വാഴ (തുടര്‍ച്ച)

 

0440floridabannas

രണ്ട് വര്‍ഷത്തിലേറെ ഒരേ സ്ഥലത്ത് കൃഷി ചെയ്യുന്ന പക്ഷം വളം ഇരട്ടിയാക്കണം.

ഗ്രാന്റ് നെയ്ന്‍ വാഴകള്‍ക്ക് ഉയരം തീരെ കുറവായതിനാല്‍ കാറ്റിന്റെ രൂക്ഷത മൂലം ഒടിഞ്ഞു വീഴുവാനുള്ള സാധ്യത കുറവാണ്.

ഗ്രാന്റ് നെയ്ന്‍ വാഴ നട്ട് 9 മാസത്തിനകം വിളവെടുക്കാം. കുലകള്‍ക്ക് നല്ല തൂക്കമുള്ളതിനാല്‍ പകുതി മൂപ്പാകുന്നതിനു മുമ്പു തന്നെ താങ്ങ് കൊടുക്കണം.

ഒരേ കുഴിയില്‍ രണ്ടു വാഴ നടുന്ന രീതിയില്‍ കൂടുതല്‍ വിളവും ലാഭവും കിട്ടുന്നു.

ഉപയോഗശൂന്യമായിപ്പോകുന്ന വൈക്കോല്‍ വാഴത്തടങ്ങളില്‍ നിരത്തിയാല്‍ നനകള്‍ക്കിടയിലുള്ള സമയം കൂട്ടാം. വെള്ളം ലാഭിക്കുകയും ചെയ്യാം.

വാഴയുടെ പനാമാ‍വില്‍റ്റ് എന്ന രോഗത്തിന് പഞ്ചഗവ്യം വളരെ ഫലപ്രദമാണ്.

വാഴക്കന്നുകള്‍ നടുന്നതിനു മുമ്പ് ഒന്നര – രണ്ട് മിനിറ്റ് തിളച്ച വെള്ളത്തില്‍ മുക്കി എടുക്കുക. പിന്നെ വെയിലത്തു വച്ച് ഉണക്കിയ ശേഷം നടുക. ശരിയായി വളം ചെയ്യുക. കുറുനാമ്പ് രോഗം ഉണ്ടാവുകയില്ല.

നന്നായി പഴുത്ത നേന്ത്രപ്പഴം വെയിലത്തുണക്കിയാല്‍ പഴത്തിന്റെ തൊലി ഇളകിപ്പോകും. തൊലി മാറ്റി വീണ്ടും ഉണക്കുക. ജലാംശം നീക്കിയ ശേഷം തേനിലോ പഞ്ചസാരയിലോ സൂക്ഷിക്കുക. വര്‍ഷങ്ങള്‍ കേടു കൂടാതിരിക്കും.

വാഴക്കായ് പഴുക്കുന്ന നേരത്ത് എതിലിന്‍ വാതകമുണ്ടാകുന്നു. ഇത് പഴുക്കല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. വാഴപ്പഴത്തിന്റെ കൂടെ മറ്റു പഴങ്ങള്‍ ഇട്ടാല്‍ ഈ വാതകം അവ പഴുക്കാനും സഹായിക്കുന്നതാണ്.

2, 4 – ഡീ എന്ന ഹോര്‍മോണ്‍ 15 പി. പി. എം എന്ന അളവില്‍ തയ്യാറാക്കി , വാഴ കുലച്ച് അവസാനത്തെ പടലയും വിരിഞ്ഞ് 20 ദിവസത്തിനു ശേഷം വാഴക്കുലയില്‍ തളിക്കുക. കുലയുടെ തൂക്കം ഗണ്യമായി കൂടും.

കപ്പവാഴയിനങ്ങള്‍ നേന്ത്രനേക്കാള്‍ ഉയരത്തില്‍ വളരുന്നതാണ്. തന്മൂലം ശക്തിയേറിയ കാറ്റു വീശുമ്പോള്‍ വാഴ മറിഞ്ഞ് വീഴാനിടയുണ്ട്. അതൊഴിവാക്കാന്‍ കുലക്കുന്നതിനു മുമ്പു തന്നെ ബലമുള്ള താങ്ങുകള്‍ കൊടുക്കുക.

ദിവസേന വാഴയിലയില്‍ ആഹാരം കഴിക്കുക കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിക്കും.

നേന്ത്രവാഴയുടെ ഏറ്റവും വലിയ ഭീക്ഷണി കുലച്ച് കഴിഞ്ഞ് പലപ്പോഴും വാഴകള്‍ ഒടിഞ്ഞു പോകുന്നതാണ് . ഇതൊഴിവാക്കാന്‍ കഴകള്‍ ഉപയോഗിച്ച് ഊന്നു കൊടുക്കാറുണ്ട്. സാധാരണയായി 14 അടി നീളമുള്ള ഊന്ന് വാഴയോടു ചേര്‍ത്തു കെട്ടുന്ന രീതിയാണ് പതിവായി ചെയ്യുക ഇതിന് ചിലവേറും. എന്നാല്‍ നീളം കുറഞ്ഞ കഴകള്‍ ഉപയോഗിച്ച് ഊന്നു നല്‍കാം. വാഴക്കുലത്തണ്ടിന്റെ തൊട്ടു താഴെ , ഇരു പാര്‍ശങ്ങളിലുമായി നാലടി മാത്രം നീളമുള്ള മരക്കഷണങ്ങള്‍ വച്ചു കെട്ടി ബലപ്പെടുത്തുകയാണ് ചിലവു കുറഞ്ഞ രീതി.

ഏതാണ്ട് കുല വെട്ടാറാകുന്ന സമയത്തോടടുപ്പിച്ചാണ് ടിഷ്യു കള്‍ച്ചര്‍ വാഴകളില്‍ മാണം പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നത്. അതിനാല്‍ അതിനുള്ളില്‍ പ്രാണികള്‍ കടന്നുകൂടി പെരുകുന്നതിനു മുമ്പ് ഒരു കുറ്റി വിളവ് കൂടി എടുക്കാന്‍ കഴിയുന്നു.

ടിഷ്യു കള്‍ച്ചര്‍ വാഴ നട്ടാല്‍ ആദ്യകുറ്റി വിള 14- 15 മാസങ്ങള്‍ക്കുള്ളില്‍ എടുക്കാം. അതായത് ഏറെ കൃഷിപ്പണികള്‍ കൂടാതെ ഒരു വാഴക്കുല കൂടി നാലഞ്ച് മാസത്തിനകം കിട്ടും.

വാഴക്കന്നും ടിഷ്യുകള്‍ച്ചര്‍ വാഴത്തൈയും ഒരേ സമയം നട്ടാല്‍ രണ്ടു മാസം കഴിയുമ്പോള്‍ വളര്‍ന്ന് ഒരേ പോലെ ആയിരിക്കും. അതിനു കാരണം ടിഷ്യു കള്‍ച്ചര്‍ വാഴയുടെ വളര്‍ച്ചയുടെ തോത് വാഴക്കന്നിന്റേതിനേക്കാള്‍ കൂടുതലാണ് എന്നുള്ളതാണ്.

വാഴക്കന്നുകളുടെ മാണത്തില്‍ ധാരാളം ആഹാരം ശേഖരിച്ചിട്ടുള്ളതു കൊണ്ട് അവയില്‍ നിന്നും വേരു പൊട്ടുന്നത് സാവധാനത്തിലാണ്. എന്നാല്‍ ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് വേരുകളെ മാത്രം ആശ്രയിക്കേണ്ടിയിരുന്നതിനാല്‍ വേരുപടലം വേഗം വ്യാപിച്ച് വെള്ളവും പോഷക മൂല്യങ്ങളും വലിച്ചെടുത്തു തുടങ്ങുന്നു.

Generated from archived content: karshika34.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here