മനുഷ്യചിന്തയുടേയും നരവംശത്തിന്റെ ചരിത്ര & ഭാവനാപരമാനങ്ങളുളള മിത്തുകളുടെയും ഒരു പ്രധാനഘടകം അമരത്വം എന്ന ആശയവുമായി ബന്ധപ്പെടുന്നുണ്ട്. ഈ താത്വികമാനം ക്രോഡീകരിച്ചിട്ടുളള ചിഹ്‌നങ്ങളിൽ പ്രദാനമാണ് ഭക്ഷണം. പല മിത്തുകളിലും അഗ്‌നി മനുഷ്യനും ലഭിക്കുന്നതും തത്‌ഫലമായി പാചകം ചെയ്യാത്ത ആഹാരവും പാചകം ചെയ്‌ത ആഹാരവും എന്ന വ്യത്യാസം മനുഷ്യൻ മനസ്സിലാക്കുന്നതും സുപ്രധാന സാംസ്‌ക്കാരികഘട്ടങ്ങളാണ്. പ്രകൃതി (Nature)യിൽനിന്ന് സംസ്‌കാര (Culture) ത്തിലേയ്‌ക്ക് എന്ന പരിണാമം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. അഗ്‌നി ലഭിച്ചതിനെക്കുറിച്ച് ഓരോ നാട്ടിലും ഉണ്ടായിവന്ന അറിവിന്റെ വിശദാംശങ്ങളിൽ നേരിയ വ്യത്യാസമുണ്ടെങ്കിലും ഘടനാപരമായി ക്രോഡീകൃതമായ ഒരു ചിഹ്‌നമാണ് ഏതു സംസ്‌കാരത്തിലും തീയും ഭക്ഷണവും. പഞ്ചേന്ദ്രിയങ്ങളിലൂടെ ഈ ലോകത്തെ അറിയുന്നതിനാൽ അഞ്ചുതലത്തിലുളള സൂചകക്രമങ്ങൾ (codes) ഉണ്ട്. പല മിത്തുകളിലും അന്യോന്യം വിനിമയംചെയ്യാൻ സാധിക്കുന്ന ക്രോഡിതങ്ങൾ (Codes having reciprocal Convertibility) കാണാം. കടുപ്പമുളള മരം = വേവിക്കാത്ത മാംസം എന്നത് ആ വിധത്തിലുളള ഒരു ക്രോഡിതമാണ്.
ബ്രസീലുകാർക്ക് കാടുവെട്ടിത്തെളിച്ച് കൃഷിചെയ്യാൻ ആദ്യം എളുപ്പമായിരുന്നില്ല. പച്ചമരം മുറിക്കുന്നത് സാധിക്കാതിരുന്നപ്പോൾ അവർ കാടുചുട്ട് മരം വെട്ടിവീഴ്‌ത്തി. പച്ചമരം വെട്ടുന്നത് വിലക്കിയിട്ടുണ്ട്. തീയിൽ ചുട്ടെടുത്ത മരം വെട്ടിയെടുക്കാം. വേവിച്ച ആഹാരത്തിനു സമാന്തരമായി ക്രോഡിതമായ ഒരു ചിഹ്‌നമാണിത്. മനുഷ്യമാംസം തിന്നുന്ന പിശാചിനു തുല്യമാണ് പച്ചമരം വീഴ്‌ത്തുന്നവനും. ‘അപിനായി’ മിത്തിൽ പിശാചിനെ കാണുന്നത് ജീർണ്ണിച്ച മരവുമായി ബന്ധപ്പെടുത്തുന്നുണ്ട്. മനുഷ്യമാംസം ഭക്ഷിക്കുന്നതിൽനിന്നുളള പരിണാമം കാണിക്കുന്ന ചിഹ്‌നങ്ങളടങ്ങിയ പല മിത്തുകളും പലയിടത്തുമുണ്ട്.
മനുഷ്യമാംസത്തിനുപകരം കല്ലും മൃഗമാംസത്തിനുപകരം കട്ടിയുളള മരവും പരസ്‌പരം മാറ്റാവുന്ന ക്രോഡീകൃത ചിഹ്‌നങ്ങളാണ്. ജീർണ്ണിച്ച മരം നട്ടുവളർത്താവുന്ന ചെടിയുമായി ബന്ധപ്പെടുത്താവുന്ന ചിഹ്‌നമാണ്. ആ ക്രോഡിതങ്ങൾ ഇങ്ങനെ വായിക്കാംഃ
വളർത്തിയെടുത്ത ചെടി ഃ ‘അപിനായി’ മിത്തിൽ തുറന്ന സ്‌ഥലത്തുകിടന്നുറങ്ങിയ ഒരു വിഭാര്യൻ ഒരു നക്ഷത്രവുമായി പ്രേമത്തിലായി. ആദ്യം ഒരു തവളയുടെ രൂപത്തിലും പിന്നീട് യുവതിയുടെ രൂപത്തിലും പ്രത്യക്ഷപ്പെട്ട നക്ഷത്രത്തെ അയാൾ വിവാഹം ചെയ്‌തു. അക്കാലത്ത് മനുഷ്യർക്ക് കൃഷിയെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. മാംസത്തോടൊപ്പം പച്ചക്കറി & ധാന്യങ്ങൾക്കുപകരം ജീർണ്ണിച്ച മരക്കഷണങ്ങളാണവർ കഴിച്ചിരുന്നത്. നക്ഷത്രസ്‌ത്രീ മധുരമുളള ഉരുളക്കിഴങ്ങും ചീനിക്കിഴങ്ങും കൊണ്ടുവന്ന് അതെങ്ങനെ തിന്നണമെന്ന് ഭർത്താവിനെ പഠിപ്പിച്ചു. ആദ്യം അവളെ ഭർത്താവ് കുമ്മട്ടിക്കായിൽ ഒളിപ്പിച്ചുവച്ചെങ്കിലും ഒരിക്കൽ ഭർത്താവിന്റെ സഹോദരൻ അവളെ കണ്ടുപിടിച്ചു. അതിനുശേഷം അവർ പരസ്യമായി ഒരുമിച്ചു താമസിക്കാൻ തുടങ്ങി. ഒരിക്കൽ നക്ഷത്രസ്‌ത്രീ അവളുടെ അമ്മായിയമ്മയുമൊത്ത് കുളിച്ചുകൊണ്ടിരുക്കുമ്പോൾ അവളൊരു പ്രാണിയായി രൂപാന്തരപ്പെട്ട് അമ്മായിയമ്മയുടെ ശ്രദ്ധ ചോളക്കൂന നിറഞ്ഞ ഒരു വലിയ വൃക്ഷത്തിലേക്കു ക്ഷണിച്ചുകൊണ്ടു പറഞ്ഞു ഃ (റെഡ്) ഇൻഡ്യാക്കാർ ജീർണ്ണിച്ച മരമല്ല, ചോളമാണ് കഴിക്കേണ്ടത്.“ ഷഡ്‌പദരൂപിണിയായ അവൾ മരത്തിൽ കയറി ചോളക്കറ്റ പറിച്ച് താഴെയിട്ടു. പിന്നീട് താഴെയിറങ്ങി മനുഷ്യരൂപമായി മാറി ചോളം പാകം ചെയ്യേണ്ടവിധം അമ്മായിയമ്മയെ പഠിപ്പിച്ചു. പുതിയ ആഹാരം കഴിച്ചാനന്ദിച്ച പുരുഷൻമാർ ആ ചോളമരം കൽക്കോടാലികൊണ്ട് വെട്ടിയെടുക്കാൻ ശ്രമിച്ചു. പക്ഷെ, നെടുതായൊന്നു ശ്വസിക്കാൻ അല്പം സമയമെടുത്തപ്പോൾ അവർ അതുവരെ മരത്തിൽ വെട്ടിയുണ്ടാക്കിയ കുത (മുറിവ്) കൂടിച്ചേർന്നുകളഞ്ഞു. ഉടനെ നല്ല മറ്റൊരു മഴു കൊണ്ടുവരാൻ രണ്ടാൺകുട്ടികളെ അവർ പറഞ്ഞുവിട്ടു. പോകുംവഴിക്ക് വരണ്ട പ്രദേശത്തു ജീവിക്കുന്ന ഒരു ഷഡ്‌പദത്തെ കിട്ടിയ കുട്ടികൾ അതിനെ വേവിച്ചുതിന്നു. അത് അവർക്ക് വിലക്കിയിട്ടുളള ഭക്ഷണമായിരുന്നു. അവരതു കഴിച്ച മാത്രയിൽത്തന്നെ വൃദ്ധരായി. വാർദ്ധക്യസഹജമായ ഓർമ്മക്കുറവും ബാധിച്ചു. എന്നാൽ ഒരു മന്ത്രവാദി & വൈദ്യൻ അവർക്ക് യൗവ്വനം വീണ്ടെടുത്തുകൊടുത്തു.
പ്രയാസപ്പെട്ടാണെങ്കിലും വൃക്ഷം വെട്ടിത്താഴെയിറക്കിയവരോട് അവിടമെല്ലാം വെട്ടിത്തളിച്ച് ചോളം നട്ടുപിടിപ്പിക്കാൻ സക്ഷത്രസ്‌ത്രീ പറഞ്ഞു. പിന്നീട് ഭർത്താവിന്റെ മരണശേഷം അവൾ ആകാശത്തേയ്‌ക്കുതന്നെപോയി. മറ്റൊരു പഠനത്തിൽ ഷഡ്‌പദവും ചോളവൃക്ഷവും ഇല്ല. അതിൽ നക്ഷത്രസ്‌ത്രീ ആകാശത്തുനിന്ന് നടീൽ സസ്യങ്ങൾ കൊണ്ടുവന്നു എന്നും (റെഡ്) ഇൻഡ്യക്കാരെ കുട്ടനെയ്‌തു പഠിപ്പിച്ചുവെന്നുമാണ്. പാഠവ്യത്യാസമുണ്ടെങ്കിലും ഘടനയിലെ സാജാത്യം ശ്രദ്ധേയമാണ്. ‘ജി’ മിത്തിൽ ഈ കഥ മറ്റൊരുതരത്തിൽ കാണാം. നക്ഷത്രസ്‌ത്രീയുമായി ബന്ധപ്പെടുന്നയാൾ വിഭാര്യനല്ല; വികലാംഗനാണ്. ഭർത്താവിന്റെ സഹോദരൻ അവളുടെ ഒളിത്താവളം കണ്ടുപിടിച്ചശേഷം നക്ഷത്രസ്‌ത്രീ ഭർത്താവിനോട് ചോളത്തെക്കുറിച്ച് പറഞ്ഞു. ഈ പാഠത്തിൽ ചോളം സസ്യത്തിന്റെ തണ്ടിൽ വിളയാടുന്നതായിട്ടാണ്. ആ പച്ചച്ചോളം അവൾ കടിച്ചു ചവച്ച് തന്റെ ഭർത്താവിന്റെ വായിലേയ്‌ക്കു തുപ്പിക്കൊടുത്തു. പിന്നീട് ഇൻഡ്യാക്കാരെ ചോളം പാകചെയ്യുന്നവിധം പഠിപ്പിച്ചു. ഈ പാഠത്തിൽ ചോളം നട്ടുണ്ടാക്കാൻ സ്‌ഥലംശരിയാക്കുമ്പോൾ മഴു നഷ്‌ടപ്പേട്ടവർ വേറെ മഴുകൊണ്ടുവരാൻ ഒരു കുട്ടിയെ പറഞ്ഞുവിടുന്നു. വഴിക്ക് ഒരു വൃദ്ധൻ ഷഡ്‌പദത്തെ പാചകം ചെയ്യുന്നത് കുട്ടി കാണുന്നു. വൃദ്ധൻ വിലക്കിയെങ്കിലും കുട്ടി അത് ഭക്ഷിച്ചു. ഉടനെ അവന്റെ തലമുടി നരച്ചു, അവന് വടികുത്തിയേ നടക്കാനാവൂ എന്ന സ്‌ഥിതിയുമായി. നക്ഷത്രസ്‌ത്രീയോട് ഭർത്താവ് അമിതാഭിനിവേശം പ്രകടിപ്പിച്ചതിനാൽ അവൾ കൂടുതലൊന്നും വെളിപ്പെടുത്തിയില്ല. പിന്നീട് ഭർത്താവിനെ നിർബന്ധിച്ച് അവൾ ആകാശത്തേക്കു കൂട്ടിക്കൊണ്ടുപോയി.
‘ക്രാഹോ’ മിത്തിൽ വേറൊരു പാഠമാണ് കാണുന്നത്. ജീർണ്ണിച്ച മരം തിന്നുന്നവരെ കണ്ടപ്പോൾ നക്ഷത്രസ്‌ത്രീ തന്റെ ഭർത്താവിന് വിവിധയിനം ചോളം നദിയിൽ ഒഴുകിവന്ന് ഒരു വൃക്ഷച്ചുവട്ടിൽ അടിഞ്ഞു കിടക്കുന്നത് കാട്ടിക്കൊടുത്തു. ആദ്യം അയാളുടെ സഹോദരൻമാർ അതു വിഷാഹാരമെന്നു കരുതി ഭക്ഷിക്കാൻ മടിച്ചു. ഒരു കുട്ടി ചോളംതിന്നുന്നതുകണ്ട് അത്‌ഭുതപ്പെട്ട അടുത്തഗ്രാമക്കാർ തങ്ങൾ പതിവായികുളിക്കുന്ന നദിയിൽനിന്നാണിതു കിട്ടിയതെന്നറിഞ്ഞ് അമ്പരന്നു. വാർത്ത പെട്ടെന്നു പരന്നു. മരംവെട്ടി ചോളം വിതച്ചു. നക്ഷത്രസ്‌ത്രീ വേറൊാരു ഫലം (Bacaba) എങ്ങനെ ഭക്ഷിക്കണമെന്നു പഠിപ്പിച്ചു. മണ്ണിൽ കുഴിയുണ്ടാക്കി അതിൽ അടുപ്പ് എങ്ങനെയുണ്ടാക്കാമെന്നും അവൾ പഠിപ്പിച്ചു. മൂന്നാമതായി അവൾ പഠിപ്പിച്ചത് മരച്ചീനിയെക്കുറിച്ചായിരുന്നു. അതെങ്ങനെ കൃഷിചെയ്യണം, അതുകൊണ്ട് അപ്പവും അടയും എങ്ങനെയുണ്ടാക്കണം എന്നെല്ലാം അവൾ പഠിപ്പിച്ചു. ഈ കാലമെല്ലാം നക്ഷത്രസ്‌ത്രീയും ഭർത്താവും ബ്രഹ്‌മചര്യം പാലിച്ചിരുന്നു. ഒരിക്കൽ ഭർത്താവില്ലാത്ത സമയത്ത് അവളെ ഒരാൾ ബലാൽസംഗംചെയ്‌തു. അവൾക്ക് രക്തസ്രാവമുണ്ടായി. മന്ത്രശക്തിയുളള ഒരു വിഷപാനീയമുണ്ടാക്കി നാട്ടിൽക്കൊടുത്ത് പലരെയും കൊന്ന് അവൾ ആകാശത്തേക്ക് തിരിച്ചുപോയി. വിഷത്തിൽനിന്നും രക്ഷപ്പെട്ട ചിലർക്ക് കൃഷി & ഭക്ഷ്യകാര്യങ്ങൾ തുടർന്നു കൊണ്ടുപോകാൻ കഴിഞ്ഞു. ജീർണ്ണിച്ച മരവും ചിതൽപ്പുറ്റിൽനിന്നുളള അവശിഷ്‌ടങ്ങളും തിന്നിരുന്ന ഒരു ജനതയെയാണ് നക്ഷത്രസ്‌ത്രീ ഭൂമിയിൽ വന്നപ്പോൾ കാണുന്നത്. ആ ജനത ചോളം വളർത്തിയിരുന്നു, അലങ്കാരവസ്‌തുവായി മാത്രം. അതെങ്ങനെ പാചകംചെയ്‌തു ഭക്ഷിക്കണമെന്ന് നക്ഷത്രസ്‌ത്രീ പഠിപ്പിച്ചു. പക്ഷെ ചോളം അവർക്കു വേണ്ടത്ര ലഭിച്ചിരുന്നില്ല. അപ്പോഴേയ്‌ക്കും ഗർഭിണിയായിക്കഴിഞ്ഞ നക്ഷത്രസ്‌ത്രീ ചോളകൃഷിയെക്കുറിച്ച് മുഴുവനും പഠിപ്പിച്ചു. അവൾ വീണ്ടും ആകാശത്തുപോയി തിരിച്ചു വന്നപ്പോൾ മരച്ചീനിയും തണ്ണിമത്തനും ചുരക്കയും അരിയും കപ്പലണ്ടിയും കൊണ്ടു വന്നു. ഈ കഥയവസാനിക്കുന്നത് പാചകവിധികളുടെ വിവരണത്തോടെയാണ്. ‘കയ്‌പോ’ വിഭാഗത്തിൽപ്പെട്ടവർക്ക് ഈ വിധത്തിൽ നക്ഷത്രസ്‌ത്രീയെന്ന കഥാപാത്രമോ അവളാണ് കൃഷി ജനങ്ങളെ പഠിപ്പിച്ചതെന്നോ ഉളള പാഠമില്ല. മറ്റൊരു പാഠത്തിൽ ഈ സസ്യങ്ങളെക്കുറിച്ചെല്ലാം മനുഷ്യർക്ക് പറഞ്ഞുകൊടുത്തത് ഒരു ചെറിയ ജന്തുവാണ്.
പച്ചയ്‌ക്കുംവേവിച്ചും ഃ ആഹാരത്തിന്റെ ഈ രണ്ടവസ്‌ഥകളും നരവംശത്തിന്റെ സാമൂഹ്യ & ആചാര തലങ്ങളിൽകാണാം. ഇളയവളുടെ വിവാഹമാണ് ആദ്യം സംഭവിക്കുന്നതെങ്കിൽ അവിവാഹിതയായ മൂത്തവളെ അടുപ്പത്ത് ഇരുത്തുന്ന ഒരാചാരം 19-ാം നൂറ്റാണ്ടിലും സെന്റ് ഓമർ ജില്ലയിലുണ്ടായിരുന്നു. അവൾ പ്രേമത്തിന് & ദാമ്പത്യത്തിന് ഇനിയും ‘പാക’മാകാത്തതിനാൽ അവളെ ഒന്നു ‘ചൂടാക്കി’ എടുക്കുക എന്ന ഭക്ഷണ & രതി ഭാവങ്ങൾ ക്രോഡീകരിച്ച ഒരു ചിഹ്‌നമാണീയാചാരം. ചില പണ്‌ഡിതൻമാർ ഇതിലെ രതിഭാവത്തെ സ്വീകരിക്കുന്നില്ല. നിരാകരിച്ചു തളളിക്കളഞ്ഞതിനെ ‘അട്ടത്തുവയ്‌ക്കുക’ എന്ന ചിന്തയുടെ ചിഹ്‌നമാണിതെന്ന് വാൻജനപ്പ് അഭിപ്രായപ്പെടുന്നു. ഇംഗ്ലണ്ടിൽ മൂത്തവൾ നഗ്‌നപാദയായി നൃത്തംചെയ്യുന്ന പതിവുണ്ടായിരുന്നു. ഫ്രാൻസിലെ ചിലഭാഗത്ത് വിവാഹംകഴിയാത്ത ‘മൂത്തവളെ’യും ‘മൂത്തവനെ’യും ഉളളി, കിഴങ്ങുകൾ, ഓട്‌സ് എന്നിവ കൊണ്ടുണ്ടാക്കിയ ‘സാലഡ് തീറ്റുക’ എന്ന ആചാരമുണ്ടായിരുന്നു. ഇളയവൻ & ഇളയവൾ വിവാഹത്തിലേർപ്പെട്ടപ്പോഴും മൂത്തുനിൽക്കുന്ന അവനെ & അവളെ ആഹാരം പച്ചക്കു (സാലഡ് വേവിക്കാറില്ലല്ലോ) തിന്നാൻ കൊടുത്ത് ആഹാര & ദാമ്പത്യ & ആചാര ചിഹ്‌നംകൊണ്ട് അവരുടെ അവസ്‌ഥ സൂചിപ്പിക്കുന്നു.
അവിവാഹിതയെ അടുപ്പിലിരുത്തി അവളുടെ ദോഷം നീക്കിയെടുക്കുന്നതുപോലെ പ്രസവിച്ച പെണ്ണിനെയും പ്രായമറിയിച്ച പെണ്ണിനെയും ആഹാരം പാകംചെയ്യുന്ന തരത്തിലുളള സിംബോളിക് ക്രിയയിലൂടെ അവരുടെ ദോഷവും മാറ്റിയെടുക്കുന്നു. പാചകക്രിയ ദോഷപരിഹാരക്രിയ എന്ന അർത്‌ഥം ക്രോഡീകരിച്ച ചിഹ്‌നമാണ്. പല വർഗ്ഗക്കാർക്കിടയിലും ആഹാരം കഴിക്കുന്നതിനും ലൈംഗിക ബന്ധത്തിനും തിന്നുക എന്നർത്‌ഥം വരുന്ന പദമാണുപയോഗിക്കുന്നത്.
(Claude Levi-Straussന്റെ The Raw and the Cooked എന്ന ഗ്രന്ഥത്തിൽനിന്ന് തയ്യാറാക്കിയത്‌ഃ വിജയകുമാർ മേനോൻ)
Generated from archived content: katt_may28.html Author: cloud_levitrose