നെല്ല്‌-1

നെൽവിത്തിലെ പതിരുമാറ്റാൻ ഉപ്പു വെള്ളത്തിൽ വിത്തിട്ട്‌ പൊങ്ങിക്കിടക്കുന്നവ നീക്കം ചെയ്‌താൽ മതിയാകും.

നെൽ വിത്ത്‌ ഏഴുദിവസം ഉണങ്ങിയാൽ രണ്ടു കൃഷിക്കും ഉപയോഗിക്കാം.

വിതയ്‌ക്കുന്ന വിത്തിന്റെ അളവ്‌ കൂടുന്തോറും കുഴലുണ്ടാകാനുള്ള സാധ്യതയും കൂടുന്നു.

നെൽവിത്ത്‌ സൂക്ഷിക്കുന്ന അറയിൽ ബോഗൈൻവില്ലാ ഇല കെട്ടിത്തൂക്കിയാൽ കീടശല്യം വളരെ കുറയും.

മെതിച്ച നെല്ല്‌ കൂട്ടിയിടുമ്പോൾ ഏറ്റവും അടിയിലെ നെല്ല്‌ വിത്തിനെടുക്കാതിരിക്കുക. കാരണം അതിന്‌ അങ്കുരണ ശേഷി കുറവായിരിക്കും.

നെൽവിത്ത്‌ ചെളിപ്പാടത്ത്‌ വിതയക്കുമ്പോൾ മുളപ്പിച്ച്‌ വിതയ്‌ക്കേണ്ട ആവശ്യമില്ല. വെറുതെ വിത്ത്‌ വിതച്ചാൽ മതിയാകും. വിതച്ചാൽ പിറ്റേദിസം തന്നെ വെള്ളം വറ്റിക്കുക.

നല്ല ഉണക്കെത്തിയ നെൽവിത്തിനെ മാമ്പു കാണിക്കണമെന്ന്‌ പാലക്കാട്‌ പറയാറുണ്ട്‌. വിഷു കഴിഞ്ഞ്‌ ഒരു രാത്രി മഞ്ഞത്ത്‌ വിരിച്ചിടണമെന്നാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. മാമ്പു കാണിച്ച വിത്ത്‌ ഒരു വർഷം വരെ കേടു കൂടാതെ സൂക്ഷിച്ചു വയ്‌ക്കാം.

വിഷു കഴിഞ്ഞ്‌ മൊത്തം വിത്തിൽ നിന്നും നൂറെണ്ണമെടുത്ത്‌ കിഴികെട്ടി, ചിരട്ടയിലെ വെള്ളത്തിൽ മുക്കി മൂന്നു ദിവസം വയ്‌ക്കുക. 95%നു കുറുമുള വന്നെങ്കിൽ ആ വിത്ത്‌ നടാനുപയോഗിക്കാം.

തണുപ്പുകാലത്ത്‌ നെല്ലും മറ്റും ധാന്യങ്ങളും മുളപ്പിക്കാൻ നേരിയ ചൂടുവെള്ളത്തിൽ ധാന്യങ്ങൾ ആവശ്യമായ സമയം മുക്കിയിട്ട്‌, വെള്ളം വാർന്ന ശേഷം ഇളം ചൂടുവെള്ളം തളിച്ച്‌ മൂടിവയ്‌ക്കുക. മൂന്നാം ദിവസം വിത്തു മുളച്ചിരിക്കും.

നെല്ലു വിതയ്‌ക്കുന്നത്‌ കറുത്തപക്ഷത്തിലാണെങ്കിൽ ചാഴി ശല്യം കുറഞ്ഞിരിക്കും.

മേടമാസത്തിൽ കൃഷിയിറക്കുന്ന കരനെല്ലിന്‌ വലിയ നാശനഷ്‌ടം വരുത്തുന്ന കെടുവൻ (സ്‌ട്രൈ ഗാ ലുട്ടിയാ) എന്ന കളയുടെ ഉപദ്രവം കുറയ്‌ക്കാൻ നെല്ല്‌ വിതയ്‌ക്കുന്നതോടൊപ്പം കുറച്ചു കടുകു കൂടി വിതച്ചാൽ മതിയാകും.

വിത്ത്‌ മണ്ണിൽ പൊതിഞ്ഞ്‌ വിതച്ചാൽ അന്യജീവികൾ ആഹരിക്കുന്നത്‌ ഒഴിവാക്കാം.

വിത്ത്‌ വിതയക്കുന്നതിന്‌ ഒരാഴ്‌ച മുമ്പ്‌ വെയിലിൽ ഒന്ന്‌ ചൂടാക്കിയെടുത്താൽ കിളിർപ്പിന്റെ ശതമാനം കൂടും.

അമ്പതു ഡിഗ്രി സെൽഷ്യസ്‌ ചൂടുള്ള വെള്ളത്തിൽ വിത്ത്‌ പത്തുമിനിറ്റ്‌ മുക്കി വയ്‌ക്കുക. പിന്നീട്‌ തണുത്ത വെള്ളത്തിൽ 24 മണിക്കൂർ മുക്കിയിടുക. തുടർന്ന്‌ ചണച്ചാക്കിൽ കെട്ടി 24 മണിക്കൂർ വച്ചശേഷം പാകുക. മുളയ്‌ക്കൽ ശതമാനം വർധിക്കും.

ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്തശേഷം ഒരു കോഴി മുട്ട അതിലിടുക. വെള്ളത്തിൽ കുറേശ്ശെ ഉപ്പു ചേർക്കുക. ഉപ്പു ലായിനിയുടെ സാന്ദ്രത ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോൾ മുട്ട വെള്ളത്തിൽ പൊങ്ങി വരുന്നു. ഈ വെള്ളത്തിൽ വിത്തു മുക്കിയ ശേഷം വിതയ്‌ക്കുക. കിളിർപ്പ്‌ കൂടും.

നെല്ല്‌ പൊടിയിൽ വിതയ്‌ക്കുന്നതോടൊപ്പം ഹെക്‌ടറൊന്നിന്‌ 12.5 കിലോഗ്രാം വൻപയർ വിത്തു കൂടെ വിതയ്‌ക്കുക. കളശല്യം കുറഞ്ഞിരിക്കും. പയർച്ചെടികൾ പറിച്ച്‌ നെല്ലിന്‌ ചേർത്താൽ ജൈവവള ലഭ്യത കൂടും. മൊത്തത്തിൽ വിളവ്‌ വർദ്ധിക്കുകയും ചെയ്യും.

നെൽവിത്ത്‌ സൂക്ഷിക്കുന്ന പത്തായത്തിൽ ആര്യവേപ്പ്‌, കരിനൊച്ചി, കരിങ്ങോട്ട, ഇവയിൽ ഏതിന്റെയെങ്കിലും കുറച്ച്‌ ഇലകൾ കൂടി ഇട്ടുവച്ചാൽ കീടശല്യം പൂർണ്ണമായും ഒഴിവാകും.

മെയ്‌ മാസം 10 നും 24 നും ഇടയ്‌ക്കുള്ള സമയത്ത്‌ വിതച്ചാൽ കള വളരെ കുറവായിരിക്കും. ഈ കാലത്തിന്‌ കാർത്തികപ്പട്ട്‌, കനകപ്പട്ട്‌ എന്നെല്ലാമാണ്‌ പറയുക.

പാടത്ത്‌ വെള്ളം കെട്ടി നിന്നാൽ നെല്ലിന്റെ വിതപിടുത്തം കുറയും.

ഇരട്ടച്ചാക്കിലോ, പോളിത്തീൻ ചാക്കിലോ, നെൽവിത്ത്‌ സൂക്ഷിച്ചാൽ ഒരു വർഷം വരെ ജീവനക്ഷമത നഷ്‌ടപ്പെടാതെ ഇരിക്കും.

കന്നിക്കൊയ്‌ത്തിൽ നിന്നെടുക്കുന്ന വിത്ത്‌ മകരക്കൊയ്‌ത്തിൽ നിന്നെടുക്കുന്ന വിത്തിനേക്കാൾ ജീവനക്ഷമത കുറവാണ്‌.

ഹൃസ്വകാല മൂപ്പുള്ള നെല്ലിനത്തിന്റെ വിത്തിന്‌ മദ്ധ്യകാല മൂപ്പുള്ള നെല്ലിനങ്ങളേക്കാൾ ജീവനക്ഷമത കുറവാണ്‌.

സാധാരണ ചാക്കിൽകെട്ടി നെൽവിത്ത്‌ സൂക്ഷിച്ചാൽ ഏഴുമാസം കഴിയുമ്പോൾ മുളയ്‌ക്കാനുള്ള കഴിവ്‌ വളരെ കുറയും.

നൈട്രസ്‌ ഓക്‌സൈഡ്‌ കലർത്തി സൂക്ഷിക്കുന്നപക്ഷം വിത്തിന്റെ അങ്കുരണശേഷി ദീർഘകാലം നിലനിർത്താനാകും.

Generated from archived content: karshika7.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here