നാടൻ ജലസേചന യന്ത്രങ്ങൾ

പുഴയോരത്തെ ജനങ്ങൾക്ക്‌ ജലവിനിയോഗത്തിന്റെ നാട്ടുശാസ്‌ത്രങ്ങൾ അറിയാമായിരുന്നു. ജലത്തിന്റെ ഉചിതവും സന്തുലിതവുമായ വിനിയോഗ മാർഗ്ഗങ്ങളായിരുന്നു അത്‌. നാടൻ ജലക്കൊയ്‌ത്തുതന്നെയായിരുന്നു അവ. പാടത്തും പറമ്പിലും പുഴയോരത്തും പുഴയിൽതന്നെയും ജലക്കൊയ്‌ത്ത്‌ നടത്തിയിരുന്നു. വേനൽ കൃഷിയ്‌ക്ക്‌ പുഴയെയാണ്‌ ആശ്രയിച്ചിരുന്നത്‌. ഉയരമുളള പറമ്പുകളിലേക്ക്‌ വെളളമെത്തിക്കുന്ന തേമാടിത്തേക്ക്‌ ഇന്നും അപൂർവ്വമായി ഉണ്ട്‌. കാളത്തേക്ക്‌, തുലാത്തേക്ക്‌, ചക്രം, വേത്ത്‌, പെട്ടിയും പറയും തുടങ്ങിയ വിവിധ ജലവിനിയോഗ മാർഗ്ഗങ്ങളുണ്ടായിരുന്നു. ഇതെല്ലാം നാടോടികരകൗശലത്തിന്റെ ഭാഗമായി. കൂരി, പോതിര, കൂട, തുലാക്കൊട്ട എന്നീ ഭാഗങ്ങൾ തുലാത്തേക്കിന്റെ ഭാഗങ്ങളാണ്‌. ചക്രത്തിൽ 3 ഇലച്ചക്രം മുതൽ 21 ഇലചക്രം വരെയുണ്ട്‌. നാലില ചക്രത്തെ നാലിലക്കുട്ടി എന്നു വിളിക്കുന്നു. ഇത്‌ ഒരാൾക്കു തന്നെ ചവിട്ടാവുന്നതാണ്‌. 7 ഇല ചക്രത്തിന്‌ മൂന്നുപേരും 11 ഇല ചക്രത്തിന്‌ നാലുപേരും 21 ഇല ചക്രത്തിന്‌ ഏഴ്‌ പേരും വേണം. വളരെ താഴ്‌ചയുളള സ്ഥലത്തുനിന്ന്‌ വെളളമെത്തിക്കുവാൻ മൂന്നു ഘട്ടങ്ങളായി 11 ഇലച്ചക്രം, 7 ഇലച്ചക്രം, 4 ഇലച്ചക്രം എന്നിങ്ങനെ ഉപയോഗിച്ച്‌ കയറ്റിയിരുന്നു. ആനപ്പന നടുപൊളിച്ച്‌ പാത്തിയുണ്ടാക്കി അതിലൂടെ വെളളം അയതിലേക്ക്‌ തിരിച്ചുവിടുന്നു. അതിരാവിലെയാണ്‌ തേവ്‌ നടത്തിയിരുന്നത്‌. വേത്ത്‌ തേവാൻ ഒരാൾ മതി. കയറ്റുകൊട്ടക്ക്‌ രണ്ടുപേർ വേണം. തുലാൻ രണ്ടുതരമുണ്ട്‌. കൂരിത്തുലാനും സാധാരണ തുലാനും തേവാൻ നില്‌ക്കുന്ന സ്ഥലമാണ്‌ മെതി. ഇത്‌ കവിങ്ങിന്റെ അലകുകൾ കൊണ്ടുണ്ടാക്കുന്നു. വെളളം വന്നു വീഴുന്ന സ്ഥലമാണ്‌ പടുക്ക. തേവാനുളള തുമ്പി പോത്തിന്റെ തോലു കൊണ്ടുണ്ടാക്കുന്നു. ഒരു പറനിലത്തിന്‌ 250-300 കൊട്ട വെളളം തേവണം. സാധാരണ 60-65 കൊട്ട നനച്ചാൽ മതി. ഓരോ വിളക്കും എത്ര തേവണം, തിരിക്കണം എന്നതെല്ലാം നാട്ടാർക്കറിയാമായിരുന്നു. നെൽകൃഷിക്ക്‌ വിത്തുവിതച്ചാൽ 3 ദിവസത്തിനുളളിൽ വെളളം മാറ്റണം അല്ലെങ്കിൽ വിത്ത്‌ പുളിച്ചുപോകും. തുടർന്ന്‌ ഏഴാം ദിവസം മുതൽ വെളളം കയറ്റണം. മറ്റു വിളകൾക്ക്‌ ഒന്നരാടം, മൂന്നിടവിട്ട്‌ എന്നിങ്ങനെ നനക്കണക്കുപോകുന്നു. കണ്ടത്തിൽ തേവുമ്പോൾ കുരിയൽ പക്ഷികൾ വെളളം പരക്കുന്നതിന്റെ ഒപ്പം നീങ്ങിക്കൊണ്ടിരിക്കും. ചക്രം ചവിട്ടിന്റെ കണക്കറിയാൻ ചിരട്ടയിൽ തുളയിട്ട്‌ വെളളത്തിൽ വയ്‌ക്കും. ഓരോ നിലത്തിന്റേയും ആയക്കെട്ടനുസരിച്ചാണ്‌ ജലസേചനം നടത്തിയിരുന്നത്‌. ‘വാലുപിടിച്ചാൽ വരമ്പത്തു ചാടും’ എന്നത്‌ പോത്തിനെപ്പറ്റിയുളള ചൊല്ലാണ്‌. തുലാൻ തേവുമ്പോൾ ‘കൂട്‌’ എന്നതായിരുന്നു കണക്ക്‌. അപ്പോൾ ഒരുപാട്ടു പാടും. ‘ഒന്നേ ഒന്നേ പോയ്‌ ഒരു കൂടം വെളളം തേയോ’ എന്നിങ്ങനെ. ഒരു ‘കൂട്‌’ 200 കൊട്ട വെളളമാണ്‌. ഇങ്ങനെ പുഴയിലെ വെളളം കൃഷി വ്യവസ്ഥയ്‌ക്കനുസരിച്ച്‌ സംയോജിതമായി ഉപയോഗിക്കുന്ന നാട്ടുവിദ്യകൾ ഇല്ലാതായി. മോട്ടറുകളും പുതിയ കോൺക്രീറ്റ്‌ കനാലുകളും അമിതമായ ജലചൂഷണം നടത്തി.

Generated from archived content: nattarive1_oct6_08.html Author: cr_rajagopal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here