നെല്ല്‌ – 3

മൂപ്പ്‌ കുറഞ്ഞ നെല്ലിന്റെ ഞാറ്‌ ഇരുപതു ദിവസത്തിനകവും മൂപ്പ്‌ കൂടിയവയുടേത്‌, ഇരുപത്തഞ്ചു ദിവസത്തിനകവും പറിച്ചു നടണം.

ഞാറ്റടി തയ്യാറാക്കിയ ശേഷം വെള്ളം വാർത്തുകളയുക. വെള്ളം പോകാതെ കെട്ടി നിൽക്കുന്നുണ്ടെങ്കിൽ അതു കൂടി വാർന്നു പോകാൻ സൗകര്യപ്പെടുത്തുക. തുടർന്ന്‌ 12 മണിക്കൂർ വെയിലും കാറ്റും കൊണ്ട്‌ മണ്ണ്‌ അല്‌പം ഉറയ്‌ക്കുവാൻ അനുവദിക്കുക. പിന്നീട്‌ 24 മണിക്കൂർ വെള്ളത്തിലിട്ട്‌ കുതിർത്ത നെൽവിത്ത്‌ വിതയ്‌ക്കുക. ഒരു ഏക്കർ സ്‌ഥലത്ത്‌ നടുവാൻ 10-22 കിലോഗ്രാം നെൽവിത്ത്‌ മതിയാകും.

വയൽ വരമ്പിലെ കളകളെ പൂർണ്ണമായും നശിപ്പിക്കുക. തുള്ളൻ, ഗാളീച്ച, കാരവണ്ട്‌ എന്നിവയുടെ വംശവർദ്ധന ഗണ്യമായി കുറയ്‌ക്കാം.

നെല്ലിന്റെ പ്രാരംഭദശയിൽ വളരെ പ്രയോജനപ്പെടുന്ന കീടങ്ങളാണ്‌ ചിലന്തി, വട്ടച്ചാഴി എന്നിവ. അവയെ നശിപ്പിക്കരുത്‌.

പച്ചച്ചാഴി മുഞ്ഞയുടെ വംശ വർധന തടയുന്ന കീടമാണ്‌. അത്‌ മുഞ്ഞകളുടെ മുട്ടകളിൽ നിന്നും നീരുറ്റിക്കുടിച്ച്‌ മുട്ടകൾ ഉല്‌പാദന ക്ഷമമല്ലാതാകുന്നു.

നെൽപാടത്ത്‌ വരമ്പു പിടിക്കുമ്പോൾ വീതികൂട്ടി പിടിക്കുക. വരമ്പിന്മേൽ തെങ്ങ്‌, ഇഞ്ചി, മഞ്ഞൾ എന്നിവ നടാൻ പറ്റും.

പുതുമഴ കഴിഞ്ഞ്‌ ഒരു മഴ കൂടെ കിട്ടിയാലുടനെ പാടം വീണ്ടും ഉഴുക. കളയുടെ വളർച്ച കുറയും.

രാത്രിയിൽ ഉഴുതാൽ കള വളർച്ച 80% കണ്ട്‌ കുറയും. നെൽപ്പാടങ്ങളിൽ കള നിയന്ത്രിക്കാൻ യൂക്കാലിപ്‌റ്റസ്‌ ഇലകൾ ഉപയോഗിക്കാം.

നെൽപ്പാടങ്ങളിൽ കള നിയന്ത്രിക്കാൻ വൈക്കോൽ വിതറി മൂടിയാൽ മതിയാകും.

വയലിൽ കള നിയന്ത്രണത്തിന്‌​‍്‌ വെള്ളം കയറ്റി ഇറക്കുന്നത്‌ ഫലപ്രദമാണ്‌. കളകൾ നന്നായി വളരാൻ അനുവദിച്ചശേഷം കളമുക്കി വയലിലേക്കു വെള്ളം കയറ്റുക. കുറച്ചുനാൾ വെള്ളത്തിനടിയിൽ കിടക്കുമ്പോൾ കളകൾ അഴുകുന്നു. കളകൾ വളമായി പ്രയോജനപ്പെടുകയും ചെയ്യുന്നു.

ഓരുള്ള വയലിൽ കുമ്മായം വിതറിയാൽ ഓരു ശല്യം കുറയും. മണ്ണിലെ അംലാംശവും അതോടൊപ്പം കുറയും.

രണ്ടാം വിളയ്‌ക്ക്‌ പാലക്കാടൻ പ്രദേശങ്ങളിൽ നെല്ല്‌ കണ്ണി മുറിഞ്ഞ്‌ നഷ്‌ടപ്പെടുന്നത്‌ രൂക്ഷമായ പ്രശ്‌നമാണ്‌. ഇതിനുള്ള പരിഹാരം നെല്ല്‌ മുഴുവൻ മൂപ്പെത്തുന്നതിനു മുമ്പ്‌ കൊയ്‌തെടുക്കുകയാണ്‌.

മോസ്സ്‌ (കല്ലിലും മറ്റും പറ്റിപ്പിടിച്ച്‌ വളരുന്ന പായൽ) ശേഖരിച്ച്‌ വയലിലിടുക. നെല്ലിന്‌ വിളവ്‌ കൂടുതൽ കിട്ടും.

വിരിപ്പ്‌ നെൽ കൃഷിയിൽ കള വളർച്ച ഉത്തേജിപ്പിച്ച്‌ ഒരു പോലെയാക്കിയാൽ അവ ഒന്നിച്ച്‌ പറിച്ച്‌ കളയാൻ സാധിക്കും. അതിനായി വിത്തു വിതച്ച്‌ ഒരു മാസം കഴിയുമ്പോൾ ഹെക്‌ടറിന്‌ 20 കി.ഗ്രാം യൂറിയാ വിതറുക.

മെതിക്കുവാൻ പ്രയാസമുള്ള നെല്ല്‌ കൃഷി ചെയ്യുമ്പോൾ പൊട്ടാഷ്‌ അധികം ഉപയോഗിക്കുക. മെതിക്കാനുള്ള പ്രയാസം കുറഞ്ഞു കിട്ടും.

പാടത്തെ വെള്ളം മുഴുവൻ വാർത്തു കളഞ്ഞതിനു ശേഷം മാത്രം രാസവളം പാടത്ത്‌ വിതറുക. തന്മൂലം ബാഷ്‌പീകരണം മൂലമുള്ള വളനഷ്‌ടം ഗണ്യമായി കുറയുന്നു.

സിങ്കിന്റെ കുറവുള്ള പാടങ്ങളിൽ ഏക്കറൊന്നിന്‌ എട്ടു കിലോ ഗ്രാം സിങ്ക്‌ഫോസ്‌ഫേറ്റ്‌ ഉപയോഗിച്ചാൽ വിളവ്‌ ഗണ്യമായി കൂടും.

നെല്ലിന്റെ കതിരു മാത്രം കൊയ്‌തെടുത്തതിന്‌ ശേഷമുള്ള ഭാഗം മണ്ണിൽ ഉഴുതു ചേർത്താൽ നല്ല ജൈവവളമാണ്‌. ഇതുമൂലം വൈക്കോൽ വിറ്റു കിട്ടുന്നതിലധികം ആദായം ഉണ്ടാകും.

യൂറിയാ നേരിട്ടു പാടത്തിലിടാതെ മറ്റേതെങ്കിലും പദാർത്ഥം കൊണ്ട്‌ ആവരണം ചെയ്‌തിട്ട്‌ പാടത്ത്‌ ഇടുക. എങ്കിൽ വളം പാഴായിപ്പോകുന്നതു മൂലമുള്ള നഷ്‌ടം ഒഴിവാകും.

ബ്ലൂഗ്രീൻ ആൽഗാ ശേഖരിച്ച്‌ ഒരു പ്രദേശത്ത്‌ വളർത്തി പാടത്തേയ്‌ക്കു തുറന്നു വിടുക. പാടത്തു നിന്നും പുറത്തുപോകാതിരിക്കാൻ വെള്ളം ഇറക്കിവിടുന്ന സ്‌ഥലത്ത്‌ വല കെട്ടുക. ഹെക്‌ടിറിന്‌ 30 കിലോ ഗ്രാം നൈട്രജൻ വീതം വലിച്ചെടുത്ത്‌ ആൽഗാ നെൽച്ചെടികൾക്കു നൽകും.

നെല്ലിന്‌ ധാരാളം പച്ചില വളം ചേർത്ത്‌ ഉഴുത്‌ പാടം തയ്യാറാക്കുക. പോളരോഗം ഉണ്ടാകാനുള്ള സാധ്യത കുറയും.

വയലിൽ ചാണകവെള്ളം തളിക്കുകയാണെങ്കിൽ ബാക്‌റ്റീരിയൽ ലീഫ്‌ ബ്ലൈറ്റിനെതിരേ പ്രതിരോധ ശേഷി ലഭിക്കുന്നതാണ്‌.

നിലം ഒരുക്കുമ്പോൾ ഒടുകു മരത്തിന്റെ ഇല പച്ചില വളമായി ചേർത്താൽ കൃഷിയിൽ തണ്ടുതുരപ്പന്റെ ആക്രമണം ഉണ്ടാവുകയില്ല.

നെല്ലിന്‌ വാരിപ്പു രോഗം (ലക്ഷ്‌മി രോഗം) വന്നാൽ വിളവ്‌ കൂടുമെന്ന്‌ വിശ്വസിക്കുന്നു.

ഇലപ്പേനിനെ നിയന്ത്രിക്കാൻ പാടത്ത്‌ നികക്കെ വെള്ളം കയറ്റി നിർത്തിയാൽ മതിയാകും.

കുഴൽപ്പുഴുവിന്‌ വെള്ളത്തിൽ ലയിച്ച വായു മാത്രമേ ശ്വസിക്കാനാകൂ. മൂന്നാലു ദിവസം തുടർച്ചയായി പാടത്തു നിന്നും വെള്ളം ഒഴിവാക്കിയാൽ കുഴൽപ്പുഴു നശിക്കും.

Generated from archived content: karshika9.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English