പുഴയുടെ നാട്ടറിവ്‌ – 2

പുഴയെ അറിയാനും പുഴയുടെ തീരത്തെ സംസ്‌കാരത്തെ തിരിച്ചറിയാനും വേണ്ടി നടത്തിയ അന്വേഷണങ്ങളാണ്‌ ഇത്‌. കേരളത്തിന്റെ സംസ്‌കാരം പുഴ നിർമ്മിതിയാണെന്ന്‌ നാം കണ്ടെത്തുന്നു. സസ്യവൈവിധ്യം, ജന്തുവൈവിധ്യം, പുഴയും വിശ്വാസവും, പുഴയോരത്തെ കൈവേലകൾ, വാമൊഴിക്കലകൾ, പക്ഷികൾ, പുഴയും മണ്ണും, പുഴയും വെളളവും, പുഴക്കടവുകൾ, പുഴയും കൃഷിയും നാടൻ ജലസേചനരീതികൾ, പുഴയും കുട്ടികളും എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിലൂടെ പുഴയുടെ നാട്ടറിവുകൾ രൂപപ്പെടുന്നു. ചാലിയാൽ ഭാരതപ്പുഴ, കരുവന്നൂർ പുഴ, ചാലക്കുടിപ്പുഴ തുടങ്ങിയ പുഴകളുടെയും കൊടുങ്ങല്ലൂർ കായലുകൾ, കോൾനിലങ്ങൾ എന്നിവിടങ്ങളിലെ പഠനത്തിലൂടെയും നടത്തിയ കണ്ടെത്തലുകളാണിവ.

സസ്യവൈവിധ്യം

പുഴയോരത്തെ പൊന്തക്കാടുകളും സസ്യവൈവിധ്യവും കാത്തുപോന്നു. അനവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമായിരുന്നു പുഴകൾ. ഇവയിൽ ഔഷധ സസ്യങ്ങളുണ്ട്‌, കാട്ടുമരങ്ങളുണ്ട്‌, വളളിപ്പടർപ്പുകളുണ്ട്‌, അനവധി പൂക്കളുണ്ട്‌, നാട്ടുപഴങ്ങളുണ്ട്‌, പേരറിയാ സസ്യനിരകളുണ്ട്‌. കൈതക്കാടുകളും അമക്കാടുകളും ഞായ്‌ങ്ങണംപുല്ലും നായ്‌ക്കരിമ്പും മുളങ്കാടുകളും പുഴയോരത്തെ മണ്ണ്‌ സംരക്ഷിച്ചു പോന്നു. തിരുവാതിരയ്‌ക്ക്‌ പുഴയിൽ തുടിച്ചുകുളിക്കുന്നവർ കാട്ടുമുല്ല, കൈനാറി, കാട്ടുപിച്ചകം, വെളളിലം തുടങ്ങിയ സസ്യങ്ങളെ പാടി പുകഴ്‌ത്തുന്നു. പുഴന്തീരത്തെ കാടാറുമാസം ധാരാളം ചിത്രശലഭങ്ങൾ ഇഷ്‌ടപ്പെടുന്ന പൂവാണ്‌. വെളളിലം താളിക്ക്‌ ഉപയോഗിക്കുന്നു. ‘അമ്മ കറുത്തും മോളുവെളുത്തും മോളുടെ മോള്‌ സുന്ദരിക്കോത’ എന്ന്‌

വെളളിലത്തിന്റെ കാട്ടു സൗന്ദര്യം ഒരു കടങ്കഥയിലൂടെ നിലനിർത്തി. മാത്രമല്ല, വെളളിലം, പാറോത്ത്‌, വരിക്കപ്ലാവ്‌, അയിനിപ്ലാവ്‌ എന്നിവ ഉളളിടത്ത്‌ ജലാംശം ഉണ്ടെന്നും നാട്ടറിവുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്‌. പുഴക്കര ഇടിയാതെ സഹായിക്കുന്ന ഒരുപാട്‌ സസ്യങ്ങളുണ്ട്‌. മുളവർഗ്ഗത്തിലുളള അമ എന്ന ഇനം പുഴത്തീരത്തെ ബലിഷ്‌ഠമാക്കുന്നു. അമയുടെ വേരുകൾ കൂട്ടിപ്പിടിച്ച്‌ കിടക്കുന്ന ഇനമാണ്‌. പുല്ലുവർഗ്ഗത്തിലുളള മറ്റിനങ്ങളുമുണ്ട്‌. അമക്കാടുകളും, കൈതക്കാടുകളും പുഴയോരവാസികൾ കാത്തുപോന്നു. കാരണം അവ സ്‌ത്രീകളുടെ കൈവേലകളുടെ ഭാഗമായിരുന്നു. പുഴയോരത്തെ കൃഷിക്കാവശ്യമായ തോൽ (ചവറ്‌-ജൈവവളം) തീരങ്ങളിൽ സുലഭമായിരുന്നു. നാട്ടുകാർ ഞാവൽ, മാവ്‌, ഉഴുന്നോങ്ങി, പെരുവ, അമ്പഴം, ഉങ്ങ്‌ മുതലായ വൃക്ഷങ്ങളുടെ ഇലച്ചാർത്തുമാത്രം വെട്ടിയെടുത്തിരുന്നു. മാവിനങ്ങളിൽ പുളിമാവിന്റെ ചവറാണ്‌ വിശേഷപ്പെട്ടതെന്ന്‌ കർഷകരുടെ നാട്ടറിവ്‌ പറയുന്നു. പുഴയോരം ഔഷധസസ്യങ്ങളുടെ കേദാരമാണ്‌. ഗ്രാമീണർക്ക്‌ കഷായം വയ്‌ക്കാനും എണ്ണകാച്ചാനും താളിയുണ്ടാക്കാനും അമ്മൂമ്മവൈദ്യം ചെയ്യുന്നതിനും ആവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ-മരുന്നുചെടികൾ-സ്വന്തം ആവാസവ്യവസ്ഥയിൽ നിന്നുതന്നെ പൈസ ചിലവില്ലാതെ ലഭിച്ചിരുന്നു. കുറുന്തോട്ടി മുതൽ കാഞ്ഞിരംവരെയുളള ഔഷധസസ്യങ്ങളുടെ കലവറ ചെത്തി, നീലാമരി, കഞ്ഞുണ്ണി, കറുക, കുറുന്തോട്ടി, വൈറ്റില എന്നിവകൊണ്ട്‌ എണ്ണ കാച്ചാനും വെളളിലം, നീരോലി, പാടത്താളി, എളള്‌, ഊരി ഇവകൊണ്ട്‌ താളിയുണ്ടാക്കാനും പുഴത്തീരത്തുളളവർക്ക്‌ കഴിഞ്ഞിരുന്നു. വളർത്തു മൃഗങ്ങൾക്കാവശ്യമായ പുല്ലിനങ്ങളും മേയാനുളള പറമ്പും അവയ്‌ക്കാവശ്യമായ വെളളവും കുളിപ്പിക്കാൻ കടവുകളും ഉണ്ടായിരുന്നു. മൃഗചികിത്സയ്‌ക്കാവശ്യമായ സസ്യങ്ങൾ സുലഭമായിരുന്നു. മറുപിളള പോകാനുളള പൈന്തൊണ്ടി, ആദിയായവ ഉദാഹരണം. പരിയ, വയൽച്ചുളളി, ആനക്കൈത, പിളേളാത്തി, കോട്ടോം, അത്തി, ഇത്തി, ചേര്‌ തുടങ്ങി പുഴത്തീരത്ത്‌ സസ്യജാലങ്ങൾ ഏറെയാണ്‌. പുഴത്തീരത്തെ പൊന്തകളും കാവുകളും അവിടുത്തെ ആവാസ വ്യവസ്ഥയെ കാത്തുപോന്നു. കാട്ടുപൊന്തകൾ ബാഷ്‌പീകരണം തടഞ്ഞിരുന്നു. പുഴയോരത്തെ കാവുകൾ ജൈവവൈവിധ്യ കേന്ദ്രങ്ങളാണ്‌. വിശ്വാസത്തിന്റെ പേരിൽ നിലനിന്ന ഈ കാവുകളിൽ തദ്ദേശീയ ഇനം സസ്യങ്ങളുണ്ട്‌. ഗ്രാമത്തിനു ജീവവായു നൽകിയിരുന്ന കാവുകൾ ജനതയുടെ ആരോഗ്യം കാത്തുപോന്നു. ഇന്നും കേരളത്തിലെ നാടൻ തെങ്ങിനങ്ങൾ പുഴയോരപ്രദേശങ്ങളിലുണ്ട്‌. കരുന്തെങ്ങ്‌, തുടത്തിതെങ്ങ്‌, പച്ചത്തെങ്ങ്‌, ഗൗളീപാത്രം, മണിയൻതെങ്ങ്‌, നെടുവരിയൻ തെങ്ങ്‌, പാൽത്തെങ്ങ്‌ തുടങ്ങി നാടൻ തെങ്ങിനങ്ങൾ ഇവയിലുണ്ട്‌. പച്ചച്ചിന്നൻ, ചാരപ്പൂവൻ, വടക്കൻ കദളി, ചെങ്കദളി, കണ്ണൻ തുടങ്ങി വാഴയിനങ്ങളും സസ്യവൈവിധ്യത്തിന്റെ ഭാഗമായിരുന്നു. കർക്കിടകത്തിലെ ഇടയ്‌ക്കുണ്ടാകുന്ന വെളളാറൻ കൂണിനങ്ങൾ ഭക്ഷണത്തിനായുപയോഗിച്ചിരുന്നു. നെയ്യുണ്ണി, തഴുതായ്‌മ, ആനത്തുമ്പ തുടങ്ങി

പത്തെലകൾ കരയിലെ ആരോഗ്യത്തെ കാത്തുപോന്നു. കടലോരങ്ങളും പുഴത്തടങ്ങളും സംരക്ഷിച്ചുപോന്ന കണ്ടൽകാടുകൾ ഇന്നും അപൂർവ്വമായി ചിലയിടങ്ങളിലുണ്ട്‌. ഈ പ്രാചീന സസ്യത്തിന്റെ നാശം പുഴകളുടെ നാശത്തിനും കാരണമായി. നായ്‌പ്പല്ലി, പന്നൽ തുടങ്ങിയ സസ്യങ്ങൾ പേപ്പട്ടി വിഷത്തിനൗഷധമായിരുന്നു. തീരത്തെ ഒരുപാട്‌ ഫലമൂലങ്ങൾ നാട്ടാരുടെ കുട്ടികളുടെ ഭക്ഷ്യസുരക്ഷിതത്തെ നിലനിർത്തിയിരുന്നു. നട്ടുവളർത്താതെ തന്നെ ഇവ പൊന്തക്കാടുകളിൽ ഉണ്ടായി. കാവത്ത്‌, ചെറുകിഴങ്ങ്‌ തുടങ്ങിയ കിഴങ്ങിനങ്ങളും ചാവൽ, നനക്കിഴങ്ങ്‌ തുടങ്ങിയവയും പ്രകൃതിദത്തമായിരു​‍ുന്നു. ചെത്തിപ്പഴം, കാരപ്പഴം, ഞാവൽപ്പഴം, പൂച്ചപ്പഴം, തൊണ്ടിപ്പഴം, ആത്തപ്പഴം തുടങ്ങിയ മുപ്പത്തോളം കാട്ടുപഴങ്ങൾ പക്ഷികൾക്കും കുട്ടികൾക്കും ആഹാരമായിരുന്നു. ഏറ്റവും കൂടുതൽ പോഷകാംശമുളളവയാണ്‌ ഇത്തരം പഴങ്ങൾ. പുഴത്തീരത്തെ അനധികൃതമായ വികസനങ്ങൾ ഇത്തരം ഭക്ഷ്യ കലവറ ഇല്ലാതാക്കുകയുണ്ടായി. ചാലക്കുടി പുഴയോരത്തുനിന്ന്‌ എം.വി. മോഹനൻ ശേഖരിച്ച ഒരു നാടൻ പാട്ടിൽ നാടൻ പഴങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇന്‌ ഏത്‌ പഴം തേടും തത്താ ന്ത താകിടതിമൃതെയ്‌(2)

തൊണ്ടിപ്പഴം തേടും ഞാനേ ന്ത താകിടതിമൃതെയ്‌ (2)

ആമരവും പൂകൊഴിഞ്ഞല്ലോ ന്ത താകിടതിമൃതെയ്‌ (2)

ഇനി ഏത്‌ പഴം തേടും തത്താ ന്ത താകിടതിമൃതെയ്‌ (2)

ആ മരവും കൊമ്പാടിഞ്ഞല്ലോ ന്ത താകിടതിമൃതെയ്‌ (2)

കാരപ്പഴം തേടും ഞാനേ ന്ത താകിടതിമൃതെയ്‌ (2)

ഇങ്ങനെ പോകുന്നു പുഴയോരത്തെ പഴമ്പാട്ട്‌.

Generated from archived content: nattariv1_june26_08.html Author: cr_rajagopal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English