ജന്തുവൈവിധ്യം

പുഴയിലെ ജന്തുജാലങ്ങൾ അനവധിയാണ്‌. പലതരം മീനുകൾ, ആമകൾ, പാമ്പുകൾ, നീറ്റെലികൾ, നീർനായകൾ, തവളകൾ, ഞണ്ടുകൾ, മുതലകൾ, ഇങ്ങനെ പോകുന്നു. മലിനീകരണവും പുഴശോഷണവും മൂലം പല ഇനങ്ങളും വംശനാശത്തിനിരയായിട്ടുണ്ട്‌. എന്നാൽ തീരവാസികളുടെ ഓർമ്മകളിൽ പുഴജന്തു വൈവിധ്യമുണ്ട്‌. പുഴയുടെ പ്രത്യേക പരിസ്ഥിതികളിൽ നാലുതരം ആമകളെ കണ്ടിരുന്നു. വെളളാമ, കാരാമ, ചൂരലാമ, മഞ്ഞാമ. ഇതിൽ ചൂരലാമയും മഞ്ഞാമയും അപൂർവ്വമായി. ഭാരതപ്പകുഴയിലും കരിവന്നൂർപ്പുഴയിലും മഞ്ഞാമയെ വീണ്ടും കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്റെ പുറം ചിത്രശലഭത്തെ പോലെയാണ്‌. ചാലക്കുടി പുഴയിലാണ്‌ ചൂരലാമ വംശനാശഭീഷണിയെ നേരിടുന്നത്‌. ആമത്തോട്‌ മരുന്നിനായി ഉപയോഗിച്ചു വരുന്നു. നീർനായകൾ മിക്ക പുഴകളിലും കണ്ടിരുന്നു. നീർപാമ്പുകൾ അനവധിയാണ്‌. നീർക്കോലി ഇനത്തിപെട്ടതും സാധാരണ പാമ്പുകളും പുഴയോരങ്ങളിലുണ്ട്‌. കൈതമൂർഖൻ കൈതക്കാടുകളിൽ കാണപ്പെടുന്നു. മലമ്പാമ്പ്‌, കുരുടി, നീർമണ്‌ഡലി, പച്ചളിപാമ്പ്‌ എന്നിവയെ സാധാരണ കാണാം. എന്നാൽ പാമ്പുകളുടെ വൈവിധ്യവും എണ്ണവും കുറഞ്ഞതായി നാട്ടുകാർ പറയുന്നു. മുതലകൾ പണ്ടുണ്ടായിരുന്നതായി മുത്തശ്ശിമാർ ഓർക്കുന്നു. ഒരു ചെറിയ ഇനം മുതല പുഴയോരങ്ങളിൽ ഉണ്ടായിരുന്നുവത്രെ. അവ തെങ്ങിൻതോപ്പുകളിൽ വരാറുണ്ടായിരുന്നു. നീറ്റെലി പുഴവെളളത്തിലെ അപൂർവ്വ ഇനമാണ്‌. ഇവ പുഴപ്പൊത്തുകളുണ്ടാക്കി കഴിഞ്ഞുവന്നു. പെരുച്ചാഴി ഇനത്തിൽപ്പെട്ട വലിയ ഇനങ്ങളും ഉണ്ട്‌. എലി കുറേദൂരം വെളളത്തിനു മുകളിലൂടെ സഞ്ചരിക്കുന്നു. മഞ്ഞത്തവള, കൃഷ്‌ണത്തവള, പച്ചത്തവള, മരത്തവള, ചൊറിയൻ തവള എന്നിങ്ങനെ തവള ഇനങ്ങൾ ഏറെയുണ്ടായിരുന്നു. ഇതിൽ അരക്കിലോ വരെയുളള തവളകളെ കണ്ടിട്ടുളളവരുണ്ട്‌. കേരളത്തിലെ നദികളെ സംബന്ധിച്ചിടത്തോളം പ്രധാനകാര്യം നാട്ടു മത്സ്യങ്ങളുടെ സമ്പത്താണ്‌. ഉൾനാടൻ മത്സ്യബന്ധനം വളരെ ശാസ്‌ത്രീയമായി വികസിച്ചിരുന്നു. എന്നാൽ രാസവളകൃഷിയും വിഷപ്രയോഗവും മണ്ണിന്റെ മാത്രമല്ല നീർത്തടങ്ങളുടേയും ജൈവവൈവിധ്യത്തെ നശിപ്പിക്കുകയുണ്ടായി. പുഴകളിലും ചാലുകളിലുമായി അമ്പതോളം നാട്ടുമത്സ്യ ഇനങ്ങൾ ഉണ്ടായിരുന്നു. ഈ ഇനങ്ങൾ ഇന്ന്‌ മുക്കുവരുടെ നാടൻ പാട്ടുകളിൽ മാത്രമേയുളളൂ. ബ്രാല്‌, മുശി, കടു, കരിമീൻ, വയമ്പ്‌, കണമ്പ്‌, വാള, പേറാൻ, കല്ലാരൻ, ഏട്ട, പളളത്തി, പരല്‌, പൂഴാൻ, മുണ്ടത്തി, കൂരി, കോലാൽ, പരിപ്പിടി, കാളായി, മലിഞ്ഞീൻ, പൂവാലിപരൽ, പൊട്ടക്കണ്ണൻ, കുയിൽ എന്നിങ്ങനെ അവയുടെ പേരുകൾ നീളുന്നു. ഇവയെല്ലാം തന്നെ ശുദ്ധജല മത്സ്യങ്ങളാണ്‌. പുഴയിലെ മാലിന്യം കാരണം പലതും നശിച്ചുപോയി. ചിലയിനങ്ങളെ കാണാനേയില്ല. ചാലക്കുടിപ്പുഴയിൽത്തന്നെ അപൂർവ്വമായ അഞ്ചിനങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. വെളളത്തിന്റെ ഒഴുക്കിനെതിരെയും വെളളച്ചാട്ടത്തിനു മുകളിലേക്കും സഞ്ചരിക്കാൻ കഴിവുളള കുയിലും നാശത്തിന്റെ ഭീഷണിയിലാണ്‌.

അതിരപ്പളളി പദ്ധതി നിലവിൽവരുന്നതോടെ ഈ മത്സ്യസമ്പത്തും നശിക്കും. പുഴയോരവാസികൾക്ക്‌ പരമ്പരാഗതമായി ലഭിച്ചിരുന്ന പ്രകൃതി സമ്പത്താണ്‌ മത്സ്യങ്ങൾ. ഇവ അവരുടെ പോഷകാംശങ്ങൾ നിലനിർത്തിയിരുന്നു. ലക്ഷക്കണക്കിന്‌ നാട്ടാരുടെ ജീവിതമാർഗ്ഗമായിരുന്നു മത്സ്യബന്ധനം. ഓരോ മത്സ്യത്തിന്റെയും സ്വഭാവം, പ്രജനനം, പോഷകമൂല്യം ഇവ അരയരുടെയും കണക്കരുടെയും നാട്ടറിവിലുണ്ട്‌. “പൂത്തിടിവെട്ടി പുതുമഴ പെയ്‌തെടി ചെങ്കുറുംവളളം പരലേ…” നാട്ടുകാർ മത്സ്യങ്ങളുടെ വരവും പേരും പാടിപ്പോകുന്നു. പുഴ കടലിൽ ചേരുന്നിടത്ത്‌ കടൽമത്സ്യങ്ങളുടെ സാന്നിദ്ധ്യവും കാണുന്നു. കക്ക, ഞവിഞ്ഞി, കല്ലുമേൽക്കായ, ചെമ്മീൻ എന്നിവയും പുഴകളിലുണ്ട്‌. എന്നാൽ ചെളിയും മണലും വാരുന്നതുകൊണ്ട്‌ ഇവയുടെ പാർപ്പിടം നഷ്‌ടപ്പെട്ട്‌ ഇല്ലാതായിവരികയാണ്‌. മരപ്പട്ടി, തേവാങ്ക്‌, കീരി, മുയൽ, കുറുക്കൻ, അണ്ണാൻ, ഉറുമ്പുതീനി, വവ്വാൽ തുടങ്ങിയ ജീവജാലങ്ങളും പുഴയേയും, തീരത്തേയും ആശ്രയിച്ചു കഴിയുന്നു. മത്സ്യസമ്പത്ത്‌ ചികിത്സക്കായി ഉപയോഗിക്കുന്ന രീതിയുണ്ട്‌. ഒടിവ്‌ പറ്റിയ ഭാഗങ്ങളിൽ ബ്രാലിനെ കീറി കെട്ടിവയ്‌​‍്‌ക്കാറുണ്ട്‌. കുറുന്തോട്ടിയിട്ട്‌ തിളപ്പിച്ച വെളളത്തിൽ പുഴുങ്ങിയെടുത്ത്‌ ശരീരത്തിൽ മാംസക്കുറവുളള ഭാഗത്ത്‌ പിടിപ്പിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞ്‌ തൈലം പുരട്ടണം. മലിഞ്ഞീന്റെ തൊലി പൊളിച്ച്‌ വറുത്തെടുത്ത്‌ വയറുവേദനക്ക്‌ ഉപയോഗിക്കുന്നു. കാരാമ മൂലക്കുരുവിനും ശ്വാസംമുട്ടിനും ചുടുവാതത്തിനും നല്ലതാണ്‌. അധികം വരുന്ന കണ്ണുനീരിനെ നിയന്ത്രിക്കാൻ ഞവിണിയുടെ ദ്രാവകം എടുക്കുന്നു. മത്സ്യം കുത്തിയാൽ അവനവന്റെ മൂത്രമൊഴിക്കുകയാണ്‌ മറുമരുന്ന്‌. കടുകിന്റേയും കാവിത്തിന്റേയോ ഇല അരച്ച്‌ പുരട്ടിയാലും മതി. പണ്ടുകാലത്ത്‌ വീടിന്റെ മിനുസമുളള തറയുണ്ടാക്കുന്നതിന്‌ ബ്രാൽ പശ ഉപയോഗിച്ചിരുന്നു. ഇങ്ങിനെ എത്രയോ നാട്ടുവിധികൾ അന്യമായി. പുഴയോരങ്ങളിൽ ചിലയിടത്ത്‌ ആമയേയും മത്സ്യങ്ങളേയും ആരാധിച്ചിരുന്നു. മീനൂട്ട്‌ പ്രസിദ്ധമാണ്‌. മത്സ്യങ്ങളിൽ ഓരോ ഇനത്തേയും അധികമായി കാണുന്ന സീസൺ ഉണ്ടായിരുന്നു. വാളയെ അധികമായി കണ്ടിരുന്നത്‌ തുലാം മാസത്തിലാണ്‌. വൃശ്ചികമാസത്തിലെ കാറിന്റെ സമയത്താണ്‌ അധികവും മീനിനെ കാണുന്നത്‌. കല്ലാരൽ, ആരൽ, വാകാൻ, പൂഴൻ, കുയിൽ ഇനങ്ങളെ ഇന്നു കാണാനില്ലെന്ന്‌ നാട്ടാർ പറയുന്നു. പുഴയിലെ മത്സ്യസമ്പത്ത്‌ നിലനിർത്തുന്ന വിധത്തിലുളള നാടൻ മീൻപിടുത്തോപകരണങ്ങളാണ്‌ ഉണ്ടായിരുന്നത്‌. എന്നാൽ ഇന്ന്‌ അടക്കംകൊല്ലി വലകളുപയോഗിച്ചും തോട്ട ഉപയോഗിച്ചും പുഴ കരാർ കൊടുത്തും മത്സ്യസമ്പത്ത്‌ നശിക്കുന്നു. വിദേശ ഇനങ്ങൾ പെരുകിയതും നാട്ടുമത്സ്യനാശത്തിന്‌ കാരണമായി.

Generated from archived content: nattarive1_july31_08.html Author: cr_rajagopal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English