കേരളീയ ചിത്രകലാപാരമ്പര്യത്തിൽ ഭൂമിക്കാഴ്‌ചയുടെ ചിത്രക്കളമാണ് സർപ്പക്കളം. പൊടിപടലങ്ങളിൽനിന്ന് രൂപക്കെട്ടുകൾ വാർത്തെടുക്കുന്ന ഈ കലാസങ്കേതം നാട്ടുകലാനൈപുണ്യത്തിന്റെ ഉത്തമോദാഹരണമാണ്. ചിത്രകൂടക്കല്ലിനും നാഗപ്രതിമകൾക്കും വളളിപ്പടർപ്പുകൾ നിറഞ്ഞ കാവുകൾക്കും മുൻപിൽ ചാണകവും കരിയും ചേർത്ത് മെഴുകിയ കളത്തിലാണ് നാഗവടിവുകൾ മാറിമാറി എഴുതുന്നത്. മൂന്നുദിവസം ഏഴുദിവസം ഒൻപതു ദിവസം എന്നിങ്ങനെ എഴുത്തിൽ ഒറ്റ അക്കങ്ങൾക്ക് പ്രാധാന്യമുണ്ട്. അജ്ഞാത നാഗപരമ്പരകളെ മുഴുവൻ കെട്ടുകഥകളിൽ നിർമ്മിച്ചെടുത്ത് വർണ്ണക്കെട്ടുകളിൽ പുനഃസൃഷ്‌ടിക്കുന്ന കലാസമ്പ്രദായമാണ് സർപ്പക്കളം. കളവടിവിന്റെ ലാവണ്യനിയമങ്ങൾ കേരളത്തിന്റെ ദേശസൗന്ദര്യശാസ്‌ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
സർപ്പമെന്ന ചിഹ്‌നം കേരളീയന്റെ പ്രാകൃതിക ജൈവജീവിതത്തിന്റെ പരിസരങ്ങളിൽ വരുന്നതാണ്. ജൈവവൈവിദ്ധ്യകുടുംബത്തിലെ ഒരംഗം. ഒരു കുലചിഹ്‌നം. ഒരു പൂർവ്വപിതാമഹൻ. കണ്ടൽക്കാടുകളും വനങ്ങളും കാവുകളും നിറഞ്ഞ പ്രകൃതി ആവാസവ്യവസ്ഥയിൽ സ്വന്തം ആരൂഢങ്ങൾ നിർമ്മിച്ച് ഇണങ്ങിയും പിണങ്ങിയും ഇണചേർന്നും കഴിഞ്ഞുവന്ന പാമ്പിൻകുലങ്ങളെ അറിഞ്ഞ് ആരാധിച്ച പിതാമഹൻമാർ നാടൻകലകളിലെ വേഷങ്ങളിലും പുരനിർമ്മിതിയുടെ വാസ്‌തുവിദ്യയിലും നാഗരൂപങ്ങൾ കൊത്തിവച്ചു. കേരളത്തിലെ പ്രാചീനജൈന ബൗദ്ധ ആരാധനാബിംബങ്ങളിൽ കുടചൂടിയ നാഗബിംബങ്ങൾ കാണാം. കൃഷ്‌ണശിലകളിലെ ഈ നാഗമിഴികളും നാഗവടിവുകളുമാണ് കാവിന്റെ സംസ്‌കൃതിയെ കാത്തുപോന്നത്. പ്രാകൃതിക നാഗാരാധനയ്‌ക്കുളള പിൻബലമായി മഹാഭാരത പുരാവൃത്തങ്ങൾ കടന്നുവന്നു. മിത്തിന്റെ പരിവേഷത്തിൽ കദ്രുവും വിനതയും ഗരുഡനും കഥാപാത്രങ്ങളായി ചൊല്ലിവന്നു. പാട്ടിലും കഥയിലും ആട്ടത്തിലും പഴഞ്ചൊല്ലിലും നാഗപ്പൊലിമകളുടെ മഹിമകൾ ഗ്രാമീണർ കാത്തുവന്നു. സമൂഹമനസ്സിന്റെ അടിയാധാരങ്ങളിൽ നാഗബിംബം എഴുതിവച്ചു. മുഖ്യ പുരാവൃത്തങ്ങളെ അപനിർമ്മിച്ച് നാട്ടുപുരാവൃത്തങ്ങളുടെ ശാഖകൾ പെരുത്തു. നാഗാരാധനയുമായി ബന്ധപ്പെട്ട നാട്ടുകഥകൾ കരയിലും ദേശങ്ങളിലും വളർന്നു. പഴമനസ്സുകൾ നാഗങ്ങൾക്ക് ഇടങ്ങൾ കണ്ടെത്തി. തെയ്യത്തിലും മറ്റ് നാടൻകലകളിലും അതിശക്തമായിത്തന്നെ നാഗരൂപകങ്ങൾ ആടിക്കളിച്ചു. ‘നാഗക്കെട്ട്’ മുഖത്തെഴുതിയ നാഗകന്നി, നാഗരാജാവ് എന്നീ തെയ്യങ്ങൾ ഉത്തരകേരളത്തിലെ തെയ്യാട്ടത്തിൽ ഉറഞ്ഞാടി. പടയണിപ്പാളയിലും മുടിയേറ്റിലെ മാറണിയലത്തിലും പൂതൻകളിപ്പൊയ്‌മുഖത്തിലെ അലങ്കാരങ്ങളിലും മൂർത്തമായ നാഗരൂപകത്തിന്റെ വിളയാട്ടമുണ്ടായി.
കേരളത്തിലെ ആദിമവാസികളുടെ കുലചിഹ്‌നമായിരുന്നു സർപ്പം. മനുഷ്യനും പാമ്പും തമ്മിലുളള ജൈവബന്ധത്തെ ഒരു ബന്ധുത്വവ്യവസ്ഥയാക്കി വികസിപ്പിക്കുകയും അതിന്റെ ജീവിതാവബോധം ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും ആവിഷ്‌കരിക്കുകയും ചെയ്‌തു. വംശപ്പൊലിമയുടെ മഹത്വം അംഗീകരിക്കുന്നതാണ് അനുഷ്‌ഠാനപരമ്പരകൾ. സർപ്പക്കാവിലെ വിളക്കും നൂറും പാലും വീണയുടേയും കുടത്തിന്റേയും സംഗീതവുമെല്ലാം ആദിപാരമ്പര്യത്തിൽ കണ്ണികോർക്കുന്നവയാണ്. കുലചിഹ്‌നവിശ്വാസസംഹിത രക്തബന്ധത്തിലധിഷ്‌ഠിതമാണ്. അതിന്റെ ഓർമ്മയ്‌ക്കായിട്ടായിരിക്കണം സർപ്പാരാധനയോടനുബന്ധിച്ച് കുരുതിയുടെ അനുഷ്‌ഠാനം നടത്തുന്നത്. മക്കളും പോരക്കുട്ടികളും കാരണവൻമാരും അടങ്ങുന്ന ഒരു കുടുംബത്തിന്റെ പങ്കാളിത്തവും ലഹരിയും കൂട്ടായ്‌മയും ഈ നാഗഅനുഷ്‌ഠാനപ്രക്രിയയിൽ പ്രകടമാണ്. സർപ്പാരാധനയിൽ ഊന്നിക്കൊണ്ട് ഒരു ജാതിസമൂഹവും അതിന്റെ ആശ്രയിച്ച് ഒരു ദേശക്കൂട്ടായ്‌മയും ഗ്രാമങ്ങളിൽ നിലനിന്നു. പുളളുവർ എന്ന വംശം നാഗാരാധനയുടെ പ്രപിതാമഹൻമാർ മാത്രമല്ല, ജൈവവൈവിദ്ധ്യത്തെക്കുറിച്ചുളള കേരളീയ ലോകവീക്ഷണത്തെ കാത്തുപോന്നവർ കൂടിയായിരുന്നു. സർപ്പാരാധനയിലൂടെ സർപ്പകോപങ്ങളിൽനിന്ന് രക്ഷിക്കുകയും നാവോറുപാട്ട്, കറ്റപ്പാട്ട് തുടങ്ങിയ നാട്ടുസംഗീത പാരമ്പര്യം നിലനിർത്തുകയും ചെയ്‌തുപോന്നു പുളളുവവംശം. വർഷസന്ധ്യകളിൽ ആയില്യക്കാഴ്‌ചകളായി ഈ പാമ്പിൻകുലത്തിന്റെ തോറ്റംപാട്ടുകൾ അവർ പാടി. അഷ്‌ടനാഗങ്ങളെ പഞ്ചവർണ്ണപ്പൊടികൊണ്ട് കൂട്ടിക്കെട്ടി കളത്തിൽവരുത്തി പരാതികൾകേട്ട് തിരിച്ചയച്ച പുളളുവവംശം. തുളളാനിരുന്ന കന്യകമാരിൽ ആവേശിച്ച നാഗമേതെന്ന് അന്വേഷിച്ച അവരുടെ പരിദേവനങ്ങൾ കേട്ട കാതുകൾ. പാമ്പിൻകുലത്തിന്റെ നിലനിൽപ് ഒരു അന്യോപദേശനാടകരൂപത്തിൽ അവതരിപ്പിച്ച് ദേശമനസ്സിന്റെ ആശ്വാസമന്ത്രമായി സർപ്പാരാധന നിലനിന്നു. കളം, പാട്ട്, തുളളൽ എന്നിങ്ങനെ മൂന്ന് ക്രിയകൾ കൂടിച്ചേർന്ന രംഗാവതരണഘടന കളമെഴുത്തിനുണ്ട്.
നാഗക്കെട്ടുകൾ ഒരു ചിഹ്‌നഭാഷയാണ്. ശിരസ്സുകൾ, കെട്ടുകൾ ഇവയുടെ എണ്ണം കൂട്ടിയും പെരുക്കിയും നാഗക്കളങ്ങൾ നിർമ്മിക്കാവുന്നതേയുളളു. അടിസ്‌ഥാനപരമായ ചില ചിഹ്‌നങ്ങൾകൊണ്ടും മോട്ടീഫുകൾകൊണ്ടും അടയാളങ്ങൾകൊണ്ടും എത്ര ബൃഹത്‌രൂപത്തിലേയ്‌ക്കും ലഘുരൂപത്തിലേയ്‌ക്കും വ്യാപിപ്പിക്കാൻ കഴിയുന്ന ഭസ്‌മക്കളത്തിൽനിന്ന് ആരംഭിച്ച് സർപ്പയക്ഷിക്കളം, നാഗയക്ഷിക്കളം ഇവയിലൂടെ അവസാനം നാഗരാജക്കളമെഴുതി നാഗപ്പൊലിമ തീർക്കുന്നു. പുളളുവർ പാരമ്പര്യമായി എഴുതിയിരുന്ന കളങ്ങൾ 71 എണ്ണമാണെന്ന് ചിലർ പറയുന്നുണ്ട്. കെട്ടുകൾകൊണ്ട് കളത്തിൽ അർദ്ധവൃത്തം, വൃത്തം, സമചതുരം, സമഭുജകോണം എന്നീ ജ്യാമിതീയ രൂപമാതൃകകൾ സൃഷ്‌ടിക്കുന്നു. കെട്ടുകയും അഴിക്കുകയും ചെയ്യുക എന്ന സങ്കൽപം ഈ ചിത്രങ്ങൾക്കുണ്ട്. ‘കെട്ടുക’ എന്നുപറഞ്ഞാല നാഗരൂപനിർമ്മിതിയാണ് (നാഗത്തിന്റെ സൃഷ്‌ടിയും വരവും). ഇതിന് വരവുപാട്ടുണ്ട്. ‘അഴിക്കുക’ എന്നു പറഞ്ഞാൽ നാഗത്തിന്റെ ലയവും തിരിച്ചുപോക്കുമാണ്. ‘കെട്ടിയണിയുക’ എന്നാണ് സർപ്പക്കള നിർമ്മിതിയുടെ സാങ്കേതികനാമം. പലതരം കെട്ടുകൾ ഉളളതിൽ പ്രധാനപ്പെട്ടതാണ്. പവിത്രക്കെട്ടും ഇണക്കെട്ടും. ഇത്തരം കെട്ടുകളുടെ അടിസ്‌ഥാനമാതൃകകൾ കൊണ്ട് നാലുകോൺ, ആറുകോൺ, എട്ടുകോൺ എന്നിവ ഉണ്ടാക്കുന്നു. കെട്ടുകളുടെ ഏകകങ്ങൾ ആവർത്തിക്കുന്നതാണ് ഓരോ കളത്തിലും കാണുന്നത്. പാമ്പിന്റെ വളഞ്ഞുപുളഞ്ഞുളള ശരീരഘടനയും ഗതിവേഗവും ചുറ്റിപ്പിടുത്തവും ഘടനാപരമായി സ്വാംശീകരിച്ച രൂപസൃഷ്‌ടിയാണ് കെട്ട്. ഓരോ കെട്ടുകളും വ്യത്യസ്ത മാതൃകയിൽ കെട്ടിപ്പണിയുന്നു. കെട്ടിക്കഴിഞ്ഞാൽ ആ നാഗം പ്രത്യക്ഷപ്പെടുമെന്ന് വിശ്വാസമുണ്ട്. കുറുന്തിനിപ്പാട്ടിൽ വണ്ടോർകേശി ഒരു പാമ്പിന്റെ രൂപം വരച്ചപ്പോൾ അങ്കാരൻ എന്ന പാമ്പ് പ്രത്യക്ഷനായതായി പറയുന്നുണ്ട്.
കെട്ടുകൾകൊണ്ട് ഒരലങ്കാരക്കളം രൂപപ്പെടുന്നു. നടന്റെ ശരീരനൃത്തഭാഷകൊണ്ട് അതിമനോഹരമായ ശില്‌പം ഉണ്ടാകുന്നതുപോലെ നാഗദേവതയുടെ രംഗാവതരണമായി ഈ കെട്ടുകളുടെ ആവിഷ്‌കാരം മാറുന്നു. നാഗശരീരത്തിന്റെ ഒരലങ്കൃതനിലയാണ് ഈ കെട്ട്. കളത്തിൽ പ്രരൂപങ്ങൾക്ക് ജ്യാമിതീയ ഘടനയുണ്ടെങ്കിലും ഇവയ്‌ക്ക് ഇന്ത്യൻ താന്ത്രികചിത്രകലയുമായി ബന്ധമില്ല. തീർത്തും കേരളീയഗണിതവിദ്യയുടെ വർണ്ണലയമാണ് ഇവയിൽ കാണുന്നത്. ഇവയുടെ അളവും കണക്കും കൈവേലയുടെ സൃഷ്‌ടിയാണ്. അതൊരു കൈത്തഴക്കമാണ്. വളഞ്ഞുപുളഞ്ഞുളള ഈ കെട്ടുകൾ കാഴ്‌ചവട്ടത്തിൽ നിശ്ചലരൂപമല്ല സൃഷ്‌ടിക്കുന്നത്. പഞ്ചവർണ്ണങ്ങളിൽ വെളുത്തരേഖകളുടെ ഒഴുക്ക് നോട്ടക്കാരിൽ ചലനം സൃഷ്‌ടിക്കുന്നു. കളത്തിലെ മാന്ത്രികനൃത്തം കളംകാഴ്‌ചക്കാരനേയും സർപ്പംതുളളൽക്കാരെയും മാനസികമായി ബാധിക്കുന്നുണ്ട്. താളാത്‌മകമാണ് ഈ ചലനം. കളത്തിലിഴയുന്ന ഈ ചലനക്രമം കണ്ണിനേയും ശിരസ്സിനേയും ബാധിക്കുന്നതുകൊണ്ടാണ് സർപ്പംതുളളൽ സംഭവിക്കുന്നത്. പുളളുവക്കുടത്തിന്റെ മാന്ത്രികമായ ബ്രം ബ്രം എന്ന നാദവും വീണയുടെ ലയസ്വരവും ഈ മാനസികക്രിയയെ പ്രേരിപ്പിക്കുന്നുണ്ട്. കാഴ്‌ചയിലൂടെയും ചെവിയിലൂടെയും കലരുന്ന ഈ ചലന&മന്ത്രം പിണിയാളെ ആട്ടത്തിനു വിധേയമാക്കുന്നു. കളത്തിൽനിന്ന് ആട്ടത്തിലേക്കു മാറുന്ന രൂപാന്തരീകരണമന്ത്രവാദം ഈ അനുഷ്‌ഠാനത്തിലുണ്ട്. ഇത് അങ്കമോ രംഗമോ ആയി വിഭജിക്കപ്പെടുന്നില്ല. ഈ മന്ത്രഗതി പ്രേക്ഷകരിലും നടക്കുന്നുണ്ട്. പ്രേക്ഷകർതന്നെ ചിലപ്പോൾ പിണിയാളായി മാറാറുണ്ട്. കളം മായ്‌ക്കാൻ ചിലപ്പോൾ അവരും തുളളിയെത്താറുണ്ട്.
നാഗരൂപങ്ങൾ കെട്ടിയണിഞ്ഞുകഴിഞ്ഞാലാണ് വീണയും കുടവും കിണ്ണവും ശബ്‌ദിക്കുന്നത്. പുളളുവന്റെ നാഗപ്പാട്ടുകൾ ചിത്രക്കാഴ്‌ചയ്‌ക്ക് പശ്ചാത്തലമൊരുക്കുന്നു. തോജോമയമായ പ്രകൃതിവർണ്ണങ്ങൾകൊണ്ട് പ്രകാശിപ്പിക്കപ്പെട്ട അകക്കളത്തിലെ നാഗങ്ങൾ ശ്രുതികേട്ടുണരുന്നു. ചിത്രത്തിന് പ്രകാശം നൽകുന്നത് വിളക്കുകളാണ്. ഭഗവതിക്കളത്തിലെന്നതുപോലെതന്നെ കരിപ്പൊടിയാണ് ആദ്യം വിതറുന്നത്. കരിക്കളമാണ് സർപ്പക്കളത്തിന്റെ ഭൂമിക. കറുപ്പിനു മുകളിൽ അതിതീഷ്‌ണമായ വിരുദ്ധനിറങ്ങൾ ഉദിച്ചുനിൽക്കുന്നു. കൈവിരൽകൊണ്ടും കളച്ചിരട്ടകൊണ്ടുമാണ് വടിവുകൾ വാർന്നുവീഴുന്നത്. പന്തലിൽ നാലുദിക്കുകളിലും കത്തുന്ന എണ്ണവിളക്കുകൾ ഈ നിറങ്ങൾക്ക് പ്രകാശംകൊടുക്കുന്നു. കരിക്കളത്തിനു മുകളിൽ കൈരേഖകൾകൊണ്ട് നാഗരൂപങ്ങൾ വരച്ച് അടയാളമിടുകയാണ് രണ്ടാമത് ചെയ്യുന്നത്. അഞ്ചുവിരലിന്റെയും പാടുകൾ കളത്തിലുണ്ടാകും. ചിത്രസ്‌ഥലത്തിൽ സമമിതമായി കൈത്തഴക്കത്തിലൂടെ ഈ കൈരേഖകൾ വാർന്നുവീഴുന്നു. ഉചിതമായ സ്‌ഥല&രൂപക്രമീകരണം ഓരോ പുളളുവന്റേയും കൈത്തഴക്കത്തിലുണ്ട്. നാഗക്കെട്ടുകളുടെ പൊരുത്തവും ഭാഷയും പ്രത്യേകതകൾ നിറഞ്ഞതാണ്. നാഗക്കെട്ടുകൾ ഒന്നിനുമീതേയായി കെട്ടുമ്പോൾ ‘മുറിപ്പടം’ വരാതെ ശ്രദ്ധിക്കാറുണ്ട്. മുറിപ്പടം വന്നാൽ കളം നേരെയാകില്ലെന്ന് വിശ്വസിക്കുന്നു. കൈകൊണ്ടുളള ഈ സ്‌കെച്ചിലാണ് പിന്നീട് നിറങ്ങൾ ഇടുന്നത്. തളളവിരൽ, ചൂണ്ടാണിവിരൽ, നടുവിരൽ ഇവകൊണ്ട് നിറങ്ങൾ എടുത്ത് വളഞ്ഞ രേഖകൾ ഇടുന്നു. അലങ്കാര മോട്ടീഫുകളും പുറംവരകളും ഇടാൻ കളച്ചിരട്ട (കളക്കുടുക്ക)കളും ഉപയോഗിക്കാറുണ്ട്. ഒരു ചിരട്ടക്കുടുക്കയിൽ പൊടിനിറച്ച് ദ്വാരങ്ങളിലൂടെ പൊടി തട്ടിക്കൊടുക്കുന്ന രീതിയാണിത്. നിറപ്പൊടികളിൽനിന്ന് രൂപവിതാനമൊരുക്കുന്ന ഒരു നാടോടിസങ്കേതമാണ് ഈ കുടുക്കകൾ. കളത്തെ വിപുലപ്പെടുത്തുന്നതിനും പുതിയ അലങ്കൃതചിഹ്‌നങ്ങൾ രചിക്കുന്നതിനും സഹായിക്കുന്നതാണ് ഈ കുടുക്കകൾ. സർപ്പക്കളത്തിന്റേതുമാത്രമായ ലാവണ്യമായി ബന്ധപ്പെട്ട പ്രതീകങ്ങളാണ് ഇവിടെ വരയ്‌ക്കുന്നത്. തുടർന്ന് നാഗോൽപ്പത്തിയും വംശാവലിയും പാടിതെളിയുന്നു.
വീരഗുഹൻ, ശിഖിനാഗൻ, വീണനാഗൻ, ശതമഖൻ, മുൽഗ്ഗരൻ, നീലകണ്‌ഠൻ, ശ്രീമുക്തൻ, ശ്രീനീലൻ, ശ്രീകണ്‌ഠാലയൻ, ഇണനാഗം, ചുറ്റുന്ന ഗജവീരൻമാർ, ഇരിക്കുനാഗൻ, വാടാർമല്ലൻ, ആധാരകൻ, ചുറ്റിപ്പിണയൻ, ഇരുമ്പാമ്പ്, സർപ്പവീരൻമാർ, ഓംജാരകൻ, ദേവപ്രഭൻ, സൂര്യാനാഗം, നീലവർണ്ണൻ, വിവിക്‌തകൻ, ആറുകോണനാഗൻ, നിരാശ്രയൻ, പത്‌മപ്രിയൻ, നിരുപമൻ, സുപ്രദീകൻ, വിഭാവസു, ചന്ദരൻമാർ, തന്വാങ്ങി, ചിൽസ്വരൂപൻ, കശ്‌ചലൻ, സൽഘൃണൻ, കർക്കശൻ, സർപ്പകുലാധിപൻ, ചൂഴവൻ, നിർമ്മൻ, നിഗ്രഹൻ, ഹസ്താഞ്ജലി, തുടങ്ങി 71 തരം നാഗപരമ്പരകളുടെ രൂപമാതൃകകൾ പുളളുവർ വരയ്‌ക്കാറുണ്ടായിരുന്നു. കെട്ട്, നാഗഫണം, കെട്ടുകളുടെ എണ്ണം, കെട്ടുകളുടെ ജ്യാമിതീയ ഘടന ഇവയുടെ ഫോർമുലകൾകൊണ്ട് അനന്തനാഗരൂപങ്ങൾ നിർമ്മിക്കാൻ കഴിയുന്ന ഒരു കളഭാഷ പുളളുവർക്കറിയാമായിരുന്നു. നിലത്തെഴുതുന്ന ഈ ചിത്രങ്ങളുടെ കാഴ്‌ചവട്ടം പ്രത്യേകരീതിയിലുളളതാണ്. ഒരു കാഴ്‌ചയ്‌ക്കപ്പുറം ഇതൊരു അനുഷ്‌ഠാനത്തിന്റെ പരിസമാപ്തിയാണ്. കളത്തിന് നാലുമൂലപ്പന്തലുളളതുകൊണ്ട് മുകളിൽനിന്നുളള കാഴ്‌ച അപ്രായോഗികമാണ്. ഫോട്ടോഗ്രാഫിക്കും കൃത്യമായി ഇവ പകർത്താനാകില്ല. പാർശ്വങ്ങളിൽ നിന്നുളള കാഴ്‌ചയ്‌ക്ക് പ്രാധാന്യമുളള കളത്തിന്റെ രൂപസാകല്യം മുഴുവൻ ലഭിക്കുന്നത് പ്രേക്ഷകൻ നടന്നു നീങ്ങുമ്പോഴാണ്. വലത്തോട്ടു ചുറ്റിനടന്നാലേ കളക്കാഴ്‌ച പൂർണ്ണമാകൂ. മിത്തിന്റെ പരിവേഷമുളള നാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് അതിഗംഭീരമായാണ് നാടോടികൾ ആഘോഷിക്കുന്നത്. ഭൂമിയിൽനിന്ന് എഴുന്നുവരുന്നതുപോലെയുളള ഈ നാഗ എഴുത്തിന്റെ സവിശേഷമായ ഭാഷ നാഗചിത്രലിപിയുമായി ബന്ധപ്പെട്ടതാണ്. തെയ്യത്തിൽ നാഗംതാത്തെഴുത്ത് എന്നൊരു മുഖത്തെഴുത്തുരീതി തന്നെയുണ്ട്.
സർപ്പാരാധനയ്‌ക്ക് അടിത്തറയായി കേരളത്തിൽ വികസിച്ചുവന്ന ഒരു ജ്ഞാനപദ്ധതിയാണ് വിഷചികിത്‌സ. ആധുനിക വൈദ്യസമ്പ്രദായത്തെക്കാളും ശാസ്‌ത്രീയമായ വിഷചികിൽസയുടെ ജ്ഞാനരീതികൾ ഏറെയാണ്. നാരായണീയം, ജ്യോൽസ്നിക, പ്രയോഗസമുച്ചയം, കാലവഞ്ചനം, നാൾപ്പകർച്ച, വൃദ്ധകാശ്യപീയം, ഉഡ്‌ഢീശം, ഉൽപലം, ഹരമേഖല, ലക്ഷണാമൃതം, ചന്ദ്രിക, വിഷചന്ദ്രിക, തൂവെണ്ണിലാവ്, വിഷവൈദ്യംപാട്ട്, വിഷമോചനം, വിഷവിവേകം, വിഷനാരായണീയം ഗദ്യം തുടങ്ങി അനവധി പ്രാചീനഗ്രന്ഥങ്ങൾ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. അഷ്‌ടാംഗഹൃദയത്തിലെ അഗദതന്ത്രം വിഷചികിൽസയെപ്പറ്റി പറയുന്നതാണ്. പുളളയാർ പടലം എന്ന തമിഴ് ഗ്രന്ഥമാണ് ഏറ്റവും പ്രാചീനമായ വിഷവൈദ്യഗ്രന്ഥം. നാട്ടുവിരുത്തത്തിലാണിത് രചിച്ചിരുന്നത്. പ്രാചീന വിഷമന്ത്രങ്ങളിലും തമിഴിന്റെ സ്വാധീനമുണ്ട്. ഈ സമ്പ്രദായഭേദങ്ങളെയും വിവിധ വിഷചികിൽസാ നാട്ടറിവുകളേയും ക്രോഡീകരിച്ചതാണ് ശ്രീ. വി.എം. കുട്ടികൃഷ്‌ണമേനോന്റെ ക്രിയാകൗമുദി. ഇതേപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായം ഇപ്രകാരമാണ് “കേരളത്തിന്റെ തനിമ ഫലവിഷയത്തിൽ ആര്യവിജ്‌ഞ്ഞാനത്തിൽനിന്നും എത്രയോ ഉപരിയായിത്തന്നെ സ്‌ഥിതി ചെയ്യുന്നു. മുൻപറഞ്ഞ ഗ്രന്ഥങ്ങളിലെല്ലാംതന്നെ കൂടുതലായി സ്വീകരിച്ചുകാണുന്നത് കേരളീയരുടെ പാരമ്പര്യ വിജ്ഞാനത്തെത്തന്നെയാണ്.” കേരളത്തിലെ ‘നാഗാരാധന യജ്ഞ’ത്തിന്റെ പ്രാചീനചരിത്രവും നാട്ടറിവും അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. സർപ്പചികിൽസയ്‌ക്കാധാരമായ സാംസ്‌കാരിക ചരിത്രവും അതിൽ അടങ്ങിയിരിക്കുന്നു.
ഗ്രാമങ്ങളിലായി ചുറ്റി നടന്നിരുന്ന കുറവൻമാർക്കുപോലും വിഷവൈദ്യം അറിയാമായിരുന്നു. മണ്ണാൻവൈദ്യപാരമ്പര്യവും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ല. പാമ്പിൻകൂടയുമായി ഊരുചുറ്റുന്ന കുറവന് പാമ്പ് വിജഞ്ഞാനവും വിഷവൈദ്യവും മന്ത്രവും അറിയാം. മലയൻമാരും വിഷഹാരികളായിരുന്നു. കേരളീയ വിഷവൈദ്യത്തിന്റെ പ്രാചീനഗുരുക്കൻമാരായി ഗണിക്കുന്നത് ചെറുളിപ്പട്ടർ, നഞ്ചുണ്ടനാഥൻ എന്നിങ്ങനെ രണ്ടുപേരെയാണ്. ഓരോ ജീവിസമൂഹത്തിന്റെയും സൂക്ഷ്‌മമായ വിഷസമ്പർക്കത്തെപ്പറ്റി വിശകലനം ചെയ്യുന്ന ഈ കേരളിയ നാട്ടറിവുകളെ പുച്ഛത്തോടുകൂടി നോക്കുകയാണ് ആധുനികതയുടെ വിജ്ഞാനങ്ങൾ ചെയ്‌തത്. എന്നാൽ അലോപ്പതിക്കാർക്കുകൂടി അജ്ഞാതമായ വിഷമേഖലകൾ, പരിസ്‌ഥിതി മലിനീകരണം എന്നിവയെക്കുറിച്ചുളള നാട്ടറിവുവിധികൾ ഈ വിഷചികിൽസയിൽ കാണുന്നുണ്ട്. ശംഖുപാലൻ, കൃഷ്‌ണസർപ്പം, മഹാപദ്‌മൻ, തുടങ്ങി 26തരം മൂർഖൻമാരും ശ്വേതൻ, കുടിലൻ തുടങ്ങി 16 തരം മണ്‌ഡലികളും പുണ്‌ഡരീകൻ, അഹിശ്രേഷ്‌ഠൻ തുടങ്ങി 13 തരം രാജിലങ്ങളും ഉണ്ടെന്നും മാംഗുലി തുടങ്ങി മൂന്നുതരം വേന്ദ്രൻമാരുണ്ടെന്നും നാട്ടുശാസ്‌ത്രങ്ങളിൽ പറയുന്നു. ത്രിദോഷങ്ങളുടെ അടിസ്‌ഥാനത്തിൽ വിഷത്തിന്റെ വ്യാപനത്തെപ്പറ്റിയും ലക്ഷണത്തെപ്പറ്റിയും അവയിൽ ധാരാളം വിവരിച്ചിട്ടുണ്ട്. പാമ്പിന്റെ ഇനത്തെ തിരിച്ചറിയുന്ന രീതി തുടങ്ങിയവയിലെല്ലാം ഒരുപാട് കഥകളുണ്ട്. പാമ്പിന് മാത്രമല്ല, മനുഷ്യനും കുതിരയ്‌ക്കും കീരിയ്‌ക്കും വിഷമുണ്ട്. കീരി കടിച്ചാൽ കണ്ണ് ചുമക്കുമത്രേ. കുതിര കടിച്ചാൽ ഉറക്കം തൂങ്ങുമത്രേ. ഇതെല്ലാം കണ്ടറിവുകൾ. വിഷവൈദ്യവിദ്യ കേരളം ലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനയാണ്. ആധുനിക കേരളം അത് അവഗണിച്ചു. 21-ാം നൂറ്റാണ്ടിൽ കേരളത്തിനു വേണ്ടത് നാട്ടുവിജ്ഞാനങ്ങളുടെ സർവ്വകലാശാലയോ കേരളവിദ്യാമണ്‌ഡലമോ ആണെന്ന് വി.എം. കുട്ടികൃഷ്‌ണമേനോൻ പറയുകയുണ്ടായി.
കരാളി, മഗരി, കാളരാത്രിചയമദൂതി എന്നിങ്ങനെ പാമ്പിന്റെ പല്ലുകൾ പതിഞ്ഞിട്ടുളളതിന്റെ ആഴത്തിനനുസരിച്ചുളള പേരുകൾ പോലും നാട്ടുവിഷവൈദ്യഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. ഇതുപോലെ അനവധി നാഗപ്പൊലിമകൾ കൃത്യമായി പറഞ്ഞിരുന്ന പഴമനസ്സുകൾ ഇന്നില്ല. ഒന്നുമുതൽ പത്തുവരെയുളള വിഷവേഗവും കൃത്യമായി നിർണ്ണയിച്ചിരിക്കുന്നു. വേർപ്പത് ആദിവേഗം….. പത്താം വേഗത്തിൽ പട്ടായൊരു രാശിഫലം. നാ കമണികാന്തി, പാമ്പ് കടിച്ചാൽ കളിക്കുകയും ചിരിക്കുകയും കൈകൊട്ടി ആർക്കുകയും ചെയ്യുമത്രേ. മന്ത്രങ്ങൾ നിറഞ്ഞ വിഷവിദ്യയും ഔഷധപ്രയോഗങ്ങൾ നിറഞ്ഞ വിഷവൈദ്യവും സമാന്തരമായി ഇവിടെ വളരുകയുണ്ടായി.
Generated from archived content: kalam1_sept4_07.html Author: crrajagopalan