കൃഷിയുടെ നാട്ടറിവുകൾ

തലമുറകൾ മറയുന്നതോടെ ആചരിച്ചുവരുന്ന അറിവുകൾ അപ്രത്യക്ഷമാകുന്നു. ആധുനികതയുടേയും പ്രത്യേകിച്ച്‌ വ്യായസായിക സാങ്കേതികവിദ്യകളുടേയും അതിപ്രസരത്താൽ പുത്തൻകൂറ്റുകാർ പഴമയെ തള്ളിപ്പറയാനും അതുവഴി കാർഷിക പരാജയങ്ങൾക്കും കാരണമാകുന്നു. ഒരിക്കൽ ഹരിതവിപ്ലവമെന്ന പേരുപറഞ്ഞ്‌ കർഷകരെ ആവേശിച്ച വൻകിട അന്താരാഷ്‌ട്ര കമ്പനികൾ രാസവളങ്ങളും കീടനാശിനികളും കൊണ്ട്‌ ഭൂമി മലീമസമാക്കി. ഇന്ന്‌ ഇതേ ശക്‌തികൾ ജൈവഘടനകളേയും സസ്യവിത്തുകളേയും ഉപായത്തിൽ സ്വന്തമാക്കി പേറ്റന്റ്‌ എന്ന ഓമനപ്പേരിൽ വാണിജ്യവൽക്കരിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതിനെ ചെറുക്കാനും നാട്ടറിവുകളെ തനത്‌ ഉറവിടങ്ങളായ കർഷകരിൽനിന്ന്‌ ശേഖരിച്ച്‌ രേഖപ്പെടുത്തി വയ്‌ക്കാനുമാണ്‌ സെന്റർ ഫോർ ഫോക്‌ലോർ സ്‌റ്റഡീസ്‌ ശ്രമിക്കുന്നത്‌.

പഴയകാലങ്ങളിൽ കുത്തിയൊലിച്ചുവരുന്ന മലവെളളം കാലവർഷത്തിന്റെ സമ്പത്തായിരുന്നു – കോരഞ്ചിരി പറയുന്നു. ഇതിലൂടെ വരുന്ന പോഷകസമൃദ്ധമായ കാട്ടിലെമേൽമണ്ണ്‌ പുഴകളിലും കനാലുകളിലും പാടങ്ങളിലും വെളളം കെട്ടിനിൽക്കുമ്പോൾ ഊറി അടിയുന്നു. ‘മലമട്ട്‌’ എന്നറിയപ്പെടുന്ന ഈ ജൈവ പോഷകവസ്‌തു പുഴയിൽനിന്ന്‌ കോരിയെടുത്ത്‌ പാടങ്ങളിൽ തട്ടിനിരത്തി ഉപയോഗിച്ചിരുന്നു. അക്കാലങ്ങളിൽ കൃഷിചെയ്‌തിരുന്ന ചീര എന്ന നെല്ല്‌ ആളുയരത്തിൽ വളരുകയും മുപ്പതുമേനിയോളം വിളയുകയും ചെയ്‌തിരുന്നു. ബണ്ടുകളും ഡാമുകളും മലവെളളത്തെ തടുത്തുനിർത്തിയപ്പോൾ ഗുണരഹിതമായ തെളിവെളളം മാത്രമാണ്‌ പാടങ്ങളിലേയ്‌ക്കൊഴുകുന്നത്‌. ഡീസൽ എഞ്ചിനുകളും ഇലക്‌ട്രിക്‌ മോട്ടോറുകളും വരുന്നതിനുമുമ്പ്‌ 21 ഇലയുടെചക്രം ചവിട്ടിയാണ്‌ പാടത്ത്‌ വെളളം നിറച്ചിരുന്നത്‌. മുളങ്കുറ്റി പാകി ഓലകെട്ടി മണ്ണുനിറച്ചാണ്‌ ബണ്ടുകൾ കെട്ടുന്നത്‌. വൻമഴയിലും മലവെളളപ്പാച്ചിലിലും പലപ്പോഴും ഇതുപൊട്ടാറുണ്ട്‌. ഫലം സമ്പൂർണ്ണ കൃഷിനാശമായിരിക്കും. വീണ്ടും ബണ്ടുകെട്ടി കൃഷിയിറക്കുക എന്നതായിരുന്നു അന്നത്തെ കാർഷികവീര്യം. എം. ആർ. വേലായുധൻ പറഞ്ഞു.

ഇരുപത്തെട്ടുച്ചാലിന്‌ മകരമാസം 28-​‍ാംതീയതി ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ മുൻവാതിലിൽ ഒരു തോർത്തുകെട്ടി കാരണവർ കാത്തിരിക്കുന്നു. കൃത്യം 12ന്‌ കാറ്റു പകർന്നാൽ അക്കൊല്ലം കാലവർഷം എടവം 15നു തുടങ്ങുമെന്നും നേരത്തെയായാൽ നേരത്തേയാകുമെന്നും വൈകിയാൽ വൈകുമെന്നും ആയിരുന്നു ഫലം. ഇതിന്‌ കൊടമ്പകർച്ച എന്ന്‌ കർഷകർ പറഞ്ഞുവന്നതായി മഴയഞ്ചേരി നമ്പൂതിരി പറഞ്ഞു.

ചീര, ചിറ്റ്യേനി, തവളക്കണ്ണൻ, വട്ടൻ, കുട്ടാടൻ, കുളപ്പാല, പൂഴിക്കരിമ്പൻ, നവര, കുളപ്പാണ്ടി, ചെമ്പാവ്‌ എന്നിവയായിരുന്നു പഴയകാല വിത്തിനങ്ങൾ. ഇവയ്‌ക്ക്‌ പ്രതിരോധ ശേഷിയും സ്വാദും ഉണ്ടായിരുന്നു. ഇതിൽ നവര ഔഷധ ഗുണമുളളതാണ്‌. കൃഷിയിറക്കുന്നത്‌ നാളും പക്കവും നോക്കിയായിരുന്നു. ചൊവ്വ, വെളളി, ഞായർ എന്നീ ആഴ്‌ചകളും ഭരണി, തിരുവാതിര, തൃക്കേട്ട എന്നീ നാളുകളും വർജ്യമാണ്‌. അത്തം, തിരുവോണം, ഉത്രാടം എന്നീ നാളുകളിൽ കൃഷിയിറക്കിയിരുന്നു. കോൾകൃഷിക്കാർ മകരത്തിൽ തിരുവോണം ഞാറ്റുവേലയിലാണ്‌ കൃഷിയിറക്കുക പതിവ്‌. വിത്തുനനക്കുന്നതുമുതൽ കൃഷിയിലും വിളവ്‌ അനുഭവിക്കുന്നതിലടക്കം പാരമ്പര്യ അനുഷ്‌ഠാനങ്ങൾ ധാരാളമുണ്ട്‌.

മാതാപിതാക്കളിൽനിന്ന്‌ ലഭിച്ച ഈ വിശ്വാസങ്ങൾ ഇപ്പോഴും പുലർത്തുന്നതായി 50 വർഷത്തെ കാർഷിക പരിചയമുളള സുമതി പറഞ്ഞു. കൃഷിക്കുപറ്റിയ ഏറ്റവും നല്ല പച്ചിലവളം മാവിലയാണെന്ന്‌ എം. എസ്‌. രാഘവൻ അഭിപ്രായപ്പെട്ടു. തൊലികയ്‌പൻമാവിന്റെ ഇലയാണ്‌ കൂടുതൽ മെച്ചം. ജൻമാധികാരമുളള നിലത്തിലേ മാവിൻതോലിടൂ എന്ന്‌ പണ്ടൊരു പറച്ചിലുണ്ടായിരുന്നു. പാട്ടഭൂമിയാണെങ്കിൽ ഇലകൾ ദഹിച്ചു വളമാകുമ്പോഴേയ്‌ക്കും കുടിയൊഴിപ്പിക്കലോ മറ്റോ നടക്കും. അത്ര പതുക്കെ മാത്രമേ വളക്കൂറ്‌ നഷ്‌ടപ്പെടുകയുളളൂ. പണ്ടൊക്കെ കാട്ടിൽനിന്ന്‌ വൻമരങ്ങളുടെ പച്ചിലവളം കിട്ടാറുണ്ടായിരുന്നു. കാടെല്ലാം നശിച്ചതോടെ അതും ഇല്ലാതായി. ആഴത്തിൽ വേരോടിയ വൻമരങ്ങളുടെ ഇലകളിൽ ധാരാളം മിനറലുകൾ ഉണ്ടാകും എന്നതാണ്‌ കാട്ടുപച്ചിലവളത്തിന്റെ പ്രത്യേകത. 12 വയസ്സുമുതൽ കൃഷി അനുബന്ധവൃത്തികളുമായി കഴിഞ്ഞ വയോധികനായ ഔസേഫ്‌ചമ്പക്കൻ കന്നുകാലികൾക്ക്‌ കൃഷിയിലുളള പങ്കിനെക്കുറിച്ച്‌ വാചാലനായി. പാടം ഉഴുവാനുളള കാളകളുടെ ലക്ഷണങ്ങളെക്കുറിച്ച്‌ അറിവുളളവർ ഇന്ന്‌ വിരളമാണ്‌. ചുഴി, കൊമ്പ്‌, തോൽക്കനം ഇവയത്രെ പ്രധാന ലക്ഷണങ്ങൾ. നിറവും തോൽക്കനവുംനോക്കി കാളകളുടെ ആരോഗ്യവും ചുണയും മനസ്സിലാക്കാം. തീറ്റയായി വെറും പച്ചരിക്കഞ്ഞിയും പിണ്ണാക്ക്‌, ഉഴുന്ന്‌, പരുത്തിക്കുരു ഇവ അരച്ചതും വൈക്കോലും മാത്രമാണ്‌ നൽകിയിരുന്നത്‌. കാലിത്തീറ്റ എന്നപേരിൽ ഇന്ന്‌ വാങ്ങാൻകിട്ടുന്നതിനേക്കാൾ ആരോഗ്യകരമായത്‌ ഈ പഴയരീതിയാണെന്ന്‌ അദ്ദേഹം ശഠിച്ചു. കർക്കിടകമാസത്തിൽ കാളകൾക്ക്‌ സുഖചികിൽസ നൽകാറുണ്ട്‌. അടുത്ത കൃഷിപ്പണിക്ക്‌ വേണ്ട ആരോഗ്യം ഉണ്ടാകുന്നതിനുവേണ്ടിയാണിത്‌. വണ്ടിക്കാളകൾക്ക്‌ മുതിരകൊടുക്കുന്നു. ഇതുമൂലം ഞരമ്പിന്‌ ചൂടേറുകയും ഭാരം വലിക്കാനുളള ശേഷി കൂടുകയും ചെയ്യുന്നു. ഇടവിളകളായി പാടത്തും പറമ്പിലും കൃഷിചെയ്യുന്ന പച്ചക്കറിയിനം കൊണ്ട്‌ ഭക്ഷണാവശ്യങ്ങൾ കഴിഞ്ഞുപോകുന്നു. കീടനാശിനികളുടേയും പ്രിസർവേറ്റീവുകളുടേയും ദൂഷ്യഫലങ്ങളില്ലാതെ അദ്ധ്വാനം കൊണ്ടുണ്ടാക്കിയത്‌ ഭക്ഷിക്കാമെന്ന്‌ കർഷകർ ഒന്നോടെ പറഞ്ഞു.

ജൈവകീടനിയന്ത്രണഘടകങ്ങളായ പരുന്ത്‌, പുൽച്ചാടി, എട്ടുകാലി, തവള, പാമ്പ്‌ എന്നിവ അമിത കീടനാശിനി പ്രയോഗത്താൽ നാമാവശേഷമാകാൻ തുടങ്ങി. കതിർവന്നുകഴിഞ്ഞാലുടൻ കണ്ടുവരുന്ന ചാഴി എന്ന കീടത്തെ നിയന്ത്രിക്കാൻ പണ്ടുകാലത്ത്‌ മാന്ത്രികവിദ്യ പ്രയോഗിച്ചിരുന്നു. ‘ചാഴിവലിക്കൽ’ എന്ന കർമ്മത്തിൽ വെണ്ണീറിൽ മന്ത്രം ജപിച്ച്‌ തൂളിച്ചാണ്‌ പ്രയോഗിച്ചിരുന്നത്‌. എങ്കിലും കണ്ടത്തിന്റെ ഒരു മൂലയിൽ അല്പം ചാഴിക്കായി നീക്കിയിടും. വേപ്പെണ്ണ, വെളളുളളി, കർപ്പൂരം, കുന്തിരിക്കം, കാട്ടുതുളസി എന്നിവയും അവയുടെ മിശ്രിതങ്ങളും പണ്ട്‌ കീടനിയന്ത്രണത്തിന്‌ ഉപയോഗിച്ചിരുന്നു. രാസകീടനാശിനിയുടെ ഉപയോഗംമൂലം ഉണ്ടായകീടമാണ്‌ മുഞ്ഞ കതിർവെട്ടിപ്പുഴു എന്ന കീടം രണ്ടുവർഷംകൊണ്ട്‌ മെറ്റാസിഡ്‌ എന്ന കീടനാശിനിക്ക്‌ പ്രതിരോധശക്‌തി നേടി. അത്യുൽപാദനശേഷിയുളള വിത്തിനങ്ങൾ ഉപയോഗിച്ചുതുടങ്ങിയപ്പോൾ ചെടികളുടെ ചിനപ്പുനോക്കി രാസവളം ചേർക്കുന്ന ശീലം കൃഷിക്കാരിലുണ്ടായി എന്നു പറയുന്നു. ഇത്‌ അമിതമായ രാസവളപ്രയോഗത്തിന്‌ പ്രേരണയേകി. ഇതാണ്‌ ‘മണ്ണിന്റെ മരണ’ത്തിന്‌ കാരണമായതെന്ന്‌ കർഷകർ ഏകകണ്‌ഠമായി പറഞ്ഞു. മണ്ണിന്റെ ജൈവചാക്രികത നിലനിർത്തുന്ന മണ്ണിരകൾ രാസവള പ്രയോഗത്താൽ നശിച്ചു പോയതായി കർഷകർ കുണ്‌ഠിതം പ്രകടിപ്പിച്ചു. ജൈവകീടനാശിനികൾ ഇനിയും പൂർണ്ണമായും പ്രയോഗത്തിൽ കൊണ്ടുവരുന്നതേയുളളു. ഇതിനു പ്രധാനകാരണം ഇന്ന്‌ ഉപയോഗത്തിലിരിക്കുന്ന നെൽവിത്തുകൾക്ക്‌ രാസകീടനാശിനികളുടെ സംരക്ഷണം കൂടിയേതീരൂ എന്ന അവസ്‌ഥയിലാണ്‌. വൻകുത്തകകമ്പനികളുടെ വാഗ്‌ദാനങ്ങളിലും പ്രബോധനങ്ങളിലും മയങ്ങി നൈസ്സർഗ്ഗിക രീതികളുപേക്ഷിച്ച്‌ രാസവളങ്ങളേയും കീടനാശിനികളേയും ആശ്രയിച്ചതിൽ കർഷകരൊന്നടക്കം അസന്തുഷ്‌ടരാണ്‌. കൂട്ടായ്‌മയുടെ അവസാനത്തിൽ കാർഷികവിജ്ഞാനീയവും വിത്തുകളും കർഷകന്റേയും ദേശത്തിന്റേയും തനത്‌ സമ്പത്താണെന്നും മറ്റാർക്കും അത്‌ അവകാശപ്പെടുത്താൻ അധികാരമില്ലെന്നും കർഷകർ കൂട്ടായ പ്രഖ്യാപനം നടത്തി.

Generated from archived content: purattu_dec24.html Author: ck_mohanakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here