പയറും കടുകും ഇടകലര്‍ത്തി വിതയക്കുക. പയര്‍ വളര്‍ന്നു കൊള്ളട്ടേ.. കടുകു മുളച്ചു കഴിഞ്ഞ് വളര്‍ച്ച തുടങ്ങുമ്പോള്‍ പിഴതു മാറ്റുക. പച്ചത്തുള്ളന്റെ ഉപദ്രവം ഗണ്യമായി കുറയും
മുളകിന്റെ എരിവ് കൂടുന്നതിനനുസരിച്ച് അതിന്റെ ഔഷധ ഗുണവും വര്‍ധിക്കുന്നു. മുളക് കഴിച്ച് അധികം എരിവ് അനുഭവപ്പെട്ടാല്‍ പുളി കഴിക്കുക, മധുരം കഴിക്കരുത്. മുളകിന്റെ എരിവ് വിത്തിലല്ല. തൊലിയിലാണ്. അതിനാല്‍ തൊലി ശ്രദ്ധയോടെ ഉപയോഗിക്കുക.
ചേനയുടെ കിഴങ്ങ് കൂടാതെ ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. അവ ചെറുതായി അരിഞ്ഞ് എണ്ണയില്‍ വറുത്ത് ഉപ്പേരിയാക്കാം.
കായീച്ചയെ കുടുക്കാന്‍ തുളസിയിലയും പ്ലാസ്റ്റിക് കിറ്റും ഉപയോഗിക്കാം. ഒരു ഭാഗം തുറന്ന പ്ലാസ്റ്റിക് കിറ്റില്‍ ഒരു പിടി തുളസിയില ഇടുക. തുറന്ന ഭാഗം മുകളിലേക്കു വരത്തക്കവണ്ണം പച്ചക്കറി തോട്ടത്തില്‍ പ്ലാസ്റ്റിക് കിറ്റ് വയ്ക്കുക. കായീച്ച പറന്നെത്തി തുളസിയിലയെ പൊതിയും. ഈച്ചയുടെ വരവ് നിന്നാല്‍ പ്ലാസ്റ്റിക് കിറ്റിന്റെ തുറന്ന ഭാഗം അടച്ച് അവയെ നശിപ്പിക്കാം.
നിലക്കടലയിലെ ബ്ലൈറ്റ് രോഗത്തെ തടയാന്‍ ഗുജറാത്തിലെ ബനസ്‌ക്ക്ന്ത പ്രദേശത്തെ കര്‍ഷകര്‍ 250 ഗ്രാം കായം, രണ്ടു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് 20 കിലോഗ്രാം നിലക്കടല വിത്തിന് രണ്ടു ലിറ്റര്‍ കായ ലായിനി എന്ന തോതില്‍ രാത്രി മുഴുവന്‍ ലായിനിയില്‍ ഇട്ട ശേഷം വിതയ്ക്കുന്നു.
അമരപ്പയറില്‍ ചാഴി ശല്യം ഒഴിവാക്കാന്‍ പുകയില കഷായം തളിച്ചാല്‍ മതിയാകും.
കരിക്കിന്‍ വെള്ളവും പശുവിന്‍ പാലും കലര്‍ത്തി 60,75, 90 ദിവസങ്ങളില്‍ മുളകു ചെടിയില്‍ തളിക്കുക. പൂവും കായും പൊഴിയുന്നത് തടയാം.
രോഹിണി ഞാറ്റുവേലയില്‍ പയര്‍ നട്ടാല്‍ നല്ല വിളവു ലഭിക്കുമെന്നു അനുഭവം.
മൂന്നാം വിളയായി പാടങ്ങളില്‍ പയര്‍ കൃഷി ചെയ്യുമ്പോള്‍ പുഴു ശല്യം വലിയ പ്രശ്‌നമാണ്. അതിനു പരിഹാരമായി ആടലോടകം, പൊങ്ങ് എന്നിവയുടെ ഇലകള്‍ അഞ്ചി കിലോഗ്രാം വീതം കല്ലില്‍ ചതച്ച് സത്തെടുക്കുക. ഈ സത്ത് പത്ത് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അരിച്ചെടുക്കുക. ലായിനി ഒന്നു മുതല്‍ അഞ്ചു ലിറ്റര്‍ വരെയെടുത്ത് കൂടുതല്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് പയറിനു തളിക്കുക. പുഴു ശല്യം ഒഴിവാക്കാം.
വെള്ളരി നട്ട് നാലഞ്ചില പരുവത്തില്‍ ചെടിക്കു ചുറ്റുപാടുമുള്ള മണ്ണ് ഇളക്കി രണ്ടു ദിവസം നനയ്ക്കാതിരുന്നാല്‍ ചെടിക്കുചെറിയ വാട്ടം തട്ടി പില്‍്കാലത്ത് കൂടുതല്‍ പൂക്കളുണ്ടാകുന്നിന് ഇടവരും.
കത്തിരി ചെടിയില്‍ തക്കാളിച്ചെടിയുടെ ശിഖരങ്ങള്‍ ഒട്ടിച്ചെടുക്കാം. അങ്ങനെയുള്ള ചെടികള്‍ക്കു വാട്ടം ബാധിക്കില്ല.
കൂണ്‍ മുറിച്ച് കഷണത്തില്‍ മഞ്ഞള്‍ പുരട്ടിയാല്‍ നീല നിറം ആകുക, വെള്ളിക്കരണ്ടി കൂണ്‍ കറിയില്‍ മുക്കിയാല്‍ കറുത്ത നിറമാകുക എന്നീ ലക്ഷണങ്ങള്‍ കൂണില്‍ വിഷമുള്ളതിന്റേതാണ്.
വെണ്ടയുടെ വിത്തിനു വേണ്ടി കായ്കള്‍ തെരഞ്ഞെടുക്കുമ്പോള്‍ ആദ്യത്തേതും അവസാനത്തേതും ഒഴിവാക്കുക.
മഴക്കാലത്ത് പറമ്പുകളില്‍ വളരുന്ന തുമ്പച്ചെടികള്‍ കൊത്തിയരിഞ്ഞ് മുളകിന്റെ തടത്തിലിട്ടാല്‍ ധാരാളം മുളകുണ്ടാകും.
ചേമ്പു മുളച്ചു ഒരാഴ്ച കഴിയുന്നതോടെ ചുറ്റുംചാണക കുഴമ്പു പരത്തി ചാരവും ഇട്ട് ചവറ് അടുക്കിയാല്‍ വൃശ്ചികത്തില്‍ ധാരാളം കിഴങ്ങ് പറിക്കാന്‍ കഴിയും.
മത്തന്‍, കുമ്പളം മുതലായവ ഉടനേ ഉപയോഗിക്കാനാണെങ്കില്‍ ഇളം പ്രായത്തില്‍ പറിക്കണം. കുറച്ചു കാലം സൂക്ഷിക്കാനാണെങ്കില്‍ നല്ലതു പോലെ വിളഞ്ഞ ശേഷം മാത്രമേ പറിക്കാവൂ.
മത്തന്‍ കായണമെന്ന് ഒരു പറച്ചിലുണ്ട്. വേനല്‍ കൃഷിക്ക് മത്തന്‍ നട്ട് കൊടി നീളും വരെ പേരിനേ നനയ്ക്കാവൂ. കൊടി നീട്ടിക്കഴിഞ്ഞാല്‍ തടത്തില്‍ ധാരാളം വളമിട്ട് നന്നായി നനച്ചാല്‍ പടര്‍ന്ന് ധാരാളം പെണ്‍പൂക്കല്‍ ഉണ്ടാകും.
പയര്‍ പൂവിടുന്നതിനു മുന്‍പ് ശിഖരങ്ങളുടെ തലപ്പത്തുള്ള ഒരില നിര്‍ത്തി തൊട്ടു താഴെയുള്ള രണ്ടെണ്ണം നുള്ളിക്കളയുക. ഇതുമൂലം കായ്പിടിത്തം കൂടും. പയറില കറിവയ്ക്കാനും കഴിയും.
വെള്ളരിവര്‍ഗ വിളകളുടെ ആണ്‍പൂക്കള്‍ രാവിലെ പറിച്ചെടുത്ത് പെണ്‍പൂക്കളില്‍ പരാഗം വീഴ്ത്തക്ക വിധത്തില്‍ കുടയുക. അത് കായ്പിടിത്തത്തിന് സഹായിക്കും. വെള്ളരിയുടെ പരാഗം മത്തനില്‍ വീണാല്‍ ആകൃതി നിറം എ്‌നിവയില്‍ സങ്കര സ്വഭാവമുള്ള കായകള്‍ ഉണ്ടാകും.
വിത്തിനുള്ള വെണ്ടക്കായ് ഉണങ്ങുന്നതോടെ ചെടിയില്‍ തന്നെ നിന്നു പൊട്ടിച്ചിതറാതിരിക്കാന്‍ നൂലു കൊണ്ട് ചുറ്റിക്കെട്ടുക.
കാബേജ് വിടരാതിക്കാന്‍ മുകളില്‍ ഇല കൂട്ടിക്കെട്ടി നിര്‍ത്തുക.
Generated from archived content: karshika43.html Author: chandi_abraham