നാട്ടറിവുകളുടെ അവസാനത്തെ തുരുത്തുകൾ സംരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്‌തുകൊണ്ടുമാത്രമേ അതിജീവിനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുവാൻ കഴിയൂ. നാട്ടറിവുകളിലേയ്‌ക്ക്‌ പൂർണ്ണമായും മടങ്ങിപ്പോവുക എന്നത്‌ അസാദ്ധ്യമാണെങ്കിലും ഹിംസാത്‌മകമായ ഒരു വികസന മാതൃകയുടെ നീരാളിക്കൈകളിൽനിന്ന്‌ മുക്തിനേടാനുളള ബദൽ പരിശ്രമങ്ങൾക്ക്‌ ശക്തിപകരാൻ നാട്ടറിവുകളുടെ പരിചയവും പ്രയോഗവും സഹായിക്കും. ‘കൃഷിഗീത’ എന്ന പഴയപാട്ടിന്റെ പ്രസക്തിയും അതുതന്നെ. കൃഷിഗീതയെ മതവിഭാഗീയമായ പുരാവൃത്തത്തിന്റെ പുറന്തോടിൽ നിന്ന്‌ പുറത്തെടുത്താൽ കാണുന്നത്‌ നാടിന്റെ കാലാവസ്‌ഥയ്‌ക്കും, മണ്ണിനും പരിസ്‌ഥിതിക്കും അനുയോജ്യമായതെന്ന്‌ നൂറ്റാണ്ടുകളുടെ അനുഭവശക്തിയിലൂടെ തെളിയിച്ചെടുത്ത കാർഷികവിജ്‌ഞ്ഞാനത്തിന്റെ നിറവുളള ശേഖരമാണ്‌. ‘നഷ്‌ടപ്പെട്ട’തിന്റെ ചരിത്രം, നമ്മുടെ അറിവുകൾ അപഹസിക്കപ്പെടുകയും പിന്തളളപ്പെടുകയും ചെയ്‌ത പാശ്ചാത്യാധിനിവേശത്തിന്റെ കാലഘട്ടത്തിൽ നഷ്‌ടപ്പെട്ട സ്വത്വബോധത്തിന്റെ ചരിത്രം കൂടിയാണ്‌. അതുകൊണ്ടുതന്നെ, ഭൂതത്തിലേയ്‌ക്കും ഭാവിയിലേയ്‌ക്കുമുളള ഒരൂഞ്ഞാലാട്ടമാണ്‌ നമ്മുടെ വർത്തമാനകാല രാഷ്‌ട്രീയം. മൂന്നാം ലോകപ്രതിരോധത്തിന്റെ ഈ രാഷ്‌ട്രീയമാണ്‌ ‘കൃഷിഗീത’ പുനരവതരിപ്പിക്കുന്നതിന്റെ പിന്നിലുളള രാഷ്‌ട്രീയം.

കേരളത്തിൽ 1940നുശേഷം നികത്തിയ പാടത്തിന്റെ വാർഷികനിരക്ക്‌ 4,500 ഹെക്‌ടർ വരുമത്രെ. നെല്ലുല്പാദനത്തിനുളള സ്‌ഥലം മറ്റു പലകാര്യങ്ങൾക്കും വേണ്ടി രൂപംമാറുന്നു. നെല്ലുല്പാദനം വലിയ നഷ്‌ടമുളള ജില്ലകളിലാണത്രേ കൂടുതൽ പാടം നികത്തൽ നടക്കുന്നത്‌. നെൽകൃഷി വേണോ, മറ്റുകൃഷികൾ വേണോ, അതോ യാതൊരു കൃഷിയുമില്ലാതെ വെറും ഉപഭോക്‌തൃ സംസ്‌ഥാനമായി നിലകൊളളണമോ എന്ന ചർച്ചകളും ആരംഭിച്ചിരിക്കുന്നു. കൃഷിയെക്കുറിച്ചുളള ഒരു വൈജ്ഞാനികകൃതി വാമൊഴിവഴക്കത്തിലൂടെ പ്രചാരത്തിലിരുന്ന കേരളത്തിലാണ്‌ ഇന്ന്‌ കൃഷി ആവശ്യമുണ്ടോ എന്ന സംശയം തന്നെ ഉയർന്നുവന്നിട്ടുളളത്‌ എന്നത്‌ നമ്മുടെ സ്വത്തപ്രതിസന്ധിയുടേയും ചരിത്രപരമായ ദുര്യോഗത്തിന്റെയും നല്ലൊരുദാഹരണമല്ലേ?

‘കൃഷിഗീത’യെക്കുറിച്ചും നാടൻ കാർഷികവിജ്‌ഞ്ഞാനത്തെക്കുറിച്ചും നടന്നിട്ടുളള ചില പഠനങ്ങൾകൂടി ഇവിടെ ഉൾക്കൊളളിച്ചിട്ടുണ്ട്‌. ‘കൃഷിഗീത’യുടെ ആവുന്നത്ര പാഠഭേദങ്ങൾ ശേഖരിച്ചവതരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്‌. ടിഷ്യു കൾച്ചർ എന്ന ചെല്ലപ്പേരിട്ട്‌ വിളിക്കുന്ന വിത്തുകളുടെ സമാനവൽക്കരണമെന്ന ജൈവഹിംസ കാർഷികമേഖലയെ മലിനമാക്കുന്ന സമകാലിക സന്ദർഭത്തിൽ, നെല്ലിന്റേയും പടവലത്തിന്റേയും കയ്‌പ്പയ്‌ക്കയുടേയും വെളളരിക്കയുടേയുമെല്ലാം നാനാതരം വിത്തുകൾ വിതച്ചും വിളയിച്ചും വിളവെടുത്തും പരിപാലിക്കേണ്ടതെങ്ങിനെയെന്ന്‌ ഈ മണ്ണിന്റെ അതിസൂക്ഷ്‌മമായ ജൈവഭേദങ്ങൾകൂടി കണ്ടറിഞ്ഞ്‌ ദേശഭേദത്തോടെ വിശദീകരിച്ചിട്ടുളള ‘കൃഷിഗീത’യിലെ ഈരടികൾ നമുക്ക്‌ വീണ്ടും വീണ്ടും ഉരുക്കഴിക്കാം.

Generated from archived content: krishigeetha_feb28_07.html Author: crrajagopalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here