വൈവിധ്യമാർന്ന ഗുണവിശേഷങ്ങളുളള നിരവധി വിത്തുകളുമായി നിത്യജീവിതത്തിൽ നാം ബന്ധപ്പെടുന്നുണ്ടെങ്കിലും വിത്തെന്നു കേൾക്കുമ്പോൾ ഏതൊരു കേരളീയന്റേയും മനസ്സിൽ ആദ്യം ഓടിയെത്തുക നെല്ലായിരിക്കും. ഒരു പക്ഷേ, ആസന്നമായ ഭാവിയിൽ നെൽകൃഷിതന്നെ ഇവിടെ അന്യം നിന്നാൽപോലും. കേരളീയന്റെയെന്നല്ല ഭാരതീയന്റേയും ഏഷ്യക്കാരന്റേയും സ്ഥിതി മറ്റൊന്നായിരിക്കുകയില്ല. അത്രയ്‌ക്കു മാത്രം നെല്ല് അവരുടെ ദൈനംദിനജീവിതവുമായി ഇഴുകിച്ചേർന്നിരിക്കുന്നു.
അല്‌പം ചരിത്രം ഃ മറ്റേതൊരു സസ്യത്തേയും പോലെത്തന്നെ സ്വാഭാവികമായി നെല്ലും വന്യമായാണ് വളരുന്നത്. നെല്ലിന്റെ ചരിത്രം 130 മില്ല്യൻ വർഷങ്ങൾക്കു മുമ്പുതന്നെ നെല്ലിന്റെ കാടൻ എനംഹിമാലയത്തിന്റെ തെക്കും വടക്കും ചെരിവുകളിൽ വളർന്നിരുന്നു. ‘ഇന്റിക്കാ’ എന്നറിയപ്പെടുന്ന ഈ ഇനത്തിന് താപവ്യതിയാനത്തേയും വരൾച്ചയെപ്പോലും പ്രതിരോധിക്കാനുളള ശേഷിയുണ്ടായിരുന്നു. ഹിമാലയത്തിൽനിന്നും ഇന്ത്യയുടെ ഇതരഭാഗങ്ങളിലേക്കും തെക്കേഇന്ത്യയിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യയുടെ വടക്കൻ മേഖലകളിലേക്കും നെല്ലെത്തിച്ചേർന്നു.
കടൽവഴിക്കാണ് നെൽവിത്തും നെൽകൃഷിയുടെ സാങ്കേതികവിദ്യയും മറ്റു പ്രദേശങ്ങളിലേക്കു വ്യാപിച്ചത്. കടൽക്കച്ചവടക്കാരും, സൈനികരും, സഞ്ചാരികളും ആയിരുന്നു വിതരണത്തിൽ സുപ്രധാന പങ്കുവഹിച്ചത്. അതിനുമുമ്പ് നെല്ല് കണ്ടിട്ടില്ലായിരുന്ന ആളുകൾ സ്വർണ്ണത്തിനും വെളളിക്കും മറ്റു വിലപിടിച്ച വസ്തുക്കൾക്കും പകരം നെല്ല് കൈമാറി.
ആഫ്രിക്കയിൽ കൃഷിയോഗ്യമായ ഒരിനം, കാടൻ നെല്ലിൽ നിന്ന് ഉരുത്തിരിഞ്ഞു. 3,500 വർഷങ്ങൾക്കുമുമ്പ് അവിടെ നെൽകൃഷി ആരംഭിച്ചിരുന്നു. ജാവയിൽനിന്നുളള നാവികർ മൺസൂൺ കാറ്റിനൊപ്പം സഞ്ചരിച്ചാണ് ഏഷ്യൻ നെല്ല് ആഫ്രിക്കയിലെത്തിച്ചത്. മഡഗാസ്‌കറിലെ ആഫ്രിക്കയുടെ കിഴക്കൻ തീരത്ത് താമസിച്ച് അവർ നെൽകൃഷിയാരംഭിച്ചു.
ബൈബിളിൽ നെല്ലിനെക്കുറിച്ച് പരാമർശങ്ങളൊന്നുമില്ല. അതുപോലെത്തന്നെ ഈജിപ്‌തിലെ പുരാതന ലിഖിതങ്ങളിലും. ഈയർത്ഥത്തിൽ ക്രിസ്‌തുവിന് മുമ്പ് യൂറോപ്പിൽ നെല്ല് എത്തിച്ചേർന്നിരിക്കാൻ സാധ്യതയില്ല. നൈൽ താഴ്‌വരയിൽ നെൽകൃഷി ആരംഭിച്ചത് എ.ഡി.369 നോടനുബന്ധിച്ചാണെന്നു കണക്കാക്കുന്നു. ഇന്ത്യയിൽ നിന്നും അലക്‌സാണ്ടർ മടങ്ങിയപ്പോൾ നെല്ലും കരുതിയിരുന്നതായി പറയുന്നു. ഗുരുവായിരുന്ന അരിസ്‌റ്റോട്ടിൽ നെല്ലിനെക്കുറിച്ചു പഠിച്ച ആദ്യത്തെ യൂറോപ്യൻ ശാസ്‌ത്രജ്ഞനാണ്. നെല്ലിനെ അദ്ദേഹം ഒറൈസോൺ എന്നു വിളിച്ചു. ഒന്നാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയ്‌ക്ക് അറബി കച്ചവടക്കാർ നെല്ല് ഇറാനിലേക്കും അവിടെനിന്ന് ഈജിപ്‌തിലേക്കും കൊണ്ടുവന്നു. ഈജിപ്‌തിൽനിന്ന് സ്‌പെയിനിലേക്കും അവിടെനിന്ന് സിസിലിയിലേക്കും നെല്ല് പ്രയാണം ചെയ്‌തു. 8-ാം നൂറ്റാണ്ടിൽ സ്‌പെയിനിലെ മൂറുകളാണത്രേ നെല്ല് പോർച്ചുഗലിൽ എത്തിച്ചത്. പിന്നീട് അവിടെനിന്ന് ഇറ്റലിയിലേക്കും 1468-ാമാണ്ടോടുകൂടി ബൾഗേറിയയിലേക്കും, യുഗോസ്ലാവിയായിലേക്കും എത്തിച്ചേർന്നു. മറ്റൊരു വാദം പറയുന്നത് ആഫ്രിക്കയിൽ നിന്നായിരിക്കണം യൂറോപ്പിൽ നെല്ലെത്തിച്ചേർന്നതെന്നാണ്.
റഷ്യയിൽ 1700-ാമാണ്ടോടുകൂടി് പീറ്റർ ഒന്നാമനാണ് നെൽകൃഷി ആരംഭിച്ചത്. 1609-ാം മാണ്ടോടുകൂടിയാണ് അമേരിക്കയിൽ നെല്ല് വന്നുചേർന്നത്. വെർജീനിയയിലാണ് ആദ്യം കൃഷി തുടങ്ങിയതത്രേ. 1685 ൽ മഡഗാസ്‌കറിൽ നിന്നുളള ഒരു കപ്പൽ തെക്കൻ കരോലിനയിലെ ചാർലിസ്‌റ്റണിൽ കേടുപാടുകൾ തീർക്കാനായി നങ്കൂരമിട്ടുവെന്നും, തിരിച്ചുപോകുമ്പോൾ കപ്പലിന്റെ ക്യാപ്‌റ്റൻ ഒരു ചാക്ക് നെല്ല് അവിടെ വിട്ടുപോന്നുവത്രെ. അമേരിക്കൻ പ്രസിഡണ്ടായിരുന്ന തോമസ് ജെഫേർസൻ ഇറ്റലിയിലെ ‘പോ’ നദിക്കരയിലെ ഒരു താഴ്‌വരയിൽ നെല്ല് വളർന്നു നിൽക്കുന്നതുകണ്ട് ആകൃഷ്‌ടനായെന്നും അമേരിക്കയിലേക്ക് മടങ്ങിപ്പോരുമ്പോൾ ഒരു പോക്കറ്റുനിറയെ നെല്ല് കട്ടുകൊണ്ടുപോയെന്നും രസകരമായ ഒരു ചരിത്രമുണ്ട്.
1522-ൽ ഒരു കപ്പൽ നിറയെ ഗോതമ്പ് മെക്‌സിക്കോയിൽ എത്തി. ഗോതമ്പുമായി ഇടകലർന്ന് നെൽവിത്തുകളുമുണ്ടായിരുന്നു. മെക്‌സിക്കോക്കാർ ആവേശത്തോടെ നെൽകൃഷി ആരംഭിക്കുകയും ചെയ്‌തു. ചൈനയിലെ ബീജിങ്ങിനു തെക്ക് ഒരു സ്വർഗ്ഗീയ ദേവാലയമുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് ഇവിടെ നടന്നിരുന്ന ഒരു കൃഷിയുത്‌സവത്തിൽ ചൈനാചക്രവർത്തി കർഷകരെപ്പോലെ മഞ്ഞ വസ്‌ത്രമുടുത്ത് സന്നിഹിതനാവുകയും അമ്പലത്തിനു തൊട്ടടുത്ത വിശുദ്ധമായ കൃഷിയിടത്തിൽ പ്രത്യേക താളവാദ്യങ്ങളുടെ അകമ്പടിയോടെ കലപ്പയെടുത്ത് മൂന്നു തവണ ഉഴുകയും ചെയ്‌തിരുന്നുവത്രെ. 2500 ബി.സി.യ്‌ക്കടുത്ത് ചൈന ഭരിച്ചിരുന്ന ഷുൻനംഗ് തന്റെ പ്രജകളെ അഞ്ചു ധാന്യങ്ങൾ കൃഷി ചെയ്യുന്ന കല പഠിപ്പിച്ചിരുന്നു. അവയിലൊന്ന് നെല്ലായിരുന്നു.
നെല്ലിന്റെ ഉത്‌ഭവവും മിത്തിക്കൽ ചരിത്രവും ഃ നെല്ലിന്റെ ഉത്‌ഭവത്തെപ്പറ്റി നിരവധി കഥകളുണ്ട്. സ്വർഗ്ഗവാസിയായ ഒരു അരയന്നം സൂര്യദേവതയായ അമതിരിഷു-ഒമി-കാമിയ്‌ക്ക് നെല്ലിന്റെ വിത്തുകൾ കൊടുത്തു എന്നാണ് ജപ്പാൻകാർ വിശ്വസിക്കുന്നത്. സൂര്യദേവത നെൽവിത്തുകൾ വിതയ്‌ക്കുകയും ഫലമെടുക്കുകയും ചെയ്‌തു. സൂര്യദേവത സ്വർഗ്ഗീയ വിളകളുടെ ആദ്യത്തെ വിളവ് നിനിഗി രാജകുമാരന് സമ്മാനിക്കുകയും അവ എട്ടുവലിയ ദ്വീപുകളുടെ നാട്ടിലേക്ക് (ജപ്പാൻ) കൊണ്ടുപോകാൻ ആജ്ഞാപിക്കുകയും ചെയ്‌തു. തായി ഇതിഹാസത്തിൽ വിഷ്‌ണുദേവൻ മഴയുടെ ദേവനായ ഇന്ദ്രനോട് ഭൂമിയിലെ ആളുകൾക്ക് നെൽകൃഷി പഠിപ്പിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടതായി പരാമർശമുണ്ട്. അരുണാചൽപ്രദേശിലെ ‘എലോംഗ്’ ഗ്രാമത്തിൽ ഒരു ആദിവാസി സ്‌ത്രീയാണ് നെൽകൃഷി തുടങ്ങിയതെന്ന് വിശ്വസിക്കുന്നു. അവരുടെ ചരിത്രം അവിടുത്തെ ഒരു അമ്പലത്തിൽ വരച്ചുവെച്ചിട്ടുണ്ട്. ഫിലിപൈൻസുകാർ വിശ്വസിക്കുന്ന കഥ കുറേക്കൂടി ഹൃദയസ്‌പർശിയാണ്. ‘അഗാമി’ ദരിദ്രയായ ഒരു കൊച്ചുബാലികയായിരുന്നു. അവൾ എപ്പോഴും ദുഃഖിതയായിരുന്നു. അവളുടെ കുടുംബക്കാർ കാലങ്ങളായി ഒരു ജന്മിയുടെ കീഴിൽ അടിമവേല ചെയ്‌തുവരുന്നവരായിരുന്നു. ജന്മി അവരോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത്. അവളുടെ അമ്മ നേരത്തേതന്നെ മരിച്ചുപോയി. ഒരു ദിവസം അഗാമി ഒരു കാട്ടരുവിയുടെ തിരത്ത് കാലുകൾ വെളളത്തിലാഴ്‌ത്തി ദുഃഖത്തോടെ ഇരിക്കുകയായിരുന്നു. ഇത്രകാലം അവളുടെ അച്ഛന് ഈ കഷ്ടപ്പാട് താങ്ങാൻ കഴിയും എന്നായിരുന്നു അവളുടെ ചിന്ത. വിഷമംകൊണ്ട് അവളുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി ആ സമയത്ത് കാട്ടരുവിയിലൂടെ ഒരു സ്വർണ്ണക്കതിർക്കുല ഒഴുകിയെത്തി. അവൾ കൗതുകത്തോടെ അത് കൈയ്യിലെടുത്തു. അതിൽ ഒരു സ്വർണ്ണധാന്യമുണ്ടായിരുന്നു. അവൾ അത് അരുവിയുടെ തീരത്ത് കുഴിച്ചിട്ടു. അത് മുളയ്‌ക്കുകയും വളരുകയും കായ്‌ക്കുകയും ചെയ്‌തു. അത്‌ഭുതമെന്നേ പറയേണ്ടൂ വിളഞ്ഞപ്പോൾ ചെടിയിൽ നിറയെ സ്വർണ്ണധാന്യമണികളായിരുന്നു. അഗാമി വീണ്ടും ആ സ്വർണ്ണധാന്യങ്ങൾ കുഴിച്ചിട്ടു. അവളുടെ അച്ഛൻ അവളെ സഹായിച്ചു. കുറച്ചുവർഷങ്ങളിലെ തുടർച്ചയായ കൃഷിയിലൂടെ അവർക്ക് ധാരാളം സ്വർണ്ണധാന്യങ്ങൾ കിട്ടുകയും അഗാമിയുടെ അച്ഛന് തന്റെ കടം മുഴുവൻ വീട്ടി ഒരു സ്വതന്ത്രമനുഷ്യനായിത്തീരാൻ സാധിക്കുകയും ചെയ്‌തു.കാട്ടരുവിയിലൂടെഒഴുകിയെത്തിയആസുവർണ്ണധാന്യക്കുല നെല്ലിന്റേതായിരുന്നുവത്രെ.
ഫിലിപൈൻസിലെ ആദിവാസികളായ ‘ഇഗോറോട്ടുക’കൾ പറയുന്ന കഥ ദൈവത്തിന്റെ കനിവിനെക്കുറിച്ചാണ്. മുക്കുവരുടെ ദുരിതം കണ്ട് ദയ തോന്നിയ ദൈവം അവർക്ക് സ്വർണ്ണം വിളയുന്ന മലകൾ നിറഞ്ഞ ദ്വീപിനെക്കുറിച്ചുപറഞ്ഞു കൊടുത്തു. അവർ കടലിലൂടെ യാത്ര ചെയ്‌ത് ഒടുവിൽ ദ്വീപ് കണ്ടെത്തി. അവിടെ മലകൾക്കെല്ലാം സ്വർണ്ണവർണ്ണമായിരുന്നു. അടുത്തെത്തിയപ്പോഴാണ് അവർക്കു മനസ്സിലായത്, സൂര്യപ്രകാശത്തിൽ തിളങ്ങി നിൽക്കുന്ന വിളഞ്ഞ ഒരിനം ധാന്യമാണെന്ന്. ആ ധാന്യം നെല്ലായിരുന്നു.
നാമചരിത്രം ഃ തമിഴിലെ ‘അരിസി’യിൽനിന്നാണ് അരി എന്ന വാക്ക് പ്രചാരത്തിൽവന്നത്. വാണിജ്യാർത്ഥം അരിയുമായി പോയ അറബികൾ ‘അരിസി’യെ ‘അൽ-റൂസ്’ എന്നും ‘അരുസ്’ എന്നും വിളിച്ചു. സ്‌പെയിനിലെത്തിയപ്പോൾ ‘അൽ-റൂസ്’ ‘അരോസ്’ ആയി. ഗ്രീസിലെത്തിയപ്പോൾ ‘ഒറൈസ’യും ഇംഗ്ലീഷിൽ ‘റൈസ്’ എന്നും ലാറ്റിനിൽ ‘ഒറൈസ’ എന്നും ഇറ്റാലിയനിൽ ‘റൈസേ’ എന്നും. ഫ്രഞ്ചിൽ ‘റിസ്’ എന്നും, ജർമ്മനിൽ റീസ് എന്നും അറിയപ്പെടുന്നു. മറ്റൊരു നാമചരിത്രം സംസ്‌കൃതവുമായി ബന്ധപ്പെട്ടതാണ്. സംസ്‌കൃതത്തിൽ നെല്ലിനെ വൃതി എന്നാണ് വിളിക്കുന്നത്. തെലുങ്കിൽ വരി എന്നും, പാർസിയിൽ ബ്രിഞ്ചി എന്നും. ‘ബ്രിഞ്ചി ’, ‘വൃതി’യിൽ നിന്നും വികസിച്ചതാണെന്നു കരുതുന്നു.
എല്ലാവരും ആദരിക്കുന്ന നെല്ല് ഃ നെല്ലിനെ ആദരിക്കൽ ലോകത്തെല്ലായിടത്തും നെൽകൃഷി വ്യാപിച്ച ഇടങ്ങളിലെല്ലാം യുഗങ്ങളുടെ പഴക്കമുളള പാരമ്പര്യമായിരുന്നു, ഹരിതവിപ്ലവത്തിന്റെ സർപ്പബുദ്ധി വിഷം തീണ്ടുന്നതുവരെയും. ജപ്പാനിൽ നെല്ലിനെ വളരെ ബഹുമാനത്തോടെയാണ് കണക്കാക്കിയിരുന്നത്. പല പ്രസിദ്ധമായ ജപ്പാൻ പേരുകളും നെല്ലുമായി ബന്ധപ്പെട്ടതാണെന്നാണ് ഏറെ രസകരം. ഉദാഹരണമായി, നാകാസോണി (മദ്ധ്യത്തിലുളള വേര് -നെല്ലിന്റെ), ഫുക്കുഡാ (സമ്പന്നമായ നെൽകൃഷിയിടം), തനകാ (മദ്ധ്യത്തിലുളള നെൽകൃഷിസ്ഥലം), ഹോണ്ട (പ്രധാന നെൽകൃഷിയിടം), ടൊയോട്ടാ (ഉദാരമായ കൃഷിസ്ഥലം).
ജപ്പാനിലെ ഓരോ ഗ്രാമത്തിലും നെൽദേവതയായ ‘ഇനാരി’യുടെ ദേവാലയം കാണാം. മറ്റൊരാു നെൽദൈവമായ ‘ജിസോ’യുടെ രൂപം ചെളിപുരണ്ട കാലുകളോടുകൂടിയതാണ്. ഒരിക്കൽ ജിസോയുടെ ഭക്തനായ ഒരു കൃഷിക്കാരൻ രോഗശയ്യയിലായി. അതുകണ്ട് രാത്രിമുഴുവൻ ജിസോ തന്റെ ഭക്തനുവേണ്ടി കൃഷിയിടത്തിൽ പണിയെടുത്തു. ജിസോയുടെ കാലുകളിൽ ചെളിപുരണ്ടത് അങ്ങിനെയാണത്രെ. ജപ്പാനിൽ വിത കഴിഞ്ഞ ശേഷം കർഷകർ പരസ്‌പരവും ജിസോയുടെ രൂപത്തിന്റെ നേർക്കും ചെളി വാരിയെറിയുന്ന ഒരു ചടങ്ങുണ്ട്. അങ്ങനെ ചെയ്‌താൽ ജിസോ അവരുടെ കൃഷിയിടങ്ങൾ സംരക്ഷച്ചുകൊളളുമെന്നായിരുന്നു വിശ്വാസം. നെല്ലിനെ വീട്ടിലെ മുതിർന്ന ഒരംഗം എന്ന നിലയിലാണ് പരിഗണിച്ചു പോന്നിരുന്നത്. നെല്ല് അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന അല്ലെങ്കിൽ നെല്ല് വെറുതെ കളയുന്ന കുട്ടി അന്ധനാവുകയോ നരകത്തിൽ പോകുകയോ ചെയ്യമെന്നായിരുന്നു വിശ്വാസം.
നെല്ലിന്റെ വൈക്കോൽകൊണ്ട് നെയ്‌ത കയർ ജപ്പാനിൽ പുതുവത്‌സരത്തിന്റെ പ്രതീകമാണ്. മാസത്തിലെ 1, 15, 28 ദിവസങ്ങളിൽ ജെക്കി -ഹാൻ എന്നറിയപ്പെടുന്ന ചുവന്ന നെല്ല് ബീൻസിനോടൊപ്പം പാകംചെയ്‌തു കഴിക്കുക പതിവാണ്. ചൈനയിലും ഇതൊരു ആചാരമാണ്.
കാലിഫോർണിയയിലെ ‘ലൂസിയാന’യിലെ ക്രൗളിയിൽ ഒരു അന്താരാഷ്‌ട്രനെല്ലുത്‌സവ രാജ്ഞിയെ തിരഞ്ഞെടുക്കാറുണ്ട്. കൊറിയയിൽ ഓരോ കുടുംബവും ഒരു പാത്രം നിറയെ നെൽവിത്തുകൾ എടുത്തുസൂക്ഷിക്കാറുണ്ട്. ഇവ വളരെ വിശുദ്ധമായി കരുതുന്നു. തൊടാറു പോലുമില്ല.
ഇന്ത്യയിൽ ഒരു അനുഷ്‌ഠാനവും പൂജയും നെല്ലില്ലാതെ പൂർത്തിയാകാറില്ല. പ്രത്യേകിച്ചും വിവാഹച്ചടങ്ങുകളിൽ നെല്ല് (അരി) അതീവ പ്രാധാന്യമർഹിക്കുന്നു. അരിയും പൂവും കൊണ്ട് വധുവിനെയും വരനേയും സ്വീകരിക്കുന്ന ചടങ്ങ് യഥാർത്ഥത്തിൽ നിശ്ശബ്‌ദമായ ഒരു അനുഗ്രഹമാണ്. നെൽക്കതിരിൽ എങ്ങനെ നെൽമണികൾ ഒരുമയോടെ സഹവർത്തിത്വത്തോടെ ഇരിക്കുന്നു അതുപോലെ ഒരുമിച്ച് വേർപിരിയാതെ ജീവിക്കട്ടെ എന്ന് അനുഗ്രഹിക്കുകയാണ് ചെയ്യുന്നത്.
നെൽദേവതയും അമ്മനെല്ലും ഃ ബർമ്മയിലെ കാരേൻ ആദിവാസികൾ അവിടെയൊരു നെൽദേവതയുണ്ടെന്നു വിശ്വസിച്ചിരുന്നു. അവർ അതിനെ കീലാ എന്നാണ് വിളിക്കുന്നത്. സുമാട്രയിലേയും ബാലിയിലേയും കൃഷിക്കാർ നെല്ലിനെ മാതാവായിട്ടാണ് ആദരിക്കുന്നത്. വിത ആരംഭിക്കുന്നതിനുമുമ്പുതന്നെ ഏറ്റവും നല്ല നെൽക്കതിരുകൾ എടുത്ത് ‘ദേവിശ്രീ’ എന്നു പേരുകൊടുത്ത്, ഈ കതിരുകൾ തലയിലെടുത്ത് പാട്ടുപാടി നൃത്തംചെയ്‌താണ് കൃഷിക്കാർ പാടത്തേക്കു പോയിരുന്നത്.
ബാലിയിൽ പല കർഷകരും ‘പാഡിബാലി’ എന്ന ഒരു നാടൻ ഇനം ഇന്നും കൃഷി ചെയ്യുന്നുണ്ട്. ‘പാഡിബാലി’യുടെ ചെടികൾക്ക് ഏകദേശം ഒരാളുടെ ഉയരമുണ്ടാകും. വിളവെടുപ്പുകാലത്ത് ആനി -ആനി എന്നു വിളിക്കുന്ന ചെറിയൊരു കത്തിയും കൊണ്ടാണ് കൊയ്‌ത്തുകാർ പാടത്തേക്കു പോകുക. പാടത്തേക്കിറങ്ങുന്ന സമയത്ത് കത്തി അവർ ഒളിപ്പിച്ചു വെച്ചിരിക്കും. പെട്ടെന്ന് കത്തികൊണ്ട് നെൽച്ചെടികൾ ഭയപ്പെടാതിരിക്കാൻ വേണ്ടിയാണിത്. വിയറ്റ്‌നാമിലെ കർഷകർ നെൽദേവത കുടുംത്തിലെ ഏറ്റവും പ്രായം ചെന്ന അമ്മയുടെ ഉളളിൽ വസിക്കുന്നതായി വിശ്വസിക്കുന്നു.
പണ്ട് നെല്ല് കൃഷി ചെയ്യാതെ തന്നെ ഉണ്ടാകുമായിരുന്നത്രെ. അന്നൊന്നും നെല്ലിന് ഇന്നത്തെ രൂപമായിരുന്നില്ല. അവ ഉരുണ്ടവയും നാളികേരത്തോളം വലിപ്പമുളളവയുമായിരുന്നു. വിളഞ്ഞു കഴിഞ്ഞാൽ അവ സ്വയം ഉരുണ്ട്‌രുണ്ട് കൃഷിയിടങ്ങളിൽനിന്നും കുടിലുകളിലേക്ക് എത്തുമായിരുന്നുവത്രെ. നെല്ലിനോട് മനുഷ്യൻ കാട്ടിയ അനാദരവായിരുന്നു ആ നല്ല നാളുകൾ നഷ്‌ടപ്പെടുത്തുന്നതിലേക്ക് നയിച്ചത്. പാടത്തുനിന്ന് ഉരുണ്ടുരുണ്ട് എത്തുന്ന നെൽമണികളെ സ്വീകരിക്കാനായി ഓരോ കുടിലും അണിഞ്ഞൊരുങ്ങാറുണ്ടായിരുന്നു. ഒരിക്കൽ മടിയനായ ഒരു വിയറ്റ്‌നാം കർഷകൻ തന്റെ കുടിൽ അലങ്കരിക്കാൻ മറക്കുകയും, വാതിലടച്ച് ഉറങ്ങാൻ പോകുകയും ചെയ്‌തു. ഇതുകണ്ട് നെൽമണികൾക്ക് വളരെ കോപമുണ്ടാകുകയും ആ താപത്തിൽ അവ ചുരുങ്ങി ഇന്നത്തെ രൂപത്തിലാവുകയും ചെയ്‌തു. മാത്രവുമല്ല അന്നത്തോടെ അവ സ്വയം വീട്ടു വാതിലുകളിൽ പ്രത്യക്ഷപ്പെടുന്ന പതിവ് നിർത്തി. ഇപ്പോൾ നെൽകൃഷി നടത്തണമെങ്കിൽ നാമെന്തൊക്കെ ചെയ്യണം? നിലമുഴണം, വിതക്കണം, കള പറിക്കണം, നനക്കണം, കീടങ്ങളെ നിയന്ത്രിക്കണം, കൊയ്യണം, മെതിക്കണം, അങ്ങിനെ നൂറുകൂട്ടം പണികൾ. പക്ഷേ ഇതൊന്നും വേണ്ടാതിരുന്ന ആ നല്ല കാലത്തെക്കുറിച്ച് ഓർത്തുനോക്കൂ.
നെല്ലിന്റെ നിറം ഃ വെളുപ്പ്, കറുപ്പ്, ചുവപ്പ് നിറങ്ങളിൽ നെല്ലിന്റെ പുറം തോട് കാണുന്നുണ്ട്. നെല്ലിന് ഈ നിറങ്ങൾ കിട്ടിയതുമായി ബന്ധപ്പെട്ട കഥകൾ ചില നാടുകളിൽ പ്രചാരത്തിലുണ്ട്. ഒരു ജാപ്പനീസ് കഥ ഇപ്രകാരമാണ്. നെൽച്ചെടി എല്ലാ കാലത്തുമുണ്ടായിരുന്നുവെങ്കിലും അവ ഒരു കാലത്ത് പൂക്കാറോ കായ്‌ക്കാറോ ധാന്യം ഉൽപ്പാദിപ്പിക്കാറോ ചെയ്യാറുണ്ടായിരുന്നില്ല. ഒരിക്കൽ കുയായിൻ എന്നു പേരായ ദേവത തന്റെ മുലപ്പാൽ നെൽച്ചെടികളിലേക്ക് തെളിച്ചു. അപ്പോൾ കതിർക്കുലകളിലെല്ലാം നെൽമണികൾ നിറഞ്ഞു. പിന്നീട് ദേവത കുറേക്കൂടി ശക്തമായി സ്‌തനങ്ങളിൽ അമർത്തി. അപ്പോൾ പുറത്തു വന്നത് പാലിനു പകരം രക്തമായിരുന്നു. അങ്ങനെയാണ് നെല്ലിന് ചുവപ്പുനിറം കിട്ടിയതത്രെ.
ഇന്തോനേഷ്യയിലെ ബാലിയിൽ മറ്റൊരു കഥ പ്രചാരത്തിലുണ്ട്. ബത്താറസിവാ എന്നു പേരായ ദൈവം ഒരിക്കൽ ഒരു പക്ഷിക്ക് കുറച്ചു നെൽധാന്യങ്ങൾ കൊടുത്ത് അവ ഭൂമിയിലേക്കു കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. പക്ഷി ധാന്യക്കതിരുകൾ അവയുടെ നിറങ്ങളുടെ അടിസ്ഥാനത്തിൽ വെളള, ചുവപ്പ്, കറുപ്പ്, മഞ്ഞ എന്നീ നാലു നിറങ്ങളിലാക്കി വേർതിരിച്ച ശേഷം പറന്നുപോയി. വഴിയിൽ വെച്ച് അതിന് ശക്തമായ വിശപ്പനുഭവപ്പെടുകയും അത് മഞ്ഞ വിത്തുകൾ തിന്നുകയും അവശേഷിച്ചവ വയലിലേക്ക് ഇടുകയും ചെയ്‌തു. അങ്ങനെയാണ് വെളുപ്പും കറുപ്പും ചുവപ്പും നിറങ്ങളിലുളള നെല്ല് ഭൂമിയിലെത്തിയത്.
അത്‌ഭുതശക്തിയുളള ധാന്യം ഃ വരണ്ട പ്രദേശങ്ങളിലും വെളളക്കെട്ടുളള ഭൂമിയിലും എന്തിന് ഓരിന്റെ അംശമുളള വെളളത്തിലും കൂടി വളരാൻ കഴിവുളള ഒരു അത്‌ഭുതധാന്യമാണ് നെല്ല്. ഔഷധ ഗുണത്തിന് പേരുകേട്ട നെല്ലുകളുമുണ്ട്. നെല്ലിന്റെ അത്‌ഭുതശക്തികളെ വെളിവാക്കുന്ന നിരവധി കഥകളുണ്ട്. പുരാണങ്ങളിൽപ്പോലും നെല്ലിന്റെ ഗുണവിശേഷങ്ങളെക്കുറിച്ച് പരാമർശമുണ്ട്. സഹസ്രാബ്‌ദങ്ങൾക്കുമുമ്പ് മഹാപ്രളയം നടന്ന കാലം. ദിവസങ്ങളോളം ഭൂമി വെളളത്തിനടിയിലായി. മുഴുവൻ മൃഗങ്ങളും സസ്യങ്ങളും ചത്തൊടുങ്ങി. ‘മനു’ മാത്രമാണ് അതിജീവിച്ചത്. അദ്ദേഹം തന്റെ ചങ്ങാടത്തിൽ രണ്ടു ധാന്യങ്ങൾ സംരക്ഷിച്ചിട്ടുണ്ടായിരുന്നു. ഒന്ന് ബാർലിയും മറ്റേത് നെല്ലുമായിരുന്നു. രണ്ടിനും വളരെ കട്ടിയുളള പുറന്തോട് ഉണ്ടായിരുന്നതുകൊണ്ടാണ് നീണ്ട യാത്രയിൽ യാതൊരു കേടും സംഭവിക്കാതിരുന്നത്.
കൗടില്യന്റെ അർത്ഥശാസ്‌ത്രത്തിൽ 60 ദിവസംമാത്രം മൂപ്പുളള ‘ഷഷ്‌ടിക’ എന്ന ഒരിനം നെൽവിത്തിനെക്കുറിച്ച് പറയുന്നുണ്ട്. ഇന്ന് സാത്തീ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. സാത്തിയുടെ അത്‌ഭുതകരമായ ഔഷധ ഗുണത്തെക്കുറിച്ച് ഒരു കഥയുണ്ട്. ഗൗതമബുദ്ധന് നാഗാർജ്‌ജുനൻ എന്നൊരു ശിഷ്യനുണ്ടായിരുന്നു. സമർത്ഥനായ ഒരു രസതന്ത്രജ്ഞനായിരുന്നു അയാൾ. പ്രത്യേക തരത്തിലുളള ഒരുതരം പശ തന്റെ ഉളളങ്കാലിൽ പുരട്ടി വായുവിൽ അപ്രത്യക്ഷമാകുന്ന വിദ്യ സ്വായത്തമാക്കിയ ഒരു സന്യാസിയെക്കുറിച്ച് നാഗാർജ്‌ജുനൻ ഒരിക്കൽ കേൾക്കാനിടയായി. നാഗാർജ്‌ജുനൻ ആ സന്യാസിയുടെ ശിഷ്യനാവുകയും കണ്ടെത്താൻ ശ്രമം നടത്തുകയും ചെയ്‌തു. ഒരുദിവസം നാഗാർജ്‌ജുനൻ സ്വന്തമായി പശ നിർമ്മിക്കുകയും അത് തന്റെ കാലിൽ പുരട്ടി അപ്രത്യക്ഷനാവുകയും നിലംപൊത്തുകയും ചെയ്‌തു. നാഗാർജ്‌ജുനനെ നിറയെ മുറിവുകളുമായിക്കണ്ട ഗുരു അവനെ ചോദ്യം ചെയ്‌തു. താൻ പശ രഹസ്യമായി നിർമ്മിക്കാൻ ശ്രമിച്ച കുറ്റം അവൻ ഏറ്റുപറഞ്ഞു. ഗുരു ഉടൻ പശ ഉരുക്കിക്കൊണ്ട് പറഞ്ഞു; ‘മകനേ നീ ഒരു ചേരുവ ചേർക്കാൻ വിട്ടുപോയി. എന്തെന്നോ, സാത്തീനെല്ലിന്റെ മാവ്.’
രുചികരമായ ധാന്യം ഃ മാധുര്യമേറിയ നെല്ലിന്റെ രുചിയെക്കുറിച്ച് സ്‌റ്റോൺലെസ്സ് റൈസ് മാത്രം ഭക്ഷിച്ചിട്ടുളള പുതിയ തലമുറയ്‌ക്ക് അറിയുണ്ടായിരിക്കാനിടയില്ല. അതെന്തായാലും രാസവിഷങ്ങളുടെ തലോടലേൽക്കാതെ കന്നിമണ്ണിൽവളർന്ന നാടൻനെല്ലിന്റെ ചോറിന്റെ രുചി ഒന്നുവേറെത്തന്നെയായിരുന്നു. ഫിലിപൈൻസിലെ കോർഡില്ലിറാ ആദിവാസികൾ നെല്ലരിയുടെ ആസ്വാദ്യകരമായ രുചിയെക്കുറിച്ച് പറയുന്ന ഒരു കഥയുണ്ട്. കാട്ടിൽ എത്തിയവേട്ടക്കാർക്ക് വാഴയിലയിൽ ചോറ് സൽക്കരിക്കപ്പെട്ടു. പക്ഷേ ‘ഞങ്ങൾക്ക് ഈ പുഴുക്കളെ തിന്നാനാവില്ല’ എന്നു പറഞ്ഞ് അവർ ചോറെടുത്ത് എറിയുകയാണുണ്ടായത്. വളരെ ദിവസം കാട്ടിൽ അലഞ്ഞുതിരിഞ്ഞുനടന്ന് വിശപ്പുകൊണ്ടും ക്ഷീണംകൊണ്ടും അവശരായി അവർ ഒരു കുടിലിൽ എത്തിച്ചേർന്നു. അവിടേയും അവർ ചോറിനാൽതന്നെയാണ് സൽക്കരിക്കപ്പെട്ടത്. അറപ്പോടെ ആദ്യം മടിച്ചുനിന്ന അവർ ഒടുവിൽ നിർബന്ധപ്രകാരം കുറച്ചെടുത്ത് രുചിച്ചുനോക്കി. അവർക്കത് വളരെ രുസികരമായിത്തോന്നുകയും പിന്നേയും പിന്നേയും വാങ്ങിക്കുകയും ചെയ്‌തു. പോരാൻ നേരത്ത് അവർ തങ്ങൾക്കു കൂടെകൊണ്ടുപോകാനായി കുറച്ചു വിത്തുകൾ ചോദിച്ചത്രെ. കോർഡില്ലിറാകൾ വിശ്വസിക്കുന്നത് വേട്ടക്കാർക്ക് അരി പരിചയപ്പെടുത്തിയ ആതിഥേയൻ ഒരു ദേവനായിരുന്നുവെന്നാണ്.
കാലം പോയി, കഥമാറി, ദുർകഥനം നടത്തേണ്ടല്ലോ. നെല്ലിനേറ്റ ദുരിതം അങ്ങാടിപ്പാട്ടാണല്ലോ.
Generated from archived content: nellu-mithu-charithram.html Author: ck-sujithkumar