നനവാർന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ആദിമ ഗോത്രങ്ങളുടെ തനിമയേറിയ കൃഷി സമ്പ്രദായമാണ് പുനം കൃഷി. കാടു വെട്ടിത്തെളിച്ച് ചുട്ടെരിച്ചാണ് പുനംകൃഷി ചെയ്യുന്നത്. ഒരു സ്ഥലത്ത് തുടർച്ചയായി കൃഷി ചെയ്യാതെ ഒരൊറ്റ പ്രാവശ്യം മാത്രം കൃഷിയിറക്കുന്നു എന്നുളളതാണ് പുനംകൃഷിയുടെ പ്രധാനപ്പെട്ട പ്രത്യേകത. ഒരിക്കൽ കൃഷിയിറക്കിയ ശേഷം ആ സ്ഥലം ഉപേക്ഷിക്കുന്നു. അവിടെ വീണ്ടും കാട് തഴച്ചു വളർന്നുവരും. പിന്നീട് പ്രസ്തുത സ്ഥലത്തേക്കു തിരികെ വരുന്നത് വർഷങ്ങൾക്കു ശേഷമായിരിക്കും. കുറിച്യ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ ഒരു തവണ കൃഷിയിറക്കിയ സ്ഥലത്ത് ഏഴു കൊല്ലം കഴിഞ്ഞാണ് വീണ്ടും കൃഷി ചെയ്തിരുന്നത്. മറ്റുചില ആദിവാസി വിഭാഗങ്ങൾ പത്തും ഇരുപതും അതിലേറെയും വർഷങ്ങൾക്കു ശേഷം മാത്രമാണ് തിരിച്ചെത്തിയിരുന്നത്. വീണ്ടും കൃഷിയിറക്കാൻ പര്യാപ്തമായ ‘മൂപ്പ്’ കാടിനു കൈവരുന്നത് അപ്പോൾ മാത്രമാണെന്നാണ് ആദിവാസികൾ വിശ്വസിക്കുന്നത്. ഒരേ ഭൂമിയിൽ തന്നെ അടുത്തടുത്ത രണ്ടുവിളകൾ തമ്മിലുളള ദൈർഘ്യം പരമാവധി വർദ്ധിപ്പിക്കേണ്ടത് ‘പുനംകൃഷി’യെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. രണ്ടു വിളകൾക്കിടയിലുളള ഈ ഇടവേള മണ്ണിന് നഷ്ടപ്പെട്ട ഓജസ്സു വീണ്ടെടുക്കുന്നതിനും കാടിന്റെ പുനരുജ്ജീവനത്തിനും സഹായകമാകുന്നു. ഈ അർത്ഥത്തിലാണ് പുനംകൃഷി പരിസ്ഥിതി സൗഹാർദ്ദപരമാകുന്നതും.
മാത്രവുമല്ല തനിമയേറിയ ഈ കാർഷിക സമ്പ്രദായത്തിന്റെ സാമ്പത്തിക കാര്യക്ഷമതയും കൃഷിവേളകൾ തമ്മിലുളള മതിയായ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കുന്നു. മേഘാലയായിലെ താഴ്‌ന്ന മലഞ്ചെരുവുകളിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് വിളകൾ തമ്മിലുളള ദൈർഘ്യം കുറയുന്നതിനനുസരിച്ച് വിളവ് കുറഞ്ഞുവരുന്നതായിട്ടാണ്. പത്തുവർഷത്തെ ദൈർഘ്യത്തിലാണ് ഏറ്റവും ആശാവഹമായ വിളവു ലഭ്യമായത്.
പണ്ട് ജന്മിമാർക്ക് നിക്ഷിപ്താവകാശമുളള സ്വകാര്യ വനഭൂമികൾ അവരിൽ നിന്നും പാട്ടത്തിനെടുത്താണ് പുനംകൃഷി ചെയ്തിരുന്നത്. പുനംകൃഷിയിലെ മുഖ്യവിള നെല്ലാണെങ്കിലും നെല്ലിനോടൊപ്പം കടുക്, തുവര, ചേമ്പ്, കിഴങ്ങുകൾ, കോറ (റാഗി), തിന, മുത്താരി, വാഴ,മഞ്ഞൾ,മുളക്, പച്ചക്കറിയിനങ്ങൾ തുടങ്ങിയവയും കൃഷി ചെയ്യാറുണ്ട്. ‘പുനവെളളരി’ എന്ന ഒരു ഇനം തന്നെ ഉളളതായി പറയുന്നു. പുനംകൃഷിയിൽ ‘തിന’ വിതയ്‌ക്കുന്നത് പുറ്റുകൾ വളർന്നു നിൽക്കുന്നിടത്തായിരിക്കും. ‘കരടിപ്പുറ്റ്’ എന്നറിയപ്പെടുന്ന ഫലഭൂയിഷ്‌ഠമായ ഈ മണ്ണിലാണത്രെ തിന ഏറ്റവും പുഷ്ടിമയോടെ വളരുന്നത്. പുറ്റുമണ്ണിൽ വിളയുന്ന തിനയുടെ കതിരിന് നല്ല നീളമുണ്ടായിരിക്കും.
വിത്തുവൈവിധ്യമാണ് പുനംകൃഷിയുടെ മറ്റൊരു സവിശേഷത. പുനംകൃഷിയിടങ്ങൾ യഥാർത്ഥത്തിൽ ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലങ്ങളാണ്. 2-2.5 ഹെക്‌ടർ മാത്രം വിസ്‌തൃതിയുളള ഒരു ചെറിയ പ്ലോട്ടിൽ എട്ടുമുതൽ 35 വരെ ഭക്ഷ്യയോഗ്യമായ സ്പീഷീസുകൾ ഒരേസമയം പുനംകർഷകർ കൃഷി ചെയ്തു വന്നിരുന്നതായി ഗവേഷകർ പറയുന്നു. കൃഷിഭൂമി ഉഴുത് പരുവപ്പെടുത്തുന്ന സമ്പ്രദായം പുനംകൃഷിയിലില്ല. നിലമൊരുക്കലിൽ പ്രദേശത്തിനും കാലാവസ്ഥയ്‌ക്കും അനുസരിച്ച് വ്യതിയാനങ്ങൾ പ്രകടമാണ്. ഉദാഹരണമായി ഭാരതത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിലെ ഉയരം കുറഞ്ഞ ചെങ്കുത്തായ സ്ഥലങ്ങളിൽ കാടു പൂർണ്ണമായും വെട്ടിത്തെളിച്ച്, വെട്ടിയ കാട് മുഴുവനായും കത്തിച്ചതിനുശേഷമാണ് കൃഷി ചെയ്യുന്നത്. ശേഷം പ്രത്യേകിച്ച് നിലമൊരുക്കാതെ തന്നെ ബഹുവിളസമ്പ്രദായത്തിൽ നെല്ലിന് പ്രാമുഖ്യം കൊടുത്തുകൊണ്ട് കൃഷിയിറക്കുന്നു. എന്നാൽ ഉയരംകൂടിയ മലകളിൽ (1500 മീറ്ററിലും കൂടുതലുളള) കാര്യമായ നിലമൊരുക്കൽ അനുവർത്തിക്കാറുണ്ട്. ഭാഗികമായി മാത്രമേ കാടുവെട്ടുകയും കത്തിക്കുകയും ചെയ്യുന്നുളളൂ. (കാടെന്നു പറഞ്ഞാൽ പ്രധാനമായും അവിടവിടെയായി വളർന്നു നിൽക്കുന്ന പൈൻമരങ്ങൾ). കത്തിച്ച ഭൂമി ചാലുകളും വരമ്പുകളുമായി രൂപാന്തരപ്പെടുത്തി വരമ്പുകളിൽ കൃഷി ചെയ്യുന്നു. കിഴങ്ങുവർഗങ്ങൾക്കും പ്രധാനമായും ഉരുളക്കിഴങ്ങ്, പച്ചക്കറി വിളകൾക്കുമാണ് പ്രാമുഖ്യം കൊടുക്കുന്നത്.
കുറിച്യർ തുടർന്നുപോരുന്ന രീതി
കണ്ണൂർ ജില്ലയിലെ കണ്ണവം വനങ്ങളിൽപ്പെടുന്ന നരിക്കോട്ടുമല, വാഴുമല എന്നിവിടങ്ങളിൽ കുറിച്യർ ചെയ്തുപോരുന്ന കൃഷിമുറ ഇപ്രകാരമാണ്. ആദ്യമായി നല്ല മൂത്ത കാട് കണ്ടെത്തുന്നു. കുംഭമാസത്തിൽ ഈ കാടു വെട്ടിത്തെളിക്കുന്നു. വെട്ടിയിട്ട കാട് ഒരു മാസത്തോളം ഉണക്കാനിടും. ഒരു മാസം കഴിഞ്ഞ് വെട്ടിയിട്ട കാട് വേണ്ടവണ്ണം ഉണങ്ങി പാകമായെന്നു കണ്ടാൽ അരികുകൾ ചെത്തിക്കൂട്ടി വൃത്തിയാക്കി (അടുത്തുളള കാട്ടിലേക്ക് തീ പടർന്നു കയറാതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്) തീ കൊടുക്കും. കത്തിയ കാടിന്റെ അവശിഷ്ടങ്ങളും കാട് വെന്ത വെണ്ണീറും ചണ്ടി (ഹ്യൂമസ്)യും എല്ലാംകൂടി നല്ല വളമായി പരുവപ്പെടുന്നു. പിന്നീട് കൈക്കോട്ടുപയോഗിച്ച് വേരും നാരും കുറ്റിയും നീക്കി കൃഷിസ്ഥലം വൃത്തിയാക്കുന്നു. ശേഷം വിത്തു വിതയ്‌ക്കലാണ്. വിഷുവിനുമുമ്പുതന്നെ വിതയെല്ലാം കഴിഞ്ഞിരിക്കും. വിത്തുവിതച്ച് ചുരുങ്ങിയത് രണ്ടാഴ്‌ചയെങ്കിലും ഉണങ്ങിവരണ്ട മണ്ണിൽക്കിടന്ന് വിത്തു കായണം. കാഞ്ഞാൽ വിളവു കൂടുതൽ കിട്ടുമെന്നാണ് പറയുന്നത്. ഉഴവ് നടത്തുന്ന പതിവില്ല. വിത്ത് മണ്ണിളക്കാതെ ചുമ്മാ ഇടുകയാണ് ചെയ്യുന്നത്. വിത്തിട്ടശേഷം അവയ്‌ക്കുമേൽ അൽപ്പം മണ്ണ് കൊത്തിയിടുമെന്നു മാത്രം. ‘പേരക്കൊക്ക’ എന്നു പറയുന്ന കൊത്തിപോലെയുളള ചെറിയൊരു ഉപകരണം ഉപയോഗിച്ചാണ് മണ്ണുകൊത്തിയിടുന്നത്. മരംകൊണ്ടുളള ഇതിന്റെ ‘പിടി’യെയാണ് ‘പേര’എന്നു പറയുന്നത്. ലോഹഭാഗത്തെ ‘കൊക്ക’ എന്നും. ‘പേര’യുണ്ടാക്കാൻ പൂവം, ചന്ദനം, ഉറുവഞ്ചി (സോപ്പുംകായമരം) തുടങ്ങിയവ ഉപയോഗിക്കുന്നു. വിതച്ച വിത്തുകളെല്ലാം മണ്ണിൽ അടഞ്ഞുനിൽക്കുന്നതിനു വേണ്ടിയാണിത്. വിത്തുകൾ വിതച്ചു തുടങ്ങിയാൽ മൂന്നുദിവസം തുടർച്ചയായി വിത നടത്തും. നാലാം ദിവസം വിശ്രമമാണ്. പിന്നെ അഞ്ചാംദിവസം തുടങ്ങിയേ വീണ്ടും വിത തുടങ്ങുകയുളളു. ഇങ്ങനെ മൂന്നുദിവസം അടുപ്പിച്ച് വിതച്ചശേഷം അടുത്തനാൾ വിശ്രമമെടുക്കുന്നതിനെ ‘മുമ്മൂട്’ എന്നാണ് പറയുക.
പുനംകൃഷിയിൽ ഭൂമി തട്ടുതട്ടാക്കുന്ന സമ്പ്രദായമില്ല. കൊത്തിയിട്ട മണ്ണ് മഴപെയ്യുന്നതോടെ അടഞ്ഞുനിൽക്കുമെന്നുളളതിനാൽ ഒലിച്ചുപോകുന്ന പ്രശ്‌നമില്ല. ചെരിവുളള ഭൂമിയിലാണ് പുനംകൃഷിയെങ്കിൽ അൽപം മണ്ണൊക്കെ ഒലിച്ചുപോകും. ഇങ്ങനെ മണ്ണ് ഒലിച്ചു നഷ്ടപ്പെടുമെന്നു തോന്നുന്ന സ്ഥലങ്ങളിൽ മരത്തടികൾകൊണ്ടോ മറ്റോ തടസ്സം വച്ചുകൊടുക്കും. കളപറി സാധാരണയായി രണ്ടു തവണയാണ്. മഴ പെയ്ത് കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ കളയും കാടുമൊക്കെ പൊടിച്ചുവരാൻ ആരംഭിക്കും. അവ നീക്കം ചെയ്യുന്നതാണ് ആദ്യത്തെ കളപറി. അതു കഴിഞ്ഞാൽ നെല്ലെല്ലാം പൊന്തിവരും. പൊട്‌ള് (കതിര് പുറത്തേക്ക് വരുന്നതിന് തൊട്ടുമുമ്പുളള അവസ്ഥ) വരുന്നതോടെ രണ്ടാമത്തെ കളപറിയും നടത്തുന്നു. കന്നി-തുലാം മാസത്തോടെ വിളവെടുപ്പെല്ലാം അവസാനിച്ചിരിക്കും. പുനംകൃഷിയിൽ ഗംഭീരമായ വിളവു കിട്ടുക പതിവുണ്ടായിരുന്നു.
മുതുവാൻമാർ തുടർന്നുപോന്നിരുന്ന രീതി
ഇടുക്കി ജില്ലയിൽ മലക്കപ്പാറ പത്തടിപ്പാലം, അടിച്ചിലിത്തൊട്ടി മുതുവാക്കുടിയിലുളളവർ ചെയ്തിരുന്ന കൃഷി ഇപ്രകാരമാണ്. കൊളുന്തായ്, വെളളസ്വാമി, അരുണാചലം എന്നിവരാണ് ഈ കാട്ടറിവുകൾ പകർന്നു തന്നത്. കൃഷിമുറയിൽ കുറിച്യരുടേതിൽ നിന്ന് പറയത്തക്ക വ്യത്യാസമൊന്നുമില്ല. ഉപയോഗിക്കുന്ന വിത്തിനങ്ങളുടെ കാര്യത്തിൽ അസാധാരണമായ മാറ്റം പ്രകടമാണ്. ‘തിന’യാണ് ഏറ്റവും ആദ്യം വിതയ്‌ക്കുന്നത്. പിന്നെ അരിമോടൻ. തുടർന്ന് ആടിമോടൻ. കുറുമ്പിൽ (കോറ&കഞ്ഞിപ്പുല്ല്&റാഗി), ചോളം, ചാമ തുടങ്ങിയവയെല്ലാം ഇതിനിടയിൽ മണ്ണിലിട്ടിരിക്കും. വിഷുവിനു മുമ്പെ എല്ലാവിതയും കഴിഞ്ഞിരിക്കും-പെരുവാഴയുടേതൊഴിച്ച്. പെരുവാഴ വിഷുവിനാണ് വിതയ്‌ക്കുന്നത്. കളപറി കാടും കളകളും വളരുന്ന തോതനുസരിച്ച് രണ്ടോ മൂന്നോ തവണ നടത്തും.
ചില പുനംവിത്തുകൾ-നെല്ലിനങ്ങൾ
കുറിച്യർ ഉപയോഗിക്കുന്നവ&ഉപയോഗിച്ചിരുന്നവ
1. കോഴിയാള. മുളളൻ കോഴിയാള, കല്ലൊരക്കോഴിയാള എന്നിങ്ങനെ പലതരത്തിലുണ്ട്. മുളളൻ കോഴിയാളയ്‌ക്ക് നീളത്തിലുളള ഓക്കയുണ്ടായിരിക്കും. കോഴിയാളകൾ മുന്തിയ വിളവു തരുന്ന ഇനങ്ങളാണ്. 2. അടുക്കൻ, കുറച്ചുനേരത്തേ പാകമാകുന്ന വിത്താണിത്. കറുത്ത അടുക്കൻ, പെന്തിയടുക്കൻ എന്നിങ്ങനെ വകഭേദങ്ങളുണ്ട്. 3. അരിക്കഴമ. 4. ചോലപ്പെരുവിത്ത്. നേരത്തെ വിളയുന്ന ഇനമാണിത്. 5. ചീർപ്പാല. വളരെ പുരാതനമായ വിത്താണിത്. നെൽമണികൾ തീരെ ചെറുതാണെങ്കിലും നീളത്തിലുളള ഓക്ക കാണപ്പെടുന്നു. നല്ലവിളവുളള ഇനമാണ്. 6. എളുവിത്ത്. 7. പാൽകഴമ. മൂപ്പുകുറഞ്ഞതും പൊതുവെ വിളവു കുറഞ്ഞതുമായ വിത്താണ്. 8. പുനക്കുറുവ. നാലുമാസം മൂപ്പ്. ചെറിയ മണികൾ. നെല്ലിന് ഇളം ചുവപ്പുനിറം. മഴ ശരിക്ക് ലഭിക്കുകയാണെങ്കിൽ നല്ലവണ്ണം വിളവു തരുന്ന ഇനമാണ്. നല്ലപോലെ പാകമായാൽ നെല്ലിന്റെ തോട് പൊളിഞ്ഞുനിൽക്കും.
ആദിവാസികൾ വിത്തുകളുടെ കൃത്യമായ മൂപ്പെത്രയെന്നോ, എത്രവിളവു കിട്ടുമെന്നോ ഒന്നും കണക്കുവെക്കുന്നില്ല. മേൽപ്പറഞ്ഞ വിത്തുകളെല്ലാം വിഷുവിനുമുമ്പേ വിതയ്‌ക്കും. കന്നി-തുലാം മാസത്തോടെ എല്ലാ കൊയ്‌ത്തും കഴിയുകയും ചെയ്യും.
മുതുവാൻമാർ ഉപയോഗിക്കുന്നവ&ഉപയോഗിച്ചിരുന്നവ
മൂപ്പുകുറഞ്ഞവ. 1. അരിമോടൻ. അരിമോടൻ വെളുത്തതും കറുത്തതും കാണപ്പെടുന്നു. 2. ആടിമോടൻ. കറുപ്പും വെളുപ്പും നിറങ്ങളിൽ കാണുന്നു. 3. ചോരമോടൻ. വലിപ്പമുളള മണികൾ, ചുവന്നിരിക്കും. 4. മഞ്ഞമാലി. 5. കുഞ്ചിനെല്ല്. വെളുത്ത വലിയ മണികൾ. 6. കുഞ്ചിമുളളൻ. നല്ല ഉയരമുളള നെൽമണികൾക്ക് മങ്ങിയ ചുവപ്പുനിറം. നീളമുളള ഓക്ക. ‘തൂവൽ’ എന്ന് മുതുവർ പറയുന്നു. 7. തലപിരിച്ചാൻനെല്ല്. കറുത്തതും വെളുത്തതുമുണ്ട്. കതിരുകൾ പൂമാതിരി വിരിഞ്ഞുവരും. 8. കല്ലുണ്ണി. ചെറിയ മണികളാണ്. 9. ഓണമുട്ടൻ. ചെറിയ മണികൾ വെളുപ്പുനിറം.
മൂപ്പുകൂടിയവ. 1. പെരുവാഴ വിഭാഗത്തിൽ പെടുന്നവ അഞ്ചു തരമുണ്ട്. 1. വെളളപ്പെരുവാഴ. പേരു സൂചിപ്പിക്കുന്നതുപോലെ നെൽമണികൾക്ക് വെളുപ്പുനിറം. 2. കരിമ്പെരുവാഴ. കറുത്ത പെരുവാഴ. 3. മാലിപ്പെരുവാഴ. നെൽമണികൾക്ക് ഓക്കയുണ്ടായിരിക്കും. 4. മഞ്ഞപ്പെരുവാഴ. മഞ്ഞളിന്റെ നിറമുളള പെരുവാഴ. അവിലുണ്ടാക്കാൻ നല്ലതാണ്. 5. മുണ്ടൻ പെരുവാഴ. കറുപ്പും വെളുപ്പും നിറങ്ങളിൽ കാണപ്പെടുന്നു. പെരുവാഴ ഇനങ്ങളിൽ ഒട്ടുമിക്കവയുടെയും ചെടികൾ നല്ല പൊക്കം വെക്കുന്നവയാണ്. നെൽമണികൾക്ക് നല്ല വലിപ്പമുണ്ടായിരിക്കുകയും ചെയ്യും. എന്നാൽ മുണ്ടൻ പെരുവാഴച്ചെടികൾ ഉയരം കുറഞ്ഞവയാണ്. മണികളും ചെറുതായിരിക്കും.
2. പൂതകാളി. നെല്ല് കറുത്തിട്ടാണെങ്കിലും കരിമ്പെരുവാഴയുടെ അത്രവരില്ല.
വെളളപ്പെരുവാഴ, കരിമ്പെരുവാഴ, മാലിപ്പെരുവാഴ, പൂതകാളി എന്നിവ ഒരുമിച്ച് കൂട്ടിവിതയ്‌ക്കുക പതിവുണ്ട്.
3. കുരീക്കണ്ണി. 4. പുലിശി. 5. പൂശകൻ. നല്ല നീളമുളള കറുപ്പു കലർന്ന നെൽമണികൾ. പലഹാരങ്ങൾ ഉണ്ടാക്കാൻ വിശിഷ്ടമാണ്. 6. വച്ചില നെല്ല്. വെളുപ്പുനിറത്തിലുളള നീളം കൂടിയ മണികൾ. ചെടികൾ ഉയരം കുറഞ്ഞവയാണ്. 7. ചെറക് നെല്ല്. ഈ ഇനം തികച്ചും നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ നെൽമണികൾക്ക് ഇരുവശങ്ങളിലുമായി ‘ചിറകു’ണ്ടായിരുന്നു. ഇത് പരാഗണത്തെ സഹായിച്ചിരുന്നു. മണികളാകട്ടെ വെളളി നിറമുളളവയും. ഈ പ്രത്യേകതകൾ ഉളളതു കാരണം ചിറകുവെച്ച മാലാഖമാരുടെ പ്രതീതി ഇവ ജനിപ്പിച്ചിരുന്നുവത്രെ. കറുപ്പുനിറത്തിലുളള ചിറകുനെല്ലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 8. തോക്കാൻ. വെളുത്ത മണികൾ. ഓക്കയുണ്ടായിരിക്കും. 9. ഊരാളിച്ചി. വലിയ മണികൾ. കതിർപ്രായത്തിൽ നെൽമണികൾ ചുറന്നിരിക്കുമെങ്കിലും പാകമാകുന്നതോടെ കറുത്തുവരും. പണ്ടുകാലത്തു കൃഷി ചെയ്തുവന്നിരുന്ന വിത്താണിത്. 10. പട്ടത്തിനെല്ല്. പരന്ന് വലിപ്പമുളള സ്വർണ്ണനിറം പൂണ്ട നെൽമണികൾ. നെല്ലുകണ്ടാൽ ആരും കൊതിച്ചുപോകുമത്രെ.
മേൽ സൂചിപ്പിച്ച പട്ടികകളിലെ മൂപ്പുകൂടിയ വിത്തുകൾ മീനം അവസാനം വിതച്ച് കന്നി-തുലാം മാസത്തോടെ വിളവെടുക്കും. മൂപ്പുകുറഞ്ഞവ മീനമാസം അവസാനം കൃഷിയിറക്കി കർക്കിടകത്തിൽ അല്ലെങ്കിൽ ചിങ്ങമാസം ആദ്യത്തോടെ കൊയ്‌തെടുക്കുകയും ചെയ്യും.
കോറ ഇനങ്ങൾ
മുതുവാൻമാർ പ്രധാനമായും രണ്ടുതരത്തിലുളള ‘കോറ’ ഇനങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്നുമാസം മാത്രം മൂപ്പുളള ‘ചിരുകോറാനും’ ആറുമാസത്തോളം മൂപ്പുവരുന്ന ‘ചാമ്പൽമുടിയനും’.
കീടനിയന്ത്രണവും കൃഷി സംരക്ഷണവും വിത്തു സൂക്ഷിക്കലും. മുതുവരുടെ രീതികൾ.
പുനംവിത്തുകൾ അതീവ രോഗപ്രതിരോധശേഷിയുളളവയായതുകൊണ്ട് സാധാരണഗതിയിൽ കീടാക്രമണം ബാധിക്കാറില്ല. നെല്ലിന് ആകെ വന്നിരുന്ന കീടം ചാഴി മാത്രമായിരുന്നു. ചാഴികളെ തുരത്താൻ ‘ചാഴിവിലക്ക്’ നടത്തുകയായിരുന്നു പതിവ്. മന്ത്രോച്ചാരണംകൊണ്ട് ചാഴികളെ വിലക്കി അകറ്റുന്ന സമ്പ്രദായമാണ് ‘ചാഴിവിലക്ക്. പണ്ടൊക്കെ ഇത് ഫലപ്രദമായിരുന്നു എന്ന് പറയപ്പെടുന്നു. ചാഴികളെ ഈറ്റക്കമ്പുകൊണ്ട് ഓടിക്കുന്ന പരിപാടിയുമുണ്ടായിരുന്നു. കൃഷിക്കാർ ഈറ്റക്കമ്പുകളും കയ്യിലേന്തി നെല്ലിനിടയിൽക്കൂടെ ഓടി നടക്കും. ചെടികൾ ഇളകുമ്പോൾ ചാഴികൾ ദൂരേയ്‌ക്കു പറന്നു മാറുകയും ചെയ്യും. അവ വീണ്ടും വരുമെങ്കിലും ഓരോ ദിവസവും ഈ പ്രവൃത്തി തുടരുകയാണെങ്കിൽ ചാഴികളിൽനിന്ന് ആശ്വാസം സാധ്യമാണെന്നു പറയുന്നു. മാവിൻപട്ട (തൊലി), ഈന്തിൻപട്ട എന്നിവ ചാഴിക്കെതിരെ ഫലപ്രദമാണത്രെ.
ആറ്റകളെ അകറ്റാൻ ആറ്റമാടം കെട്ടി കാവലിരിക്കുകയാണ് പതിവ്. പക്ഷികൾ കൃഷിസ്ഥലത്തേക്കിറങ്ങുമ്പോൾ ഉറക്കെ ശബ്ദമുണ്ടാക്കിയും മറ്റും അവയെ ഓടിച്ചുവിടുകയും ചെയ്യാറുണ്ട്. എലികളെ ’കുംഭക്കെണി‘ ഉപയോഗിച്ചോ ’എലിവില്ലു‘ കൊണ്ടോ പിടികൂടും. ’കുംഭക്കെണി‘ മുളകൊണ്ടും ’എലിവില്ല്‘ ഈറ്റകൊണ്ടുമാണ് ഉണ്ടാക്കുന്നത്.
പുനംകൃഷി ചെയ്യുന്നത് കാടിനു നടുവിലായതുകൊണ്ട് ആന, കാട്ടുപന്നി, മുളളൻപന്നി, കാട്ട്‌പോത്ത് തുടങ്ങിയവയുടെ ശല്യം ഉണ്ടാകുക സാധാരണമാണ്. ഇവയെ ഭയപ്പെടുത്തി ഓടിപ്പിച്ചുവിടാൻ കാര്യക്ഷമമായി ഇപ്പോഴും ഉപയോഗിച്ചുവരുന്ന സമ്പ്രദായമാണ് ’കൊട്ട്‘. മുളകൊണ്ടോ ഈറ്റകൊണ്ടോ ’കൊട്ട്‘ നിർമ്മിക്കാം. മുളയാണ് കൂടുതൽ ഉത്തമം. അൽപം നീളമുളള ഒരു മുളക്കഷണമെടുത്ത് പകുതിയോളം പൊളിക്കുകയാണ് ആദ്യം ചെയ്യുന്നത്. ശേഷം രണ്ടുപൊളികളുളളതിൽ ഒന്നുമാത്രം, പൊളിവെത്തിയ അവിടെനിന്ന് അൽപം മുകളിലേക്ക് ഇരുവശവും ചെത്തിക്കളഞ്ഞ് കനം കുറഞ്ഞതാക്കുന്നു. ഇത്തരത്തിൽ രൂപപ്പെടുത്തിയെടുത്ത മുളക്കഷണങ്ങൾ-കൊട്ടുകൾ-പല ഭാഗങ്ങളിലായി കുഴിച്ചിടുന്നു. എന്നിട്ട് പൊളിവെത്തി നിൽക്കുന്നതിന് തൊട്ടുതാഴെ, മുളക്കുറ്റിയിൽ നീളമുളള ഒരു വളളി ബന്ധിച്ച് (ഈറ്റ അളികൾ പിരിച്ചാണ് വളളിയുണ്ടാക്കുന്നത്) വലിക്കുകയാണെങ്കിൽ അടിഭാഗം ചെത്തി നേരിയതാക്കി മാറ്റിയ പൊളി മറ്റേ പൊളിയിൽ വന്നടിച്ച് ഉറക്കെ ശബ്ദമുണ്ടാക്കും. രാത്രി മൃഗങ്ങൾ ഇറങ്ങിയതായുളള സൂചനകിട്ടിയാൽ മാടങ്ങൾ കെട്ടി അവയിൽ കാവലിരിക്കുന്ന ആളുകൾ വളളി വലിച്ച് കൊട്ട് പ്രവർത്തിപ്പിക്കുവാൻ തുടങ്ങും. കൊട്ടിന്റെ ശബ്ദം കേട്ടാൽ മൃഗങ്ങൾ പേടിച്ചു സ്ഥലം വിട്ടുകൊളളും. ’കൊട്ട്‘ സ്ഥാപിച്ചിരിക്കുന്ന സ്ഥലവും കാവൽ മാടവും തമ്മിൽ ഒരുപാട് അകലമുണ്ടായിരിക്കും. ഇത് രണ്ടുമൂന്നു കിലോമീറ്ററോളം ഉണ്ടാവുക സാധാരണമാണ്.
വിത്തു സൂക്ഷിക്കുന്നത് ഈറ്റ അളികൾകൊണ്ടു നിർമ്മിച്ച വലിയ വല്ലങ്ങൾക്കകത്താണ്. നന്നായി ഉണക്കിയ വിത്ത് വല്ലത്തിനുളളിൽ ഈറ്റ ഇലകളോ ഊഴാളൻ (കാട്ടുകൂവ) ഇലകളോ നിരത്തി അതിനകത്തിട്ട് വല്ലത്തിന്റെ വായ് മൂടിക്കെട്ടുന്നു. ഈ വിത്തുവല്ലങ്ങൾ വനത്തിനുളളിൽ വലിയ മരങ്ങൾ കണ്ടെത്തി അവയിൽ ഏറുമാടങ്ങൾ പടുത്ത് അതിനകത്ത് സൂക്ഷിച്ചു വെയ്‌ക്കുകയാണ് പതിവ്. മരങ്ങൾക്കുപകരം ഒറ്റയ്‌ക്കു നിൽക്കുന്ന വലിയ കല്ലുകളും മൃഗങ്ങൾക്ക് കയറിപ്പറ്റാൻ കഴിയാത്ത പാറക്കെട്ടുകളും വിത്തുവല്ലങ്ങൾ സൂക്ഷിക്കുന്നതിനുളള ഏറുമാടങ്ങൾ കെട്ടുന്നതിനായി ഉപയോഗിക്കാറുണ്ട്.
പുനംകൃഷിയുടെ ഗോത്രവർഗ്ഗ അടിത്തറ
പുനംകൃഷി ആദിവാസികളുടെ തനിമയേറിയ ജീവിതശൈലിയാണ്. മണ്ണിനേയും പ്രകൃതിയേയും ആദരിക്കുന്ന ആരോഗ്യകരമായ കൂട്ടായ്‌മയുടെ സംസ്‌കാരമാണത്. വിത്തിനെ അമൂല്യമായും ആദരവോടെയുമാണ് അവർ പരിഗണിച്ചിരുന്നത്. എന്തു വിലകൊടുത്തും പട്ടിണികിടന്ന് മരിക്കേണ്ട സാഹചര്യം വന്നാൽപോലും വറുതിസമയങ്ങളിൽ അവർ വിത്ത് സൂക്ഷിച്ചുവെച്ചിരുന്നു. ആദിമ ഗോത്രങ്ങളുടെ സാംസ്‌കാരികജീവിതം രൂപപ്പെടുത്തുന്നതിൽ കൃഷി സുപ്രധാനമായൊരു പങ്കാണ് വഹിച്ചിട്ടുളളത്. അവരുടെ പാട്ടുകളിലും നൃത്തങ്ങളിലും എല്ലാം കൃഷിയുമായുളള ഈ ബന്ധം നിഴലിച്ചു കാണും. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളിലും അനുഷ്‌ഠാനങ്ങളിലും നൃത്തവും സംഗീതവും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്. നെല്ല് വാറ്റിയ മദ്യം ഇത്തരം ആഘോഷങ്ങളിൽ ഒരു പ്രധാന പാനീയമായി ഉപയോഗിക്കുന്നു. പന്നിയെ (പന്നി ലോകത്തെല്ലായിടത്തും പുനംകൃഷിയുമായി ബന്ധപ്പെട്ട മൃഗമാണ്) കശാപ്പു ചെയ്യുന്നതും ഒഴിവാക്കാനാവാത്ത കർമ്മമാണ്. പുനംകൃഷി തുടങ്ങുന്നതു മുതൽ അവസാനിക്കുന്നതുവരെ നീണ്ടുനിൽക്കുന്ന ഈ ആഘോഷങ്ങളും സൽക്കാരങ്ങളും പാട്ടും നൃത്തവും എല്ലാം കർഷകർക്കിടയിലുളള സഹവർത്തിത്വവും കൂട്ടായ്‌മയും ഊട്ടിയുറപ്പിക്കാൻ സഹായിക്കുന്നു. എല്ലാ ആഘോഷങ്ങളും പ്രകൃതിശക്തികളെ -തീ, മഴ, സൂര്യൻ- ആദരിക്കുന്നതിനും പ്രസാദിപ്പിക്കുന്നതിനും വേണ്ടിയാണ് കൊണ്ടാടുന്നത്.
കൊയ്‌ത്തു സമയത്ത് സൂര്യദേവനെ പ്രസാദിപ്പിക്കുന്നതിനായി ഗാരോകൾ നടത്തുന്ന വംഗാല ആഘോഷത്തിലെ നൂറു ചെണ്ടകൾ ഉപയോഗിച്ചുളള നൃത്തം പ്രസിദ്ധമാണ്.
കേരളത്തിലെ പുനംകൃഷിചെയ്യുന്ന ആദിമ ഗോത്രങ്ങൾക്കിടയിലും മണ്ണിനോടും പ്രകൃതിയോടും ഉളള ആദരവ് തുടക്കം മുതൽ അവസാനം വരെ പ്രകടമാണ്. മഹത്തായൊരു കർമ്മമായാണ് അവർ കൃഷിയെ കണക്കാക്കുന്നത്. നല്ല മുഹൂർത്തം നോക്കി മാത്രമേ വിത്തിടാറുളളു. കുറിച്യർ മണ്ണിനെ വേണ്ട വിധത്തിൽ പൂജിച്ചശേഷമാണ് വിത്തു വിതയ്‌ക്കുന്നത്. കൃഷിയിടത്തിന്റെ ഏതെങ്കിലും ഒരു മൂലയ്‌ക്കുവെച്ചായിരിക്കും പൂജ ചെയ്യുക. പൂജയ്‌ക്ക് തേങ്ങ ഒരു പ്രധാന ഘടകമാണ്. മൂഹൂർത്തം കണ്ടെത്തി ഒരു താലത്തിൽ വിത്തും തേങ്ങയും എടുത്ത് കൃഷിയിടത്തിൽ മുൻകൂട്ടി നിശ്ചയിച്ച ഒരു ഭാഗത്തുകൊണ്ടുപോയി വെയ്‌ക്കും. മണ്ണ് നന്നായി കഴുകിയ ശേഷം തേങ്ങയെടുത്തു പൊളിച്ച് അതിലെ വെളളം താലത്തിലെ നെല്ലിലും നിലത്തും തെളിക്കും. തുടർന്ന് മൊഴി പറയാനാരംഭിക്കും. മൊഴിക്കാരനാണ് മൊഴി പറയുക. മൊഴി മലദൈവത്തിനോടുളള പ്രാർത്ഥനയാണ്. മലദൈവത്തിനോടും ഭൂമിയോടും തങ്ങളെ കഷ്ടപ്പാടുകളിൽനിന്നും രക്ഷിക്കുന്നതിന് നല്ല വിളവു തന്ന് അനുഗ്രഹിക്കണേ എന്ന് അകമഴിഞ്ഞ് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. ’മൊഴി‘ പറഞ്ഞു കഴിഞ്ഞാൽ താലത്തിലെ വിത്തെടുത്ത് കൃഷിയിടത്തിലെ ഏതെങ്കിലുമൊരു പൊടിപ്പിനുചുറ്റും കൊണ്ടുപോയിടും. ’പേരക്കൊക്ക‘കൊണ്ട് അവയ്‌ക്കു മുകളിൽ അൽപം മണ്ണു കൊത്തിയിടുകയും അതിനുമേൽ കുറച്ചു നാളികേരവെളളം തെളിക്കുകയും ചെയ്യും. പിന്നെ ഏതു ദിവസവും വിത തുടങ്ങാവുന്നതാണ്.
കൊയ്‌ത്തുകഴിഞ്ഞാൽ മലദൈവങ്ങളോട് നന്ദി പറയുന്ന ചടങ്ങുമുണ്ട്. നല്ല വിളവുണ്ടാക്കി അനുഗ്രഹിച്ചതിന്. ഇതിനും മൊഴിക്കാരൻ ആവശ്യമാണ്. അവിലും തേങ്ങയും പുഷ്‌പങ്ങളും ഇലകളും ഈ കർമ്മത്തിനായി ഉപയോഗിക്കുന്നു. അവിലും തേങ്ങയും മലദൈവങ്ങൾക്കുളള കാഴ്‌ചയാണ്. മലദൈവത്തിന് ഇങ്ങനെ കാഴ്‌ചകൊടുക്കുന്ന സമ്പ്രദായത്തെ ’പയംകുറ്റി‘ എന്നു പറയുന്നു. ഭഗവതിക്കും മുത്തപ്പനും ഇങ്ങനെ കാഴ്‌ച കൊടുക്കുന്ന പതിവുണ്ട്. അഥവാ വിളവു കുറഞ്ഞാൽപോലും കാഴ്‌ച മുടക്കാറില്ല. ഇത്തവണ തന്നില്ലെങ്കിലും അടുത്ത പ്രാവശ്യമെങ്കിലും നല്ല വിളവു തന്ന് തങ്ങളെ സഹായിക്കണമെന്ന് അപേക്ഷിച്ച് സായൂജ്യമടയുകയാണ് ചെയ്യുന്നത്. വിത്തിറക്കുന്ന സമയത്തുളള പൂജ കൃഷിക്കാരനുതന്നെ ചെയ്യാവുന്നതാണ്. എന്നാൽ നന്ദി പറയുന്ന ചടങ്ങിന് മൊഴിക്കാരൻ വേണമെന്നത് നിർബ്ബന്ധമാണ്.
മുതുവർക്കും ഇതുപോലെത്തന്നെ പൂജകളുണ്ട്. പൂജാരിയാണ് പൂജ ചെയ്യുന്നത്. വിരിപ്പു വിതയ്‌ക്ക് (മുതുവർ പുനംകൃഷിയെ ’വിരിപ്പ്‘ എന്നാണ് പറയുന്നത്.) ഓരോരുത്തരും കാട്ടുചോലയിൽ പോയി കുളിച്ച് ശുദ്ധി വരുത്തി ’അമ്പല‘ത്തിൽ വന്നു പ്രാർത്ഥിച്ച് ദൈവങ്ങളെയും പൂർവ്വികരെയും ഊട്ടി കൃഷിഭൂമിയിൽപോയി വിത്തു വിതയ്‌ക്കുന്നു. പൂർവ്വികരേയും ദൈവങ്ങളെയും ഇങ്ങനെ ഊട്ടുന്നതിനെ ’കെരിച്ചോറ്‘ കൊടുക്കുക എന്നാണ് മുതുവർ പറയുന്നത് (കെരിച്ചോറ് = പച്ചരിച്ചോറ്). വിതയ്‌ക്കുന്നതിനു മുമ്പ് വിത്ത് കയ്യിലെടുത്ത് ദൈവങ്ങളെ വിചാരിക്കുകയും ഭൂമിയെ വന്ദിക്കുകയും ചെയ്യും. കൊയ്‌ത്തിനുശേഷവും പൂജയും കാഴ്‌ച കൊടുക്കലുമുണ്ട്. അവിൽ ആണ് കാഴ്‌ചകൊടുക്കാൻ ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ പൂജാസമയത്ത് പുകയ്‌ക്കുന്നതിനായി തെളളിപ്പശ (കുന്തിരിക്കം)യാണ് ഉപയോഗിച്ചിരുന്നത്. ആധുനിക മനുഷ്യനും പ്രകൃതിക്കുമിടയിൽ അറ്റുപോയിക്കൊണ്ടിരിക്കുന്ന ആത്മമൂല്യങ്ങൾക്കിടയിൽ ആദിമ ഗോത്രങ്ങളുടെ ഈ സാംസ്‌കാരിക വിവേകം നമുക്കു പാഠമായെങ്കിൽ.
Generated from archived content: adivasi_punam.html Author: ck-sujithkumar
[…] ഗവേഷണം നടത്തിയ സി കെ സുജിത്കുമാര് […]