വിത്തുകളുടെ സമ്മേളനമാണ് കതിർ. ഒരു കതിരിൽ നിരവധി വിത്തുകൾ ഒന്നുചേരുന്നു. വിത്ത് പ്രതീക്ഷയുടെ ഇരിപ്പിടമാണ്. ഈ അറിവ് പരമ്പരാഗത കാർഷിക സമൂഹങ്ങളുടെ മാത്രം നേരായിരുന്നു. കൊയ്‌ത്തിനോടനുബന്ധിച്ച് നടത്തിയിരുന്ന പ്രധാന ആചാരങ്ങളാണ് ‘നിറ’യും ‘പുത്തരി’യും. ‘നിറ’ കർക്കിടകത്തിലും ചിങ്ങത്തിലും നടത്താറുണ്ട് ഓവുളള (ഓവ്= കൊങ്ക്= ഓര്) വിത്താണ് നിറക്ക് ഉത്തമം. ചുവന്നവിത്തോ കറുത്തവിത്തോ ആയിരിക്കണം. വെളുത്തവിത്ത് എടുക്കുവാൻ പാടില്ല. കൊയ്‌ത്തിനുമുമ്പാണ് ‘നിറ’ നടത്തുക. പുതിയനെല്ലിനെ നല്ല മുഹൂർത്തം നോക്കി ബഹുമാനാദരങ്ങളോടെ കൃഷിക്കാരന്റെ വീട്ടിലേക്ക് കൊണ്ടുവരിക എന്നതാണ് ‘നിറ’. വാവുകഴിഞ്ഞ ശേഷമാണ് നിറ നടത്തുക. നിറ ദിവസം പാടത്തുനിന്നും വിളഞ്ഞ കതിരുകൾ ഊരിയെടുത്ത് (മുറിക്കാൻ പാടില്ല) തേക്കിന്റെ ഇലയിലോ വാഴയിലയിലോ പൊതിഞ്ഞ് പടിയുടെ പുറത്തു വെക്കുന്നു. ഈ കതിരുകളാണു കെട്ടിത്തൂക്കാനെടുക്കുന്നത്. ‘കതിർക്കുല’ കെട്ടുമ്പോൾ നെൽക്കതിരുകളോടൊപ്പം ചില ഇലകൾ കൂടി ചേർക്കാറുണ്ട്. ‘നിറക്കോപ്പ്’ എന്നാണ് വളളുവനാട്ടിൽ ഇവ അറിയപ്പെടുന്നത്. അരയാൽ, പേരാൽ, ദശപുഷ്‌പങ്ങൾ, മാവ്, അമർച്ചക്കൊടി എന്നിവയുടെ ഇലകളാണ് നിറക്കോപ്പ്. ഈ ഇലകൾ പൊതിഞ്ഞുകെട്ടി ഒരു മരപീഠത്തിന്റെ മുകളിൽ നടുമുറ്റത്ത് കൊണ്ടുവെക്കുന്നു. നടുമുറ്റമില്ലെങ്കിൽ പുറത്തെ മുറ്റത്തായിരിക്കും വെക്കുക. നിറക്കു മുമ്പുളള നേദ്യത്തിനുശേഷം ഗൃഹനാഥൻ വേണ്ടത്ര വ്രതശുദ്ധിയോടെ ഇലക്കെട്ട് കൈയ്യിലെടുത്ത് പടിക്കലേക്കു ചെന്ന് കതിരുകൾ തലയിലേന്തി തിരിച്ചു വരുന്നു.
ഈ പുതുനെല്ലിന്റെ ഭക്ഷണം വെച്ചുകഴിക്കലാണ് പുത്തരി. പുത്തരിയുണ്ടശേഷം മാത്രമേ പുതിയ നെല്ല് ഭക്ഷണത്തിനെടുക്കാൻ പാടുളളൂ. പുന്നെല്ലുകൊണ്ട് പായസം വയ്‌ക്കും. അതോടൊപ്പം സദ്യയുമുണ്ടാകും. പുത്തരിയ്‌ക്ക് പായസത്തോടൊപ്പം കൂട്ടിക്കഴിക്കാൻ വിഭവം വേറെ വേണം. അതിന് കുരുമുളകിന്റെ ഇല, തകരയുടെ ഇല, പുത്തരിച്ചണ്ടയുടെ ഇല ഇവയെല്ലാം വേവിച്ച് പായസത്തേടൊപ്പം ഭക്ഷിയ്‌ക്കും. പുത്തരിപ്പായസത്തിൽ പഴങ്ങൾ ഇടുക പതിവുണ്ട്. കൂടാതെ കല്ല്, നെല്ല്, കരിക്കട്ട, ചുണ്ടങ്ങ തുടങ്ങിയവയും ചേർക്കും. പായസം കഴിക്കുന്ന നെല്ല് കിട്ടിയാൻ നല്ലത്, കരിക്കട്ട, കല്ല് എന്നിവ കിട്ടിയാൽ ദോഷവും, ചുണ്ടങ്ങ കിട്ടിയാൽ നല്ലതുമെന്നൊക്കെയായിരുന്നു വിശ്വാസം.
പുത്തരിയുമായി ബന്ധപ്പെട്ട് ആ കൊല്ലത്തെ നേട്ടകൊട്ടകണക്കുകൾ വിലയിരുത്തുക പതിവുണ്ട്. ഇതിനായി ചെമ്പുകൊണ്ടുണ്ടാക്കിയ ഒരു കുടമെടുത്ത് അതിൽ നെല്ല്, അരി, പൈസ, പുഷ്‌പം, ചന്ദനം, കരിക്കട്ട, മഞ്ഞൾ, ഇരുമ്പ്, ചെമ്പ് ഈ വക സാധനങ്ങൾ വെവ്വേറെ കെട്ടിപ്പൊതിഞ്ഞ് അതിലിട്ട് വായ്‌മൂടി കെട്ടിവെയ്‌ക്കുന്നു. ഊണിനുശേഷം വീട്ടിലെ പ്രായം കുറഞ്ഞവ്യക്തി കുടത്തിനുളളിൽ നിന്നും ആദ്യം ഒരു പൊതിയെടുക്കുന്നു. രണ്ടാമതൊരു പൊതി കൂടിയെടുത്ത് ആദ്യത്തേതിന്റെ അടുത്തുവെക്കുന്നു. ഇങ്ങനെ ഒട്ടാകെ മൂന്നു പൊതിയെടുക്കും. പായസത്തിൽ നിന്നുകിട്ടുന്ന സാധനവും, കുടത്തിനുളളിൽ നിന്നും എടുക്കുന്ന വസ്‌തുക്കളും തമ്മിൽ തട്ടിച്ചു നോക്കിയാണ് നേട്ടക്കോട്ടങ്ങൾ നിർണ്ണയിക്കുന്നത്. പുതുശ്ശേരിക്കാവിലെ ‘കതിരും കൂടും’ ഃ വൃശ്ചികമാസത്തിൽ മൂന്നാമത്തെ തിങ്കളാഴ്‌ചയാണ് പുതുശ്ശേരിക്കാവിൽ ‘കതിർ’. നല്ല വിളവു സമ്മാനിച്ചതിന് ഭഗവതിക്കുളള നേർച്ചയാണിത്. ദേശക്കാരായ നായൻമാർ പറയരുടെ കുടിലുകളിൽ പോയി ‘കതിർ’ നടത്തേണ്ട ദിവസം വിളിച്ചുപറയുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. പറയർ വിവരം ദേശത്തും കളങ്ങളിലും ചെണ്ട കൊട്ടിയറിയിക്കും.
അറിയിപ്പു കിട്ടിയാൽ ചെറുമക്കൾ ‘കൂട്’ കെട്ടാൻ തുടങ്ങും. വൈക്കോൽ നിരത്തിവച്ച് അവയ്‌ക്കുമേൽ നെല്ലിട്ട് പൊതിഞ്ഞ് അതിനു മേൽ പനയോല മെടഞ്ഞ് വലിയൊരു പന്തിന്റെ ആകൃതിയിൽ കെട്ടിയാണ് കൂടുണ്ടാക്കുന്നത്. ചില കൂടുകളിൽ നെല്ലിനു പകരം നവധാന്യങ്ങളേതെങ്കിലുമായിരിക്കും പൊതിയുന്നത്. കൂടുണ്ടാക്കിക്കഴിഞ്ഞാൽ അതിന്റെ പുറത്ത് നെൽകതിരുകൾ കുത്തുകയും ചെയ്യും. കതിരുദിവസം വൈകിട്ട് ചെറുമക്കൾ പച്ചമുളയിൽ ഇരുഭാഗത്തുമായി പത്തിരുപതു കൂടുകൾ തൂക്കിയിട്ട് (ഇവയെ ‘തണ്ടി’ എന്നാണ് പറയുന്നത്) താളാത്‌മകമായി കളിച്ചുകൊണ്ട് വരും. കൂടെ പനയോലകൊണ്ടോ വാഴത്തണ്ടുകൊണ്ടോ ഉണ്ടാക്കിയ ‘ചെരുവട’വും (തേര്) ഉണ്ടായിരിക്കും. കഞ്ചിക്കോട്ടുനിന്നുമാണ് കൂടുകളും ‘ചെരുവട’വും കൊണ്ടുവരുന്നത്. കൊട്ടും വാദ്യവുമായി അകമ്പടി സേവിക്കാൻ പറയരുമാണ്ടായിരിക്കും. എല്ലാവരും വന്ന് കാവിന് താഴെ നിൽക്കും. മൂന്നുപ്രാവിശ്യം കതിനവെടി മുഴങ്ങിക്കഴിഞ്ഞാൽ കൊട്ടികൊണ്ടു തണ്ടികളും ആളുകളും കാവിന്റെ മുറ്റത്തേക്ക് കയറും. അവിടെ ദേവീ നിയോഗമായി വെളിച്ചപ്പാടുണ്ടാകും. അവിടെവെച്ച് കൂടുകൾ തണ്ടിയിൽ നിന്നെടുത്ത് രണ്ടുമൂന്നെണ്ണം കാവിലേക്കുളളതുമാത്രം വെച്ച് ബാക്കിയുളളവ നാലുപാടും എറിയുന്നു. ഈ കൂടുകൾ കിട്ടാൻ വേണ്ടി ആളുകൾ തിക്കും തിരക്കും കൂട്ടുന്നുണ്ടാകും. കൂടുകിട്ടിയവർ അവ ഒരു ദേവിപ്രസാദമായി ഐശ്വര്യത്തിന്റെ ലക്ഷണമായി വീടുകളിൽ കൊണ്ടുപോയി കെട്ടിത്തൂക്കും. കൂടുകൊണ്ടുവന്നവർ ക്ഷേത്രം വെളിച്ചപ്പാടിൽ നിന്ന് ഭസ്‌മം സ്വീകരിക്കുന്നതോടെ ‘കതിരി’ന്റെ ചടങ്ങുകൾ അവസാനിക്കുന്നു. കതിരിനോടനുബന്ധിച്ച് ആനയോ, കുതിരയോ, വേലയോ ആഘോഷിക്കാം.
കുറുമാലിക്കാവിലെ കതിരുംകൂട്ടക്കളം ഃ മംഗലം ഡാമിനടുത്ത് മലകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന കാവാണ് കുറുമാലിക്കാവ്. ഇവിടെ ഭഗവതിയുടെ പ്രതിരൂപമായി തുറസ്സായ സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു ശിലയും ചുറ്റുമതിലും മാത്രമേ ഉളളൂ. ഇവിടെ വൃശ്ചികമാസത്തിലെ അവസാനത്തെ ഞായർ / വെളളി / ചൊവ്വ ദിവസം മലയരും, കവറകളും മറ്റു മണ്ണിന്റെ മക്കളും ചേർന്നു നടത്തുന്ന ഉത്സവമാണ് ‘കതിരും കൂട്ടക്കളം’. മലയരാണ് പ്രധാനമായും ഇതിൽ പങ്കാളികളാകുന്നത്.
ഒരു കാലത്ത് ഇവിടുത്തെ കൃഷിസ്ഥലങ്ങൾ മുഴുവൻ പാലക്കാട്ടുശ്ശേരി രാജകുടുംബത്തിന്റെ അധീനതയിലായിരുന്നു. വയലുകളിലെ കണിക്കാരായിരുന്നു മലയരും മറ്റുളളവരും. കൂടാതെ രാജകുടുംബത്തിനുവേണ്ടി കാട്ടിൽനിന്നും ആനകളെ പിടിക്കുന്നതിന് സഹായിക്കുകയും കാവൽ മാടങ്ങൾ കെട്ടി കാട്ടുമൃഗങ്ങൾക്ക് കാവലിരിക്കുകയും ചെയ്‌തിരുന്നു. കതിര് ദിവസം മാത്രമാണ് മലയർക്കും മറ്റു മണ്ണിന്റെ മക്കൾക്കും കാവിൽ കടക്കാൻ അനുവാദം കൊടുക്കുന്നത്. ഒന്നാംപൂവിലെ വിളവെടുത്തുകഴിഞ്ഞ് രണ്ടാംപൂവിന്റെ എല്ലാ പണികളും തീർത്തശേഷമാണ് ‘കതിരു’ നടത്തുക. കതിരിനുളള അവകാശം കൊടുക്കുന്നത് രാജകുടുംബമാണ്. കതിരിനുളള സമയമായാൽ മലയർ അവകാശക്കളങ്ങളിൽ വന്ന് വിവരം പറയും. അവകാശം കൊടുക്കുന്നതോടൊപ്പം ‘കതിരിനുളള ധാന്യവും, ഉടുക്കാനുളള മുണ്ടും കതിരാളികൾക്ക് നൽകുന്നു. കതിരാളികൾ കളങ്ങളിൽ കൊട്ടും പാട്ടുമായി അറിയിപ്പിന് നടക്കും. ’കതിരറിയിക്കൽ‘ എന്നാണ് ഇതിനെ പറയുന്നത്. ഇതോടൊപ്പം ’കതിതർക്കൂറ‘ നാട്ടുകയും ചെയ്യും. പത്തു പന്ത്രണ്ടുകോൽ നീളം വരുന്ന ഒരു മുളങ്കോലിൽ പനയോലയും കുരുത്തോലയും കെട്ടിയാണ് ’കൂറ‘ നാട്ടുന്നത്. ഇത് കതിരുത്‌സവത്തിന് മൂന്നുദിവസം മുമ്പുതന്നെ ചെയ്‌തിരിക്കും. ’കതിർക്കൂറ‘ മൂന്നിടത്തായി നാട്ടുന്നു. ഒന്ന് കതിർ ആരംഭിക്കുന്ന മലയക്കുടിലുകളിലും, ഒന്ന് തണ്ടിറക്കിവെക്കുന്ന സ്ഥലത്തും മൂന്നാമതൊന്ന് കാവിനുമുമ്പിലും.
കതിരുകളെടുത്ത് അവയ്‌ക്കുചുറ്റും പനയോലകൊണ്ട് കെട്ടി വളയങ്ങളാക്കി നീളത്തിലുളള ഒരു മുളങ്കോലിൽ (കതിർത്തണ്ട്) ഞാത്തിയിടുന്നു. കതിർദിവസം രാവിലെ മലയർ അവരവരുടെ തട്ടകങ്ങളിൽ ഗോത്രദൈവങ്ങൾക്ക് പൂജ അർപ്പിച്ചശേഷം ആണുങ്ങൾ തണ്ടുകൾ തോളിലേന്തി പെണ്ണങ്ങളാൽ അനുഗതരായി കൊട്ടിന്റെയും പാട്ടിന്റെയും അകമ്പടിയോടെ താഴേക്കിറങ്ങിവരുന്നു. ഒടുവൂർ ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിലാണ് ഇവർ ആദ്യം എത്തുന്നത്. അവിടെനിന്നും പിന്നെ കൃഷിയിടങ്ങളിൽക്കൂടിയാണ് യാത്ര. നെൽച്ചെടികൾ ചവിട്ടിമെതിച്ച് ഒപ്പം കുതിരക്കളിയുമായി കവറകളുമുണ്ടായിരിക്കും. ഇവരുടെ ചവിട്ടേറ്റാലേ രണ്ടാം പൂവില കതിരുകൾ ശരിക്ക് പുറത്തു ചാടുകയുളളൂ എന്നായിരുന്നു വിശ്വാസം. (എന്നാൽ ഇന്ന് ഭൂവുടമകൾ പാടത്തുകൂടെ പോകാൻ അനുവദിക്കാറില്ല).
വൈകിട്ട് കതിർത്തണ്ടും കുതിരകളും കറുമാലിക്കാവിന് മുമ്പിലെത്തുന്നു. കാവിനുമുമ്പിൽ പിന്നെ കളിയാണ്. കുതിരകളും ആടിത്തിമർക്കുന്നുണ്ടാവും. കൂടാതെ ’ഏഴുവട്ടംകളി‘ എന്ന പേരിലറിയപ്പെടുന്ന മലയരുടെ കളിയുമുണ്ട്. വളരെ നീണ്ട കാലുളള ഒരു പനയോലക്കുട ചൂടിയ മലയനുചുറ്റും നിന്ന് മലയത്തികൾ കുടചൂടി വട്ടത്തിൽ കുനിഞ്ഞ് മുന്നോട്ടും പിന്നോട്ടും അടിവെച്ച് തിരിഞ്ഞു കളിക്കുകയാണ് ചെയ്യുന്നത്. കൂടെ കൊട്ടും ’കതിര്‌വാദ്യം‘ എന്നുപേരായ ഒരു വാദ്യവുമുണ്ടായിരിക്കും. വൈകിട്ട് ഏഴുമണിയോടെ പാട്ടും കളികളും അവസാനിക്കും. കതിർത്തണ്ടുകൾ അന്ന് കാവിനകത്ത് കടത്തുകയില്ല. സ്‌ത്രീകൾ അന്നു തന്നെ കളിച്ചുകൊണ്ട് കാവിനുളളിലേക്ക് കയറാറുണ്ട്). പിറ്റേന്ന് പുലർച്ചെ ആറു മണിയോടെ കതിരും തണ്ടും ഉളളിലേക്കു കയറ്റി കാവിനെ മൂന്നു തവണ പ്രദക്ഷിണം വെക്കുന്നതോടെ ചടങ്ങുകൾ അവസാനിക്കുന്നു. പനയോല വരിഞ്ഞ കതിർ വളയങ്ങൾ വീടുകളിൽ കെട്ടിത്തൂക്കുന്നതിനായി ഉപയോഗിക്കും. മലയൻമാരുടെ കതിര് കഴിഞ്ഞ് മൂന്നാം ദിവസം സമീപത്തുളള ’കൊരക്കാലിക്കാവിൽ‘ ചെറുമരുടെ കതിരുത്‌സവമുണ്ടാകും. കതിരാരാധനയിൽ സമൃദ്ധിക്കു വേണ്ടിയുളള പ്രാർത്ഥനയും ഐശ്വര്യവും സുഭിക്ഷതയും നൽകിയതിനുളള നന്ദി ചൊല്ലലും അടങ്ങിയിരിക്കുന്നു. ഇല്ലംനിറയോടനുബന്ധിച്ച് പത്തായങ്ങളും, ഉരലാം ആട്ടുകല്ലും കളപ്പുരയുമൊക്കെ നിറക്കാറുണ്ട്. ഇല്ലായ്‌മയിൽനിന്ന് സമൃദ്ധിയിലേക്കുളള നാന്ദിയാണ് ഇതിലും അടങ്ങിയിരിക്കുന്നത്. കയ്‌പ്പാട് കർഷകർ കതിർക്കുല കെട്ടുന്നത് ’ഏറ്റ‘ സമയത്താണ്. ഏറ്റസമയത്ത് പാടത്തേക്ക് വെളളം കയറുകയാണ്. ഉപ്പുവെളളം കയറിയാലേ കയ്‌പാടിൽ കൃഷി ചെയ്യാൻ കഴിയുകയുളളൂ. ഉപ്പുവെളളം കയറുന്നത് സമൃദ്ധിയുടെ അടിസ്ഥാനമായും കതിർക്കുലയെ അതിന്റെ പ്രതീകമായും കണക്കാക്കുന്നു.
Generated from archived content: vithu_april17.html Author: ck-sujithkumar
Click this button or press Ctrl+G to toggle between Malayalam and English