ഒരേ വിത്തു തന്നെ തുടർച്ചയായി ഉപയോഗിച്ചാൽ വിളവ് കുറയും അതിനാൽ നെൽവിത്ത് മാറി മാറി ഉപയോഗിക്കുക.
വിത്തിനെടുക്കാൻ ഏറ്റവും നല്ലത് തല നെല്ലാണ്. വയലിൽ നിന്നും കൊയ്‌തു കൊണ്ടുവരുന്ന കറ്റകൾ അടുക്കി വയ്‌ക്കുന്നതിനു മുമ്പ് ഒരു പായിലേക്ക് ഇടുക. കുറേ നെന്മണികൾ ഓരോ കറ്റയിൽ നിന്നും ഉതിർന്നു വീഴും ഇവയാണ് തലനെല്ല്.
പുതിയ ഇനം നെൽവിത്തുകളുടെ മേന്മ പരമാവധി മൂന്നു തലമുറവരെയേ നിലനിൽക്കു.
നെൽവിത്തു വിതച്ച് നാല്‌പതു ദിവസം കഴിയുമ്പോൾ മുകളിലെ നെല്ലോല കോതിക്കളയുക. തന്മൂലം നെൽച്ചെടികൾ ചാഞ്ഞു വീഴുന്നത് ഒഴിവാക്കാം.
ഉങ്ങിന്റെയോ വേപ്പിന്റെയോ ഇല വിത്തു വയ്‌ക്കുന്ന ചാക്കിന്റെ അടിയിലും മദ്ധ്യത്തിലും മീതെയും വച്ചാൽ വിത്തിനെ പാറ്റാ ആക്രമിക്കുകയില്ല.
നെൽകൃഷിക്ക് പാടം ഒരുക്കുമ്പോൾ കുറച്ച് പുതുമണ്ണ് കൂടി വിതറിചേർക്കുക. കേടു കുറയും.
ചാണക വെള്ളത്തിൽ നെൽവിത്തു മുക്കി എടുത്താൽ ബാക്‌ടീരിയൽ ലീഫ് ബ്ലൈറ്റ് ഒഴിവാക്കാം.
മുള കുറവുള്ള നെൽവിത്ത് ചെറുചൂടു വെള്ളത്തിൽ മുക്കി എടുത്ത് കിളിർപ്പിച്ചാൽ കിളിർപ്പിന്റെ തോത് ഗണ്യമായി വർദ്ധിക്കും.
വിത്തെടുക്കാനുള്ള നെല്ല് പ്രത്യേകമായി കൃഷി ചെയ്യുക. ആ കൃഷിയിൽ രാസവളവും കീടനാശിനിയും ഉപയോഗിക്കാതെയുമിരിക്കുക. ഇങ്ങനെ വിളയുന്ന നെല്ല് വിത്താക്കി വിതച്ച്, വേണ്ട രാസവളം ഉപയോഗിച്ചാൽ വളരെ മെച്ചപ്പെട്ട വിളവ് കിട്ടും.
നെൽവിത്ത് മുളപ്പിക്കുമ്പോൾ സന്ധ്യയ്‌ക്ക് വിത്ത് വെള്ളത്തിലിട്ടാൽ, പിറ്റേദിവസം ഉച്ചയോടുകൂടി തറയിലിട്ട് കൈവെള്ള കൊണ്ട് അമർത്തിപ്പിടിക്കുക. വിത്തിന്റെ പുറത്ത് ഇനി ഭാരം കയറ്റേണ്ടതില്ലാ മൂന്നാം ദിവസം വിത്തിന് മുള വന്നിരിക്കും.
നെൽകൃഷിയിൽ രണ്ടാം വിളയ്‌ക്ക് മദ്ധ്യകാല മൂപ്പിനങ്ങൾ ഹൃസ്വകാല മൂപ്പിനങ്ങളേക്കാൾ മെച്ചപ്പെട്ട വിളവ് തരും.
ഞാറ്റടി തയ്യാറാക്കുമ്പോൾ 12 മണിക്കൂർ വെള്ളം വറ്റിച്ച് വെയിൽ കൊള്ളിക്കുക. പിന്നീട് 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത വിത്ത് വിതയ്‌ക്കുക. ഒന്നും താഴ്‌ന്ന് പോവുകയില്ല.
രണ്ടാം വിള കൊയ്‌തു കഴിഞ്ഞാൽ പാടം ഒരു തവണ ഉഴുതിടുക മണ്ണിൽ വായു സഞ്ചാരം കൂടും. തന്മൂലം വിളവു മെച്ചപ്പെടും.
ഞാറു പറിക്കുന്നതിന് രണ്ടു മൂന്നു ദിവസം മുമ്പ് ഞാറ്റടിയിൽ വെച്ച് അത്യാവശ്യം വേണ്ട മരുന്ന് അടിക്കുക. പറിച്ചുനട്ടാലും രണ്ടുമൂന്നാഴ്‌ചത്തേക്ക് രോഗങ്ങൾ വരികയില്ല.
പാടത്ത് ഉമി നന്നായി വിതറിയ ശേഷം ഉഴുതാൽ നെല്ലിനു നല്ല വേരോട്ടം കിട്ടും. തണ്ടിനു ബലവും വയ്‌ക്കും.
ഞാറു പറിച്ച് കറ്റ കെട്ടി വേരു പുറത്തേക്ക് ആക്കി വൃത്താകൃതിയിൽ കൂനയായി വയ്‌ക്കുക. മൂന്നു ദിവസം കഴിയുമ്പോഴേക്കും കീടങ്ങളെല്ലാം ചത്തിരിക്കും.
മുണ്ടകൻ കൃഷിയുടെ ഞാറ് രണ്ടുമൂന്നു ദിവസം കൂട്ടിയിടുക. ഉപദ്രവകാരികളായ കീടങ്ങളുടെ മുട്ടയും അതോടെ നശിച്ചുകൊള്ളും.
ഞാറ്റടിയിൽ നിന്നും പറിച്ചു നടുമ്പോൾ ഞാറിന്റെ മേൽഭാഗം മുറിച്ചു മാറ്റുക. തന്മൂലം നെല്ല് ചാഞ്ഞു പോകുന്നത് തടയാം.
ഞാറ്റടിയിൽ നിന്നും ഞാറു പറിച്ചെടുക്കാൻ അധിക ബലം പ്രയോഗിക്കേണ്ടിവരികയോ, പറിക്കുമ്പോൾ വേരറ്റു പോവുകയോ ആണെങ്കിൽ, സെന്റൊന്നിന് രണ്ടുകിലോഗ്രാം എന്ന കണക്കിന് കറിയുപ്പ് വിതറുക. ഞാറ് പറിച്ചെടുക്കാൻ എളുപ്പമാകുന്നു.
ട്രാക്‌ടറു കൊണ്ട് ഉഴുത് ഞാറു നടുമ്പോൾ ഞാറു കൂടുതൽ താഴ്‌ചയിൽ പോകുന്നതു കാരണം, കരിഞ്ഞാറു കൊള്ളാൻ താമസം നേരിടുന്നു. ഇതുകാരണം വിളവും മോശമാകാനിടയുണ്ട്. ഇത് ഒഴിവാക്കാനായി ട്രാക്‌ടർ ഉഴവിനു ശേഷം ഒരു ദിവസമെങ്കിലും കഴിഞ്ഞേ ഞാറു നടാൻ പാടുള്ളു.
നെല്ലിന്റെ ഞാറ്റടിയിൽ ക്രമാതീതമായി വിത്തു പാകിയാൽ ഞാറിന്റെ കരുത്ത് കുറഞ്ഞു പോകും.
ഉമിച്ചാരം ഞാറ്റടിയിൽ ചേർത്തു കൊടുത്താൽ തണ്ടു തുരപ്പനും ബ്ലാസ്‌റ്റിനും ശമനം ഉണ്ടാകും.
ഞാറിന്റെ തല മുറിച്ചു കളഞ്ഞതിനു ശേഷം നടുക. എങ്കിൽ ഇലപ്പേനിന്റെയും തണ്ടു തുരപ്പന്റെയും ആക്രമണം കുറയും.
നെൽ ചെടിയുടെ ഞാറ് സിങ്ക് ഓക്‌സൈഡ് ലായിനിയിൽ മുക്കി നടുന്ന പക്ഷം കരുത്തോടെ വളരുന്നതാണ്.
നെല്ല് നടുമ്പോൾ ഞാറ് ചെരിച്ചു നട്ടാൽ കൂടുതൽ ചെനപ്പുകൾ ഉണ്ടാകും. വിളവും വർദ്ധിക്കും.
നെൽ ഞാറുകൾ കൂടുതൽ താഴ്‌ത്തി നടരുത്. കൂടുതൽ താഴ്‌ന്നാൽ ചെനപ്പുകളൾ കുറയും.
Generated from archived content: karshika8.html Author: chandi_abraham
Click this button or press Ctrl+G to toggle between Malayalam and English