കൃഷി -ഒരു ചരിത്രാവലോകനം

നവീനശിലായുഗത്തിലാണ്‌ കൃഷി ആരംഭിച്ചിരിക്കാൻ സാധ്യതയെന്നാണ്‌ ചരിത്രകാരൻമാർ പൊതുവെ അഭിപ്രായപ്പെടുന്നത്‌. മധ്യശിലാ യുഗത്തിന്റെ അവസാനംവരെയും മുഖ്യമായും ഭക്ഷണം ശേഖരിച്ചുകഴിക്കുകയായിരുന്നു ചെയ്‌തിരുന്നത്‌. വേട്ടയാടിയും മീൻപിടിച്ചും കായ്‌കനികളും കാട്ടു ധാന്യങ്ങളും ശേഖരിച്ചും കിഴങ്ങുകൾ മാന്തിയെടുത്തും ഭക്ഷ്യശേഖരണ സമൂഹങ്ങൾ പൊതുവെ ജീവിച്ചുപോന്നു. സൂക്ഷിച്ചുവെക്കുക എന്ന സ്വഭാവം ഇല്ലാതിരുന്നതുകൊണ്ട്‌ ആവശ്യം കഴിച്ച്‌ മണ്ണിലേക്കു വലിച്ചെറിഞ്ഞ ധാന്യങ്ങളും മറ്റും പിന്നീട്‌ മുളച്ചു വരുന്നത്‌ ഇവർ ശ്രദ്ധിച്ചിരിക്കണം.

ഇത്തരത്തിലുളള കാട്ടുപുല്ലുകളും ചിലയിനം കാട്ടുകിഴങ്ങുകളും മെരുക്കി വളർത്താൻ തുടങ്ങിയത്‌ മനുഷ്യന്റെ വികാസചരിത്രത്തിലെ വലിയൊരു വിപ്ലവമായിരുന്നു. കൃഷിയുടെ തുടക്കവും അവിടെനിന്നാകണം. കാർഷികവൃത്തി ഊരുചുറ്റുകൾക്ക്‌ ചില സൗകര്യങ്ങളൊക്കെ പ്രദാനം ചെയ്‌തു. ഊരുചുറ്റുകയും കൃഷി ചെയ്യുകയും എന്ന സമ്പ്രദായം വിട്ട്‌ സ്ഥിരം കൃഷിയിലേക്ക്‌ മനുഷ്യൻ പതുക്കെ ചുവടുവെച്ചു. ആദ്യം സ്ഥലം മാറിയുളള കൃഷി യായിരുന്നു. പിന്നീടാണ്‌ തട്ടുതട്ടാക്കിയുളള കൃഷി ആരംഭിച്ചത്‌.

മലമ്പ്രദേശങ്ങളിലെ കൃഷിക്കുശേഷമായിരിക്കണം സമതലങ്ങളിൽ കൃഷി തുടങ്ങിയത്‌. സമതലങ്ങൾ നദികളെക്കൊണ്ടു സമ്പന്നമാണ്‌. പുഴകളിൽനിന്ന്‌ എക്കലടിഞ്ഞ്‌ വർഷംതോറും ജൈവസമ്പുഷ്‌ടമാക്കപ്പെടുന്നത്‌ സമതലങ്ങളുടെ പ്രത്യേകതയാണ്‌. വെളളപ്പൊക്കവും മറ്റും ഇതിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. ജൈവപുനഃസംക്രമണം സമതലങ്ങളിൽ സ്ഥിരംകൃഷിയുടെ ഉൽപ്പാദനപരമായ സുസ്ഥിരത ഉറപ്പുവരുത്തിയതോടെ നദീ തടങ്ങളെ കേന്ദ്രീകരിച്ച്‌ സംസ്‌കാരങ്ങളും നാഗരികതകളും വളരാൻ തുടങ്ങി.

വൈവിധ്യങ്ങളെ നിലനിർത്തിയും മെച്ചപ്പെട്ട കരുത്തുറ്റ ഇനങ്ങൾ തിരഞ്ഞെടുത്തും അവർ ശക്തമായ കാർഷിക അടിത്തറ പാകി. കൃഷിക്ക്‌ പൊതുവായ ഒരു പാരമ്പര്യം കണ്ടെത്താനായില്ല; ഒരു ചെറിയ പ്രവിശ്യയിൽപോലും. കൃഷിയെ സംബന്ധിച്ചിടത്തോളം പൊതുവായ പാരമ്പര്യത്തെക്കാൾ പ്രാധാന്യം അർഹിക്കുന്നത്‌ പ്രാദേശിക പാരമ്പര്യങ്ങൾക്കാണ്‌.

പ്രാചീന-പരമ്പരാഗത സമൂഹങ്ങൾക്ക്‌ കാർഷികവൃത്തി ജീവിതമായിരുന്നു. അതവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. ഈ അവസ്ഥയ്‌ക്ക്‌ മാറ്റം വരുന്നത്‌ കൊളോണിയൽ യുഗത്തിന്റെ ആരംഭത്തോടെയാണ്‌. കൊളോണിയൽ യുഗത്തിൽ നിരവധി സ്വയം പര്യാപ്‌ത കാർഷിക സമൂഹങ്ങൾ തകർത്തെറിയപ്പെട്ടു. അതോടൊപ്പം തന്നെ മണ്ണിനേയും പ്രകൃതിയേയും തൊട്ടറിഞ്ഞ അവരുടെ അറിവുകൾ ചൂഷണം ചെയ്യപ്പെടുകയും ചെയ്‌തു.

16-​‍ാം നൂറ്റാണ്ടിലാണ്‌ ഉരുളക്കിഴങ്ങും തക്കാളിയും ചോളവും യൂറോപ്പുകാർ പരിചയപ്പെടുന്നത്‌. കൊളംബസ്‌ ആദ്യയാത്രയിൽതന്നെ ഇവ യൂറോപ്പിലേക്ക്‌ കൊണ്ടുപോയിരുന്നു. 18-​‍ാം നൂറ്റാണ്ടിൽ പഞ്ചസാരയും തേയിലയും കാപ്പിയും കൊക്കോയും വാഴപ്പഴവും വിശേഷപ്പെട്ട മറ്റു ഫലങ്ങളും കൊളോണിയലിസത്തിന്റെ സന്ദേശവാഹകർ യൂറോപ്പിലെത്തിച്ചു. ജൈവവൈവിധ്യത്തിൽ ശുഷ്‌ക്കമായിരുന്ന യൂറോപ്പിന്‌ ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിനമേരിക്കയിലും നിന്നുളള ഇത്തരം ഉൽപന്നങ്ങൾ തികച്ചും പുതിയവയായിരുന്നു. ഇവ യൂറോപ്പുകാരുടെ ഭക്ഷണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായപ്പോൾ ഇവയുടെ വൻതോതിലുളള ലഭ്യത ആവശ്യമായിത്തീർന്നു. യൂറോപ്പിൽ ഇവയുടെ കൃഷി സാധ്യമായിരുന്നില്ല. അവർ തങ്ങളുടെ കോളനികളിലാണ്‌ ഇടം കണ്ടെത്തിയത്‌. കോളനികളിലാണെങ്കിൽ അന്നുവരെ ഒരു വിളയ്‌ക്കുമാത്രം പ്രാധാന്യം കൊടുത്തു കൊണ്ടുളള ഏകവിള സമ്പ്രദായം നിലവിലുണ്ടായിരുന്നില്ല. പ്രകൃതിശക്തികളെ ഭയത്തോടും ആരാധനയോടും കൂടി ദർശിച്ചിരുന്നതുകൊണ്ട്‌ തങ്ങളുടെ പരിധികൾ അവർക്കു നല്ലവണ്ണം ബോധ്യമായിരുന്നു.

Generated from archived content: krishi_vithu.html Author: ck-sujithkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English