ചീഞ്ഞ് പോയ തക്കാളിയും പച്ചക്കറികളും എറിഞ്ഞ് കളയാതിരിക്കുക. അവ കൊത്തിയരിഞ്ഞ് കോഴിത്തീറ്റയോടൊപ്പം ചേര്‍ത്തുകൊടുക്കുക. മികച്ച ആഹാരമാണത്.
പാവലില്‍ മുഞ്ഞ പിടിച്ചാല്‍ കുരുമുളക് ഇട്ട് തിളപ്പിച്ച വെള്ളമോ തുളസിനീരോ തളിക്കുക.
പച്ചക്കറി കൃഷിയിലെ കായീച്ച ശല്യത്തിന് വത്തല്‍ മുളകിന്റെ അരി കത്തിച്ച് പുകയ്ക്കുക.
കായം വെളുത്തുള്ളി ഇവ തുല്യ അളവില്‍ ചേര്‍ത്ത് അരയ്ക്കുക. പിന്നീട് ഇവ നന്നായി യോജിപ്പിച്ച് വെള്ളത്തില്‍ കലക്കി അരിച്ച് പച്ചക്കറികളില്‍ തളിക്കുക കീടശല്യം ഒഴിവാകും.
ചേനക്കു വളമിടുമ്പോള്‍ ചാണകപ്പൊടിയോടൊപ്പം ലേശം കുമ്മായവും കൂടി ചേര്‍ക്കുക. ചേന നന്നായി വേകും.
പച്ചക്കറി കൃഷിയെ പന്നിയെലി തുരപ്പനെലി ഇവയുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ തടത്തിനു ചുറ്റും തലമുടി വിതറുക.
വെള്ള പ്ലാസ്റ്റിക് ചാക്കില്‍ പച്ചക്കറികളും മറ്റും കൃഷി ചെയ്താല്‍ എലി ശല്യം ഉണ്ടാവുകയില്ല.
ഒരു വീപ്പക്കുള്ളില്‍ കൃഷി സ്ഥലത്ത് പൊഴിഞ്ഞു വീഴുന്ന ചപ്പ് ചവറുകളും മറ്റ് ജൈവ വസ്തുക്കളും നിക്ഷേപിക്കുക. അതിനു ശേഷം വീപ്പ നിറയെ വെള്ളം ഒഴിക്കുക. ഈ ജൈവ വസ്തുക്കള്‍ അഴുകാനായി രണ്ടാഴ്ച വയ്ക്കുക. ഈ അഴുകിയ വളം ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികളുടെ ചുവട്ടിലും ഇലകളിലും ഒഴിച്ചു കൊടുത്താല്‍ ധൃത ഗതിയില്‍ ചെടികള്‍ വളരും ഇത് പച്ചക്കറികള്‍ക്ക് നല്ല വളമാണ് ഇതില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്കുകൂടെ ചേര്‍ത്തു തളിച്ചാല്‍ കീടനാശിനിയായും പ്രയോജനപ്പെടുന്നു.
ചീരയില്‍ ഇലപ്പുള്ളി രോഗം പടരാതിരിക്കാന്‍ ചീര നനയ്ക്കുമ്പോള്‍ വെള്ളം ചുവട്ടില്‍ തന്നെ ഒഴിക്കുക. വെള്ളം ഇലയുടെ മുകളിലൂടെ വീശി ഒഴിക്കുമ്പോള്‍ രോഗകാരിയായ കുമിളിന്റെ വിത്തുകള്‍ മറ്റു ചെടികളിലേക്കും വ്യാപിക്കും.
വെണ്ട, വഴുതന, പയര്‍ ചെടികളില്‍ വേര്, തണ്ട്, പൂവ്, കായ് ഇവ തുരന്നു നശിപ്പിക്കുന്ന ചെറിയ ഉറുമ്പുകളെ നിയന്ത്രിക്കാന്‍ ഒരു കഷണം ശര്‍ക്കര ( 10 ഗ്രാം) വെള്ളത്തില്‍ നനച്ച് എടുക്കുക. ഇത് ഒരു ചിരട്ടക്കുള്ളില്‍ തേച്ചുപിടിപ്പിക്കുക. ചിരട്ടയില്‍ ആകമാനം ചിതറി വീഴത്തക്കവണ്ണം ഒരു നുള്ള് ഫുറഡാന്‍ തരികള്‍ വിതറുക. ചിരട്ട ഉറുമ്പിന്‍ കൂടുകള്‍ക്ക് സമീപത്തായി മാറി മാറി വയ്ക്കുക. ഉറുമ്പുകള്‍ ശര്‍ക്കര തിന്ന് ചത്തുകൊള്ളും.
തകരയിലക്കഷായം പച്ചക്കറികളില്‍ തളിച്ചാല്‍ ഉപദ്രവകാരികളായ പുഴുക്കളേയും കീടങ്ങളേയും നശിപ്പിക്കാം.
കടച്ചക്ക മൂക്കുന്നതിനു മുന്‍പ് പ്രത്യേക കാരണമില്ലാതെ പൊഴിഞ്ഞു വീഴുകയാണെങ്കില്‍ കടപ്ലാവില്‍ രണ്ട് വലിയ ഇരുമ്പാണി അടിച്ചു തറയ്ക്കുക അസുഖം മാറും.
ഒരു പിടി അരിത്തവിടില്‍ , പത്തു ഗ്രാം ശര്‍ക്കര നല്ലതുപോലെ പൊടിച്ചു ചേര്‍ക്കുക ഇതില്‍ അഞ്ചുഗ്രാം സെവിന്‍ ചേര്‍ത്ത് ഇളക്കിയ ശേഷം മിശ്രിതം ചിരട്ടയിലാക്കുക ഈ കെണി കൃഷിസ്ഥലത്ത് പലയിടത്തായി വച്ചാല്‍ കട്ടപ്പുഴുക്കളെ നശിപ്പിക്കാം.
ചീരക്ക് ഒരു ശതമാനം യൂറിയാ ലായനി തളിക്കുന്ന പക്ഷം വളരെ മെച്ചപ്പെട്ട വിളവ് ലഭിക്കും.
നോള്‍ കോള്‍ എന്നയിനം ശീതകാല പച്ചക്കറി മൂത്തു പോകുന്നതിനു മുമ്പായി വിളവെടുക്കണം.
ചേനക്കണ്ണുകള്‍ ഞാറ്റടിയില്‍ വളര്‍ത്തിയാല്‍ ഒരു വര്‍ഷം കൊണ്ട് 750 ഗ്രാം വരെ തൂക്കമുള്ള നടീല്‍ ചേനകള്‍ ലഭിക്കും. അത് പിന്നീട് വിത്ത് ചേനയായി ഉപയോഗിക്കാം.
ചാമ്പയുടെ കായില്‍ നിന്നും ഗുണമേന്മയുള്ള വിനാഗിരി ഉണ്ടാക്കാം.
പാവല്‍, പടവലം, വെണ്ട, മത്തന്‍, വഴുതന ഇവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാന്‍ പഴങ്കഞ്ഞി വെള്ളം തളിക്കുക.
പുകയില വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ആ വെള്ളത്തില്‍ സോപ്പ് പതച്ചു ചേര്‍ത്ത് പാവലില്‍ തളിച്ചാല്‍ മുള്ളന്‍ പുഴുവിനെ നിയന്ത്രിക്കാം.
വെണ്ടചെടികളുടെ വളര്‍ച്ച മുരടിക്കുകയും വേരുകളില്‍ മുഴകളുണ്ടാവുകയും ചെയ്യുന്നത് നിമാ വിരകളുടെ ഉപദ്രവം മൂലമാണ്. ഇതൊഴിവാക്കാന്‍ തടത്തില്‍ മുന്‍ കൂട്ടി കമ്മ്യൂണിസ്റ്റു പച്ചയോ വേപ്പിന്റെ ഇലയോ തടമൊന്നിനു കാല്‍കിലോ എന്ന തോതില്‍ ചേര്‍ക്കുക.
Generated from archived content: karshika39.html Author: chandi_abraham