വെണ്ട, പയര്‍ ഇവ ഉണങ്ങിയ ഉടന്‍ തന്നെ വിത്തിനെടുക്കണം . അല്ലെങ്കില്‍ അവയുടെ അങ്കുരണ ശേഷി കുറയും.
പാവല്‍, പടവലം എന്നിവ പഴുക്കുന്നതുനു തൊട്ടു മുമ്പു തന്നെ വിത്തിനെടുക്കേണ്ടതാണ്.
അമര ചതുരപ്പയര്‍ തുടങ്ങിയവ മഞ്ഞുകൊണ്ടാലേ കായ്ക്കുകയുള്ളു. സാധാരണ ഇവ ആണ്ടോടാണ്ട് നടേണ്ടതില്ല . ഒരിക്കല്‍ നട്ടു വളര്‍ത്തിയാല്‍ , മൂപ്പെത്തിയ രണ്ടു മൂന്നു കായ്കള്‍ പറിക്കാതെ നിര്‍ത്തുക. ഇത് ഉണങ്ങിപ്പൊട്ടി മണ്ണില്‍ വീഴും. പിന്നീട് മീനത്തില്‍ പെയ്യുന്ന മഴക്ക് താനേ കിളിര്‍ക്കും.
പടവലത്തിന്റെ വിത്ത് ചാണകത്തില്‍ പതിച്ച് സൂക്ഷിച്ചാല്‍ കീടാക്രമണം കുറയും.
ഉണങ്ങിയ ആറ്റു മണലില്‍ പയര്‍ വിത്ത് കലര്‍ത്തി മണ്‍കലത്തില്‍ സൂക്ഷിച്ചാല്‍ അങ്കുരണശേഷി നശിക്കാതിരിക്കും. വത്തല്‍ മുളകിന്റെ വിത്ത് നീക്കം ചെയ്ത തോടിനോടൊപ്പം പയര്‍ വിത്ത് സൂക്ഷിച്ചാല്‍ കീടശല്യം അകറ്റാം. പയര്‍ വിത്തിന്റെ മുള നശിക്കുകയുമില്ല.
കത്തിരിക്കയുടെയും വഴുതനയുടേയും പഴുത്ത കായ്കള്‍ കത്തി കൊണ്ട് വരഞ്ഞ് അടുപ്പിനു മുകളില്‍ കെട്ടിത്തൂക്കി പുക കൊള്ളിച്ച് ഉണക്കുക.
മത്തന്‍ വിത്ത് സെപ്തംബര്‍ ഒക്റ്റോബര്‍ മാസത്തില്‍ നടുക. മഞ്ഞളിപ്പ് രോഗസാധ്യത കുറയും.
ചാണകത്തിനുള്ളില്‍ പച്ചക്കറി വിത്തുകള്‍ പതിപ്പിച്ചു വച്ചാല് കൂടുതല്‍ നാള്‍ കേടു കൂടാതിരിക്കും.
വിത്തിനായി സൂക്ഷിച്ചു വയ്ക്കുന്ന പയര്‍ കുത്തിപ്പോകാതിരിക്കാന്‍ എണ്ണ പുരട്ടി വയ്ക്കുക.
പച്ചക്കറികളുടെ വിത്തിനങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങളില്‍ കുറച്ചു വേപ്പില കൂടെ ഇട്ടു വയ്ക്കുക. കീടബാധ തടയാം.
ഏറ്റവും കൂടുതല്‍ ഉത്പാദനക്ഷമതയുള്ള കൂണ്‍ വിത്ത് ചോളം മാധ്യമമായി ഉപയോഗിച്ചുണ്ടാക്കിയെടുക്കുന്നതാണ്.
വിത്തുകളുടെ അങ്കുരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വിത്ത് ഒരു ദിവസം പാലില്‍ മുക്കി വച്ചശേഷം നടുക . പയര്‍, പാവല്‍, തണ്ണിമത്തന്‍ ഇവയ്ക്കെല്ലാം ഈ രീതി നല്ലതാണ്.
ചെറുചേമ്പിന്റെ വിത്തിനായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം . എങ്കിലും 20- 25 ഗ്രാം തൂക്കമുള്ള പിള്ളച്ചേമ്പാണ് വിത്തിന് കൂടുതല്‍ അഭികാമ്യം.
വിത്തുചേനക്ക് ഏകദേശം മൂന്നു മാസത്തോളം സുഷുപ്താവസ്ഥയുണ്ട്.
വിത്തുകളുടെ പുറത്ത് വെളിച്ചണ്ണയുടെ ഒരാവരണം കൊടുത്താല്‍ കീട ശല്യം കുറയും.
പലതരം വിത്തുകളുടേയും ഗുണമേന്മ നിലനിര്‍ത്താന്‍ കരിനൊച്ചിയില കൂടി വിത്തിനൊപ്പം ഇട്ടു വയ്ക്കുന്നത് നല്ലതാണ്.
കടല, പയര്‍, ഉഴുന്ന്, ചെറുപയര്‍ , സോയാബീന്‍സ് ഇവയുടെയെല്ലാം വിത്തു പാകുന്നതിനു മുമ്പ് വെള്ളത്തിലിട്ടു മുളപ്പിക്കുന്നത് അങ്കുരണ സാധ്യത വര്‍ദ്ധിപ്പിക്കും.
കണ്ണാറ ലോക്കല്‍ ഇനം ചീര എപ്പോള്‍ പാകിയാലും ഒക്ടോബര്‍ ഡിസംബര്‍ കാലഘട്ടത്തിലേ പൂക്കാറുള്ളു അതിനാല്‍ ഈ ഇനം ചീര നേരത്തേ നട്ടാല്‍ കൂടുതല്‍ കാലം വിളവെടുക്കാം.
എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരു മാത്രമേ ഉണ്ടാകു. അതു കണ്ടു പിടിക്കാനായി മുഴുവന്‍ പാവയ്ക്കാ കുരുവും വെള്ളത്തിലിടുക. താഴ്ന്നു കിടക്കുന്നവ മാത്രം വിത്തിനെടുക്കുക.
തീരെ ചെറിയ വിത്തുകള്‍ വിതക്കുമ്പോള്‍ പറന്നു പോകാതിരിക്കാന്‍ ചാരവുമായി കൂട്ടിയിളക്കി വിതക്കുന്നതണ് നല്ലത്.
ചീര വിത്ത് പാകുമ്പോള്‍ അതിനു മുകളില്‍ മണ്ണിട്ടു മൂടേണ്ടതില്ല.
കൂടുതലുണങ്ങുകയോ ഉണക്കു തീരെ കുറഞ്ഞു പോകുകയോ ചെയ്താല്‍ വിത്ത് കെട്ടു പോകും.
ചേമ്പു നടുമ്പോള്‍ നേരെ നടാതെ അല്‍പ്പം ചരിച്ചു നടുക. മുളക്കരുത്ത് കൂടും.
നടാനുപയോഗിക്കുന്ന ചേനക്കഷണത്തിനു കുറഞ്ഞത് ഒരു കിലോഗ്രാം എങ്കിലും തൂക്കം ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ചേനച്ചെടി ആരോഗ്യത്തോടെ വളരുകയുള്ളു.
ചേന നടുന്നതിനു മുമ്പ് കുറുകിയ ചാണകവെള്ളത്തില്‍ മുക്കി തണലില്‍ ഉണക്കണം.
വഴുതനയുടെ കമ്പ് മുറിച്ച് മാറ്റി നട്ട് വേരു പിടിപ്പിക്കാം . നടുന്ന കമ്പിന് രണ്ടടിയില്‍ കുറയാതെ നീളം ഉണ്ടായിരിക്കുന്നത് നല്ലതാണ്.
ചേന, ചേമ്പ് , കാച്ചില്‍ എന്നിവയാണ് കീടരോഗബാധ ഏറ്റവും കുറഞ്ഞ വിളകള്‍.
കിഴങ്ങു വര്‍ഗ്ഗ വിളകളുടെ വിളവെടുപ്പിനു ശേഷം അവശിഷടങ്ങള്‍ മണ്ണില്‍ തന്നെ ഉഴുതു ചേര്‍ക്കുക. മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താം.
ഗത്യന്തരമില്ലാതെ വന്നാല്‍ ചീരക്ക് വിഷവീര്യം കുറവായ മാലത്തിയോണ്‍ സ്പ്രേ ചെയ്യാം.
മണ്ണിരകളെ കഴുകിക്കിട്ടുന്ന വെള്ളം ചെടികള്‍ക്ക് വളമായും കീടനാശിനിയായും ഉപയോഗിക്കാം.
മുളക് കൃഷിക്ക് ചാരം ഒരിക്കലും ഉപയോഗിക്കരുത്. കൂമ്പ് മുരടിക്കും ഇല ചുരുളും.
Generated from archived content: karshika35.html Author: chandi_abraham