പുഴയുടെ നാട്ടറിവ്‌

നദികൾ സംസ്‌ക്കാരത്തിന്റെ വിളനിലങ്ങളാണ്‌. നൂറ്റാണ്ടുകളായി നീർത്തടത്തിന്റെ ശ്രോതസ്സുകൾ നിലനിർത്തിക്കൊണ്ട്‌ ഒഴുകുന്ന മലനാട്ടിലെ ചെറുതും വലുതുമായ പുഴകളുടെ തീരത്താണ്‌ നാടോടി സമഗ്രത തഴച്ചുവളർന്നത്‌. കാട്ടായ്‌മകളും നാട്ടായ്‌മകളും എന്നും പുഴയെ സംരക്ഷിക്കുകയും കാത്തുപോരുകയും പുഴമയുടെ വഴക്കത്തെ നാടൻ കലകളിൽ പൊലിക്കുകയും ചെയ്‌തു വന്നു.

കുന്നു പൊലിക, പുഴ പൊലിക

കുളം പൊലിക, കന്നു പൊലിക

മണ്ണു പൊലിക, നാടുപൊലിക; എന്ന്‌ വാമൊഴിപ്പാട്ട്‌ കവികൾ പാടിയപ്പോൾ മലനാടു മുതൽ നെയ്‌തൽ വരെയുളള നാടിന്റെ ‘തിണ’യുടെ സങ്കല്പവും ഹരിത പൈതൃകവുമാണ്‌ അവതരിപ്പിച്ചത്‌. കാടുകളും പുഴകളും കുളങ്ങളും മൃഗങ്ങളും മണ്ണും അടങ്ങിയ ജൈവ വൈവിധ്യത്തിന്റെ പ്രാകൃത ആഘോഷമാണ്‌ ഈ പൊലിപ്പാട്ടിലുളളത്‌.

കാടും നദികളും

ചോല വനങ്ങളും പുൽമേടുകളും മഴക്കാടുകളും നിറഞ്ഞ പശ്ചികഘട്ടത്തിലെ വൈവിധ്യമാർന്ന കാടുകൾ നീഴൊക്കിന്റെ പ്രഭവ കേന്ദ്രങ്ങളായിരുന്നു. കാലവർഷത്തിലും തുലാവർഷത്തിലും പെയ്യുന്ന ജല സമൃദ്ധികൊണ്ട്‌ സജീവമായി പുഴകൾ കനക്കുന്നു. കിഴക്കൻ കരു, വിയർപ്പ്‌ കരു, കുളനീര്‌, പനിനീര്‌, മലനീര്‌, ഊർനീര്‌ എന്നീ ആറു നീരുകൾ നിറഞ്ഞ കേരളം ശീതഭൂമി-തണ്ണീർത്തട ആവാസ വ്യവസ്ഥ-യായിരുന്നുവെന്ന്‌ പഴമക്കാർ പറയുന്നു. 60 യോജന നീളവും 100 യോജന വീതിയുമുളള ഒരു സാങ്കല്പിക ‘പറ’യിൽ കൊളളുന്ന മഴയത്രയും ഇവിടെ പെയ്‌തിരുന്നു. ചോലനീരും കാട്ടരുവികളും ചാലുകളും ‘കുട്ടികളും’ ചതുപ്പുകളും ചേർന്ന്‌ ആയിരക്കണക്കിന്‌ തണ്ണീർത്തടങ്ങൾ പുഴകളുടെ നാട്‌ എന്നറിയപ്പെട്ടു. എന്നാൽ ഇന്ന്‌ ഓരോ പുഴയോര ഗ്രാമവും കണ്ണീർത്തടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. കാടിനകത്തെ പ്രകൃതിദത്ത റിസർവോയറുകളിൽ നിന്ന്‌ ഊർന്നിറങ്ങിയ കാട്ടരുവികൾ. പ്രകൃതി കാരുണ്യങ്ങൾ ഏറ്റുവാങ്ങി ‘വര’കളിലേയും ‘മുടി’കളിലേയും ആദിവാസി സംസ്‌കാരത്തെയും താഴ്‌വരയിലെ ഗ്രാമീണ ജീവിതത്തേയും തണുപ്പിച്ചുകൊണ്ട്‌ കടലിൽ വിലയം കൊണ്ട നാല്‌പതിൽപരം പുഴകൾ. ആനമല, കോടശ്ശേരി, പറമ്പിക്കുളം, നെല്ലിയാമ്പതി, കുരു, നീലഷോളയാർ, പൂവാർ, അഗസ്‌ത്യകൂടം മലനിരകളിൽ നിന്ന്‌ ഒരിക്കലും അവസാനിക്കാതിരുന്ന പ്രവാഹം. നൂറ്റാണ്ടുകൾക്കു മുൻപ്‌ പെയ്‌ത പെരുമഴകൾ ഏറ്റുവാങ്ങി സൂക്ഷിച്ച കാട്ടുമണ്ണ്‌. മേടുകളിലെ ചതുപ്പിൽ നിന്ന്‌ നാലുപുറത്തേയ്‌ക്കും പരന്നൊഴുകിയ കാട്ടുചോലകൾ. ലോകത്തിലെ ഏതൊരു നദിയെപ്പോലെയും സമ്പന്നമായ നാടോടി സംസ്‌കാരത്തിനുദയം നൽകിക്കൊണ്ട്‌ മലനാട്ടിലെ പുഴകൾ ഒഴുകി.

ചന്ദ്രഗിരിപ്പുഴ മുതൽ അച്ചൻകോവിലാർ വരെയുളള നദികൾ. എല്ലാ പുഴകൾക്കും പറയുവാനുണ്ട്‌ ഓരോ പുരാവൃത്തങ്ങൾ. എല്ലാ നദികൾക്കും പറയുവാനുണ്ട്‌ വെളളപ്പൊക്കത്തിന്റെ കഥകൾ. കാരണവർ കുലത്തിന്റെ ഓർമ്മകളിൽ വെളളപ്പൊക്കത്തിന്റെ വിവരണങ്ങളുണ്ട്‌. ഒരു ദേശത്തിന്റെ ആവാസഭൂമികയുടെയും തണ്ണീർത്തടത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രം നിർണ്ണയിച്ചത്‌ വെളളപ്പൊക്കങ്ങളായിരുന്നു. മലമട്ടു വന്നതും കര വച്ചതും കൃഷി വികസിച്ചതും പ്രാദേശിക ജലസേചന രീതികൾ രൂപപ്പെട്ടതും നദികളുടെ കുത്തൊഴുക്കിലൂടെയായിരുന്നു. താഴ്‌വരകളിൽ ഡെൽറ്റകൾ രൂപപ്പെട്ടു. വനങ്ങളിലെ ധാതുക്കൾ കലർന്ന്‌ മണ്ണ്‌ സമൃദ്ധമായി. നൂറ്റാണ്ടുകളായി മലമട്ട്‌ അടിഞ്ഞുകൂടിയ ഈ പ്രദേശങ്ങൾ വയലുകളായി. പലപ്പോഴും നദികൾ വഴിമാറിയൊഴുകി. പുതുനദികൾ രൂപപ്പെട്ടു. ജൈവവൈവിധ്യത്തിന്‌ ആധാരമായ ജീവന്റെ സ്രോതസ്സുകൾ മുളപൊട്ടി. മുപ്പതോളം കായലുകൾ രൂപപ്പെട്ടു. പീഠഭൂമികളുടെ താഴ്‌വരകളിൽ തടാകങ്ങളും ദ്വീപുകളും ഉണ്ടായി. ചരിത്ര പ്രസിദ്ധമായ തുറമുഖങ്ങൾ ലോകമറിഞ്ഞു.

മഴയും പുഴയും

നാല്‌പത്തിനാലു നദികളുളള ശരാശരി മൂവായിരം മി.മീ. മഴ ലഭിക്കുന്ന ലോകത്തിലെ തന്നെ അപൂർവ്വമായ ഒരു പ്രദേശമാണ്‌ കേരളം. നദികളിലൂടെ ഒലിച്ചുവരുന്ന എക്കൽ മണ്ണിന്റെ ജൈവിക സാന്നിദ്ധ്യം കൊണ്ട്‌ സമ്പന്നമായ മരുത നിലത്തിൽ അലിവും നനവുമുളള വ്യവസ്ഥയുണ്ടായിരുന്നു. “മലയാളമാം ദേശത്തങ്ങലിവേറുമേ ഭൂമിക്കു നിർണ്ണയം” എന്ന്‌ ഭാരതപ്പുഴയുടെ തീരത്തുനിന്നു ലഭിച്ച കൃഷിപ്പാട്ടിൽ നാടോടി കർഷകർ നമ്മുടെ മണ്ണിന്റെ സ്വഭാവം നിർണ്ണയിച്ചിരുന്നു. ജലാംശത്തെ പിടിച്ചു നിർത്തു​‍ുന്ന സംഭരണികൾ തന്നെയാണ്‌ നദീതടങ്ങളും കായൽനിലങ്ങളും കോൾ നിലങ്ങളും. മുപ്പതു ലക്ഷം കിണറുകൾക്കു പുറമേ എണ്ണമറ്റ കുളങ്ങളും പളളങ്ങളും ചാലുകളും പൊഴികളും നിറഞ്ഞ കേരളം ഇന്ന്‌ ശുദ്ധജലത്തിന്റെ വറുതിയിലാണ്‌. ഇവിടെ പെയ്യുന്ന മഴവെളളം കെട്ടിനിർത്തിയാൽ നമ്മുടെ നാടിനു മുകളിൽ മൂന്നുമീറ്റർ വെളളമെങ്കിലുമുണ്ടാകും. കാലവർഷം, തുലാവർഷം, മകരമഴ, കുംഭ മഴ, പടുമഴ തുടങ്ങി മഴക്കാലത്തിന്റെ അനുഭവങ്ങളും മലയാളിക്കുണ്ടായിരുന്നു. മഴവെളളത്തിനു പുറമേ നൂറ്റാണ്ടുകളായി ഭൂമിയുടെ അടരുകളിലും പാറക്കെട്ടുകളിലും ജലമുണ്ടായിരുന്നു. ഭൂഗർഭ ജലസമ്പത്തും ഇന്ന്‌ ചൂഷണത്തിൽ നശിച്ചുകൊണ്ടിരിക്കുകയാണ്‌. നദികൾ അഴുക്കുചാലുകളായി മാറുന്നു. നഗരമാലിന്യങ്ങൾ നിക്ഷേപിച്ച ഓരോ നദിയും കാളിന്ദികളായി മാറിക്കൊണ്ടിരിക്കുന്നു. നദികൾക്ക്‌ അണകെട്ടി തണ്ണീർത്തടങ്ങൾ വറ്റിക്കൊണ്ടിരിക്കുന്നു. കേരളം ഒരു വെട്ടുകൽ മടയാണിന്ന്‌.

Generated from archived content: nattarive1_may8_08.html Author: cr_rajagopal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here