ചീര തുടങ്ങിയ ചെടികള്‍ക്ക് നേര്‍പ്പിച്ച ഗോമൂത്രം ഒഴിച്ചാല്‍ രോഗപ്രതിരോധ ശക്തി കൂടും. അഞ്ചിരട്ടി വെള്ളം ചേര്‍ത്താണ് ഈ അവശ്യത്തിന് ഗോമൂത്രം നേര്‍പ്പിക്കേണ്ടത്.
മത്തന്‍ നട്ട് വള്ളി വീശുമ്പോള്‍ മുട്ട് തോറും പച്ചച്ചാണകം വെച്ചു കൊടുക്കുക. വള്ളി വേഗം വളരും പെണ്‍പൂക്കളില്‍ മിക്കവയും കായ് ആകുകയും ചെയ്യും.
പയര്‍ പൂക്കുന്നതുവരെ വളം കുറച്ചേ നല്‍കാവു. പൂക്കാന്‍ തുടങ്ങുന്നതോടെ വളം കൂടുതലിടാം. ഇങ്ങനെ വളര്‍ച്ച നിയന്ത്രിച്ചാല്‍ തണ്ടിന്റെ ബലം കൂടും വിളവും കൂടും.
രാസവളം ഇടാതെ കാലിവളം മറ്റ് ജൈവവളങ്ങള്‍ ഇവ ഉപയോഗിച്ച് പയര്‍ വളര്‍ത്തിയാല്‍ ദീര്‍ഘകാലം വിളവെടുക്കാം.
ഗോമൂത്രം നേര്‍പ്പിച്ച് തളിച്ചും , ചുവട്ടിലൊഴിച്ചും കൊടുത്താല്‍ ചീര നല്ല ആരോഗ്യത്തോടെ വളരും.
മിച്ചം വരുന്ന തൈരും, തൈരുവെള്ളവും കറിവേപ്പില്‍ ഒഴിച്ചു കൊടുക്കുക. കറിവേപ്പ് തഴച്ച് വളരും.
പച്ചക്കറികള്‍ അരിഞ്ഞ ശേഷം അല്‍പ്പം ഉപ്പും കൂടി ചേര്‍ത്ത് വെള്ളത്തില്‍ കഴുകിയാല്‍ കീട നാശിനികളുടെ വിഷാംശം തീര്‍ത്തും ഇല്ലാതാകും.
കായ്ച്ചു തുടങ്ങിയ വെള്ളരി രാവിലേയും വൈകീട്ടും നനയ്ക്കരുത്. വെള്ളരിക്കായില്‍ ജലാംശം കൂടും അങ്ങനെ വന്നാല്‍ സൂക്ഷിപ്പ് മേന്മ കുറയും.
അമ്ലത്വം കൂടിയ മണ്ണില്‍ കൃഷി ചെയ്താല്‍ മുളകിന് വാട്ടരോഗമുണ്ടാകാന്‍ സാധ്യത കൂടുതലുണ്ട് ‘ മഞ്ജരി’ എന്ന ഇനം മുളക് വാട്ടരോഗപ്രതിരോധശേഷി ഉള്ളതാണ്.
നല്ല കൂണിന്റെ തൊലി പ്രയാസം കൂടാതെ ഉരിച്ചെടുക്കാം. വിഷക്കൂണിന്റെ തൊലിയുരിക്കുക അത്ര എളുപ്പമല്ല.
പാവല്‍ നടുന്ന കുഴികളില്‍ വേപ്പില കൂടി ഇട്ടുവച്ചിരുന്നാല്‍ നിമാ വിരകളുടെ ആക്രമണം തടയാം.
തേങ്ങാ വിളവാകുന്നതിനു മുമ്പ് പറിച്ച് രണ്ടുമാസം വെള്ളത്തില്‍ മുക്കിയിടുക. തുടര്‍ന്ന് വെയിലത്തുവച്ചുണക്കി ഇതിന്റെ കണ്ണില്‍ കൂടി ഒരു കമ്പ് കടത്തി കാമ്പു മുഴുവന്‍ തോണ്ടിക്കളഞ്ഞ് വൃത്തിയാക്കുക. വീണ്ടും നന്നായി ഉണക്കുക. ഈ ദ്വരത്തിലിലൂടെ ചിരട്ടയില്‍ പച്ചക്കറി വിത്ത് നിറക്കുക. ചകിരി കൊണ്ട് ദ്വാരം അടക്കുക തേങ്ങക്കു പുറമെ കുമ്മായം പൂശി അടുക്കളയിലെ അലമാരിയില്‍ സൂക്ഷിക്കുക. തന്മൂലം കീടാക്രമണം ഉണ്ടാകാതെ രണ്ടുവര്‍ഷം വരെ വിത്തു സൂക്ഷിക്കാം. ഈ തേങ്ങാ തന്നെ ഇതേ ആവശ്യത്തിനു തുടര്‍ന്നും ഉപയോഗിക്കാം.
കോവല്‍ ചെടിയില്‍ ആണും പെണ്ണും ഉണ്ട് അതിനാല്‍ കോവല്‍ നടുമ്പോള്‍ ആണ്‍ചെടികളുടെ എണ്ണം പത്ത് പെണ്‍ ചെടികള്‍ക്ക് ഒരു ആണ്‍ചെടി എന്ന തോതിലായാല്‍ മതിയാകും.
ആഹാരത്തിലുണ്ടാകുന്ന പലതരം വിഷാംശങ്ങളേയും ദോഷരഹിതമാക്കാന്‍ കറിവേപ്പിലക്കു കഴിയും.
കാച്ചില്‍ വള്ളികള്‍ വലത്തോട്ടു ചുറ്റി വിട്ടാല്‍ മാത്രമേ അവ മുകളിലേക്കു കയറു.
സ്വാദും നൂറും കൂടുതലുള്ളത് വെള്ളക്കാച്ചിലിനാണ്.
പടവലത്തിന്റെ പന്തലിന് രണ്ടു മീറ്ററെങ്കിലും ഉയരം ഉണ്ടായിരിക്കണം.
നെല്ലിക്കായിലെ വിറ്റാമിന്‍ സി ചൂടാക്കിയാലും നഷ്ടപ്പെടുകയില്ല.
വെണ്ടക്കാ പറിച്ചെടുത്ത് ചുവടുഭാഗം മുറിച്ചുമാറ്റി സൂക്ഷിച്ചാല്‍ എളുപ്പം വാടുകയില്ല.
ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിക്കളയുകയാണ് ചേനയുടെ ചോറിച്ചിലകറ്റാനുള്ള മാര്‍ഗം.
പലതരം കളകള്‍ കരുത്തോടെ വളരുന്നിടത്തെല്ലാം പച്ചക്കറികള്‍ നന്നായി കൃഷി ചെയ്യാം.
തക്കാളി കുത്തനെ വളര്‍ന്നു നില്‍ക്കുന്നതിനേക്കാള്‍ ഉല്‍പ്പാദനം മെച്ചപ്പെടാന്‍ നല്ലത് നിലത്ത് പറ്റിക്കിടക്കുന്നതാണ്. അങ്ങനെയാണെങ്കില്‍ തായ് തടിയില്‍ മുട്ടുകള്‍ തോറും വേരുകളിറങ്ങി ശാഖകള്‍ മേല്‍പ്പോട്ടുയര്‍ന്ന് നല്ല ഫലം തരും.
അണ്ണാന്‍, എലി മുതലായ ജീവികള്‍ കടിക്കാത്ത ഇനം കൂണുകള്‍ ഉപയോഗിക്കാതിരിക്കുക. കാരണം അവ വിഷക്കൂണുകളായിരിക്കും.
കൂണിലെ ജലാംശം മൂന്നു ശതമാനമാക്കി ഉണക്കിയെടുത്ത് സൂക്ഷിച്ചാല്‍ ആറുമാസം വരെ കേടുകൂടാതിരിക്കും.
ചേന പോലെയുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്ക് ചാരം ചേര്‍ക്കുന്നതുകൊണ്ട് അവയുടെ രുചി വര്‍ദ്ധിക്കുകയും വേഗം വെന്തുകിട്ടുകയും ചെയ്യും.
പയറിലെ മുഞ്ഞയെ നിയന്ത്രിക്കുവാന്‍ പുകയിലക്കഷായം ഫലപ്രദമാണ്.
ചെറുചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുമ്പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ചുവച്ച് മണ്ണിടുകയും നനക്കുന്നത് നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ പെട്ടന്ന് വണ്ണിക്കുന്നതാണ്.
നിത്യവഴുതനയുടെ കായ്കള്‍ മൂപ്പെത്തുന്നതിനു മുമ്പുതന്നെ കറിവയ്ക്കുന്നതിനായി പറിച്ചെടുക്കണം.
Generated from archived content: karshika36.html Author: chandi_abraham
Click this button or press Ctrl+G to toggle between Malayalam and English