പച്ചക്കറികള്‍(തുടര്‍ച്ച)

Vegetables and fruits.
Vegetables and fruits.

വെണ്ടച്ചെടികള്‍ക്ക് നിമാ വിര ബാധയുണ്ടാകാതിരിക്കാന്‍ വെണ്ട നടുമ്പോള്‍ ഓരോ തടത്തിലും അരക്കിലോ ഉമിയോ അറക്കപ്പൊടിയോ ചേര്‍ക്കുക.

മഴക്കാലത്ത് പച്ചക്കറിച്ചെടികള്‍ക്ക് ചുവട്ടില്‍ ഇലകളോ ചവറോ കൊണ്ട് പുതയിടുക. വളര്ച്ച മന്ദഗതിയാകാതെ തടയാനാകും.

ചാണകത്തെളി തളിച്ചാല്‍ പടവലത്തിലെ കീട ശല്യം നിയന്ത്രിക്കാം.

പച്ചക്കറികളിലെ കീട ശല്യം ഒഴിവാക്കാന്‍ സോപ്പുവെള്ളവും പുകയിലെ സത്തും ചേര്‍ത്തുപയോഗിക്കുക.

കായം വെളുത്തുള്ളി കാന്താരിമുളക് ഇവ സമം ചേര്‍ത്ത് അരച്ചുകലക്കിയ വെള്ളം അരിച്ചെടുത്ത് പച്ചക്കറികളില്‍ തളിച്ചാല്‍ കീടബാധ തടയാം.

മുളകു തൈകളുടെ ഓല ചുരുട്ടല്‍ രോഗം തടയാന്‍ പഴകിയ കഞ്ഞിവെള്ളം ഒഴിക്കുന്നത് നല്ലതാണ്.

കൂണ്‍ കൃഷി ചെയ്ത വൈക്കോല്‍ ബഡ്ഡുകള്‍‍ ഉണക്കിയെടുത്ത് കാലിത്തീറ്റയാ‍യി ഉപയോഗിക്കാവുന്നതാണ്. അത് തിന്നുന്ന പശുക്കളില്‍ മെച്ചപ്പെട്ട പാലുല്‍പ്പാദനം ലഭിക്കും.

ഇരുപത്തഞ്ചു ഗ്രാം കായം പൊടിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ പാവല്‍ പടവലം ചുരയ്ക്കാ ഇവയുടെ പൂ കൊഴിച്ചില്‍ തടയാം.

പച്ചക്കറി കൃഷിയില്‍ കായ്കള്‍ക്ക് ഇളം പ്രായത്തില്‍ തന്നെ പ്ലാസ്റ്റിക് സഞ്ചിക്കൊണ്ട് ഉറയിടുന്നതിനാല്‍ കായീച്ച ശല്യം ചെറുക്കാനാകും.

പാവല്‍ വെള്ളരി മത്തന്‍ കുമ്പളം ഇവയെ ബാധിക്കുന്ന പഴയീച്ചയെ നിയന്ത്രിക്കാന്‍ കള്ളിന്റെ ഊറലില്‍ അല്‍പ്പം കീടനാശിനി ചേര്‍ത്തു ചിരട്ടയിലാക്കി പച്ചക്കറിത്തോട്ടത്തില്‍ വയ്ക്കുക. ഈച്ച ആകര്‍ഷിക്കപ്പെട്ട് അവിടെയെത്തി, വിഷലായനി കുടിച്ച് ചത്തുകൊള്ളും.

പയറിനോടൊപ്പം കടുകും വിതയ്ക്കുക പച്ചക്കുതിരയുടെ ഉപദ്രവം തടയാം.

പയര്‍ വിളകളില്‍ മണ്ഡരികളുടെ ഉപദ്രവം കുറയ്ക്കാന്‍ പഴകിയ വെളുത്തുള്ളി സത്ത് പ്രയോജനപ്രദമാണ്.

ചട്ടിയില്‍ നടുന്ന ചെടികള്‍ക്ക് എലി ശല്യം ഉണ്ടാകുന്നുണ്ടെങ്കില്‍ കുറച്ചു വെള്ളത്തുണി വീതികുറച്ചു കീറി ചട്ടിയുടെ ചുവട്ടിലിടുക എലികള്‍ ഇതു കണ്ട് ഭയന്നു മാറിക്കൊള്ളും.

മത്തങ്ങായ്ക്ക് പഴയീച്ച ഭീക്ഷണിയുണ്ടാകുന്നുണ്ടെങ്കില്‍ പഴയ തുണി കൊണ്ട് മത്തങ്ങ അയച്ചു പൊതിയുക വളര്‍ച്ച തടസ്സപ്പെടുകയില്ല, കീട ശല്യം ഒഴിവാകുകയും ചെയ്യും.

ചട്ടിയില്‍ പച്ചക്കറികള്‍‍ വളര്‍ത്തുമ്പോള്‍‍ ഏതാനും തുളസിയിലകള്‍‍ കൂടി പറിച്ച് ചട്ടിയിലിടുക കീടശല്യം കുറഞ്ഞു കിട്ടും.

ചേമ്പു പറിച്ച ശേഷം അറക്കപ്പൊടിയിലോ ഉമിയിലോ മണലിലോ പൂഴ്ത്തി സൂക്ഷിച്ചു വച്ചാല്‍ കൂടുതല്‍ കാലം കേടുകൂടാതെയിരിക്കും.

മണ്ണ് നന്നായി നനച്ച ശേഷം മാത്രം മധുരക്കിഴങ്ങ് വിളവെടുക്കുന്ന പക്ഷം മണ്ണിട്ടു വീണ്ടും മൂടുക. ദിവസങ്ങളോളം മധുരക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം.

വിളവെടുത്ത മധുരക്കിഴങ്ങ് മണ്ണില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ വച്ചതിനു ശേഷം മണ്ണിട്ട് വീണ്ടും മൂടുക. ദിവസങ്ങളോളം മധുരക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം.

മധുരക്കിഴങ്ങ് വെറുതെ ചൂരല്‍ക്കൊട്ടയിലാക്കി നല്ല വായു സഞ്ചാരമുള്ള മുറിയില്‍ തുറന്നു സൂക്ഷിച്ചാലും കുറെ ദിവസം കേടു കൂടാതെയിരിക്കും.

ഉണങ്ങിയ അറക്കപ്പൊടിയിലോ മണലിലോ ചകിരിച്ചോറിലോ സൂക്ഷിച്ചാലും ഏതാണ്ട് ഒരു മാസത്തേക്ക് മധുരക്കിഴങ്ങ് കേടാവുകയില്ല.

ഉപയോഗിച്ചു കഴിഞ്ഞ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് മധുരക്കിഴങ്ങ് സൂക്ഷിച്ചാല്‍ രുചിയും ഗുണവും അതേപടി നിലനിര്‍ത്തിക്കൊണ്ടു തന്നെ ഏതാനും ദിവസം കേടുകൂടാതിരിക്കും.

ഒരു പിടി തുളസിയില എടുത്ത് നല്ലതുപോലെ അരച്ച് ചിരട്ടയിലാക്കുക. അരച്ചെടുത്ത ഇലകള്‍ ഉണങ്ങാതിരിക്കാന്‍ കുറച്ചു വെള്ളമൊഴിക്കുക. പത്തുഗ്രാം ശര്‍ക്കര പൊടിച്ച് തുളസിച്ചാറില്‍ കലര്‍ത്തുക. ഒരു നുള്ള് ഫൂറഡാന്‍ തരി ചാറിലിട്ട് ഇളക്കിച്ചേര്‍ക്കുക. ഇതുപയോഗിച്ച് പച്ചക്കറിത്തോട്ടത്തിലെ കീടങ്ങളെ നശിപ്പിക്കാം.

Generated from archived content: karshika40.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here