കൊമ്പൻ ചെല്ലിയെ കുടുക്കാൻ ശർക്കരക്കെണി നല്ലതാണ്. രണ്ട് കപ്പ് ശർക്കര ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് കുഴമ്പു പരുവത്തിലാക്കുക. ഇത് തണുത്തു കഴിയുമ്പോൾ കണ്ടല (അഗേവ്) ചെടിയുടെ കിഴങ്ങിൽ ഈ കുഴമ്പ് നന്നായി തേച്ചു പിടിപ്പിക്കുക. ഒരു വിസ്‌താരമുള്ള പരന്ന പാത്രത്തിൽ അല്‌പം വെള്ളമെടുത്ത്, മറ്റൊരു പാത്രത്തിലാക്കിയ കിഴങ്ങ് അതിലിറക്കി വച്ച് ചെല്ലി ശല്യമുള്ള തെങ്ങിൻ തോപ്പിൽ വയ്‌ക്കുക. ചെല്ലികൾ ശർക്കരക്കുഴമ്പിൽ ആകൃഷ്‌ടരായി പറന്നടുക്കുന്നു. ശർക്കരയുടെ രസം നുണഞ്ഞ്, അവ കിഴങ്ങ് തുരന്ന് അതിൽ കഴിയുമ്പോൾ പിടിച്ചു കൊല്ലാൻ എളുപ്പമാണ്. ഒരു ഹെക്‌ടറിലേക്ക് രണ്ടു കെണികൾ മതിയാകും.
തെങ്ങിനിടയിൽ ചെമ്പകം നട്ടാൽ കൊമ്പൻ ചെല്ലികൾ അകന്നുപോകും.
കൊമ്പൻ ചെല്ലികൾ തെങ്ങിൻ തടിയിൽ ദ്വാരമുണ്ടാക്കി അതിൽ കടന്നു കൂടിയിട്ടുണ്ടെങ്കിൽ ദ്വാരങ്ങൾ വൃത്തിയാക്കി അതിൽ ചെമ്പകപ്പൂക്കൾ നിറയ്‌ക്കുക. പിന്നീട് ചെല്ലികൾ അങ്ങോട്ടു വരികയില്ല.
തെങ്ങ് വേനൽ മാസങ്ങളിൽ കൃത്യമായി നനയ്‌ക്കുകയാണെങ്കിൽ ഉല്‌പാദനം 200 ശതമാനം വരെ വർദ്ധിപ്പിക്കാം.
തെങ്ങിൻ തോട്ടങ്ങൾ നനയ്‌ക്കുന്ന പക്ഷം അഞ്ച് വേനൽ മാസങ്ങളിലായി 25 പ്രാവശ്യമെങ്കിലും നനയ്‌ക്കേണ്ടതാണ്.
ഒരു തെങ്ങിന് ഒരു ദിവസം 50 ലിറ്റർ വെള്ളം ആവശ്യമുണ്ട്.
ജൈവകൃഷി രീതികൾ അവലംബിക്കുന്ന പക്ഷം തെങ്ങിന്റെ മഞ്ഞളിപ്പ് രോഗം കുറയുന്നതാണ്.
അമോണിയം സൾഫേറ്റ്, ഫാക്‌ടംഫോസ് എന്നിവയിൽ തെങ്ങിനാവശ്യമായ സൾഫർ കൂടി അടങ്ങിയിട്ടുണ്ട്.
തെങ്ങിൻ തോട്ടത്തിൽ ഇടവിളയായി ഏറ്റവും പറ്റിയ വാഴ ഇനങ്ങൾ ഞാലിപ്പൂവനും റോബസ്‌റ്റയുമാണ്.
കേരളത്തിൽ ഒരു തെങ്ങിൽ നിന്നും പ്രതിമാസം 70 ലിറ്റർ കള്ളു കിട്ടും.
കേരളത്തിൽ ഫെബ്രുവരി മാസത്തിൽ 1000 തേങ്ങായിൽ നിന്നും 181 കി.ഗ്രാം കൊപ്രാ കിട്ടും. എന്നാൽ, ഓഗസ്‌റ്റു മാസത്തിൽ 1000 തേങ്ങായിൽ നിന്നും 139 കി.ഗ്രാം കൊപ്രയേ ലഭിക്കുകയുള്ളു.
വേനൽക്കാലത്ത് നനയ്‌ക്കാത്ത തെങ്ങിൻ തോപ്പിൽ ഓലയിടിച്ചിൽ കൂടുതലായി ഉണ്ടാകുന്നു.
മണ്ടശോഷിപ്പ് എന്ന തെങ്ങു രോഗം സസ്യമൂലകങ്ങളുടെ കുറവുമൂലം ഉണ്ടാകുന്നതാണ്.
കോഴിക്കാഷ്‌ടം തെങ്ങിനിടേണ്ടത് നല്ല മഴയുള്ള ജൂൺ, ജൂലൈ, മാസങ്ങളിലാണ്.
പഴക്കം ചെന്ന വേരുകൾ മുറിച്ചു നീക്കുന്നത് തെങ്ങിന് നല്ലതാണ്. പുതിയ വേരുകളുണ്ടാകാനും, വിളവ് മെച്ചപ്പെടാനും ഇത് കാരണമാകും.
തെങ്ങിൻ തടത്തിൽ വേനൽക്കാലങ്ങളിൽ ചീരയും, വെണ്ടയും നട്ടുവളർത്തുക. അവയ്‌ക്ക് ദിവസവും നനയ്‌ക്കുന്നതിന്റെ പ്രയോജനം തെങ്ങിനും കൂടി കിട്ടുന്നു.
‘പ്ലാനോ പിക്‌സ്’ എന്ന ഹോർമോണുപയോഗിച്ചാൽ അമിതമായ മച്ചിങ്ങാ പൊഴിച്ചിൽ തടയാനൊക്കും. ചൊട്ടവിരിഞ്ഞ് മുപ്പതു ദിവസം കഴിഞ്ഞ് പ്ലാനോഫിക്‌സ് മണ്ടയിൽ തളിക്കുക.
ഒരേക്കർ തെങ്ങിൻ തോട്ടത്തിൽ രണ്ടു തേനിച്ചപ്പെട്ടികൾ വച്ചാൽ, പരാഗണം മെച്ചപ്പെടുന്നതിനാൽ മച്ചിങ്ങാ പൊഴിച്ചിൽ കുറഞ്ഞു കിട്ടും. കൂടാതെ തേനിൽ നിന്ന് ഒരു വരുമാനവും കൂടി ലഭിക്കുന്നു.
കുളങ്ങളിലെ അടിച്ചേറ് വേനലിൽ തെങ്ങിൻ തടത്തിലിടുക. ഇത് നല്ല വളമാണ്.
Generated from archived content: karshika5.html Author: chandi_abraham